vadakkumnathan

ആദ്യ ചുവട് വയ്ക്കുന്നതിനും എത്രയോ മുൻപേയാണ് ഒരു യാത്ര യഥാർത്ഥത്തിൽ ആരംഭിക്കുന്നത്; കൈലാസയാത്രയുടെ കാര്യത്തിൽ ഈ പരാമർശം തികച്ചും പരമാർത്ഥമാണ്. 
KMVN നിൽ നിന്ന് ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചശേഷം ഞാൻ യാത്രയ്ക്കായുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. ദീർഘവും കഠിനവുമായ മലകയറ്റമാണ് മുന്നിൽ കിടക്കുന്നത് എന്നതിനാൽ വ്യായാമം ചെയ്ത് അല്പം തൂക്കം കുറക്കാനും അതോടൊപ്പം ശ്വസനത്തെ മെച്ചപ്പെടുത്തുന്ന ക്രിയകൾ പരിശീലിക്കാനുമുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഉയരംചെന്ന പ്രദേശങ്ങളിൽ ഓക്‌സിജന്റെ അഭാവം അനുഭവപ്പെടുമെന്നതിനാലും, ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന മലകയറ്റം എന്നുമുണ്ടാകുമെന്നതിനാലും അതിരാവിലെ എഴുന്നേറ്റ് ഏതാണ്ട് അഞ്ചു കിലോമീറ്ററോളം ഓടുക എന്നുള്ളതാണ് ആ ദിവസങ്ങളിൽ ആദ്യം ചെയ്തിരുന്നത്. തുടർന്ന് ശരീരത്തിന്റെ എല്ലാ ഭാഗങ്ങൾക്കും, പ്രത്യേകിച്ചും കാലുകൾക്കും ശ്വാസകോശത്തിനും കരുത്ത് കൂട്ടാൻ വേണ്ട വ്യായാമങ്ങളും ചെയ്യുമായിരുന്നു. ശാരീരികമായ തയ്യാറെടുപ്പുകൾക്ക് പുറമെ ഒരു മാസക്കാലം തൊഴിലിൽ നിന്നും വേണ്ടപ്പെട്ടവരിൽ നിന്നുകൂടി പൂർണ്ണമായ വിട്ടുനിൽക്കലായിരിക്കും ഉണ്ടാകാൻ പോകുന്നത്. മൊബൈൽ ഫോണും ഇന്റർനെറ്റും ഈ യാത്രയിൽ ലഭ്യമായ വസ്തുക്കളുടെ പട്ടികയിൽ ഉണ്ടായിരിക്കില്ല എന്നതിനാൽതന്നെ ജോലിസംബന്ധമായ തടസ്സങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രത്യേകം പദ്ധതികൾ തയ്യാറാക്കേണ്ടി വന്നു. ഈ തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയ ശേഷമാണ് ഞാൻ കുടുംബത്തിലെ മുതിർന്നവരെ കണ്ട് അനുഗ്രഹം വാങ്ങാനും, യാത്രാനുവാദം തേടാനുമായി കേരളത്തിലേയ്ക്ക് പുറപ്പെട്ടത്. അന്നേയ്ക്ക് നാലുവർഷം മുൻപ് നടന്ന അച്ഛന്റെ മരണശേഷം പുരാണങ്ങളും ഇതിഹാസങ്ങളും വായിക്കാനായി ദിവസം മുഴുവൻ ഉപയോഗിച്ച് പൂർണ്ണമായും ഒരദ്ധ്യാത്മിക ജീവിതം നയിക്കുന്ന, 81 വയസ്സിലെത്തി നിൽക്കുന്ന അമ്മയെ കാണലായിരുന്നു പ്രധാന ഉദ്ദേശം. ക്ഷേത്രദർശനങ്ങൾ ആയിരുന്നു ആരോഗ്യമുള്ള ജീവിതകാലം മുഴുവൻ അമ്മയുടെ ഏറ്റവും പ്രിയപ്പെട്ട പരിപാടി, വാർദ്ധക്യാവശതകൾ കാരണം ക്ഷേത്രദർശനങ്ങൾ മുടങ്ങിപ്പോയ വിഷമത്തിലിരിക്കുന്ന അമ്മയ്ക്ക് വളരെ സന്തോഷകരമായ വാർത്തയായിരിക്കും എന്റെ കൈലാസയാത്രാ ഉദ്ധ്യമം എന്നെനിക്കുറപ്പായിരുന്നു. 

നിരവധി ഹിമാലയ യാത്രാവിവരണങ്ങളുടെ രചയിതാവായ ശ്രീ എം. കെ. രാമചന്ദ്രനെ ഞാൻ ആദ്യമായി ഈ യാത്രയിൽ തൃശൂർ സ്വരാജ് റൗണ്ടിലുള്ള അദ്ധേഹത്തിന്റെ ഓഫീസിൽ ചെന്ന് കാണുകയുണ്ടായി. മുറിക്ക് നടുക്കായി ഇട്ടിരിക്കുന്ന വലിയ ഒരു മേശയും, ആ മേശക്കിപ്പുറം സന്ദർശകർക്കായി കരുതിയിരിക്കുന്ന മൂന്ന് കസേരകൾക്കും അഭിമുഖമായി അദ്ധേഹം ഇരുന്നിരുന്നു. മുറിയുടെ ഒരു ചുമർ ടെക്സ്ച്ചർ കളർ നൽകി മനോഹരമാക്കിയിട്ടുണ്ട്. അതിന് ചുറ്റുമുള്ള വെള്ള ചുമരുകൾ നിറയെ ഹിമാലയയാത്രകളിൽ നിന്ന് പകർത്തിയ നിരവധി ചിത്രങ്ങളാൽ അലങ്കരിച്ചിരുന്നു. അതിലൊരു ചിത്രത്തിലെ കൈലാസപർവ്വതത്തിന്  യഥാർത്ഥത്തിൽ കൈലാസത്തെ  മുന്നിൽ കാണുന്ന പോലെയൊരു അനുഭവം പ്രധാനം ചെയ്യുന്ന സവിശേഷതയുണ്ടായിരുന്നു. ദീർഘനേരം അദ്ധേഹം യാത്രയെക്കുറിച്ച് എന്നോട് സംസാരിച്ചു, വിലപ്പെട്ട പല ഉപദേശങ്ങളും നൽകി, അതിലൊന്നായിരുന്നു യാത്രയിൽ ഇന്ത്യയിലും ചൈനയിലും പോർട്ടർമാരെയും കുതിരകളേയും വാടകയ്ക്ക് എടുക്കേണ്ടതിന്റെ ആവശ്യകത.  

“ഇത്തരം ഒരു യാത്രയിൽ പരിക്കുകൾ പറ്റാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. അങ്ങിനെ സംഭവിച്ചാൽ നിങ്ങളുടെ ബാച്ചിലെ മറ്റുള്ളവരുടെ യാത്ര മുടങ്ങാതിരിക്കാൻ നിങ്ങളെ തിരിച്ചയക്കാതെ അധികൃതർക്ക് മറ്റു മാർഗങ്ങൾ ഉണ്ടാകില്ല. ആ അവസരത്തിൽ നിങ്ങൾക്ക് ഒരു കുതിരയും പോർട്ടറും ഉണ്ടെങ്കിൽ പിന്നെയും യാത്ര തുടരാനാകും. ഇനി കാൽനടയായി യാത്ര ചെയ്യുന്ന കാരണം നിങ്ങൾ കുതിരയെ ഉപയോഗിക്കുന്നില്ല എങ്കിലും അതിനായി ചിലവഴിക്കപ്പെടുന്ന പൈസ ഓർത്ത് വേവലാതിപ്പെടേണ്ട കാര്യമില്ല. ആ പൈസയെ ഒരു ദാനധർമ്മമായി കാണുക. പർവത പ്രദേശങ്ങളിൽ ഉള്ള കുതിരക്കാരും പോർട്ടർമാരും വളരെ ദരിദ്ര ചുറ്റുപാടുകളിൽ നിന്ന് വരുന്നവരാണ്. അത്തരം ഒരു കുടുംബത്തിന് ഒരു സഹായം ചെയ്തതായി കണക്കാക്കിയാൽ മതി.” അദ്ധേഹത്തിന്റെ ഉപദേശം യുക്തിസഹമായി തോന്നിയതിനാൽ അങ്ങിനെ തന്നെ ചെയ്യാം എന്ന് അദ്ദേഹത്തിന് അപ്പോൾത്തന്നെ ഉറപ്പ് കൊടുത്തു. സംസാരമവസാനിപ്പിച്ച് പോകാനിറങ്ങിയപ്പോൾ അദ്ദേഹം കസേരയിൽ നിന്നെഴുന്നേറ്റു, കസേരയിൽ ഇരിക്കുമ്പോൾ ഞാൻ കണക്കാക്കിയിരുന്നതിൽ കൂടുതൽ ഉയരം ശ്രീ രാമചന്ദ്രനുണ്ടായിരുന്നു. വളരെ ഉറച്ചതും ഒതുങ്ങിയ മാംസപേശികളുള്ളതായി കണ്ട അദ്ധേഹത്തിന്റെ ശരീരം തന്റെ പുസ്തകങ്ങളിൽ കൂടി വരച്ചു കാണിച്ച മിടുക്കനായ പർവതാരോഹകന് യോജിച്ചത് തന്നെയായിരുന്നു. ആ പാദങ്ങളിൽ വീണു നമസ്കരിക്കുമ്പോൾ അദ്ദേഹത്തിന്റെ അനുഗ്രഹങ്ങൾ ശരീരത്തിന് ഒരു പുതിയ ഊർജ്ജം പകർന്നു നൽകിയതായി അനുഭവപ്പെട്ടു. 

കേരളത്തിലുള്ള ദിവസങ്ങൾ കൊണ്ട് ഞാൻ കുടുംബത്തിലെ ഒരുപാട് മുതിർന്നവരെ സന്ദർശിച്ചു ആശീർവാദം തേടുകയുണ്ടായി. പലർക്കും ഇത്തരം ഒരു യാത്രയെ സംബന്ധിച്ച് വേണ്ടത്ര അറിവുകൾ ഉണ്ടായിരുന്നില്ലെങ്കിലും വളരെ ഉത്സാഹപൂർവ്വം തന്നെ എല്ലാവരും ഈ അവസരത്തെ സ്വാഗതം ചെയ്തു. കുടുംബത്തിൽ നിന്ന് ഒരാൾക്ക് കൈലാസം പോകാനുള്ള അവസരം കിട്ടുന്നത് മൊത്തം കുടുംബത്തിന് തന്നെ ഒരനുഗ്രഹമാണ് എന്നായിരുന്നു ചിലർ അഭിപ്രായപ്പെട്ടത്. കാൽക്കൽ നമസ്കരിക്കുന്ന എന്നെ പിടിച്ചെഴുന്നേൽപ്പിച്ച് ഹൃദയംഗമമായി അനുഗ്രഹിക്കുമ്പോൾ എന്റേതിനോടൊപ്പം അവരിൽ പലരുടെയും കണ്ണുകൾ കൂടി ഈറനണിഞ്ഞിരുന്നു. എന്റെ കുട്ടികൾ ഈ പ്രവർത്തികൾക്ക്, ജീവിതത്തിലെ ഈ അസുലഭ സന്ദർഭങ്ങൾക്ക് സാക്ഷികളായിട്ടുണ്ടായിരുന്നു എന്നുള്ളത് മറ്റൊരു സൗഭാഗ്യമാണ്, കാരണം നമ്മുടെ സംസ്കാരം എങ്ങിനെയാണ് മുതിർന്നവരെ ബഹുമാനിക്കുന്നത് എന്ന വലിയ പാഠം അവർക്കിത് വഴി പകർന്നു കൊടുക്കാനായി എന്നാണ് എന്റെ വിശ്വാസം.

ഈ അനുഗ്രഹങ്ങൾക്കൊപ്പം തന്നെ വരാൻ പോകുന്ന മെഡിക്കൽ ടെസ്റ്റുകളെ കുറിച്ചോർത്ത് എന്റെ മനസ്സിൽ ആശങ്കകളും വളരുന്നുണ്ടായിരുന്നു. ഏതാണ്ട് ഒൻപതു വർഷത്തോളമായി എനിക്ക് അധികരിച്ച രക്തസമ്മർദ്ധമുണ്ടായിരുന്നു. ഇനി മരുന്ന് കഴിക്കാതെ സാധിക്കില്ല എന്നേതെങ്കിലും ഡോക്ടർ പറഞ്ഞു കഴിഞ്ഞാൽ പിന്നെ ഉഷാറായി മരുന്നിനൊപ്പം വ്യായാമങ്ങളും ആരംഭിച്ച് ഞാൻ ഏതാനും മാസങ്ങൾ കൊണ്ട് ബി പിയെ പരിധിയിൽ കൊണ്ട് വരുമായിരുന്നു. പൂർണ്ണമായും വിട്ടുമാറിയില്ല എങ്കിലും ഒരുവിധം ഭേദമായാൽ പിന്നെ എന്റെ മടി വീണ്ടും കടന്ന് വരികയും, മരുന്നും വ്യായാമങ്ങളും നിന്ന് ഞാൻ ക്രമേണെ വീണ്ടും ബി പി പ്രശ്‍നങ്ങൾ നേരിടാൻ തുടങ്ങുകയും ചെയ്യും. കൈലാസ യാത്രയിൽ അധികൃതർ നടത്താൻ പോകുന്ന മെഡിക്കൽ ടെസ്റ്റുകൾ വളരെ കർശന സ്വഭാവമുള്ളതായിരിക്കും എന്ന് മുൻപേ അറിയിപ്പ് കിട്ടിയിരുന്നു. ഈ ടെസ്റ്റിൽ ബി പി ഉയർന്നു കണ്ടാൽ ഞാൻ പരാജയപ്പെടുകയും യാത്ര ചെയ്യാനാകാതെ വരികയും ചെയ്യും. ഇത്രയേറെ അനുഗ്രഹങ്ങൾ കിട്ടി യാത്ര തുടങ്ങിയിട്ട് അത് പൂർത്തിയാക്കാനാകാതെ മടങ്ങുക എന്നത് അചിന്തനീയമായ കാര്യമായിരുന്നു. ഇത്തരം ഭയാശങ്കകൾ വർദ്ധിക്കുമ്പോൾ ലഭ്യമായ അനുഗ്രഹങ്ങൾ എന്നെ തുണയ്ക്കും എന്നുള്ള പ്രത്യാശ ചിന്തകളിൽ കടന്നു വരാറുണ്ടെങ്കിലും, ഒടുവിൽ മനസ്സമാധാനമില്ലാതെ യാത്രയ്ക്ക് രണ്ടാഴ്ച മുൻപ് KMVN നടത്താൻ പോകുന്ന എല്ലാ ടെസ്റ്റുകളും ഞാൻ തൃശൂരിലെ ഒരു സ്വകാര്യ ലാബിൽ പോയി സ്വയം നടത്തിച്ച് നോക്കി. ഡയസ്റ്റോലിക് സൈഡിൽ മാത്രമാണ് അൽപ്പം വർദ്ധന കണ്ടത്. ഇതിനായി ഞാൻ ഉടൻ തന്നെ മരുന്നുകൾ കഴിക്കാനും ആരംഭിച്ചു. അങ്ങിനെ ആശങ്കകൾ ഒഴിയാൻ തുടങ്ങിയ മനസ്സിൽ പതുക്കെ പതുക്കെ യാത്രയുടെ പുണ്യാനുഭൂതി വന്നു നിറയാനും തുടങ്ങി. സാധാരണ ജീവിതചര്യകളിൽ നിന്ന് വിട്ടുമാറി ക്ഷേത്രസന്ദർശനവും കുടുംബാംഗങ്ങളുമായുള്ള കൂടിക്കാഴ്ചയുമായി സന്തോഷകരമായി കേരളത്തിലെ ദിനങ്ങൾ ചിലവഴിക്കുകയും ചെയ്തു. 

പ്രതീക്ഷിച്ച പോലെത്തന്നെ അമ്മ വളരെയേറെ സന്തോഷവതിയായിരുന്നു. സത്യത്തിൽ ഈശ്വര വിശ്വാസപരമായ കാര്യങ്ങളിൽ ഞാൻ എന്തെങ്കിലും അനുകൂലമായി ചെയ്‌താൽ തന്നെ അമ്മ വളരെ സന്തോഷിക്കുമായിരുന്നു. എനിക്കുണ്ടായിരുന്ന ഇടതുപക്ഷ ചിന്തകളോട് അമ്മയ്ക്ക് ഒരിക്കലും പൊരുത്തപ്പെടാൻ സാധിച്ചിരുന്നില്ല എന്ന് മാത്രമല്ല തരം കിട്ടുമ്പോഴൊക്കെ അമ്മ ആ നിലപാടുകൾക്കെതിരെ വിമർശനം ഉയർത്തുകയും ചെയ്തിരുന്നു. നാട്ടിൽ എത്തിച്ചേർന്ന അന്ന് തന്നെ ശ്രീ എം കെ രാമചന്ദ്രൻ എഴുതിയ എല്ലാ പുസ്തകങ്ങളും ഞാൻ അമ്മയ്ക്ക് കൈമാറിയിരുന്നു. അടുത്ത കാലത്തായി വളർത്തിയെടുത്തിരുന്ന വായനാ ശീലം കാരണം വളരെ വേഗത്തിൽ തന്നെ അമ്മ ആ പുസ്തകങ്ങൾ എല്ലാം വായിച്ച് തീർക്കും എന്നെനിക്ക് ഉറപ്പായിരുന്നു. അങ്ങിനെയെങ്കിൽ ഞാൻ യാത്ര തുടങ്ങുന്നതിനും മുൻപേ തന്നെ ഈ യാത്രയെ കുറിച്ചുള്ള സമ്പൂർണ്ണ വിവരം അമ്മയ്ക്ക് ലഭ്യമാകുകയും ചെയ്യുമായിരുന്നു. ഉദ്ദേശിച്ച പോലെത്തന്നെ അമ്മ പുസ്തകങ്ങൾ വേഗത്തിൽ വായിച്ച് തീർക്കുകയും വളരെ ഹൃദയസ്പർശിയായി തന്നെ എന്നെ അനുഗ്രഹിക്കുകയൂം ചെയ്തു. “പോയി യാത്ര പൂർത്തിയാക്കി വരൂ, എല്ലാ പ്രാർത്ഥനകൾക്കും അപ്പുറം എന്നെ എന്ത് കൊണ്ട് ഈശ്വരന്മാർ തിരിച്ചു വിളിക്കുന്നില്ല എന്നുള്ള കാര്യത്തിൽ എന്റെ മനസ്സിൽ  സംശയങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ എനിക്കറിയാം മകൻ കൈലാസയാത്ര പൂർത്തീകരിച്ച് വരുന്നത് കാണാനുള്ള യോഗം എനിക്കുണ്ടായിരുന്നിരിക്കും. എന്റെ എല്ലാ അനുഗ്രഹങ്ങളും നിന്നോടൊപ്പം എപ്പോഴും ഉണ്ടാകും”

യാത്രാ പൂർത്തീകരണത്തെ കുറിച്ച് അമ്മ പറഞ്ഞ ഈ വാക്കുകൾ എന്റെ മനസ്സിനെ കുറച്ചൊന്നുമല്ല ബലപ്പെടുത്തിയത്. നിറഞ്ഞ കണ്ണുകളും അതിലേറെ നിറഞ്ഞ ഹൃദയവുമായി ഞാൻ മുംബൈയിലേക്ക് മടങ്ങിയെത്തി. അവിടെയും ചില ബന്ധുക്കളെ കാണാനും അനുഗ്രഹം തേടാനും ഞാൻ സമയം കണ്ടെത്തി. ഭാര്യയുടെ മാതാപിതാക്കളെ കണ്ടതായിരുന്നു എടുത്തു പറയേണ്ട സംഭവം. യാത്രയെക്കുറിച്ച് ആദ്യമായി അറിഞ്ഞ സമയം ഈ പ്രായത്തിൽ ജീവനുപോലും അപകടം വന്നേക്കാവുന്ന ഒരു യാത്രയുമായി  ഇവനെന്തിനുള്ള പുറപ്പാടാണ് എന്നുള്ള സന്ദേഹം അവരുടെ മനസ്സിൽ സ്വാഭാവികമായും ഉടലെടുത്തിരുന്നു. മാത്രവുമല്ല എന്നെ ഒരു ഭക്തനായി കാണുന്നതിന്റെ ഒരത്ഭുതം അവർക്ക് വിട്ടുമാറിയിട്ടുമുണ്ടായിരുന്നില്ല. പിന്നീട് പലരും ഈ യാത്രയെക്കുറിച്ച് അവരുമായി സംസാരിക്കുകയും ഇതൊരു മഹാഭാഗ്യമാണ് എന്ന് ധരിപ്പിക്കുകയും ചെയ്തിരുന്നുവെന്നതിനാൽ ഞാൻ അനുഗ്രഹത്തിനായി അവിടെ ചെന്ന സമയമാകുമ്പോഴേയ്ക്കും വ്യാകുലതകൾ ഒഴിഞ്ഞ്‌ നിറഞ്ഞ മനസ്സുമായാണ് അവർ എന്നെ അനുഗ്രഹിച്ച് യാത്രയാക്കിയത്. 

കേരളത്തിലുള്ള ദിവസങ്ങളിൽ തന്നെ ഞാൻ യാത്രയ്ക്കാവശ്യമായ ഇൻഡെമിനിറ്റി ബോണ്ട്, സമ്മതപത്രം, അണ്ടർടേക്കിങ് ഫോം എന്നിവ KMVN നിർദ്ധേശമനുസരിച്ച് തയ്യാർ ചെയ്തിരുന്നു. ഈ യാത്ര ഞാൻ സ്വന്തം ഇഷ്ടത്താലും ഉത്തരവാദിത്വത്തിലും ചെയ്യുന്നതാണ് എന്നും, യാത്രാമദ്ധ്യേ എനിക്ക് അപകടം സംഭവിക്കുകയാണെങ്കിൽ ഹെലികോപ്ടർ ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്താനുള്ള അനുമതിയും, അങ്ങിനെ വന്നാൽ ആ ചിലവ് ഞാൻ സ്വയം വഹിക്കാമെന്നും ഈ മൂന്നു രേഖകളും ചേർത്ത് സമ്മതപത്രങ്ങൾ വഴി നൽകുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഇതിനും പുറമെ എന്തെങ്കിലും കാരണവശാൽ എന്റെ മരണം ചൈനയിൽ വെച്ച് നടക്കുകയാണ് എങ്കിൽ, എന്റെ ശരീരം അവിടെ തന്നെ മറവു ചെയ്യാനുമുള്ള സമ്മതവും ഇതിലുൾപ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം സുഹൃത്തും വക്കീലുമായ കന്യാലിന്റെ സഹായത്താൽ ഞാൻ ഒരു മരണപത്രവും തയ്യാർ ചെയ്ത് അത് ആവശ്യമായി  വരുമെങ്കിൽ നടപ്പിലാക്കാൻ അദ്ധേഹത്തെ തന്നെ ഏൽപ്പിക്കുകയും ചെയ്തു. അനാവശ്യമായ വിഷമതകൾ ഒഴിവാക്കാൻ തുടക്കത്തിൽ ഈ വിവരം ഞാൻ ഭാര്യയോട്  പറഞ്ഞിരുന്നില്ല. പിന്നീട് ഒരു കേവല സംഭാഷണത്തിനിടയ്ക്ക് കൈലാസയാത്രയെ കുറിച്ചുള്ള പുസ്തകങ്ങൾ എല്ലാം വായിച്ചിട്ടുള്ളതും അവിടെ പോകാൻ വളരെയധികം ആഗ്രഹം ഉള്ളതുമായ ഒരു വ്യക്തി എന്നുള്ള നിലയിൽ നമ്മൾ ഒരുമിച്ച് അപേക്ഷിച്ച്, ഒരുമിച്ച് പോകുന്നതായിരുന്നില്ലേ കൂടുതൽ ഉചിതം എന്ന് ഞാൻ ഭാര്യയോട് ചോദിച്ചു. മറുപടി കൃത്യവും വ്യക്തവുമായിരുന്നു. ” ഈ യാത്രയിലെ അപകടസാദ്ധ്യതകൾ എനിക്ക് നന്നായി അറിയാം. നമ്മൾ രണ്ടാളും ചേർന്ന് യാത്രചെയ്തു അത്തരത്തിൽ എന്തെങ്കിലും അപകടം നടന്നാൽ നമ്മുടെ തീരെ ചെറിയ കുട്ടികൾക്ക് ആ സാഹചര്യം തരണം ചെയ്യാൻ ബുദ്ധിമുട്ടാകും, അവിടെ എത്തണമെന്ന് വളരെയധികം ആഗ്രഹമുണ്ടെങ്കിലും ഇതിനാലാണ് ഞാൻ പിന്നിട്ടു നിൽക്കുന്നത്.” ഈ യാത്രയുടെ എല്ലാ അപകടസാദ്ധ്യതയും അറിഞ്ഞിട്ടും അവൾ എന്റെ മനസ്സിലെ ആഗ്രഹത്തിന്റെ തീക്ഷ്ണതയെ തൊട്ടറിയുന്നതിനാലാണ് യാത്രയ്‌ക്കെതിരായി ഒരക്ഷരം പോലും പറയാത്തത് എന്നെനിക്കു മനസ്സിലായി. ഇനി മറച്ചു വെക്കുന്നതിൽ അർത്ഥമില്ലെന്ന് കരുതി ഞാൻ മരണപത്രത്തിന്റെ കാര്യം അവളെ അറിയിക്കുകയും ചെയ്തു. “ബോലെനാഥിൽ വിശ്വാസമർപ്പിക്കൂ, ബോലേ എന്നെ സുരക്ഷിതമായി തിരിച്ചെത്തിക്കും, നിന്റെ പ്രാർത്ഥനകൾ എനിക്ക് കവചമായി വർത്തിക്കും. ഈ യാത്രയിലുടനീളം നീ എന്റെ കൂടെയുണ്ടായിരിക്കും. ഞാൻ കാണുന്നതെല്ലാം, എന്നിൽ കൗതുകമുണർത്തുന്നതെല്ലാം ഞാൻ ഫോട്ടോ എടുത്ത് വെയ്ക്കും. തിരിച്ച് വന്ന് അവിടെ ഞാൻ കണ്ടതും കേട്ടതും അനുഭവിച്ചതുമെല്ലാം നിന്നോട് ഒന്നൊഴിയാതെ വിവരിക്കാം” ഹൃദയത്താൽ കൊടുത്ത ഒരു വാഗ്ദാനമായിരുന്നു അത്. എന്നെന്നേക്കും മനസ്സിന്റെ ഓർമ്മചെപ്പിൽ സൂക്ഷിച്ചു വെയ്ക്കാൻ ജീവിതം വെച്ചുനീട്ടുന്ന ചില സുന്ദര നിമിഷങ്ങളിൽ ഒന്ന്. 

ജൂൺ 10 ബാഗുകൾ തയ്യാർ ചെയ്യുന്ന ദിവസമായിരുന്നു. KMVN തന്നിരുന്ന ലിസ്റ്റ് പ്രകാരം ആവശ്യമുള്ള സാധനങ്ങളിൽ മുംബൈയിൽ ലഭിക്കുന്ന സാധനങ്ങൾ എല്ലാം ഞാൻ ആദ്യമേ വാങ്ങി വെച്ചിരുന്നു, ബാക്കി ദില്ലിയിൽ ചെന്ന് വാങ്ങാനാണ് തീരുമാനിച്ചിരുന്നത്. ബാഗുകൾ ഒതുക്കുമ്പോൾ നൂറു ചോദ്യങ്ങളുമായി കുട്ടികൾ ചുറ്റിലും ഓടിക്കളിക്കുന്നുണ്ടായിരുന്നു. കൈലാസത്തെക്കുറിച്ച് അവർക്ക് കാര്യമായി ഒന്നും അറിയില്ലെങ്കിലും ഒരുപാട് ഐസ് ഉള്ള ഒരു സ്ഥലത്തേയ്ക്കാണ് ഞാൻ പോകുന്നത് എന്നവർക്കറിയാമായിരുന്നു. അവിടെ എല്ലായിടത്തും ഐസുണ്ടാകുമെന്നും അത് ആകാശത്തുനിന്നു മഴ പോലെ പെയ്തിറങ്ങും എന്നും ഞാൻ പറഞ്ഞപ്പോൾ അവരുടെ കണ്ണുകൾ അവിടെ എത്തിച്ചേർന്നു, നേരിട്ട് കാണുന്നത് പോലെ തിളങ്ങാൻ തുടങ്ങി. അവർക്ക് ഐസ് എന്നുപറഞ്ഞാൽ എല്ലായ്പോഴും ആവശ്യത്തിൽ കുറവ് മാത്രം ലഭിക്കുന്ന വളരെ സ്വാദിഷ്ടമായ ഒരു വിഭവമായിരുന്നു. 

ദില്ലിയിലേക്കുള്ള രാജധാനി എക്സ്പ്രസിലെ ടിക്കറ്റ് 10ന് രാത്രിയിൽ തന്നെ കൺഫേം ആയി. 11ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ഞാൻ റെയിൽവെ സ്റ്റേഷനിലേയ്ക്ക് പുറപ്പെട്ടു. എന്നെ കൊണ്ടുവിടാനായി സുഹൃത്ത് രജനീഷ് കാറുമായി എത്തി ചേർന്നിരുന്നു. ശിവന്റെ പരമഭക്തനാണ് രജനീഷ്. ഒരു കൈലാസയാത്രിയെ യാത്രയ്ക്കായി സഹായിക്കേണ്ടത് ഒരു ശിവഭക്തന്റെ പ്രാഥമികമായ കർത്തവ്യമാണ് എന്നാണ് രജനീഷ് എന്നെ കൊണ്ട് വിടുന്നതിനെക്കുറിച്ച് പറഞ്ഞത്. അപ്പാർട്ട്മെന്റിന്റെ ഗേറ്റ് വരെ ഭാര്യ എന്നെ അനുഗമിച്ചിരുന്നു. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങിയപ്പോൾ ഹൃദയത്തിൽ ഒരു ഭാരം എനിക്കനുഭവപ്പെടാൻ തുടങ്ങി. അപകടകരമായ യാത്രയാണ് മുന്നിൽ കിടക്കുന്നത്, ഇനി ഞാൻ ഇവരെ കാണുമോ എന്നുള്ള ചിന്ത മനസ്സിൽ വന്നപ്പോൾ കാഴ്ച്ച പതുക്കെ കണ്ണുനീരിനാൽ മറയാനും തുടങ്ങി. യാത്രയുടെ പരിണാമം എന്തായിരിക്കുമെന്നറിയുന്നത് ബോലേയ്ക്ക് മാത്രമാണല്ലോ. 

യാത്രകൾ ഒന്നും തന്നെ യാത്രികർ ആസൂത്രണം ചെയ്തുണ്ടാക്കുന്നതല്ല. യാത്രകൾ അനാദികാലം മുതൽക്കുതന്നെ സ്ഥിതി ചെയ്യുന്നുണ്ട്, അനുയോജ്യമായ ദേഹിക്കുവേണ്ടി കാത്തിരിക്കുന്നുമുണ്ട്. യാത്രക്കാരൻ ഈ യാത്രയുമായി ആകസ്മികമായി കൂട്ടിചേർക്കപ്പെടുകയാണ്, ആ യാത്രയിലേയ്ക്ക് വലിച്ചെടുക്കപ്പെടുകയാണ്. യാത്രയിലുടനീളം ആ ഒഴുക്കിനോടൊത്ത് ഒഴുകി നീങ്ങുന്ന യാത്രക്കാരന് യാത്രയുടെ ഉദ്ധേശലക്ഷ്യങ്ങൾ മനസ്സിലാകാൻ ചിലപ്പോൾ യാത്രയുടെ അവസാനം വരെ കാത്തിരിക്കേണ്ടി വരും. എല്ലാ യാത്രകൾക്കും ഒരു ഉദ്ധേശലക്ഷ്യം ഉണ്ടാകുക തന്നെ ചെയ്യും, അതിനു യാത്രക്കാരന്റെ ദേഹിയോട് ഒരു കടമ നിർവഹിക്കാനുമുണ്ടാകും. അത് നിർവഹിച്ചു കഴിഞ്ഞാൽ യാത്രക്കാരന്റെ ദേഹി നിറവാർജ്ജിക്കുന്നു. മുംബൈ സെൻട്രൽ സ്റ്റേഷനിൽ നിന്ന് വൈകീട്ട് 4.40 ന് ദില്ലിയിലേക്ക് യാത്ര തിരിക്കുമ്പോൾ ഞാനും ഒഴുക്കിനനുസരിച്ച് നയിക്കപ്പെടുന്ന ഒരു കണമായിരുന്നു. ഈ യാത്ര എന്നോട് ചെയ്യാൻ പോകുന്നത് എന്തെന്ന് തികച്ചും അറിവില്ലാത്ത കേവലമൊരു കണം. 

Share: