മായം കോട്ട് മലഞ്ചെരിവ് മലനട ക്ഷേത്രം

ശകുനി എന്ന പേരു കേൾക്കുമ്പോഴേ നമ്മുടെ മനസ്സിൽ ഓടിയെത്തുന്നത് ചൂതുകളിയിൽ സഹോദരന്മാരെ തമ്മിലടിപ്പിച്ചു ഇല്ലാതാക്കിയ ദുഷ്ട കഥാപാത്രമാണ്. ഹിന്ദു ഇതിഹാസമായ മഹാഭാരതത്തിലെ ഏറ്റവും ദുഷ്ടനായ കഥാപാത്രമായാണ് ശകുനി വിശേഷിപ്പിക്കപ്പെടുന്നത്. ആ ദുഷ്ടന് ഒരു ക്ഷേത്രം, അതും നമ്മുടെ കൊച്ചു കേരളത്തിൽ, അത്ഭുതം തോന്നുന്നുണ്ടോ? ആ വിശേഷത്തിലേയ്ക്ക് കടക്കും മുൻപ് ശകുനി എങ്ങനെ ദുഷ്ട കഥാപാത്രമായി എന്ന കഥ ആദ്യം പറയാം.

ശകുനി ദുര്യോധനന്റെ അമ്മാവനായിരുന്നു എന്ന് അറിയാമല്ലോ? ശകുനി രാജ്യം പിടിച്ചെടുക്കാന്‍ ദുര്യോധനനെ സഹായിക്കുകയായിരുന്നു എന്നല്ലേ നമ്മുടെ അറിവ്, എന്നാൽ യഥാര്‍ത്ഥത്തിൽ ശകുനി കുരുവംശത്തോട് പകവീട്ടുകയായിരുന്നു. ഭീഷ്മരെ ഭയന്ന് സഹോദരിയായ ഗാന്ധാരിയെ നിര്‍ബന്ധപൂര്‍വം അന്ധനായ ധൃതരാഷ്ട്രർക്ക് വിവാഹം കഴിച്ചു കൊടുക്കേണ്ടിവന്ന ദയനീയത. ഭീഷ്മരും, പാണ്ഡുവും ചേര്‍ന്ന് ഗാന്ധാരം ആക്രമിച്ച് തോൽപ്പിക്കുകയും, സുബലന്റെ കുടുംബത്തില്‍ ഉണ്ടായിരുന്ന പുരുഷ പ്രജകളെ എല്ലാം വധിക്കുകയും, ശകുനിയുടെ അച്ഛന്‍ (സുബലനെയും) ശകുനിയെയും മറ്റു സഹോദരന്മാരെയും (നൂറു സഹോദരന്മാർ ഉണ്ടായിരുന്നു എന്ന് ചില സ്ഥലത്ത് പറയുന്നു) ബന്ധിച്ചു കാരഗൃഹത്തിലാക്കുന്നു. അവർക്ക് ഒരു ദിവസത്തെ ആഹാരമായി ആകെ കൊടുത്തിരുന്നത് ഒരു പിടി മലരായിരുന്നു. ബുദ്ധിമാനും അഭിമാനിയുമായിരുന്ന സുബല൯ പറഞ്ഞത് കുരുവംശത്തോട് നമുക്ക് പ്രതികാരം ചെയ്യണം. ഒരുദിവസം കിട്ടുന്ന ആഹാരം മുഴുവനും കൂട്ടത്തിൽ ഏറ്റവും ബുദ്ധിമാനായ ശകുനിക്ക് നൽകി സുബലനും ശകുനിയുടെ മറ്റു സഹോദരന്മാരും പട്ടിണി കിടന്നു മരിക്കുകയും മരിക്കുന്നതിനു മുൻപ് സുബലനും ബന്ധുക്കളും അനുഭവിച്ച കഷ്ടപ്പാടുകളും അപമാനവും ഒരിക്കലും മറക്കാതിരിക്കുവാ൯, ശകുനി, ഇടതു കാലിന്റെ പെരുവിരലും അസ്ഥിയും കയ്യിലുണ്ടായിരുന്ന ദണ്ഡ് കൊണ്ട് ഇടിച്ചു പൊട്ടിച്ച് മുടന്തനാകുകയും ചെയ്തു. മരിക്കുന്നതിനു മുൻപ് സുബലൻ താന്‍‍ മരിച്ചാല്‍ തന്റെ നട്ടെല്ലിലെ കശേരുക്കളെടുത്ത് പകിടകൾ ഉണ്ടാക്കണമെന്നും, ആ പകിടകള്‍ ഉപയോഗിച്ചു കളിച്ചാൽ ശകുനി ഒരിക്കലും തോല്‍ക്കില്ലെന്നും ശകുനിയോട് പറഞ്ഞു. പകിട കളിക്കുമ്പോള്‍ സുബലന്റെ ആത്മാവ് ആ പകിടകളില്‍ ആവേശിക്കുമായിരുന്നു. ഗാന്ധാരിയുടെ വൈധവ്യദോഷം തീര്‍ക്കാന്‍ അവളെ ഒരു കഴുതയെക്കൊണ്ട് കല്യാണം നടത്താന്‍ ജ്യോതിഷികള്‍ വിധിച്ചു ആ കഴുതയെ കൊന്ന് വൈധവ്യത്തെ ഗാന്ധാരി മറികടന്നു. പെങ്ങളായ ഗാന്ധാരി പിന്നീടാണു വിവരങ്ങളെല്ലാം അറിയുന്നത് അവർ ശകുനിയെ മോചിപ്പിച്ചു, ഗാന്ധാരിയുടെവിവാഹശേഷം ഹസ്തിനപുരിയിലേക്ക് പുറപ്പെട്ടു.

ശകുനിയുടെ ലക്ഷ്യപ്രാപ്തിക്ക്‌ ഹസ്തിനപുരിയിൽ താമസിച്ചേ പറ്റൂ. അങ്ങനെ മനസിൽ ഒടുങ്ങാത്ത പ്രതികാരത്തിന്റെ കനലുകളും പേറി ദുര്യോധനന്റെ സന്തതസഹചാരിയായി ശകുനി …ഒരു കാര്യം ശകുനിയ്ക്ക് മനസിലായി. പുറത്തുനിന്നാർക്കും കുരുവംശത്തെ നശിപ്പിക്കാൻ കഴിയില്ല. അവർ തമ്മിൽത്തല്ലി തന്നെ തീരണം. അതിനുള്ള ഒരേയൊരു വഴി പാണ്ഡവരും കൗരവരും തമ്മിൽ വൈരം വളർത്തുക, തമ്മിൽ തല്ലിക്കുക, പരസ്പരം കൊല്ലിക്കുക എന്നതുമാത്രം…പാണ്ഡവർ ഒരിക്കലും ശകുനിയ്ക്ക്  ശത്രുക്കളല്ലായിരുന്നു. ശകുനിയങ്ങിനെ ഭാവിച്ചു എങ്കിലും… പ്രതികാരം നിറവേറ്റാനുള്ള ശകുനിയുടെ കരുക്കൾ മാത്രമായിരുന്നു പാണ്ഡവർ. പാണ്ഡവരെ കൊല്ലാനുള്ള ദുര്യോധനന്റെ പല പദ്ധതികളും ശകുനി തന്നെ പൊളിച്ചു. പാണ്ഡവരിലൂടെയാണു ശകുനിയ്ക്ക് പ്രതികാരം നിറവേറ്റേണ്ടത്‌. കർണ്ണനെ ശകുനിയ്ക്കിഷ്ടമായിരുന്നില്ല. കർണ്ണന്റെ ജന്മരഹസ്യം അറിഞ്ഞിട്ടൊന്നുമല്ല. ശകുനിയുടെ ലക്ഷ്യപ്രാപ്തിക്ക്‌ ഒരേയൊരു തടസ്സം കർണ്ണനായേക്കാം എന്നതിനാലായിരുന്നു ആ ഇഷ്ടക്കുറവ്. ദുര്യോധനനെ പാണ്ഡവരിൽ നിന്നു രക്ഷിക്കാൻ കർണ്ണനു സാധിച്ചേക്കാം…ഒടുവിൽ ശകുനി ഉദ്ദേശിച്ചപോലെയെല്ലാം കാര്യങ്ങൾ നടന്നു. അതിന്റെ അവസാനം മഹാഭാരതയുദ്ധം. ശകുനിയുടെ ജീവൻ ബലികൊടുത്ത്‌ ശകുനി തന്റെ പ്രതികാരം പൂർത്തിയാക്കി. യുദ്ധഭൂമിയിൽ സഹദേവന്റെ ശരമേറ്റ്‌ ശകുനി വീണു കിടക്കുന്നു. ഈ കുരുക്ഷേത്ര ഭൂവിൽ ചോരയണിഞ്ഞ്‌ കിടക്കുന്ന ശകുനിയുടെ മുഖത്ത്‌ നിങ്ങൾക്കൊരു പുഞ്ചിരി കാണാം. ഭാരതവർഷത്തിലെ ഏറ്റവും ശക്തമായ ഒരു വംശത്തെ വെറും പകിട മാത്രം ആയുധമാക്കി നശിപ്പിച്ചവനാണ് ശകുനി. കണ്മുമ്പിൽ വിശന്നു മരിച്ചുവീണ അച്ഛനോടും സഹോദരന്മാരോടുമുള്ള വാക്കു പാലിച്ചവനാണു ശകുനി. ആ സംതൃപ്തി നിറഞ്ഞ പുഞ്ചിരിയാണു ശകുനിയുടെ മുഖത്തു കാണുന്നത്. ശകുനിയുടെ യഥാര്‍ത്ഥ ഉദ്ദേശം പഞ്ചപാണ്ഡവരിൽ സഹദേവനോഴികെ ആര്‍ക്കും അറിയില്ലായിരുന്നു.പക്ഷെ സഹദേവന് ആ സത്യം ആരെയും അറിയിക്കാന്‍ കഴിയില്ലായിരുന്നു. മഹാഭാരത യുദ്ധം ഉണ്ടാവുമെന്നും അതിന്റെ പരിണിത ഫലങ്ങളും സഹദേവന് അറിയാമായിരുന്നു. പക്ഷെ സഹദേവന് ഒരു ശാപമുണ്ടായിരുന്നു, ഇതെല്ലം അരോടെങ്കിലും പറഞ്ഞിരുന്നെങ്കില്‍, സഹദേവന്‍ മരിക്കുമായിരുന്നു.

കൊല്ലം ജില്ലയിലെ കൊട്ടാരക്ക‌ര താലൂക്കിലെ പവിത്രേശ്വരം എന്ന സ്ഥല‌ത്ത് സ്ഥിതി ചെയ്യുന്ന മായംകോട്ട് മലഞ്ചരുവ് മലനട ക്ഷേത്രമാണ് ഇന്ത്യയിലെ തന്നെ ഏക ശകുനി ക്ഷേത്രം. ഈ സ്ഥലത്ത് വച്ചാണ് ശകുനി പരമശിവനിൽ നിന്ന് മോക്ഷം നേടിയതെന്നാണ് വി‌ശ്വാസം. ഈ ക്ഷേത്രത്തിന് അകത്തായി വലിയ ഒരു കരിങ്കല്ല് കാണാം. ഈ കരി‌ങ്കല്ലിൽ തപസ്സിരുന്നാണ് ശകുനി ശിവനെ പ്രസാദിപ്പിച്ചതെന്നാണ് വിശ്വാസം.

പൂജകൾ ഇല്ലാ‌ത്ത ക്ഷേത്രം

മറ്റു ക്ഷേത്രങ്ങളിലേത് പോലെ ഈ ക്ഷേത്രത്തിൽ പൂജ നടത്താറില്ല. എന്നാൽ ഭക്തർ ശകുനിക്ക് കള്ള്, പട്ട്, ഇളനീർ എന്നിവ കാണിക്ക നൽകാറുണ്ട്. ഇവിടുത്തെ കുറവർ എന്ന സമുദാ‌യമാണ് ശകുനിയെ ആരാധിക്കുന്നത്. ശകുനി ഒരു ദുഷ്ട കഥാപാത്രം അല്ലെന്നാണ് അവരുടെ വിശ്വാസം. സാഹചര്യങ്ങളാണ് ശകുനിയെ പ്രതികരം ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് അവരുടെ വിശ്വാസം. ഈ കഥ ശരിയാണെങ്കിൽ ശകുനി ഒരിക്കലും വില്ലനല്ല. കൊല്ലം ജില്ലയിൽ കൊട്ടാരക്കരയ്ക്കടുത്ത് പവിത്രേശ്വരം എന്ന സ്ഥലത്താണ് മായം കോട്ട് മലഞ്ചെരിവ് മലനട ക്ഷേത്രം.

അജ്ഞാത കർത്തുകം 

Share: