Narayan Ashram

കാളി ഗംഗയുടെ ഗർജ്ജനത്തിലേയ്ക്കാണ് അന്ന് കാലത്ത് ഞങ്ങൾ ഉണർന്നെഴുന്നേറ്റത്. ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരസുലഭ ദർശനമായിരുന്നു ഗസ്റ്റ്ഹൌസിലെ ബാൽക്കണികളിൽ നിന്ന് നോക്കുമ്പോൾ കാണുന്ന കാളിനദി. രാത്രി മുഴുവൻ മഴ തുള്ളിയിട്ടിരുന്നു. ആ വെള്ളം മുഴുവൻ തലയിലേറ്റി മരങ്ങൾ മുന്നിലോട്ടു കുനിഞ്ഞു നിൽക്കുന്നത് കണ്ടാൽ അവ കാളിനദിയെ വണങ്ങുകയാണോയെന്ന് തോന്നിപ്പോകും. രാത്രിയിൽ പെയ്ത മഴകാരണം നദിയിലെ വെള്ളവും ഒഴുക്കും കൂടിയിട്ടിട്ടുണ്ട്. വഴിമുടക്കുന്ന പാറകളെ രോഷത്തോടെ ആക്രമിക്കുകയായിരുന്നു നദി. ഇത് ഇടിമുഴക്കത്തോളം ഉച്ചത്തിൽ താളാത്മകമായ ഒരു ശബ്ദം പുറപ്പെടുവിച്ചു. മലഞ്ചെരുവുകളിലെ കിളികൂജനങ്ങൾ കാളിയുടെ ഈ അലറലിൽ അലിഞ്ഞില്ലാതെയായി. ആ ദിവസം കാളിയുടേതായിരുന്നു, രൗദ്രമാർന്ന മുഖത്തോടെ അവളത് ലോകത്തോട് വിളിച്ചു പറഞ്ഞു. കുളിമുറികൾ ഊഴമിട്ട് ഉപയോഗിക്കാൻ വേണ്ട ഇടവേളകളിൽ ഞങ്ങൾ ഈ മനോഹാരിതയിൽ നിന്നും കണ്ണുകൾ മാറ്റാനാകാതെ ബാൽക്കണിയിൽ തന്നെ ചിലവഴിച്ചു. യാത്രക്കാരിൽ പലരും ഈ മനോഹാരിതയെ പുറംലോകത്തേയ്‌ക്കെത്തിക്കാനായി സ്വന്തം ക്യാമറകളുമായി താഴേയ്ക്ക് വരുന്നുണ്ടായിരുന്നു. ഞാനും ക്യാമറയുമായി ഇറങ്ങിയെങ്കിലും കാളിയുടെ ആ കാണുന്ന മനോഹാരിത അതെ രീതിയിൽ പകർത്താനുള്ള ശേഷി ക്യാമറകൾക്കില്ല എന്ന തിരിച്ചറിവിൽ പെട്ടന്ന് തന്നെ എത്തിച്ചേർന്നു.

അന്നത്തെ ദിവസം യാത്ര ആരംഭിക്കുന്നത് രാവിലെ എട്ട് മണിയ്ക്കാണ്. കാലത്ത് അഞ്ചരയ്ക്ക് തന്നെ ഉണർന്നിരുന്നതിനാൽ വളരെ സാവധാനത്തിൽ തയ്യാറാവാനുള്ള സമയം ഉണ്ടായിരുന്നു. ഏഴ് കഴിഞ്ഞപ്പോൾ ഞങ്ങൾ പ്രഭാതഭക്ഷണം കഴിക്കാൻ പോകുകയും പിന്നീട്  ഗസ്റ്റ് ഹൌസിലെ പോർട്ടിക്കോയിൽ ഒത്തുചേരുകയും ചെയ്തു. നാരായൺ ആശ്രമത്തിലേയ്ക്ക് ഞങ്ങളെ കൊണ്ടുപോകാനായി അനേകം ജീപ്പുകൾ വരിവരിയായി അവിടെ തയ്യാറായി കിടക്കുന്നുണ്ടായിരുന്നു. അപ്പോഴേക്കും രൂപപ്പെട്ടിരുന്ന കൊച്ചു സൗഹൃദ കൂട്ടായ്മകളനുസരിച്ച് ആളുകൾ വണ്ടികളിൽ ഇരിപ്പിടങ്ങൾ കണ്ടെത്താൻ മുൻപേ തുടങ്ങിയതിനാൽ യാത്ര കൃത്യസമയത്ത് തന്നെ ആരംഭിച്ചു. ധാർച്ചുല പട്ടണത്തിൽ നിന്ന് 24 കിലോമീറ്റർ ദൂരെയാണ് നാരായൺ ആശ്രമം. ഏതാണ്ട് ഒരു മണിക്കൂർ നേരത്തെ യാത്രയുണ്ടാകും അവിടേയ്ക്ക്. പോകുന്ന വഴിയ്ക്ക് പലയിടത്തും പ്രകൃതി ഭംഗിയാസ്വദിക്കാനായി ഡ്രൈവർമാർ വാഹനങ്ങൾ നി​റുത്തിത്തന്നു. ഒരു കോൺവോയ് ആയി നീങ്ങിയ വാഹനങ്ങൾ ഇടയ്ക്കു ഞങ്ങളെ യാത്രയിൽ അനുഗമിക്കുന്ന ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്‌സിലെ ഓഫീസർമാർക്കായി അല്പനേരം കാത്തു കിടന്നു. ധാർച്ചുലയിൽ താമസിക്കുന്ന ധാരാളം പോർട്ടർമാരും ഈ വാഹനങ്ങളിൽ ഞങ്ങളോടൊപ്പം യാത്ര ചെയ്തിരുന്നു. ഞങ്ങളുടെ വാഹനത്തിന് മുൻപിൽ പോയിരുന്ന ജീപ്പിന് പുറകിൽ വളരെ ചെറുപ്രായത്തിലുള്ള ഒരു പോർട്ടർ ഞാന്നു പിടിച്ചു സാഹസികമായി യാത്ര ചെയ്യുന്നുണ്ടായിരുന്നു. ആടിയുലഞ്ഞുള്ള ആ പോക്ക് കണ്ടപ്പോൾ ഞങ്ങളുടെ ഡ്രൈവർ തലപുറത്തിട്ടു സീറ്റുകൾ കാലിയായി കിടക്കുമ്പോൾ എന്തിനാണ് ഇങ്ങിനെ സാഹസികയാത്ര ചെയ്യുന്നതെന്ന് ഉച്ചത്തിൽ വിളിച്ച് ചോദിക്കുകയും മുൻപിലെ വാഹനം നിർത്തിയപ്പോൾ ഞങ്ങളുടെ വണ്ടിയിൽ ഒഴിവുണ്ടായിരുന്ന രണ്ടു സീറ്റുകളിലൊന്നിൽ കക്ഷിയോട് വന്നിരിക്കാൻ ക്ഷണിക്കുകയും ചെയ്തു. ചീത്തവിളികേട്ടതിലെ ഇളിഭ്യത മാറാത്ത ചിരിയുമായി ​​കക്ഷി ഞങ്ങളോടൊപ്പം വന്നിരുന്നു യാത്ര തുടർന്നു.

വഴിമധ്യേ ഞങ്ങൾ ധാർച്ചുല ഡാമിന്റെ പരിസരത്ത്  കൂടി കടന്നുപോയി. ചിർക്കില ഡാം എന്നും ഈ ഡാമിന് പേരുണ്ട്. കാളിനദിക്ക് കുറുകെയാണ് ഈ ഡാം പണിതിരിക്കുന്നത്. ഇവിടെയുള്ള 1500 കിലോവാട്ട് ഉല്പാദനശേഷിയുള്ള പവർ സ്റ്റേഷനിൽ നിന്നാണ് അടുത്തുള്ള പ്രദേശങ്ങളിലേക്ക് വൈദ്യുതി എത്തിക്കുന്നത്. ഈ ഡാമും പരിസരങ്ങളും അതീവ മനോഹരമായി തോന്നിയതിനാൽ ഞങ്ങൾ അവിടെ വാഹനങ്ങൾ നിർത്തി കുറച്ച് ഫോട്ടോസെടുത്തു. ഈയടുത്തകാലത്തായി ഹിമാലയത്തിൽ നിരനിരയായി ഇത്തരത്തിൽ കെട്ടിയുണ്ടാക്കിയിരിക്കുന്ന ഡാമുകളുടെ നിർമ്മാണം ഉത്തരാഖണ്ഡിലുണ്ടായ വെള്ളപ്പൊക്കത്തിന് ഒരു കാരണമായോ എന്ന് കണ്ടുപിടിക്കാൻ സുപ്രീംകോടതി ആയിടെ ഒരു കമ്മീഷനെ നിയമിക്കുകയുണ്ടായി. കമ്മീഷന് അന്വേഷണത്തിനായി നൽകിയ ലിസ്റ്റിൽ ഈ ഡാമും ഉൾപ്പെട്ടിരുന്നു.

ഡാമിനടുത്ത് അല്പസമയത്തെ ഇടവേളയ്ക്കുശേഷം ഞങ്ങൾ വീണ്ടും യാത്ര തുടർന്നു. തുടർന്നങ്ങോട്ട് കുഴഞ്ഞുകിടക്കുന്ന മൺപാതകളായിരുന്നു മുന്നിൽ. ഈ വഴിയിൽക്കൂടി വാഹനമോടിക്കുന്നത് വളരെ പരിചയസമ്പന്നരായ ഡ്രൈവർമാർക്ക് പോലും ഏറെ ശ്രമകരമായിരുന്നു. കുറച്ചുകൂടി മുന്നോട്ട് ചെന്നപ്പോൾ ഈ യാത്രയിൽ ആദ്യമായി മഞ്ഞുമൂടിക്കിടക്കുന്ന ഒരു പർവ്വതശിഖരം ചക്രവാളത്തിൽ കാണാറായി. യാത്രക്കാരെ മുഴുവൻ ആവേശഭരിതരാക്കിയ ഒരു കാഴ്ചയായിരുന്നു ഇത്. അങ്ങോട്ടുമിങ്ങോട്ടും ആടിയുലഞ്ഞു കൊണ്ട് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്ന വാഹനത്തിനുള്ളിൽ നിന്ന് ഇളകാതെ കൈപിടിച്ച് ഒരു ഫോട്ടോ എടുക്കുക എന്നുള്ളത് ഏതാണ്ട് അസാധ്യം തന്നെയായിരുന്നെങ്കിലും ഹിമശിഖരത്തിന്റെ ഈ ദർശനാവേശത്തിൽ ഞാൻ കുറച്ച് ഫോട്ടോകൾ എടുക്കുക തന്നെ ചെയ്തു. ഞങ്ങളുടെ ഒരു വശത്ത് മലകളായിരുന്നുവെങ്കിൽ മറുവശത്ത് ആഴമേറിയ കൊക്കയായിരുന്നു. ഈ താഴ്ചയിൽക്കൂടി അലറിവിളിച്ചുകൊണ്ട് കാളിനദിയൊഴുകുന്നത് വളരെ ഉച്ചത്തിൽ തന്നെ മുകളിൽ കേൾക്കാമായിരുന്നു.

കാളിനദിയുടെ മറുവശത്ത് നേപ്പാളാണ്. ചുറ്റിലും ഉയർന്ന് നിൽക്കുന്ന മലനിരകളും, വളഞ്ഞു പുളഞ്ഞു കിടക്കുന്ന വഴിയും കാരണം പലപ്പോഴും ഇന്ത്യ വിട്ട് യാത്ര നേപ്പാളിലൂടെയായോ എന്നൊരു സംശയം നമുക്ക് തോന്നാം. പക്ഷേ യഥാർത്ഥത്തിൽ ഈ യാത്രയിൽ ഒരിടത്തും തന്നെ ഞങ്ങൾ നേപ്പാളിൽ പ്രവേശിക്കുന്നില്ല. ധാർച്ചുലയിൽ നിന്ന് കാൽനടപ്പാലം വഴി വേണമെങ്കിൽ നേപ്പാൾ മാർക്കറ്റ് കാണാൻ പോകാമെന്നു മാത്രം. വഴിയിൽ പലയിടത്തും ഒറ്റയ്ക്ക് നടന്നു പോകുന്ന യാത്രക്കാരെ കാണാൻ സാധിച്ചു. എപ്പോഴൊക്കെ അവരെ കണ്ടോ അപ്പോഴൊക്കെ ജീപ്പ് ഡ്രൈവർമാർ വണ്ടി നിർത്തി അവരെ വാഹനത്തിലേക്ക് ക്ഷണിച്ചു. പലരും വഴിമധ്യേ നിന്ന് വാഹനത്തിൽ ഇങ്ങിനെ കയറുകയും ഇടയിൽ തന്നെ പല സ്ഥലങ്ങളായി ഇറങ്ങിപോകുകയും ചെയ്തു. അവർ ചെയ്തിരുന്ന ഈ പ്രവർത്തി ശ്രദ്ധിച്ചാൽ അത് ആ പ്രദേശങ്ങളിൽ സാധാരണ നടക്കുന്ന ഒരു പ്രവർത്തനമായി മനസ്സിലാക്കാൻ സാധിക്കും. പ്രായമായ ഏകാന്തയാത്രികർ ഇത്തരം വിജനമായ മലമ്പാതകളിൽ കൂടി ഒറ്റയ്ക്ക് സഞ്ചരിക്കുന്നതിൽ ഉണ്ടായേക്കാൻ ഇടയുള്ള പ്രശ്നങ്ങൾ അവർക്ക് നന്നായി മനസ്സിലാക്കാൻ സാധിക്കുന്നുണ്ടായിരിക്കാം. എന്തായാലും ഒരു കാര്യം തീർച്ച, നഗരവാസികളായ ഞങ്ങളെപ്പോലെ മാനുഷികമൂല്യങ്ങൾ അവർക്ക് ഇനിയും അവിടെ കൈമോശം വന്നിട്ടില്ല.

യാത്രാവസാനം നാരായൺ ആശ്രമത്തിന് മുന്നിലുള്ള മൈതാനത്തിൽ എത്തിയപ്പോൾ അവിടെ വളരെ വലിയൊരു ജനക്കൂട്ടം കൂടി നിൽക്കുന്നതായി കണ്ടു. അവരെല്ലാം തന്നെ യാത്രയ്ക്കായി വന്നു ചേർന്നിട്ടുള്ള പോർട്ടർമാരും കുതിരക്കാരും ആയിരുന്നു. ഞങ്ങളുടെ കൂടെ ധാർച്ചുലയിൽ നിന്ന് യാത്ര ചെയ്തിരുന്ന പോർട്ടർമാരും അവരോടൊപ്പം ചേർന്നു. എല്ലാ വാഹനങ്ങളും എത്തിച്ചേർന്നു കഴിഞ്ഞപ്പോൾ ഈ ബാച്ചിനൊപ്പം KMVN നിയമിച്ചിട്ടുള്ള ഗൈഡ്, ഓരോ യാത്രക്കാരനെയും ലിസ്റ്റിൽ നോക്കി പേരെടുത്ത് വിളിച്ച് അദ്ദേഹത്തിന്റെ കയ്യിൽ സൂക്ഷിച്ചിരിക്കുന്ന ബോക്സിനകത്ത് നിന്ന് ഒരു കുറി തിരഞ്ഞെടുക്കാൻ പറഞ്ഞു. ഇങ്ങനെ നറുക്കെടുക്കുന്ന കുറി തുറന്ന് അതിൽ എഴുതിയിരിക്കുന്ന പോർട്ടറുടെ പേര് അദ്ദേഹം ഉച്ചത്തിൽ വായിക്കുമ്പോൾ ആ പോർട്ടർ മുന്നോട്ടു വന്നു യാത്രക്കാരനുമായി പരിചയപ്പെട്ടു, യാത്രക്കാരന്റെ ബാഗ് ചുമലിലേറ്റു വാങ്ങി നേരെ നാരായണാശ്രമത്തിലേക്കുള്ള ചെറിയ കയറ്റം കയറാൻ തുടങ്ങും. കുതിരയെക്കൂടി ബുക്ക് ചെയ്തിട്ടുള്ളവർ മുകളിലേയ്ക്ക് കയറാതെ കുതിരക്കാർക്കുള്ള നറുക്കെടുപ്പിനായി മൈതാനത്ത് തന്നെ തുടർന്നു. അത്ഭുതമതല്ല, ഇങ്ങിനെ ഒരു നറുക്കിൽ കൂടി തുടങ്ങുന്ന ഈ ബന്ധമാണ് ചിലപ്പോൾ ഒരായുഷ്കാലത്തേയ്ക്കുള്ള സൗഹൃദമായി വളരാൻ പോകുന്നത് എന്നതാണ്.

എന്റെ ഊഴം നറുക്കെടുത്തു കഴിഞ്ഞപ്പോൾ അദ്ദേഹം ആ കുറി തുറന്നു ഉച്ചത്തിൽ വിളിച്ചുകൂവി “രാഹുൽ… രാഹുൽ കുട്ടിയാൻ”. ഒരു ചെറുപ്പക്കാരൻ മുന്നിലുള്ള ആൾക്കൂട്ടത്തെ തള്ളിമാറ്റിക്കൊണ്ട് പെട്ടെന്ന് മുന്നോട്ടുവന്നു. നേരത്തെ ജീപ്പിൽ തൂങ്ങിക്കിടന്ന് യാത്ര ചെയ്യുകയും പിന്നീട് ഞങ്ങളുടെ വാഹനത്തിൽ യാത്ര തുടരുകയും ചെയ്ത അതെ കക്ഷിയായിരുന്നു രാഹുൽ എന്നുള്ളത് കൗതുകകരമായി തോന്നി. ഉയരം കുറഞ്ഞ് നന്നായി വെളുത്തിട്ടാണ് രാഹുൽ, ഈ പ്രായത്തിൽ നഗരത്തിൽ കാണുന്ന ചെറുപ്പക്കാരെപ്പോലെ തന്നെ മുടിയൊക്കെ ജെൽ പുരട്ടി കൂർപ്പിച്ച് മുകളിലേയ്ക്ക് ഉയർത്തി വെച്ചിട്ടുണ്ട്. വെള്ള ത്രീ-ഫോർത്തും ചുവന്ന ടീഷർട്ടുമാണ് വേഷം. പുതിയ ഫാഷനിൽ ഉള്ള ഒരു കറുത്ത കണ്ണട ധരിച്ചിട്ടുണ്ട് രാഹുൽ. കണ്ണുകൾ വ്യക്തമായി കാണാനാകില്ലയെങ്കിലും ഈ ഉയർന്ന മലമ്പ്രദേശത്തെ ജനങ്ങൾക്ക് പൊതുവായുള്ള ശാരീരിക പ്രത്യേകതകൾ രാഹുലിൽ വ്യക്തമായി കാണാനാകുമായിരുന്നു. പെട്ടന്നുള്ള കാഴ്ച്ചയിൽ ഇന്ത്യക്കാരനെക്കാൾ ചൈനക്കാരൻ എന്നാണ് ഇവിടുത്തെ ജനങ്ങളെ അത്ര പരിചയമില്ലാതെ, സൗത്തിൽ നിന്ന് വരുന്ന എനിക്ക് തോന്നിയത്. ചെറിയ ഒരു ഉച്ചാരണ ഭേദമുള്ള ഹിന്ദി ആയിരുന്നു രാഹുലിന്റേത്. ഞങ്ങളാദ്യം പരസ്പരം കൈപ്പിടിച്ചു കുലുക്കി, എന്റെ തോളിൽ കിടന്ന ബാഗ്, രാഹുൽ എടുത്ത് സ്വന്തം തോളിലിട്ടു. കുതിരയെ ബുക്ക് ചെയ്തിട്ടില്ലാത്തതിനാൽ ഞങ്ങൾ രണ്ടാളും നേരെ നാരായൺ ആശ്രമം ലക്ഷ്യമാക്കി മുകളിലേയ്ക്ക് കയറി.

8000 അടി മുകളിലാണ് നാരായൺ ആശ്രമം സ്ഥിതിചെയ്യുന്നത്. 1936ൽ കർണാടകയിൽ നിന്നുള്ള ശ്രീ രാഘവേന്ദ്ര സ്വാമിയാണ് (നാരായൺ സ്വാമി) നാരായണ ആശ്രമം സ്ഥാപിച്ചത്. ആശ്രമം സ്ഥാപിക്കുന്നതിനും നാലുവർഷം മുമ്പ് അദ്ദേഹം കൈലാസ മാനസസരോവർ യാത്രക്കായി ഈ പ്രദേശത്ത് വന്നിരുന്നു. അക്കാലത്ത് കാൽനടയാത്ര ആരംഭിക്കുന്നത് അൽമോറയിൽ നിന്നായിരുന്നു. ഏതാണ്ട് രണ്ടാഴ്ച്ചക്കാലമെടുക്കും ഇപ്പോൾ നാരായണ ആശ്രമം സ്ഥിതിചെയ്യുന്ന സ്ഥലത്തേക്കെത്താൻ. അതുവരെയുള്ള വഴിയിൽ ചിലപ്പോൾ ചില ഗ്രാമങ്ങളും അല്ലെങ്കിൽ പ്രകൃതിജന്യമായ ഗുഹകളുമായിരുന്നു യാത്രകാർക്ക് ആശ്രയം. ഇങ്ങനെ തളർന്നുവരുന്ന യാത്രക്കാർക്കായി സോസോ ഗ്രാമത്തിൽ ശ്രീ കുശാൽ സിംഗ് ഹ്യാങ്കിയുടെ സഹായത്താൽ കുറച്ചു സ്ഥലം വാങ്ങിച്ച് ഒരു ആശ്രമം പണിയാം എന്നദ്ദേഹം തീരുമാനിച്ചു. ഒരു കുടിൽ എന്നുള്ള നിലയിൽ ആരംഭിച്ച ആശ്രമ നിർമ്മാണം നീണ്ട 13 വർഷങ്ങൾ കൊണ്ടാണ് പൂർത്തിയായത്. 1962 ലെ ഇന്തോ-ചൈന യുദ്ധത്തിന് മുൻപുള്ള കാലഘട്ടത്തിൽ നാരായണാശ്രമം കൈലാസ മാനസരോവർ യാത്രക്കാർക്കുള്ള വിശ്രമകേന്ദ്രം ആയിരുന്നു. ഇപ്പോഴത് യാത്ര ആരംഭിക്കുന്ന സ്ഥാനം മാത്രമായി ചുരുങ്ങി. ഞങ്ങൾ ആശ്രമത്തിനകത്ത് പോവുകയും സ്വാമിയുടെയും ആശ്രമത്തിന്റെയും ചരിത്രത്തെക്കുറിച്ച് ഇപ്പോഴത്തെ സൂക്ഷിപ്പുകാരൻ നടത്തിയ വിവരണം ശ്രദ്ധയോടെ കേൾക്കുകയും ചെയ്തു.  ഈ പ്രദേശത്തിന്റെ സാമൂഹിക-ആദ്ധ്യാത്മിക വികസനത്തിൽ ആശ്രമം വഹിച്ച പങ്ക് ഈ വിവരണത്തിൽ നിന്ന് ബോധ്യമായി. ഈ പ്രദേശത്ത് സർക്കാറിൽ ഉന്നത ഉദ്യോഗത്തിലുള്ള ഒരുപാട് ആൾക്കാരുണ്ട്. അവരെല്ലാം തന്നെ ആശ്രമം തുടക്കമിട്ട വിദ്യാഭ്യാസ സംവിധാനങ്ങളിൽക്കൂടി പഠിച്ച് മുന്നോട്ട് വന്നിട്ടുള്ളവരാണ് എന്നതിൽ അവർക്ക് വലിയ അഭിമാനവുമുണ്ട്. ആശ്രമത്തിൽ നിന്നും പ്രസാദം കഴിച്ച് തങ്ങളാൽ കഴിയാവുന്ന വിധത്തിലുള്ള ഒരു ചെറിയ സംഭാവനയും നൽകി ഞങ്ങൾ അടുത്ത ലക്ഷ്യസ്ഥാനമായ KMVN സിർക്ക ക്യാമ്പിലേക്ക് പുറപ്പെട്ടു.

ആശ്രമത്തിൽനിന്ന് പുറത്തേക്കിറങ്ങിയപ്പോൾ ബുക്ക് ചെയ്തിരിക്കുന്ന കുതിരയെ ഒഴിവാക്കാൻ ശ്രമിക്കുന്ന ഒരു യാത്രക്കാരനെ ഞാൻ കണ്ടു. സസന്തോഷം അദ്ദേഹത്തിന്റെ ബുക്കിംഗ് ചാർജ് നൽകി ഞാനാ കുതിരയെ ഏറ്റെടുത്തു. ശരിക്കും ഇവിടെ യാത്രയ്ക്കായി ഉപയോഗിക്കുന്നത് കുതിരകളെയല്ല, കെച്ചർ എന്ന് പ്രാദേശികമായി വിളിക്കുന്ന കോവർ കഴുതകളെയാണ്. ആൺ കഴുതയുടെയും പെൺ കുതിരയുടെയും സങ്കരസന്താനമായ കെച്ചറിന് സ്വന്തമായി കുട്ടികളെ ഉല്പാദിപ്പിക്കാനാകില്ല. കുതിരയുടെ ശക്തിയും കഴുതയുടെ അനുസരണാശീലവുമുള്ള കെച്ചറിന് കല്ലുകളും പാറകളും നിറഞ്ഞ മലമ്പാതകളിൽ കൂടെ സഞ്ചരിക്കാൻ സഹായകരമായ കുളമ്പുകളാണ് ഉള്ളത്. വലുപ്പത്തിൽ കുതിരയേക്കാൾ താഴെനിൽക്കുന്ന ഈ മൃഗം, ഭാരം വഹിക്കാനുള്ള ഇതിന്റെ കഴിവിന് പ്രശസ്തമാണ്. രമേഷ് എന്നായിരുന്നു എനിക്ക് ലഭിച്ച കുതിരക്കാരന്റെ പേര്; തിഗ്ലു എന്ന് കുതിരയുടെയും. കാഴ്ചയ്ക്ക് രമേഷും ചൈനക്കാരെ പോലെ തോന്നിച്ചു. വരകളുള്ള ഒരു ഫുൾ ടീഷർട്ടും കറുത്ത പാന്റും ആയിരുന്നു രമേഷിന്റെ വേഷം. READ എന്നെഴുതിയ ഒരു തൊപ്പി രമേഷ് അണിഞ്ഞിരുന്നു. കൗതുകകരമായ കാര്യം ഈ തൊപ്പി ഇല്ലാതെ യാത്രയിൽ ഒരിക്കലും ഞാൻ രമേഷിനെ കണ്ടിട്ടില്ല എന്നുള്ളതാണ്. യാത്രയ്ക്കായുള്ള സംവിധാനങ്ങൾ എന്നുള്ള നിലയിൽ കുതിരയും പോർട്ടറും കൂടിയായപ്പോൾ ഞാൻ പൂർണമായി സജ്ജമായി എന്ന് പറയാം. എങ്കിലും ഈ യാത്രയിൽ സാധാരണ സാഹചര്യങ്ങളിൽ കുതിരയെ ഞാൻ ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നില്ല, മറിച്ചെന്തെങ്കിലും അടിയന്തിരമായ ഒരു സാഹചര്യം വന്നാൽ ഉപയോഗിക്കാനായി കരുതിവയ്ക്കാൻ ആണ് പദ്ധതി. രമേഷിനും തിഗ്ലുവിനും ഞങ്ങളോടൊപ്പമല്ലാതെ തന്നെ അവരുടെ സ്വാഭാവിക വേഗത്തിൽ മുന്നോട്ടു നടക്കാനുള്ള അനുവാദം കൊടുത്തിരുന്നു. അങ്ങിനെ കുറച്ചു ദൂരത്തെത്തിയ ശേഷം, കാത്ത് നിൽക്കാനും പുറകിൽ സാവധാനം വരുന്ന ഞങ്ങളെ കാണാൻ സാധിച്ചാൽ വീണ്ടും മുന്നോട്ട് പോകാനുമായിരുന്നു നൽകിയിരുന്ന നിർദ്ദേശം. അതിനാൽത്തന്നെ ഈ യാത്രയിൽ രമേഷുമായി അധികം സംസാരിക്കാനോ ഒരു ബന്ധം സ്ഥാപിക്കാനോ എനിക്ക് സാധിച്ചില്ല.

അടുത്ത ലക്ഷ്യസ്ഥാനമായ സിർക്ക ക്യാമ്പിലേക്ക് കേവലം ആറ് കിലോമീറ്റർ മാത്രമേ നടക്കാൻ ഉണ്ടായിരുന്നുള്ളൂ. വളരെ മനോഹരമായ കാലാവസ്ഥയായിരുന്നു അപ്പോഴവിടെ. മലകളിൽ കൂടിയാണ് സഞ്ചരിക്കുന്നതെങ്കിലും കുത്തനെയുള്ള കയറ്റങ്ങളോ ഇറക്കങ്ങളോ ഒന്നും തന്നെ ആ വഴിയിൽ ഉണ്ടായിരുന്നില്ല. ചിലപ്പോൾ ഈ വഴി ഹരിതാഭമായ കാടുകൾക്ക് നടുവിൽ കൂടി കടന്ന് പോകും. കണ്മുൻപിൽ വരാതെ എവിടെയോ മറഞ്ഞിരുന്നു മധുരനാദം പൊഴിക്കുന്ന ഹിമാലയൻ കിളികളും, കാറ്റ് കടന്നുപോകുമ്പോൾ തുള്ളിത്തിമിർക്കുന്ന പച്ചിലച്ചാർത്തുമൊക്കെയായി എല്ലാവരും വളരെയധികം ആസ്വദിച്ചതായിരുന്നു ഈ ചെറിയ ട്രെക്കിംഗ്. ക്യാമ്പിലേക്ക് എത്തുന്നതിന് മുൻപായി ഞങ്ങൾക്ക് സിർക്ക ഗ്രാമത്തിൽക്കൂടി കടന്നുപോകേണ്ടതായിട്ടുണ്ടായിരുന്നു. അഞ്ഞൂറിൽ താഴെ മാത്രം ആളുകൾ താമസിക്കുന്ന ഒരു ചെറിയ ഗ്രാമമാണ് സിർക്ക. ഇവിടുത്തെ വീടുകളുടെ നിർമാണം വളരെ അധികം പ്രത്യേകതകളുള്ളതാണ്. ചതുരാകൃതിയിലുള്ള ചെറിയ പാറക്കഷ്ണങ്ങൾ കൊണ്ടാണ് ഈ വീടുകളുടെ ചുമരുകൾ നിർമിച്ചിരിക്കുന്നത്. ഈ പാറക്കല്ലുകൾ കൂട്ടിയോജിപ്പിക്കാൻ സിമന്റോ മണ്ണോ ഉപയോഗിച്ചിട്ടില്ല. പാറക്കഷ്ണങ്ങൾ വളരെ കൃത്യതയോടുകൂടി ഇടയിൽ വിടവുകൾ ഇല്ലാത്ത രീതിയിൽ അതീവ വൈദഗ്ധ്യത്തോടെ അടുക്കി എടുത്തിട്ടാണ് ഈ ചുമരുകൾ നിർമ്മിച്ചിട്ടുള്ളത്. എന്നിരിക്കലും വീടുകളുടെ മുൻവശത്തെ ചുമർ മാത്രം മണ്ണ് തേച്ച് മനോഹരമാക്കിയിട്ടുണ്ട്. മേൽക്കൂരയായി സാധാരണ കളിമൺ ഓടുകളാണ് ഉപയോഗിച്ചിരിക്കുന്നത്. വാതിലുകളും ജനലുകളും നല്ല കട്ടിയുള്ള മരം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. വീടിന്റെ വലിപ്പവുമായി താരതമ്യം ചെയ്താൽ ഇവയുടെ വലിപ്പം വളരെ കൂടുതലുമാണ്. വാതിലുകളും ജനലുകളും ധാരാളം സൂക്ഷ്മമായ കൊത്തുപണികൾ ചെയ്തിട്ടുള്ളവയും, എല്ലാ വീടുകളിലും കടുത്ത പച്ചനിറം പൂശിയിരുന്നവയുമായിരുന്നു. ഇവിടുത്തെ വീടുകളുടെ മുന്നിൽ വെളുത്തുള്ളിയുടെ ഇലകൾ അടക്കമുള്ള വലിയ കെട്ടുകൾ അസാധാരണമായി ഞാത്തിയിട്ടിരിക്കുന്നത് ശ്രദ്ധയിൽ പെടുകയുണ്ടായി. രാഹുലിനോട് ചോദിച്ചപ്പോൾ തണുപ്പുകാലത്തേയ്ക്കായി എല്ലാം ഉണക്കി സൂക്ഷിക്കുന്ന പതിവ് ഈ പ്രദേശത്ത് ഉണ്ടെന്നുള്ള മറുപടിയാണ് കിട്ടിയത്. അതത്രതന്നെ വിശ്വസനീയമായി തോന്നിയില്ല കാരണം, നഗരങ്ങളിൽ താമസിക്കുന്ന ഞങ്ങൾക്കും പലപ്പോഴും ഉണക്കിയ വെളുത്തുള്ളി തന്നെയാണ് കടകളിൽ നിന്ന് വാങ്ങിക്കാൻ ലഭിക്കാറുള്ളത്. ഈയൊരു ശീലത്തിന് പിന്നിൽ മറ്റെന്തെങ്കിലും ഒരു കാരണം കാണും എന്നെനിക്കൊരു സംശയം തോന്നിയിരുന്നുവെങ്കിലും രാഹുലിന് അതിനെപ്പറ്റി പ്രത്യേകം സൂചനയൊന്നും ഉണ്ടായിരുന്നില്ല. പോർട്ടർമാർ ഈ പ്രദേശത്തെക്കുറിച്ചും ഇവിടുത്തെ ആചാരാനുഷ്ഠാനങ്ങളെ കുറിച്ചും വളരെയധികം അറിവുള്ളവരായിരിക്കും എന്ന് ഞാൻ മുൻപ് കേട്ടിരുന്നു, എന്നാൽ പുതിയ തലമുറയിലെ പോർട്ടർമാർ അങ്ങനെയാണ് എന്ന് ഒട്ടും തോന്നിയില്ല. ബോളിവുഡ് പാട്ടുകളും, സിനിമാസ്റ്റൈൽ വസ്ത്രധാരണവുമൊക്കെയായി നഗര ജീവിതത്തിനോടാണ് ഇവർക്ക് കൂടുതൽ താല്പര്യമുള്ളതായി കാണാൻ കഴിഞ്ഞത്. യാത്ര ചെയ്യുന്നതിനിടയിൽ മൊബൈലിൽ ഹിന്ദി സിനിമാപാട്ടുകൾ ഉച്ചത്തിൽ വയ്ക്കുന്നത് ഇവരുടെ ഒരു പ്രധാന വിനോദം ആയിരുന്നു

ഗ്രാമത്തിൽനിന്ന് കഷ്ടി 500 മീറ്റർ അകലെയായിരുന്നു ഞങ്ങളുടെ ക്യാമ്പ്. തകര ഷീറ്റുകൾ കൊണ്ട് കെട്ടിയുണ്ടാക്കിയ ചെറിയ കോട്ടേജുകളായിരുന്നു ക്യാമ്പ്. ഓരോ കോട്ടേജിലും ഏതാണ്ട് ആറോ ഏഴോ യാത്രക്കാർക്ക് തങ്ങാനുള്ള സംവിധാനമുണ്ടായിരുന്നു. സൗകര്യങ്ങൾ കുറവായിരുന്നു എങ്കിലും കിടക്കവിരികളും ബാത്തുറൂമുകളും ഭക്ഷണം കഴിക്കാനുള്ള ഹാളും വളരെ വൃത്തിയുള്ളതായിരുന്നു. ഏതാണ്ട് രണ്ടരയ്ക്ക് ഞങ്ങൾ ക്യാമ്പിൽ എത്തിച്ചേരുകയും, ഉച്ചഭക്ഷണം കഴിഞ്ഞു കുറച്ചു നേരത്തെ വിശ്രമത്തിന് ശേഷം ഗ്രാമത്തിലേക്ക് വീണ്ടും മടങ്ങിച്ചെല്ലുകയും ചെയ്തു. അവിടെ ഒരു വീട്ടിൽ STD ചെയ്യാനുള്ള സൗകര്യമുണ്ടായിരുന്നു. ധാർച്ചുലയിൽ നിന്ന് പുറപ്പെട്ടപ്പോൾ തന്നെ ഞങ്ങളുടെ മൊബൈലുകളിൽ തീരെ നെറ്റ് വർക്ക് ഇല്ലാതായിരുന്നു. അതിനാൽ ഇപ്പോൾ എവിടെയെത്തി എന്നും യാത്ര എങ്ങനെ പുരോഗമിക്കുന്നുവെന്നും വീടുകളിൽ വിളിച്ചറിയിക്കാനുള്ള ഏകമാർഗ്ഗം ഈ STD ബൂത്ത് ആയിരുന്നു. കുറെ നേരം വരി നിൽക്കേണ്ടി വന്നെങ്കിലും വീട്ടിലേയ്ക്ക് വിളിക്കാനും ഇനി അടുത്ത കുറച്ച് ദിവസങ്ങളിൽ വിളിക്കാൻ സാധിക്കുമോ എന്നറിയില്ല എന്നുള്ള സന്ദേശം അവർക്ക് കൊടുക്കാനും സാധിച്ചു. വിദേശകാര്യ മന്ത്രാലയം യാത്രക്കാരുടെ അടുത്ത ബന്ധുക്കൾക്ക് എല്ലാ ദിവസത്തെയും യാത്രയുടെ വിശേഷങ്ങൾ ഇമെയിൽ ചെയ്യാനുള്ള ഒരു ഏർപ്പാട് ഉണ്ടാക്കിയിരുന്നു. ഇതിനെപ്പറ്റി ദില്ലിയിൽ നിന്ന് തന്നെ വിവരം ലഭിച്ചിരുന്നുവെങ്കിലും ഈ പ്രവർത്തി അവർ ആരംഭിച്ചിരുന്നോയെന്ന് ഞങ്ങൾക്ക് അറിയാൻ ഒരു മാർഗ്ഗവും ഉണ്ടായിരുന്നില്ല. അത് തുടങ്ങിയിട്ടില്ല എന്നും വീട്ടിൽ നിന്നും നാളെ മുതൽ തുടങ്ങുമെന്ന് പിന്നീട് ക്യാമ്പിൽ നിന്നും അറിയാൻ കഴിഞ്ഞു.

കുറേസമയം ഗ്രാമത്തിൽ കറങ്ങി നടന്നതിന് ശേഷം ഞങ്ങൾ അവിടെ തന്നെയുള്ള ഒരു കടയിൽ കയറി ചായ കുടിച്ചു. അതിനുശേഷം തിരിച്ചുവന്ന് ഞങ്ങളുടെ ക്യാമ്പിന് മുകൾ വശത്തായി കുന്നിനു മുകളിൽ പണിതുകൊണ്ടിരിക്കുന്ന ഒരു ശിവക്ഷേത്രം കാണാനായി പോയി. ഗ്രാമത്തിൽനിന്നുള്ള ഒരാൾ ഈ പ്രദേശം ഞങ്ങൾക്ക് കാണിച്ചു തരുവാനായി കൂടെ വന്നിരുന്നു. അസാധാരണമായ പ്രകൃതിഭംഗിയാണ് ഈ പ്രദേശത്ത് കാണാനായത്. ഫോട്ടോകൾ എടുത്തും ശിവക്ഷേത്ര നിർമ്മിതിയുടെ പ്രത്യേകതകൾ ശ്രദ്ധിച്ചും കുറേസമയം അവിടെ ചെലവഴിച്ചു. വൈകീട്ട് ഗ്രാമത്തിൽനിന്ന് കുറെ ആളുകൾ ഞങ്ങളുടെ ക്യാമ്പിൽ വരികയും, ക്യാമ്പിൽ ഞങ്ങൾ നടത്തിയിരുന്ന ഭജനയിൽ പങ്കെടുക്കുകയും ചെയ്തു. അവരിൽ ചിലർ പാരമ്പര്യമായ ചില കലാരൂപങ്ങൾ അവിടെ അവതരിപ്പിച്ചത് വളരെ ആകർഷകമായി അനുഭവപ്പെട്ടു. കലയും ഭക്തിയും ഇടകലർന്ന മനോഹരമായൊരു സായാഹ്നമായിരുന്നു സിർക്കയിലേത്. ഇരുളാൻ തുടങ്ങിയതോടെ നല്ല തണുപ്പ് അനുഭവപ്പെടാൻ തുടങ്ങി. പിറ്റേന്ന് നടത്താൻ പോകുന്ന യാത്രയെപ്പറ്റി KMVN ഗൈഡ് ഒരു ലഘു വിവരണം ഞങ്ങൾക്കായി അവതരിപ്പിച്ചു. രാവിലെ നേരത്തെ യാത്ര പുറപ്പെടേണ്ടതിനാൽ അത്താഴം കഴിഞ്ഞ് 9 മണിയോടുകൂടി എല്ലാവരും ഉറങ്ങാൻ കിടന്നു. ശരിയായ ട്രക്കിങ് ആരംഭിക്കാൻ പോകുന്നത് പിറ്റേന്നു മുതലായതിനാൽ തുടക്കക്കാരായ യാത്രക്കാർക്ക് നാളെ എന്താണ് സംഭവിക്കാൻ പോകുന്നതെന്നുള്ള ചെറിയ ആശങ്കകൾ മനസ്സിലുണ്ടായിരുന്നു

Dharchula Dam
Dharchula Dam
« 1 of 9 »
Share: