Manimahesh Kailash Yatra

2019ലേക്ക് എത്തിയപ്പോൾ പിന്നെ പഞ്ച കൈലാസത്തിൽ പരിക്രമണത്തിനായി ബാക്കിയുണ്ടായിരുന്നത് മണിമഹേഷ് കൈലാസമായിരുന്നു. ഹിമാചൽപ്രദേശിലെ ചമ്പ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഈ കൈലാസത്തെ ചമ്പാ കൈലാസം എന്നും വിളിച്ചുവരുന്നു. നിഗൂഢ സ്വഭാവമുള്ള ധാരാളം ഐതിഹ്യങ്ങളാലും മണിദർശനം എന്ന അത്ഭുത പ്രതിഭാസത്താലും സമൃദ്ധമായിരുന്നു മണിമഹേഷ് കൈലാസത്തെക്കുറിച്ച് കേട്ട എല്ലാ കഥകളും. സമുദ്രനിരപ്പിൽ നിന്ന് 18,547 അടി ഉയരത്തിലാണ് മണിമഹേഷ് കൈലാസം സ്ഥിതി ചെയ്യുന്നത്. ഇതിന്റെ കരയിൽ 13,750 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മണിമഹേഷ് തടാകത്തിലേക്കാണ് തീർത്ഥയാത്ര ചെയ്യാനായിട്ടുള്ളത്. ഇന്നുവരെയും ആരാലും കയറാനാവാത്ത പർവ്വതമാണ് മണിമഹേഷ് കൈലാസം. ഇതിനെപ്പറ്റി തന്നെ രണ്ട് കഥകൾ ഈ പ്രദേശത്ത് പ്രചാരത്തിലുണ്ട്.  ബാർമോറിൽ നിന്നുള്ള ആടുമേയ്ക്കൽക്കാരായ ഗദ്ദി വിഭാഗത്തിൽപ്പെട്ട ഒരാൾ തന്റെ ആടുകളുമായി ഈ പർവ്വതം കയറാൻ ശ്രമിക്കുകയുണ്ടായെന്നും എന്നാൽ ഓരോ പടവിലും തന്റെ ഓരോ ആടിനെ വീതം കുരുതി കൊടുത്തുകൊണ്ടായിരിക്കണം മുന്നോട്ട് ചുവട് വെക്കേണ്ടത് എന്നുള്ള ബോലെയുടെ നിർദ്ദേശം അനുസരിക്കാതെ മുന്നോട്ടുവെച്ച ആദ്യ ചുവടിൽ തന്നെ ഇദ്ദേഹവും കൂടെയുണ്ടായിരുന്ന ആടുകളും പാറക്കല്ലുകളായി മാറിയെന്നും ആ പാറക്കല്ലുകളിൽ ഇവരുടെ രൂപം ഇന്നും പർവ്വതത്തിൽ ദർശിക്കാനാകും എന്നുള്ളതാണ് ആദ്യത്തെ ഐതിഹ്യം. ആടുമാടുകളെ സമ്പത്തായി കണക്കാക്കിയിരുന്ന ഒരു കാലത്ത്, ലൗകിക സുഖങ്ങളും സമ്പത്തും ഉപേക്ഷിച്ചുകൊണ്ടായിരിക്കണം ബോലെയിലേക്കുള്ള ഓരോ ചുവടും എന്നുള്ള പാഠമാണ് ഈ കഥയുടെ രൂപത്തിൽ പ്രചരിക്കപ്പെട്ടത് എന്ന് വേണം കരുതാൻ. വലിയൊരു പെരുമ്പാമ്പ് ഈ മല കയറാനായി തുനിയുകയും വഴിയിൽവെച്ച് കല്ലായി മാറുകയും ചെയ്തുവെന്നതാണ് രണ്ടാമത്തെ ഐതിഹ്യം. ഈ പാമ്പിനെയും പാറയുടെ രൂപത്തിൽ നമുക്കിവിടെ കാണാൻ സാധിക്കും. മലകയറാൻ താരതമ്യേന എളുപ്പമുള്ള ജീവിയാണ് പെരുമ്പാമ്പ് എങ്കിലും ഈ ജീവിപോലും പാറക്കല്ലായി എന്ന് പറയുന്നതിൽ നിന്നും അപ്രാപ്യമാണ് ഈ മലയെന്നുള്ള സന്ദേശമാണ് നമുക്ക് വായിച്ചെടുക്കാനാകുന്നത്.  ശിവപാർവ്വതിമാരുടെ വിവാഹശേഷമാണ് മഹേശ്വരൻ തന്റെ തപ:ശക്തിയാൽ ഈ കൈലാസം വാസസ്ഥലമായി നിർമ്മിച്ചെടുത്തത്  എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഈ പർവ്വതം കയറാനുള്ള ഒരു ശ്രമം 1968ൽ ഉണ്ടായെങ്കിലും അത് അസാധാരണമായ തടസ്സങ്ങൾ കൊണ്ട് ഇടയ്ക്കുവെച്ച് ഉപേക്ഷിക്കേണ്ടതായി വന്നതോടുകൂടി ഈ പ്രദേശത്ത് പ്രചാരത്തിലുള്ള എല്ലാ ഐതിഹ്യങ്ങൾക്കും കൂടുതൽ വിശ്വാസ്യത കൈവരികയാണ് ഉണ്ടായത്. ഹഡ്‌സർ വില്ലേജിൽ നിന്നും 13 കിലോമീറ്ററോളം വരുന്ന യാത്രയാണ് മണിമഹേഷ് തടാകത്തിലേക്കുള്ളത്.  സമുദ്രനിരപ്പിൽ നിന്നും 7600 അടി ഉയരത്തിൽ നിൽക്കുന്ന ഹഡ്‌സൺ ഗ്രാമത്തിൽ നിന്നാണ് ഈ യാത്ര ആരംഭിക്കുന്നത്. 5800 അടിയാണ് 13 കിലോമീറ്റർ ദൂരം കൊണ്ട് കയറിച്ചെല്ലേണ്ടത്. വഴിനീളെ നിരന്തരമായ കയറ്റമാണെങ്കിലും ഒരു ദിവസം കൊണ്ട് കയറിച്ചെല്ലാവുന്ന ദൂരം മാത്രമേ മണിമഹേഷ് കൈലാസ യാത്രക്കുള്ളൂ. ദർശനം കഴിഞ്ഞ് പിറ്റേന്ന് പുലർച്ചെ തിരിച്ചിറങ്ങാൻ തുടങ്ങിയാൽ വൈകീട്ടാകുമ്പോഴേക്കും വാഹനഗതാഗതമുള്ള ഗ്രാമത്തിലേക്ക് തിരിച്ചെത്തുകയും ചെയ്യാം.  

വർഷത്തിലൊരു കൈലാസയാത്ര എന്നുള്ള നിലയിലാണ് ഞങ്ങൾ യാത്രകൾക്കായി പദ്ധതിയിട്ടിരുന്നത്. യാത്രയുടെ സമയം അടുക്കുമ്പോൾ മൂന്നോ നാലോ മാസം കഠിനമായി പരിശീലനം നടത്തുകയും ചെയ്യാറുണ്ട്. കേവലം രണ്ട് ദിവസം മാത്രമുള്ള ഒരു യാത്ര എന്നുള്ളത് ഈ തയ്യാറെടുപ്പ് അനുസരിച്ച് വളരെ ചെറിയ യാത്രയായി മാറുമെന്നുള്ള സന്ദേഹത്തിൽ നിന്നാണ് 2019ൽ കൈലാസയാത്രയ്‌ക്കൊപ്പം അമർനാഥ് യാത്ര ചെയ്യാനും തീരുമാനിച്ചത്.  തദ്ദേശവാസികളുടെ വിശ്വാസാനുസരണം അമർനാഥിൽ നിന്ന് ദർശനം അവസാനിപ്പിച്ച് ബോലെ പിന്നീട് മണിമഹേഷ് കൈലാസത്തിലേക്കാണ് വരുന്നത്. അമർനാഥിൽ പോയി ഇതേ സമയത്ത് കൂടെ വന്നു മണിമഹേഷ് കൈലാസം കൂടി പരിക്രമണം ചെയ്യണമെന്നായിരുന്നു ഇതിനോടനുബന്ധിച്ച് ഞങ്ങൾ തയ്യാർ ചെയ്ത പദ്ധതി. അതനുസരിച്ച് 2019 ആഗസ്റ്റ് 9 ന് ദില്ലിയിൽ നിന്ന് ജമ്മു കാശ്മീരിലേക്ക് പോകാനും ആഗസ്റ്റ് 10ന് പഹൽഗാം വഴി അമർനാഥിലേക്ക് പദയാത്ര ചെയ്ത് പന്ത്രണ്ടാം തീയതി ബാൽതാൽ വഴി തിരിച്ചിറങ്ങി  ജമ്മുകാശ്മീരിൽ തന്നെ എത്താനുള്ള രീതിയിലാണ് യാത്രാനുമതി വാങ്ങിയത്. പതിമൂന്നിന് ജമ്മുവിൽ നിന്ന് തിരിച്ച് പത്താൻ കോട്ടിൽ രാത്രി തങ്ങാനും പതിനാലിന് ഹഡ്‌സണിൽ താമസിച്ച് പതിനഞ്ചിന് മണിമഹേഷ് കൈലാസം കയറാനുമായിരുന്നു പരിപാടി. ആഗസ്റ്റ് 15 വരെ നീളുന്ന അമർനാഥ് തീർത്ഥാടനം കഴിഞ്ഞാൽ ബോലെയും ദേവി പാർവതിയും പിന്നീട് ഒരു മാസത്തോളം കാലം മണിമഹേഷ് കൈലാസത്തിലേക്ക് താമസം മാറും എന്നാണ് ഈ പ്രദേശങ്ങളിൽ നിലനിൽക്കുന്ന വിശ്വാസം. അതിനാൽതന്നെ വർഷത്തിൽ ഏതാണ്ട് ആറുമാസത്തോളം സജീവമായിരിക്കുന്ന പ്രദേശമാണെങ്കിൽ കൂടി ആഗസ്റ്റ് 15 മുതൽ രാധാഷ്ടമി വരെയുള്ള ദിവസങ്ങളിലായിരിക്കും ഏറ്റവും കൂടുതൽ തീർത്ഥാടകർ മണിമഹേഷ് യാത്രയ്ക്കായി എത്തിച്ചേരുന്നത്.  രാധാഷ്ടമിയ്ക്ക്  നടക്കുന്ന വലിയ ഉത്സവത്തിന് ശേഷം ഇവിടത്തെ തീർഥാടനകാലം അവസാനിക്കുന്നു. 

മുമ്പൊരിക്കൽ അമർനാഥ് യാത്ര ചെയ്തിട്ടുണ്ടെന്നതിനാൽ ജെ സി ഭായിയും, യാത്ര ദുഷ്കരമായിരിക്കുമെന്നതിനാൽ അദ്ദേഹത്തിന്റെ പത്നി ശ്രീമതി ലളിതാജിയും അമർനാഥ് യാത്ര ഒഴിവാക്കി  മണിമഹേഷ് കൈലാസ യാത്രയ്ക്ക് മാത്രമായി പങ്കെടുക്കാനാണ് താല്പര്യം പ്രകടിപ്പിച്ചത്.  ശേഷിക്കുന്നവരിൽ ഞാനും സുഹൃത്ത് കണ്ണൻ പറമ്പത്തും മുംബൈയിൽനിന്നും കേരളത്തിൽ നിന്നും യഥാക്രമം യാത്രചെയ്ത് ദില്ലിയിൽ കൂടിചേരാനും അവിടെനിന്ന് ജമ്മു കാശ്മീരിലേക്ക് ഒരുമിച്ച് യാത്രചെയ്ത് പതിമൂന്നാം തീയതി അമർനാഥ് ദർശനം കഴിഞ്ഞ് പത്താൻകോട്ടിൽ എത്തിച്ചേരാനും, ഇവിടെ വെച്ച് കേരളത്തിൽ നിന്നും പത്താൻകോട്ടിലേയ്ക്ക് നേരിട്ട് വരുന്ന മറ്റ് രണ്ടുപേരുമായി കൂടിച്ചേർന്നു യാത്രതുടരാനുമായിരുന്നു പൂർണ്ണമായ യാത്രാപദ്ധതി.  ഇതനുസരിച്ച് ടിക്കറ്റുകളെല്ലാം ബുക്ക് ചെയ്തതിനുശേഷം ഞാൻ പതിവുപോലെ നാട്ടിൽ പോയി അമ്മയെയും കുടുംബത്തിലെ മുതിർന്നവരെയും കണ്ട് യാത്രാനുവാദവും അനുഗ്രഹവും വാങ്ങിച്ച് മുംബൈയിൽ തിരിച്ചെത്തി. എന്നാൽ ഞങ്ങൾ തയ്യാറാക്കിയ പദ്ധതിയല്ലായിരുന്നു ഞങ്ങൾക്ക് വേണ്ടി ബോലേയ്ക്കുണ്ടായിരുന്നത്. പത്താം തീയതി അമർനാഥ് യാത്രയ്ക്കുള്ള എല്ലാ തയ്യാറെടുപ്പും പൂർത്തീകരിക്കുന്ന സമയത്താണ് ജമ്മുകാശ്മീരിലെ ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞതുമായി ബന്ധപ്പെട്ട് കാശ്മീരിൽ കർഫ്യു  പ്രഖ്യാപിച്ചതും അമർനാഥ് യാത്ര സാധാരണ ഉള്ളതിൽ നിന്നും കുറവ് ദിനങ്ങളായി വെട്ടിക്കുറയ്ക്കുന്നതും. ഈ വെട്ടിച്ചുരുക്കൽ കാരണം ഞങ്ങൾ യാത്ര ചെയ്യേണ്ടിയിരുന്ന ദിവസം യാത്ര സാദ്ധ്യമല്ലായിരുന്നു. ഇത് ഞങ്ങളുടെ യാത്രാപദ്ധതിയിൽ കാര്യമായ മാറ്റം വരുത്തി. ജമ്മു കാശ്മീരിലേക്കും അവിടെനിന്ന് തിരിച്ചുമുള്ള ടിക്കറ്റുകൾ ക്യാൻസൽ ചെയ്ത്, 13ന് ദില്ലി വഴി പത്താൻകോട്ടിലേയ്ക്ക് വരാൻ വേണ്ട രീതിയിൽ കാര്യങ്ങൾ മാറ്റിയെടുക്കേണ്ട അവസ്ഥയാണ് ഇതിനെ തുടർന്ന് ഉണ്ടായത്. ഭാഗ്യവശാൽ ആ ദിവസങ്ങളിൽ വലിയ ബുദ്ധിമുട്ടുകളൊന്നും കൂടാതെ തന്നെ ടിക്കറ്റുകൾ ലഭിക്കുകയുണ്ടായി.  

ദില്ലിയിൽ നിന്ന് പത്താൻകോട്ടിലേക്ക് രാവിലെ പതിനൊന്നരയ്ക്ക് എത്തിച്ചേരുവാനായി സഞ്ചരിക്കേണ്ടിയിരുന്നത് വളരെ കൗതുകകരമായ ഒരു കൊച്ചു വിമാനത്തിലായിരുന്നു.  നാല്പതോളം സീറ്റുകൾ മാത്രം വരുന്ന ഇന്ത്യൻ എയർലൈൻസിന്റെ ഈ വിമാനം വളരെ രസകരമായ ഒരു യാത്രാനുഭൂതിയാണ് നൽകിയത്.  പത്താംകോട്ടിൽ ഇറങ്ങി മുൻപേ ബുക്ക് ചെയ്തിരുന്ന ഹോട്ടൽ വുഡ്‌ലാൻഡ്സിലെത്തി അന്നത്തെ ദിവസം ഞങ്ങൾ അവിടെ വിശ്രമിച്ചു. ഏതാനും മാസങ്ങൾക്ക് മുമ്പ്  കുടുംബവുമായി  നടത്തിയ അമൃത് സർ – ഡെൽഹൌസി യാത്രയിൽ വെച്ച്  പരിചയപ്പെട്ട അമൃത് സർകാരനായ രാജു പാജി എന്ന് ഞങ്ങൾ വിളിക്കുന്ന രാജു സിങ്ങിനെയും അദ്ദേഹത്തിന്റെ കാറുമാണ്  തുടർന്നുള്ള യാത്രയ്ക്കായി ഞങ്ങൾ ബുക്ക് ചെയ്തിരുന്നത്.   പ്രതീക്ഷിച്ചപോലെ 14 ന് രാവിലെ തന്നെ പാജി എത്തിച്ചേർന്നു. കുശലാന്വേഷണങ്ങൾക്കും സൗഹൃദം പുതുക്കലിനും ശേഷം 175 കിലോമീറ്റർ ദൈർഘ്യമുള്ള ഹഡ്‌സർ യാത്രയ്ക്കായി പാജി ഞങ്ങളെയും കൊണ്ട് യാത്ര പുറപ്പെട്ടു. പത്താൻകോട്ടിൽ നിന്നും ബദാനി കഴിയുമ്പോൾ തന്നെ യാത്ര മലമ്പാതകളിലേയ്ക്ക് മാറ്റപ്പെടും. വളഞ്ഞും പുളഞ്ഞും പോകുന്ന ഈ വഴികളിലൂടെ പരിചയ സമ്പന്നതയില്ലാത്തവർ വണ്ടിയോടിച്ചാൽ യാത്രക്കാർക്ക് ക്ഷീണവും മലകയറി ഉയരം വർദ്ധിക്കുന്നതിന്റെ ശാരീരിക അസ്വാസ്ഥ്യങ്ങളും വർദ്ധിക്കും. അങ്ങിനെ അവശരായാൽ അതൊരുപക്ഷെ പിറ്റേന്നത്തെ യാത്രയെ തന്നെ ബാധിക്കുകയും ചെയ്യും. മലമ്പാതകളിൽ കൂടി വാഹനം കൈകാര്യം ചെയ്യുന്നതിൽ പാജിയ്ക്കുള്ള മികവ് ഡെൽഹൌസി യാത്രയിൽ തന്നെ ഞാൻ ശ്രദ്ധിച്ചിരുന്നു.  ഈ യാത്രയ്ക്കായി പാജിയെ തന്നെ വിളിക്കാനുള്ള രണ്ടാമത്തെ കാരണം അതാണ്. ആദ്യത്തേത് തീർച്ചയായും പാജി എന്ന വ്യക്തിയുടെ സ്വഭാവ നൈർമല്യമാണ്. ഈ കാലത്തും ഇത്രയേറെ ഋജുവായി ചിന്തിക്കുന്നവരുണ്ടോ എന്നാകും പാജിയെ പരിചയപ്പെടുമ്പോൾ ആദ്യം തോന്നുന്ന വികാരം. പിറ്റേന്ന് മലമുകളിലേക്ക് നടന്നുകയറേണ്ട  യാത്രികരാണ് തന്റെ വാഹനത്തിലുള്ളത് എന്ന ഉത്തമബോദ്ധ്യത്തിൽ തന്നെയാണ് പാജി അന്ന് വണ്ടി ഓടിച്ചുകൊണ്ടിരുന്നത്. അധികം ഇളക്കങ്ങളോ ഉലച്ചിലോ ഇല്ലാതെ മിതമായ വേഗതയിൽ ഞങ്ങൾ പതിയെ മുകളിലോട്ട് കയറിക്കൊണ്ടിരുന്നു. വഴിയിലുടനീളം സ്വാദിഷ്ടമായ ഭക്ഷണങ്ങൾ കിട്ടുന്ന സ്ഥലങ്ങളിൽ എത്തുമ്പോൾ പാജി വണ്ടി നിറുത്തിത്തരുമെന്നതിനാൽ ഈ മേഖലയിലെ ഭക്ഷ്യവൈവിധ്യങ്ങൾ അനുഭവിച്ചറിയുന്നത് കൂടിയായി യാത്ര.

പാജിയുടെ നിർദ്ദേശപ്രകാരം ഞങ്ങൾ വൈകീട്ട് തങ്ങാൻ തീരുമാനിച്ചിരുന്ന സ്ഥലം ബാർമോറിലേയ്ക്ക് മാറ്റി. ഇവിടെ നിന്നാകുമ്പോൾ അധികം സമയമില്ലാതെ രാവിലെ കയറ്റം ആരംഭിക്കുന്നിടത്ത് എത്താമെന്നുള്ളതായിരുന്നു ഈ തീരുമാനത്തിന്റെ ഗുണം. അധികം വികാസമൊന്നും പ്രാപിക്കാത്ത ഒരു മലയോര പ്രദേശമാണ് ബാർമോർ. ബ്രഹ്മപുര എന്നപേരിലും അറിയപ്പെടുന്ന ഈ ഗ്രാമം സമുദ്രനിരപ്പിൽ നിന്നും ഏഴായിരം അടി ഉയരത്തിൽ സ്ഥിതിചെയ്യുന്നു. ശിവന്റെ സാമ്രാജ്യമായി അറിയപ്പെടുന്ന ഇവിടുത്തെ ജനങ്ങളെ ശിവന്റെ പ്രജകളായി ഗണിക്കുന്നു. ആടുവളർത്തൽ പ്രധാന തൊഴിലായി സ്വീകരിച്ചിരുന്ന പുരാതന  ബാർമോറുകാർ തങ്ങൾക്ക് ഈ തൊഴിൽ നൽകിയത് ബോലെയാണെന്ന് വിശ്വസിക്കുന്നു. പത്താം നൂറ്റാണ്ടിൽ നിർമ്മിച്ചതടക്കം പ്രസിദ്ധമായ പല ക്ഷേത്രങ്ങളും ബാർമോറിലുണ്ട്. ലക്ഷണ ദേവി ക്ഷേത്രം, നരസിംഹ ക്ഷേത്രം, നന്ദികേശ ക്ഷേത്രം, ധർമേശ്വർ മഹാദേവ ക്ഷേത്രം, മണിമഹേഷ് ശിവക്ഷേത്രം എന്നിവയൊക്കെ പ്രസിദ്ധങ്ങളാണ്. ബാർമോറിൽ നിന്നും ഏതാണ്ട് അഞ്ച് കിലോമീറ്റർ മലമുകളിലേക്ക് യാത്ര ചെയ്‌താൽ അതി പ്രശസ്തമായ ബാർമാണി ക്ഷേത്രം സ്ഥിതിചെയ്യുന്നിടത്ത് എത്തിച്ചേരാം.  വലിയ വാഹനങ്ങൾക്ക് സഞ്ചരിക്കാനാവാത്ത ഈ വഴികളിലൂടെ യാത്രക്കാരെ കൊണ്ട് പോകാനായി പ്രദേശത്ത് ധാരാളം ടാക്സിക്കാർ സജീവമാണ്. മണിമഹേഷ് കൈലാസ യാത്ര ചെയ്യുന്നവർ ഇവിടെ നിർബന്ധമായും ദർശനം നടത്തണം എന്നാണ് വിശ്വാസം. മണിമഹേഷിലേയ്ക്കുള്ള യാത്രാമധ്യേ തന്നെ പ്രാർത്ഥിച്ചു പ്രസന്നനാക്കിയ ബാർമാണി ദേവിയ്ക്ക് ബോലേ കൊടുത്ത വരമാണ് ഇത്. മണിമഹേഷിൽ തന്നെ കാണാൻ വരുന്നവർ ബാർമാണി ദേവിയെയും കാണാൻ എത്താതെ ദർശനം പൂർണ്ണമാകില്ല എന്നതായിരുന്നു ഈ വരമെന്നതിനാൽ ഈ ക്ഷേത്രത്തിൽ എപ്പോഴും മണിമഹേഷ് യാത്രക്കാരുടെ തിരക്കായിരിക്കും. 

വൈകീട്ട് 5 മണിയോടടുത്തതാണ് ഞങ്ങൾ ബാർമോറിൽ എത്തിച്ചേരുന്നത്. ശാന്തസുന്ദരമായ തണുപ്പുള്ള കാലാവസ്ഥയായിരുന്നു ബാർമോറിലേത്. മൂന്നുദിവസം  മുൻപുവരെ കാറ്റും മഴയുമുള്ള പ്രക്ഷുബ്ദമായ കാലാവസ്ഥയായിരുന്നു ഇവിടെയെന്നുള്ളതിനാൽ ഈ തെളിച്ചത്തെ ഒരനുഗ്രഹമായി കണക്കാക്കേണ്ടിവരും. ഇതേ കാലാവസ്ഥ രണ്ട് ദിവസത്തേയ്ക്ക് കൂടി നീണ്ടുനിന്നാൽ യാത്ര സുഗമമായി നടക്കാനുള്ള സാദ്ധ്യതയുണ്ട്. ബാർമോറിൽ മുൻകൂട്ടി മുറികൾ ബുക്ക് ചെയ്തിട്ടില്ലാത്തതിനാൽ പറ്റിയ താമസസ്ഥലം തേടി അല്പം അലയേണ്ടി വന്നു. ഒടുവിൽ ആഡംബരങ്ങൾ ഒന്നുമില്ലാത്ത എന്നാൽ ആവശ്യത്തിന് സൗകര്യങ്ങളുള്ള ഒരു രണ്ടുനില ലോഡ്ജിൽ രണ്ട് മുറികൾ ഞങ്ങൾക്ക് അനുവദിച്ചു കിട്ടി. പാജിയുടെ മുറിയും തരക്കേടില്ലാത്ത സൗകര്യങ്ങൾ ഉള്ളതായിരുന്നു. കൂടുതൽ അലയാതെ നാളത്തെ യാത്രയ്ക്ക് മുൻപായി സാദ്ധ്യമായത്രയും  വിശ്രമമെടുക്കുക എന്നുള്ള ലക്ഷ്യമുള്ളതിനാൽ ബാർമോറിൽ കറങ്ങി നടക്കാനുള്ള പരിപാടി ഞങ്ങൾ പിന്നീടത്തെയ്ക്ക് മാറ്റി വെച്ചു. മലമുകളിൽ അടുക്കുകളായി ഭൂമി തിരിച്ച് കൃഷി ചെയ്യുന്ന രീതിയാണ് ഇവിടെ അവലംബിക്കുന്നത്. ഞങ്ങൾ താമസിക്കുന്ന ലോഡ്ജിന് മുൻപിൽ നിന്ന് നോക്കിയാൽ ഇത്തരം കൃഷിയിടങ്ങളും അതിനിടയ്ക്ക് വീടുകളും ഇവയ്ക്കിടയിലൂടെ വളഞ്ഞു പുളഞ്ഞ് പോകുന്ന മലമ്പാതയുടെയും സുന്ദര ദൃശ്യം കാണാം. ഇരുട്ട് കനത്ത് തണുപ്പ് വർദ്ധിക്കുന്നത് വരെ ഞങ്ങൾ ഈ ബാൽക്കണിയിൽ തന്നെ കഴിച്ചു കൂട്ടി. ഇത്തവണത്തെ അധികം ലഗേജുകൾ പാജിയുടെ വണ്ടിയിൽ തന്നെ സൂക്ഷിക്കാമെന്നുള്ളതിനാൽ റൂം നാളെ ഒഴിഞ്ഞുകൊടുക്കാനാകും. യാത്രയ്ക്കാവശ്യമായ രണ്ട് ദിവസത്തെ വസ്ത്രങ്ങൾ മാത്രം പ്രത്യേകം ബാഗിലാക്കി ഞങ്ങൾ രാത്രി തന്നെ ഒതുക്കി വെച്ചു. മഴയുടെ പ്രതീക്ഷയുള്ളതിനാൽ ഷൂ വരെ മഴയിൽ നിന്നും സംരക്ഷിക്കാൻ വേണ്ട സാമഗ്രികൾ ഞങ്ങൾ തയ്യാർ ചെയ്ത് കൊണ്ടുവന്നിരുന്നു. ഹിമാചലിലെ മറ്റ് കൈലാസങ്ങളിൽ നിന്നും മണിമഹേഷ് കൈലാസം വഴി നീളെയുള്ള ക്യാമ്പുകളുടെയും ഭക്ഷണശാലകളുടെയും സൗജന്യ ഭക്ഷണം നൽകുന്ന ഭണ്ടാരകളുടെയും കാര്യത്തിൽ വളരെ മുന്നിലാണ്. അതികഠിനമായ ശൈത്യകാലത്തൊഴികെ മണിമഹേഷ് കൈലാസത്തിലെ ശിവ കുണ്ഡിന്റെയും ഗൗരി കുണ്ഡിന്റെ കരകളിലെ സ്ഥിരം താവളങ്ങളിലും സന്യാസിമാർ താമസമുണ്ടായിരിക്കുകയും ചെയ്യും. അതിനാൽ തന്നെ ആകെ ഉണ്ടായിരുന്ന ആശങ്ക മഴയെക്കുറിച്ചായിരുന്നു. മഴ പെയ്താൽ യാത്ര അതീവദുഷ്കരമാകും എന്നതിനാൽ മഴ ഒഴിവാക്കി തരണേ എന്നായിരുന്നു ഉറക്കം കൺപോളകളെ തഴുകി അടക്കും വരെ മനസ്സിൽ നിറഞ്ഞുനിന്ന പ്രാർത്ഥന. 

Share: