Manimahesh kailash

പ്രസന്നവും ഉന്മേഷദായകവുമായിരുന്നു ബാർമോറിലെ പ്രഭാതം. താമസിച്ചിരുന്ന ലോഡ്ജിൽ ഭക്ഷണസൗകര്യം ലഭ്യമല്ലാത്തതിനാൽ കാലത്തെഴുന്നേറ്റ് ആ പ്രദേശമാകെ തിരഞ്ഞതിന് ശേഷമാണ് ഒരു ചായക്കട കണ്ടെത്താനും തണുത്ത പ്രഭാതത്തിൽ ഒരു ചൂട് ചായയോടു കൂടി ദിനം ആരംഭിക്കാനും സാധിച്ചത്. 7 മണിക്കെങ്കിലും ട്രക്കിങ് ആരംഭിക്കണമെന്നുള്ള നിലയിലായിരുന്നു ഞങ്ങളുടെ തയ്യാറെടുപ്പുകൾ. ആറേകാലോടു കൂടി ഞങ്ങൾ തയ്യാറായി പാജിക്കൊപ്പം യാത്ര ആരംഭിച്ചു. ഹഡ്‌സർ  വില്ലേജിലേക്ക് ബാർമോറിൽ നിന്നും 12 കിലോമീറ്റർ ദൂരമേ ഉള്ളൂവെങ്കിലും മലയുടെ മുകളിൽ കൂടിയുള്ള പാത ആയതിനാൽ വളരെ സാവധാനത്തിൽ മാത്രമേ ഈ വഴി വാഹനം ഓടിക്കാനാവു. അതിനാൽ ഹഡ്‌സറിൽ എത്താൻ ഏതാണ്ട് നാല്പത് മിനുട്ടെടുത്തു. അവിടെ ചെന്നപ്പോൾ യാത്ര ആരംഭിക്കുന്നിടത്ത് യാത്രക്കാർ, വിവിധ കച്ചവടക്കാർ, കുതിരക്കാർ, പോർട്ടർമാർ എന്നിവരുടെ  സാമാന്യം നല്ല തിരക്ക് അനുഭവപ്പെട്ടു. ധാരാളംപേർ മണിമഹേഷ് യാത്രയ്ക്കായി അന്നേദിവസം അവിടെ എത്തിച്ചേർന്നിരുന്നു. അങ്ങിനെ വന്നിട്ടുള്ള പലരും അവരുടെ വാഹനങ്ങൾ ഈ പോകുന്ന വഴിയുടെ ഇരുവശത്തും പാർക്ക് ചെയ്തിരുന്നതിനാൽ പൊതുവിൽ വീതികുറഞ്ഞ വഴി ഒന്നുകൂടി ഇടുങ്ങിയതായി  അനുഭവപ്പെട്ടു. ഹഡ്‌സർ വില്ലേജിൽ നിന്നും യാത്ര ആരംഭിക്കുന്ന ഈ പ്രദേശത്ത് കുത്തിനടക്കാനുള്ള വടിയുൾപ്പെടെയുള്ള അവശ്യവസ്തുക്കൾക്കായി ധാരാളം കടകളും, യാത്രക്കായി കുതിരകളും പോർട്ടർമാരുമൊക്കെ ലഭ്യമാണ്. ഞങ്ങളെ ഇവിടെയിറക്കി പാജി തിരിച്ചുപോയി. പിറ്റേന്ന് വൈകീട്ട് നാലുമണിക്ക് ഞങ്ങളെ കൊണ്ടുപോകാനായി ഇവിടെത്തന്നെ തിരിച്ചുവരാം എന്ന് പറഞ്ഞാണ് പാജി യാത്രയായത്. 

മഴപെയ്ത നനവ് മണ്ണിൽ നിന്നും മാറിയിട്ടില്ലെങ്കിലും രാവിലെ ഇവിടെ നല്ല പ്രകാശമുള്ള വെയിൽ അനുഭവപ്പെട്ടു. ഞങ്ങൾക്ക് ചുറ്റും വട്ടംകൂടിയ കുതിരക്കാരോട്  വിലപേശി ഞങ്ങളുടെ സഹയാത്രിക ശ്രീമതി ലളിതാജിയ്ക്ക് വേണ്ടി ഞങ്ങളൊരു കുതിരയെ വാടകയ്ക്കെടുത്തു. ഈ കുതിരപ്പുറത്ത് ഇവരുമായി കുതിരക്കാരൻ ഞങ്ങളെക്കാൾ വേഗത്തിൽ  യാത്രചെയ്ത് മുകളിൽ ഗൗരി കുണ്ടിനടുത്തുള്ള ഏതെങ്കിലും ക്യാമ്പിൽ അവരെ എത്തിക്കും. ബാക്കിയുള്ള ഞങ്ങൾ മൂന്നുപേരും പുറകെ നടന്നുചെല്ലുകയും ചെയ്യുമെന്നായിരുന്നു  വിഭാവനം ചെയ്തിരുന്ന പദ്ധതി. സഹയാത്രികയെ കയറ്റിയ കുതിര മുന്നോട്ട് പോയപ്പോൾ  ഞങ്ങൾ മൂന്നാളും പിന്നാലെ പതുക്കെ മലകയറാൻ ആരംഭിച്ചു.  അതികഠിനമായ കയറ്റമാണ് യാത്രയുടെ തുടക്കത്തിലുള്ളതെന്ന് പറയാനാകില്ല, എന്നാൽ ഒരിടത്തുപോലും സമനിരപ്പായ ഒരു പ്രദേശം കാണിച്ചുതരാൻ ആവാത്ത രീതിയിലുള്ള നിരന്തരമായ കയറ്റം ഈ വഴിയുടെ തുടക്കത്തിലുണ്ട്. മണിമഹേഷ് തടാകത്തിൽ നിന്ന് പുറപ്പെടുന്ന മണിമഹേഷ് ഗംഗ എന്ന ചെറുഅരുവി മറ്റു പല അരുവികളുമായി കൂടി ചേർന്ന് ബുദ്ധിൽ നദിയിലേക്കാണ് എത്തിച്ചേരുന്നത്. ഈ ജലധാര നടക്കാനുള്ള പാതയ്ക്ക് സമാന്തരമായി താഴേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നുണ്ട്.  ചിലയിടങ്ങളിലെല്ലാം ഇത് അതിമനോഹരമായ വെള്ളച്ചാട്ടത്തിന്റെ  കാഴ്ചയൊരുക്കി തരുന്നുമുണ്ട്. ചിലയിടങ്ങളിൽ മരംകൊണ്ടും  ഇരുമ്പുപാളികൾ കൊണ്ടും നിർമ്മിച്ചിട്ടുള്ള ചെറിയ പാലങ്ങൾ ഈ നീർച്ചോലയ്ക്ക് കുറുകെ കടക്കാനായി പണിതിട്ടുണ്ട്. പലയിടത്തും അങ്ങോട്ടുമിങ്ങോട്ടും ജലധാരയെ മുറിച്ചു കടന്നിട്ട് തന്നെയാണ് യാത്ര മുന്നോട്ടുപോകുന്നത്. ആയാസരഹിതമായ ആദ്യത്തെ ഒരു മണിക്കൂർ യാത്രയ്ക്കുശേഷം പതുക്കെ പതുക്കെ കയറ്റത്തിന് കാഠിന്യം വർദ്ധിക്കാനായി തുടങ്ങി മാത്രവുമല്ല ഇവിടുന്നങ്ങോട്ട് വഴിവക്കിൽ ധാരാളം ഭണ്ഡാരകൾ കാണാനും തുടങ്ങി. ശ്രീകണ്ഠ്‌ കൈലാസയാത്രയിലും ഇത്തരത്തിലുള്ള ഭണ്ഡാരകൾ ഉണ്ടായിരുന്നുവെങ്കിലും അവയെല്ലാം തന്നെ  സിംഗ് ഗാഡ് എന്ന ബേസ് ക്യാമ്പിലായിരുന്നു.  ഇവിടെയാകട്ടെ നടന്ന് കയറുന്ന വഴിയിൽ ഓരോ മുന്നൂറ് മീറ്ററിലും ഒന്ന് വീതം എന്നനിലയിൽ  സൗജന്യഭക്ഷണം നൽകുന്ന ഭണ്ഡാരകൾ കാണാൻ സാധിച്ചു.  പലയിടത്തും  ഭണ്ഡാരകൾ വളരെ വലുപ്പമുള്ളവയായിരുന്നു. വിഭവസമൃദ്ധമായ സദ്യ പോലും നൽകുന്ന  ഭണ്ഡാരകൾ ഇവിടെയുണ്ട്. ഹിമാചലിൽ ഉള്ള മറ്റ് രണ്ട് കൈലാസങ്ങളെ അപേക്ഷിച്ച് മണിമഹേഷ് കൈലാസത്തിലേക്കുള്ള യാത്രയ്ക്കിടെ ജലക്ഷാമമോ ഭക്ഷണക്ഷാമമോ വിശ്രമശാലകളുടെ അഭാവമോ ഒരിക്കലും അനുഭവപ്പെടുകയില്ല എന്നത് തീർച്ചയാണ്. 

മണിമഹേഷ് യാത്രയിലെ മറ്റൊരു പ്രത്യേകത പലയിടത്തും സമാന്തരമായി പോകുന്ന ഒന്നിൽ കൂടുതൽ പാതകൾ കാണാൻ സാധിക്കുന്നുവെന്നുള്ളതാണ്. പതുക്കെ പതുക്കെ കൂടുതൽ ദൂരമെടുത്ത് മുകളിലേക്ക് കയറുന്ന കയറ്റങ്ങളുള്ള വഴിക്ക് സമാന്തരമായി കുത്തനെ മുകളിലേക്ക് കയറുന്ന ദൂരം കുറവുള്ള വഴിയും കാണാൻ സാധിക്കും.  യാത്രയുടെ ഏതാണ്ട് പകുതി ദൂരം പിന്നിട്ട് കഴിഞ്ഞാൽ ഒരു കിലോമീറ്റർ വ്യത്യാസത്തിൽ മലകളുടെ മുകളിൽ കൂടിയും മലയുടെ താഴ്‌വാരത്തിൽ കൂടിയും  കടന്നുപോകുന്ന രണ്ട് വഴികൾ ഇവിടെയുണ്ട്. മുകളിലോട്ട് കയറാനായി കൂടുതൽ ദൂരമുള്ള കയറ്റം കുറവുള്ള മാർഗമാണ് ഞങ്ങൾ തിരഞ്ഞെടുത്തത്.  തിരിച്ചുവരുമ്പോൾ കുത്തനെ ഇറക്കം കിട്ടാവുന്ന ദൂരം കുറവുള്ള മാർഗത്തിൽ കൂടി വരാനുള്ള തീരുമാനമായിരുന്നു ഞങ്ങളുടേത്. എടുത്തു പറയേണ്ട ഒരു അനുഗ്രഹം കാലാവസ്ഥയുടെ കാര്യത്തിലാണ് ഉണ്ടായത്.  രണ്ടുദിവസം മുമ്പ് വരെ ഈ മലമുകളിലുണ്ടായിരുന്ന പ്രക്ഷുബ്ധമായ കാലാവസ്ഥയുടെ ലക്ഷണങ്ങൾ നടന്ന് പോകുന്ന വഴിയിൽ നിന്ന് മാറിയിട്ടുണ്ടായിരുന്നില്ല.  എങ്കിലും ഞങ്ങളുടെ യാത്രയ്ക്ക് ഏറ്റവും സുഖപ്രദമായ ശക്തികുറഞ്ഞ വെയിൽ ഉദിച്ചുനിൽക്കുന്ന  മനോഹരമായ കാലാവസ്ഥയാണ് ബോലെ കരുതിവെച്ചിരുന്നത്.  ഇതിനാൽ തന്നെ വലിയ ക്ഷീണം ഒന്നുമില്ലാതെയാണ് ഞങ്ങൾ മുന്നോട്ട് പോയിക്കൊണ്ടിരുന്നത്. ഇടയ്ക്ക് ചില ഭണ്ഡാരകളിൽ നിന്നും എന്തെങ്കിലും ഭക്ഷിച്ചും പാനം ചെയ്തും വഴിയരികിലിരുന്ന് വിശ്രമിച്ചും ഞങ്ങൾ മുകളിലേക്ക് കയറിക്കൊണ്ടേയിരുന്നു. വൈകുന്നേരം നാലരയായപ്പോൾ ഗൗരികുണ്ഡിലേയ്ക്ക് എത്തിച്ചേരുന്ന ഈ യാത്രയിലെ ഏറ്റവും വലിയ മലയുടെ മുൻപിൽ ഞങ്ങളെത്തി. അസാമാന്യ വലിപ്പമുള്ള ഈ മലയുടെ മുകളിലേയ്ക്ക് ഏകദേശം മുപ്പത് ഡിഗ്രി ചെരിവിൽ വളഞ്ഞും പുളഞ്ഞുമുള്ള വഴിയാണ് വെട്ടിയുണ്ടാക്കിയിട്ടുള്ളത്. മലയുടെ പാർശ്വത്തിലൂടെ ഒരു പാമ്പിനെപ്പോലെ ഈ വഴി മുകളിലേയ്ക്ക് നീണ്ടുകിടക്കുന്നു. ഇതാണ് ഈ യാത്രയിലെ ഏറ്റവും കഠിനമായ ഭാഗം. ഈ മലയുടെ മുകളിൽ കഴിഞ്ഞ മഞ്ഞുകാലത്ത് ഉറഞ്ഞുകൂടിയ മഞ്ഞ് ഇപ്പോഴും ഉരുകി കഴിഞ്ഞിട്ടുണ്ടായിരുന്നില്ല. മലമുകളിലേക്കുള്ള യാത്രയുടെ അവസാനഭാഗം കടന്ന് പോകുന്നത് ഈ മഞ്ഞിന് മുകളിൽ കൂടിയാണ്. കുത്തനെയുള്ള ഈ വഴിയിൽ കയറ്റം കയറാൻ ആരംഭിച്ചപ്പോൾ തന്നെ കാലുകളിൽ അതിന്റെ പ്രഭാവം അനുഭവപ്പെടാൻ തുടങ്ങി. വേഗത്തിൽ തന്നെ ശരീരത്തെ ക്ഷീണം ബാധിക്കുന്ന വിധത്തിലായിരുന്നു ഇവിടുത്തെ അദ്ധ്വാനം.  നിറയെ ഉരുളൻ കല്ലുകളുള്ള ഈ വഴിയിൽ പലപ്പോഴും യാത്രാദൂരം കുറയ്ക്കാനായി വഴിയുടെ രണ്ട് വളവുകൾക്കിടയിലുള്ള  സ്ഥലത്തുകൂടെ പലരും കുത്തനെ മുകളിലേക്ക് കയറുന്നുണ്ടായിരുന്നു. ചിലയിടത്തൊക്കെ ഞങ്ങളും അത് തന്നെ ചെയ്തു. അല്പം വഴി ലഭിക്കാനായി ചെയ്യുന്ന ഈ പ്രവർത്തി ശരിക്കും അപകടകരമായതിനാൽ ഒഴിവാക്കാനാണ് സാധാരണ മലയാത്രകളിൽ ഉപദേശം ലഭിക്കാറുള്ളത്. ഈ ഉപദേശം പോലെത്തന്നെ ഞങ്ങൾക്കും ഈ പ്രവർത്തി വലിയ ഒരു അബദ്ധമായി പരിണമിച്ചു. എന്റെ കൂടെയുണ്ടായിരുന്ന രണ്ടുപേരുടെയും കാലുകൾ ചിതറിക്കിടക്കുന്ന കല്ലുകളിൽ തട്ടി വഴുക്കി കാൽ മടമ്പുകളിൽ ഉളുക്കൽ സംഭവിച്ചു. സാധാരണ ട്രക്കിങ് ഷൂവിൽ കാൽ മടമ്പുകളെ കൂടി പൊതിഞ്ഞ് സംരക്ഷിക്കുന്നതിനായി ഉപ്പൂറ്റിയുടെ ഭാഗത്ത് ഷൂവിന് ഉയരം കൂടിയിരിക്കും. അതിനാൽ ഒരു പരിധിവരെ ഉളുക്കുവരാതെ  മലമുകളിൽ കല്ലുകൾ നിറഞ്ഞ പാതകളിൽ കൂടി സഞ്ചരിക്കാനാവും. എങ്കിലും ഒരിക്കൽ ഉളുക്കി കഴിഞ്ഞാൽ പിന്നെ ചുരുങ്ങിയത് ഒന്ന് രണ്ട് മണിക്കൂർ വിശ്രമവും വേദനസംഹാരികളുടെ പ്രയോഗവും ഇല്ലാതെ നടക്കാൻപോലും വല്ലാതെ ബുദ്ധിമുട്ടേണ്ടിവരും. നേരം വൈകി തുടങ്ങിയതിനാൽ വിശ്രമം ഈ സമയത്ത് അസാദ്ധ്യമായിരുന്നതിനാൽ നടക്കുകയല്ലാതെ വേറെ മാർഗ്ഗം ഉണ്ടായിരുന്നില്ല.  ഈയൊരവസ്ഥയിൽ രണ്ടുപേരുടെയും പരിക്ക് ഞങ്ങളുടെ യാത്രാവേഗതയെ കാര്യമായി ബാധിക്കുന്നുണ്ടായിരുന്നു.  ഭാഷാപരിചയം ഇല്ലാത്ത സഹയാത്രിക മുകളിൽ എത്തിയിട്ടുണ്ടാകുമെങ്കിലും എവിടെയാണ് തങ്ങുന്നതെന്നും എന്തെങ്കിലും ഭക്ഷണം കഴിക്കാൻ സാധിച്ചിട്ടുണ്ടോയെന്നും  ഞങ്ങൾക്കറിയാൻ കഴിഞ്ഞിട്ടില്ല. അല്പനേരം കൂടി കഴിഞ്ഞാൽ  ഇരുട്ടുവീഴാൻ സാധ്യതയുള്ളതിനാൽ കാലിൽ പരിക്ക് പറ്റിയവർ പതുക്കെ നടന്ന് കയറിവരാനും തല്ക്കാലം പരിക്കുകൾ  ഇല്ലാത്ത ഞാൻ സാദ്ധ്യമായ വേഗതയിൽ മുന്നോട്ട് നടന്ന് മുകളിലെത്തി സഹയാത്രികയെ കണ്ടെത്താനും തീരുമാനിച്ചു. അതനുസരിച്ച് ഞാൻ മറ്റു രണ്ടുപേരെയും വിട്ട് വേഗത്തിൽ മുകളിലോട്ട് നടന്നുകയറാൻ തുടങ്ങി.

കയറ്റം വളരെ ആയാസകരമാണെങ്കിലും ഇരുട്ട് വീഴും മുമ്പ് മുകളിലെത്തി സഹയാത്രികയെ കണ്ടുപിടിക്കണമെന്നുള്ള ലക്ഷ്യമുള്ളതിനാൽ ക്ഷീണം വകവയ്ക്കാതെ, അധികം വിശ്രമിക്കാതെ നടന്നുകയറാൻ ശ്രമിക്കുകയായിരുന്നു ഞാൻ. മലയുടെ മുകളിൽ മഞ്ഞുമൂടി കിടക്കുന്ന ഭാഗത്ത് എത്താറായപ്പോഴേക്കും പുറകിൽ നിന്നും ആരോ വിളിക്കുന്ന ശബ്ദം കേട്ടു. നോക്കിയപ്പോൾ എന്റെ സഹയാത്രികർ രണ്ടുപേരും കുതിരപ്പുറത്ത് കയറി വരുന്ന കാഴ്ചയാണ് കാണാനായത്. യാത്രക്കാരെ മുകളിൽ ഇറക്കി തിരിച്ചുവരുന്ന രണ്ട് കുതിരക്കാരെ ദൈവാനുഗ്രഹം കൊണ്ട്  അവർ വഴിയിൽ വെച്ച് കണ്ടുമുട്ടുകയും അവിടെ നിന്ന് മുകളിലേക്ക് എത്തിക്കുന്നതിന് വേണ്ടി അവരുമായി ഒരു തുക പറഞ്ഞു  ഏർപ്പാടാക്കുകയുമാണുണ്ടായത്. ഈ ഭാഗ്യം ഉണ്ടായില്ലായിരുന്നുവെങ്കിൽ വേദനയുള്ള കാലുമായി കുത്തനെ മുകളിലേയ്ക്ക് കയറുകയെന്നുള്ള ബുദ്ധിമുട്ടുള്ള അവസ്ഥയിലൂടെ അവർക്ക് കടന്നുപോകേണ്ടി വന്നേനെ. കുതിരപ്പുറത്തായതിനാൽ  സാമാന്യം വേഗത്തിൽ തന്നെ അവർ എന്നെയും മറികടന്ന് മുന്നോട്ട് പോയി. മലകയറി കഴിഞ്ഞു ഗൗരികുണ്ഡിനടുത്തുള്ള ക്യാമ്പുകളുടെ മുന്നിലേക്ക് ഞാൻ എത്തിയപ്പോഴേക്കും സഹയാത്രിക കാത്തിരുന്നിരുന്ന ക്യാമ്പ് അവർ കണ്ടെത്തുകയും അവിടെ തന്നെ ഞങ്ങൾക്ക് നാലുപേർക്കുമുള്ള താമസസൗകര്യങ്ങൾ തയ്യാറാക്കുകയും ചെയ്തുകഴിഞ്ഞിരുന്നു.  ഞങ്ങളുടെ വരവ് വളരെയധികം വൈകിയപ്പോൾ അല്പം പരിഭ്രാന്തി ഉണ്ടായതൊഴിച്ചാൽ മറ്റ് കുഴപ്പങ്ങളൊന്നുമില്ലാതെ ലളിതാജി സുഖമായിരിക്കുന്നുണ്ടായിരുന്നു. ക്യാമ്പിൽ ചെന്ന് ബാഗുകൾ ഇറക്കിവെച്ച് അല്പം ഇരുന്ന് വിശ്രമിച്ച് ഞങ്ങൾ ഗൗരി കുണ്ഡിലേക്ക് പതുക്കെ നടക്കാനാരംഭിച്ചു. ചുറ്റും യാത്രക്കാർക്കായുള്ള ക്യാമ്പുകളും ഭക്ഷണശാലകളും സ്ഥിതിചെയ്യുന്നതിന് നടുവിൽ കൂടിയാണ് ഈ മാർഗം. ഏതാണ്ട് 600 മീറ്ററോളം ചെന്നപ്പോൾ നാലുചുറ്റും കെട്ടി മറച്ചിരിക്കുന്ന ഗൗരി കുണ്ഡ് കാണാൻ സാധിച്ചു. ഇതിന് മുൻപിലായി പാർവതി ദേവിയുടെ വിഗ്രഹത്തിന് മുൻപിൽ തദ്ദേശവാസികളായ പത്തോളം സ്ത്രീകൾ ഭജന നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഗൗരി കുണ്ടിൽ കുളിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകളെ സംബന്ധിച്ചിടത്തോളം മറ്റൊരു തടസ്സങ്ങളില്ലാതെ പരിപൂർണ്ണ സ്വകാര്യതയിൽ അത് ചെയ്യാൻ വേണ്ട സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്. തൊട്ടടുത്തുതന്നെയുള്ള  പൂജാസാധനങ്ങൾ ലഭ്യമാകുന്ന കടയിൽ നിന്നും പൂജാസാധനങ്ങൾ  വാങ്ങി ഇവിടെയുള്ള സ്ത്രീകൾതന്നെ പൂജാരിണികളായിട്ടുള്ള പാർവ്വതി വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ച് ഞങ്ങളും അവിടെ നടക്കുന്ന ഗൗരി പൂജയിൽ പങ്കാളികളായി. 

അതിശക്തമായ മഞ്ഞും, തണുപ്പും, കോടയും ഉണ്ടായിരുന്നതിനാൽ മണിമഹേഷ് കൈലാസത്തിന്റെ വ്യക്തമായ ദർശനം ഇവിടെനിന്ന് ലഭിക്കുന്നുണ്ടായിരുന്നില്ല. അതിനാൽ തണുപ്പ് വകവെയ്ക്കാതെ ഗൗരി കുണ്ഡിൽ നിന്നും ഞങ്ങൾ അല്പം കൂടി മുന്നോട്ടുപോയി മണി മഹേഷ് കൈലാസത്തിന്റെ ഒരു പൂർണ്ണദർശനം സാദ്ധ്യമായ ഇടത്തേയ്ക്ക് നടന്നു. ശരിക്കും മണിമഹേഷ് കൈലാസ ദർശനം പുലർച്ചെ സൂര്യനുദിക്കുന്ന സമയത്താണ് നടത്തേണ്ടത്. ആ സമയത്ത് സൂര്യരശ്മികൾ കൈലാസത്തിനകത്തുകൂടി കയറിവന്ന് ഒരു പ്രത്യേക പ്രകാശവലയം പർവ്വതത്തിന് ചുറ്റും  ദർശിതമാകുന്ന  പ്രതിഭാസത്തെയാണ് മണി ദർശനം എന്നറിയപ്പെടുന്നത്. എല്ലാ ദിവസങ്ങളിലും ഈ മണി ദർശനം ലഭ്യമാവില്ലെങ്കിലും ബ്രാഹ്മ മുഹൂർത്തത്തിൽ അതിനായി ഭക്തർ എന്നും മലകയറി മുകളിലെത്താറുണ്ട്. ഭാഗ്യമുണ്ടെങ്കിൽ നാളെ പുലർച്ചെ ഈ മണി ദർശനം സാധ്യമായേക്കാം എന്നുള്ള പ്രതീക്ഷയിലായിരുന്നു ഞങ്ങൾ. ഗൗരി കുണ്ഡിൽ നിന്നും ഏതാണ്ട് മുന്നൂറു മീറ്റർ നടന്നപ്പോഴേയ്ക്കും മൂടൽമഞ്ഞിൽ ഒളിച്ചു നിൽക്കുന്ന മണി മഹേഷ് കൈലാസം മുൻപിൽ ഒരു മാത്ര നേരത്തേയ്ക്ക്  കാണാറായി. ഒരു ദർശനത്തിന് ശേഷം വീണ്ടും മഞ്ഞിലൊളിച്ചുകളഞ്ഞ പർവതത്തിന്റെ ദർശനത്തിനായി ഞങ്ങൾ അല്പം കൂടി കാത്തെങ്കിലും മഞ്ഞും ഇരുട്ടും കൂടുതൽ കനക്കുകയാണ് ഉണ്ടായത്. പരിസരത്തുള്ള ക്യാമ്പുകൾക്ക് പുറത്തും ആരെയും കാണാനാകാത്തതിനാൽ പിന്നെയും കാക്കുന്നതിൽ അർത്ഥമില്ല എന്നാണ് തോന്നിയത്. ചുറ്റുമുള്ള കാഴ്ചകൾ ഒന്നോടിച്ച് കണ്ട് ഞങ്ങൾ ക്യാമ്പിലേക്ക് തിരിക്കാൻ തീരുമാനിച്ചു. ആഴമുള്ള ഒരു മലയിടുക്കിൽ രണ്ട് വലിയ പാദങ്ങൾ പോലെ തോന്നിക്കുന്ന പാറയ്ക്ക് മുകളിൽ കൂടി വെള്ളം ഒഴുകുന്നത് കണ്ടത് അതീവ ആകർഷകമായി തോന്നി. നാളത്തെ പ്രധാന ദർശനം നടത്താനായി ശിവകുണ്ഡിലേയ്ക്ക് പോകാനുള്ളത് പുലർച്ചെ മൂന്നരയ്ക്കായതിനാലും അതിനു വേണ്ടി ചുരുങ്ങിയത് പുലർച്ചെ മൂന്നുമണിക്കെങ്കിലും എഴുന്നേറ്റു വരേണ്ടതുമുള്ളതിനാൽ കൂടുതൽ സമയം കളയാതെ ഞങ്ങൾ തിടുക്കത്തിൽ ക്യാമ്പിലേക്ക് മടങ്ങി. ക്യാമ്പിൽ നിന്നും തയ്യാർ ചെയ്തു കിട്ടിയ ഭക്ഷണവും കഴിച്ചു അല്പസമയം വിശ്രമിക്കാനായി കിടക്കകളിലേയ്ക്ക് വിരമിച്ചു, അജ്ഞാതനായ ഏതോ ശില്പി കരിങ്കല്ലിൽ കൊത്തിയെടുത്തത് പോലെ കാണപ്പെട്ട ആ വലിയ പാദങ്ങൾ ഉറക്കം വരുന്നത് വരെ മനസ്സിൽ നിന്ന് മാഞ്ഞു പോയതേയില്ല.   

Way to Mani Mahesh Kailash
Way to Mani Mahesh Kailash
« of 7 »
Share: