Lipulekh Pass

നാഭിധാങ്ങിലെ രാത്രിയിൽ എല്ലാവരും ഒരു മണിക്ക് എഴുന്നേറ്റു, കൃത്യം 1:45 ആയപ്പോൾ തന്നെ ക്യാമ്പിന് പുറത്ത് ITBP ജവാന്മാർ നിഷ്കർഷിച്ചപോലെ വരിവരിയായി യാത്രയ്ക്ക് സജ്ജരായി അണിനിരന്നു. രാഹുൽ ഉൾപ്പെടെ പല പോർട്ടർമാരും അപ്പോഴും എത്തിച്ചേർന്നിട്ടുണ്ടായിരുന്നില്ല. എങ്കിലും അന്നത്തെ യാത്രയുടെ പൂർണ്ണനിയന്ത്രണം ITBP യുടെ കൈയ്യിലായതിനാൽ ആർക്കും വേണ്ടി കാത്ത്‌ നിൽക്കാതെ കൃത്യം രണ്ട് മണിക്ക് തന്നെ യാത്ര ആരംഭിച്ചു. വളരെ നേരത്തെ ട്രക്കിങ് ആരംഭിക്കുന്ന ദിവസങ്ങളിൽ കാലത്ത്‌ ഏതാനും മണിക്കൂർ ടോർച്ചുകളും ഹെഡ്ലാമ്പുകളും ഉപയോഗിച്ച് ഞങ്ങൾ ട്രക്കിംഗ് നടത്താറുണ്ട്. പക്ഷേ അല്പം നാട്ടുവെളിച്ചം ഉണ്ടാകുമെന്നതിനാൽ ടോർച്ചിനെ പൂർണമായും ആശ്രയിക്കേണ്ട അവസ്ഥ ഉണ്ടാകാറില്ല. എന്നാൽ ഇന്നത്തെ യാത്രയിൽ പൂർണമായും ടോർച്ചിനെ ആശ്രയിച്ചുകൊണ്ട് തന്നെ ട്രക്കിങ് ചെയ്യേണ്ടതായി വന്നു. വരിയായി പോകുന്ന ഞങ്ങളുടെ മുൻപിലും, പുറകിലും, വശങ്ങളിലും ജവാന്മാർ യാത്ര ചെയ്യുന്നുണ്ടായിരുന്നു. വിസിലുകൾ മുഴക്കിയും ഉച്ചത്തിൽ സന്ദേശങ്ങൾ കൈമാറിയും അവർ യാത്രയെ നിയന്ത്രിച്ചു. താപനില പൂജ്യത്തിനും താഴെയായിരുന്നതിനാൽ അതികഠിനമായ തണുപ്പാണ് അപ്പോൾ അനുഭവപ്പെട്ടു കൊണ്ടിരുന്നത്. ശ്വാസം വലിക്കാനും മലകയറാനും നന്നേ പ്രയാസപ്പെടേണ്ടി വന്നുവെന്നിരിക്കിലും വിശ്രമങ്ങൾ അധികം ഇല്ലാതെ അടിവെച്ചടിവെച്ച് എല്ലാവരും ഒരേ വരിയിൽ യാത്ര തുടർന്നുകൊണ്ടേയിരുന്നു. ഇടയ്ക്കെവിടെയോ വെച്ച് രാഹുൽ ഓടിയെത്തുകയും എന്നോടൊപ്പം യാത്രയിൽ ചേരുകയും ചെയ്തു.  

ഓരോ മണിക്കൂറിലും അല്പനേരം വിശ്രമിക്കാനുള്ള അവസരം നൽകിയ ITBP ഈ സമയത്തെ വല്ലാതെ പുറകിലായി പോയവരെ ഒപ്പം എത്തിക്കാനുള്ള ഒരു മാർഗ്ഗം കൂടിയായി ഉപയോഗപ്പെടുത്തി. ഏതാണ്ട് നാലര കഴിഞ്ഞപ്പോൾ പതുക്കെ പ്രകാശം പരക്കാൻ തുടങ്ങി. ഒട്ടും പച്ചപ്പ് ഇല്ലാത്ത, ചുറ്റിലും മഞ്ഞ് വീണു കിടക്കുന്ന പാതകളിൽ കൂടിയായിരുന്നു അപ്പോൾ ഞങ്ങളുടെ യാത്ര. ലിപുലേഖിലേയ്ക്ക് കയറുന്ന മലയുടെ അടിവാരത്തിൽ ഏകദേശം അഞ്ച് മണിയോടുകൂടി ഞങ്ങളെത്തി. മുകളിലേക്കുള്ള കാഴ്ച വ്യക്തമല്ലായിരുന്നുവെങ്കിലും ഇനി കയറാനുള്ളത് കഠിനമായ ഒരു കയറ്റമാണ് എന്ന് പോർട്ടർമാർ പറഞ്ഞ് തന്നു. ഇടയ്ക്ക് തളർന്നുപോയ ഒന്നോ രണ്ടോ യാത്രക്കാരെ കുതിരകളെ ഏർപ്പാട് ചെയ്ത് ITBP ജവാന്മാർ തന്നെ മുകളിലേക്ക് കയറ്റി വിടുന്നുണ്ടായിരുന്നു. ഏതാണ്ട് ആറര വരെ നല്ല മഞ്ഞിൽ കൂടി തന്നെ സാവധാനം മുകളിലേക്ക് കയറി കൊണ്ടിരുന്നപ്പോഴാണ് ലിപുലേഖ് പാസ്സിനും ഏതാനും മീറ്ററുകൾ താഴെയുള്ള പരന്ന പ്രദേശത്തുള്ള താൽക്കാലിക താവളത്തിൽ എത്താൻ സാധിച്ചത്. 17,500 ഓളം അടി ഉയരത്തിലുള്ള പ്രദേശമായതിനാൽ ഓക്സിജന്റെ അളവ് വളരെ കുറവായിരുന്നു. ഇത് ശ്വസോച്ഛാസത്തെ വളരെ ആയാസകരമായ ഒരു പ്രവർത്തിയാക്കി തീർത്തു. കനത്ത മഞ്ഞും, കടുത്ത തണുപ്പും, പുറമെ ശക്തമായ കാറ്റുമുള്ളതിനാൽ ദൂരക്കാഴ്ചയും ലഭ്യമല്ലായിരുന്നു. തീരെ തളർന്നുപോയ പലരെയും ITBP ജവാന്മാർ കൈപിടിച്ചു നടത്തി മുകളിലേക്ക് എത്തിക്കാനുള്ള ശ്രമം നടത്തുന്നുണ്ടായിരുന്നു. മറ്റൊരത്ഭുതം, ഇത്തവണ ക്ഷീണിതരായവരിൽ ധാരാളം പോർട്ടർമാരും ഉൾപ്പെട്ടിരുന്നു എന്നുള്ളതാണ്. മറ്റു പ്രദേശങ്ങളിൽ കണ്ടിരുന്ന അനായാസത ലിപുലേഖിൽ അവരിലും കാണാൻ സാധിച്ചില്ല.

കൃത്യം ഏഴു മണിക്കാണ് ചൈനീസ് അധികൃതർ ഞങ്ങളെ സ്വീകരിക്കാൻ ലിപുലേഖിന് മുകളിൽ എത്തുന്നത്. അവിടെ വെച്ച് ഔപചാരികമായി ITBP ഉദ്യോഗസ്ഥർ ഞങ്ങളെ ചൈനീസ് അധികൃതർക്ക് കൈമാറും. അതിരൂക്ഷമായ കാറ്റടിക്കുന്ന പ്രദേശമാണ് ലിപുലേഖ് അതിനാൽ തന്നെ ഇവിടെ അധികം തങ്ങുന്നത് ആശാസ്യമല്ല. രേഖകൾ തയ്യാറാക്കുന്നത് ഉൾപ്പെടെ ഈ മൊത്തം കൈമാറ്റ പ്രക്രിയ അരമണിക്കൂറിനുള്ളിൽ തന്നെ തീർത്ത്‌ മടങ്ങിപ്പോകണം എന്നുള്ളതാണ് ഇരുകൂട്ടരുടെയും പദ്ധതി. ഒരിക്കൽ ഏഴു മണിക്കും ഏഴരയ്ക്കും ഇടയ്ക്ക് ഇന്ത്യൻ യാത്രക്കാർക്ക് ലിപുലേഖിന് മുകളിൽ എത്തിപ്പെടാനാകാതെയിരുന്നപ്പോൾ ചൈനീസ് അധികൃതർ മടങ്ങിപ്പോയെന്നും, പിന്നീട് അടുത്ത ദിവസം രണ്ടാമതും യാത്രചെയ്താണ് യാത്രക്കാർക്ക് അപ്പുറത്തേക്ക് കടക്കാനുള്ള അവസരം കിട്ടിയതെന്നും ഒരു കഥ പോർട്ടർമാർ പറഞ്ഞുകേട്ടു. അതിനാലായിരിക്കണം യാത്രക്കാരെയെല്ലാം കൃത്യസമയത്തു തന്നെ പാസിന് തൊട്ടടുത്ത താവളത്തിൽ കൊണ്ട് വന്നു നിർത്തുന്ന കാര്യത്തിൽ ഇത്രയേറെ ശ്രദ്ധ ജവാന്മാരും പോർട്ടർമാരും പ്രകടിപ്പിച്ചിരുന്നത്. പറഞ്ഞപോലെ തന്നെ ഏഴുമണിക്ക് അല്പം മുൻപായി ചൈനീസ് അധികൃതർ വരികയും ഔദ്യോഗികമായ രേഖ കൈമാറ്റങ്ങൾ LO യും, ഗൈഡും, ITBP ഉദ്ധ്യോഗസ്ഥരും ചേർന്ന് നിർവഹിക്കുകയും, ഞങ്ങളോട് ലിപുലേഖ് പാസ് കടന്ന് അപ്പുറത്തേക്ക് യാത്ര തുടരാൻ നിർദേശം നൽകുകയും ചെയ്തു.  

ഏകദേശം നൂറടിയോളം വീതി വരുന്ന ഒരു ചെറിയ മലയിടുക്കാണ് ലിപുലേഖ് പാസ് എന്നറിയപ്പെടുന്നത്. മിക്കവാറും സമയം പൂർണ്ണമായും മഞ്ഞിൽ മൂടിക്കിടക്കുന്ന പ്രദേശങ്ങളാണിത്. ഞങ്ങളുടെ പോട്ടർമാർക്ക് ഇന്ത്യൻ അതിർത്തിക്കപ്പുറം കടക്കാനുള്ള അനുവാദമില്ലാത്തതിനാൽ അതിർത്തിക്കിപ്പുറം ഞങ്ങളെ യാത്രയാക്കി, തിരിച്ചു വരുമ്പോൾ ഇവിടെത്തന്നെ കാണാം എന്നുള്ള യാത്രാമൊഴിയും ചൊല്ലി അവർ വേർപിരിഞ്ഞ് പോയി. ഇതിനോടകം തന്നെ ആത്മമിത്രങ്ങളായി മാറിക്കഴിഞ്ഞിട്ടുള്ള പോർട്ടർമാരെ താൽക്കാലികമായാണെങ്കിൽ പോലും പിരിയുന്നത് പലർക്കും വിഷമകരമായിരുന്നു. പ്രത്യേകിച്ചും യാത്രാസമയങ്ങളിൽ അവശത കൂടുതലായി അനുഭവപ്പെട്ടവർക്ക്, അവരെ കൈപിടിച്ച് നടത്തിയ പോർട്ടർമാർ ഇല്ലാതെ ഇനിയെങ്ങനെ മുന്നോട്ട് പോകുമെന്നുള്ള ഭയാശങ്കകളും ചിലർക്ക് ഉണ്ടായിട്ടുണ്ടാകാനും സാദ്ധ്യതയുണ്ട്.

ITBP യുടെ ജവാന്മാർ യാത്രക്കാരെ സ്വന്തം കുടുംബാംഗങ്ങളായി കാണുന്നു എന്ന് മേർത്തിയിൽ വെച്ച് ഒരു ജവാൻ എന്നോട് പറഞ്ഞിരുന്നു. അതിന്റെ പൂർണ അർത്ഥം എനിക്ക് ലിപുലേഖ് പാസിൽ വെച്ചാണ് പിടികിട്ടിയത്. മുഴുവനായും തൂവെള്ള മഞ്ഞാൽ മൂടപ്പെട്ട പ്രദേശങ്ങളിൽ സഞ്ചരിക്കുമ്പോൾ നിർബന്ധമായും സ്‌നോ ഗോഗിൾസ് ധരിച്ചിരിക്കണം എന്നാണ് നിബന്ധന. മഞ്ഞിൽ പതിക്കുന്ന സൂര്യരശ്മികൾ അതീവ തീവ്രതയോടെ പ്രതിഫലിച്ച് കണ്ണിന്റെ റെറ്റിന കേടുവരുത്തുകയും സ്നോ ബ്ലൈൻഡ്നെസ്സ് (ഹിമാന്ധത) എന്ന പേരിലറിയപ്പെടുന്ന ശാശ്വതമായ തകരാർ കണ്ണുകൾക്ക് ഏൽപ്പിക്കുകയും ചെയ്യും. സൂര്യൻ ഉദിച്ച് കഴിഞ്ഞിരുന്നതിനാൽ എല്ലാ യാത്രക്കാരും ലിപുലേഖ് പാസ് കടക്കുമ്പോൾ സ്‌നോ ഗോഗിൾസ് ധരിച്ചിരുന്നു. ചൈനയുടെ ഭാഗത്തേക്കിറങ്ങുന്ന ഒരു ചെറിയകുഴി പോലുള്ള പ്രദേശത്തേക്ക് പെട്ടന്ന് കടന്നപ്പോൾ ഞങ്ങളുടെ യാത്രക്കാരിൽ ഒരാളുടെ സ്‌നോ ഗോഗിൾസ് തെറിച്ച് ദൂരെ, താഴേക്ക് വീണു പോയി. ഇനിയെന്ത് ചെയ്യും എന്നുള്ള അങ്കലാപ്പിൽ ഒരു നിമിഷം അന്ധാളിച്ച് നിന്ന അവർക്ക്, അടുത്ത് നിന്നിരുന്ന ITBP യുടെ ജവാൻ താൻ ധരിച്ചിരിക്കുന്ന സ്‌നോ ഗോഗിൾസ് ഉടൻ തന്നെ ഊരി നൽകി. അപകടകരമായ ഹിമാന്ധതയിൽ നിന്ന് രക്ഷ നൽകാൻ തനിക്ക് കൂടി ആവശ്യമുള്ള വസ്തുവാണ് അതെന്നറിഞ്ഞിട്ടു കൂടി ഈ പ്രവർത്തി ചെയ്യുന്നതിന് ഒരു നിമിഷം പോലും അദ്ദേഹത്തിന് ആലോചിക്കേണ്ടി വന്നില്ല. യാത്രക്കാരെ സ്വന്തം കുടുംബാംഗങ്ങളായിട്ടാണ് കാണുന്നത് എന്ന് ITBP ജവാൻ എന്തർത്ഥത്തിലാണ് പറഞ്ഞതെന്ന് ഞാൻ പൂർണ്ണമായും ഉൾക്കൊ ണ്ട നിമിഷമായിരുന്നു അത്.  

ഇന്ത്യൻ അതിർത്തിയിൽ നിന്ന്  ചൈനയുടെ ഭാഗത്തേക്ക് കുത്തനെയുള്ള ഇറക്കമായിരുന്നു. നടക്കുമ്പോൾ മുട്ടിനൊപ്പം താഴ്ന്ന് പോകുന്ന മഞ്ഞിലൂടെ തന്നെയാണ് ഞങ്ങൾ മുന്നോട്ട് നടന്നത്. ഔദ്ധ്യോഗിക പരിപാടികൾ തീർത്ത് ചൈനീസ് അധികൃതർ വളരെ വേഗത്തിൽ ഞങ്ങളെ മുന്നോട്ട് കടത്തുകയും താഴെ വാഹനസൗകര്യങ്ങളുണ്ടെന്ന് ഇംഗ്ലീഷിൽ വിളിച്ചറിയിക്കുകയും ചെയ്തു. താഴെ എങ്ങോട്ട് പോകണം, ഏത് ദിശയിലേക്ക് നടക്കണം എന്നൊന്നും പറഞ്ഞ് തരാനായി അവിടെയെങ്ങും ആരുമുണ്ടായിരുന്നില്ല. ഇന്ത്യൻ വശത്ത് കയറി വന്നതിനേക്കാൾ വലിയ ഇറക്കമാണ് ചൈനയുടെ വശത്ത് ഉണ്ടായിരുന്നത്. ആരൊക്കെയോ നടന്നുപോയ കാൽപ്പാടുകൾ നോക്കി മുന്നിലുള്ള യാത്രക്കാർ നടക്കുകയും അവരെ പിന്തുടർന്ന് പുറകെ വന്ന യാത്രക്കാർ അതേവഴിയിലൂടെ സഞ്ചരിക്കുകയും ചെയ്തുകൊണ്ടിരുന്നു. നന്നായി മഞ്ഞുറച്ചു കിടന്നിരുന്ന ചില പ്രദേശങ്ങളിൽ കൂടി ചിലർ ഇരുന്നു നിരങ്ങി യാത്ര ചെയ്യാൻ തുടങ്ങി. വഴുക്കുന്ന പ്രതലത്തിൽ കൂടി താഴേക്ക് അടിവെച്ചിറങ്ങുന്ന ബുദ്ധിമുട്ടിനേക്കാൾ എളുപ്പമാണ് ഇതെങ്കിലും നിരങ്ങി ഇറങ്ങുമ്പോൾ അവർ പോലും അറിയാതെ വർദ്ധിക്കുന്ന വേഗതയെ നിയന്ത്രിക്കാനാവാതെ മഞ്ഞിലേക്ക് തന്നെ പലരും തല്ലിയലച്ച് വീഴുന്നുണ്ടായിരുന്നു. ഭാഗ്യവശാൽ കാര്യമായി ആർക്കും പരിക്കൊന്നും പറ്റുകയുണ്ടായില്ല. ഏകദേശം ഒരു മണിക്കൂറെടുത്ത്‌ ചൈനയിലെ യാത്രയ്ക്കായി തയ്യാറാക്കി നിർത്തിയിരിക്കുന്ന ബസ്സുകളുടെ അടുത്തേക്ക് ഞങ്ങൾ നടന്നെത്തി. രണ്ട് മനോഹരമായ വലിയ ബസ്സുകൾക്ക് പുറമെ എമിഗ്രേഷൻ നടത്താനായി മൂന്ന് ഉദ്യോഗസ്ഥരും അവിടെ കാത്തുനിന്നിരുന്നു. ഓരോ യാത്രക്കാരന്റെയും പാസ്പോർട്ട് പരിശോധിച്ച് അതിൽ എൻട്രി സ്റ്റാമ്പടിച്ച് ഞങ്ങളെ ബസ്സുകളിൽ കയറ്റിയിരുത്തി. എല്ലാവരും കയറിയപ്പോൾ ബസ് അവിടെനിന്ന് പുറപ്പെട്ട് മലയോരപ്രദേശങ്ങളിൽ കൂടിത്തന്നെ സഞ്ചരിച്ച് ക്രമേണ തക്കലക്കോട്ടിലേക്ക് പ്രവേശിച്ചു. അരമണിക്കൂറിനുള്ളിൽ ഞങ്ങൾക്ക് താമസിക്കാനായി സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിരുന്ന ഹോട്ടലിന്റെ പോർട്ടിക്കോയിൽ ബസ്സുകൾ എത്തിച്ചേർന്നു. ബസ്സിൽ നിന്നിറങ്ങുന്ന ഓരോ യാത്രക്കാരന്റെയും എല്ലാ ലഗേജുകളും തുറന്ന് വിശദമായ പരിശോധന ചൈനീസ് അധികൃതർ ഇവിടെ വെച്ച് നടത്തുകയുണ്ടായി.

പരിശോധനകൾക്ക് ശേഷം പുരാങ് (PURANG) എന്ന് പേരുള്ള ആ ഹോട്ടലിൽ ഒരു മുറിയിൽ രണ്ടാളുകൾ എന്ന നിലയിൽ ഞങ്ങൾക്ക് താമസസൗകര്യം അനുവദിച്ച് തന്നു. രണ്ട് കെട്ടിടങ്ങൾ മുഖത്തോട് മുഖം ചേർന്നു നിൽക്കുന്ന രീതിയിൽ ആയിരുന്നു ഈ ഹോട്ടലിന്റെ ഘടന. കെട്ടിടങ്ങൾ ഓരോന്നിനും നാല് നിലകൾ വീതം ഉണ്ടായിരുന്നു. ഈ രണ്ട് കെട്ടിടങ്ങൾക്ക് മധ്യഭാഗത്തായി  വശത്തേയ്ക്ക് മാറി ഭക്ഷണം കഴിക്കാനും പാചകം ചെയ്യാനും വേണ്ട സംവിധാനങ്ങൾ വേറിട്ടൊരു ചെറിയ കെട്ടിടത്തിൽ ഒരുക്കിയിരുന്നു. ചൈനയിൽ സാധാരണ തയ്യാറാക്കുന്ന രീതിയിലുള്ള ഭക്ഷണം യാത്രക്കാർക്ക് സ്ഥിരമായി കഴിക്കാൻ സാധ്യമല്ലാത്തതിനാൽ ചൈനയിൽ ഞങ്ങളുടെ യാത്ര സംവിധാനം ചെയ്യുന്ന ട്രാവൽ ഏജൻസി മുഖാന്തിരം ഒരിന്ത്യൻ പാചകക്കാരനെ ഏർപ്പാടാക്കിയിരുന്നു. ഇവിടെനിന്ന് ഞങ്ങൾ കൊണ്ടുപോയതും, അവിടെനിന്ന് വാങ്ങുന്നതുമായ വസ്തുവകകൾ വെച്ച് വരാൻ പോകുന്ന ദിവസങ്ങളിൽ ക്യാമ്പിൽ ഭക്ഷണം തയ്യാറാക്കാനുള്ള പദ്ധതിയാണ് ഉണ്ടാക്കിയിരുന്നത്. ഇന്ത്യൻ പ്രദേശത്ത് ആസ്വദിച്ച ഭക്ഷണസമൃദ്ധിയൊന്നും ചൈനയുടെ ഭാഗത്ത് ഉണ്ടാവില്ലെങ്കിലും ചുരുങ്ങിയ പക്ഷം ഇന്ത്യൻ രീതിയിലുള്ള ഭക്ഷണം കഴിക്കാനുള്ള സാഹചര്യം ഈ ഏർപ്പാടുകൾ കാരണം ഉണ്ടായി. യാത്രക്കാരുടെ ഫുഡ് കമ്മിറ്റിയ്ക്ക് പിടിപ്പത് പണികളുള്ളത് ചൈനയിലാണ്. ഫുഡ് കമ്മിറ്റിയ്ക്ക് മാത്രമല്ല ഫൈനാൻസ്, ലഗേജ് കമ്മിറ്റികൾക്കും ചൈനയിൽ നല്ല തിരക്കായിരുന്നു. ഈ ബുദ്ധിമുട്ടുകൾ ഒഴിവാക്കിയാൽ പുരാങ്ങിലെ താമസം സൗകര്യപ്രദമാണെന്ന് നിസ്സംശയം പറയാം. ഹോട്ടലിൽ താമസിക്കാനായി നൽകിയ മുറികൾ വലുതും വൃത്തിയുള്ളതും ആധുനിക സൗകര്യങ്ങളുള്ളതുമായിരുന്നു. മറ്റൊരു പ്രത്യേകത ശ്രദ്ധയിൽപ്പെട്ടതെന്തെന്നാൽ, ആ പ്രദേശത്തിന്റെ തണുത്ത കാലാവസ്ഥ കാരണം ഒരൊറ്റ മുറിയിലും ഫാനോ, എ സി യോ ഉണ്ടായിരുന്നില്ല എന്നതാണ്. ഏറെ ദിവസങ്ങൾക്ക് ശേഷം ഇത്രയേറെ സൗകര്യങ്ങൾ നിറഞ്ഞ ഹോട്ടലിൽ വന്നപ്പോൾ ശരിക്കും ഇത്തരം ഒരു യാത്രയ്ക്കിടയിൽ ഇത്രയും സൗകര്യങ്ങൾ ആവശ്യമില്ലായിരുന്നു എന്നാണ് മനസ്സിൽ തോന്നിയത്.

1300 ഓളം യുഎസ് ഡോളേഴ്‌സ് ഓരോ യാത്രക്കാരനും യാത്രയുടെ ചെലവിലേക്കായി ചൈനയുടെ ഭാഗത്ത് അടയ്ക്കേണ്ടതുണ്ടായിരുന്നു. ഈ തുക ദില്ലിയിൽ നിന്ന് തന്നെ ഞങ്ങൾ കറൻസി എക്സ്ചേഞ്ച് വഴി മാറ്റിയെടുത്തിരുന്നു. ഫൈനാൻസ് കമ്മിറ്റി ഈ തുക എല്ലാവരിൽനിന്നും ശേഖരിക്കാനും, യാത്ര ഏജൻസിയെ ഏല്പിക്കാനും വേണ്ട പ്രവർത്തനങ്ങൾ നടത്തി. ഇതിന് പുറമേ ചൈനയിലെ ഉപയോഗത്തിനായി ചൈനയുടെ കറൻസിയായ യുവാൻ ലഭ്യമാക്കാൻ വേണ്ട ഏർപ്പാട് ഹോട്ടലിൽ തന്നെ തയ്യാർ ചെയ്തിരുന്നു. 100 യുവാൻ ലഭിക്കണമെങ്കിൽ അന്ന് 1100 ഇന്ത്യൻ രൂപ കൊടുക്കണമായിരുന്നു. ഫൈനാൻസ് കമ്മിറ്റി പണപരമായ കാര്യങ്ങളിലും, ഫുഡ് കമ്മിറ്റി ഭക്ഷണം തയ്യാറാക്കുന്നതിലും മുഴുകിയപ്പോൾ ലഗേജ് കമ്മിറ്റിക്കും ചൈനയിലുള്ള സമയത്ത് കൂടുതൽ ഉത്തരവാദിത്വങ്ങൾ നിർവഹിക്കേണ്ടി വന്നു. ലിപുലേഖിൽ നിന്ന് ഹോട്ടലിൽ എത്തിച്ചേർന്ന കോമൺ ലഗേജുകൾ കൃത്യമായും യാത്രക്കാരുടെ മുറികളിൽ എത്തിക്കാനും, ഇവിടെനിന്ന് പരിക്രമണത്തിനായി പോകുന്ന ദിവസങ്ങളിൽ അവ ഹോട്ടലിനകത്ത് തന്നെ സൂക്ഷിക്കാനും, തിരിച്ച് ഇന്ത്യയിലേക്ക് പോകുന്ന സമയത്ത് കൃത്യമായി കോമൺ ലഗേജ് ആയി ഇത് ഇന്ത്യയിലെത്തുന്നുണ്ട് എന്ന് ഉറപ്പുവരുത്തുന്നതും ലഗേജ് കമ്മറ്റിയുടെ മാത്രം ഉത്തരവാദിത്വമായി മാറി. KMVN ലെ പരിചയസമ്പന്നരായ ജീവനക്കാരുടെ സഹായമില്ലാത്തതിനാൽ ഇതൊരല്പം കനത്ത ജോലിയായി അനുഭവപ്പെടുകയും ചെയ്തു.

ചൈനയിൽ പ്രവേശിച്ചത് മുതൽ ഇന്ത്യൻ സർവീസുള്ള മൊബൈലുകളെല്ലാം തന്നെ പൂർണമായും പ്രവർത്തനരഹിതമായി മാറി. ഹോട്ടലിന് മുന്നിലെ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഒരു റസ്റ്റോറന്റിൽ സൗജന്യമായി വൈഫൈ നെറ്റ്‌വർക്ക് ലഭ്യമായിരുന്നതിനാൽ ചിലരൊക്കെ അതുപയോഗിച്ച് വീടുകളിലേക്ക് ആശയവിനിമയം നടത്തി. ഹോട്ടലിലെ ചൂടുവെള്ളത്തിൽ വിശാലമായ ഒരു കുളി കഴിഞ്ഞപ്പോൾ പുലർച്ചെ മുതൽ നടത്തിയ യാത്രയുടെ ക്ഷീണം പോയ്മറഞ്ഞു. അന്ന് പിന്നെ യാത്രയില്ലാതിരുന്നതിനാൽ എല്ലാവരും ഹോട്ടലിൽ തന്നെ വിശ്രമിക്കുകയാണ് ചെയ്തത്. പിറ്റേന്നും യാത്രയില്ലാത്ത  അലസമായ ദിനമായിരുന്നതിനാൽ പകൽ മുഴുവൻ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതെ സൗഹൃദ സംഭാഷണങ്ങളും വിശ്രമവുമായി ഹോട്ടലിൽ തന്നെ കഴിച്ചുകൂട്ടി. അടുക്കളയിൽ സഹായിക്കാൻ കൂടിയതും ലഗേജുകൾ റൂമുകളിൽ എത്തിച്ച് നൽകിയതുമാണ് എടുത്ത് പറയാവുന്ന കാര്യങ്ങൾ. വൈകീട്ട് തക്കലക്കോട്ട് മാർക്കറ്റിൽ ചെറുതായി കറങ്ങാനും യാത്രക്കാവശ്യമായ ചില വസ്തുക്കൾ വാങ്ങാനും വേണ്ടി സമയം ചെലവഴിച്ചു. മാനസരോവറിൽ നിന്നുള്ള തീർത്ഥം കൊണ്ടുപോകാൻ ഏറ്റവും അനുയോജ്യം എളുപ്പത്തിൽ പൊട്ടുകയോ ചോരുകയോ ചെയ്യാത്ത കോളകളുടെ പ്ലാസ്റ്റിക് ബോട്ടിലുകൾ ആണെന്ന് ജഗേഷ് ഭായി പറഞ്ഞതനുസരിച്ച് എല്ലാവരും കോളകൾ വാങ്ങി കുപ്പികൾ കഴുകി വൃത്തിയാക്കി ലഗേജിൽ കരുതി വെച്ചു. ചൈനീസ് ഗവൺമെന്റ് അത്തവണത്തെ കൈലാസ് മാനസരോവർ യാത്രക്കാർക്കായി നൽകിയ സമ്മാനകിറ്റ് ഇതിനിടെ യാത്രക്കാർക്കിടയിൽ വിതരണം ചെയ്തിരുന്നു. ഞങ്ങൾ കൊണ്ട് വന്നിരുന്നതിൽ നിന്നും മികച്ചതായിരുന്നു ഇങ്ങിനെ കിട്ടിയ പല വസ്തുക്കളും എന്നുള്ളതിനാൽ അതുൾപ്പെടുത്തി ഞങ്ങൾ തുടർയാത്രാലഗേജുകൾ പരിഷ്കരിച്ചു. മിതമായ രാത്രിഭക്ഷണവും കഴിച്ച് പല മുറികളിലായി വട്ടമിട്ടിരുന്ന് സംസാരിച്ച് വളരെ വൈകിയാണ് എല്ലാവരും അന്ന് ഉറങ്ങാൻ പോയത്.

Lipulekh map
Lipulekh map
« of 11 »
Share: