Yathra

രാവിലെ ഏഴ് മണിയോടുകൂടി തക്കലക്കോട്ടിൽ നിന്ന് വാഹനങ്ങളിൽ കയറി ഞങ്ങൾ യാത്ര പുറപ്പെട്ടു. ഹൃദയം നിറഞ്ഞ ചില ദിനങ്ങൾ നൽകിയ ടിബറ്റൻ മണ്ണിനോട് മനസ്സാൽ യാത്ര പറയുമ്പോൾ സമ്മിശ്ര വികാരങ്ങളായിരുന്നു ഉള്ള് നിറയെ. എന്നെങ്കിലുമൊരിക്കൽ ടിബറ്റിനെ അതിന്റെ സ്വതന്ത്രരൂപത്തിൽ കാണാനാകട്ടെ എന്ന് മനസ്സ് ആഗ്രഹിച്ചു. തക്കലക്കോട്ട് പട്ടണം കടന്ന് വഴി മുകളിലേക്ക് കയറും തോറും ലിപുലേഖിൽ നേരിടാൻ പോകുന്ന കഠിനമായ കാലാവസ്ഥയുടെ എല്ലാ ലക്ഷണങ്ങളും താഴെ നിന്നു തന്നെ ലഭിക്കാൻ തുടങ്ങി. കനത്ത മൂടൽമഞ്ഞും, തുള്ളിയിടുന്ന മഴയും, അതിശൈത്യവും വരാൻ പോകുന്ന കുറച്ച് മണിക്കൂറുകൾ ആയാസകരമായിരിക്കില്ലെന്ന് മുന്നറിയിപ്പ് നൽകി.  പ്രതീക്ഷിച്ച പോലെ വാഹനം ചെന്നിറങ്ങുന്നിടത്ത് നിന്ന്  തന്നെ മഞ്ഞിൽ കൂടി നടക്കേണ്ടതായി വന്നു. രണ്ട് യാത്രക്കാർ വീതം  പരസ്പരം കൈകൾ കോർത്ത് പിടിച്ച് സാവധാനത്തിൽ അടിവെച്ചടിവെച്ച് മുകളിലേക്ക് കയറാനായിരുന്നു പദ്ധതി.  കൂടെയുണ്ടായിരുന്ന വീണാജിയുടെ വേഗതയ്ക്ക് അനുസരിച്ച് സ്വന്തം വേഗത എനിക്ക് ക്രമീകരിക്കേണ്ടി  വന്നതിനാൽ വളരെ സാവധാനത്തിൽ മാത്രമേ മുകളിലേക്ക് കയറാൻ സാധിച്ചുള്ളൂ.  ഏതാണ്ട് പാതിവഴി എത്തിയപ്പോൾ മുകളിൽ നിന്ന് നാലാമത്തെ ബാച്ച് അംഗങ്ങൾ ഇറങ്ങി വരുന്നതായി കണ്ടു. പലരും കടന്നുപോകുമ്പോൾ ഞങ്ങളുടെ ബാച്ചിന്റെ ദർശനം എങ്ങനെയുണ്ടായിരുന്നു എന്നായിരുന്നു ചോദിച്ചിരുന്നത്.  ഞങ്ങൾക്ക് സുവർണ്ണ കൈലാസത്തിന്റെ ദർശനം ലഭിച്ചുവെന്ന് അറിഞ്ഞപ്പോൾ തങ്ങൾക്കും തടസ്സങ്ങളില്ലാതെ ദർശനം ലഭിച്ചേക്കാം എന്നുള്ള പ്രതീക്ഷയോടെ ആഹ്ലാദപൂർവ്വമാണ് അവർ ഇറങ്ങിപ്പോയത്. പലപ്പോഴും പ്രതികൂല കാലാവസ്ഥ കാരണം ദർച്ചനിൽ വെച്ച് യാത്ര മുടങ്ങി ആളുകൾ മടങ്ങുന്നത് പതിവായതിനാൽ ദർശനവും പരിക്രമണവും നടന്നതിന് ശേഷം മാത്രമേ ആ കാര്യത്തിൽ ഒരുറപ്പ് പറയാൻ സാധിക്കൂ എന്നുള്ളതാണ് അവസ്ഥ. കൈലാസ മാനസരോവർ ദർശനത്തിനായി പോകുന്ന മറ്റൊരു ബാച്ചിലെ അംഗങ്ങളെ ദർശനം പൂർത്തീകരിച്ചു വരുമ്പോൾ വഴിയിൽ വെച്ച് കാണുന്നത് വളരെ അധികം സാഹോദര്യ മനോഭാവം ജനിപ്പിക്കുന്ന ഒരു അനുഭവമാണ്. മഹാദേവനെ കാണാനായി യാത്ര ചെയ്യുന്നവരെല്ലാം തന്നെ ഞങ്ങളിൽ പെട്ടവരാണ് എന്നൊരു വികാരമാണ് ആ സമയങ്ങളിൽ മനസ്സിനെ ഭരിക്കുന്നത്.  

ഏകദേശം രണ്ട് മണിക്കൂറെങ്കിലും എടുത്ത്‌ കാണും ലിപുലേഖിന്റെ  മുകൾ ഭാഗത്തിനടുത്തേക്ക് കയറിയെത്താനെടുത്ത സമയം.  പലയിടത്തും മഞ്ഞ് കലശലായി  വഴുക്കുന്നുണ്ടായിരുന്നു,  ചിലയിടങ്ങളിലാകട്ടെ കാലുകൾ താഴ്ന്ന് പോകുന്നുമുണ്ടായിരുന്നു. ഇതിനും പുറമേ തണുപ്പും കാഴ്ചക്കുറവും മൂലമുള്ള പ്രശ്നങ്ങളും വഴിനീളെ അനുഭവപ്പെട്ടു. ലിപുലേഖിന് ഏതാണ്ട് 50 മീറ്റർ താഴെ എത്തിയപ്പോൾ ചൈനീസ് അധികൃതർ അന്നുവരെ ചെയ്തതായി കേട്ടിട്ടില്ലാത്ത ഒരു ആനുകൂല്യം യാത്രക്കാർക്കായി  അനുവദിച്ചു.  പ്രായമായ യാത്രക്കാരുടെ പോർട്ടർമാരെ ചൈനീസ് അതിർത്തി കടന്ന് 50 മീറ്ററോളം താഴേക്കിറങ്ങി വന്നു അതാത് യാത്രക്കാരെ കൈ പിടിച്ച് മുകളിലേക്ക് കൊണ്ടുപോകാനുള്ള അനുവാദം നൽകി. മൂന്നാം ബാച്ചിൽ നടന്ന അപകടങ്ങളും മോശം കാലാവസ്ഥയുമാകാം ഇങ്ങിനെ ഒരു തീരുമാനത്തിന് കാരണം.  എന്തായാലും ഇത് ഒരുപാട് യാത്രക്കാർക്ക് വളരെ സഹായകരമായ ഒരു നടപടിയായി മാറി. വീണാജിയുടെയും പോർട്ടർ താഴേക്കിറങ്ങി വന്നു എന്നിൽ നിന്ന് അവരേയും അവരിൽ നിന്ന് അവരുടെ ബാഗിനെയും ഏറ്റെടുത്തു. വളരെ സമയമെടുത്ത് സാവധാനത്തിൽ സഞ്ചരിക്കേണ്ടി വന്നുവെങ്കിലും കുറഞ്ഞ വേഗതയുള്ള യാത്ര ഒരു സഹായം ചെയ്തു. ലിപുലേഖ് പാസിന് മുകളിലേക്ക് എത്തിയപ്പോൾ അല്പം പോലും ക്ഷീണമോ കിതപ്പോ എനിക്ക് അനുഭവപ്പെട്ടിരുന്നില്ല. അതിനാൽ തന്നെ  അൽപ്പ നേരം കൂടി യാത്രക്കാർ കയറി വരുന്നതും നോക്കി ഞാൻ ലിപുലേഖ് പാസിന് മുകളിൽ തന്നെ നിന്നു. രാഹുൽ ആദ്യമേ തന്നെ അവിടെ എത്തിയിട്ടുണ്ടായിരുന്നു. ഞങ്ങൾ ഇന്ത്യയിൽ നിന്ന് കയറി വന്നപ്പോൾ ലിപുലേഖ് പാസിൽ മഞ്ഞിനൊപ്പം  ധാരാളം കറുത്ത പാറകൾ കാണാനുണ്ടായിരുന്നുവെങ്കിൽ തിരിച്ച് വരുമ്പോഴേക്കും പിന്നീട് പെയ്ത മഞ്ഞുമഴയുടെ ഫലമായി പൂർണ്ണമായും തൂവെള്ള നിറത്തിൽ കിടക്കുന്ന മലകൾ മാത്രമേ കാണാനായുണ്ടായിരുന്നുള്ളൂ. അത്രയേറെ മഞ്ഞു  മൂടിയിട്ടുണ്ടായിരുന്നു ഇത്രയും ദിവസം കൊണ്ട് ലിപുലേഖിൽ.

ഇന്ന് ഞങ്ങൾക്ക് എത്തിച്ചേരേണ്ടത് ഗുഞ്ചിയിലേക്കാണ്. ഏകദേശം 35 കിലോമീറ്ററോളം വരുന്ന യാത്രയാണ് അന്നത്തേത്. തക്കലാക്കോട്ടിലെ സാമാന്യ ശൈത്യത്തിൽ നിന്ന് തുടങ്ങി ലിപുലേഖിലെ അതിശൈത്യത്തിൽ കൂടി കടന്നു ഉച്ചയ്ക്ക് കലാപാനിയിലെ കനത്ത വെയിലിന്റെ ചൂടിലേക്ക് യാത്രചെയ്തു ഗുഞ്ചിയിലെ മൃദുവായ തണുപ്പിലേക്ക് എത്തിച്ചേരേണ്ട ദിനം. തുടക്കത്തിൽ അനുഗ്രഹമായി തോന്നുന്ന പല അടക്കുകളിൽ ധരിച്ചിരിക്കുന്ന വസ്ത്രങ്ങൾ ഇടയ്ക്ക് വെച്ച് ഒരു ശാപമായി അനുഭവപ്പെടും. കാലാവസ്ഥ വ്യതിയാനത്തിന് അനുസരിച്ച് വസ്ത്രങ്ങളുടെ മടക്കുകൾ കൂട്ടിയും കുറച്ചുമാണ് ഈ ദിവസം യാത്ര പൂർത്തീകരിക്കേണ്ടത്. നാഭിധാങ്ങിൽ  നിന്നായിരുന്നു അന്ന് ഉച്ചഭക്ഷണം, അതും കഴിഞ്ഞ് കാലാപാനിയിൽ നിന്ന് ചായയും കഴിച്ച് വൈകിട്ട് അഞ്ചരയോടു കൂടി ഗുഞ്ചിയിൽ എത്തി. ഇന്ത്യൻ ആർമിയിൽ നിന്നും വന്നിട്ടുള്ള സഹയാത്രികരായിരുന്ന മൂന്നു പേർ ഇവിടെ നിന്ന് ആർമിയുടെ ഹെലികോപ്റ്ററിൽ തിരിച്ചു പോയി. ആർമിയിലെ ഉയർന്ന ഉദ്ധ്യോഗസ്ഥരായിരുന്ന അവർ സുരക്ഷാ കാരണങ്ങളാൽ ആയിരിക്കണം തങ്ങളുടെ യഥാർത്ഥ റാങ്ക്  യാത്രയിൽ ഒരിടത്തും വെളിപ്പെടുത്തിയിരുന്നില്ല. ഗുഞ്ചിയിൽ യാത്ര പിരിയും മുൻപ് അത് വെളിപ്പെടുത്തിയപ്പോൾ ITBP യുടെ മുഴുവൻ ഓഫിസർമാരും ജവാന്മാരും പരേഡ് പോലെ  അറ്റൻഷനായി നിന്ന് അവരെ യാത്രയയച്ചത് ഒരു അവിസ്മരണീയ ദൃശ്യമായിരുന്നു. 

ഗുഞ്ചിയിൽ നിന്ന് പിറ്റേന്ന് രാവിലെ 6 മണിക്ക് പുറപ്പെട്ട്, വൈകീട്ട് നാലുമണിയോടെ സാവധാനത്തിൽ ബുധിയിൽ എത്തിച്ചേർന്നു. അടുത്ത ദിവസം ബുധിയിൽ നിന്ന് ഗാലയിലേക്കുള്ള യാത്രയിൽ ഇങ്ങോട്ടു വരുമ്പോൾ വളരെയധികം ബുദ്ധിമുട്ടി ഇറങ്ങി വന്ന അതേ 4500 ഓളം വരുന്ന പടികൾ തിരിച്ചു കയറി ചെല്ലേണ്ടതായിട്ടുണ്ട്. ഇറങ്ങി വരുമ്പോൾ പുലർച്ചെ വെയിൽ ഇല്ലാത്ത സമയമാണെങ്കിൽ തിരിച്ചു ചെല്ലുമ്പോൾ കയറുന്നത് ഉച്ചയ്ക്ക് ഏതാണ്ട് ഒരു മണിയോടുത്താണ്. നല്ല ശക്തിയുള്ള  വെയിലും, ചൂടും, കയറ്റവും ചേർന്ന് ശാരീരിക അധ്വാനത്തിനെ  അതിന്റെ പാരമ്യത്തിലെത്തിക്കും ഇവിടെ. എടുത്ത്‌ പറയേണ്ട കാര്യം യാത്ര തുടങ്ങിയ ദിവസങ്ങളെ അപേക്ഷിച്ച് തിരിച്ചുവരാനാകുമ്പോഴേക്കും മലമുകളിൽ കൂടി സഞ്ചരിക്കാൻ വേണ്ട പരിചയവും വഴക്കവും ആരോഗ്യവും ഞങ്ങൾക്ക് വളരെയധികം വർദ്ധിച്ചിട്ടുണ്ടായിരുന്നു എന്നുള്ളതാണ്. 

ഗാലയിൽ നിന്ന് സിർക്ക വഴി നാരായൺ ആശ്രമത്തിലേയ്ക്ക് നടന്നെത്താനും അവിടെ നിന്ന് വാഹനമാർഗ്ഗം ദാർച്ചുലയിൽ  എത്താനുമായിരുന്നു ആദ്യമുണ്ടായിരുന്ന യാത്ര പദ്ധതി. എന്നാൽ ഗാലയിൽ നിന്ന് മറ്റൊരു വഴിയിൽ കൂടി അല്പം നടത്തിച്ച്  അവിടേയ്ക്ക് വാഹനങ്ങളെ എത്തിക്കാൻ വേണ്ട പുതിയ  തയ്യാറെടുപ്പുകൾ KMYN ചെയ്തിട്ടുണ്ടായിരുന്നു. അതിനാൽ ഗാലയിൽ നിന്ന് അധികം നടക്കേണ്ടി വന്നില്ല. നടന്നതോ വാഹന യോഗ്യമായ മറ്റൊരു വഴിയിലേക്കായിരുന്നു. അവിടെനിന്ന് KMVN ഏർപ്പാട് ചെയ്തിരുന്ന ജീപ്പുകളിൽ ഞങ്ങൾ ദാർച്ചുലയിലേയ്ക്ക്  ചെന്നെത്തുകയും ചെയ്തു.  കുതിരക്കാരെയും പോർട്ടർമാരെയും പൈസ കൊടുത്ത് യാത്രയാക്കി. വഴി പിരിഞ്ഞെങ്കിലും  രാഹുലുമായുള്ള ബന്ധം അങ്ങിനെ അവസാനിപ്പിക്കാവുന്നതായിരുന്നില്ല, അതിപ്പോഴും തുടരുന്നു. ദാർച്ചുലയിൽ വെച്ച് മലമുകളിലെ വസ്ത്രങ്ങൾ മാറ്റി ബാഗുകൾ എല്ലാം പുനഃക്രമീകരിച്ചു. ഇനിയങ്ങോട്ട് ബസ് യാത്രകളാണ്. പിറ്റേന്ന് ദാർച്ചുലയിൽ നിന്ന് മേർത്തി വഴി പിത്തോഗഡിലേക്കും അവിടെ നിന്ന് ജാഗേശ്വറിലേയ്ക്കുമായിരുന്നു യാത്രാപദ്ധതി.  എന്നാൽ വഴിയിൽ കനത്ത മഴയും മലയിടിച്ചിലും കാരണം മേർത്തിയിലേക്കുള്ള പദ്ധതി ഉപേക്ഷിച്ച് ഞങ്ങൾക്ക് നേരെ പിത്തോഗഡിലേക്ക് പോകേണ്ടി വന്നു.  മേർത്തിയിൽ വെച്ച് ഗ്രൂപ്പ് ഫോട്ടോയും യാത്ര പൂർത്തീകരണത്തിനായി KMVN നൽകുന്ന, ഇന്ത്യൻ മൗണ്ടനീറിങ്‌ ഫൗണ്ടേഷന്റെ കൂടെ അംഗീകാരമുള്ള സർട്ടിഫിക്കറ്റും ലഭിക്കേണ്ടതായിരുന്നു. ഇവ രണ്ടും പിന്നീട് മേർത്തിയിൽ നിന്ന് പിത്തോഗഡിൽ കൊണ്ടുവന്ന് അവിടെവെച്ചാണ് വിതരണം ചെയ്തത്. പിത്തോഗഡിൽ എത്തുമ്പോൾ ഉച്ച കഴിഞ്ഞിട്ടേ  ഉണ്ടായിരുന്നുള്ളൂവെങ്കിലും കനത്തമഴയും കാറ്റും കാരണം സന്ധ്യയായപോലെയായിരുന്നു അന്തരീക്ഷം. ഇവിടെ നിന്ന് ഭക്ഷണം കഴിഞ്ഞ് അന്ന് ജാഗേശ്വറിലേയ്ക്ക് പുറപ്പെടാൻ തുടങ്ങിയപ്പോൾ കൈലാസനാഥ ബാബ കാരണങ്ങൾ ഒന്നും പറയാതെ ഇന്ന് ഇവിടെ തന്നെ തങ്ങിയാൽ മതിയെന്നും ജാഗേശ്വറിലേക്ക് നാളെ പോയാൽ മതിയെന്നും ശഠിച്ചു. പലവിധത്തിൽ പലരും സംസാരിച്ചു നോക്കിയെങ്കിലും ബാബ വഴങ്ങിയില്ല. ഒടുക്കം അന്ന് പിത്തോഗഡിൽ തന്നെ എല്ലാവരും തങ്ങാനും പിറ്റേന്ന് രാവിലെ നേരത്തെ ജാഗേശ്വറിലേക്ക് പോകാനും  തീരുമാനമായി. പിറ്റേന്ന് ജാഗേശ്വറിലേക്ക് പോകുന്ന വഴിക്കാണ് അറിഞ്ഞത് തലേന്ന് മലമുകളിൽ നിന്ന് വലിയ പാറക്കല്ലുകൾ അടർന്ന് വീണ് ആ വഴിയിൽ കൂടി പോയ ഒരുപാട് വാഹനങ്ങൾക്ക് കാര്യമായ അപകടം സംഭവിക്കുകയും ധാരാളം പേർക്ക് ഗുരുതരമായ പരിക്കുകൾ പറ്റുകയും ഉണ്ടായിട്ടുണ്ടായിരുന്നുവെന്ന്. ബാബയാണോ ബാബയിൽ കൂടെ ബോലെയാണോ ആ യാത്ര തടഞ്ഞത് എന്നറിയില്ലയെങ്കിലും അത് ഗുണം ചെയ്തു എന്ന് മാത്രം പറയാം. 

ഏഴാം നൂറ്റാണ്ടിനും പന്ത്രണ്ടാം നൂറ്റാണ്ടിനും ഇടയ്ക്ക് നിർമ്മിക്കപ്പെട്ടിട്ടുള്ള നൂറോളം ക്ഷേത്രങ്ങളുടെ ഒരു സമുച്ചയമാണ്  ജാഗേശ്വർ ധാം അമ്പലങ്ങൾ. ഇതിൽ ചിലത് വളരെ വലുതും ചിലവ തീരെ ചെറിയതുമാണ്. ജാഗേശ്വറിലെ ശിവലിംഗം സ്വയംഭൂവായാണ് ഗണിക്കപ്പെടുന്നത്. ഇവിടുത്തെ ദർശനം വളരെ വിശേഷപ്പെട്ട ഒരനുഭവമായിരുന്നു. അന്ന് ജാഗേശ്വറിലെ KMVN ഗസ്റ്റ് ഹൌസിൽ തങ്ങി പിറ്റേന്ന് അൽമോറ, കാത്തുഗോഥം വഴി ദില്ലിയിലേക്കാണ് യാത്ര. കാത്തുഗോഥാമിൽ വെച്ച് ചൈനയുടെ ഭാഗത്തുള്ള യാത്രാ പൂർത്തീകരണ സർട്ടിഫിക്കറ്റും ഞങ്ങൾക്ക് ലഭിച്ചു. വൈകീട്ട് 7 മണിയ്ക്ക് ദില്ലിയിൽ ഗുജറാത്തി സമാജ് സദനിൽ എത്തിച്ചേർന്ന ഞങ്ങൾക്ക് ഹൃദയസ്പർശമായ സ്വീകരണമാണ് ലഭിച്ചത്. ധാരാളം മീഡിയകളും ഈ വരവ് സംപ്രേക്ഷണം ചെയ്യാനായി അവിടെ കാത്ത്‌ നിന്നിരുന്നു. യാത്രക്കാരിൽ ചിലർ അന്ന് വൈകീട്ട് തന്നെയും മറ്റു ചിലർ പിറ്റേന്നു രാവിലെയും യാത്ര പറഞ്ഞ് പിരിഞ്ഞു പോയി. പിന്നിട്ട 27 ദിനങ്ങൾ കൊണ്ട് തമ്മിൽ തമ്മിൽ 27 ജന്മങ്ങളിലെ ആത്മബന്ധമുണ്ടായി കഴിഞ്ഞിരുന്നതിനാൽ വികാരപരമായിരുന്നു ഓരോ യാത്രയയപ്പും. പിറ്റേന്ന് വൈകീട്ട് മുംബൈ രാജധാനി എക്സ്പ്രസ്സിലായിരുന്നു എന്റെ മടക്കയാത്ര. അപ്പോഴേക്കും ബാച്ചിലെ യാത്രക്കാരിൽ അഞ്ചോ ആറോ പേര് മാത്രമേ ഗുജറാത്തി സദനിൽ നിന്ന് ഇനിയും യാത്ര പുറപ്പെടാനായി ബാക്കിയുണ്ടായിരുന്നുള്ളു. അന്ന് രാത്രി ട്രെയിനിൽ വെച്ച് എന്റെ കയ്യിലുള്ള വടിയുടെ കഥ ചോദിച്ച സഹയാത്രക്കാർക്കായി, കൈലാസയാത്രാനുഭവം വിവരിക്കാൻ കഴിഞ്ഞത് രസകരമായ ഒരനുഭവമായി. ഈ യാത്ര ചെയ്യും എന്ന് ശ്രോതാക്കളിൽ പലരും അവിടെ വെച്ച് തന്നെ തീരുമാനം എടുത്തിരുന്നു. പിറ്റേന്ന് കാലത്ത് 8:30ന് ഞാൻ മുംബൈയിലും  എന്നെ സ്വീകരിക്കാനായി വന്നിരുന്ന രജനീഷിന്റെ കൂടെ 9:30ന് വീട്ടിലും എത്തി ചേർന്നു. ഞാൻ യാത്ര പുറപ്പെട്ട് ഏതാനും ദിനങ്ങൾക്കകം ഇവിടെ എത്തിച്ചേർന്നിരുന്ന ഭാര്യയുടെ മാതാപിതാക്കളും ഭാര്യയും മക്കളും ചേർന്ന് ഉത്തരേന്ത്യൻ രീതിയിൽ ആരതി ഉഴിഞ്ഞാണ് എന്നെ വീട്ടിലേക്കാനയിച്ചത്. അവിസ്മരമണീയമായ ഒരു പുനഃസമാഗമമായിരുന്നു അത്.

കൈലാസയാത്രയെ കുറിച്ച് എഴുതുന്നത്, തേനിന്റെ മധുരം മുൻപൊരിക്കലും അറിയാൻ സാധിക്കാതെ പോയ ഒരാളോട് അത് വാക്കുകളാൽ പറഞ്ഞ് ഫലിപ്പിക്കാൻ ശ്രമിക്കുന്ന പോലെയാണ്. എത്ര വാക്ചാതുരി ഉണ്ടായിരുന്നാലും മധുരത്തിന്റെ അനുഭവം പൂർണ്ണമായും പകർന്ന് കൊടുക്കാനാവില്ല എന്നുറപ്പ്. എങ്കിലും, തേനിന്റെ മധുരം ആസ്വാദ്യകരമാണ്, സാദ്ധ്യമാവുമെങ്കിൽ രുചിക്കണമെന്ന് പറഞ്ഞ് കൊടുക്കാൻ സാധിച്ചാൽ തന്നെ ആ ശ്രമം ഗുണകരമായ പരിണാമം കൊണ്ട് വന്നേക്കാം. ഇത് തന്നെയാണ് ഈ യാത്രാ വിവരണം കൊണ്ട് ഞാനും നേടാനായി ആഗ്രഹിക്കുന്നത്. സാദ്ധ്യതയുള്ള ഒരാളെ കൂടി ഈ യാത്രയ്ക്ക് പ്രേരിപ്പിക്കാൻ കഴിഞ്ഞാൽ, പങ്കെടുപ്പിക്കാൻ സാധിച്ചാൽ എന്നിലധിഷ്ഠിതമായ  കടമ പൂർണ്ണമാകും. ഈ യാത്രയിൽ നിങ്ങൾക്ക് ഏത് മനോഭാവത്തോടെയും പങ്കെടുക്കാം. തികച്ചും ഭൗതികമായ  വീക്ഷണത്തിൽ കേവലം ഒരു ട്രെക്കിങ് എന്ന നിലയിൽ പോയി വരാം. എന്തിനെയും ഏതിനെയും ചോദ്യം ചെയ്തും നിഷേധിച്ചും പോയി വരാം, ആരും നിങ്ങളെ വിധിക്കാനോ തടയാനോ  വന്നേക്കില്ല. പക്ഷെ നിങ്ങൾ ഈ പ്രപഞ്ചത്തിലുളവാക്കുന്ന സ്പന്ദനങ്ങളാണ് നിങ്ങളിലേക്ക് തന്നെ പിന്നീട് കൂടിയ ശക്തിയിൽ തിരിച്ച് വരുന്നതെന്ന ധാരണയിലാണ് സ്വന്തം കർമ്മങ്ങൾ രൂപാന്തരപ്പെടുത്തുന്നത് എങ്കിൽ അത് ആത്യന്തികമായി നിങ്ങൾക്ക് തന്നെ ഗുണം ചെയ്യും എന്ന് മറക്കരുത്. യുക്തി എന്ന് നമ്മൾ വിളിക്കുന്നത് ലഭ്യമായ ജ്ഞാന-വിജ്ഞാനങ്ങളാൽ തീർത്ത ചെറിയ ഒരു മാപിനിയെയാണ്. ഈ യുക്തിയുടെ മാനദണ്ഡങ്ങളും അതിരുകളും അനസ്യൂതം വികസിച്ച്  കൊണ്ടിരിക്കുകയാണ്.  അബദ്ധമെന്നോ അസംബദ്ധമെന്നോ ഒരു പതിറ്റാണ്ട് മുൻപ് വരെ യുക്തിഭദ്രമായി വിധിച്ചിരുന്ന പലതും ഇന്ന് യുക്തിസഹമെന്ന് വിധിക്കേണ്ട അവസ്ഥയിലായി കഴിഞ്ഞിട്ടുണ്ട്. വീക്ഷണ കോണുകൾക്ക് അല്പമൊരു മാറ്റം വരുമ്പോൾ തന്നെ യുക്തിഭദ്രതാ  വാദത്തിന്റെ പല അടിസ്ഥാന ശിലകളും ശിഥിലമായി പോകുന്നതായും കാണാനാകും. 

ഗഹനമായ പല പ്രപഞ്ച സത്യങ്ങളും വിശാലമായി വിവരിക്കാതെ തന്നെ അതിൽ നിന്നും ജനസാമാന്യത്തിന് എങ്ങിനെ ഗുണകരമായ അനുഭവങ്ങൾ ഉണ്ടാക്കിയെടുക്കാമെന്ന് മഹാ മനീഷികളായ ഋഷി മുനിമാർ മനനം ചെയ്തതിന്റെ പരിണിത ഫലമായിട്ടാണ് പലപ്പോഴും പല ആചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസ രൂപേണ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. കാലാന്തരേണ വന്ന വ്യതിയാനങ്ങൾക്കപ്പുറം, ഇത്തരം തീർപ്പുകളുടെ അന്ത:സത്തയെ തേടുന്ന ഒരു മനസ്സും, മുൻ വിധികളോ, ശാഠ്യങ്ങളോ ഇല്ലാത്ത ഋജുവായ ചിന്തയുമായി  സമീപിക്കുമ്പോൾ അത്ഭുതങ്ങൾ കാത്തിരിക്കുന്നതായാണ് സ്വകാര്യമായ അനുഭവം. അത്ഭുതപ്പെടാനുള്ള കഴിവ് നഷ്ട്ടപ്പെടുന്ന മനുഷ്യൻ പിന്നെ യന്ത്രസമാനനായി മാറും എന്നതിനാൽ ഞാൻ അത്ഭുതങ്ങളെ  ഇഷ്ടപ്പെടുന്നു. അതുകൊണ്ട് തന്നെ ഞാൻ പോയത് കൈലാസമെന്ന് പേരുള്ള കേവലമൊരു പർവ്വതം ചുറ്റിക്കറങ്ങി വരാനായിട്ടല്ല, മറിച്ച് സഹസ്രാബ്ദങ്ങളായി സനാതന സംസ്കാരം, പ്രപഞ്ചത്തിന്റെ കേന്ദ്രമെന്നും, സൃഷ്ടി സ്ഥിതി സംഹാരങ്ങൾ നിർവഹിക്കുന്ന ത്രിമൂർത്തികളിലെ സംഹാരമൂർത്തിയായ പരമേശ്വരന്റെ വാസസ്ഥലമെന്നും നിശ്ചയിച്ചിട്ടുള്ള പരമപാവനമായ  കൈലാസത്തിന്റെ ദർശനത്തിനും പരിക്രമണത്തിനുമായാണ്. സൃഷ്ടിയുടെ മൂർത്തിയായ ബ്രഹ്മദേവന്റെ മനോമുകുരത്തിൽ സഹസ്രദളമാർന്ന താമരപ്പൂ പോലെ വിരിഞ്ഞ മാനസരോവരമെന്ന മനോജ്ഞ തടാകത്തിൽ മുങ്ങി നിവർന്നെൻ പ്രാണനിൽ കുളിരുപടർത്താനാണ്. പിന്നിട്ട ഓരോ ചുവടിനുമൊപ്പം മനസ്സിൽ നിറഞ്ഞാടിയ വികാര-വിചാരങ്ങളെ തെല്ലും മറച്ച് വെയ്ക്കാതെ ഇവിടെ അക്ഷരങ്ങളായി ചൊരിയാനും കാരണം അത് തന്നെ. യാത്രാവസാനം, പഴയ  അഞ്ചുവയസ്സുകാരന്റെ  മനസ്സിൽ ഉയിർകൊണ്ട അത്ഭുതങ്ങൾ മാഞ്ഞ് പോവുകയല്ല ചെയ്തത്, മറിച്ച് കൈലാസത്തിന്റെ താഴ്‌വരകളിൽ, മഞ്ഞിന്റെ തലോടലുമേറ്റ്, പുതിയ അത്ഭുതങ്ങൾ പൊട്ടിമുളയ്ക്കുകയാണുണ്ടായത്. അവയാകട്ടെ ഇനി എന്നെന്നേക്കും ഏഴുനിറങ്ങളിൽ തന്നെ പൂവണിഞ്ഞു  നിൽക്കുകയും ചെയ്യും. 

Jageshwar Dham
Jageshwar Dham
« of 9 »
Share: