Gunji ITBP camp

രാവിലെ എട്ട് മണിക്കാണ് ഗുഞ്ചിലെ വൈദ്യപരിശോധന എന്നുള്ളതിനാൽ ആറ് മണിയോടുകൂടിത്തന്നെ ബാച്ച് അംഗങ്ങളെല്ലാം എഴുന്നേറ്റു. കാൽനടയാത്ര തുടങ്ങിയ ശേഷം ആദ്യമായാണ് അല്പം അലസതയോടെ ഒരുങ്ങാനുള്ള അവസരം കൈവന്നത്. തൊട്ടടുത്ത് തന്നെയുള്ള ITBP യുടെ ക്യാമ്പിലേക്ക് പോകാനായി രണ്ട് മണിക്കൂർ ഉണ്ടായിരുന്നതിനാൽ ആ ഒരാലസ്യം എല്ലാവരുടെയും പ്രവർത്തികളിൽ ദൃശ്യമായി. സാവധാനം വട്ടമിട്ടിരുന്ന് ചായ കുടിച്ചു, പരസ്പരം വിശേഷങ്ങൾ അന്വേഷിച്ചും, സുപ്രഭാതം നേർന്നും സൗഹൃദത്തിന്റെ ഒരു മനോഹരമായ ദൃശ്യം അവിടെ ഇതൾവിരിയുന്നുണ്ടായിരുന്നു. ആരും തന്നെ പറഞ്ഞില്ലെങ്കിലും ഉള്ളിൽ എല്ലാവർക്കും വരാൻ പോകുന്ന മെഡിക്കൽ ടെസ്റ്റിനെക്കുറിച്ച് കനത്ത ആശങ്കകൾ ഉണ്ടായിരുന്നുവെന്നതാണ് സത്യം. ഇത്രയും കഠിനമായ യാത്രകൾ കഴിഞ്ഞ് ഇതുവരെ എത്തിയതിനുശേഷം എന്തെങ്കിലും കാരണവശാൽ തിരിച്ച് പോകേണ്ടിവരികയെന്നുള്ളത് സങ്കല്പിക്കാൻ പോലുമാകാത്ത ഒരു അവസ്ഥയായിരിക്കും പ്രദാനം ചെയ്യുന്നത്. അങ്ങനെ സംഭവിക്കരുതെന്ന് എല്ലാ യാത്രക്കാരും ഉള്ളിൽ ആത്മാർത്ഥമായി പ്രാർത്ഥിച്ചുക്കൊണ്ടിരിക്കുമ്പോൾ ഒരാൾ മാത്രം ടെസ്റ്റുകൾക്ക് മുൻപേതന്നെ തിരിച്ചുപോകാൻ തീരുമാനമെടുത്ത് കഴിഞ്ഞിരുന്നു. ബീഹാർ സ്വദേശിനിയായ കൃഷ്ണ പാഢെ എന്ന 59 വയസ്സുകാരിയായിരുന്നു ആ യാത്രിക. കഴിഞ്ഞ മൂന്നോ നാലോ ദിവസത്തെ ട്രക്കിങ്ങിനുള്ളിൽത്തന്നെ വളരെ കഠിനമായ ശാരീരിക അവസ്ഥകളിൽ കൂടിയാണ് അവർക്ക് കടന്നുപോകേണ്ടി വന്നത്. തുടർന്നങ്ങോട്ടുള്ള യാത്ര ഇനിയും കൂടുതൽ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലേക്കാണ് എന്നറിയാമായിരുന്നത് കൊണ്ട് കൃഷ്‌ണാ ജി ഇവിടെനിന്ന് മടങ്ങാൻ തീരുമാനിച്ചു. അവർ അറിയിച്ച അടിസ്ഥാനത്തിൽ KMVN, അവരെ ഗുഞ്ചിയിൽനിന്ന് ധാർച്ചുല വരെ ഹെലികോപ്റ്ററിൽ കൊണ്ടുപോകാനും അവിടെനിന്ന് ദില്ലിയിലേക്ക് റോഡ് മാർഗം എത്തിക്കാനും വേണ്ട ഏർപ്പാടുകൾ ചെയ്തു. പോകുന്നതിന് മുമ്പായി അവർ ജാഗേഷ് ഭായിയെ കാണാൻ വേണ്ടി ഞങ്ങൾ താമസിച്ചിരുന്ന കോട്ടേജിലേക്ക് വന്നു. കുടുംബാംഗങ്ങളുടെ കുറച്ച് ഫോട്ടോകൾ അവർ ജഗേഷ് ഭായിക്ക് കൈമാറി എന്തോ പറഞ്ഞു, അതിനുശേഷം അദ്ധേഹത്തിന്റെ കാൽതൊട്ട് വന്ദിച്ചു, പിന്നെ എല്ലാവരോടും യാത്ര പറഞ്ഞിറങ്ങി. ഈ ഫോട്ടോകൾ എന്തിനാണെന്ന എന്റെ ചോദ്യത്തിന് മറുപടിയായി മാനസരോവർ തടാകത്തിൽ ഈ ചിത്രങ്ങൾ മുക്കിയെടുത്താൽ  ഈ ചിത്രങ്ങളിൽ ഉള്ള ആളുകൾക്ക് അവിടെ എത്തിയതിന് തുല്യമായ പുണ്യം ലഭിക്കുമെന്നാണ് കൃഷ്‌ണാ ജിയുടെ വിശ്വാസം എന്ന് ജാഗേഷ് ഭായി പറഞ്ഞു “ഞാൻ അത് വിശ്വസിക്കുന്നില്ല എങ്കിലും ഈ പ്രവർത്തി ചെയ്യുന്നതു കൊണ്ട് മറ്റൊരാൾക്ക് മാനസികമായി ആശ്വാസം ലഭിക്കുന്നുവെങ്കിൽ പിന്നെ എന്തിന് നാം അതിനെ എതിർക്കണം”  ജാഗേഷ് ഭായി കൂട്ടിച്ചേർത്തു.

കൃഷ്‌ണാ ജിയുടെ ഹെലികോപ്റ്റർ വരാൻ ഉച്ചയെങ്കിലുമാകും എന്നാണ് അറിയാൻ കഴിഞ്ഞത്. ഒരാൾ പിരിഞ്ഞു പോകുന്നതിൽ വിഷമമുണ്ടെങ്കിലും ഇനി ആരെല്ലാം അവരെപ്പോലെ പിരിഞ്ഞു പോകും എന്നുള്ള ആശങ്ക മനസ്സിൽ ഉള്ളതിനാൽ ആരും പിന്നീടതിനെപ്പറ്റി വിശദമായ ഒരു ചർച്ചയ്ക്ക് മുതിർന്നില്ല. പ്രഭാതകർമ്മങ്ങൾ പതിയെ പൂർത്തിയാക്കി വസ്ത്രങ്ങൾ മാറി എല്ലാവരും ഏകദേശം 300 മീറ്റർ അപ്പുറത്തുള്ള ITBP ക്യാമ്പിലേക്ക് യാത്രയായി. ചെറിയ ഒരു യോഗത്തിനു ശേഷം ITBP ക്യാമ്പിന് മുന്നിൽ ഞങ്ങളെയെല്ലാം നിരത്തിയിരുത്തി വരാൻ പോകുന്ന യാത്രയെക്കുറിച്ച് ചെറിയതോതിൽ ഒരു വിവരണം ചുമതലയിലുള്ളവർ നൽകി. പിന്നെ ഓരോരുത്തരെയായി അകത്തേക്ക് വിളിച്ച് പരിശോധനകൾ ആരംഭിച്ചു. പ്രധാനമായും രക്തസമ്മർദ്ദവും രക്തത്തിലെ ഓക്സിജനുമാണ് പരിശോധിച്ചത്. പ്രത്യക്ഷത്തിൽ അവശതകൾ തോന്നിയിരുന്ന ചിലരോട് അവർ കുതിരകളെ വാടകയ്ക്ക് എടുത്തിട്ടുണ്ടോ എന്നുള്ള ചോദ്യം ചോദിച്ചിരുന്നു. യാത്രാനുവാദം ലഭിച്ച പുറത്തുവരുന്ന ഓരോ യാത്രക്കാരന്റെയും മുഖത്ത് പൂർണ്ണ ചന്ദ്രൻ ഉദിച്ചപോലെ വെളിച്ചം കാണാമായിരുന്നു എന്നുള്ളതിനാൽ ആരൊക്കെയാണ് പ്രാഥമികമായി ടെസ്റ്റുകൾ പാസായത് എന്നുള്ളതറിയാൻ ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. ഓരോരുത്തരുടെയും പേര് വിളിക്കുന്നതിനനുസരിച്ച് അവർ അകത്തേക്ക് പോകും തോറും പുറത്തിരിക്കുന്നവരുടെ ആകാംഷ കൂടിക്കൂടി വന്നു. ഒടുവിൽ എന്റെയും പേര് വിളിച്ചു, അകത്ത് ചെന്ന് രണ്ട് ടേബിളുകളിലായിരിക്കുന്ന ഡോക്ടർമാരുടെ അടുത്ത് പരിശോധനക്കായി ചെന്നിരുന്നു. ഒരാൾ രക്തത്തിലെ ഓക്സിജൻ പരിശോധിക്കാനായി വിരൽത്തുമ്പിൽ ഓക്സിമീറ്റർ ഘടിപ്പിച്ചു. 98 ശതമാനത്തോളം ഓക്സിജൻ ഉണ്ടായിരുന്നതിനാൽ യാതൊരു പ്രശ്നവുമില്ലാതെ ആ ഘട്ടം കടന്നു. എവിടെയെങ്കിലും വേദനിക്കുന്നുണ്ടോ, എന്തെങ്കിലും പരിക്കുകൾ ഉണ്ടോ, പ്രത്യേകമായ അസ്വസ്ഥതകൾ അനുഭവപ്പെടുന്നുണ്ടോ എന്നുള്ള എല്ലാ ചോദ്യങ്ങൾക്കും തൃപ്തികരമായ മറുപടി കൊടുക്കാൻ കഴിഞ്ഞു. രണ്ടാമത്തെ ടേബിളിൽ ആയിരുന്നു രക്തസമ്മർദ്ദ പരിശോധന. ഭയന്നിരുന്ന പോലെ ഉയർന്ന രക്തസമ്മർദ്ദമായിരുന്നു എനിക്കപ്പോൾ ഉണ്ടായിരുന്നത്. മുറിയിൽ പോയി ധാരാളം വെള്ളം കുടിച്ച് വിശ്രമിക്കുക, എന്നിട്ട് നാലുമണിക്ക് ഒരിക്കൽക്കൂടി ഇവിടെ വന്നു പരിശോധിക്കുക, എന്നിട്ടും രക്തസമ്മർദ്ധം കുറയുന്നില്ലെങ്കിൽ എന്തുവേണമെന്ന് അപ്പോൾ തീരുമാനിക്കാമെന്നും പറഞ്ഞ് ഡോക്ടർ അടുത്ത യാത്രക്കാരനിലേയ്ക്ക് തിരിഞ്ഞു. വളരെയധികം മാനസികസംഘർഷം അനുഭവിച്ച നിമിഷങ്ങളായിരുന്നു അത്. ഇനിയൊരുവേള ഗുഞ്ചിൽ നിന്നും മടങ്ങേണ്ടിവരുമോ എന്നുള്ള ഭയം ഉള്ളിൽ നിറഞ്ഞു. പുറത്തിറങ്ങി KMVN ക്യാമ്പിൽ വന്ന് ഭക്ഷണവും കഴിച്ച് മുറിയിലെത്തിയപ്പോൾ ഞങ്ങളുടെ ബാച്ചിലെ ഏകദേശം പതിനഞ്ചോളം പേരോട് വൈകീട്ട് 4 മണിക്ക് വീണ്ടും മെഡിക്കൽ ചെക്കപ്പിനായി ഹാജരാകാൻ പറഞ്ഞിട്ടുണ്ട് എന്നറിയാൻ കഴിഞ്ഞു. ഞങ്ങളുടെ ഏഴംഗ സംഘത്തിൽ നിന്ന് പാർഥിനും, എന്തിന് ജഗേഷ് ഭായിക്കും വൈകീട്ട് വീണ്ടും ടെസ്റ്റ് പറഞ്ഞിട്ടുണ്ട് എന്ന് കേട്ടപ്പോൾ അത്ഭുതം തോന്നി. പാർഥിനുണ്ടായിരുന്ന പ്രശ്നം ഓക്സിജന്റെ കുറവായിരുന്നു. ജഗേഷ് ഭായിയ്ക്ക് അൽപ്പം കൂടുതൽ രക്തസമ്മർദ്ധവും. മറ്റൊന്നും ചെയ്യാനില്ലാത്തതിനാൽ മെഡിക്കൽ ടെസ്റ്റിൽ വിജയിച്ച സുഹൃത്തുക്കൾ പോർട്ടർമാരോടൊപ്പം ഗുഞ്ചി ക്യാമ്പിന് പുറത്തുള്ള ഗ്രാമത്തിലേക്ക് കറങ്ങാൻ പോയി. കാൽനടയാത്ര തുടങ്ങിയ ശേഷം കയ്യിലുണ്ടായിരുന്ന ബിപി ഗുളികകൾ ഞാൻ കഴിച്ചിരുന്നില്ല. എന്നാൽ ഈ സാഹചര്യം വന്നപ്പോൾ അതിൽ നിന്നും രണ്ട് ഗുളിക എടുത്തു കഴിച്ച് ധാരാളം വെള്ളവും കുടിച്ച് ഞാൻ റൂമിൽ തന്നെ കിടന്നു. അല്പനേരം കഴിഞ്ഞപ്പോൾ ജഗേഷ് ഭായിയും മുറിയിലേക്ക് വന്നു.

ദില്ലിയിൽ വെച്ച്  ജഗേഷ് ഭായിയുടെ നഗ്നപാദനായുള്ള യാത്രകളെക്കുറിച്ചറിഞ്ഞപ്പോൾ തന്നെ അദ്ദേഹത്തോടൊപ്പം യാത്രയിൽ പരമാവധി സമയം ചെലവഴിക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. ഭാഗ്യവശാൽ ഇതുവരെയും അങ്ങിനെത്തന്നെ സംഭവിക്കുകയും ചെയ്തു. ജഗേഷ് ഭായ് യാത്രയുള്ള ദിവസങ്ങളിൽ ഉച്ചഭക്ഷണം കഴിക്കാറില്ല. കാലത്ത് ഇറങ്ങിയാൽ കൃത്യമായ ഒരു വേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്തുന്നതുവരെ ഇടയ്ക്ക് നിർത്താതെ അദ്ധേഹം നടന്നുകൊണ്ടേയിരിക്കും. ഞങ്ങളാണെങ്കിൽ തുടക്കത്തിൽ കൂടിയ വേഗത്തിലും, ധാരാളം ഇടവേളകൾ എടുത്തും, ഉച്ചഭക്ഷണം കഴിഞ്ഞ് അല്പം വിശ്രമിച്ചും, സമയമേറും തോറും വേഗത കുറഞ്ഞുമൊക്കെയാണ് ട്രക്കിങ് നടത്തിക്കൊണ്ടിരുന്നത്. അതിനാൽ തന്നെ വഴിയിൽവെച്ച് അദ്ദേഹത്തോട് അധികം സംസാരിക്കാൻ സാധിച്ചിരുന്നില്ല. വൈകീട്ട് ക്യാമ്പിലെത്തിയാൽ ആദ്യം എന്റെ കാൽമുട്ടുകളിൽ പരിചയസമ്പന്നനായ അദ്ദേഹത്തിന്റെ കൈകൾ കൊണ്ട് ഒരുഴിച്ചിൽ നടത്താൻ അദ്ദേഹം സമയം കണ്ടെത്തുമായിരുന്നു. അതിനുശേഷം മാത്രമേ കൽപ്പാതകളിൽ നടന്ന് പൊട്ടിപ്പൊളിഞ്ഞ് വിണ്ടുപോയ സ്വന്തം കാല്പാദങ്ങളിൽ അദ്ദേഹം മരുന്ന് പുരട്ടാറുള്ളു. അവിവാഹിതനായ ജഗേഷ് ഭായിയ്ക്ക് ജീവിതത്തിൽ ഒരു ലക്ഷ്യവും, ഒരു ആശ്രയവും മാത്രമേ ഉണ്ടായിരുന്നുള്ളൂ, അത് ബോലെനാഥ് ആയിരുന്നു. ഗുജറാത്തിലെ ഭാവ്‌ നഗറിൽ സ്വന്തം അനുജന്റെ പലചരക്ക് കടയിൽ സഹായിയായി കൂടിയിരിക്കുകയാണ് ജഗേഷ് ഭായി. അദ്ദേഹത്തിന്റെ ദിനങ്ങൾ, അത് യാത്രയിൽ ആകട്ടെ, ഗുജറാത്തിലെ സാധാരണ ദിനങ്ങളിലാകട്ടെ പുലർച്ചെ മൂന്നരയ്ക്ക് ആരംഭിക്കുന്നു. എഴുന്നേറ്റ് തണുത്ത വെള്ളത്തിൽ കുളികഴിഞ്ഞ് ഏകദേശം ഒരു മണിക്കൂറോളം സമയം ജഗേഷ് ഭായി ധ്യാനനിരതനായി ചെലവഴിക്കും. അതിനുശേഷം യാത്രയുള്ള ദിവസങ്ങളിൽ അദ്ദേഹം മറ്റുള്ളവർ ഉണരും വരെ കിടക്കയിൽ കിടന്നു വിശ്രമിക്കും. ഭക്തിയിലൂടെ, അദ്വൈതത്തിലൂടെ ഉന്നതമായ ചിന്തയിലേക്ക് സഞ്ചരിച്ച വ്യക്തിത്വമാണ് ജഗേഷ് ഭായി. തന്റെ ചുറ്റിലും കാണുന്ന എന്തിലും ഏതിലും അദ്ദേഹം ശിവനെ തിരിച്ചറിയുന്നു. കൃഷ്ണാ ജിയുടെ വിചിത്രമായ ആവശ്യത്തോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം തന്നെയാണ് ലോകത്തെ സമസ്ത ജീവജാലങ്ങളോടും ആരാധനാരീതികളോടുമുള്ള അദ്ദേഹത്തിന്റെ സ്ഥായീഭാവം.

ഉച്ചവരെ ജഗേഷ് ഭായിയുമായി സംസാരിക്കാൻ കിട്ടിയ അവസരത്തിലാണ് യാത്ര തുടങ്ങിയതിന് ശേഷം എന്റെ മനസ്സിനെ കാര്യമായി അലട്ടിയിരുന്ന ഒരു സംശയം ഞാൻ അദ്ദേഹത്തോട് ചോദിച്ചത്. ഈ യാത്രയെപ്പറ്റി സാധ്യമായ പുസ്തകങ്ങളെല്ലാം ഞാൻ തേടിപ്പിടിച്ച് വായിച്ചിരുന്നു. അതിനാൽ തന്നെ സാങ്കേതികമായി ഈ യാത്രയെപ്പറ്റിയും, ഇതിലെ ഓരോ പ്രദേശങ്ങളെപ്പറ്റിയും കൃത്യമായ ധാരണ എനിക്കുണ്ടായിരുന്നു. ഞാനായിരിക്കും ഈ ബാച്ചിൽ യാത്ര ചെയ്യാൻ ഏറ്റവും അർഹനായ വ്യക്തി എന്ന അഹങ്കാരം ഈ അറിവിന്റെ പുറത്ത് എന്റെ ഉള്ളിലെവിടെയോ ഉണ്ടായിരുന്നു താനും. എങ്കിലും സിർക്കയിലെ ആദ്യദിനത്തെ ക്യാമ്പ് മുതൽ വൈകീട്ട് നടക്കുന്ന ഭജനയിലും ആരതിയിലും പങ്കെടുക്കാൻ തുടങ്ങിയതോടെ ഈ യാത്രയ്ക്ക് വന്നിരിക്കുന്നവർക്ക് മഹാദേവനോടുള്ള ഭക്തിയുടെ ആഴം കണ്ടറിഞ്ഞപ്പോൾ, ഈ യാത്രയ്ക്ക് അവർ കല്പിക്കുന്ന പ്രാധാന്യം അറിയാൻ തുടങ്ങിയപ്പോൾ എന്റെ ധാരണയ്ക്ക് ഇളക്കം സംഭവിക്കാൻ തുടങ്ങി. ഇവരിൽ മിക്കവാറും പേരും വളരെ ചെറുപ്പത്തിലെ തന്നെ ശിവഭക്തിയുടെ കാര്യത്തിലും ശിവപൂജയുടെ കാര്യത്തിലും അഗാധമായ തലങ്ങളിലേക്ക് എത്തപ്പെട്ടിട്ടുള്ളവരായിരുന്നു. ബാല്യകാലത്ത് ശ്രീകൃഷ്ണ ഭക്തനായിരുന്ന, ശിവനെപറ്റി കൂടുതലൊന്നും അറിയാനോ ശിവാരാധനയിൽ അധികം മുഴുകാനോ സാധിക്കാതിരുന്ന എനിക്ക് ഈ സന്ധ്യാ ആരതികളിൽ ഒരു കാഴ്ചക്കാരന്റെ ഭാഗമേ നിർവഹിക്കാനുണ്ടായിരുന്നുള്ളൂ. ഓം നമ: ശിവായ എന്ന മന്ത്രത്തിനപ്പുറം ഒന്നും തന്നെ പറയാനോ പൂജാവിധികളിലെന്തെങ്കിലും പ്രവർത്തിക്കാനോ എനിക്ക് സാധിച്ചിരുന്നില്ല. ഒരുവേള തീർഥയാത്രയ്ക്ക് ഞാൻ തീർത്തും യോഗ്യനല്ലെന്ന് പോലും എനിക്ക് തോന്നിപ്പോയി. എന്നിട്ടും ഞാൻ എങ്ങനെ ഈ യാത്രയിൽ എത്തപ്പെട്ടു എന്നതായിരുന്നു ജഗേഷ് ഭായിയോട് ഞാൻ ചോദിച്ച സംശയം.

പൂർവ്വ പരമ്പരകളിൽ കൈലാസയാത്ര യോഗ്യമായ പുണ്യം നേടിയവർ ഉണ്ടായിരിക്കുകയും, അവർക്ക് ആ യാത്രാലക്ഷ്യം സഫലീകരിക്കാൻ സാധിക്കാതിരിക്കുകയും ചെയ്യുമ്പോൾ, സ്വന്തം വംശപരമ്പരയിൽ നിന്ന് ഈ യാത്ര നടത്താൻ പറ്റിയ ഒരാളെ പിതൃക്കൾ കണ്ടെത്തുന്നു. അങ്ങനെ ഒരുപാട് തലമുറകളുടെ പുണ്യം ചേർത്തുവച്ചാണ്, നിയോഗങ്ങൾ ചേർത്തുവച്ചാണ് ഒരാൾ കൈലാസയാത്രയ്ക്കായി എത്തപ്പെടുന്നത് എന്നതായിരുന്നു ജഗേഷ് ഭായി എനിക്ക് നൽകിയ ഉത്തരം. ഇത് എന്നെ സംബന്ധിച്ചിടത്തോളം പൂർണ്ണ സംശയ നിവാരണം സാദ്ധ്യമാക്കുന്ന ഒരു വിശദീകരണമായിരുന്നു താനും. ജഗേഷ് ഭായിയുടെ നഗ്നപാദനായ യാത്രകളെക്കുറിച്ചുള്ള എല്ലാ ചോദ്യങ്ങൾക്കും ഇതൊന്നും ഞാൻ ചെയ്യുന്നതല്ല എന്നെക്കൊണ്ട് ഭഗവാൻ ചെയ്യിക്കുന്നതാണ് എന്നുള്ള മറുപടിയാണ് ജഗേഷ് ഭായി എപ്പോഴും പറഞ്ഞു കൊണ്ടിരുന്നത്. ഇപ്പോഴും, വൈകിട്ട് 4 മണിക്ക് വീണ്ടും വൈദ്യ പരിശോധനയ്ക്കായി പോകേണ്ട സാഹചര്യത്തിൽ പോലും അദ്ദേഹം അല്പം പോലും ആകുലത പ്രകടിപ്പിച്ച് കണ്ടില്ല. എല്ലാം ബോലേനാഥ് നോക്കിക്കോളും എന്നുള്ള ദൃഢമായ വിശ്വാസവും, തനിക്ക് ചെയ്യേണ്ട പ്രവർത്തിയായ വിശ്രമം എന്നുള്ളതിൽ മാത്രമാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നതുമായിരുന്നു അദ്ധേഹത്തിന്റെ മനോനില. അനാവശ്യമായ വ്യാകുലതകളിൽ പെട്ടുലഞ്ഞിരുന്ന എന്റെ മനസ്സിനെ ഒരു വലിയ അളവുവരെ ശാന്തമാക്കാൻ ജഗേഷ് ഭായിയുടെ സാന്നിധ്യം സഹായിച്ചു എന്ന് പറയാതിരിക്കാനാവില്ല.

ഉച്ചഭക്ഷണം വരെയുള്ള ഇടവേളയിൽ പലരും അത്യാവശ്യ വസ്ത്രങ്ങളെല്ലാം ഗുഞ്ചിയിൽ കഴുകി ഉണക്കിയെടുക്കാനുള്ള പരിപാടികളുമായി മുന്നോട്ടു പോകുന്നുണ്ടായിരുന്നു. പകൽ നല്ല വെയിലും ചൂടുമായിരുന്നതിനാൽ നനഞ്ഞ വസ്ത്രങ്ങൾ ഉണങ്ങാൻ ഒന്നോ രണ്ടോ മണിക്കൂർ തന്നെ ഗുഞ്ചിയിൽ ധാരാളമായിരുന്നു. ഉച്ചവരെ ഞാൻ മുറിക്കുള്ളിൽ തന്നെ ജഗേഷ് ഭായിയുമായി സംസാരിച്ചിരുന്നു. ഉച്ചഭക്ഷണത്തിന് ശേഷം അദ്ധേഹം നൽകിയ ആത്മവിശ്വാസവുമായി ക്യാമ്പിൽ അല്പം ചുറ്റിത്തിരിയാനും പരിസരം വീക്ഷിക്കാനുമായി സമയം ചിലവഴിച്ചു. ITBP യുടെ ഗുഞ്ചി ക്യാമ്പ് വളരെ വിസ്തൃതമാണ്. ഹെലിപ്പാഡ് ഉൾപ്പെടെ വിപുലമായ സൗകര്യങ്ങൾ ITBP ക്ക് ഇവിടെയുണ്ട്. വ്യത്യസ്ത ഡിപ്പാർട്ട്മെന്റുകൾ, ഈ പ്രദേശത്തിൽ ആകെയുള്ള പ്രവർത്തനങ്ങളുടെ ക്രോഡീകരണ ചുമതല എന്നിങ്ങനെ വിപുലമായ പ്രവർത്തന പദ്ധതികളാണ് ഗുഞ്ചി കേന്ദ്രീകരിച്ച് ITBP നടത്തുന്നത്. ITBP യുടെ വ്യത്യസ്ത കെട്ടിടങ്ങളുടെ ഇടയിലാണ് KMVN ക്യാമ്പ് നിലകൊള്ളുന്നത്. ക്രിക്കറ്റ് കളിക്കാനുള്ള ഒരു മൈതാനം ഇവിടെ ഒരുക്കിയിരിക്കുന്നതും അതിൽ ഗ്രാമവാസികളും,
ചില ജവാൻമാരും വ്യായാമത്തിനായി കളികളിൽ ഏർപ്പെട്ടിരിക്കുന്നതായും കാണാൻ സാധിച്ചു. ഇവിടെനിന്നങ്ങോട്ടുള്ള ഞങ്ങളുടെ യാത്രയിൽ ITBP യുടെ നിയന്ത്രണം ഇനി കൂടുതലായി ഉണ്ടാകാൻ തുടങ്ങും. ഗുഞ്ചിയിലും മറ്റുള്ള ക്യാമ്പുകളിൽ ഉള്ളപോലെ ലാൻഡ് ലൈൻ ടെലിഫോൺ സംവിധാനം അവിടെ ഉണ്ടായിരുന്നു. വൈകീട്ട് മൂന്ന് മണിക്കൂർ മാത്രമാണ് ഈ സേവനം ലഭ്യമായിരുന്നതെന്നതിനാൽ നീണ്ടവരിയിൽ നിൽക്കാൻ ക്ഷമയുള്ളവർക്ക് ഇവിടുത്തെ സംവിധാനമുപയോഗിച്ച് വീടുകളിലേക്ക് വിളിക്കാൻ സാധിച്ചിരുന്നു.  

നാല് മണിയായപ്പോൾ രണ്ടാമത് വൈദ്യപരിശോധനയ്ക്ക് പറഞ്ഞിരുന്ന എല്ലാവരും, LO സഹിതം ITBP യുടെ മെഡിക്കൽ ക്യാമ്പിൽ ഹാജരായി. പകൽ നിഷ്കർഷിച്ചിരുന്ന വിശ്രമം വളരെയധികം ഫലം ചെയ്തതായാണ് മിക്കവാറും പേരുടെ രണ്ടാം പരിശോധന ഫലം വെളിവാക്കിയത്. വിശ്രമം കൊണ്ടാണോ, ഗുളികകൾ കൊണ്ടാണോ, അതോ മനോനിലയിൽ വന്ന മാറ്റം കൊണ്ടാണോ എന്നറിയില്ല എന്റെ രക്തസമ്മർദ്ദം പരിശോധിച്ച ഡോക്ടർ ഒട്ടും സംശയത്തിന് ഇടയില്ലാത്ത വിധം പൊടുന്നനെ തന്നെ ഞാൻ യാത്രയോഗ്യനെന്ന് അദ്ദേഹത്തിന്റെ കയ്യിൽ ഉണ്ടായിരുന്ന കടലാസിൽ കുറിച്ചിട്ടു. ശരിക്കും വളരെയേറെ സന്തോഷവും ആശ്വാസവും തോന്നേണ്ട ഒരു സമയമായിരുന്നു ഇതെങ്കിലും അമിതമായ ഒരു വികാരങ്ങളും അനുഭവപ്പെട്ടില്ല. ഒരുപക്ഷേ അന്ന് പകൽ ജഗേഷ് ഭായിയുമായി നടത്തിയ സംഭാഷണം എന്റെ കാഴ്ചപ്പാടിൽ ഉണ്ടാക്കിയ മാറ്റമായിരിക്കാം ഇതിന്റെ കാരണം. ഞങ്ങളുടെ ബാച്ചിലെ രണ്ടോ മൂന്നോ പേർക്ക് കുതിരയുണ്ടെങ്കിൽ മാത്രം യാത്രയിൽ പങ്കെടുക്കാമെന്നുള്ള നിബന്ധനയോടെ യാത്രാ യോഗ്യത നൽകപ്പെട്ടു. ഞാൻ കുതിരയെ വാടകയ്ക്ക് എടുത്തിട്ടുണ്ട് എന്നും ഇതുവരെയും ഉപയോഗിച്ചിട്ടില്ലെന്നും ആർക്കെങ്കിലും യാത്രയ്ക്ക് ആവശ്യമായി വരികയാണെങ്കിൽ വിട്ടുനൽകാമെന്നും അവിടെവച്ച് ITBP ഉദ്ധ്യോഗസ്ഥരോട് പറയുകയുണ്ടായി. നിബന്ധനകളോടെ ആയിരുന്നെങ്കിലും, ആർക്കും മടങ്ങി പോകാതെ യാത്ര തുടരാൻ സാധിച്ചുവെന്നുള്ളത് മൊത്തം ബാച്ചിനെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമായിരുന്നു. എല്ലാ കൈലാസയാത്ര ബാച്ചുകളും ഗുഞ്ചിയിൽ വൃക്ഷത്തൈകൾ നട്ടു പിടിപ്പിക്കുന്ന ഒരു പരിപാടി ഉണ്ടായിരുന്നു. അതിൻപ്രകാരം ഞങ്ങളുടെ ബാച്ചും അവിടെ ഒരു വൃക്ഷതൈ നട്ടുപിടിപ്പിച്ചു.

എല്ലാം യുക്തിഭദ്രമായിരിക്കണം എന്നുള്ള എന്റെ സങ്കല്പങ്ങളെ ഈ യാത്രയിൽ ചോദ്യം ചെയ്ത രണ്ട് വ്യക്തികളുണ്ട്, അതിൽ ഒന്നാമനാണ് ജഗേഷ് ഭായ്. ഈ യാത്രയിൽ അദ്ദേഹം ചെയ്ത പല കാര്യങ്ങളും ആധുനിക ശാസ്ത്രബോധത്തിനുമപ്പുറത്താണ്. അതുപോലെതന്നെ ഒരാളായിരുന്നു ബാബാ കൈലാസനാഥ്. രാജസ്ഥാനിലെ ഗംഗാനഗറിലാണ് അദ്ദേഹത്തിന്റെ ആശ്രമം. അദ്ദേഹത്തിന് തന്റെ നാലാമത്തെ കൈലാസ യാത്രയായിരുന്നു ഇത്. മൂന്നു ശിഷ്യന്മാരെങ്കിലും എല്ലാ യാത്രകളിലും അദ്ദേഹത്തോടൊപ്പം പങ്കെടുക്കാറുണ്ട്. എപ്പോഴും ബീഡി വലിച്ചുകൊണ്ടിരുന്ന അദ്ദേഹത്തെ ഞങ്ങൾ അല്പം തമാശയ്ക്ക് ബീഡി ബാബ എന്നാണ് വിളിച്ചിരുന്നത്. വസ്ത്രധാരണത്തിലെ പ്രത്യേകതകൾ കൊണ്ട് അർദ്ധനഗ്നമായിരുന്ന അദ്ദേഹത്തിന്റെ ശരീരം ഈ കൊടുംതണുപ്പിലും മറച്ചിരുന്നില്ല. കഠിനമായ കയറ്റങ്ങളിൽ പോലും തന്റെ പ്രിയപ്പെട്ട വിനോദമായ നിരന്തരമായ ബീഡി വലിയ്ക്ക് അദ്ധേഹം ഒരു മാറ്റവും വരുത്താൻ തയ്യാറായതുമില്ല. ഏതു സാഹചര്യത്തിലും, ഏത് പ്രദേശത്തും ഒരേ രീതിയിൽ തന്നെയായിരുന്നു അദ്ദേഹം. ദില്ലിയിൽ ഗുജറാത്തി സമാജത്തിൽ വച്ച് അദ്ദേഹത്തെ കാണാൻ ഒരുപാട് ആളുകൾ പല പ്രദേശങ്ങളിൽ നിന്നും വന്നിരുന്നു. ധാർച്ചുലയിൽ നാരായണ ആശ്രമത്തിലും യാത്ര പുറപ്പെടുന്നതിന് മുമ്പ് അദ്ദേഹത്തെ കാണാനും അനുഗ്രഹം വാങ്ങിക്കാനും ഒരുപാട് പേർ എത്തിയിരുന്നു. എപ്പോഴെല്ലാം ആർക്കെങ്കിലും മാനസിക പ്രയാസങ്ങളോ, സംശയങ്ങളോ വരുന്ന ഘട്ടങ്ങളിൽ സദാ സംശയനിവാരണ സജ്ജമായി യാത്രയിലുടനീളമുണ്ടായിരുന്നു ബാബ. അദ്ധേഹം ഇരിക്കുന്നിടം സത്‌സംഗ് പോലെയായിരുന്നു, ആർക്കും എപ്പോഴും കടന്നുചെല്ലാം. എപ്പോഴെല്ലാം സംസാരിക്കാനും അടുത്ത് പോകാനും എനിക്ക് അവസരം കിട്ടിയിട്ടുണ്ടോ അപ്പോഴെല്ലാം വളരെ സ്നേഹത്തോടെ പുറത്ത് തട്ടികൊണ്ടാണ് ബാബ എന്നോട് സംസാരിച്ചിട്ടുള്ളത്.

അന്ന് ഉച്ചഭക്ഷണത്തിനായി പുറത്തിറങ്ങിയപ്പോൾ നാലുമണിക്ക് വീണ്ടും ചെല്ലാൻ ആവശ്യപ്പെട്ടവരുടെ ലിസ്റ്റിൽ ബാബയുടെ പേര് ഉള്ളതായും, രക്തത്തിലെ ഓക്സിജന്റെ അളവുകുറവാണ് ബാബയെ രണ്ടാമത് അവിടെ ചെല്ലേണ്ട അവസ്ഥയിലെത്തിച്ചത് എന്നും അറിയാൻ കഴിഞ്ഞു. ബാബ താമസിച്ചിരുന്ന ഇഗ്ലൂ ടെന്റിൽ ചെന്നപ്പോഴോ അത്തരം ഒരു സംഭവം തന്നെ അദ്ദേഹത്തിന് ഉണ്ടായിട്ടുണ്ടെന്ന യാതൊരു ഭാവഭേദവും ഇല്ലാതെ പതിവുപോലെ ചുറ്റും ഇരിക്കുന്ന ആളുകളോട് ചർച്ച നടത്തിയിരിക്കുന്നതാണ് കാണാൻ കഴിഞ്ഞത്. എല്ലാ വിഷയങ്ങളും നമ്മളുടെ നിയന്ത്രണത്തിലാണ് എന്നുള്ള മിഥ്യാധാരണ ഒഴിവാക്കിയാൽ അനാവശ്യമായ ഒരുപാട് വ്യാകുലതകൾ മനസ്സിൽ നിന്ന് ഒഴിച്ചുനിർത്താൻ സാധിക്കും എന്ന വലിയ പാഠം, ഈ യാത്ര എനിക്ക് സമ്മാനിച്ചതിൽ, ഈ രണ്ട് മഹത് വ്യക്തികളുടെ പങ്ക് വളരെ വലുതാണ്.

ഗൃഹസ്ഥാശ്രമത്തിനുശേഷം ഒന്നുകിൽ സ്വയമേവ അല്ലെങ്കിൽ സാഹചര്യങ്ങളാൽ നിർബന്ധിതമായി ഹിമാലയസാനുക്കളിൽ അലയാൻ തീരുമാനിച്ച ഒരു സാധുബാബയെക്കുറിച്ചാണ് ഈ അദ്ധ്യായത്തിൽ ഇനി പറയേണ്ടത്. ഗാല ക്യാമ്പിൽ നിന്നും ഞങ്ങളുടെ ബാച്ചിനോടൊപ്പം ഈ ബാബ യാത്ര ചെയ്യുന്നുണ്ടായിരുന്നു. സാധാരണ പാസ്പോർട്ടും യാത്രാരേഖകളും ഉള്ളവരെയാണ് ഈ ബാച്ചിനൊപ്പം സഞ്ചരിക്കാൻ അനുവദിക്കാറുള്ളത്. ഏതാണ്ട് ഇതേ വഴിക്ക് തന്നെ സംഘടിപ്പിക്കപ്പെടുന്ന ആദികൈലാസ യാത്രയിലും ഈ പ്രദേശത്ത് കൂടി സഞ്ചരിക്കാൻ KMVN നൽകുന്ന തിരിച്ചറിയൽ കാർഡ് വളരെ നിർബന്ധമായിരുന്നു. ചൈനയുടെയും നേപ്പാളിന്റെയും അതിർത്തി എന്ന നിലയിലും പലപ്പോഴും പലവിധത്തിലുള്ള അവകാശതർക്കങ്ങൾക്ക് വിധേയമാകുന്ന പ്രദേശമെന്നുള്ള നിലയിലും ITBP യുടെ കർശനമായ പരിശോധന ഇവിടെ നടപ്പിലാക്കിയിട്ടുണ്ട്. ഏകദേശം 70 വയസ്സിന് മുകളിൽ പ്രായമുള്ള ഈ സാധുവിനെ എന്തുകൊണ്ടോ പിന്തുണയ്ക്കാൻ ആണ് ഞങ്ങളുടെ ബാച്ചിലെ LO ഉൾപ്പെടെയുള്ളവരുടെ തീരുമാനമുണ്ടായത്. ആ അടിസ്ഥാനത്തിൽ അദ്ധേഹത്തെ നാഭിധാങ് വരെ ഞങ്ങളുടെ ഒപ്പം യാത്ര ചെയ്യാൻ അനുവദിക്കാനും, അവിടുന്ന് കുട്ടി ഗ്രാമത്തിലേക്കുള്ള വഴിയിലൂടെ ആദി കൈലാസത്തിലേക്ക് പറഞ്ഞു വിടാമെന്നുമായിരുന്നു ധാരണ. പൂർവ്വാശ്രമത്തിലെ പേര് സുരേന്ദ്രനാഥ് എന്ന് പറഞ്ഞിരുന്നുവെങ്കിലും സന്യാസദീക്ഷയുള്ള ആളായി തോന്നിയില്ല. വ്യക്തിപരമായ പല ചോദ്യങ്ങളിൽ നിന്നും മൗനത്തോടുകൂടി ഒഴിഞ്ഞു മാറുകയായിരുന്നു ഇദ്ധേഹം ചെയ്തിരുന്നത്. വൃത്തിയായി തുന്നിച്ചെടുത്ത കാവി നിറത്തിലുള്ള വസ്ത്രങ്ങളും, ഒരു ചെറിയ ഭാണ്ഡവും, സ്റ്റീലിലും GI പൈപ്പിലും തീർത്ത ഒരു കനത്ത ത്രിശൂലവും ഈ സാധുബാബയുടെ കയ്യിലുണ്ടായിരുന്നു. കഠിനമായ മലകൾ തേഞ്ഞുതീരാറായ ഒരു ഹവായ് ചപ്പലിന്റെ സഹായത്താൽ ആയാസരഹിതമായി നടന്നുകയറുകയും KMVN ക്യാമ്പുകളിൽ ഞങ്ങളോടൊപ്പം ഭക്ഷണം കഴിക്കുകയും, വൈകിട്ട് ഞങ്ങളോടൊപ്പം തന്നെ അന്തിയുറങ്ങുകയും ചെയ്തുകൊണ്ട് ബാബ ഗുഞ്ചിയിലേക്ക് എത്തിച്ചേരുകയാണ് ഉണ്ടായത്.

ഇദ്ദേഹത്തിന്റെ കാര്യത്തിൽ എന്തെങ്കിലും സഹായം ചെയ്യണമെന്ന ആഗ്രഹം പലർക്കുമുണ്ടായിരുന്നു. വൈകുന്നേരത്തെ മെഡിക്കൽ വൈദ്യപരിശോധന കഴിഞ്ഞിട്ടാകാം എന്നുള്ള രീതിയിൽ കാത്തിരിക്കുകയായിരുന്നു. വൈകീട്ട് LO യും KMVN ഗൈഡുമായി സംസാരിച്ചത്തിന്റെ അടിസ്ഥാനത്തിൽ ബാച്ചിലെ യാത്രക്കാരുടെ ഇടയിൽ ബാബയ്ക്കായി ഞങ്ങൾ ഒരു ചെറിയ പിരിവിന് തുടക്കം കുറിച്ചു. നാളെ നാഭിധാങ്ങിൽ നിന്ന് പിരിഞ്ഞു പോകുമ്പോൾ അത് ബാബയെ ഏല്പിക്കണമെന്നായിരുന്നു പദ്ധതി.

ഇനിയങ്ങോട്ട് അതിശൈത്യമേഖലകൾ ആയതിനാൽ ലഗേജുകൾ അഴിച്ച് അതിനനുസൃതമായ രീതിയിലുള്ള മാറ്റങ്ങൾ എല്ലാവരും വരുത്തി. പാഡഡ് ജാക്കറ്റുകളും ഗ്ലൗസുകളും എല്ലാം പുറത്തെടുക്കപ്പെടുകയും, ലഘുവായ വസ്ത്രങ്ങൾ എല്ലാം കോമൺ ലഗേജിലേയ്ക്ക് മാറ്റപ്പെടുകയുമുണ്ടായി. ഒരു ദിവസത്തെ വിശ്രമത്തിനുശേഷം വർദ്ധിതവീര്യത്തോടെ നാളെ യാത്ര തുടരാനായി എല്ലാവരും നേരത്തെ തന്നെ രാത്രിഭക്ഷണം കഴിച്ച് ഉറങ്ങാൻ പോയി. നക്ഷത്രങ്ങൾ നിറഞ്ഞ ആകാശമായിരുന്നു ഗുഞ്ചിയിൽ ആ രാത്രിയിൽ. ​പ്രദേശത്തിന്റെ ഉയരവും​, വായു മലിനീകര​ണം കുറഞ്ഞ അന്തരീക്ഷവും കൂടിയായപ്പോൾ കുറേക്കൂടി വലുപ്പത്തിൽ, വ്യക്തതയിൽ നക്ഷത്രങ്ങളെ കാണാനാകുമായിരുന്നു. മെഡിക്കൽ ടെസ്റ്റുകളെ കുറിച്ചുള്ള ആശങ്കകൾ ഒഴിഞ്ഞു ആനന്ദകരമായ മനസ്സുമായി, മരംകോച്ചുന്ന ആ തണുത്ത രാത്രിയിൽ, മൃദുവായി കടന്നുപോകുന്ന കാറ്റിന്റെ തലോടലുമേറ്റ്, രാവേറും വരെ നക്ഷത്രങ്ങളെ നോക്കി നിന്നത് അവിസ്മരണീയമായ ഒരനുഭവമായിരുന്നു.

Gunji camp
Gunji camp
« 1 of 9 »
Share: