manimahesh

കഴിഞ്ഞ ഒരാഴ്ചയായി പ്രക്ഷുബ്ദമായ കാലാവസ്ഥയായിരുന്നു ചമ്പ ജില്ലയിൽ ആകമാനം ഉണ്ടായിരുന്നത്. പക്ഷേ ബോലെയുടെ  അനുഗ്രഹത്താൽ ഞങ്ങൾ യാത്ര ചെയ്ത രണ്ട് ദിവസങ്ങളിൽ പകൽ  മുഴുവൻ സാമാന്യം തരക്കേടില്ലാത്ത വെയിൽ ഉണ്ടായിരുന്നു. ഗൗരി കുണ്ഡിൽ താമസിച്ച രാത്രിയിലും മേഘങ്ങൾ ഉണ്ടായിരുന്നെങ്കിലും പൊതുവിൽ ആകാശം തെളിഞ്ഞു തന്നെ കാണപ്പെട്ടു. പുലർച്ചെ  മൂന്നു മണിക്ക് അലാറം വെച്ച് എഴുന്നേറ്റ് ഞങ്ങൾ തിടുക്കത്തിൽ തയ്യാറായി ശിവ കുണ്ഡിലേയ്ക്ക് പോകാനായി ക്യാമ്പ് വിട്ടിറങ്ങി.  പെട്ടെന്ന് ഉയർന്ന മലമ്പ്രദേശങ്ങളിൽ എത്തുമ്പോൾ ശരീരം അതുമായി പൊരുത്തപ്പെടാനാകാതെ വന്നാൽ ചില ശാരീരിക അസ്വാസ്ഥ്യങ്ങൾ അനുഭവപ്പെടുന്നത് പതിവാണ്.  ഹൈ ആൾറ്റിറ്റ്യൂഡ് സിക്ക്‌നസ്സ്  എന്നറിയപ്പെടുന്ന ഈ അവസ്ഥ  മലമുകളിൽ വളരെ സാധാരണമാണ്. തലേന്ന് രാത്രി ഹൈ ആൾറ്റിറ്റ്യൂഡ് സിക്ക്‌നസ്സിന്റെ  ലക്ഷണങ്ങളായ കടുത്ത തലവേദനയും ഛർദിയും ഞങ്ങളുടെ സഹയാത്രികയ്ക്ക് അനുഭവപ്പെട്ടിരുന്നതിനാൽ രാവിലത്തെ കൊടുംതണുപ്പിൽ ഉള്ള യാത്രയിൽ നിന്ന് അവരെ ഞങ്ങൾ ഒഴിവാക്കി. ഏതാണ്ട് ഒന്നര കിലോമീറ്റർ ദൂരമുണ്ട് ഞങ്ങൾ താമസിക്കുന്ന ക്യാമ്പിൽ നിന്ന് മണിമഹേഷ് കൈലാസത്തിന്റെ തൊട്ടുമുൻപിലുള്ള ശിവകുണ്ഡിലേക്ക്. ഈ ശിവകുണ്ഡിന്റെ മുൻപിൽ നിന്നാണ്  ഞങ്ങൾക്ക് സൂര്യോദയം കാണേണ്ടത്.  സൂര്യോദയ സമയത്ത് ഭാഗ്യമുണ്ടെങ്കിൽ  ചിലപ്പോൾ മണി ദർശനവും ലഭിച്ചെന്ന് വരാം. ഹെഡ്ലൈറ്റുകളുടെ പ്രകാശത്തിലാണ് ഞങ്ങൾ നടത്തമാരംഭിച്ചത്. ക്യാമ്പുകളിൽ അധികമാരും  ഉറക്കമുണർന്നതായി കാണാനായില്ല.  സാമാന്യം നല്ല കയറ്റം ഈ യാത്രയിലുണ്ട്. ഗൗരികുണ്ഡിന് ചുറ്റുമുള്ള ക്യാമ്പുകൾ കഴിഞ്ഞാൽ പിന്നെ കുറേ ദൂരം വിജനമായി  കിടക്കുന്ന ഒറ്റയടി പാതയിലൂടെയാണ് യാത്ര. ശിവകുണ്ഡ്  അടുക്കാറാകുമ്പോൾ വീണ്ടും ടെന്റുകളും കടകളും കടന്നുവരാൻ തുടങ്ങും. മുകളിൽ ഞങ്ങളെത്തുമ്പോൾ ഇരുളാണ്ട് കിടക്കുകയായിരുന്നു ശിവകുണ്ഡും പരിസരങ്ങളും. ശിവകുണ്ഡ്  നാലുപാടും മതിൽ കെട്ടി സംരക്ഷിച്ചിട്ടുണ്ട്. ഇതിന് ചുറ്റും ധാരാളം ടെന്റുകളും കടകളും സ്ഥാപിതമായിട്ടുണ്ടായിരുന്നു. മണിമഹേഷ് കൈലാസത്തിൽ തന്നെ വർഷത്തിലെ മുക്കാൽ ഭാഗത്തോളം സമയം സ്ഥിരതാമസമാക്കിയിട്ടുള്ള ബാബമാർ ധാരാളമുണ്ട്.  ഇതിനുപുറമേ അവിടുത്തെ ആരാധനാ സ്ഥലത്ത് പൂജയ്ക്ക് ആവശ്യമുള്ള പൂജാദ്രവ്യങ്ങൾ ലഭ്യമാക്കുന്ന അനേകം ചെറുകടകളും ലഭ്യമാണ്. പക്ഷെ രാത്രിയുടെ ആ യാമത്തിൽ ശിവകുണ്ഡിന് ചുറ്റും കനത്ത വിജനതയും ഗൂഢമായ നിശ്ശബ്ദതയുമായിരുന്നു. 

ആകാശത്തിൽ പുലരിയുടെ ആദ്യ പ്രകാശകിരണങ്ങൾ ഇനിയും ദൃശ്യമായി തുടങ്ങിയിട്ടില്ലായിരുന്നു. സൗകര്യപ്രദമായ ഒരിടം കണ്ടെത്തി ഞങ്ങൾ സൂര്യോദയത്തിനായി  മണിമഹേഷ് കൈലാസത്തിലേക്ക് മിഴികൾ നട്ട് കാത്തിരിപ്പ് തുടങ്ങി. പർവ്വതത്തിന് മുകളിൽ അടിഞ്ഞു കിടക്കുന്ന മഞ്ഞുപാളികൾ അവ്യക്തമായി കാണാമെന്നല്ലാതെ ചക്രവാളവും ഇരുളിൽ തന്നെയായിരുന്നു. അതിരൂക്ഷമായിരുന്നു ഇവിടെ അനുഭവപ്പെട്ടിരുന്ന  തണുപ്പ്. ധരിച്ചിരിക്കുന്ന ജാക്കറ്റിനുള്ളിൽ കൂടി അത് ശരീരത്തെ ആക്രമിക്കാൻ തുടങ്ങിയപ്പോൾ ശരീരം ആകമാനം വിറകൊള്ളാൻ തുടങ്ങി. കൈകാലുകൾ കൂട്ടിത്തിരുമ്മിയും കഴുത്തിൽ ചുറ്റിയിട്ടിരുന്ന തോർത്ത് കൊണ്ട് ആവുംവിധം മൂടി പുതച്ചും കാത്തിരിപ്പ് തുടരുകയല്ലാതെ വേറെ മാർഗ്ഗം ഇല്ലായിരുന്നു. അനന്തമായി തോന്നിയ ആ കാത്തിരുപ്പ്  പക്ഷേ അധികം നീണ്ടില്ല. ഏതാണ്ട് അരമണിക്കൂറിനുള്ളിൽ തന്നെ ആകാശത്ത് പ്രകാശകിരണങ്ങൾ ദൃശ്യമാകാൻ തുടങ്ങി. പതുക്കെപ്പതുക്കെ മണിമഹേഷ് കൈലാസത്തിന്റെ പശ്ചാത്തലത്തിൽ അതിമനോഹരമായ ഒരു സൂര്യോദയത്തിനുള്ള കളം ഒരുങ്ങുകയായിരുന്നു. ഏതാണ്ട് അഞ്ചര ആയപ്പോഴേക്കും ആ പ്രദേശത്ത് ആകമാനം നല്ല വെളിച്ചം പരന്നിരുന്നു, എങ്കിലും സൂര്യബിംബത്തെ എവിടെയും കാണാനില്ലായിരുന്നു. അത്തരമൊരവസ്ഥയിൽ അന്ന് മണി ദർശനം ലഭിക്കാനുള്ള സാധ്യതകൾ ഒട്ടുമില്ലായിരുന്നു. സൂര്യൻ മലയ്ക്ക് മുകളിൽ ഉദിച്ചുയർന്നശേഷം മാത്രമേ മടങ്ങൂ എന്നുള്ള തീരുമാനത്താൽ  ഞങ്ങൾ തുടർന്നും  അവിടെത്തന്നെ കാത്തിരുന്നു. നന്നായി വെളിച്ചം പരന്നു കഴിഞ്ഞപ്പോഴും സൂര്യബിംബ ദർശനം സാധ്യമായില്ല എന്ന് വന്നപ്പോൾ ഞങ്ങൾ ശിവ കുണ്ഡിന് വലംവെച്ച് അവിടെ പൂജയ്ക്കായി ഒരുക്കിയിരിക്കുന്ന സ്ഥലത്ത് പോയി പൂജകൾ നടത്തി. ഇനി തിരിച്ച് ക്യാമ്പിലേക്ക് മടങ്ങാമെന്ന് കരുതി ശിവ കുണ്ഡിൽ നിന്നും വഴിയിലേക്ക് പോകുന്ന ഇറക്കത്തിൽ കൂടെ താഴോട്ട് അല്പദൂരം വരികയും ചെയ്തു. അവിടെ എത്തിയപ്പോൾ ഒരു കടയുടെ മുൻവശത്തായി മണി ദർശനത്തിനായി കാത്തിരിക്കുന്ന  ധാരാളം ആളുകളുടെ ഒരു കൂട്ടത്തെ കണ്ടു. അന്നും മണി ദർശനം ചിലപ്പോൾ സാധ്യമാകാമെന്നാണ് അവരിൽ പ്രായംചെന്നവരും തദ്ദേശവാസികൾ എന്ന് തോന്നിച്ചവരുമായ ചിലർ അഭിപ്രായപ്പെട്ടത് എന്നതിനാൽ ഞങ്ങൾ കുറെനേരം കൂടി അവരോടൊപ്പം അവിടെ കാത്തിരിക്കാമെന്ന് തീരുമാനിച്ചു. ഏതാണ്ട് ഒരു മണിക്കൂറോളം അവിടെ ഇരുന്നെങ്കിലും സൂര്യബിംബത്തിന്റെ ദർശനം മേഘാവൃതമായിരുന്ന ചക്രവാളത്തിൽ അന്നത്തെ ദിവസം അസാധ്യമായിരുന്നു.  മണിദർശനത്തിനുള്ള ഭാഗ്യം ബോലേ  ഞങ്ങൾക്ക് അനുവദിച്ച് തന്നിട്ടുണ്ടാകില്ല എന്ന് കരുതി ആശ്വസിച്ചാണ് ഞങ്ങൾ പിന്നീട് ക്യാമ്പിലേക്ക്  മടങ്ങിപ്പോയത്.  മണി ദർശനം ലഭ്യമായില്ലെങ്കിലും അതിമനോഹരമായ ഒരു പ്രഭാതമായിരുന്നു മണിമഹേഷ് കൈലാസത്തിൽ  ഞങ്ങൾക്ക് കാണാനായത്. 

തിരിച്ച് ക്യാമ്പിൽ വന്നപ്പോൾ തലേദിവസം ഉണ്ടായിരുന്ന തലവേദനയും ഛർദ്ദിയും നിലച്ചെങ്കിലും അതിൽ നിന്നുളവായ ക്ഷീണം സഹയാത്രികയെ നന്നായി ബാധിച്ചിരിക്കുന്നതായി കണ്ടു. അങ്ങനെയെങ്കിൽ തിരിച്ച് അങ്ങോട്ടുള്ള യാത്രയിൽ ജെസി ഭായിയും ലളിതാജിയ്‌ക്കൊപ്പം കുതിരപ്പുറത്ത്  താഴേക്ക് വരട്ടെ എന്ന് ഞങ്ങൾ തീരുമാനമെടുത്തു. ഒൻപത് മണിയോടുകൂടി ബാക്കിയുള്ള ഞങ്ങൾ രണ്ടുപേരും നടക്കാൻ  ആരംഭിച്ചു.  വഴിനീളെയുള്ള ഭണ്ഡാരകളിൽ നിന്ന് ആവശ്യത്തിന് ഭക്ഷണം കഴിച്ചും ഇടയ്ക്കിടയ്ക്ക് വിശ്രമിച്ചും ബോലെ അനുഗ്രഹിച്ച് നൽകിയ സുന്ദരമായ കാലാവസ്ഥ ആസ്വദിച്ചും ഞങ്ങൾ പതുക്കെ  താഴേക്ക് ഇറങ്ങി. മുകളിലോട്ട് വരുമ്പോൾ ഉപയോഗിക്കാതിരുന്ന വഴിയിൽ കൂടെയുള്ള കുത്തനെയുള്ള ഇറക്കമാണ് ഞങ്ങൾ പകുതി ദൂരത്തിന് ശേഷം യാത്രയ്ക്കായി  തിരഞ്ഞെടുത്തത്. ഈ  വഴിയിലൂടെയുള്ള ഇറക്കത്തിൽ അതിമനോഹരമായ പ്രകൃതി ഭംഗിയാണ് ചുറ്റിലും ദൃശ്യമായത്. ഹിമാചൽകാരായ ഒരുപറ്റം ചെറുപ്പക്കാരെ മാർഗമധ്യേ പരിചയപ്പെട്ടത് വളരെ ഊഷ്മളമായ ഒരനുഭവമായി എന്നും മനസ്സിൽ നിറഞ്ഞ് നിൽക്കും. വഴിയുടെ മുക്കാൽഭാഗം പിന്നിട്ടപ്പോൾ വൈകി യാത്ര തുടങ്ങിയിരുന്നിട്ടും  കുതിരപ്പുറത്ത് സഞ്ചരിച്ചിരുന്ന സഹയാത്രികർ ഞങ്ങളെ മറികടന്ന് താഴേക്കിറങ്ങി പോയി. ഏതാണ്ട് നാലുമണിയോടടുത്ത് ഞങ്ങൾ മലയിറക്കം പൂർത്തിയാക്കി ഹഡ്‌സർബേസ് ക്യാമ്പിൽ എത്തുകയും അരമണിക്കൂറിനുള്ളിൽ അവിടെ കാത്തുനിന്നിരുന്ന പാജിയുമായി കണ്ടുമുട്ടി തിരിച്ച് ബാർമോറിലേയ്ക്ക് മടങ്ങുകയും ചെയ്തു.

ബാർമാണി ദേവി ക്ഷേത്ര ദർശനം ബാക്കിയുണ്ടായിരുന്നതിനാൽ മലയിറങ്ങിയ അന്ന് രാത്രി ബാർമോറിൽ തന്നെ തങ്ങാനും പിറ്റേന്ന് ഡൽഹൗസി വഴി പത്താംകോട്ടിലേക്ക് മടങ്ങാനുമാണ് ഞങ്ങൾ പദ്ധതിയിട്ടിരുന്നത്. ബാർമോർ ടൗണിൽ വന്ന് ഒരു ഹോട്ടൽ കണ്ടുപിടിച്ചപ്പോഴേക്കും കാലാവസ്ഥ പൂർണമായും മാറി മറിഞ്ഞിരുന്നു. ആകാശം ആകെ മൂടിക്കെട്ടി മഴ തുള്ളിയിടാൻ തുടങ്ങിയത് പെട്ടന്നായിരുന്നു. മഴയ്ക്ക് മുമ്പ് യാത്ര പൂർത്തിയാക്കാൻ അവസരം തന്നതിന് ബോലേയ്ക്ക് മനസ്സാൽ  ഞങ്ങൾ നന്ദി പറഞ്ഞ  നിമിഷങ്ങളായിരുന്നു അത്. അന്ന് രാത്രി മുഴുവൻ നല്ല ശബ്ദത്തിൽ പുറത്ത് മഴ പെയ്തുകൊണ്ടേയിരുന്നു.  പിറ്റേന്ന് രാവിലെ ബാർമാണി ദേവീ ദർശനത്തിനായി ഞങ്ങൾ  പുറപ്പെടുമ്പോഴും ശക്തമായ മഴ പെയ്യുന്നുണ്ടായിരുന്നു.  ബാർമാണി ക്ഷേത്രത്തിലേക്കുള്ള വഴിയിൽ കൂടി വലിയ വാഹനങ്ങൾ സഞ്ചരിക്കാൻ ബുദ്ധിമുട്ടായതിനാൽ ബാർമോർ ജംഗ്ഷനിൽ നിന്നും ഷെയർ സംവിധാനത്തിൽ ആളുകളെ കയറ്റി പോകുന്ന ട്രാക്സിലാണ് ഞങ്ങൾ ക്ഷേത്രദർശനത്തിനായിപ്പോയത്. വാഹനം പാർക്ക് ചെയ്യുന്ന ഇടത്തുനിന്നും അല്പദൂരം ചെറിയ കയറ്റത്തിൽ കൂടി നടന്നുവേണം ബാർമോർ ക്ഷേത്രത്തിലേക്ക് പ്രവേശിക്കാൻ. കോൺക്രീറ്റിൽ ഒരു ടാങ്ക് പോലെ നിർമ്മിച്ച് പൂർണ്ണമായും  ടൈലുകൾ പതിച്ചിട്ടുള്ള ഇടത്തരം ഒരു കുളം ഈ ക്ഷേത്രത്തിന് മുൻവശത്തുണ്ട്. ദർശനത്തിന് മുമ്പായി ഈ ക്ഷേത്രത്തിൽ മുങ്ങിക്കുളിക്കുന്ന ധാരാളം പേരെ കാണാൻ സാധിച്ചു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ജീവിക്കുന്നവരെ സംബന്ധിച്ചിടത്തോളം അത്തരം കൊടുംതണുപ്പും തണുത്ത വെള്ളത്തിലുള്ള കുളിയും എല്ലാം തങ്ങളുടെ ദൈനംദിന ജീവിതചര്യകളുടെ ഭാഗമായിരിക്കും.  നമ്മൾ പ്രതീക്ഷിക്കുന്നത്രയും ബുദ്ധിമുട്ട് അവരെ സംബന്ധിച്ചിടത്തോളം ഈ പ്രവർത്തികളിൽ ഉണ്ടാകാനിടയില്ല. പക്ഷെ കേരളത്തെപ്പോലെയോ മുംബൈപ്പോലെയോ ഉള്ള കാലാവസ്ഥയിൽ നിന്ന് വരുന്നവർക്ക് ഈ തണുപ്പ് അസുഖങ്ങൾ പിടിപെടാൻ മാത്രമുള്ളത്ര കഠിനമായിരിക്കും. അതിനാൽ തന്നെ ഇത്തരം തുറസ്സായ ഇടങ്ങളിൽ കഠിന തണുപ്പിലുള്ള കുളി അത്യാവശ്യ ഘട്ടങ്ങളിലൊഴികെ ഞങ്ങൾ  ഒഴിവാക്കുകയാണ്  പതിവ്. ഈ കുളം കഴിഞ്ഞ് അല്പം മുന്നോട്ട് പോയപ്പോൾ മുൻപിലായി ക്ഷേത്രം കാണാറായി. കടുംചുവപ്പ് നിറത്തിലുള്ള  ധാരാളം തോരണങ്ങളാൽ അലംകൃതമായിട്ടുള്ള ചെറിയ ഒരു ക്ഷേത്രമാണ് ബാർമാണി ദേവി ക്ഷേത്രം. പച്ചപുതച്ചു കിടക്കുന്ന മലനിരകൾക്ക് നടുവിൽ ചുവന്ന ഒരു തിലകം അണിയിച്ചത് പോലെയുണ്ട് ഈ ക്ഷേത്രം ദൂരെനിന്നും കാണുമ്പോൾ. ഇവിടെ തൊഴുത് ഇവിടെ അടുത്ത് തന്നെയുള്ള ഒരു ഭണ്ടാരയിൽ  വിഭവസമൃദ്ധമായ പ്രഭാത ഭക്ഷണവും കഴിച്ച് ഞങ്ങൾ തിരിച്ചു ബാർമോറിൽ എത്തിയപ്പോഴേക്കും പതിനൊന്ന് മണി കഴിഞ്ഞിരുന്നു.  ഇപ്പോൾ പുറപ്പെടുകയാണെങ്കിൽ അന്ന് രാത്രി ഡൽഹൗസിയിലോ കജ്ജിയാറിലോ തങ്ങി പിറ്റേന്ന് ഉച്ചയ്ക്ക് മുൻപായി പത്താംകോട്ടിൽ എത്തിച്ചേരാൻ സാധിക്കുമെന്നായിരുന്നു ഞങ്ങളുടെ പ്രതീക്ഷ. അതിനാൽ അധികം സമയം കളയാതെ ഞങ്ങൾ ബാർമോറിനോട് വിട പറഞ്ഞു.  

വഴിയിലുടനീളം കനത്ത മഴ പെയ്തു കൊണ്ടിരിന്നു. പലയിടത്തും കാഴ്ച മറയ്ക്കുന്നത്രയും ശക്തമായിരുന്നു മഴത്തുള്ളികളുടെ വലുപ്പം. ചമ്പയിലേയ്ക്ക് അടുക്കാറായപ്പോൾ വഴിയിൽ ഒരിടത്ത്  മലമുകളിൽ നിന്നും ഒലിച്ചുവരുന്ന മഴവെള്ളം ഒരു വെള്ളച്ചാട്ടം പോലെ റോഡിന് കുറുകെ ഒഴുകി താഴെയുള്ള നദിയിൽ പതിക്കാൻ തുടങ്ങിയിരുന്നതിനാൽ ആ വഴിയുള്ള ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയായിരുന്നു. മുകളിൽ നിന്ന് ഒഴുകിക്കൊണ്ടിരിക്കുന്ന വെള്ളത്തിന്റെ ശക്തി കുറയാതെ അതുവഴി കടന്നുപോകാൻ ശ്രമിച്ചാൽ ഒരു ബസ്സിനെ  വരെ  അനായാസം റോഡിന് താഴെയുള്ള അഗാധതയിലേയ്ക്ക്  ഒഴുക്കി  കൊണ്ടുപോവാൻ മാത്രം ശക്തമായിരുന്നു മലമുകളിൽ നിന്നും കാണപ്പെട്ട ആ ഒഴുക്ക്. ഞങ്ങൾ അവിടെ കാത്തുനിൽക്കാൻ തുടങ്ങിയതിനുശേഷം കുറച്ചു നേരം കഴിഞ്ഞപ്പോൾ മഴയുടെ ശക്തി അല്പം കുറഞ്ഞു. എന്നിട്ടും ഏതാണ്ട് മൂന്നു മണിക്കൂറോളം നേരം പിന്നെയും അവിടെ കാത്തുനിന്നതിന് ശേഷമാണ് വാഹനത്തെ റോഡിന് കുറുകെ കൊണ്ടുപോകാൻ സാധിക്കുന്ന വിധത്തിൽ ജലപ്രവാഹത്തിന്റെ ശക്തിയിൽ കുറവ് അനുഭവപ്പെട്ടത്. ഞങ്ങൾ കാത്തുനിന്നിരുന്ന ഈ പ്രദേശം ചമ്പയിലെ പ്രസിദ്ധമായ തുകൽ ചെരുപ്പ് നിർമ്മാണം നടക്കുന്ന ഇടമായിരുന്നു. ഈ കാത്തുനില്പിന്റെ വിരസത മാറ്റാനായി  ഇവിടെയുള്ള കടകളിൽ കയറിയിറങ്ങിയതും ഉയർന്ന നിലവാരത്തിലുള്ള തുകൽ ചെരുപ്പുകൾ വാങ്ങി, ആയത് തിരിച്ചെത്തിയശേഷം പലർക്കും സമ്മാനമായി നൽകിയതും ഈ യാത്രയുടെ മറ്റൊരു സുഖകരമായ ഓർമ്മയാണ്. ചമ്പയിൽ നഷ്ടപ്പെട്ട മൂന്ന് മണിക്കൂറുകൾ ഇനിയങ്ങോട്ടുള്ള യാത്രയുടെ സമയക്രമത്തെ  കാര്യമായി ബാധിച്ചു. മാത്രവുമല്ല തുടർന്നങ്ങോട്ടുള്ള വഴികളിൽ പലയിടത്തും ഇത്തരത്തിൽ ജലപ്രവാഹങ്ങൾ ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ അന്നുരാത്രി ചമ്പയിൽ തന്നെ തങ്ങുന്നതായിരിക്കും ബുദ്ധിയെന്നായിരുന്നു പാജിയുടെയും അഭിപ്രായം. മഴയും കാറ്റും കനത്ത അന്ധകാരവും നിറഞ്ഞ ആ രാത്രിയിൽ ചമ്പയിൽ ഞങ്ങൾ താമസിക്കാനുള്ള ഇടംതേടി പലയിടത്തും അലഞ്ഞു. ഒടുവിൽ ഹിമാചൽ സ്റ്റേറ്റ് ടൂറിസം കോർപ്പറേഷന്റെ കീഴിലുള്ള ഐരാവതി ടൂറിസ്റ്റ് ഗസ്റ്റ് ഹൌസിൽ ഞങ്ങൾക്ക് താമസിക്കാനുള്ള മുറികൾ ലഭിച്ചു. ഏതാണ്ട് മുപ്പത് വർഷം പഴക്കമുണ്ടെങ്കിലും ധാരാളം മരം ഉപയോഗിച്ചുകൊണ്ട് പരമ്പരാഗതമായ രീതിയിൽ പണിതുയർത്തിയിരിക്കുന്ന ടൂറിസ്റ്റ് ഹോമിന്റെ പ്രൗഢിയും സ്ഥലവിസ്താരവും എടുത്ത് പറയേണ്ടത് തന്നെയാണ്. 

പിറ്റേന്ന് രാവിലെ ഞങ്ങൾ യാത്ര പുറപ്പെട്ടപ്പോഴും മഴ നിലച്ചിരുന്നില്ല. രണ്ടുദിവസമായി തുടരുന്ന കനത്ത മഴയിൽ ഉണ്ടായ നാശനഷ്ടങ്ങൾ ആ പ്രദേശങ്ങളിൽ അനുനിമിഷം കൂടി കൊണ്ടിരിക്കുകയായിരുന്നു. ചമ്പയിൽ നിന്ന് കജ്ജിയാറിലേക്കുള്ള വഴിയിൽ ഒരിടത്ത് റോഡ് പതുക്കെ പതുക്കെ താഴെ ഒഴുകുന്ന നദിയിലേക്ക് ഇടിഞ്ഞ് വീണുകൊണ്ടിരിക്കുന്ന ഭാഗത്ത് കൂടെ ഞങ്ങൾ കടന്നു പോന്നിരുന്നു. പോലീസും നാട്ടുകാരും ചേർന്ന്  വളരെ ശ്രദ്ധയോടുകൂടി അതുവഴി വരുന്ന വാഹനങ്ങളെ ഓരം  ചേർത്ത് കടത്തിവിടുന്ന പ്രവർത്തിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു അപ്പോൾ. പിറ്റേന്നത്തെ പത്രങ്ങളിൽ വായിച്ചപ്പോഴാണ് അറിഞ്ഞത് ഞങ്ങൾ കടന്നുപോന്നതിനുശേഷം ഏതാണ്ട് അരമണിക്കൂറിനകം തന്നെ ആ റോഡ് പൂർണ്ണമായും  ഇടിഞ്ഞ് നദിയിൽ പതിക്കുകയും ആ വഴിക്കുള്ള വാഹന ഗതാഗതം പിന്നീട് ദിവസങ്ങളോളം തടസ്സപ്പെടുകയും ഉണ്ടായി എന്ന്.  മലമുകളിൽ മഴ പെയ്യാതെ കാത്തതിനേക്കാൾ വലിയ കരുതലായിരുന്നു ഈ വഴികളിൽ ബോലേ ഞങ്ങൾക്കായി നീട്ടി തന്നത്. ഒരു ദിവസം വഴിയിൽ നഷ്ടപ്പെട്ടതിനാൽ കജ്ജിയാറിലോ ഡെൽഹൌസിയിലോ തങ്ങാതെ അന്നെത്ര വൈകിയായാലും പത്താൻകോട്ടിൽ തിരിച്ചെത്താനായിരുന്നു ഞങ്ങളുടെ ഉദ്ദേശം. മോശം കാലാവസ്ഥയിൽ സാധ്യമാകുന്ന വേഗത്തിൽ മലമ്പ്രദേശങ്ങളിലെ യാത്ര പൂർത്തികരിക്കുന്നതാണ് വിവേകം. അതല്ലെങ്കിൽ ചിലപ്പോൾ ദിവസങ്ങളോളം ചില പ്രദേശങ്ങളിൽ പെട്ട് പോകാനുള്ള സാദ്ധ്യതയുണ്ട്. മിനി സ്വിറ്റ്സർലാൻഡ് എന്നറിയപ്പെടുന്ന കജ്ജിയാറിൽ കൂടിയാണ് ഞങ്ങൾ അന്ന് പത്താൻകോട്ടിലേയ്ക്ക് തിരിച്ച് പോയത്. കജ്ജിയാറിലെ മനോഹരമായ മൈതാനത്ത് അല്പനേരം ചിലവഴിക്കാൻ സാധിക്കുകയും ചെയ്തു. തിരിച്ച് പോരുന്ന വഴിയിൽ വളരെ പ്രശസ്‌ത വിനോദ സഞ്ചാര കേന്ദ്രമായ ഡെൽഹൌസിയിലെ ഗാന്ധി ചൗക്ക് മാർക്കറ്റും ടിബറ്റൻ മാർക്കറ്റും കൂടി തിടുക്കത്തിൽ ഒന്ന് സന്ദർശിക്കാൻ ഞങ്ങൾ സമയം കണ്ടെത്തി. പത്താൻകോട്ടിൽ മുൻപ് താമസിച്ച അതേ ഹോട്ടലിൽ തന്നെ മുറിയെടുത്ത് രാത്രി തങ്ങിയ ഞങ്ങളെ പിറ്റേന്ന് പത്താൻകോട്ട് എയർപോർട്ട് വരെ കൊണ്ടുവിടാൻ പാജിയുണ്ടായിരുന്നു. അതിനോടകം തന്നെ എല്ലാവരോടും ഒരു കുടുംബാംഗത്തെ പോലെ ബന്ധം സ്ഥാപിച്ചു കഴിഞ്ഞിരുന്ന പാജിയുമായി ഉണ്ടായ യാത്രപറച്ചിൽ വികാരനിർഭരമായിരുന്നു. പത്താൻ കോട്ടിൽ നിന്നുള്ള വിമാനം ദില്ലിയിലേക്ക് പുറപ്പെടാൻ മണിക്കൂറുകൾ വൈകിയത് ദില്ലിയിൽ നിന്നുള്ള തുടർ യാത്രാപദ്ധതികളെ ബാധിക്കുമോ എന്നുള്ള ആശങ്ക ഉയർത്തിയ മണിക്കൂറുകൾക്ക് ശേഷം കുഴപ്പമൊന്നും കൂടാതെ ദില്ലിയിൽ നിന്ന് അന്ന് വൈകീട്ട് മുംബൈയിലേക്കും കേരളത്തിലേക്കും ഞങ്ങൾ മടങ്ങിയെത്തിയപ്പോൾ മണിമഹേഷ് യാത്രയ്ക്കും ശുഭപര്യവസാനമായി. പ്രക്ഷുബ്ദമായ കാലാവസ്ഥയ്ക്കിടയിൽ പോലും ഒരു തുള്ളി വെള്ളം പോലും മേലെവീഴാതെ യാത്ര പൂർത്തിയാക്കാൻ ലഭിച്ച അനുഗ്രഹത്തെ ജീവിതകാലം മുഴുവൻ കൃതജ്ഞതയോടെയല്ലാതെ ഓർക്കാനാകില്ല. 

Way to Mani Mahesh Kailash
Way to Mani Mahesh Kailash
« of 10 »

Share: