വൈക്കം മഹാദേവ ക്ഷേത്രം

തിരുവൈക്കത്തപ്പൻ

വൈക്കം ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ സദാശിവസങ്കല്പത്തിലുള്ളതാണ്. ശാന്തഭാവം നിറഞ്ഞ ഭഗവാൻ ഇവിടെ മഹാശിവലിംഗരൂപത്തിൽ കിഴക്കോട്ട് ദർശനമായി വാഴുന്നു. അനാദികാലം മുതലുള്ള പൂജകൾ ഏറ്റുവാങ്ങി സംതൃപ്തനായ ഭഗവാൻ ഇവിടെ ഒരു ദിവസം മൂന്ന് ഭാവങ്ങളിൽ ദർശനം നൽകുന്നു – രാവിലെ സകലമുനിഗണങ്ങളാലും വന്ദിതനും പ്രപഞ്ചത്തിന്റെ ആദിഗുരുവുമായ ദക്ഷിണാമൂർത്തിയായും ഉച്ചയ്ക്ക് അർജുനനെ പരീക്ഷിച്ച് പാശുപതാസ്ത്രം നൽകി ശാന്തനാക്കാൻ അവതരിച്ച കിരാതമൂർത്തിയായും വൈകീട്ട് കൈലാസത്തിലെ രത്നപീഠത്തിൽ വാമാംഗത്തിൽ പാർവ്വതീദേവിയെയും മടിയിൽ ഗണപതിയെയും സുബ്രഹ്മണ്യനെയും മടിയിലിരുത്തി ദർശനം നൽകുന്ന രാജരാജേശ്വരനായും. രാവിലത്തെ ദർശനം കൊണ്ട് വിദ്യാലാഭവും, ഉച്ചയ്ക്കത്തെ ദർശനം കൊണ്ട് ശത്രുനാശവും, വൈകീട്ടത്തെ ദർശനം കൊണ്ട് കുടുംബസൗഖ്യവും ലഭിയ്ക്കുമെന്നാണ് വിശ്വാസം.

വൈക്കം മഹാദേവ ക്ഷേത്രം.

പരശുരാമൻ സ്ഥാപിച്ച കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിതെന്ന് കരുതുന്നു[. പത്തേക്കറിൽ കൂടുതൽ വരുന്ന സ്ഥലത്ത് കിഴക്കോട്ട് ദർശനമായിട്ടാണ് വൈക്കം ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ശ്രീ പരമേശ്വരൻ ശ്രീ പാർവതീയോടൊപ്പം ഈ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. ഇവിടുത്തെ മഹാദേവന് “അന്നദാനപ്രഭു” എന്നൊരു പേരുമുണ്ട്. ക്ഷേത്രാങ്കണത്തിന്റെ വടക്കേയറ്റത്ത് രണ്ടുനില ഊട്ടുപുര. അവിടെ ക്ഷേത്രകലാപീഠവും പ്രവർത്തിക്കുന്നു. ഊട്ടുപുരയുടെ വടക്കുമാറി അമ്പലക്കുളവും. ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്ത് വേമ്പനാട്ട് കായൽ നീണ്ടുനിവർന്നുകിടക്കുന്നു. അവിടെ ഒരു ബോട്ട് ജെട്ടിയുമുണ്ട്. ദിവസവും അവിടെനിന്ന് ബോട്ട് സർവ്വീസുണ്ടാകും. ഗണപതി, സുബ്രഹ്മണ്യൻ (അദൃശ്യസങ്കല്പം), നാഗദൈവങ്ങൾ, പനച്ചിയ്ക്കൽ ഭഗവതി എന്നിവരാണ് ക്ഷേത്രത്തിലെ ഉപദേവതകൾ. വൃശ്ചികമാസത്തിൽ കറുത്തപക്ഷത്തിലെ നവമി ആറാട്ടായുള്ള ഉത്സവവും അതിനിടയിൽ വരുന്ന വൈക്കത്തഷ്ടമിയുമാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷം. കൂടാതെ കുംഭമാസത്തിലെ മഹാശിവരാത്രി, കുംഭാഷ്ടമിച്ചിറപ്പ്, മണ്ഡലകാലം, വിഷു എന്നിവയും വിശേഷമാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.

വൈക്കം

ഒരിക്കൽ, ശിവലിംഗത്തിന്റെ അറ്റം കണ്ടെത്തിയതായി അസത്യം പറഞ്ഞ കുറ്റത്തിന് ഭഗവാൻ ശിവൻ ബ്രഹ്മാവിന്റെ അഞ്ച് തലകളിലൊന്ന് വെട്ടിമാറ്റി. ഇതെത്തുടർന്ന് ഭഗവാനെ ബ്രഹ്മഹത്യാപാപം ബാധിച്ചു. ഇത് പരിഹരിയ്ക്കാനായി അദ്ദേഹം ബ്രഹ്മാവിന്റെ തലയോട്ടിയും കയ്യിലേന്തിക്കൊണ്ട് പാർവ്വതീദേവിയ്ക്കൊപ്പം നാടുമുഴുവൻ നടന്ന് ഭിക്ഷ യാചിച്ചു. പലരും ഭഗവാന് ഭിക്ഷയായി പലതും കൊടുത്തു. എന്നാൽ, തലയോട്ടി നിറഞ്ഞാൽ അത് അപ്പോൾത്തന്നെ അദ്ദേഹം ഭസ്മമാക്കിക്കളഞ്ഞു. അങ്ങനെ, പന്ത്രണ്ടുവർഷം കഴിഞ്ഞു. ഭഗവാൻ ദേവിയോടൊപ്പം ഇന്ന് ക്ഷേത്രമിരിയ്ക്കുന്ന സ്ഥലത്തെത്തി. അപ്പോഴും തലയോട്ടി നിറഞ്ഞിരിയ്ക്കുന്നുണ്ടായിരുന്നു. എന്നാൽ, പതിവിന് വിപരീതമായി ഭഗവാൻ, തലയോട്ടി വയ്ക്കാമെന്ന് പറഞ്ഞു. അങ്ങനെ, ‘വയ്ക്കാം’ എന്ന പ്രയോഗമാണ് വൈക്കം ആയതെന്ന് വിശ്വസിച്ചുവരുന്നു.

ഐതിഹ്യം

ഖരൻ എന്ന അസുരൻ മുത്തച്ഛനായ മാല്യവാനിൽ നിന്ന് ശൈവവിദ്യ ഗ്രഹിച്ച് ചിദംബരത്തുപോയി ശിവനെ പ്രീതിപ്പെടുത്താനായി തപസ്സാരംഭിച്ചു. ഭക്തന്റെ തപസ്സിൽ സംപ്രീതനായ ഭഗവാൻ അവന് മൂന്ന് ശിവലിംഗങ്ങൾ സമ്മാനിച്ചു. തുടർന്ന്, ആകാശമാർഗ്ഗേണ യാത്ര ആരംഭിച്ച ഖരൻ ശിവലിംഗങ്ങളുടെ ഭാരം കാരണം അല്പനേരം വിശ്രമിയ്ക്കാനായി വൈക്കത്തെത്തി. തുടർന്ന്, തന്റെ വലതുകയ്യിലെ ശിവലിംഗം അവിടെ ഇറക്കിവച്ച് ഖരൻ വിശ്രമം ആരംഭിച്ചു. ഉണർന്നെഴുന്നേറ്റ് ശിവലിംഗം എടുക്കാൻ നോക്കിയപ്പോൾ അത് എടുക്കാൻ സാധിയ്ക്കുന്നില്ല. താൻ താമസിയ്ക്കാൻ ഏറ്റവും ആഗ്രഹിയ്ക്കുന്ന സ്ഥലമാണതെന്ന് തത്സമയം ശിവഭഗവാന്റെ അശരീരിയും മുഴങ്ങി. തുടർന്ന്, ശിവലിംഗം അവിടെ തപസ്സിരുന്ന വ്യാഘ്രപാദൻ എന്ന മഹർഷിയെ ഏല്പിച്ച് ഖരൻ മുക്തിയടഞ്ഞു. തുടർന്ന് തന്റെ ഇടതുകയ്യിലെ ശിവലിംഗം ഖരൻ ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലും വായ കൊണ്ട് കടിച്ചുപിടിച്ച ശിവലിംഗം കടുത്തുരുത്തി തളി മഹാദേവക്ഷേത്രത്തിലും പ്രതിഷ്ഠിച്ചു. ഇന്നും മൂന്ന് ക്ഷേത്രങ്ങളിലും ഉച്ചപ്പൂജയ്ക്ക് മുമ്പ് ദർശനം നടത്തുന്നത് പുണ്യകരമായി വിശ്വസിച്ചുവരുന്നു.

വ്യാഘ്രപാദൻ ശിവലിംഗം പൂജിച്ച് ദിവസങ്ങൾ കഴിച്ചുകൂട്ടി. ഒടുവിൽ, ഒരു വൃശ്ചികമാസത്തിൽ കറുത്തപക്ഷത്തിലെ അഷ്ടമിദിനത്തിൽ ഏഴരവെളുപ്പിന് ശിവൻ പാർവ്വതീസമേതനായി അദ്ദേഹത്തിന് ദർശനം നൽകി. ഈ ദിവസമാണ് വൈക്കത്തഷ്ടമിയായി ആചരിച്ചുവരുന്നത്. ഈ ശിവലിംഗത്തിന്റെ മാഹാത്മ്യം കേട്ടറിഞ്ഞ് സാക്ഷാൽ പരശുരാമനും തത്സമയം വൈക്കത്തെത്തി. ശിവലിംഗം കണ്ട പാടെ അദ്ദേഹം അതിനുമുന്നിൽ സാഷ്ടാംഗം നമസ്കരിച്ചു. തുടർന്ന്, ദേവശില്പിയായ വിശ്വകർമ്മാവിനെ വിളിച്ചുവരുത്തിയ പരശുരാമൻ ഉടനെത്തന്നെ അദ്ദേഹത്തെക്കൊണ്ട് ഒരു മഹാക്ഷേത്രം പണികഴിപ്പിച്ചു. ആ ക്ഷേത്രമാണ് വൈക്കം മഹാദേവക്ഷേത്രം.

ക്ഷേത്രം

കിഴക്കോട്ടാണ് ക്ഷേത്രത്തിന്റെ ദർശനം. എട്ടേക്കറിലധികം വിസ്തീർണ്ണമുള്ള അതിവിശാലമായ മതിൽക്കകമാണ് ക്ഷേത്രത്തിനുള്ളത്. മതിൽക്കം മുഴുവൻ പുഴമണൽ കൊണ്ട് ഉറപ്പിച്ചിരിയ്ക്കുന്നു. ക്ഷേത്രത്തിനുചുറ്റും ഒരു കോട്ടപോലെ ആനപ്പള്ളമതിൽ പണിതിട്ടുണ്ട്. ഇതിന്റെ നാലുവശവും ഗോപുരങ്ങളുണ്ടെങ്കിലും അവ അനാകർഷകങ്ങളാണ്. ക്ഷേത്രത്തിന്റെ ധാടിമോടികൾക്ക് യോജിച്ചവയല്ല അവ. നാലുഭാഗത്തും ചെരുപ്പ് കൗണ്ടറുകളും ക്ലോക്ക് റൂമുകളും കാണാം.

വൈക്കം മഹാദേവ ക്ഷേത്രം

കിഴക്കേ ഗോപുരത്തിലൂടെ അകത്തുകടന്നാൽ ആദ്യമെത്തുന്നത് ഒരു വലിയ ആനക്കൊട്ടിലിലാണ്. സാമാന്യം വലിപ്പമുള്ള ഈ ആനക്കൊട്ടിലിന്റെ വടക്കുഭാഗത്ത് ഒരു അരയാൽമരമുണ്ട്. ഹൈന്ദവവിശ്വാസപ്രകാരം ത്രിമൂർത്തിസാന്നിദ്ധ്യമുള്ള പുണ്യവൃക്ഷമായ അരയാലിന്റെ മുകളിൽ ബ്രഹ്മാവും നടുക്ക് വിഷ്ണുവും അടിയിൽ ശിവനും കുടികൊള്ളുന്നു. അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ ഓസോൺ ഉത്പാദിപ്പിയ്ക്കുന്ന വൃക്ഷം അരയാലും ചെടി തുളസിയുമാണ്. രണ്ടും ഹിന്ദുക്കൾ പവിത്രമായി കണ്ടുവരുന്നു. ദിവസവും രാവിലെ അരയാലിനെ ഏഴുവലം വയ്ക്കുന്നത് പുണ്യമായി കണ്ടുവരുന്നു. ഇതുകൂടാതെ മറ്റൊരു പ്രത്യേകത കൂടി ഈ അരയാലിനുണ്ട്. വ്യാഘ്രപാദമഹർഷി തപസ്സനുഷ്ഠിച്ചതും ഭഗവാൻ പാർവ്വതീസമേതനായി അദ്ദേഹത്തിന് ദർശനം നൽകിയതും ഇവിടെവച്ചാണെന്നാണ് വിശ്വാസം. അതിനാൽ, ഇവിടെ തൊഴുതിട്ടാണ് ഭക്തർ ശിവനെ തൊഴാൻ ചെല്ലുന്നത്. അല്പദൂരം കൂടി നടന്നാൽ, താരതമ്യേന പുതിയ മറ്റൊരു ആനക്കൊട്ടിലിലെത്താം. ക്ഷേത്രത്തിലെ വിവാഹം, ചോറൂൺ, ഭജന, അടിമ കിടത്തൽ, തുലാഭാരം തുടങ്ങിയവയ്ക്ക് ഉപയോഗിയ്ക്കുന്നത് ഈ ആനക്കൊട്ടിലാണ്. ഉത്സവക്കാലത്ത് മേളം നടക്കുന്നതും ഇവിടെയാണ്. ഭീമാകാരമായ കരിങ്കൽത്തൂണുകൾ ഇവിടെ കാണാം. അവയിൽ നിരവധി ദേവരൂപങ്ങളുമുണ്ട്. ഇതിനപ്പുറമാണ് ഭഗവദ്വാഹനമായ നന്തിയെ ശിരസ്സിലേറ്റിക്കൊണ്ട് കേരളത്തിലെ ഏറ്റവും വലിയ സ്വർണ്ണക്കൊടിമരങ്ങളിലൊന്ന് സ്ഥിതിചെയ്യുന്നത്. ഉത്തുംഗമായ ഈ കൊടിമരത്തിന് ഏകദേശം അറുന്നൂറടി ഉയരമുണ്ട്. കൊടിമരത്തിനപ്പുറം ബലിക്കൽപ്പുരയാണ്. മറ്റ് ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ ദ്വാരപാലകരുമുണ്ട്. ഇവിടെയാണ് പത്തടിയിലധികം ഉയരം വരുന്ന ഭീമാകാരമായ വലിയ ബലിക്കല്ല് സ്ഥിതിചെയ്യുന്നത്. ഇതിനടുത്ത് ഒരു കെടാവിളക്കുണ്ട്. ബലിക്കൽപ്പുരയുടെ മച്ചിൽ ബ്രഹ്മാവിന്റെയും അഷ്ടദിക്പാലകരുടെയും രൂപങ്ങൾ കാണാം. ബലിക്കൽപ്പുരയുടെ വടക്കുകിഴക്കുഭാഗത്ത് ഗണപതിപ്രതിഷ്ഠയുമുണ്ട്. ‘സ്തംഭഗണപതി’ എന്നാണ് ഈ പ്രതിഷ്ഠ അറിയപ്പെടുന്നത്.

ക്ഷേത്രത്തിന്റെ തെക്കുകിഴക്കേമൂലയിൽ നിരവധി ആൽമരങ്ങൾ കൂടിനിൽക്കുന്ന കാഴ്ച കാണാം. ഇതിനപ്പുറത്ത് മറ്റൊരു ആൽമരത്തിനുകീഴിൽ പനച്ചിയ്ക്കൽ ഭഗവതിയുടെ പ്രതിഷ്ഠയുണ്ട്. മേൽക്കൂരയില്ലാത്ത ഈ തറയിൽ പ്രകൃതിയിൽ ലയിച്ചുവാഴുന്ന ഈ ദേവിയെ ഒരേ സമയം വനദുർഗ്ഗ, ഭദ്രകാളി, യക്ഷി എന്നീ മൂന്ന് രൂപങ്ങളിൽ ആരാധിച്ചുവരുന്നുണ്ട്. ഐതിഹ്യപ്രകാരം അഗസ്ത്യമുനിയുടെ ശാപം കിട്ടിയതുമൂലം യക്ഷിയായ ഒരു ഗന്ധർവ്വകന്യക ഗണപതിയുടെ ഭൂതഗണമായ ത്രിശൂലിയുടെ കുത്തേറ്റുമരിയ്ക്കുകയും തുടർന്ന് മോക്ഷം പ്രാപിച്ച് ദേവിയാകുകയുമായിരുന്നു. യക്ഷിത്തറയ്ക്കപ്പുറത്ത് മറ്റൊരു ആൽത്തറയിൽ നാഗദൈവങ്ങൾ സാന്നിദ്ധ്യമരുളുന്നു. നാഗരാജാവായി വാസുകിയും നാഗയക്ഷിയും നാഗകന്യകയും നാഗചാമുണ്ഡിയും ചിത്രകൂടവുമടങ്ങുന്നതാണ് ഈ കൂട്ടം. ഇവർക്ക് എല്ലാമാസവും ആയില്യം നാളിൽ വിശേഷാൽ പൂജകളും കന്നിമാസത്തിലെ ആയില്യം നാളിൽ സർപ്പബലിയുമുണ്ടാകും. തെക്കേ നടയിൽത്തന്നെയാണ് ക്ഷേത്രം വക ഓഡിറ്റോറിയവും. ഇവിടെ ദിവസവും കലാപരിപാടികളുണ്ടാകാറുണ്ട്. പടിഞ്ഞാറേ നടയിൽ ഒരു അടഞ്ഞ വാതിൽ കാണാം. ക്ഷേത്ര ഊരാണ്മക്കാരായിരുന്ന നമ്പൂതിരിമാരിൽ ഒരാൾ വെറ്റില ചവച്ച് തുപ്പിയപ്പോൾ അയാളെ ഒരു പാമ്പ് കടിയ്ക്കുകയും അയാൽ മരിച്ചുവീഴുകയും തുടർന്ന് വാതിൽ അടയുകയും ചെയ്തുവെന്നാണ് കഥ. വടക്കുപടിഞ്ഞാറുഭാഗത്ത് ‘കാളയ്ക്കൽ ക്ഷേത്രം’ എന്ന പേരിൽ ഒരു ചെറിയ ക്ഷേത്രമുണ്ട്. ഭഗവദ്വാഹനമായ നന്തിയാണ് ഇവിടെ പ്രതിഷ്ഠ. ‘കാളയ്ക്കൽ വല്യച്ഛൻ’ എന്നാണ് ഇവിടത്തെ പ്രതിഷ്ഠ അറിയപ്പെടുന്നത്. ഈഴവരാണ് ഇവിടെ പൂജ നടത്തുന്നത്. എല്ലാ വർഷവും മേടമാസത്തിൽ പത്താമുദയത്തിനാണ് ഇവിടെ ഉത്സവം. വൈക്കത്ത് നടയടച്ചാൽ പിന്നെ ക്ഷേത്രത്തെ കാക്കുന്നത് ഈ ഉഗ്രമൂർത്തിയാണെന്ന് വിശ്വസിച്ചുവരുന്നു.

വൈക്കം മഹാദേവ ക്ഷേത്രം

ക്ഷേത്രത്തിന്റെ വടക്കേ നടയ്ക്ക് കാഴ്ചയിൽ പ്രാധാന്യമൊന്നുമില്ലെങ്കിലും ഇവിടെയുള്ള ഗോപുരത്തിന് ഒരു ആനവാതിൽ കൂടുതലുള്ളതായി കാണാം. എല്ലാ വർഷവും വൃശ്ചികമാസത്തിൽ വൈക്കത്തഷ്ടമിനാളിൽ അടുത്തുള്ള ഉദയനാപുരം ക്ഷേത്രത്തിൽ നിന്ന് സുബ്രഹ്മണ്യസ്വാമി പിതാവായ മഹാദേവനെ കാണാൻ വൈക്കത്തെത്തുന്നത് ഇതുവഴിയാണ്. വടക്കേ ഗോപുരത്തിന് തൊട്ടടുത്ത് ഊട്ടുപുര സ്ഥിതിചെയ്യുന്നു. രണ്ടുനിലകളോടുകൂടിയ മനോഹരമായ ഊട്ടുപുരയുടെ ഇരുനിലകളിലും പണ്ടുകാലത്ത് ബ്രാഹ്മണർക്ക് ഊട്ട് നടന്നിരുന്നു. ഇന്ന് താഴത്തെ നിലയിൽ ക്ഷേത്രകലാപീഠം പ്രവർത്തിയ്ക്കുമ്പോൾ മുകളിലെ നിലയിൽ മാത്രം സദ്യയും നടക്കുന്നു. അന്നദാനപ്രഭുവായ വൈക്കത്തപ്പന്റെ പ്രധാന വഴിപാടും സദ്യയാണ്. ‘പ്രാതൽ’ എന്നാണ് ഇതിന്റെ പേര്. ഊട്ടുപുരയ്ക്കപ്പുറത്ത് ക്ഷേത്രക്കുളം സ്ഥിതിചെയ്യുന്നു. രണ്ടേക്കറിലധികം വിസ്തീർണ്ണമുള്ള അതിവിശാലമായ ക്ഷേത്രക്കുളം.

ശ്രീകോവിൽ

സാധാരണ ശ്രീകോവിലിന്റെ മൂന്നിരട്ടി വലിപ്പമുണ്ട് ഇവിടത്തെ വലിയ വട്ടശ്രീകോവിലിന്. കേരളത്തിൽ അണ്ഡാകൃതിയിലുള്ള ഏക ശ്രീകോവിലാണിത്. വാസ്തു വിദ്യയിൽ അപാരമായ വൈദഗ്ദ്ധ്യമുള്ള ശില്പികൾക്ക് മാത്രമേ ഇത്തരമൊരു അപൂർവ രചന ചെയ്യാൻ കഴിയുകയുള്ളു. പെരുന്തച്ചൻ നിർമ്മിച്ചതെന്ന് കരുതുന്ന കേരളത്തിലെ രണ്ട് ക്ഷേത്ര ശ്രീകോവിലുകളിൽ ഒന്നാണ് വൈക്കം മഹാദേവ ക്ഷേത്രം. മറ്റൊന്ന് വാഴപ്പള്ളിയിലാണ്. .വടക്കുംകൂർ മഹാരാജാവിന്റെ കാലത്ത് ആദ്യ കാലങ്ങളിൽ വൈക്കം തലസ്ഥാനവും പിന്നീട് അത് കടുത്തുരുത്തിയുമായിരുന്നു. ക്ഷേത്രശില്പികളായ വിശ്വബ്രാഹ്മണരെ തമിഴ് നാട്ടിൽ നിന്ന് വിളിച്ചു വരുത്തി ക്ഷേത്രങ്ങൾ പണി കഴിപ്പിക്കുന്നത് ആ കാലഘട്ടത്തിൽ വലിയ അന്തസ്സായി മഹാരാജാക്കന്മാർ കരുതിയിരുന്നു.തമിഴ് നാട്ടിൽ രാജ രാജ ചോളനു വേണ്ടി തഞ്ചൈ പെരിയ കോവിൽ നിർമിച്ച ചോള ശില്പി കളുടെ വംശത്തിൽ പെട്ടവർ ആണ് വൈക്കം ക്ഷേത്ര വും നിർമിച്ചതു. തിരുനെൽ വേലിയിലുള്ള ശങ്കരൻ കോവിലിനു സമീപമുള്ള അഗ്രഹാരങ്ങളിലാണ് ശിൽപികൾ താമസിച്ചിരുന്നത്. ഭാരതത്തിൽ വേദ കാലത്ത് ഉണ്ടായിരുന്ന സുപർണസ ഋഷി ഗോത്രത്തിന്റെ പിൻഗാമികൾ ആണ് വിശ്വബ്രാഹ്മണർ.രാമായണത്തിൽ ഖരവധം കഴിഞ്ഞു വരുന്ന ശ്രീ രാമൻ അംഗുലീയം കിരീടവും നിർമ്മിച്ചു നൽകി പട്ടാഭിഷേകം നടത്തി തരുവാനും സുപർണസ ഋഷി ഗോത്രത്തിലെ മുനീശ്വരൻമാരുടെ സമീപം ദൂതൻമാരെ വിട്ട് അറിയിക്കുവാൻ പറയുന്ന രംഗം ഉണ്ട്.

ആംജനേയ സ്വാമിയാണ് വിശ്വബ്രാഹ്മണരുടെ കാവൽ. ഹനുമാൻ സ്വാമി ഈ പ്രപഞ്ചമുള്ളിടത്തോളം വിശ്വബ്രാഹ്മണരെ സംരക്ഷിച്ചു കൊള്ളാമെന്നു ശ്രീരാമനു വാക്ക് കൊടുക്കുന്നുണ്ട് . ഋഗ്വേദത്തിലും ഋഷി സൂക്ത്തങ്ങളുണ്ട്.

തിരുനെൽവേലിയിലുള്ള ശ്രീ പരാശയമയ കോലാരി നാഥ മഠത്തിൽ വി ശ്വബ്രാഹ്മണരുടെ സ്വാമിയാരുടെ അനുമതിയോടെ ആദ്യം തൊടുപുഴയിൽ ആണ് ഇവർ എത്തുന്നത്. ശില്പികളും സ്വർണ്ണ പ്പണിക്കാരും സംഘത്തിൽ ഉണ്ടായിരുന്നു. തിരുവാഭരണങ്ങൾ നിർമ്മിക്കുന്നതും പ്രതിഷ്ഠ കർമ്മങ്ങളും ഇവരാണ്. അവിടെ ഇപ്പോൾ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിനു സമീപമുള്ള അണ്ണാമല നാഥർ ക്ഷേത്രം ആണ് ആദ്യം പണിതത്. മലയാള പണിയാളുകളെ സഹായത്തിനു രാജാവ് ഏർപ്പെടുത്തി. പക്ഷെ ആ കോവിൽ നിർമ്മാണം പൂർത്തിയാക്കാതെയാണ് വൈക്കത്തു വന്നത്. കാരണം വ്യക്ത്തമല്ല. ഇപ്പോൾ വൈക്കം ക്ഷേത്രത്തിൽ കാണുന്ന വട്ട ശ്രീ കോവിലും അനുബന്ധ ശില്പങ്ങളും ചോള ശില്പ മാതൃകയിൽ പണിതത് വിശ്വബ്രാഹ്മണരാണ്. തിരുവാഭരണങ്ങൾ നിർമ്മിച്ചു പ്രതിഷ്ഠ കർമ്മങ്ങൾക്കു സഹായിച്ചത് സ്വർണ്ണപണിക്കാരും.ക്ഷേത്ര നിർമാണത്തിന്റെ കൂലി ആയി അന്നത്തെ രാജാക്കൻ മാർ 36 ഗ്രാമങ്ങളിൽ വീടും ഏക്കർ കണക്കിന് സ്ഥലവും സ്വർണ്ണ പണി സ്വർണ്ണ വ്യാപാരം എന്നിവ നടത്താനുള്ള അവകാശ വും ചോള ശില്പി മാർക്ക് നൽകി അതിനൊപ്പം വൈക്കത്തു അഷ്ടമിക്ക് സന്ധ്യവേല എന്ന ചടങ്ങു നടത്തുവാനുള്ള അവകാശ വും തിരുവണ്ണാ മല സ്വാമിയാരു ടെ നിർദേശം പ്രകാരം നൽകി. ഈ ശ്രീ കോവിൽ ആദ്യം നിർമ്മിച്ചത് പെരുംതച്ചനാണ്. പിന്നീട് ചോള ശിൽപികൾ പുനർനിർമ്മിച്ചു . ശ്രീകോവിലിന് ഒരുനിലയേയുള്ളൂ. അത് ചെമ്പുമേഞ്ഞിരിയ്ക്കുന്നു. ശ്രീകോവിലിന് മുകളിൽ സ്വർണ്ണത്താഴികക്കുടം ശോഭയോടെ തലയുയർത്തിനിൽക്കുന്നു. ശ്രീകോവിലിന് രണ്ടുമുറികളുണ്ട്. അവയിലേയ്ക്ക് കടക്കാൻ ആറാറുപടികളും. ‘പടിയാറും കടന്നവിടെച്ചെല്ലുമ്പോൾ ശിവനെക്കാണാകും ശിവശംഭോ’ എന്ന വരികളിൽ നിന്ന് ഇത് മനസ്സിലാക്കാൻ കഴിയും. ശ്രീകോവിലിലെ രണ്ടാമത്തെ മുറിയായ ഗർഭഗൃഹത്തിൽ രണ്ടടിയോളം പൊക്കമുള്ള പീഠത്തിൽ ആറടിയിലധികം പൊക്കം വരുന്ന അതിഭീമാകാരമായ ശിവലിംഗം കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. കേരളത്തിലെ ഏറ്റവും വലിയ ശിവലിംഗങ്ങളിലൊന്നാണിത്. ശിവന് പ്രിയപ്പെട്ട കൂവളമാല, തുമ്പപ്പൂമാല, രുദ്രാക്ഷമാല തുടങ്ങിയവ കൊണ്ട് ഇതിന്റെ മുക്കാൽ ഭാഗവും മറഞ്ഞിരിയ്ക്കുകയാകും. വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ മുഴുവൻ ആവാഹിച്ചുകൊണ്ട് സാക്ഷാൽ വൈക്കത്തപ്പൻ ശ്രീലകത്ത് മഹാശിവലിംഗമായി കുടികൊള്ളുന്നു.

ശ്രീകോവിൽ അതിമനോഹരമായ ചുവർച്ചിത്രങ്ങൾ കൊണ്ട് അലംകൃതമാണ്. നടരാജൻ, ദശാവതാരം, ശ്രീദേവീഭൂദേവീസമേതനായ മഹാവിഷ്ണു, അർജുനനെ പരീക്ഷിച്ച് പാശുപതാസ്ത്രം നൽകുന്ന ശിവൻ – അങ്ങനെ വിവിധതരം ചുവർച്ചിത്രങ്ങൾ ശ്രീകോവിൽച്ചുവരുകളെ അലംകൃതമാക്കിയിട്ടുണ്ട്. ഇവയിൽ ഈയിടെ പുതിയ ചായമിടുകയുണ്ടായി. ശ്രീകോവിലിന്റെ പടിഞ്ഞാറേ നടയിൽ അടഞ്ഞ ഒരു വാതിൽ കാണാം. അവിടെ പാർവ്വതീസാന്നിദ്ധ്യമുള്ളതായി വിശ്വസിയ്ക്കപ്പെടുന്നു. ആ നട തുറക്കാറില്ല. പകരം വിളക്കുവയ്പ് മാത്രമേയുള്ളൂ. വടക്കുവശത്ത് ഓവ്, വ്യാളീമുഖത്തോടെ മനോഹരമായി നിർമ്മിച്ചിരിയ്ക്കുന്നു. ശിവക്ഷേത്രമായതിനാൽ ഇതിനപ്പുറം പ്രദക്ഷിണം പാടില്ല.

നാലമ്പലം

അതിവിശാലമായ നാലമ്പലമാണ് ഇവിടത്തേത്. ചെമ്പുമേഞ്ഞ് മനോഹരമാക്കിയ നാലമ്പലത്തിന്റെ പുറംചുവരുകൾ വിളക്കുമാടം കൊണ്ട് അലംകൃതമായിരിയ്ക്കുന്നു. അകത്തുകടന്നാൽ ഇരുവശവും വാതിൽമാടങ്ങൾ കാണാം. ഭക്തർ നാമജപത്തിനും വിശ്രമത്തിനും ഉപയോഗിയ്ക്കുന്ന സ്ഥലങ്ങളാണിവ. തെക്കുകിഴക്കേമൂലയിൽ തിടപ്പള്ളി പണിതീർത്തിരിയ്ക്കുന്നു. പ്രധാന ശ്രീകോവിലിനോടുചേർന്ന് തെക്കുഭാഗത്ത് ഒരു ചെറിയ ശ്രീകോവിലുണ്ട്. ഗണപതിയാണ് ഈ ശ്രീകോവിലിൽ. പഞ്ചലോഹനിർമ്മിതമായ രണ്ട് വിഗ്രഹങ്ങളാണ് ഈ ശ്രീകോവിലിലുള്ളത്. ഒന്ന് ബാലഗണപതിയും മറ്റേത് മഹാഗണപതിയുമായി കണക്കാക്കപ്പെടുന്നു. കിഴക്കോട്ടാണ് ദർശനം.

ശ്രീകോവിലിനുചുറ്റും അകത്തെ ബലിവട്ടം പണിതിട്ടുണ്ട്. അഷ്ടദിക്പാലകർ (കിഴക്ക് – ഇന്ദ്രൻ, തെക്കുകിഴക്ക് – അഗ്നി, തെക്ക് – യമൻ, തെക്കുപടിഞ്ഞാറ് – നിര്യതി, പടിഞ്ഞാറ് – വരുണൻ, വടക്കുപടിഞ്ഞാറ് – വായു, വടക്ക് – കുബേരൻ, വടക്കുകിഴക്ക് – ഈശാനൻ), സപ്തമാതൃക്കൾ (ബ്രാഹ്മി/ബ്രഹ്മാണി, വൈഷ്ണവി, മഹേശ്വരി, ഇന്ദ്രാണി, വരാഹി, കൗമാരി, ചാമുണ്ഡി), വീരഭദ്രൻ, ഗണപതി, ശാസ്താവ്, സുബ്രഹ്മണ്യൻ, ദുർഗ്ഗാദേവി, ബ്രഹ്മാവ്, അനന്തൻ, നിർമ്മാല്യധാരി (ഇവിടെ ചണ്ഡികേശ്വരൻ) തുടങ്ങിയവരെ പ്രതിനിധീകരിയ്ക്കുന്ന ബലിക്കല്ലുകൾ ഇവിടെ പ്രതിഷ്ഠിച്ചിരിയ്ക്കുന്നു. ശീവേലിസമയത്ത് ഇവയിൽ ബലിതൂകുന്നു. ബലിക്കല്ലുകളിൽ ചവിട്ടുന്നതും തൊട്ട് തലയിൽ വയ്ക്കുന്നതും നിയമവിരുദ്ധമാണ്.

നാലമ്പലത്തിന്റെ വടക്കുപടിഞ്ഞാറേമൂലയിൽ ഒരു കൂവളമരമുണ്ട്. ശിവന് ഏറ്റവും പ്രിയപ്പെട്ട വൃക്ഷമാണ് കൂവളമെന്ന് വിശ്വസിച്ചുവരുന്നു. കൂവളത്തില കൊണ്ട് ശിവന് പുഷ്പാഞ്ജലി നടത്തുന്നത് വിശേഷമാണ്. ഈ കൂവളമരത്തിലെ ഇലകളാണ് ഭഗവാന് പുഷ്പാഞ്ജലിയ്ക്ക് ഉപയോഗിയ്ക്കാറുള്ളത്. രണ്ട് കൊമ്പുകളോടുകൂടിയ ഈ കൂവളമരം കാലങ്ങളായി ഇങ്ങനെത്തന്നെ നിൽക്കുന്നത് ഒരു അത്ഭുതമാണ്. വടക്കുകിഴക്കേമൂലയിലാണ് വലിയ അടുക്കള. ക്ഷേത്രത്തിലെ പ്രധാന വഴിപാടായ അന്നദാനത്തിനുള്ള ചേരുവകൾ ഇവിടെയാണ് ഉണ്ടാക്കുന്നത്. വലിയ അടുക്കളയിലെ ചാരമാണ് ഇവിടെ പ്രസാദം. ഇവിടെ ചന്ദനപ്രസാദമില്ല. ഈ ഭസ്മം അപസ്മാരം, ചൊറി, ചിരങ്ങ് തുടങ്ങിയവയ്ക്ക് ഉത്തമമായി കണക്കാക്കപ്പെടുന്നു. തൊട്ടടുത്ത് മാന്യസ്ഥാനം. ഒരിയ്ക്കൽ ക്ഷേത്രത്തിൽ ദർശനത്തിനുവന്ന പരമഭാഗവതനായ വില്വമംഗലം സ്വാമിയാർ ശ്രീലകത്ത് കാണാതെ ഭഗവാനെ തിരക്കിയപ്പോൾ ക്ഷേത്രത്തിലെ സദ്യയ്ക്ക് ബ്രാഹ്മണവേഷത്തിൽ ഭഗവാനും പാർവ്വതീദേവിയുമിരുന്ന് ഭക്ഷണം കഴിയ്ക്കുന്നത് കണ്ടുവത്രേ! അതിനുശേഷമാണ് ഇതിന് ആ പേരുവന്നത്.

നമസ്കാരമണ്ഡപം

ശ്രീകോവിലിന്റെ നേരെ മുന്നിലാണ് വലിയ നമസ്കാരമണ്ഡപം. ചെമ്പുമേഞ്ഞ ഈ മണ്ഡപത്തിന് പതിനാറ് കാലുകളുണ്ട്. അവയിൽ ഓരോന്നിലും അതിമനോഹരമായ ദാരുശില്പങ്ങൾ കാണാം. രാമായണം, മഹാഭാരതം, ഭാഗവതം തുടങ്ങിയ കൃതികളിൽ നിന്നുള്ള രംഗങ്ങളാണ് അവയിലോരോന്നിലും. മണ്ഡപത്തിന്റെ മച്ചിൽ നവഗ്രഹങ്ങളുടെ രൂപങ്ങൾ കൊത്തിവച്ചിട്ടുണ്ട്. ഈ മണ്ഡപത്തിലിരുന്നാണ് വിശേഷദിവസങ്ങളിൽ ബ്രാഹ്മണർ ശ്രീരുദ്രമന്ത്രവും ശിവസഹസ്രനാമവും ജപിയ്ക്കാറുള്ളത്. മണ്ഡപത്തിന്റെ പടിഞ്ഞാറേ അറ്റത്ത് വലിയ ഒരു നന്ദിപ്രതിമയുണ്ട്. നന്ദിയുടെ ചെവിയിൽ നമ്മുടെ ആഗ്രഹങ്ങൾ പറഞ്ഞാൽ അവ നന്ദി ഭഗവാന്റെയടുത്തുചെന്ന് ബോധിപ്പിയ്ക്കുമെന്നാണ് വിശ്വാസം. അതിനാൽ ധാരാളം ഭക്തർ നന്തിയുടെ ചെവിയിൽ ആഗ്രഹങ്ങൾ പറയാറുണ്ട്. നാലമ്പലത്തിനുപുറത്ത് ഓരോ മൂലയിലെ തറകളിലും നന്ദിപ്രതിമകളുണ്ട്. ഇവയെല്ലാം ഓടുമേഞ്ഞ് സ്വർണ്ണം പൂശിയാണ് നിൽക്കുന്നത്.

പഴമ

എ.ഡി. 300-ൽ ജീവിച്ചിരുന്ന പെരുംതച്ചനാണ് ക്ഷേത്രം നിർമ്മിച്ചതെന്ന് കരുതപ്പെടുന്നു. വേണാട്ട് രാജാക്കന്മാരുടെ ഭരണകാലത്ത് ക്ഷേത്രനിർമ്മിതിയെ കുറിക്കുന്ന 800 കൊല്ലം പഴക്കമുള്ള ഒരു ശിലാലിഖിതം കണ്ടെടുത്തിട്ടുള്ളതായി ചരിത്രകാരനായ ശ്രീധരമേനോൻ രേഖപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രം ഇന്ന് കാണുന്ന നിലയിൽ പുനർനിർമ്മിക്കപ്പെട്ടത്
എ.ഡി. 1539-ലാണ്.

വൈക്കത്തഷ്ടമി

ക്ഷേത്രത്തിലെ പ്രധാന ഉത്സവം വൃശ്ചികമാസത്തിലെ വൈക്കത്തഷ്ടമി മഹോത്സവമാണ്. മറ്റ് ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി കൊടിയേറ്റും ആറാട്ടും നോക്കിയല്ല ഉത്സവം നടത്തുന്നത്. മൊത്തം പതിമൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിന്റെ പന്ത്രണ്ടാം നാൾ അഷ്ടമി വരുന്ന വിധത്തിലാണ് ഉത്സവം. മുളയിടലും കലശാഭിഷേകവും വഴി തുടങ്ങുന്ന ഉത്സവം അങ്കുരാദിയാണ്. തുടർന്ന് സന്ധ്യയ്ക്ക് കൊടിയേറ്റം നടക്കുന്നു. കൊടിയേറിക്കഴിഞ്ഞാൽ പതിമൂന്ന് ദിവസം ഗംഭീരൻ ആഘോഷപരിപാടികളുണ്ട്. രോഹിണിദിവസം സന്ധ്യയ്ക്കാണ് കൂടിപ്പൂജ. വൈക്കത്തപ്പന്റെ പുത്രനായ ഉദയനാപുരത്തപ്പൻ (സുബ്രഹ്മണ്യൻ) ആറാട്ടുകഴിഞ്ഞ് തിരിച്ച് ക്ഷേത്രത്തിലേയ്ക്കുപോകുന്ന വഴിയ്ക്കുവച്ച് പിതാവിനെ കാണാൻ വൈക്കത്തെത്തും. തുടർന്ന് ഇരുവരുടെയും ബിംബങ്ങൾ അടുത്തുവച്ച് ശ്രീകോവിൽ നടയടച്ച് പൂജ തുടങ്ങുന്നു. ആ സമയത്ത് ശിവൻ, പാർവ്വതീഗണപതീസുബ്രഹ്മണ്യസമേതനായി കൈലാസത്തിൽ അമരുന്നു എന്നാണ് വിശ്വാസം. കൂടിപ്പൂജയുടെ മന്ത്രങ്ങൾ തന്ത്രിയ്ക്കും മേൽശാന്തിയ്ക്കും മാത്രമേ അറിയൂ.

പന്ത്രണ്ടാം ദിവസമാണ് പ്രസിദ്ധമായ വൈക്കത്തഷ്ടമി. അന്ന് പതിവിലും ഒരുമണിക്കൂർ നേരത്തേ നട തുറക്കും. അഷ്ടമിനാളിലെ മഹാനിർമ്മാല്യദർശനത്തിന് വൻ ഭക്തജനത്തിരക്കായിരിയ്ക്കും. അന്ന് ക്ഷേത്രത്തിൽ നിവേദ്യങ്ങളില്ല. പുത്രനായ സുബ്രഹ്മണ്യന്റെ വിജയത്തിനായി ഭഗവാൻ ഉപവാസമനുഷ്ഠിയ്ക്കുന്നു എന്നാണ് വിശ്വാസം. എന്നാൽ ഭക്തജനങ്ങൾക്ക് ഗംഭീരൻ സദ്യയുണ്ടായിരിയ്ക്കും. താനൊഴികെ മറ്റാരും അന്ന് പട്ടിണി കിടക്കരുത് എന്ന് ഭഗവാന് നിർബന്ധമാണത്രേ! ക്ഷേത്രത്തിലെ വടക്കേ ഗോപുരം അന്നുമാത്രമേ തുറക്കൂ. അതിലൂടെ വൈകീട്ട് ഉദയനാപുരത്തപ്പന്റെ എഴുന്നള്ളത്തുമുണ്ട്. ഭീകരന്മാരായ താരകാസുരനെയും ശൂരപത്മനെയും കൊലപ്പെടുത്തിയശേഷം വാദ്യഘോഷങ്ങളുടെ അകമ്പടിയോടെയെത്തുന്ന സുബ്രഹ്മണ്യനെ മഹാദേവൻ കിഴക്കേ ആനക്കൊട്ടിലിലേയ്ക്ക് കൊണ്ടുപോകുന്നു. തുടർന്ന് വലിയ കാണിയ്ക്ക. ആദ്യം വരുന്നത് കറുകയിൽ കൈമളാണ്. തുടർന്ന് ഭക്തരും ദേവസ്വം അധികൃതരുമെല്ലാം കാണിയ്ക്കയിടുന്നു. വൈക്കത്തിനടുത്ത് താമസിയ്ക്കുന്ന ഭക്തർ, അഷ്ടമിദിവസം ക്ഷേത്രത്തിൽ വന്ന് തൊഴുതില്ലെങ്കിൽ അത് അപകടകരമാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. കാണിക്കയിട്ടുകഴിഞ്ഞാൽ വെടിക്കെട്ടാണ്. ആകാശത്ത് വിരിയുന്ന വർണ്ണവിസ്മയം ആയിരങ്ങളെ അത്ഭുതത്തിലാഴ്ത്തും. പിന്നീട് വേദനാജനകമായ ‘കൂടിപ്പിരിയൽ’ എന്ന ചടങ്ങാണ്. ശിവന്റെയും സുബ്രഹ്മണ്യന്റെയും തിടമ്പുകളേന്തിയ ആനകൾ വേദനാജനകമായ പല ശബ്ദങ്ങളുമുയർത്തും. വാദ്യോപകരണങ്ങളെല്ലാം നിർത്തി, വിളക്കണച്ച് തികച്ചും മൗനത്തോടെ സുബ്രഹ്മണ്യൻ ഉദയനാപുരത്തേയ്ക്കും ശിവൻ ശ്രീകോവിലിലേയ്ക്കും തിരിച്ചുപോകുന്നു. ജഗദീശ്വരനായിട്ടും, സ്വന്തം പുത്രന്റെ വേർപാടോർത്ത് ദുഃഖിതനായാണ് ശിവന്റെ മടക്കം. പിറ്റേ ദിവസമാണ് ക്ഷേത്രത്തിൽ ആറാട്ട്. അതിന് വലിയ പ്രാധാന്യമൊന്നുമില്ല. ക്ഷേത്രക്കുളത്തിലാണ് ആറാട്ട്. ആറാട്ട് കഴിഞ്ഞുവരുന്ന ദേവന്റെ ക്ഷീണം മാറ്റാനായി വെള്ളാട്ട് മൂസ്സിന്റെ വക മുക്കുടി നിവേദ്യവും അന്നുണ്ടാകും.

മലയാളസിനിമാസംഗീതകുലപതിയും വൈക്കത്തപ്പന്റെ പരമഭക്തനുമായിരുന്ന വി. ദക്ഷിണാമൂർത്തി സ്വാമിയുടെ ഓർമ്മയ്ക്കായി 2013-ൽ ആരംഭിച്ച ‘ദക്ഷിണാമൂർത്തി സംഗീതോത്സവം’ ചുരുങ്ങിയകാലം കൊണ്ട് ജനശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. വൈക്കത്തഷ്ടമി മഹോത്സവത്തിന്റെ ഭാഗമായാണ് ഇത് നടത്തുന്നത്. ഗുരുവായൂരിലെ ചെമ്പൈ സംഗീതോത്സവത്തിന്റെ മാതൃകയിലാണ് ഇതും നടത്തുന്നത്. 13 ദിവസമാണ് മൊത്തം സംഗീതോത്സവവും.

Share:
Written by Sethu Madhavan
ഭാരതീയ പൈതൃകത്തിന്റെ മാഹാത്മ്യമേറിയ ആത്മസൗന്ദര്യത്തിന്റ്റെ അന്തസത്ത ഉൾക്കൊണ്ട്, സനാതന ധർമ്മത്തിന്റ്റെ സാർവ്വലൗകീകമായ അഭൗമിക ദീപപ്രഭ ലോകമെമ്പാടും പ്രചരിപ്പിക്കാൻ എല്ലാ ദിശകളിലുമുള്ള പ്രവർത്തനങ്ങൾ നടത്തണമെന്ന സദുദ്ദേശത്തോടെ സ്ഥാപിതമായ ചാരിറ്റബിൾ ട്രസ്റ്റാണ്, തത്വമസി ഫൗണ്ടേഷൻ.