Kailash-Manasarovar-Aerial-view

ടിബറ്റിലെ ട്രാൻസ് ഹിമാലയയുടെ ഭാഗമായ കൈലാസ റേഞ്ചിലെ ഒരു പർവതമാണ് കൈലാസം. വർഷം മുഴുവൻ മഞ്ഞു മൂടിക്കിടക്കുന്ന കൈലാസത്തിന്റെ ഉയരം  22,028 അടിയാണ്. ഹിന്ദുവിസം, ബുദ്ധിസം, ജൈനിസം എന്നീ ഇന്ത്യയിൽ രൂപം കൊണ്ട ധർമ്മങ്ങളും പതിനൊന്നാം നൂറ്റാണ്ടിൽ ടിബറ്റിൽ രൂപം കൊണ്ട ബോൺ എന്ന മതവുമാണ് ലോകത്തിൽ കൈലാസത്തെ പുണ്യസ്ഥാനമായി കണക്കാക്കുന്ന നാല് മതങ്ങൾ.

സ്വയംഭൂവായി കണക്കാക്കപ്പെടുന്ന കൈലാസം, ഹൈന്ദവ വിശ്വാസപ്രകാരം സൃഷ്ടിയോളം പഴക്കം ചെന്നതാണ്. പുരാതന കാലം മുതൽക്കു തന്നെ ദേവന്മാർ, ദാനവർ, യക്ഷന്മാർ, കിന്നരന്മാർ, വിദ്യാധരന്മാർ, ഗന്ധർവൻമാർ, അപ്സരസുകൾ, യോഗികൾ, മുനിമാർ, സിദ്ധന്മാർ, തപസ്വികൾ, മനുഷ്യന്മാർ എന്നിങ്ങനെയുള്ള എല്ലാ വിഭാഗങ്ങളുടെയും ആരാധനാ കേന്ദ്രമായിരുന്ന കൈലാസം പ്രപഞ്ചത്തിന്റെ മൂലാധാരമാണ് എന്നുള്ള വാദഗതികളും ഉണ്ട്. ഈ പ്രദേശത്ത് പ്രകാശവീചികൾ ശബ്ദവീചികളുമായി പ്രത്യേക രീതിയിൽ കൂടിച്ചേരുന്നതിനാൽ അന്തരീക്ഷത്തിൽ ഓം എന്ന നാദം സദാ പ്രകമ്പനം ചെയ്തു കൊണ്ടിരിക്കുന്നു എന്നും, ഇത് സൃഷ്ടിയുടെ കാലം മുതൽ തുടരുന്നതായും ഒരു വിശ്വാസമുണ്ട്. സ്വന്തം അനുഭവത്താൽ എനിക്ക് സാക്ഷ്യം നൽകാൻ കഴിയുന്നത് ഈ പ്രദേശത്ത് അനുഭവപ്പെടുന്ന സവിശേഷ ഊർജ്ജാവസ്ഥയെ കുറിച്ചാണ്. ഈ ഊർജ്ജത്തിന്റെ സാന്നിദ്ധ്യം നമ്മുടെ ആരോഗ്യത്തെയും, ചിന്തകളെയും, യോഗാവസ്ഥകളെയും ശക്തമായി സ്വാധീനിക്കുകയും ചെയ്യുന്നുണ്ട്. യോഗാവസ്ഥയിൽ വ്യക്തികൾ കടന്നുപോകുന്ന വ്യത്യസ്ഥ തലങ്ങളിലേയ്ക് എത്തിച്ചേരാൻ സമതലങ്ങളെ അപേക്ഷിച്ച് ഇവിടെ താരതമ്യേനെ വേഗത്തിൽ സാധിക്കുന്നതായി കാണുകയുണ്ടായി. ഗ്രാനൈറ്റ് കല്ലിന്റെ അടിത്തറയ്ക്ക് മുകളിൽ പിരമിഡ് ആകൃതിയിൽ അവസാദശിലയുടെ വളരെ വലിയ ഒരു മേൽക്കൂര കമഴ്ത്തിവെച്ച പോലെയാണ് കൈലാസ പർവതം സ്ഥിതി ചെയ്യുന്നത്.  ഈ പ്രദേശത്തെ മറ്റെല്ലാ പർവ്വതങ്ങളെക്കാൾ ഇരുണ്ടതാണ് കൈലാസം. ഈ കരിക്കറുപ്പിന് മുകളിൽ തൂവെള്ള മഞ്ഞു പൊഴിഞ്ഞു കിടക്കുന്ന ദർശനം തികച്ചും ആനന്ദാനുഭൂതിദായകമായ ഒരു അനുഭവമാണ്. 

ഏഷ്യയിലെ നാല് നീളം കൂടിയ നദികളുടെ ഉത്ഭവസ്ഥാനമായാണ് കൈലാസം കണക്കാക്കപ്പെടുന്നത്. ഇൻഡസ്, സത്‌ലജ്, ബ്രഹ്മപുത്ര, കർണാലി എന്നിവയാണ് ആ നദികൾ. ഇവയിൽ സത്‌ലജ്, ഇൻഡസ് നദിയുടെയും കർണാലി, ഗംഗാ നദിയുടെയും പോഷക നദികളാണ്. നടുക്ക് കൈലാസത്തിൽ നിന്ന് നാലു ദിശകളിലേക്ക് ഒഴുകുന്ന ഈ നദികളുടെ മുകളിൽ നിന്നുള്ള രേഖ ചിത്രമാണ് ഹൈന്ദവ ചിഹ്നമായ സ്വസ്തിക് എന്നുള്ള ഒരു വാദഗതി ചില ഗ്രന്ഥങ്ങളിൽ  കാണുന്നുണ്ട്.  ഈ നദികളുടെ സഞ്ചാരപഥത്തിന്റെ രേഖാചിത്രങ്ങളിൽ ഉള്ള വളവുകൾ കാലക്രമേണ  നിവർന്നു നേർരേഖകൾ ആയപ്പോഴാണ് ഇന്ന് വ്യാപകമായി കാണുന്ന സ്വസ്തിക് ചിഹ്നത്തിലേയ്ക്ക് അത് രൂപം മാറിയെത്തിയത്. 

കൈലാസത്തിന്റെ നാലുമുഖങ്ങൾക്ക് നാല് സവിശേഷതകൾ ആണുള്ളത്. തെക്കേ മുഖം ഇന്ദ്രനീലമാണ്, കിഴക്കേ മുഖം സ്ഫടികമാണ്, പടിഞ്ഞാറേത് മാണിക്യവും, വടക്കേ മുഖം സ്വർണ്ണവുമാണ്. അഷ്ടപടികൾ കൈലാസത്തിന്റെ തെക്കേ മുഖത്താണ് സ്ഥിതി ചെയ്യുന്നത്. സ്വർഗ്ഗത്തിലേക്കുള്ള പടികളാണ് ഇതെന്നും സ്വർഗ്ഗം അർഹിക്കുന്നവർക്ക് മാത്രമേ ഒമ്പതാമത്തെ പടികൾ മുതൽ കാണാനാകൂ എന്നുള്ളതാണു ഹൈന്ദവ വിശ്വാസം. ബുദ്ധമതത്തിലും ജൈനമതത്തിലും കൂടി അഷ്ടപടികൾ പ്രാധാന്യമുള്ളവയാണ്. ഭഗവാൻ വിഷ്ണുവിന്റെ പത്മഹസ്തങ്ങളിൽ നിന്നും മഹാദേവൻ ഗംഗാ ദേവിയെ തന്റെ ജടയിൽ ഏറ്റുവാങ്ങിയതായാണ് പുരാണം. കൈലാസമായിരുന്നു ഈ ജട എന്നൊരു വിശ്വാസം കൂടി നിലവിലുണ്ട്. ഹിന്ദു പുരാണങ്ങളിലും ഗ്രന്ഥങ്ങളിലും ആഴത്തിൽ സഞ്ചരിക്കുന്നവർക്ക് പല നാമത്തിൽ, പല രൂപത്തിൽ കൈലാസത്തെ കണ്ടെത്താനായേക്കും. എന്നാൽ എല്ലാ രൂപഭാവങ്ങളിലും കൈലാസം മഹാദേവൻ തന്റെ കുടുംബത്തോടും, സൈന്യത്തോടും കൂടി വസിക്കുന്ന വാസഗൃഹമായാണ് കാണപ്പെടുന്നത്. 

കൈലാസയാത്രയുടെ ചരിത്രം ചിരപുരാതന കാലത്തോളം പഴക്കമുള്ളതാണ്. എല്ലാ പുരാണങ്ങളിലും ഇതിഹാസങ്ങളിലും കൈലാസപരിക്രമണം അത്യധികം പ്രാധാന്യത്തോടെ തന്നെ പരാമർശിച്ചിരിക്കുന്നു. ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം അവരുടെ ജീവിതകാലത്തിൽ നടത്താവുന്ന അത്യുത്തമമായ തീർത്ഥയാത്രയായാണ് കൈലാസയാത്രയെ കണക്കിലെടുക്കുന്നത്. കൈലാസപരിക്രമണം നടത്തുന്ന ഭക്തൻ പിന്നെ മറ്റൊരു തീർത്ഥയാത്രയും സ്വന്തം ആയുഷ്ക്കാലത്ത് നടത്തിയില്ലയെങ്കിലും കുറവുകളുണ്ടാകില്ല എന്നാണ് തീർപ്പ്. പഴയ ഗ്രന്ഥങ്ങളിൽ കാണുന്നതനുസരിച്ച് ഭാരതത്തിൽ നിന്ന് കൈലാസത്തിലേക്ക് അനേകം വഴികളുണ്ട്. കശ്മീരിലെ ലഡാക്ക് പ്രദേശത്തുനിന്നാണ് ആദ്യത്തെ വഴി. ഗംഗോത്രി, നൈലങ് ഗട്ട് വഴി കടന്നു പോകുന്നതാണ് രണ്ടാമത്തെ വഴി, ബദരീനാഥിൽ നിന്നും മൻ ഗട്ട് വഴിയാണ് മൂന്നാമത്തെ യാത്രാ പദം, ജോഷി മഠത്തിന്റെ വടക്കു കിഴക്കേ ദിശയിലുള്ള നിതി ഗട്ടിൽ കൂടി കടന്നു പോകുന്നതാണ് നാലാമത്തെ മാർഗ്ഗം. അൽമോറ, ധാർച്ചുല, ഗാബിയാങ്, ലിപുലേഖ് വഴി കടന്നു പോകുന്നതാണ് അഞ്ചാമത്തെ മാർഗ്ഗം. ഏറ്റവും കൂടുതൽ സഞ്ചാരികൾ തെരെഞ്ഞെടുത്തിട്ടുള്ള ഈ മാർഗ്ഗമാണ് ഒരിക്കൽ നിന്നു പോയ കൈലാസ മാനസരോവർ യാത്ര പുനരാരംഭിക്കാൻ തീരുമാനിച്ചപ്പോൾ ഇന്ത്യയുടെ വിദേശമന്ത്രാലയം തിരഞ്ഞെടുത്തത്. സ്വകാര്യ ടൂർ ഓപ്പറേറ്റർമാർ നേപ്പാൾ വഴി നടത്തുന്ന ഒരു കൈലാസ യാത്രാ പദം കൂടി ആറാമതായുണ്ട്. 2015 ൽ ഇന്ത്യ സർക്കാർ സിക്കിമിലെ നാഥുലാ പാസ് വഴിയുള്ള ഒരു മാർഗ്ഗം കൂടി ഏഴാമതായി ഉൾപ്പെടുത്തുകയുണ്ടായി.  ആറാമത്തെയും ഏഴാമത്തെയും മാർഗ്ഗങ്ങളിൽ കൂടി പോയാൽ കൈലാസ പരിക്രമണം ചെയ്യാനുള്ള മൂന്നു ദിവസം മാത്രമേ പദസഞ്ചലനം ആവശ്യമായുള്ളൂ. ആരോഗ്യപരമായും പ്രായാധിക്യം കൊണ്ടും അവശതയുള്ളവരെ സംബന്ധിച്ചിടത്തോളം വളരെ സഹായകരമാണ് ഈ രണ്ടു യാത്രാ മാർഗ്ഗങ്ങളും. 

ഋഗ്വേദത്തിൽ ഭാരതവർഷത്തിൽ തന്നെയായിരുന്ന കൈലാസത്തിലേക്കുള്ള യാത്രയെ കുറിച്ച് പരാമർശങ്ങൾ ഉണ്ട്. എല്ലാ കാലത്തും രഹസ്യവഴികളിൽ കൂടി ഋഷി-മുനിമാർ ഈ യാത്ര നടത്തിയിരുന്നതായും ഇന്നും അവ നിർബാധം നടക്കുന്നതായും വസ്തുതാപരമായ വാദങ്ങളുമുണ്ട്. എന്നാൽ ആധുനിക ഇന്ത്യയിൽ നിന്നുള്ള കൈലാസയാത്രയുടെ ആരംഭം എന്നായിരുന്നു എന്നുള്ളത് ഇപ്പോഴും തർക്കവിഷയമാണ്. എങ്കിലും 1962 ലെ ഇന്ത്യാ ചൈന യുദ്ധത്തിന് ശേഷം ഈ യാത്ര തീർത്തും നിലച്ചു പോയിരുന്നു. ടിബറ്റിൽ ആയിരുന്ന കൈലാസം 1959 ലെ ചൈനയുടെ ടിബറ്റൻ അധിനിവേശത്തിനു ശേഷം ചൈനീസ് അധീനതയിൽ ആയിത്തീർന്നിരുന്നതിനാൽ ഈ യാത്ര സ്വാഭാവികമായും ചൈന അനുവദിച്ചിരുന്നില്ല. അടിയന്തിരാവസ്ഥയ്ക്ക് ശേഷം ഭാരതത്തിൽ 1977ൽ അധികാരത്തിൽ വന്ന മൊറാർജി ദേശായി നേതൃത്വം നൽകിയ ജനതാ പാർട്ടിയുടെ സർക്കാരിൽ, പിന്നീട് ഇന്ത്യൻ പ്രധാനമന്ത്രിയായി തീർന്ന ശ്രീ അടൽ ബിഹാരി വാജ്‌പേയ് ആയിരുന്നു വിദേശകാര്യ മന്ത്രി. അദ്ധേഹം ചൈനയിലേക്ക് യാത്ര ചെയ്യുകയും കൈലാസ യാത്ര പുനരാരംഭിക്കുന്നതിനെ കുറിച്ച് ഔദ്യോഗികമായി ചർച്ച നടത്തുകയും ചെയ്തു. ഈ പ്രവർത്തിയുടെ പുറകിൽ പ്രധാന കർമ്മങ്ങൾ നിർവഹിച്ചത് പ്രമുഖ രാഷ്ട്രീയ നേതാവായ ഡോ. സുബ്രഹ്മണ്യം സ്വാമിയായിരുന്നു എന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്. പ്രവർത്തിച്ചത് ഇവരിൽ  ആരായിരുന്നാലും ശരി, 1981 ൽ കൈലാസ മാനസരോവർ യാത്ര ഇന്ത്യ പുനരാരംഭിച്ചു. ഉത്തരാഖണ്ഡ് സർക്കാറിന് കീഴിലുള്ള കുമായൂൺ മണ്ഡൽ വികാസ് നിഗം ലിമിറ്റഡ് (KMYN) ആണ് ഇപ്പോൾ ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയവുമായി സംയോജിച്ച് ഈ യാത്ര സംഘടിപ്പിക്കുന്നത്. ഇന്തോ ടിബറ്റൻ ബോർഡർ പോലീസ് (ITBP) വളരെ നിർണ്ണായകമായ ഒരു ഭാഗം ഈ യാത്രയ്ക്കായി നിർവ്വഹിക്കുന്നുണ്ട്. ദുഷ്കരമായ യാത്രാപഥങ്ങളിൽ ITBP യാത്രക്കാരുടെ കൂടെ എല്ലാ സഹായങ്ങളുമായി നിറഞ്ഞു നിൽക്കാറുണ്ട്. 

യാത്ര രണ്ട് ഘട്ടങ്ങളിലൂടെയാണ് പൂർത്തിയാകുന്നത്, ഇന്ത്യയിലെ ഘട്ടവും പിന്നെ ചൈനയിലെ ഘട്ടവും. KMVN ഭക്ത്യാദരപൂർവ്വം നിർവഹിക്കുന്നതിനാൽ ഇന്ത്യൻ വശത്ത് യാത്രയുടെ ഒരുക്കങ്ങൾ കുറ്റമറ്റതാണ്. ചൈനയുടെ ഭാഗത്തെ യാത്രാ സൗകര്യങ്ങളെക്കുറിച്ച് സാധാരണ വളരെയധികം പരാതികൾ പതിവുള്ളതാണെങ്കിലും 2015ൽ ഞങ്ങളുടെ അനുഭവം വ്യത്യസ്തമായിരുന്നു. ഇന്ത്യയുടെ രാഷ്ട്രീയാധികാര മാറ്റത്തോടുള്ള പ്രതികരണമെന്നുള്ള നിലയിൽ വളരെ ഊഷ്മളമായ സ്വീകരണവും, കൃത്യതയും സമഗ്രതയുമുള്ള സജ്ജീകരണങ്ങളുമായിരുന്നു ഞങ്ങളെ കാത്തിരുന്നിരുന്നത്. കൂടാതെ ബാക്ക് പാക്ക്, ജാക്കറ്റ്, സ്നോ ഗോഗിൾസ്, ടവൽ, തെർമൽ ഫ്ലാസ്ക്, പോഞ്ചോ, തൊപ്പി, പുതപ്പ് എന്നിവ ഉൾപ്പെടുന്ന ഒരു ഗിഫ്റ്റ് പാക്കും ചൈനീസ് സർക്കാർ കൈലാസ യാത്രക്കാർക്കായി നൽകി. ഈ വസ്തുക്കൾ എല്ലാം തന്നെ പരിക്രമത്തിലെ കഠിന പരിസ്ഥിതികളിൽ ഉപയോഗിക്കാനുതകുന്ന വിധം ഉയർന്ന ഗുണമേന്മയുള്ളവയുമായിരുന്നു. 

എല്ലാ വർഷവും കൈലാസമാനസരോവർ യാത്ര ജൂൺ മാസത്തിനും സെപ്റ്റംബർ മാസത്തിനും ഇടയിലായാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം സംഘടിപ്പിക്കുന്നത്. തീർത്ഥയാത്ര എന്നുള്ള നിലയിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന, യോഗ്യതയുള്ള ഇന്ത്യൻ പാസ്‌പോർട്ട് കയ്യിലുള്ള ഏതൊരു ഇന്ത്യക്കാരനും ഈ യാത്രയ്ക്കായി അപേക്ഷിക്കാം. അപേക്ഷകൾ അവരുടെ വെബ് പോർട്ടൽ ആയ www.kmy.gov.in വഴിയാണ് സ്വീകരിക്കപ്പെടുന്നത്.  അനുവദനീയമായ യാത്രക്കാരുടെ എണ്ണവും  യാത്രാചിലവും എല്ലാ വർഷവും മാറ്റം വരുന്നതായിരിക്കും. ജൂൺ ആദ്യവാരം ആരംഭിച്ച് നാലു ദിവസം ഇടവിട്ട് പുറപ്പെടുന്ന 16 ബാച്ചുകളായാണ് യാത്ര സംഘടിപ്പിക്കുന്നത്. ഒരു ബാച്ചിൽ പരമാവധി 60 യാത്രക്കാർ ഉണ്ടായിരിക്കും. യാത്രയ്ക്കാവശ്യമായ എല്ലാ വിവരങ്ങളും ഈ വെബ് പോർട്ടലിൽ ലഭ്യമാണ്. അപേക്ഷകരുടെ എണ്ണം അനുവദനീയമായ യാത്രക്കാരുടേതിൽ നിന്ന് കൂടുതൽ ആണെങ്കിൽ കമ്പ്യൂട്ടർ നിയന്ത്രിതമായ, ലിംഗ സമത്വം ഉറപ്പു വരുത്തുന്ന വിധത്തിൽ സജ്ജീകരിച്ചിരിക്കുന്ന റാൻഡം സെലെക്ഷൻ (ലോട്ടറി) പ്രോസസ്സ് വഴി അർഹരെ തെരഞ്ഞെടുക്കും. അതിനാൽ ഇവിടെ ഭാഗ്യവും ഒരു പ്രധാന ഘടകമാണ്. 

കൈലാസ യാത്രയെ നിങ്ങളല്ല തിരഞ്ഞെടുക്കുന്നത്, മറിച്ച് ബോലെനാഥ് നിങ്ങളെ അവിടേയ്ക്ക് അദ്ധേഹത്തോടൊപ്പം അല്പസമയം ചിലവഴിക്കാൻ ക്ഷണിക്കുകയാണ് എന്നൊരു ചൊല്ല് ഭക്തർക്കിടയിൽ പ്രചാരത്തിലുണ്ട്. നേരത്തെ സൂചിപ്പിച്ചത് പോലെ ഇത് ഒരു ജീവിത കാലത്തിൽ നടത്താൻ സാധിക്കുന്നതിൽ വെച്ച് ഏറ്റവും മഹത്വപൂർണ്ണമായ ഒരു തീർത്ഥയാത്രയാണ്. 27 ദിവസങ്ങൾ നീളുന്ന ഈ യാത്ര കഴിഞ്ഞു വരുമ്പോൾ നിങ്ങളുടെ ചുറ്റുമുള്ള യാതൊന്നും മാറിയതായി നിങ്ങൾക്ക് തോന്നിയേക്കില്ല. പക്ഷെ നിങ്ങളുടെ അടുത്തവർക്ക് നിങ്ങളിൽ ഒരു മാറ്റം എന്തായാലും കാണാൻ സാധിക്കും. മറ്റൊരർത്ഥത്തിൽ അത് തന്നെയാണ് യഥാർത്ഥമായ ഒരു തീർത്ഥയാത്ര നിങ്ങളോട് ചെയ്യുന്നത്, നിങ്ങളുടെ ജീവനെ ശുദ്ധീകരിച്ച്, അജ്ഞതയും മായയും സംഹരിക്കുന്ന മഹാദേവന്റെ സമീപസ്ഥർ ആക്കി നിങ്ങളെ മാറ്റുക എന്നുള്ള മഹനീയ പ്രവർത്തി. 

Ashtapat on the south face
Ashtapat on the south face
« of 4 »
Share: