Sreekhand Kailash

ഇത് യാത്രയുടെ നാലാം ദിവസമാണ്. ശ്രീകണ്ഠ് മഹാദേവന്റെ ദർശനവും പരിക്രമയും നടക്കേണ്ട ദിവസം. പരിക്രമ ദിവസത്തെ യാത്രയിൽ ആകെ പിന്നിടേണ്ടത് ഇരുപത്തെട്ട് കിലോമീറ്ററുകളാണ്. ചുരുങ്ങിയത് പന്ത്രണ്ട് മണിക്കൂറെങ്കിലും എടുക്കാതെ പരിക്രമ ദിവസം യാത്ര അവസാനിപ്പിക്കാൻ പറ്റില്ല. അതിനാൽ രാവിലെ അഞ്ച് മണിക്ക് തന്നെ യാത്ര തുടങ്ങി. നനഞ്ഞ സോക്‌സും ഷൂസും വസ്ത്രങ്ങളും ആദ്യമേ അനുഭവപ്പെട്ടിരുന്ന കഠിനമായ തണുപ്പിനെ കൂടുതൽ രൂക്ഷമാക്കി. ക്യാമ്പ് നിലനിന്നിരുന്ന താഴ്‌വാരത്തിൽ കൂടി ഒഴുകുന്ന നദി കടന്നാൽ പിന്നെ പാർവതി ഭാഗ് വരെ കുത്തനെയുള്ള കയറ്റമാണ്. താരതമ്യേന വഴുക്കൽ ഉള്ളതൊഴികെ ഈ കയറ്റത്തിൽ മറ്റ് ബുദ്ധിമുട്ടുകൾ ഒന്നുമില്ല. മൂന്ന് മണിക്കൂറെങ്കിലുമെടുത്തു ഈ കയറ്റം പൂർത്തിയാക്കി എത്താൻ. പാർവ്വതി ഭാഗിലുള്ള മേൽക്കൂരയില്ലാത്ത പാർവതീ ദേവിയുടെ ചെറിയ ക്ഷേത്രത്തിൽ തൊഴുത് ഞങ്ങൾ നയൻ സരോവർ ലക്ഷ്യമാക്കി നടന്നു. അതിരാവിലെ വിശപ്പ് കാര്യമായി തോന്നാത്തതിനാൽ ഭക്ഷണം പൊതിഞ്ഞു തരാം എന്ന ടെന്റ് ഉടമയുടെ വാക്കുകൾ ഞങ്ങൾ നിരസിക്കുകയാണ് ഉണ്ടായത്. അതിന്റെ മറ്റൊരു കാരണം പാർവ്വതി ഭാഗിൽ സർക്കാർ ഉടമസ്ഥതയിൽ ഉള്ള റെസ്ക്യൂ ക്യാമ്പുകളോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഭക്ഷണപ്പുരകളിൽ നിന്ന് എന്തെങ്കിലും കഴിക്കാം എന്ന ഒരു ചിന്ത കൂടി ഉള്ളിൽ ഉണ്ടായിരുന്നതായിരുന്നു. പക്ഷേ വിശപ്പ് ഇനിയും ശക്തമായി അനുഭവപ്പെടാത്തത് കാരണം പാർവതി ബാഗിൽ എത്തിയപ്പോൾ ഭക്ഷണത്തിന്റെ കാര്യം മറന്നിട്ടാണ് ഞങ്ങൾ മുന്നോട്ട് പോയത്. പിന്നീട് ഏറ്റവും തെറ്റായ ഒരു തീരുമാനമായിരുന്നു അതെന്ന് തെളിയുകയും ചെയ്തു.

പാർവതി ഭാഗിനപ്പുറം അല്പം കഴിഞ്ഞ് ഒരു പ്രദേശം മുഴുവൻ ബ്രഹ്മകമല പുഷ്‌പങ്ങൾ പൂത്തുനിൽക്കുന്ന അതിമനോഹരമായ ദൃശ്യമുണ്ട്. അതിശൈത്യമുള്ള ഹിമാലയ പ്രദേശങ്ങളിൽ കാണപ്പെടുന്ന ഈ പുഷ്പമാണ് ബ്രഹ്മദേവന്റെ കൈകളിൽ അദ്ധേഹം ഏന്തുന്നത് എന്നാണ് വിശ്വാസം. ഇതിലെ കടന്നുപോകുമ്പോൾ ഒരുവേള ഭൂമണ്ഡലം വിട്ട് സ്വർഗ്ഗത്തിലെ ഒരുദ്യാനത്തിലൂടെയാണോ യാത്ര എന്നൊരു സന്ദേഹം വന്ന് ചേരും. പക്ഷേ ഈ പ്രദേശം കഴിഞ്ഞപ്പോൾ വഴിയുടെ സ്വഭാവം പൂർണ്ണമായും മാറി. ഏതോ മഹാശക്തി തകർത്തിട്ടത് പോലെ വലിയ പാറക്കഷണങ്ങൾ ചിതറിക്കിടക്കുന്ന മലകളിലൂടെയായിരുന്നു വഴി. പല കല്ലുകൾക്കും പത്തിരുപത് അടി വലുപ്പം വരും. മണ്ണില്ലാതെ വെറും കല്ലുകൾ മാത്രം കൂട്ടിയിട്ടിരിക്കുന്ന ആ വഴികളിൽ കൂടി നടക്കാൻ തന്നെ വലിയ പ്രയാസം, പുറമേ കയറ്റവും. നയൻ സരോവറിൽ എത്തുമ്പോഴേയ്ക്കും വിശപ്പ് വല്ലാതെ ആക്രമിക്കാൻ തുടങ്ങിയിരുന്നു. പോരാത്തതിന് കയ്യിൽ കരുതിയിരുന്ന വെള്ളക്കുപ്പികൾ എല്ലാം കാലിയായിരുന്നു. പാർവതി ദേവിയുടെ കണ്ണുനീർ തുള്ളികളാൽ സൃഷ്ടിക്കപ്പെട്ടതാണ് നയൻ സരോവർ എന്നാണ് സങ്കല്പം. നാല്ചുറ്റും മഞ്ഞു മൂടിക്കിടക്കുന്ന പർവതങ്ങൾക്ക് നടുവിലുള്ള ഈ തടാകം കണ്ടാൽ കണ്ണുനീരല്ല കണ്ണ് തന്നെയാണ് എന്ന തോന്നലാണ് ഉണ്ടാകുക. നയൻ സരോവറിൽ നിന്നും പാത കൂടുതൽ കുത്തനെയാകാൻ തുടങ്ങി. വലിയ പാറക്കല്ലുകൾ അപ്പോഴും വഴി മുഴുവൻ നിറഞ്ഞ് കിടക്കുന്നുമുണ്ടായിരുന്നു. പല കയറ്റങ്ങളും കയറാൻ കയ്യും കാലും ഒരുമിച്ച് ഉപയോഗിക്കേണ്ടി വന്നു. ഈ കുത്തനെയുള്ള കയറ്റങ്ങളിൽ പലയിടത്തും വീഴ്ച കൂടാതെ എങ്ങിനെ ഈ ഭാഗത്ത് തിരിച്ച് ഇറങ്ങി വരും എന്നൊരു ആശങ്കയും മനസ്സിൽ നിറഞ്ഞിരുന്നു. പോകെ പോകെ കയറ്റങ്ങൾ മാത്രമായി വഴികളിൽ. ഒന്ന് കഴിയുമ്പോഴേയ്ക്കും അതിൽ നിന്ന് മറ്റൊന്ന് തുടങ്ങും. ഒന്നിന് മുകളിൽ മറ്റൊന്ന് കയറ്റി വെച്ച പോലത്തെ മുപ്പത്തിയൊന്ന് മലകളാണ് ഈ യാത്രയിൽ കയറിപ്പോകേണ്ടത്. ഹനുമാന്റെ വാലിൽ തുണിചുറ്റുന്ന ലങ്കയിലെ രാക്ഷസന്മാർ മുഴുവൻ വാലും ചുറ്റി തീർന്നു എന്നാശ്വസിക്കുമ്പോൾ വാൽ അല്പംകൂടി വലുതാകുന്ന അത്ഭുതം പല തവണ കണ്ട് അമ്പരന്ന കാര്യം രാമായണത്തിൽ പറയുന്നുണ്ട്. ഏതാണ്ട് അത് തന്നെയായിരുന്നു യാത്രികരുടെയും അവസ്ഥ. ഇതാ ഈ കയറ്റം കഴിഞ്ഞാൽ മലയുടെ മുകളിലെത്തി എന്ന് പലപ്പോഴും തോന്നും, പക്ഷെ അവിടെ എത്തുമ്പോൾ മൂടൽ മഞ്ഞിനുള്ളിൽ ശിരസ്സൊളിപ്പിച്ച് മറ്റൊരു മല പിന്നെയും ഉയരങ്ങളിലേക്ക് വളർന്ന് നിൽക്കുന്നതായിരിക്കും കാഴ്ച്ച. വിശപ്പും ദാഹവും കൊണ്ട് തളർന്ന് ശരീരത്തിലെ ഓരോ അണുവും പിന്തിരിയാൻ ശക്തമായി പ്രേരിപ്പിക്കുമ്പോഴും നമ്മൾ ഇത്തരം യാത്രകളിൽ നടന്നു കൊണ്ടേയിരിക്കും. നനഞ്ഞ ഷൂവും സോക്‌സും കാരണം വിണ്ടു കീറിയ പാദങ്ങളിലെ വേദനയ്‌ക്കോ, മുതുകത്ത് അമരുന്ന ബാഗിലെ ഭാരത്തിനോ, ഒന്നിന് പുറകെ ഒന്നായി പ്രത്യക്ഷപ്പെട്ട് മനസ്സിലെ പ്രത്യാശകൾ എല്ലാം തല്ലിക്കെടുത്തുന്ന ഉയർന്ന മലനിരകൾക്കോ തടയാൻ കഴിയാതെ ആ യാത്ര മുന്നോട്ട് പോകും. അതുകൊണ്ടാണ് ദേഹമല്ല, മറിച്ച് ദേഹിയാണ് തീർത്ഥയാത്ര ചെയ്യുന്നത് എന്ന് പുരാണങ്ങളിൽ പറയുന്നത്. ഞാൻ എന്ന ഭാവവും ആ ഭാവത്തിന് കാരണഭൂതമായ ശരീരത്തെയും പൂർണ്ണമായും അവഗണിച്ച് മാത്രമേ ഹിമാലയത്തിൽ തീർത്ഥാടനങ്ങൾ പൂർത്തിയാക്കാൻ സാധിക്കുകയുള്ളൂ.

രാവിലെ അഞ്ച് മണിയ്ക്ക് തുടങ്ങിയ ആ യാത്രയിൽ ഉച്ചയ്ക്ക് രണ്ട് മണിയോടടുത്താണ് ശ്രീകണ്ഠ്‌ കൈലാസത്തിന്റെ വിദൂര ദർശനം സാധിക്കാവുന്ന വിധത്തിലുള്ള ഒരു മലമുകളിൽ ഞങ്ങൾക്ക് എത്തിച്ചേരാൻ സാധിച്ചത്. അവിടെ നിന്ന് നോക്കിയാൽ കഷ്ടി ഇരുപത് അടി വലുപ്പത്തിൽ മാത്രം ശ്രീകണ്ഠ്‌ കൈലാസം ദൃശ്യമാണ്. ആ കാഴ്ചയും വ്യക്തമല്ല. മൂടൽ മഞ്ഞിലൊളിച്ച് സമയമായില്ല എന്ന ഗൂഢസ്മിതം ഒളിപ്പിച്ച് ഒരു നിഴലാട്ടം മാത്രം. അവ്യക്തമെങ്കിലും എല്ലാ അർത്ഥത്തിലും തളർന്ന് കഴിഞ്ഞ മനസ്സിനും ശരീരത്തിനും ഇനിയും മുന്നേറാനുള്ള ഊർജ്ജം പകരുന്നതായിരുന്നു ആ കാഴ്ച. ഇപ്പോൾ നിൽക്കുന്ന തലത്തിൽ നിന്ന് ഒരു പർവതം കൂടി കയറിയാൽ ശ്രീകണ്ഠ്‌ കൈലാസം സ്ഥിതി ചെയ്യുന്ന തലത്തിൽ എത്താം. നല്ല ഉയരത്തിലും നീളത്തിലും എന്നാൽ വീതി കുറഞ്ഞതുമായ ഈ ശിലാപർവതത്തിന്റെ മുകൾഭാഗം കൂർത്തതും പാർശ്വങ്ങളിലേയ്ക്ക് ഏതാണ്ട് 45 ഡിഗ്രി വരെ ചെരിവുകൾ ഉള്ളതുമാണ്. ഈ ചെരിഞ്ഞ പ്രതലങ്ങളിൽ എല്ലാം മഞ്ഞുമൂടി കിടക്കുന്നു. കുത്തനെ ഇടുങ്ങിയ വഴി മാത്രമാണ് മുകളിലേയ്ക്ക് കയറാൻ ഉള്ളത്. അതിൽ കൂടി യാത്രികർ കയറുകയും ഇറങ്ങുകയും ചെയ്യുന്നു. ഒരു ചുവടു പിഴച്ചാൽ പതിക്കുന്നത് നൂറുക്കണക്കിന് അടി താഴേ കാത്തിരിക്കുന്ന പാറക്കെട്ടുകളിലേയ്ക്കായിരിക്കും. ഒരു വിധത്തിൽ മുകളിൽ എത്താറായപ്പോൾ കൊത്തുപണികൾ ചെയ്തത് പോലുള്ള കൂറ്റൻ കൽത്തൂണുകൾ ഒന്നിന് മുകളിൽ ഒന്നായി കൂട്ടിയത് പോലെ ചിതറിക്കിടക്കുന്നു. ഇവിടെ ക്ഷേത്രം പണിയാൻ ആരംഭിച്ച ഭീമസേനൻ രാത്രിയായതിനാൽ ആ ശ്രമം ഉപേക്ഷിച്ച് മടങ്ങിയപ്പോൾ ഇട്ട് പോയതാണ് ഈ കൽ തൂണുകൾ എന്ന് പുരാണങ്ങളിൽ പറയുന്നു. ഐതിഹ്യം എന്തായാലും അത്രയും ഉയരത്തിൽ കൊത്ത് പണികൾ ചെയ്തതുപോലെയുള്ളതും ഇത്ര ഭീമാകാരമായതുമായ കരിങ്കൽ തൂണുകൾ അത്ഭുതം ജനിപ്പിക്കുന്ന ഒരു കാഴ്ച്ചയാണ്‌. അഞ്ചടി മാത്രം ഉയരത്തിൽ സ്ഥാപിച്ച ഈ ശിലാ ശിവലിംഗത്തിന് ക്ഷേത്രം പണിയാൻ പാണ്ഡവർ പിന്നീട് തിരിച്ച് വന്നുവെന്നും, പക്ഷേ അപ്പോഴേയ്ക്കും ശിലാ ലിംഗം വളർന്നു ഭീമാകാരം പൂണ്ട് നിൽക്കുന്ന കാഴ്ചയാണ് അവർക്ക് കാണാൻ സാധിച്ചതെന്നും പുരാണം തുടർന്ന് പറയുന്നു. അത്ഭുതം തോന്നിയ യുധിഷ്ഠിരൻ മുനിശ്രേഷ്ഠന്മാരേയും പണ്ഡിതന്മാരെയും വിളിച്ച് വരുത്തി ആരാഞ്ഞപ്പോൾ ഈ മൂർത്തിയുടെ ചൈതന്യം ഒരു ക്ഷേത്രത്തിൽ ഒതുക്കാൻ സാധിക്കില്ല എന്ന മറുപടിയാണ് ലഭിച്ചത്. അങ്ങിനെ ആ ക്ഷേത്ര നിർമ്മാണം പകുതി വഴിയിൽ ഉപേക്ഷിച്ച് അവർ മൂർത്തിയെ വന്ദിച്ച് തിരിച്ച് പോയി എന്നാണ് പൂർണ്ണ ഇതിവൃത്തം.

ഭീമസേനൻ ഉപേക്ഷിച്ച് കൂട്ടിയിട്ടിരിക്കുന്ന ഈ കരിങ്കൽ തൂണുകൾ മറികടക്കുക ശ്രമകരമായ ഒരു പ്രവർത്തിയായിരുന്നു. അവസാനം രണ്ടു കല്ലുകൾക്കിടയിലൂടെയുള്ള ഒരു വിടവിലൂടെ നിലത്ത് കുത്തി ഇഴഞ്ഞിട്ടാണ് പുറത്ത് കടന്നത്. ചെന്നിറങ്ങിയത് മഞ്ഞു പുതച്ച് കിടക്കുന്ന ചെരിഞ്ഞ പ്രതലത്തിലും. അപ്പോഴും മഞ്ഞ് പെയ്ത് കൊണ്ടിരുന്നതിനാൽ ഇതിലൂടെ നടക്കുക വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ശക്തമായ വഴുക്കലുള്ള ഇവിടെ തെന്നിയാൽ നേരെ താഴേയ്ക്ക് പതിക്കുകയല്ലാതെ മറ്റ് പോംവഴികൾ ഒന്നും ഇല്ല. ഏതാണ്ട് ഇരുന്നൂറ് മീറ്റർ വരുന്ന ഈ ചെരിഞ്ഞ പ്രതലം പിന്നിട്ടപ്പോൾ മലയുടെ മുകൾ ഭാഗത്തുള്ള വീതികുറഞ്ഞ വഴിത്താരയിൽ എത്തിച്ചേരാൻ സാധിച്ചു. ഇനി ശ്രീകണ്ഠ്‌ കൈലാസത്തിനും യാത്രികനും ഇടയിലുള്ളത് ഏതാണ്ട് അമ്പത് അടി ഉയരത്തിലുള്ള പാറക്കല്ലുകളുടെ ഒരു കൂമ്പാരം മാത്രം.

വീശിയടിക്കുന്ന ശീതക്കാറ്റിനെ വക വെയ്ക്കാതെ, ശ്രീകണ്ഠ്‌ മൂർത്തിയ്ക്ക് പുഷ്പ വൃഷ്ടി ചൊരിയുന്നവണ്ണം പെയ്തുകൊണ്ടിരിക്കുന്ന മഞ്ഞിനേയും പകുത്തുമാറ്റി ഈ കുഞ്ഞുമല കയറി ഇറങ്ങി ചെല്ലുമ്പോള്‍, സകല രൗദ്രതകളും തന്നിലേക്ക് ആവാഹിച്ച് മേഘപാളികൾ തഴുകുന്ന ശിരസുമായി മുന്നിൽ നിറഞ്ഞ് നിൽക്കുന്നു ശ്രീകണ്ഠ്‌ മഹാദേവ ശിവലിംഗം. ശിവ ചൈതന്യം അതിന്റെ പൗരുഷ പൂർണ്ണതയിൽ ദൃശ്യമാകുന്ന അസുലഭ നിമിഷം. മാനസരോവർ കൈലാസത്തിന് ശാന്ത ഗംഭീരമായ യോഗനിദ്രയുടെ ഭാവമാണെങ്കിൽ ഇവിടെ താണ്ഡവ സജ്ജമായ രുദ്രഭാവം. സംഹാരത്തിന്റെ മൂർത്തിയെത്തേടി, അഞ്ജതയും മായയും സംഹരിക്കുന്ന മഹാ യോഗിയെത്തേടി, ഹിമാലയസാനുക്കളിൽ നടത്തിയ ഒരു യാത്രയ്ക്ക് കൂടി സഫലമായ പരിസമാപ്തി. കാലം നിശ്ചലമാകുകയും, ചുറ്റും തുടിക്കുന്ന ഭൌതികലോകം അപ്രസക്തമാകുകയും ചെയ്യുന്ന ചില നിമിഷങ്ങളുണ്ട് ജീവിതത്തില്‍. എവിടെയെന്നോ, എന്തെന്നോ മറന്ന് പോകുന്ന ചില അസുലഭ മുഹൂര്‍ത്തങ്ങള്‍. അത്തരത്തില്‍ പെട്ടവയായിരുന്നു ആ നിമിഷങ്ങള്‍. മഞ്ഞുകട്ടയുടെ തണുപ്പുള്ള ആ ശിലയുടെ ചുവട്ടിൽ ചെന്ന് ചേർന്നു പുണർന്ന് നിന്നു അല്പനേരം. വല്ലാത്ത ഒരു ശാന്തത ഉള്ളിൽ വന്ന് നിറയുന്നതായി തോന്നി. പിന്നിട്ട കഠിനപാതകൾ ഏല്പിച്ച ക്ഷതങ്ങൾ ഒരു നിമിഷാർദ്ധം കൊണ്ട് മായ്ച്ചു കളയുന്ന ഒരു അനുഭൂതി. മഹിഷാരൂഢനായി കാലപാശം ചുഴറ്റി അടുക്കുന്ന മൃത്യുവിൽ നിന്ന് രക്ഷ നേടാൻ വേണ്ടി പുണർന്ന് നിന്നപ്പോൾ മാർക്കണ്ഡേയൻ നുകർന്നതും ഈ അനുഭൂതി തന്നെയായിരിക്കും.

കഠിനമായ കാലാവസ്ഥയാണ് മുകളില്‍, കൂടുതല്‍ തങ്ങരുത് എന്ന് കര്‍ശനമായ നിര്‍ദ്ദേശം ലഭിച്ചിരുന്നതിനാല്‍ തിടുക്കത്തില്‍ തന്നെ ആ കുത്തനെയുള്ള ശിലാ പര്‍വതത്തില്‍ നിന്ന് താഴെ ഇറങ്ങാനായി ഞങ്ങളുടെ ശ്രമം. പക്ഷേ ഒരു പരീക്ഷണം കൂടി ബാക്കിയുണ്ടായിരുന്നു. തിരിച്ച് ഇറങ്ങുമ്പോൾ മഞ്ഞ് മൂടിക്കിടക്കുന്ന മലയുടെ ചെരിഞ്ഞ പ്രതലത്തിൽ വെച്ച് ബാലരാമേട്ടന്റെ കാലൊന്നു വഴുക്കി. മഞ്ഞിൽ പുറം അടിച്ചു വീണ അദ്ദേഹം ആ ചെരിഞ്ഞ പ്രതലത്തിൽ കൂടി അതിവേഗം താഴേയ്ക്ക് തെന്നി നീങ്ങാൻ തുടങ്ങി. ഏതാനും അടികൾ കൂടി മുന്നോട്ടു പോയാൽ പിന്നെ പതിക്കുന്നത് നൂറുകണക്കിന് അടി കുത്തനെ താഴേയുള്ള പാറക്കെട്ടുകളിലേയ്ക്കായിരിക്കും. എല്ലാം നഷ്ടപ്പെട്ടു എന്നുറപ്പിച്ച ആ നിമിഷത്തിൽ മഞ്ഞുമൂടി കിടന്ന ഒരു ചെറിയ കല്ലിന്റെ രൂപത്തിൽ രക്ഷ അവതരിച്ചു. താഴേയ്ക്ക് പതിക്കുന്ന വക്കിന് ഏതാണ്ട് നാലടി മുന്നിൽ വെച്ച് അദ്ധേഹത്തിന്റെ ബാഗ് ആ കല്ലിൽ ഉടക്കി. അവിടെ അനങ്ങാനാവാതെ ആ ചെറുകല്ലിൽ പിടിച്ചു കിടന്ന അദ്ധേഹത്തെ രക്ഷിക്കാനായി അങ്ങോട്ടേയ്ക്ക് ഓടിയിറങ്ങാൻ തുനിഞ്ഞ ജെ സി ഭായിയെ ഞങ്ങൾ തടഞ്ഞു. അത്രയും ചെരിവുള്ള പ്രതലത്തിൽ പുതുമഞ്ഞിൽ നടക്കാനും വഴുക്കാതെ നിൽക്കാനും നല്ല പരിചയം വേണം. മഞ്ഞിൽ വേണ്ടത്ര പരിചയമില്ലാതിരുന്ന ജെ സി ഭായി അതിന് തയ്യാറായിരുന്നുവെങ്കിൽ ചിലപ്പോൾ ഒന്നിന് പകരം രണ്ടാളുകളെ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായേനെ. അവിടെ ഉണ്ടായിരുന്ന സദാ ജാഗരൂഗരായ ശ്രീകണ്ഠ് സേവാ സമിതിയുടെ ഒരു പ്രവർത്തകൻ പെട്ടന്ന് താഴേയ്ക്ക് ഇറങ്ങി ചെന്ന് ബാലരാമേട്ടനെ കൈപിടിച്ച് വലിച്ചെടുത്ത് കയറ്റിക്കൊണ്ട് വന്നു. ആ മടക്കയാത്രയിൽ ഒരിക്കൽ കൂടി വീഴ്ചയുടെ രൂപത്തിൽ അപകടം ബലരാമേട്ടനടുത്തെത്തിയെങ്കിലും അവിടെയും ബോലേ തുണച്ചു.

താഴേയ്ക്കിറങ്ങിയ ഞങ്ങൾ പല ഗ്രൂപ്പുകളായി സാധ്യമായ വേഗത്തില്‍ ക്യാമ്പിലേയ്ക്ക് തിരിച്ച് നടന്നു. ഭക്ഷണം കഴിച്ചിട്ട് അപ്പോഴേയ്ക്കും 18 മണിക്കൂര്‍ കഴിഞ്ഞിരുന്നു. അസഹ്യമായ ദാഹവും ഉണ്ടായിരുന്നു. കാലുകള്‍ വല്ലാതെ വിങ്ങുന്നുണ്ടായിരുന്നു. പക്ഷേ ഇതൊന്നും കാര്യമാക്കാതെ ഏതോ സ്വപ്നസഞ്ചാരത്തില്‍ എന്നവണ്ണം ഇറങ്ങികൊണ്ടേയിരുന്നു. മനസ്സില്‍ ചിന്തകള്‍ ഉണ്ടായിരുന്നില്ല, മറിച്ച് ശ്രീകണ്ഠ്‌ ശിവ ലിംഗത്തിന്‍റെ വിരാട രൂപം നിറഞ്ഞ് നിന്നു. രാത്രി വളരെ വൈകി ഏതാണ്ട് 20 മണിക്കൂര്‍ എടുത്ത് അര്‍ദ്ധബോധാവസ്ഥയില്‍ ക്യാമ്പില്‍ തിരിച്ചെത്തി. ദീര്‍ഘ നേരത്തെ ഉപവാസവും കഠിനമായ ദേഹാദ്ധ്വാനവും കാരണം ഭക്ഷണം കഴിക്കാന്‍ ശ്രമിച്ചപ്പോള്‍ സാധിക്കുന്നുണ്ടായിരുന്നില്ല. കഴിക്കാനെടുത്ത ഭക്ഷണം പതിനഞ്ച് മിനിറ്റോളം ഉമിനീര് വറ്റി വരണ്ടു പോയ വായിലിട്ട് ചവച്ചുവെങ്കിലും ഒട്ടും നനയാതെ വന്നപ്പോൾ ഇറക്കാനാവാതെ തുപ്പിക്കളയേണ്ടി വന്നു. വെറും ചായ മാത്രം കുടിച്ച് കിടക്കയിലേയ്ക്ക് ചെരിഞ്ഞു. പിറ്റേന്ന് രാവിലെ വളരെ ബുദ്ധിമുട്ടി കുറച്ച് ഭക്ഷണം കഴിച്ചിട്ടാണ് സാവധാനത്തില്‍ പുറപ്പെട്ടത്. അന്നത്തെ ലക്ഷ്യം ഥാച്ചുഡു ആയിരുന്നു. രാത്രി വളരെ വൈകി ടോര്‍ച്ച് തെളിച്ച് നടന്നാണ് ഇവിടെ എത്തിയത്. അന്നവിടെ തങ്ങി തൊട്ടടുത്ത ദിവസം രാവിലെ ഒന്‍പത് മണിക്ക് പുറപ്പെട്ട് വൈകീട്ട് ഏഴരയ്ക്ക് ജാവോനിലും തുടര്‍ന്ന്‍ വാഹനമാര്‍ഗ്ഗം പത്ത് മണിയ്ക്ക് രാംപൂരിലും തിരിച്ചെത്തി. രാംപൂരിൽ നിന്നും മണാലി വഴിയാണ് ഞങ്ങൾ ചണ്ഡീഗഡിലേയ്ക്ക് തിരിച്ചു വന്നത്. ചണ്ഡീഗഡിൽ നിന്ന് ഞാൻ മുംബൈയിലേയ്ക്കും മറ്റുള്ളവർ കേരളത്തിലേക്കും തിരിച്ചെത്തിയപ്പോൾ ഒരു യാത്രകൂടി പൂര്‍ണ്ണമാകുകയാണ്. പക്ഷേ മൂന്ന്‍ കാര്യങ്ങള്‍ കൂടി എടുത്ത് പറയാതെ ഈ യാത്രാനുഭവം അവസാനിപ്പിക്കാന്‍ വയ്യ.

ആദ്യത്തേത് യാത്രയുടെ കാഠിന്യമാണ്. പഹാഡികള്‍ ഉപയോഗിക്കുന്ന കുത്തനെയുള്ള കയറ്റങ്ങള്‍ ഉള്ള വഴിയാണ് ഇവിടെ തീർത്ഥാടകരും ഉപയോഗിക്കേണ്ടത്. മലമ്പ്രദേശത്ത് ജനിച്ച് വളർന്ന പഹാഡികളെ സംബന്ധിച്ചിടത്തോളം കയറ്റം ഒരു പ്രശ്നമായി അനുഭവപ്പെടാറില്ല. അവര്‍ക്കത് നിത്യ ജീവിതത്തിന്‍റെ ഭാഗമാണ്. പക്ഷെ സമതലങ്ങളില്‍ നിന്ന് വരുന്നവരെ ഈ വഴി ശരിക്കും കുഴപ്പത്തിലാക്കും. ശ്രീകണ്ഠ്‌ കൈലാസ യാത്രയ്ക്കായി വരുന്നവരില്‍ 50% പേര്‍ക്കും ആ യാത്ര പകുതി വഴിയില്‍ അവസാനിപ്പിക്കേണ്ടി വരുന്നത് അത് കൊണ്ടാണ്. ഈ യാത്രയ്ക്ക് വരുന്നവരുടെ ശാരീരികക്ഷമത ഈ യാത്രയ്ക്ക് പറ്റിയതാണോ എന്നറിയാനുള്ള കർശന പരിശോധനകൾ ആവശ്യമായുണ്ട്. ശ്രീകണ്ഠ്‌ സേവാ സമിതിയുടെ നേതൃത്വത്തില്‍ ചില ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ആധികാരികത ഇല്ലാത്തതിനാല്‍ ഇത് പൂര്‍ണ്ണ വിജയം എന്ന് അവകാശപ്പെടാന്‍ ഇപ്പോൾ സാധിക്കില്ല. കൈലാസ് മാനസരോവര്‍ യാത്രയില്‍ സര്‍ക്കാര്‍ നടത്തുന്ന മാതൃകാപരമായ ഇടപെടല്‍ ഇവിടെ നടത്തുകയാണെങ്കില്‍ ഇപ്പോള്‍ ഓരോ സീസണിലും ഇവിടെ നടക്കുന്ന മരണങ്ങള്‍ വളരെയേറെ ഒഴിവാക്കാവുന്നതാണ്. ഞങ്ങള്‍ തിരിച്ചിറങ്ങിയ ദിവസം രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്ന് മരണം നടന്നിരുന്നു. അതില്‍ ഇരുപത്തെട്ടു വയസ്സുള്ള BTech ബിരുദധാരിയായ വാരാണസിയില്‍ നിന്നുള്ള യുവാവിന്‍റെ മൃതദേഹം ജാവനില്‍ തലച്ചുമടായി എത്തിക്കുന്നതിന് ഞങ്ങളും സാക്ഷികളാണ്. നയന്‍ സരോവരിന് മുകളിലെ കയറ്റത്തില്‍ കാല്‍ വഴുതി വീണ ഈ യുവാവിന് ശരിയായ മെഡിക്കല്‍ പരിചരണം നല്‍കാന്‍ ഥാച്ചുഡു ക്യാമ്പ് വരെ ചുമന്നു കൊണ്ട് വരേണ്ടി വന്നു. അപ്പോഴേയ്ക്കും കാര്യങ്ങള്‍ വളരെ വൈകിപ്പോയിരുന്നു. യാത്ര നടക്കുന്ന കഷ്ടി ഒരു മാസക്കാലം നീണ്ട് നില്‍ക്കുന്ന സമയത്ത് സര്‍ക്കാര്‍ തലത്തില്‍ ഈ യാത്രയില്‍ പങ്കെടുക്കുന്നവര്‍ക്ക് ഒരു നിര്‍ബന്ധിത മെഡിക്കല്‍ ചെക്കപ്പും, കൂടുതല്‍ മെഡിക്കല്‍ ക്യാമ്പുകളും തുടങ്ങുകയാണെങ്കില്‍ ഒരു പാട് ജീവനുകള്‍ രക്ഷിക്കാന്‍ സാധിക്കും. മാത്രവുമല്ല ഒരു ഏരിയല്‍ സര്‍വ്വേ നടത്തി അതീവ ദുഷ്ക്കരമായ ഭാഗങ്ങള്‍ക്ക് പകരം താരതമ്യേനെ മെച്ചപ്പെട്ട പാതകള്‍ ഉണ്ടാക്കുകയാണെങ്കില്‍ അതും യാത്രികര്‍ക്ക് സഹായകരമായിരിക്കും. പഞ്ചകൈലാസ യാത്രകളിൽ വെച്ച് ഏറ്റവും ദുഷ്കരമായി എനിക്ക് അനുഭവപ്പെട്ടത് ശ്രീകണ്ഠ്‌ മഹാദേവ കൈലാസ യാത്രയായിരുന്നു.  

ഇനിയുള്ള കാര്യം ഈ യാത്രയില്‍ കണ്ടു മുട്ടിയ മലയാളികളെ കുറിച്ചാണ്. എവിടെ നിന്നാണ് എന്ന ചോദ്യത്തിന് കേരളത്തില്‍ നിന്നാണ് എന്ന് മറുപടി പറയുമ്പോള്‍ പൊതുവില്‍ ഹിമാലയ യാത്രകളില്‍ ഹൃദ്യമായ ഒരു പുഞ്ചിരിയോ അത്ഭുതത്തില്‍ മുഴുകിയ ഒരു നോട്ടമോ പകരം ലഭിക്കുന്നത് സര്‍വ സാധാരണമാണ്. കേരളത്തില്‍ നിന്ന് വരുന്നവരുടെ എണ്ണത്തിലെ കുറവാണ് അതിന്‍റെ പ്രധാന കാരണം. പക്ഷേ ഇത്തവണ ഞങ്ങള്‍ യാത്ര ചെയ്ത ആറ് ദിവസങ്ങള്‍ക്കുള്ളില്‍ ഏകദേശം ഇരുപതോളം മലയാളികളെ ഞങ്ങള്‍ അവിടെ കണ്ടുമുട്ടി. അതില്‍ സ്ഥിരം ഹിമാലയ യാത്രക്കാരായ ബാബുവേട്ടനെപ്പോലുള്ളവർ മുതല്‍ ആദ്യമായി ഒരു പരീക്ഷണത്തിന് ഇറങ്ങിയവര്‍ വരെ ഉണ്ട്. ഥാച്ചുഡുവിലേക്കുള്ള മടക്കയാത്രയിൽ ഏതാണ്ട് പത്തോളം വരുന്ന ഒരു സംഘം മലയാളി ചെറുപ്പക്കാരെ കണ്ടത് ഈ അവസരത്തിൽ ഓർത്തെടുക്കുകയാണ്. ഹിമാലയത്തിലെ പല ക്ഷേത്രങ്ങളുടെയും സ്ഥാപകനും സനാതന ധര്‍മ്മത്തെ അതിന്‍റെ ച്യുതിയില്‍ നിന്ന് കരകയറ്റിയ ആളുമായ ശ്രീ ശങ്കരാചാര്യര്‍ കേരളീയനാണ് എന്ന വസ്തുത നിലനില്‍ക്കെ തന്നെ കേരളത്തില്‍ നിന്ന് ഇത്തരം യാത്രകള്‍ ചെയ്യുന്നവരുടെ എണ്ണം താരതമ്യേനെ കുറവാണ്. ഈ കുറവ് പരിഹരിക്കപ്പെട്ട് ദക്ഷിണേന്ത്യയിൽ നിന്ന് ധാരാളം തീർത്ഥാടകർ ഉത്തരേന്ത്യയിലേയ്ക്കും തിരിച്ച് ഉത്തര-പശ്ചിമ-പൂർവ്വ ഇന്ത്യയിൽ നിന്ന് ധാരാളം തീർത്ഥയാത്രികൾ ദക്ഷിണേന്ത്യയിലേയ്ക്കും തീർത്ഥാടനം ചെയ്യുന്ന സ്ഥിതി സംജാതമായാൽ ശങ്കരാചാര്യര്‍ വിഭാവനം ചെയ്തു നടപ്പിലാക്കിയ ഒരു തീർത്ഥാടന വ്യവസ്ഥയും അതുവഴി സാംസ്‌കാരിക ഏകീകരണവും തീർച്ചയായും സംഭവിക്കും.

ജാഗേഷ് ഭായിയാണ് ഈ യാത്രയെപ്പറ്റി കൂടുതല്‍ അറിയുവാനും അതിനായി പുറപ്പെടാനും കാരണം എന്ന് മുൻ അദ്ധ്യായത്തിൽ സൂചിപ്പിച്ചിരുന്നല്ലോ. അദ്ധേഹവുമായി മല കയറുന്ന സമയത്തുണ്ടായ രണ്ട് സമാഗമങ്ങളും അപ്പപ്പോൾ പറയാതെ ഇപ്പോൾ ഒരുമിച്ച് പറയാനുള്ള കാരണം ആ സമാഗമങ്ങൾ ഈ യാത്രയിലുണ്ടാക്കിയ പ്രഭാവം അത്രമേൽ വലുതായത് കൊണ്ടാണ്. മാനസരോവര്‍ കൈലാസം നഗ്നപാദനായി പരിക്രമണം ചെയ്യുന്ന ഈ മഹാത്മാവിനെ കാൽനട യാത്രയ്ക്കിടയില്‍ രണ്ട് പ്രാവശ്യം കൂടി ഞങ്ങൾ പാതയില്‍ വെച്ച് കണ്ടുമുട്ടി. പാര്‍വതി ഭാഗിലേയ്ക്കുള്ള കയറ്റം കയറുമ്പോള്‍ അദ്ദേഹം ഞങ്ങളെ കടന്നു മുകളിലേയ്ക്ക് കയറിപ്പോയി. കെട്ടിപിടിച്ച് അനുഗ്രഹിച്ച്, ഈ കയറ്റം കയറിയാല്‍ പിന്നെ എളുപ്പമാണ് എന്നൊരു ആശ്വാസ വചനവും നല്‍കിയാണ്‌ അദ്ദേഹം കടന്ന് പോയത്. ആദ്യ ദിവസത്തെ യാത്രയിൽ തന്നെ എല്ലാ വസ്ത്രങ്ങളും നനഞ്ഞു പോയതിനാൽ യാത്ര തുടരാനാവാതെ പാർഥ്, ഥാച്ചുഡു എത്തുന്നതിനും മുൻപ് തന്നെ യാത്ര മതിയാക്കി മടങ്ങി എന്നുള്ള വിവരം അദ്ധേഹം കൈമാറി. രണ്ടാമത്തെ കാഴ്ച്ച ശ്രീകണ്ഠ്‌ കൈലാസത്തിന് മുന്‍പുള്ള ഏതോ ഒരു മലയില്‍ വെച്ചായിരുന്നു. ക്ഷീണം മൂലം ഇനിയും മുന്നോട്ടു കയറാതെ മടങ്ങേണ്ടി വരും എന്ന് ചിന്തിച്ചിരുന്ന സമയം. ദര്‍ശനം കഴിഞ്ഞ് തിരിച്ച് വരുന്ന അദ്ദേഹം തളര്‍ന്ന് അവശരായി പോകുന്ന ഞങ്ങളെ കണ്ടു. വീണ്ടും ആലിംഗനം ചെയ്ത് മറ്റൊരു നുണ കൂടി പറഞ്ഞു. ” നിങ്ങള്‍ എത്തിക്കഴിഞ്ഞു എന്ന് തന്നെ കരുതിക്കോളൂ, ഇനി വെറും അര മണിക്കൂര്‍ യാത്ര മാത്രം.” ഒരുപാട് ഉര്‍ജ്ജം പകര്‍ന്നു തന്ന ആ വാക്കുകള്‍ നുണയായിരുന്നിട്ടും അദ്ദേഹം പറയാന്‍ കാരണം ഞങ്ങളെ എങ്ങിനെയെങ്കിലും മുകളിലെത്തിക്കണം എന്ന ലക്ഷ്യമായിരുന്നു. സത്യത്തില്‍ അവിടെ നിന്ന് ഒന്നര മണിക്കൂറെങ്കിലും കയറിയാലേ ഞങ്ങള്‍ ലക്ഷ്യത്തില്‍ എത്തുമായിരുന്നുള്ളൂ. “മുകളില്‍ അധികം തങ്ങാതെ നോക്കണം, കാലാവസ്ഥ മോശമാണ്. ബോലേനാഥ് കൂടെയുണ്ടാകും” എന്ന് കൂടി കൂട്ടി ചേര്‍ത്ത് പുഞ്ചിരി തൂകി അദ്ദേഹം ഇറങ്ങിപ്പോയി.

പ്രതിസന്ധിയുടെ ഘട്ടങ്ങളില്‍, എല്ലാം അവസാനിക്കുകയാണ് എന്ന നിസ്സഹായതയില്‍ നില്‍ക്കുമ്പോള്‍ ചിലര്‍ കടന്നു വരും. ഒരു ചിരി കൊണ്ട്, ഒരു വാക്ക് കൊണ്ട് എല്ലാം ശരിയാക്കി എങ്ങോ പോയ്മറയും. അവരെ നമ്മള്‍ ദേവദൂതരെന്ന് വിളിക്കും. തര്‍ക്കങ്ങള്‍ ഉണ്ടാകാം ഈ വാദഗതിയില്‍. പക്ഷെ ആകസ്മികത എന്ന വാക്കിന്‍റെ ഭൌതികതയേക്കാള്‍ എന്നെ ആകര്‍ഷിക്കുന്നത് നിയോഗം എന്ന പ്രയോഗത്തിന്‍റെ ദാര്‍ശനിക സൌന്ദര്യമാണ്. അതുകൊണ്ട് തന്നെയാണ് ശ്രീകണ്ഠ്‌ കൈലാസത്തിലേക്കുള്ള കഠിനപാതകളില്‍ വെച്ച് എന്നെ തിരക്കി വന്ന ബോലേനാഥിന് ജഗേഷ് ഭായിയുടെ രൂപമായിരുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നതും.

Brahma Kamal
Brahma Kamal
« of 10 »
Share: