Mani stone

സുതുൾഫുക്കിൽ നിന്ന് കാലത്ത് എട്ടുമണിക്കാണ് യാത്ര പുറപ്പെടുന്നത്. ഇവിടെനിന്ന് ദർച്ചനിലേയ്ക്ക് 12 കിലോമീറ്റർ മാത്രമേ ഉള്ളൂ. അതിൽ നിരപ്പായ വഴികളുള്ള ഏഴ് കിലോമീറ്റർ ദൂരം മാത്രമാണ് ഇന്നത്തെ ദിവസം നടക്കാനായുള്ളത്.  സോങ് സെർബു മുതൽ ദർച്ചൻ വരെയുള്ള ദൂരം വാഹനസൗകര്യം ലഭ്യമാണ്. മുഴുവൻ പരിക്രമം ചെയ്യാൻ ആഗ്രഹമുള്ളവർക്ക് സോങ് സെർബുവിൽ നിന്ന് വരുന്ന ദൂരം കൂടി നടന്ന് ദർച്ചൻ ക്യാമ്പിലെത്താൻ വേണ്ട നടപടികളുമായി മുന്നോട്ട് പോവുകയും ചെയ്യാം. കുതിരയുടെ സേവനം സുതുൾഫുക്ക് വരെ മാത്രമേ ലഭ്യമാവുകയുള്ളൂ.  സുതുൾഫുക്കിന് ശേഷം സോങ് സെർബു വരെയുള്ള അഞ്ച് കിലോമീറ്റർ ദൂരത്തേക്ക് സാധാരണ കുതിരക്കാർ കാത്തുനിൽക്കാറില്ല എന്നാൽ പോർട്ടർമാർ സോങ് സെർബു വരെ കൂടെ തന്നെ ഉണ്ടാകും. ദേരാപുക്കിനേക്കാൾ ഉയരം കുറഞ്ഞ സ്ഥലം ആയിരുന്നിട്ട് കൂടി സാമാന്യം ശക്തമായ തണുപ്പായിരുന്നു രാവിലെ  സുതുൾഫുക്കിൽ  അനുഭവപ്പെട്ടത്.  എന്നിരിക്കിലും നേരം വൈകിയാണ് യാത്രയെന്നതിനാൽ കാലത്ത് സാവകാശത്തിൽ തയ്യാറാവാൻ വേണ്ട സൗകര്യം കിട്ടി. ഈ ഏഴ് കിലോമീറ്റർ യാത്രയിലാണ് എന്റെ  പോർട്ടറായിരുന്ന  വ്യക്തിയുമായി കൂടുതൽ അടുക്കാൻ കഴിഞ്ഞത്. ആവർത്തിച്ച് ചോദിക്കുകയും പറയുകയും ചെയ്തത് കക്ഷിയുടെ പേരായിരുന്നുവെങ്കിലും ഉറപ്പായി ആ പേര് എനിക്ക് പിടികിട്ടിയില്ല, ഏകദേശ ധാരണയിൽ അത് “ഷേട്ടൻ” എന്നാകാനാണ് സാദ്ധ്യത എന്ന് പറയാനെ കഴിയൂ. നന്നായി പാടുമായിരുന്നു ഷേട്ടൻ. യാത്രയിലുടനീളം തിബറ്റൻ പ്രാദേശിക ഗാനങ്ങൾ വളരെ മനോഹരമായി ആലപിച്ചുകൊണ്ടാണ് ആൾ നടന്നത്. ചുരുക്കം ചില ഹിന്ദി ഗാനങ്ങളുടെ  മൂന്നോ നാലോ വരികൾ കൃത്യമായ വാക്കുകളില്ലാതെ എന്നാൽ കിറുകൃത്യം താളത്തിൽ  കക്ഷി പാടുകയും ചെയ്തു. സൗഹൃദത്തിന് ഭാഷ ഒരു തടസ്സമല്ലെന്ന് പൂർണ ബോധ്യം വന്ന ഏഴു കിലോമീറ്റർ യാത്രയായിരുന്നു അത്.  

സോങ് സെർബു വരെയുള്ള പ്രദേശം പച്ചപ്പ് അധികമില്ലാത്ത, കുറ്റിച്ചെടികൾ മാത്രം നിറഞ്ഞ വരണ്ട  ഭൂപ്രദേശമായിരുന്നു.  കൈലാസത്തിൽ നിന്ന് ഉൽഭവിക്കുന്ന ഒരു ചെറിയ അരുവി ഞങ്ങളുടെ പാതയുടെ സമാന്തരമായി താഴ്‌വാരത്തിൽ കൂടി ഒഴുകുന്നുണ്ടായിരുന്നു. വഴിയിലെമ്പാടും മേഞ്ഞുനടക്കുന്ന യാക്കുകളെയും ടിബറ്റൻ പോണികളെയും  കാണാൻ സാധിച്ചു.  മറ്റൊരു രസാവഹമായ കാഴ്ചയായിരുന്നു വഴിനീളെ ഒന്നിന് മുകളിൽ ഒന്നായി അടുക്കി വെച്ചിരിക്കുന്ന രീതിയിൽ കണ്ട കല്ലുകൾ. ഇതൊരു  ടിബറ്റൻ ധ്യാനവിദ്യയാണ്‌, വളരെ ശ്രദ്ധാപൂർവ്വം മിനുസമുള്ള കല്ലുകളെ ഒന്നിന് മുകളിൽ ഒന്നായി അടക്കുന്നത് മനസ്സിനെ ഏകാഗ്രമാക്കാൻ സഹായിക്കും. ഇതിനും പുറമെ മണി കല്ലുകൾ എന്നറിയപ്പെടുന്ന “ഓം മണി പദ് മേ ഹം” എന്ന അവലോകിതേശ്വര മന്ത്രം തിബറ്റൻ ഭാഷയിൽ ആറക്ഷരങ്ങളായി കൊത്തിയെടുത്തിരുന്ന ഉരുളൻ പാറകൾ വഴിനീളെ ധാരാളമായി തന്നെ കാണാൻ സാധിച്ചു.  പരിക്രമണത്തിന്റെ പൂർത്തീകരണം നൽകുന്ന ആഹ്ലാദത്തോടെ വളരെ ആയാസരഹിതമായ ആ യാത്ര ആസ്വദിച്ചു  തന്നെയാണ് എല്ലാവരും പൂർത്തിയാക്കിയത്.  സോങ് സെർബുവിൽ ചെന്നപ്പോൾ പറഞ്ഞുറപ്പിച്ചതിനേക്കാൾ കൂടുതൽ തുക നൽകിയാണ് പോർട്ടറെ യാത്രയാക്കിയത്. ഒരുമിച്ച് തീർത്ഥയാത്ര ചെയ്യുന്നവർ മുജ്ജന്മത്തിൽ പരസ്പരം ബന്ധപ്പെട്ടിരുന്നവരായിരിക്കും എന്നൊരു വിശ്വാസമുണ്ട്.  അങ്ങനെയെങ്കിൽ, പേരു പോലും ശരിക്കറിയില്ലെങ്കിലും, ഒരുപക്ഷേ  ഇനിയൊരിക്കലും ഈ ജീവിതത്തിൽ  തമ്മിൽ കണ്ടേക്കില്ലെങ്കിലും, അൻപത്തിരണ്ട് കിലോമീറ്റർ വരുന്ന കൈലാസ പരിക്രമണം കൂടെ നടന്ന് പൂർത്തിയാക്കിയ ഷേട്ടൻ മുജ്ജന്മത്തിൽ എന്റെ ആരെങ്കിലുമൊക്കെ ആയിരുന്നുവെന്ന് വരും. കേവലം ഏഴ് കിലോമീറ്റർ നടത്തത്തിനുള്ളിൽ തന്നെ രൂപപ്പെട്ടു വന്ന ആത്മബന്ധത്തിന്റെ ആഴം വെച്ച് നോക്കുമ്പോൾ മുജ്ജന്മത്തിലുള്ള ദീർഘകാലപരിചയം എന്ന സാധ്യത തള്ളി കളയാനും സാധിക്കില്ല.  സോങ് സെർബുവിൽ എല്ലാ യാത്രക്കാരും വരുന്നത് കാത്ത്‌ കുറച്ചുനേരം നിൽക്കേണ്ടതായി വന്നു. എല്ലാവരും എത്തി അല്പം കഴിഞ്ഞപ്പോൾ ബസ്സുകൾ വന്നു ഞങ്ങളെ ദർച്ചൻ ക്യാമ്പിലേക്ക് കൊണ്ടുപോയി. തിരിച്ച് ക്യാമ്പിൽ എത്തുന്നതോടെ കൈലാസപരിക്രമണം പൂർത്തിയാവുകയാണ്. കൈലാസപരിക്രമണം 21 പ്രാവശ്യം പൂർത്തിയാക്കുന്നവർക്കാണ് ഇന്നർ കോറ പരിക്രമണം അഥവാ കൈലാസ പർവ്വതത്തിന്റെ അടിവാരത്ത് കൂടിയുള്ള പരിക്രമണം ചെയ്യാനുള്ള യോഗ്യതയുണ്ടാകുന്നത്.  ടിബറ്റിൽ നിന്നുള്ള ധാരാളം വിശ്വാസികൾ ഇങ്ങനെ യോഗ്യത നേടി ഇന്നർ കോറ പരിക്രമണം  ചെയ്യുന്നവരായി ഇപ്പോഴുമുണ്ട്. ഇന്ത്യയിൽ നിന്ന് പോകുന്ന യാത്രക്കാരെ സംബന്ധിച്ചിടത്തോളം വർഷത്തിൽ ഒരു തവണ മാത്രമാണ് കൈലാസ യാത്രയ്ക്ക് ഇപ്പോൾ അനുവാദം കിട്ടുക. ഈ നിബന്ധനകൾ വെച്ച് ഇന്നർ കോറ പരിക്രമണത്തിന് അർഹത നേടാൻ തുടർച്ചയായി 21 വർഷങ്ങൾ ശ്രമിക്കേണ്ടതായി വരും. ഇത് ഒരു പരിധിവരെ അസാധ്യമായ കാര്യമാണ്. രഹസ്യ മാർഗ്ഗങ്ങളിൽ കൂടി ഇന്നും കൈലാസത്തിലേക്ക് നിർബാധം യാത്ര ചെയ്യുന്ന സന്യാസിവര്യന്മാർ ഹിമാലയത്തിൽ ഉണ്ടെന്നാണ് ഈ യാത്രയിൽ പരിചയപ്പെട്ട, ഹിമാലയസാനുക്കളെപ്പറ്റി അറിവുള്ള തദ്ദേശവാസികളായ പലരും അഭിപ്രായപ്പെട്ടത്. അങ്ങനെയെങ്കിൽ 21 പരിക്രമണങ്ങൾ പൂർത്തിയാക്കി ഇന്നർ കോറ പരിക്രമണം ചെയ്യുന്നവർ ചിലപ്പോൾ ഭാരതത്തിൽ നിന്നു കൂടി ഇപ്പോഴും ഉണ്ടായിരിക്കാം. 

ദർച്ചൻ ക്യാമ്പിൽ തിരിച്ചെത്തിയശേഷം ഞങ്ങളുടെ ഹോട്ടലിന് മുൻപിൽ ആഭരണങ്ങൾ വിൽക്കുന്ന കച്ചവടക്കാരുടെ ഇടയിൽ ഞങ്ങൾ കുറെയേറെ സമയം ചിലവഴിച്ചു. ഇവരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമായിരുന്നു. അപൂർവ്വവും വർണ്ണ വൈവിധ്യമാർന്നതുമായ കല്ലുകൾ മിനുക്കിയെടുത്ത്  മനോഹരമായി നിർമ്മിച്ചിരിക്കുന്ന ടിബറ്റൻ ആഭരണങ്ങൾ വളരെ ആകർഷകമായിരുന്നു. എല്ലാവരും ധാരാളം ആഭരണങ്ങൾ ഇവരിൽ നിന്നും വാങ്ങുകയുണ്ടായി. ഇന്നും നിറത്തിനൊരു മങ്ങലും വരാത്ത ഈ ആഭരണങ്ങൾ കാണുമ്പോൾ ദർച്ചൻ ക്യാമ്പിനെയും അവിടെ പരിചയപ്പെട്ട കച്ചവടക്കാരെയും ഓർമ്മ വരും. ഉച്ചഭക്ഷണവും കഴിച്ച് ഞങ്ങൾ ബസ്സിൽ തന്നെ അടുത്ത ക്യാമ്പ് ആയ ഖുഗുവിലേയ്ക്ക് പുറപ്പെട്ടു. മാനസരോവർ നദിക്കരയിലാണ് ഖുഗു ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഒരുകാലത്ത് മാനസരോവർ തടാകക്കരയിൽ  ധാരാളം ബുദ്ധസന്യാസ മഠങ്ങളും ക്ഷേത്രങ്ങളും  ഉണ്ടായിരുന്നു. ചൈനീസ് അധിനിവേശക്കാലത്ത് വളരെയധികം ക്ഷേത്രങ്ങളും മഠങ്ങളും നശിപ്പിക്കപ്പെട്ടു.  മാനസരോവറിന്റെ  കരയിൽ സാമാന്യം നല്ല രീതിയിൽത്തന്നെ സംരക്ഷിച്ചു  നിർത്തിയിരിക്കുന്ന അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണ് ഖുഗു ക്ഷേത്രം. ഇതിന് തൊട്ടടുത്തായി ഏകദേശം നൂറോളം യാത്രക്കാർക്ക് ഒരേ സമയം തങ്ങാൻ വേണ്ടത്ര സൗകര്യം ഒരുക്കിയിട്ടുള്ളിടത്താണ് ഞങ്ങൾ ക്യാമ്പ് ചെയ്യുന്നത്. കുറേ പഴയ കെട്ടിടങ്ങളും പുതിയ കുറച്ച്  കൂട്ടിച്ചേർക്കലുകളും ചേർന്നതാണ് ഈ ക്യാമ്പ്. പ്രാഥമിക കൃത്യങ്ങൾക്കുള്ള സൗകര്യങ്ങളെല്ലാം തന്നെ അത്രയൊന്നും മേന്മ അവകാശപ്പെടാവുന്നതല്ല ഇവിടെ. ഖുഗു ക്ഷേത്രത്തിനും ഞങ്ങളുടെ ക്യാമ്പിനും അടുത്തായി ചൈനീസ് പട്ടാളത്തിന്റെ ഒരു ക്യാമ്പ് കൂടി സ്ഥിതി ചെയ്യുന്നുണ്ട്.  യാത്രക്കാരുടെ ഓരോ പ്രവർത്തികളും നിശബ്ദമായി നിരീക്ഷിക്കപ്പെടുന്നതായി കാണാം. ദർച്ചനിൽ നിന്ന് 70 കിലോമീറ്റർ സഞ്ചരിച്ചാണ് ഏതാണ്ട് നാല് മണിയോടെ ഞങ്ങൾ ഈ ക്യാമ്പിൽ എത്തിച്ചേർന്നത്. വെയിൽ ചായാൻ തുടങ്ങിയതിനാൽ നീലിമയാർന്ന ആകാശവുമായി ലയിച്ചു കിടക്കുന്ന മാനസരോവർ തടാകത്തിന്റെ  കാഴ്ച   ഹൃദയഹാരിയായിരുന്നു. ചൈനയിലെ യാത്രയുടെ തുടക്കത്തിൽ തന്നെ മാനസരോവറിൽ ഒരു പ്രാവശ്യം കുളിച്ചിരുന്നതിനാൽ, ഖുഗുവിൽ ചെന്ന അന്നും, അവിടെ തന്നെ താമസിക്കുന്ന പിറ്റേന്നും കൂടി കുളിച്ച് മൂന്ന് പ്രാവശ്യം തികയ്ക്കാനായിരുന്നു ഞങ്ങളുടെ പരിപാടി. ഇരുട്ട് പരന്ന് അധികം തണുപ്പ് ആവുന്നതിന് മുൻപേത്തന്നെ കുളിക്കാനുള്ള തയ്യാറെടുപ്പിൽ ക്യാമ്പിലെത്തി സാധനങ്ങൾ ഇറക്കിവെച്ച് സമയം കളയാതെ തന്നെ ഞങ്ങൾ മാനസരോവറിന്റെ കരയിലേക്ക് നടന്നു.  മഞ്ഞിനെ  തോൽപ്പിക്കുന്ന തണുപ്പാണ് മാനസരോവർ തടാകത്തിലെ ജലത്തിന്. മുങ്ങിനിവരുമ്പോൾ ശരീരത്തിൽ ആയിരം സൂചികൾ തറച്ചു കൊള്ളുന്ന പോലെ തോന്നും.  ഉറപ്പുള്ളതും എന്നാൽ പതുപതുപ്പുള്ളതുമാണ് തടാകത്തിന്റെ അടിത്തട്ട്. കണ്ണുനീർ പോലെ തെളിഞ്ഞു കിടക്കുന്ന ഈ വെള്ളത്തിൽ മുങ്ങി നിവർന്നു, ചക്രവാളത്തിൽ ഉയർന്നു കാണുന്ന  കൈലാസദർശനം നടത്തുന്നത് അവർണ്ണനീയമായ ഒരു അനുഭവമാണ്.

ബ്രാഹ്മമുഹൂർത്തത്തിൽ സപ്തർഷികളും,  കിന്നര, അപ്സര,  ഗന്ധർവ്വന്മാരും മാനസരോവറിൽ കുളിക്കാൻ എത്തുന്നുവെന്നാണ് വിശ്വാസം. ഈ സമയത്ത് തടാകക്കരയിൽ കാത്തിരുന്നാൽ  അസാധാരണമായ വെളിച്ചങ്ങളും ശബ്ദങ്ങളും കാണാനും കേൾക്കാനും സാധിക്കുമെന്ന് ധാരാളം പേർ അനുഭവം പറഞ്ഞിട്ടുണ്ട്. അതി കഠിനമായ തണുപ്പായിരിക്കുമെങ്കിലും മാനസസരോവർ തടാകക്കരയിൽ അന്ന് പുലർച്ചെ മൂന്ന് മണിയോടുകൂടി ചെന്ന് സൂര്യൻ ഉദിക്കുന്നത് വരെ കാത്തിരിക്കാൻ  ഞങ്ങളിൽ കുറച്ചുപേർ തീരുമാനിച്ചു. അത്താഴം കഴിഞ്ഞ് നേരത്തെ കിടക്കുകയും രണ്ടര മണിക്ക് എഴുന്നേൽക്കാനായി അലാറം സെറ്റ് ചെയ്യുകയും ചെയ്തു. അലാറം അടിച്ചു കഴിഞ്ഞപ്പോൾ അതിശൈത്യമുള്ള മേഖലയിൽ കരിമ്പടത്തിനകത്ത് കിട്ടുന്ന സുഖകരമായ ചൂടുവിട്ടെഴുന്നേൽക്കാൻ മടിച്ച് ചിലരൊക്കെ പിൻവാങ്ങി. അവശേഷിച്ച ഞങ്ങൾ പത്തു പന്ത്രണ്ട് പേർ ക്യാമ്പിൽ നിന്നുള്ള വെളിച്ചം കണ്ണിൽ അടിക്കാതെ ദൂരെ തടാകക്കരയിൽ ചെന്ന് കാത്തിരിക്കാൻ തുടങ്ങി. അസാധാരണമായ ശബ്ദങ്ങൾ ധാരാളമായി കേൾക്കാൻ സാധിക്കുന്നുണ്ടെന്നുള്ളത് സത്യമാണ്. ചിലപ്പോൾ ഇത് തടാകത്തിൽ താമസിക്കുന്ന ജീവികളുടെയോ അതല്ലെങ്കിൽ രാത്രിയിൽ പറക്കുന്ന പക്ഷികളുടെയോ ആയിരിക്കാനും സാദ്ധ്യതയുണ്ട്.  എങ്കിലും  പുരാണങ്ങളിൽ  പരാമർശിച്ചിട്ടുള്ള ഈ തടാകക്കരയിൽ അപ്സര കിന്നര ഗന്ധർവന്മാരെ കാത്തിരിക്കുമ്പോൾ ഉണ്ടാവുന്ന അനുഭൂതി ഒന്നു വേറെ തന്നെയാണ്. മറ്റൊരു കാര്യം ശ്രദ്ധയിൽപ്പെട്ടത് തടാകത്തിന് മറുകരയിൽ ധാരാളം സ്ഥലങ്ങളിൽ ആരോ വെളിച്ചവുമായി  സഞ്ചരിക്കുന്നതായും കുളിക്കുന്നതായും കാണാൻ കഴിഞ്ഞുവെന്നുള്ളതാണ്. മാനസരോവറിന്റെ കരയിൽ ധാരാളം നിഗൂഢ സന്യാസധാമങ്ങൾ ഉണ്ടെന്നും അവിടങ്ങളിൽ താമസിക്കുന്ന സന്യാസിമാർ കുളിക്കാനായി മാനസരോവർ തടാകത്തിലേക്ക് വരുന്നതാകാം ഇതെന്നും മുൻപ് ഇതിനെപ്പറ്റി കൂടുതൽ അറിയാൻ ശ്രമിച്ചിട്ടുള്ള യാത്രക്കാരിൽ ചിലർ അഭിപ്രായപ്പെട്ടു. എന്തായാലും വെളിച്ചം പരക്കുന്നത് വരെ മാനസരോവർ നദിക്കരയിൽ നിശബ്ദമായി, ധ്യാന ലീനരായി ഞങ്ങളിൽ ഏറെപ്പേരും ചിലവഴിച്ചു. 

പിറ്റേന്ന് പൂർണമായും ഞങ്ങൾ ഖുഗു ക്യാമ്പിൽ തന്നെയായിരുന്നു. രാവിലെ എഴുന്നേറ്റ് തടാകത്തിൽ കുളിച്ച് തയ്യാറായി വന്നപ്പോഴേക്കും ബാബ  കൈലാസനാഥിന്റെ  നേതൃത്വത്തിൽ, രമേശ് ജി യുടെ കാർമികത്വത്തിൽ വിപുലമായ ഹവനുള്ള ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ടായിരുന്നു.  എല്ലാവരെയും പങ്കെടുപ്പിച്ചു കൊണ്ട് വിധിയാംവണ്ണം വിശദമായ ഒരു ഹവൻ തന്നെയായിരുന്നു അവിടെ നടന്നത്. പലരും ശുഭ്രവസ്ത്രധാരികളായാണ് ചടങ്ങുകളിൽ പങ്കെടുത്തത്. ഉച്ചയ്ക്ക് ശേഷമുള്ള സമയം ഞങ്ങൾ തടാകക്കരയിൽ കറങ്ങി നടക്കാനും കൗതുകകരമായി കണ്ട പാറക്കല്ലുകൾ ശേഖരിക്കാനും ആയി ചിലവഴിച്ചു. തിരിച്ച് നാട്ടിലെത്തിയശേഷം മാനസരോവർ തടാകത്തിൽ നിന്ന് എടുത്ത തീർത്ഥവും ഈ തടാകക്കരയിൽ നിന്ന് എടുത്ത കല്ലുകളും ആണ് യാത്രയുടെ പ്രസാദമായി പലർക്കും കൈമാറിയത്. സന്തോഷകരമായ കാര്യം പലരും ഈ രണ്ടു വസ്തുക്കളും ഇന്നും അവരവരുടെ പൂജാമുറിയിൽ ഭക്ത്യാദരപൂർവം പരിപാലിച്ചു വരുന്നു എന്നുള്ളതാണ്. കൈലാസ പർവ്വതത്തിന്റെ ചുറ്റിൽ നിന്നുള്ള കല്ലുകൾ വീട്ടിൽ കൊണ്ട് വരരുത് എന്നാണ് പൊതുവിൽ വിശ്വസിക്കപ്പെടുന്നത്. നിത്യപൂജ ഇല്ലാത്ത ഇടങ്ങളിൽ ഈ കല്ലുകൾ സൂക്ഷിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം വരുത്തിവയ്ക്കുമെന്നാണ് പറയപ്പെടുന്നത്. അതിനാൽ നിത്യപൂജ ചെയ്തുകൊള്ളാം എന്നുള്ള ഉറപ്പിൽ കൈലാസത്തിൽ നിന്നുള്ള കല്ല് ആവശ്യപ്പെട്ട ഒരു സുഹൃത്തിനു വേണ്ടി മാത്രമാണ് ഞാൻ അത് കൊണ്ട് വന്നത്. തക്കലക്കോട്ടിൽ നിന്നും കൊണ്ട് വന്നിട്ടുള്ള പ്ലാസ്റ്റിക് കുപ്പികളിൽ ഞങ്ങൾ മാനസരോവർ തടാകത്തിൽ നിന്നുള്ള തീർത്ഥം ശേഖരിച്ച് ബാഗുകളിൽ സൂക്ഷിച്ചുവെച്ചു. മാനസരോവർ കരയിലുള്ള ഖുഗു ക്ഷേത്രത്തിൽ പോകാനും ഞങ്ങൾ സമയം കണ്ടെത്തി. വൈകീട്ട് പരിസ്ഥിതി കമ്മിറ്റിയുടെ നേതൃത്വത്തിൽ തടാക തീരത്തുള്ള മാലിന്യങ്ങൾ  പെറുക്കിയെടുത്ത് മാറ്റി ഏതാണ്ട് ഒന്നര കിലോമീറ്റർ ദൂരം വൃത്തിയാക്കുകയുണ്ടായി. പുറമെ അന്ന് രാത്രിയിലും ഏറെ സമയം മാനസരോവർ തടാകക്കരയിൽ തന്നെയാണ് ഞങ്ങൾ ചെലവഴിച്ചത്. ഇനി ഒരിക്കൽകൂടി ഇവിടെ വരാനുള്ള ഭാഗ്യം ഉണ്ടാകും എന്നുള്ള ഉറപ്പില്ലാത്തതിനാൽ പരമാവധി സമയം ആ സ്വർഗ്ഗീയ സരോവരത്തിന്റെ സാമീപ്യത്തിൽ തന്നെ ചെലവഴിക്കാനാണ് ഞങ്ങൾ ശ്രമിച്ചത്.   

മൂന്നാം ദിവസം രാവിലെ ഖുഗു ക്യാമ്പിനോട് വിടപറഞ്ഞ് ഞങ്ങൾ തക്കലക്കോട്ടിലെ പുരങ് ഹോട്ടലിലേക്ക് പുറപ്പെട്ടു. മാനസരോവർ തടാകത്തിനെ പരിക്രമണം ചെയ്യുന്ന വിധത്തിലാണ് തിരിച്ചുള്ള യാത്ര സജ്ജീകരിച്ചിരിക്കുന്നത്. ഒരുകാലത്ത് മാനസരോവർ തടാകത്തെ നടന്ന് പരിക്രമണം ചെയ്യാൻ വേണ്ട സൗകര്യവും സമയവും യാത്രക്കാർക്കായി അനുവദിച്ചു  കൊടുത്തിരുന്നു. എന്നാൽ ഇപ്പോൾ മാനസരോവർ പരിക്രമണം വാഹനത്തിൽ ചെയ്യാനുള്ള അനുവാദം മാത്രമേ ലഭിക്കുകയുള്ളൂ.  വിജനവും അപകടകരവുമായ ഈ വഴികളിൽ കൂടി പരിക്രമണത്തിന് പോയ ചിലരെ കാണാതായതിനെ തുടർന്നാണ് പദപരിക്രമണത്തെ അവസാനിപ്പിക്കാനും, വാഹനത്തിൽ പരിക്രമണം ആരംഭിക്കാനുമുള്ള തീരുമാനം എടുത്തതെന്ന്  ബാച്ചിൽ ഉണ്ടായിരുന്ന ചിലർ പറഞ്ഞു തരികയുണ്ടായി. മാർഗ്ഗമദ്ധ്യേ സൊറാവർ സിങ്ങിന്റെ സ്മാരകവും, ഖോജാർനാഥ് ക്ഷേത്രം അഥവാ കെജിയ ക്ഷേത്രവും  ഞങ്ങൾ സന്ദർശിച്ചു. തിബറ്റിനെ ഒരിക്കൽ ആക്രമിച്ച്  കീഴടക്കിയിട്ടുള്ള ആളാണ് സൊറാവർ സിങ്. എങ്കിലും അദ്ധേഹത്തിനായി ഒരു സ്മാരകം ഒരുക്കാൻ മാത്രം മാനവികമായ ദർശനങ്ങൾ നിറഞ്ഞതാണ് തിബത്തൻ ജനതയുടെ ആത്മീയ ലോകം. കെജിയ ക്ഷേത്രത്തിലെ ബോധിസത്വന്റെ  പ്രതിമയാകട്ടെ വിശ്വപ്രസിദ്ധമാണ്. ശാന്തതയ്ക്ക് ഒരു രൂപമുണ്ടെങ്കിൽ അതാണ് കെജിയ ക്ഷേത്രം. മറക്കാനാവാത്തതായിരുന്നു ചരിത്രം തൊട്ടുതലോടി നിൽക്കുന്ന ഈ രണ്ടിടങ്ങളിലേയും സന്ദർശനങ്ങൾ. 

തക്കലക്കോട്ടിൽ തിരിച്ചെത്തിയപ്പോൾ രാവിലെ ഏതാണ്ട് പതിനൊന്നര ആയിരുന്നു. സഫലമായ  ഒരു യാത്രയുടെ സാഫല്യത്തോടെ വന്നു കയറിയ ഞങ്ങളെ എതിരേറ്റത് അത്രതന്നെ ശുഭകരമായ വാർത്തയല്ലായിരുന്നു. ഞങ്ങൾ കടന്നു പോന്നതിനു ശേഷം ലിപുലേഖിൽ കനത്ത മഞ്ഞുവീഴ്ച  ഉണ്ടായി എന്നും, ഞങ്ങളെ തുടർന്നു വന്ന ബാച്ചിലെ മധ്യവയസ്കയായ ഒരു യാത്രക്കാരിക്ക് ലിപുലേഖിനു തൊട്ടു താഴെ വെച്ച് ശ്വാസതടസ്സം മൂലം ജീവൻ  നഷ്ടപ്പെട്ടെന്നുമായിരുന്നു ആ വാർത്ത. മറ്റൊരു ബാച്ചിലെ രണ്ടു പേർക്ക് ഹിമാന്ധത ബാധിച്ച് യാത്ര തുടരാനാവാതെ വന്നു എന്നുള്ള വാർത്തയും  അറിയാൻ കഴിഞ്ഞു.  ഇറങ്ങിപ്പോന്നതിനേക്കാൾ വളരെ അധികം അപകടകരമായ ഒരു ലിപുലേഖിലേക്കാണ് ഞങ്ങൾക്ക് കയറിച്ചെല്ലാനുണ്ടായിരുന്നത്.  ഇങ്ങോട്ടുള്ള വരവിൽ തന്നെ വളരെ പരീക്ഷണ ഘട്ടങ്ങളിൽ കൂടി കടന്നുപോയ പല യാത്രക്കാരും ഈ വാർത്ത അറിഞ്ഞതോടുകൂടി  കലശലായ പരിഭ്രാന്തിയിലായി. ഇന്ത്യൻ വശത്തുനിന്ന് ലിപുലേഖ് കയറുന്നതിനേക്കാൾ  കുത്തനെയുള്ള കയറ്റമാണ് ചൈനയുടെ വശത്തുനിന്ന് ലിപുലേഖിന്റെ മുകളിലേക്ക് ഉള്ളത്. അന്ന് വൈകീട്ട് ഭക്ഷണശേഷം ബാച്ച് അംഗങ്ങൾ ഈ സാഹചര്യം ചർച്ച ചെയ്യാനായി യോഗം ചേരുകയും, പ്രായമായ ഓരോ വ്യക്തിയുടെയും കൂടെ താരതമ്യേനെ ചെറുപ്പമായ മറ്റൊരാളെ കൂട്ടിച്ചേർത്തുകൊണ്ട് വ്യത്യസ്ത ഗ്രൂപ്പുകൾ ഉണ്ടാക്കുകയും ചെയ്തു. പ്രായമായവരുടെ കൈപിടിച്ച് സാവധാനത്തിൽ ലിപുലേഖിന് മുകളിലെത്തിക്കുക എന്നുള്ളതായിരുന്നു ചെറുപ്പക്കാരായവരുടെ  ചുമതല.  താരതമ്യേന ചെറുപ്പക്കാരനായിരുന്നു എന്നുള്ളതിനാൽ എനിക്കും അതേ ചുമതലയായിരുന്നു വീണ ജൈനിജി എന്ന ദില്ലിക്കാരി യാത്രികയ്ക്ക് വേണ്ടി നിർവഹിക്കാനുണ്ടായിരുന്നത്. പുറമെ ലഗേജ് കമ്മിറ്റിയെ സംബന്ധിച്ചെടുത്തോളം പിടിപ്പതു പണിയുണ്ടായിരുന്ന ദിവസമായിരുന്നു അന്ന്. പിറ്റേന്ന് ഞങ്ങളോടൊപ്പം തന്നെ ഞങ്ങളുടെ എല്ലാവരുടെയും ലഗേജുകൾ ഇന്ത്യയിലേക്ക് എത്തും എന്ന് ഉറപ്പുവരുത്താൻ വേണ്ട നടപടിക്രമങ്ങൾ എടുത്തതിനുശേഷം വളരെ വൈകിയാണ് കമ്മിറ്റിയിലെ പലർക്കും അന്ന് ഉറങ്ങാൻ സാധിച്ചത്. 

ലിപുലേഖ് കടക്കുന്നതിനെപ്പറ്റി ആശങ്കകൾ ഉണ്ടായിരുന്നുവെങ്കിലും ബോലെനാഥിന്റെ വാസസ്ഥലമായ കൈലാസദർശനവും കഴിഞ്ഞു ഭാരതമണ്ണിലേക്ക് തിരിച്ചു വരുന്നു എന്നുള്ളതുകൊണ്ട് മാത്രം മനസ്സ് വളരെയധികം ആഹ്ലാദിക്കുന്നുണ്ടായിരുന്നു. ഇത്രയും സമംഗളമായി ഭവിച്ചുവെങ്കിൽ തുടർന്നും വിഘ്നങ്ങൾ ഒഴിഞ്ഞു നിന്നോളും എന്നുള്ള ശുഭാപ്‌തി വിശ്വാസം വേണ്ടുവോളം അനുഭവപ്പെടുന്നുമുണ്ടായിരുന്നു. ഇതിനേക്കാളൊക്കെ പ്രധാനമായി തോന്നിയത് എല്ലാം എന്റെ നിയന്ത്രണത്തിലാണ് എന്ന് കരുതി അനാവശ്യമായി ആകുലപ്പെട്ടിരുന്ന കാഴ്ചപ്പാടിൽ ഈ യാത്ര വരുത്തിയ മാറ്റമായിരുന്നു. ഇപ്പോൾ അത്തരം ചിന്തകൾ വളരെയൊന്നും മനസ്സിനെ ബാധിച്ചിരുന്നില്ല. അതിനാൽ തന്നെ കൈലാസവും മാനസരോവറും നിറഞ്ഞുനിൽക്കുന്ന സുന്ദരദൃശ്യങ്ങൾ മനക്കണ്ണാൽ കണ്ടുകൊണ്ട് പതുക്കെ പതുക്കെ ഉറക്കത്തിലേക്ക് വഴുതി വീഴാൻ സാധിച്ചു.

Meditation through stones
Meditation through stones
« of 18 »
Share: