ആദി കൈലാസ യാത്രയുടെ ആദ്യദിനത്തിലെ തന്നെ യാത്രയുടെ കാഠിന്യം അത്രയേറെ വർദ്ധിച്ചതിനാൽ പലരും ക്യാമ്പുകളിൽ എത്തിച്ചേർന്നത് രാത്രി 12 മണിയോടടുത്താണ്. ഞങ്ങളുടെ ബാച്ചിലുണ്ടായിരുന്ന ഒരു ബാബാജി മാൽപ്പ വരെ എത്തിയപ്പോഴേക്കും അവശനായി ഇനി മുന്നോട്ടുള്ള വഴി നടക്കുക സാധ്യമല്ലെന്ന് കരുതി അന്ന് രാത്രി മാൽപ്പയിൽ തന്നെ തങ്ങാനും പിറ്റേന്ന് തിരിച്ച് ലഖൻപൂരിലേക്ക് പോയി അവിടെനിന്ന് ദില്ലിക്ക് മടങ്ങാനും തീരുമാനിച്ചിരുന്നു. സ്ത്രീ യാത്രക്കാരെ സംബന്ധിച്ചിടത്തോളം പ്രത്യേകിച്ചും വളരെയേറെ ബുദ്ധിമുട്ടിയ ഒരു ദിനമായിരുന്നു കടന്നുപോയത്. പലർക്കും കുതിരകൾ ഉണ്ടായിരുന്നിട്ടും വഴിയുടെ പ്രത്യേകത കാരണം നടന്ന് തന്നെ സഞ്ചരിക്കേണ്ടി വന്നിരുന്നു.
ബുദിയിൽ നിന്ന് ഗുഞ്ചിയിലേക്കുള്ള യാത്ര പിറ്റേന്ന് രാവിലെ അഞ്ചുമണിക്ക് തുടങ്ങുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും തലേദിവസം വളരെ വൈകിവന്ന യാത്രക്കാരുടെ ക്ഷീണാവസ്ഥ കണക്കിലെടുത്ത് ഏഴുമണിക്ക് മാത്രം യാത്ര തുടങ്ങിയാൽ മതിയെന്ന് ടീം ഗൈഡ് വിക്രം ഭായി തീരുമാനിച്ചു. വളരെ കൃത്യവും സ്വീകാര്യവുമായ ഇത്തരം തീരുമാനങ്ങൾ യാത്രയിലുടനീളം വിക്രം ഭായി എടുക്കുകയുണ്ടായി. അതുതന്നെയാണ് അദ്ദേഹത്തെ ഈ ബാച്ചിന്റെ ഗൈഡ് എന്നതിൽ നിന്നും മാറ്റി ലീഡർ എന്നുള്ള നിലയിലേക്ക് ഞങ്ങളുടെ മനസ്സുകളിൽ ഉയർത്തിയത്. യാത്രാരംഭം ഏഴ് മണിക്കായതിനാൽ സാവധാനത്തിൽ തന്നെ എഴുന്നേറ്റ് കുളിച്ച് തയ്യാറായി ഞങ്ങൾ കൃത്യസമയത്ത് യാത്ര ആരംഭിച്ചു. ബുദി ഗ്രാമം കടന്ന് ചിലേഖിലേയ്ക്കുള്ള അഞ്ച് കിലോമീറ്ററോളം വരുന്ന കുത്തനെയുള്ള കയറ്റമാണ് ഇന്നത്തെ യാത്രയുടെ വെല്ലുവിളി. ഈ കയറ്റത്തിന് സമാന്തരമായി പുതിയ വാഹനസഞ്ചാരയോഗ്യമായ ഒരു പാത മറ്റൊരു മലയെ ചുറ്റിവളഞ്ഞ് നിർമ്മിച്ച് കഴിഞ്ഞിട്ടുണ്ടെങ്കിലും ആ വഴി നടന്ന് പോകുന്നത് ഒരുപാട് ദൂരം വർദ്ധിപ്പിക്കുമെന്നതിനാൽ ഈ പ്രദേശത്ത് ഇപ്പോഴും പഴയ പരമ്പരാഗത പാത തന്നെയാണ് ഉപയോഗിക്കുന്നത്.
ബുദി ഗ്രാമം കഴിയുന്നത് വരെയുള്ള നിരപ്പായ വഴികളിൽ കൂടി യാതൊരു തടസ്സവുമില്ലാതെ ഞങ്ങൾ മുന്നോട്ട് പോയി. ഗ്രാമം അവസാനിക്കുന്നിടത്ത് തുടങ്ങുന്ന കയറ്റത്തിന് മുൻപായി കുതിരകളെ വാടകയ്ക്ക് എടുത്തിട്ടുള്ള എല്ലാ യാത്രക്കാരും കുതിരപ്പുറത്ത് കയറാൻ ആരംഭിച്ചു. ഞങ്ങളുടെ കൂടെയുള്ള സഹയാത്രികയ്ക്കായി ഒരു കുതിരയെ വാടകയ്ക്ക് എടുത്തിരുന്നു. ബാദൽ എന്നായിരുന്നു ആ മങ്ങിയ കറുത്ത നിറമുള്ള കുതിരയുടെ പേര്. താരതമ്യേനെ തുടക്കക്കാരനായ ഒരു പയ്യനായിരുന്നു കുതിരക്കാരൻ. കുതിര പൂർണ്ണമായും ആ പയ്യനോട് ഇണക്കം പ്രകടിപ്പിച്ചിരുന്നില്ല. പലപ്പോഴും മറ്റു പലരുടേയും കുതിരകളെ വാടകയ്ക്കെടുത്ത് കുതിരക്കാർ ഇത്തരം യാത്രകൾക്ക് കൊണ്ടുവരാറുള്ളതിനാൽ ആദ്യദിവസങ്ങളിലെ പിണക്കം കുറഞ്ഞ് പിന്നീടത് ശരിയായിക്കൊള്ളുമെന്നാണ് ഞങ്ങൾ കരുതിയിരുന്നത്. എന്നിരിക്കിലും എന്തൊക്കെയോ അസ്വാഭാവികതകൾ തോന്നിയിരുന്നതിനാൽ ഞങ്ങൾ കുതിരക്ക് തൊട്ടുപിന്നാലെ തന്നെ നടക്കാൻ ആരംഭിച്ചു. ചിലേക്കിലേയ്ക്കുള്ള കയറ്റം ഏതാണ്ട് 200 അടിയോളം മുകളിലേക്ക് എത്തിയതിന് ശേഷമുള്ള ഒരു ഭാഗത്ത് കുത്തനെ മുകളിലേക്ക് നിൽക്കുന്ന കല്ലുകൊണ്ടുള്ള പടികളുള്ള ഒരു പ്രദേശം ഉണ്ട്. ഇവിടെ എത്തിയപ്പോൾ കുതിര കയറാനായി അല്പം വൈഷമ്യം കാണിച്ചു. സാധാരണ അത്തരം സന്ദർഭങ്ങളിൽ കുതിരക്കാർ കുതിരയുടെ പുറകുവശത്ത് നിന്ന് അതിനെ മുകളിലേയ്ക്ക് തള്ളി കൊടുക്കുകയാണ് പതിവ്. എന്നാൽ പരിചയക്കുറവ് മൂലമാകണം ഈ കുതിരക്കാരൻ പയ്യൻ കുതിരയുടെ മുൻപിൽ നിന്ന് കുതിരയുടെ കടിഞ്ഞാൺ പിടിച്ചു വലിച്ച് മുകളിലേക്ക് കയറ്റാനാണ് ശ്രമിച്ചത്. ഇത് കുതിരയുടെ ഈർഷ്യ വർദ്ധിപ്പിക്കുകയും ആ വലിക്കലിന് എതിരായി കുതിര പിറകോട്ട് നടക്കാൻ ആരംഭിക്കുകയും ചെയ്തു. കുതിര അപ്പോൾ നിൽക്കുന്ന പടികളുടെ വശത്തിൽ നിന്ന് താഴേയ്ക്ക് ചുരുങ്ങിയത് 100 അടിയെങ്കിലും താഴ്ചയുള്ള കൊക്കയാണ്. കുതിരയും കുതിരക്കാരനും തമ്മിൽ നടക്കുന്ന ഈ വടംവലിക്കിടയിൽ എന്താണ് ചെയ്യേണ്ടതെന്നറിയാതെ നിസഹായാവസ്ഥയിൽ കുതിരപ്പുറത്തിരിക്കുകയായിരുന്നു ഞങ്ങളുടെ സഹയാത്രിക ലളിതാജി. ഈ സാഹചര്യത്തിൽ സംഭവിക്കാമായിരുന്നത് പോലെ തന്നെ പുറകിലോട്ട് വെച്ചുകൊണ്ടിരുന്ന ചുവടുകൾ കരിങ്കൽ പടികൾക്ക് പുറത്തേക്ക് കുതിര വയ്ക്കുകയും ഒരു നിമിഷാർദ്ധം കൊണ്ട് കുതിരയും കുതിരപ്പുറത്ത് ഇരിക്കുന്ന ലളിതാജിയും പുറകിലുള്ള ആ കൊക്കയിലേക്ക് തലകുത്തനെ മറിഞ്ഞ് വീഴുകയും ചെയ്തു. ഏതാണ്ട് 50 മീറ്ററോളം പുറകിൽ പിന്തുടർന്ന് വന്നിരുന്ന ഞങ്ങളെ സംബന്ധിച്ചിടത്തോളം ഭയാനകമായിരുന്നു ഈ കാഴ്ച്ച. എല്ലാം അവസാനിച്ചു എന്നൊരു തോന്നൽ മനസ്സിനുള്ളിൽ കടന്നു വന്നു. ഒരു നിമിഷത്തിന് ശേഷം മനസ്സിന്റെ ഞെട്ടൽ മാറിയ ഞങ്ങൾ ഇവർ വീണ ഭാഗത്തേക്ക് ഓടിയടുത്തു. അത്ഭുതകരമെന്ന് പറയട്ടെ വീഴ്ചയുടെ ഇടയിൽ കുതിരപ്പുറത്ത് നിന്ന് തെറിച്ച്, അവിടെയുള്ള ചെടിപടലങ്ങൾക്കിടയിൽ തങ്ങിനിന്ന ലളിതാജി നിസാരമായ പരിക്കുകളോടുകൂടി ആ കുഴിയിൽ നിന്ന് കയറി വരുന്ന കാഴ്ചയാണ് ഞങ്ങൾ കണ്ടത്. പക്ഷേ കുതിരയെ അവിടെയൊന്നും കാണാനില്ലായിരുന്നു. കുതിര ആ കൊക്കയിൽ കൂടി തെന്നി നിരങ്ങി അടിവാരം വരെ എത്തിച്ചേർന്നിരുന്നു. കുതിരയെ വീണ്ടെടുക്കാനായി കുതിരക്കാരൻ പയ്യൻ ആ കൊക്കയിൽ കൂടി വേഗത്തിൽ താഴേക്കിറങ്ങാൻ ആരംഭിച്ചു. കുതിരപ്പുറത്ത് ഇരിക്കുമ്പോൾ ഇരിപ്പുറപ്പിക്കാനും, കുതിരയുടെ പുറത്ത് അനുഭവപ്പെടുന്ന കുലുക്കത്തിൽ നിന്ന് രക്ഷപ്പെട്ട് ശരീരത്തിന്റെ സംതുലനം നിലനിർത്താനും വേണ്ടി കാൽ കടത്തിയിടാനായി കുതിരയുടെ ജീനിയുടെ രണ്ട് വശത്തുനിന്നും ഞാന്നുകിടക്കുന്ന ലോഹം കൊണ്ടുള്ള രണ്ട് വളയങ്ങളുണ്ട്. ഷൂ ഇട്ട കാലുകൾ കഷ്ടി കടക്കാൻ വേണ്ട വലിപ്പം മാത്രമേ ഈ വളയങ്ങൾക്ക് ഉണ്ടാവുകയുള്ളൂ. എന്തോ ഭാഗ്യവശാൽ ഈ അപകടം നടക്കുന്ന സമയത്ത് ലളിതാജി പൂർണ്ണമായും കാലുകൾ ഈ വളയത്തിനുള്ളിലേക്ക് കടത്തി വെച്ചിട്ടുണ്ടായിരുന്നില്ല. അഥവാ ഈ കാലുകൾ വളയത്തിനുള്ളിൽ ഉണ്ടായിരുന്നുവെങ്കിൽ കുതിരപ്പുറത്ത് നിന്നുള്ള വീഴ്ചയിൽ പോലും കുതിരയിൽ നിന്ന് വേർപ്പെട്ട് പോരാൻ സാധിക്കില്ലായിരുന്നു. അങ്ങനെയെങ്കിൽ നൂറടിയോളം വരുന്ന ഈ കൊക്കയിലേക്ക് കുതിര അവരെയും വലിച്ചുകൊണ്ടായിരിക്കും താഴേക്ക് പോകുക. ഈ മലഞ്ചെരുവിൽ നിൽക്കുന്ന മരങ്ങളും കുറ്റികളും കല്ലുകളും താണ്ടി താഴെ എത്തുമ്പോഴേക്കും തീർച്ചയായും വളരെ വലിയൊരു അപകടമായി അത് മാറുമായിരുന്നു. അത്തരമൊരു ദൗർഭാഗ്യകരമായ അവസ്ഥ നേരിടേണ്ടി വന്നില്ല എന്നുള്ളതിൽ ഞങ്ങൾ നാലുപേരും ബോലേക്ക് നന്ദിപറഞ്ഞു. ഏതാണ്ട് 15 മിനിറ്റിന് ശേഷം മേലാസകലം തോൽ ഉരഞ്ഞുപൊട്ടിയ ചോരപ്പാടുകളും അല്പം മുടന്തോടെയും കുതിരയുമായി കുതിരക്കാരൻ പയ്യൻ കയറി വന്നു. കുതിര ചത്തുപോയി കാണും എന്ന് പറഞ്ഞാണ് അവൻ താഴേക്ക് പോയത്, പരിക്കുകളോടെയാണെങ്കിലും കുതിരയെ വീണ്ടുകിട്ടിയതിൽ അവനും സന്തോഷവാനായിരുന്നു.
തുടർന്നങ്ങോട്ടുള്ള യാത്രയിൽ കുതിരയെ തനിയെ വിട്ടിട്ട് ശരീരത്തിലെ പല ഭാഗത്തും കർശനമായ വേദന അനുഭവപ്പെടുന്ന സഹയാത്രികയുമായി പതുക്കെ ചുവടുകൾവെച്ച് മുകളിലേക്ക് പോകാനാണ് ഞങ്ങൾ തീരുമാനിച്ചത്. പലയിടത്തും നിർത്തി, വിശ്രമിച്ച് വേദനസംഹാരികൾ കഴിപ്പിച്ച് ആവശ്യത്തിന് വിശ്രമം കൊടുത്താണ് ഞങ്ങളവരെ ശ്രദ്ധാപൂർവം ചിലേഖിലേയ്ക്ക് എത്തിച്ചത്. ആദ്യത്തെ ദിവസമുണ്ടായ വഴി തെറ്റിപ്പോകലും, രണ്ടാമത്തെ ദിവസത്തിൽ തുടക്കത്തിൽ തന്നെ ഉണ്ടായ ഈ അപകടവും കൂടിയായപ്പോൾ ചിന്തകൾ അല്പം സംഘർഷഭരിതമായി എന്ന് പറയാതെ വയ്യ. മൂടിക്കെട്ടിയ മനസ്സുമായാണ് ചിലേഖ് വരെയുള്ള കയറ്റം കയറിച്ചെന്നത്. എന്നാൽ അപ്രതീക്ഷിതമായി അവിടെ നടന്ന ഒരു കൂടിക്കാഴ്ച മനോനിലയെ ആകെ മാറ്റിമറിച്ച് വീണ്ടും സന്തോഷഭരിതമാക്കി മാറ്റി. ചിലേഖിലേക്കുള്ള കരിങ്കൽ കെട്ടുകൾ എത്തുന്നതിന് തൊട്ടുമുൻപേ മുകളിൽ നിന്ന് ഇറങ്ങിവന്നത് ബൽബീർ ചന്ദ്ര അറോറയായിരുന്നു. ഇദ്ദേഹം 2015ലെ കൈലാസ യാത്രയിൽ എന്റെ ബാച്ച് മേറ്റ് ആയിരുന്നു. ആ ബാച്ചിൽ ഉണ്ടായിരുന്നതിൽ വെച്ച് ഏറ്റവും പ്രായമുള്ള ആളും ഏറ്റവും ചുറുചുറുക്ക് ഉണ്ടായിരുന്ന ആളും അദ്ദേഹം തന്നെ. സർവീസിൽ നിന്ന് റിട്ടയർ ചെയ്ത് ഗാസിയാബാദിൽ സ്വന്തമായി ഒരു യോഗ പരിശീലന സ്ഥാപനം നടത്തുകയാണ് അദ്ദേഹം. എല്ലാ ദിവസവും യാത്രക്ക് ശേഷം വൈകീട്ട് ക്യാമ്പിലെത്തിയാൽ എല്ലാ റൂമുകളിലും കയറി എല്ലാവരോടും കുശലം പറഞ്ഞിട്ടേ അദ്ദേഹം സ്വന്തം ക്യാമ്പിലേക്ക് പോകാറുണ്ടായിരുന്നുള്ളൂ. ഇതിനും പുറമേ അത്താഴത്തിന് ശേഷം എല്ലായിടത്തും കറങ്ങി നടക്കുകയും പറ്റിയ ശ്രോതാക്കളെ കിട്ടുന്ന നിമിഷത്തിൽ തന്നെ പുരാണ ഇതിഹാസങ്ങൾ അതീവചാരുതയോടെ അതിമനോഹരമായ ഹിന്ദിയിൽ പറയാൻ തുടങ്ങുകയും പതിവായിരുന്നു. ക്യാമ്പ് ഉറക്കമാകുന്നതിന് മുൻപ് അവസാനം കേൾക്കുന്ന ശബ്ദവും ക്യാമ്പ് ഉറക്കമെഴുന്നേൽക്കുമ്പോൾ ആദ്യം കേൾക്കുന്ന ശബ്ദവും അദ്ദേഹത്തിന്റെ തന്നെയായിരിക്കും. 27 ദിവസം നീണ്ടുനിന്ന യാത്രയിൽ ഒരിടത്തുപോലും അദ്ദേഹത്തെ തളർന്നിട്ടോ ഉന്മേഷരഹിതനായോ ഞങ്ങൾ ആരും കണ്ടിരുന്നില്ല. ഇനി ആരെങ്കിലും വ്യക്തിപരമായി കളിയാക്കാനോ മറ്റോ തുനിഞ്ഞാൽ, അതിനെപ്പോലും ഹൃദയംഗമമായ രീതിയിൽ സ്വാഗതം ചെയ്യാനും അതിലെ തമാശ ആസ്വദിച്ച് പൊട്ടിച്ചിരിക്കാനും അദ്ദേഹത്തിന് സാധിച്ചിരുന്നു. ഇതിനൊക്കെ പുറമേ അദ്ദേഹം ഓർമ്മയിൽ നിൽക്കാൻ മറ്റൊരു കാരണം കൂടിയുണ്ട്, ബോളിവുഡിലെ പ്രശസ്ത സിനിമാതാരം അമിതാബച്ചനുമായി അദ്ധേഹത്തിനുള്ള മുഖസാദൃശ്യം. ഈ മുഖസാദൃശ്യം കണക്കിലെടുത്ത് ഞങ്ങളെല്ലാവരും ക്യാമ്പിൽ അദ്ദേഹത്തെ ബിഗ് ബി എന്നാണ് വിളിച്ചിരുന്നത്. 70 വയസ്സിൽ 2015ൽ കൈലാസയാത്ര നടത്തിയ അദ്ദേഹം ഇപ്പോൾ എഴുപത്തി മൂന്നാമത്തെ വയസ്സിലാണ് ആദി കൈലാസയാത്രയുടെ ഒന്നാമത്തെ ബാച്ചിൽ പോയി ദർശനം നടത്തി മടങ്ങി വരുന്നുണ്ടായിരുന്നത്. ഒറ്റനോട്ടത്തിൽ എനിക്ക് അദ്ദേഹത്തെ പിടികിട്ടിയെങ്കിലും എന്റെ രൂപത്തിൽ വന്ന മാറ്റങ്ങൾ കൊണ്ട് എന്നെ അദ്ദേഹത്തിന് തിരിച്ചറിയാൻ സാധിച്ചില്ല. ഒടുക്കം പേര് പറഞ്ഞപ്പോഴാണ് അദ്ദേഹത്തിനെന്നെ ഓർമ്മവന്നതും 2015ലെ ക്യാമ്പിൽ വച്ച് കാണുന്ന അതേ ഉത്സാഹത്തോടുകൂടി എന്നെ ആലിംഗനം ചെയ്തതും. അല്പനേരം അദ്ദേഹവുമായി സംസാരിച്ചപ്പോൾ തന്നെ മനസ്സിൽ നിറഞ്ഞുനിന്നിരുന്ന ആശങ്കകളെല്ലാം അകന്നു വീണ്ടും തീർത്ഥയാത്രയുടെ ആസ്വാദ്യകരമായ മനോനില വീണ്ടെടുക്കാൻ സാധിച്ചു.
ചിലേഖിൽ നിന്നായിരുന്നു അന്നത്തെ പ്രഭാത ഭക്ഷണം. ഭക്ഷണശേഷം സാമാന്യം നിരപ്പായ വഴിയിൽ കൂടി ആസ്വാദ്യകരമായ നടത്തമായിരുന്നു തുടർന്നങ്ങോട്ട് ഗർഭിയാങ്ങ് വരെ. ഗർഭിയാങ്ങിൽ പ്രശസ്തമായ സമൂസ കിട്ടുമെന്ന് പറഞ്ഞ് എന്റെ സഹയാത്രികരെ ഞാൻ ആ ഗ്രാമത്തിനുള്ളിൽ കൂടി കൊണ്ടുപോയെങ്കിലും ആ ദിവസം അവിടെ സമൂസ ഉണ്ടാക്കിയിട്ടുണ്ടായിരുന്നില്ല. ഇപ്പോഴത്തെ യാത്രാപഥം അനുസരിച്ച് ഗ്രാമത്തിന് പുറത്തുകൂടി കടന്നുപോകുന്ന വിശാലമായതും വാഹനഗതാഗതത്തിന് യോഗ്യമായതുമായ വഴിയിൽ കൂടെയാണ് സഞ്ചാരികളധികവും കടന്ന് പോകുന്നത് എന്നതിനാൽ പഴയ രീതിയിലുള്ള കച്ചവടം അവർക്കിപ്പോൾ ഉണ്ടാകാറില്ല. ആയാസരഹിതമായ ട്രക്കിങ് നടത്തി വൈകീട്ട് നാലുമണിയോട് കൂടി ഞങ്ങൾ ഗുഞ്ചിയിൽ നടന്നെത്തി. ഗുഞ്ചി വരെയുള്ള യാത്ര സുഗമമായി കഴിഞ്ഞെങ്കിലും വീഴ്ചയിൽ നിന്നുള്ള വേദന വൈകുന്നേരമായപ്പോഴേക്കും സഹയാത്രികയുടെ ശരീരത്തിന്റെ പലഭാഗത്തും അനുഭവപ്പെടാൻ തുടങ്ങി. ഈയൊരു അവസ്ഥയിൽ നാളെ കുട്ടിയിലേക്കുള്ള യാത്ര എങ്ങനെ ചെയ്യും എന്നുള്ള ആശങ്ക ഉയരാൻ തുടങ്ങി. അപ്പോഴാണ് ഥാർച്ചുലയിൽ നിന്ന് ലിപുലേഖിലേയ്ക്ക് നടക്കുന്നതുപോലെ തന്നെ ഗുഞ്ചിയിൽനിന്ന് കുട്ടി ഗ്രാമത്തിലേയ്ക്കും റോഡ് നിർമ്മാണം നടക്കുന്നതായും അതിന്റെ ഭാഗമായി കുട്ടിയിലേക്കുള്ള വഴിയുടെ ഏതാണ്ട് പകുതിയോളം ദൂരം ഗുഞ്ചിയിൽ നിന്ന് രാവിലെ പുറപ്പെടുന്ന BROയുടെ ട്രക്കുകൾ പോകുന്നുണ്ട് എന്നും അറിയാൻ കഴിഞ്ഞത്. രാവിലെ ഇതിൽ ഒരു ട്രക്കിൽ കയറിപ്പറ്റാൻ ആവുകയാണെങ്കിൽ കുട്ടിയിലേയ്ക്കുള്ള ദൂരത്തിന്റെ പകുതിയെങ്കിലും അനായാസമായി തരണം ചെയ്യാൻ സാധിക്കുമായിരുന്നു. അപ്പോഴത്തെ ശാരീരികാവസ്ഥയിൽ അത് സഹയാത്രിക ലളിതാജിയ്ക്ക് ഒരുപാട് സഹായകമാവുകയും ചെയ്യുമായിരുന്നു. അന്വേഷിച്ചപ്പോൾ BROയുടെ ആ ഡിവിഷനിൽ രണ്ട് മലയാളികൾ ഉള്ളതായും അതിലൊരാൾ ഓഫീസിലെ ജോലിക്കാരനാണെന്നും രണ്ടാമത്തെ ആളാണ് രാവിലത്തെ ട്രക്ക് ഓടിക്കുന്നതെന്നും അറിയാൻ കഴിഞ്ഞു. ഇത് ഇത്തരം ഒരു സാദ്ധ്യത ലഭ്യമാകുന്നതിന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു. വൈകീട്ട് KMVN ക്യാമ്പിന് അപ്പുറത്തുള്ള BRO ക്യാമ്പിൽ പോയി മലയാളി ഉദ്ധ്യോഗസ്ഥനായ ശ്രീ ശ്യാമിനെ കണ്ട് സംസാരിച്ചു. കാലത്ത് ഏഴ് മണിയ്ക്ക് ട്രക്കുകൾ പുറപ്പെടുമെന്നും പ്രജീഷ് എന്ന് പേരുള്ള മലയാളി ഡ്രൈവറെ കണ്ടാൽ, വണ്ടി പോകുന്നിടം വരെ പണിക്കാരെയും നാട്ടുകാരെയും കൊണ്ട് പോകുന്ന കൂട്ടത്തിൽ ഞങ്ങളെയും കൊണ്ട് പോകാൻ തടസ്സമുണ്ടാകില്ല എന്നറിയാൻ കഴിഞ്ഞു. ശ്യാം പലരോടും അന്വേഷിച്ചുവെങ്കിലും പ്രജീഷിനെ ആ രാത്രി എവിടെയും കണ്ടെത്താനായില്ല. ഔദ്ധ്യോഗികമായി ഇതിൽ ഒരു ഏർപ്പാട് ഉണ്ടാക്കാൻ സാദ്ധ്യമല്ലായിരുന്നു. കാരണം ആർക്കെങ്കിലുമായി ഇത്തരം ഏർപ്പാട് ചെയ്താൽ എല്ലാ യാത്രക്കാരും ഇതേ സൗകര്യത്തിനായി ആവശ്യമുന്നയിക്കും എന്നതിനാൽ KMVNന് ഈ വിഷയത്തിൽ നേരിട്ട് ഇടപെടാനാകുമായിരുന്നില്ല. മാത്രവുമല്ല BRO ആ വാഹനത്തിൽ കൊണ്ടുപോകേണ്ടത് അതാതിടങ്ങളിലെ പണിക്കാരെ മാത്രമാണ്. എന്നിരിക്കലും ഇത്തരം ഒരു സാദ്ധ്യത ഞങ്ങൾ അന്വേഷിച്ചിട്ടുണ്ട് എന്നും സാധിക്കുകയാണെങ്കിൽ ആ വാഹനത്തിൽ നാളെ യാത്രചെയ്യുമെന്നും ടീം ഗൈഡ് വിക്രം ഭായിയെ കണ്ട് ഞങ്ങൾ രാത്രി തന്നെ അറിയിക്കുകയും അദ്ധേഹം അതിന് അനുവാദം തരികയും ചെയ്തു.
പ്രജീഷിനെ നേരിട്ട് കാണാനാകാത്തതിനാൽ പദ്ധതിയുടെ വിജയത്തെ കുറിച്ച് ആശങ്കകൾ ഉണ്ടായിരുന്നു. സഹയാത്രികയുടെ അപ്പോഴത്തെ അവസ്ഥയിൽ നാളെ വാഹനസൗകര്യം ലഭ്യമായില്ലെങ്കിൽ പിന്നെ അവരെയും കൊണ്ട് കുട്ടിവരെ സഞ്ചരിക്കാൻ വീണ്ടും കുതിരയെത്തന്നെ ആശ്രയിക്കേണ്ടി വരും. രണ്ടുദിവസമെടുത്ത് ശരീരവേദനയിൽ കുറവ് വരുത്താതെ കുതിരപ്പുറത്തുള്ള യാത്ര എളുപ്പമായിരിക്കുകയുമില്ല. നാളെ എല്ലാ യാത്രക്കാർക്കുമൊപ്പം 6 മണിക്ക് തന്നെ തയ്യാറാകാനും എന്നാൽ യാത്ര പുറപ്പെടാതെ BRO ട്രക്ക് പുറപ്പെടുന്നിടത്ത് വന്ന് പ്രജീഷിനെ കണ്ട് യാത്രയ്ക്ക് അനുവാദം വാങ്ങി ട്രക്കിൽ പോകാനുമായിരുന്നു ഞങ്ങളുടെ പദ്ധതി. രാഹുലും വിക്കിയും താമസിക്കുന്നത് ഗുഞ്ചി ഗ്രാമത്തിന് പുറത്തുള്ള തദ്ദേശീയരുടെ ക്യാമ്പിലായിരുന്നു. അതിനാൽ അവർ രാവിലെ ഞങ്ങളുടെ ക്യാമ്പിലേക്ക് വരാതെ പകരം കുട്ടിയിലേക്കുള്ള വഴിയിലുള്ള നാഭി ഗ്രാമത്തിലേക്ക് നടക്കാനും അവിടെ ട്രക്കിനെ കാത്ത് നിൽക്കാനും ഞങ്ങൾ ഏർപ്പാടുണ്ടാക്കി. നാഭി ഗ്രാമത്തിൽനിന്നുള്ള പണിക്കാരെ ട്രക്കിൽ കയറ്റുമ്പോൾ അതിൽ ഞങ്ങളുണ്ടെങ്കിൽ അവർ കൂടെ കയറും. അഥവാ ഞങ്ങൾക്ക് ട്രക്കിൽ കയറാനാവാതെ ഞങ്ങളെ ട്രക്കിൽ കണ്ടില്ലെങ്കിൽ പിന്നെ പിന്നാലെ നടന്ന് വരാൻ പോകുന്ന ഞങ്ങളെ അവർ നാഭിയിൽ കാത്തു നിൽക്കും, ഇതായിരുന്നു പൂർണ്ണപദ്ധതി. എന്നാൽ KMVN യാത്രക്കാരെ വാഹനത്തിൽ കയറ്റുന്ന കാരണം പണിക്കാർക്ക് ഈ ട്രക്കുകളിൽ സഞ്ചരിക്കാനുള്ള സ്ഥലം ഉണ്ടാകുന്നില്ല എന്നുള്ള പരാതി ആ പ്രദേശത്ത് ആദ്യമേ തന്നെ നിലനിൽക്കുന്നുണ്ട്. സാദ്ധ്യതയുണ്ടെങ്കിൽ വാഹനത്തിൽ KMVN യാത്രക്കാരെ കയറ്റരുത് എന്നുള്ള വാക്കാലുള്ള നിർദ്ധേശം BRO ജീവനക്കാർക്ക് നല്കപ്പെട്ടിട്ടുള്ളതിനാൽ പ്രജീഷ് എടുക്കുന്ന തീരുമാനത്തെ ആശ്രയിച്ചിരിക്കും ഞങ്ങളുടെ പദ്ധതിയുടെ വിജയം. ഇനി അഥവാ പ്രജീഷ് അനുവദിച്ചില്ലെങ്കിൽ പിന്നെ ഈ വഴിയെല്ലാം നടന്നു തന്നെ കുട്ടിയിലേയ്ക്ക് എത്തേണ്ടി വരികയല്ലാതെ വേറെ പോംവഴിയുമില്ല. മാത്രവുമല്ല രാവിലത്തെ വിലപ്പെട്ട ഒരു മണിക്കൂർ ഞങ്ങൾക്ക് നഷ്ടപ്പെടുകയും ചെയ്യും. ആശങ്കാഭരിതമായിരുന്നു ആ രാത്രിയെങ്കിലും ഗുഞ്ചിയിലെ നക്ഷത്രങ്ങൾ നിറഞ്ഞ ആകാശത്തിന്റെ ഭംഗി ആസ്വദിക്കാനും വൈകീട്ട് മറ്റ് സഹയാത്രികരുമായി സൗഹൃദസംഭാഷണങ്ങളിൽ ഏർപ്പെടാനും ഞങ്ങൾക്കായി. എല്ലാം നന്നായി നടക്കുമെന്നുള്ള പ്രതീക്ഷയിൽ തന്നെയാണ് ഞങ്ങൾ ആ ദിവസത്തിന്റെ പര്യവസാനത്തിലേയ്ക്ക് എത്തിച്ചേർന്നത്.