Chilekh Valley

ഇന്നത്തെ ദിവസം ആകെ നടക്കേണ്ടത് 18 കിലോമീറ്ററായിരുന്നു. 9242 അടിയിൽ നിന്ന് ആദ്യം 11241 അടിയിലേക്ക് കയറണം, പിന്നെ 10536 അടിയിലേക്ക് ഇറങ്ങി വരണം. KMVN ഈ യാത്ര സംവിധാനം ചെയ്തിരിക്കുന്നത് സൂക്ഷ്മമായി പരിശോധിച്ചാൽ, യാത്രക്കാർക്ക് സ്വാഭാവികമായും സഞ്ചരിക്കുന്ന ഉയരവുമായി ശാരീരികമായി പൊരുത്തപ്പെടാൻ (Acclimatization) വേണ്ട സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിനായുള്ള ബോധപൂർവമായ ഒരു ശ്രമം കാണാം. ഒരു ദിവസം കയറുന്ന പരമാവധി ഉയരത്തിൽ ആയിരിക്കില്ല അന്നത്തെ രാത്രി വിശ്രമിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടാവുക, ഇതുതന്നെയാണ് സ്വാഭാവികമായി അക്ലമൈറ്റേഷൻ വരാൻ വേണ്ട ആദ്യത്തെ ചുവട്. ബുദി ക്യാമ്പിൽ നിന്നും അഞ്ചു കിലോമീറ്ററോളം ദൂരം ഏതാണ്ട് 76% ചെരിവ് വരുന്ന കഠിനമായ കയറ്റമാണ്. പിന്നീട് പതുക്കെ പതുക്കെ അല്പം ഉയരം ഇറക്കിക്കൊണ്ട് വന്നിട്ടാണ് ഗുഞ്ചി ക്യാമ്പിൽ എത്തുന്നത്. ചുരുങ്ങിയ ദിവസങ്ങളുള്ള യാത്രകളിൽ പെട്ടന്ന് ഉയരത്തിലേയ്ക്ക് പോകേണ്ടി വരുന്ന അവസരത്തിൽ യാത്രക്കാർക്ക് ഈ ഉയരവുമായി ശാരീരികമായി പൊരുത്തപ്പെടാൻ മരുന്നുകളെ ആശ്രയിക്കേണ്ടി വരാം. എന്നാൽ ലിപുലേഖ് വഴി നടത്തുന്ന യാത്രകളിൽ യാതൊരു മരുന്നും ഇല്ലാതെത്തന്നെ ഇത് സംഭവിപ്പിക്കാനുള്ള ദിവസങ്ങളും ദൂരവും യാത്രയ്ക്കുണ്ട്.  

തലേദിവസത്തെ പദ്ധതിപ്രകാരം കൃത്യം അഞ്ചരക്ക് തന്നെ ഞങ്ങളെല്ലാവരും തയ്യാറായിറങ്ങി. വളരെ പ്രസന്നവും പ്രകാശമാനവുമായ ഒരു പ്രഭാതമായിരുന്നു അന്നത്തേത്. ട്രക്കിങ്ങിന് ആവശ്യമായ വസ്ത്രങ്ങൾ ധരിക്കുന്നതിന് മുൻപ് തന്നെ ഞാൻ കാൽമുട്ടിൽ വേദനസംഹാരിയായ സ്പ്രേ അടിച്ചു. ഇന്നലെ ജാഗേഷ് ഭായി ചെയ്ത മസാജ് അത്ഭുതം തന്നെ പ്രവർത്തിച്ചിരിക്കുന്നു എന്ന് പറയാതെ വയ്യ. വേദന ഏതാണ്ട് മുക്കാലും വിട്ട് മാറിയിട്ടുണ്ട്, നീരിനും വളരെയധികം കുറവുണ്ട്. ആയാസരഹിതമായി എനിക്ക് കാലുകൾ അനക്കാൻ സാധിക്കുന്നുമുണ്ടായിരുന്നു. ശരീരസ്ഥിതിയിലുണ്ടായ ഈ മാറ്റം തന്നെ ആത്മവിശ്വാസം വല്ലാതെ വർധിപ്പിച്ചു. എങ്കിലും ഇന്നലെ മാൽപ്പയിൽ വെച്ച് കണ്ട മലയാളി ജവാൻ പറഞ്ഞ കഠിനമായ കയറ്റത്തെക്കുറിച്ചുള്ള പരാമർശം ചെറിയൊരു അലോസരമായി മനസ്സിലുണ്ടായിരുന്നു. ക്യാമ്പിൽ നിന്നുമിറങ്ങി ആദ്യത്തെ കുറേ ദൂരം വളരെ പരന്നു കിടക്കുന്ന കയറ്റങ്ങൾ ഇല്ലാത്ത സുഖകരമായ വഴിയായിരുന്നു, തടസങ്ങൾ ഒന്നും ഇല്ലാതെ ട്രക്കിംഗ് താളത്തിലേക്ക് വീഴാൻ ഇത് ഞങ്ങളെ സഹായിച്ചു.

ബുദി ഗ്രാമം കഴിഞ്ഞപ്പോൾ കയറ്റങ്ങൾ ആരംഭിക്കാൻ തുടങ്ങി. രണ്ടായിരത്തോളം അടി ഉയരമുള്ള ഒരു മലയാണ് വളഞ്ഞു പുളഞ്ഞ രീതിയിൽ ഉണ്ടാക്കിയിരിക്കുന്ന അഞ്ച് കിലോമീറ്ററോളം വരുന്ന വഴിയിൽ കൂടി ഞങ്ങൾക്ക് ആദ്യമേ കയറേണ്ടത്. മണ്ണും, വല്ലാതെ ചളിയുള്ള പ്രദേശങ്ങളിൽ അടുക്കിയിരിക്കുന്ന കല്ലുകളും തന്നെയാണ് ഈ വഴിയിലും ഉള്ളത്. ഞങ്ങൾ നടന്നു പോകുന്ന വഴിയിൽ നിന്നും താഴ്‌വാരത്തിലേക്ക് ചെറിയ നടവഴികൾ ഇറങ്ങി പോകുന്നത് കാണാമായിരുന്നു. അടിവാരത്തിൽ താമസിക്കുന്ന ഗ്രാമവാസികളുടെ ഭവനങ്ങളിലേക്കാണ് ഈ വഴികൾ ചെന്ന് ചേരുന്നത്. ഇറക്കമായാലും കയറ്റമായാലും വളരെ ബുദ്ധിമുട്ടുണ്ടാകാൻ മാത്രം കുത്തനെയാണ് ഈ വഴികളുടെ കിടപ്പ്. പക്ഷേ മുഖ്യവഴിയിൽ കൂടി യാത്രക്കാർ പോകുന്നതായി കണ്ട ഗ്രാമവാസികളുടെ കുട്ടികൾ, വീടുകളിൽ നിന്നിറങ്ങി അനായാസമായി ഓടിക്കയറി മുകളിലേക്ക് എത്തികൊണ്ടിരുന്നു. മലയോരത്ത് വളരെ കഷ്ടപ്പെട്ടു അടിവെച്ചടിവെച്ച് നീങ്ങുന്ന ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് ഒരു അത്ഭുതകരമായ ഒരു കാഴ്ച തന്നെയായിരുന്നു എന്നാൽ ഞങ്ങളുടെ കൂടെയുണ്ടായിരുന്ന പോർട്ടർമാർക്ക് ഇതിൽ പ്രത്യേകതകളൊന്നും കാണാൻ സാധിച്ചിട്ടുണ്ടാവില്ല. എന്തെങ്കിലും ഒരു സാധനം വാങ്ങിക്കാനുണ്ടെങ്കിലോ, ആരെയെങ്കിലും കാണാനുണ്ടെങ്കിലോ കിലോമീറ്ററുകളോളം മലകയറേണ്ട ഒരു ജീവിത സാഹചര്യമാണ് അവർക്കുള്ളത്. അതിനനുസരിച്ചുള്ള ആരോഗ്യം പ്രകൃതി അവർക്ക് നൽകിയിട്ടുമുണ്ട്.

ആയാസരഹിതമായ ഒരു വേഗത കണ്ടെത്തി ഇടയ്ക്കിടയ്ക്ക് ചെറിയ വിശ്രമവേളകൾ ഉൾപ്പെടുത്തി കിതപ്പാറ്റിക്കൊണ്ടാണ് ഞങ്ങൾ കയറാൻ ആരംഭിച്ചത്. മലകയറുമ്പോൾ വളരെ ദീർഘമായ ഇടവേളകൾ എടുക്കുന്നത് വലിയൊരബദ്ധമായി മാറും. ഒരിക്കൽ നിങ്ങളുടെ ശരീരത്തിന്റെ ചൂടാറിത്തണുക്കാൻ തുടങ്ങിയാൽ പിന്നെ കൈകാലുകൾ വേദനിക്കാനും അനക്കാനാകാതെ ബുദ്ധിമുട്ടിക്കാനും തുടങ്ങും. വീണ്ടും പഴയ വേഗതയിൽ തിരിച്ചുവരാൻ ഇരട്ടി അദ്ധ്വാനിക്കേണ്ടതായി വരും. അതിനാൽത്തന്നെ നിരന്തരമായി നിലനിറുത്താവുന്ന താരതമ്യേന കുറഞ്ഞ വേഗതയാണ് മലകയറ്റത്തിന് അഭികാമ്യം. എടുക്കുന്ന ഇടവേളകളുടെ എണ്ണം പരമാവധി കുറച്ച് അവയുടെ ദൈർഘ്യം സാധ്യമായത്രയും വെട്ടിചുരുക്കി മുന്നോട്ട് പോവുകയാണെങ്കിൽ ഏത് കഠിനമായ മലയും കയറിയിറങ്ങാം എന്നാണ് അനുഭവങ്ങൾ നൽകുന്ന പാഠം. ഞങ്ങളുടെ കൂടെയുള്ള പോർട്ടർമാരുടെ സംബന്ധിച്ചിടത്തോളം യാത്രക്കാരുടെ ഈ വേഗതകുറവിനോടൊപ്പം സഞ്ചരിക്കാൻ വല്ലാത്ത ബുദ്ധിമുട്ട് അവർക്ക് സഹിക്കേണ്ടിവന്നിട്ടുണ്ട്. മിക്കവാറും പോർട്ടർമാരും അവരുടെ സ്വാഭാവികമായ താളത്തിലും വേഗത്തിലും അല്പദൂരം നടക്കുകയും പിന്നാലെ വരുന്ന യാത്രക്കാർക്കായി കാത്തുനിൽക്കുകയും ചെയ്യുന്ന രീതിയാണ് അവലംബിച്ചത്. കൈകൾ പിടിച്ച് യാത്രക്കാരെ കൊണ്ടുപോകേണ്ടി വന്നിട്ടുള്ള അവസരങ്ങളും ധാരാളം ഉണ്ടായിട്ടുണ്ട്, അവിടെയെല്ലാം പോർട്ടർമാർ ഒരു മടിയും കൂടാതെ ആ പ്രവർത്തി ചെയ്യുന്നതായും കണ്ടിട്ടുണ്ട്.

എന്റെ പോർട്ടർ രാഹുൽ വളരെ സംഭാഷണപ്രിയനായിരുന്നു. നടന്ന് കൊണ്ടിരിക്കുമ്പോൾ വഴിനീളെ സ്വന്തം സുഹൃത്തുക്കളെപ്പറ്റിയും, ഗ്രാമത്തെപ്പറ്റിയും, കഴിഞ്ഞകാലങ്ങളിൽ നടത്തിയ വീരസാഹസിക കൃത്യങ്ങളെപ്പറ്റിയും വാതോരാതെ കക്ഷി സംസാരിച്ച് കൊണ്ടേയിരിക്കും. മറ്റ് പോർട്ടർമാരുടെ ഇടയിൽ കുട്ടിയാൻ എന്നായിരുന്നു രാഹുൽ അറിയപ്പെട്ടിരുന്നത്. കുട്ടി ഗ്രാമവാസിയായ ആൾ കുട്ടിയാൻ, ഇതാണ് അവിടങ്ങളിൽ തുടരുന്ന രീതി. കുറച്ച് വർഷങ്ങൾക്ക് മുൻപ് രാഹുലിന് സ്വന്തമായി ഒരു ബൈക്ക് ഉണ്ടായിരുന്നു, മാത്രവുമല്ല രണ്ട് തവണ ദില്ലിയിൽ പോയി ഒരു ഹോട്ടലിൽ ജോലി ചെയ്ത പരിചയവും രാഹുലിനുണ്ട്. ഇപ്പോൾ സ്വന്തം ഗ്രാമമായ കുട്ടിയിൽ നിന്ന് പോന്നിട്ട് ഒരു മാസത്തോളമായി, ഇനിയും വൈകും തിരിച്ചെത്താൻ. ആദികൈലാസത്തിന് തൊട്ടടുത്തു കിടക്കുന്ന ഗ്രാമമാണ് കുട്ടി. കുട്ടി ഗ്രാമവാസി ആണെങ്കിലും ഗ്രാമത്തിലെ മറ്റുള്ളവരെക്കാൾ നാഗരികനാണ് താനെന്ന് അഭിമാനം കൊള്ളുന്നവനാണ്‌ രാഹുൽ. ഈ നാഗരികത തന്നെയാണ് പെട്ടെന്ന് എളുപ്പവഴിയിൽ കൂടി കാശുണ്ടാക്കണം എന്നുള്ള ഒരാഗ്രഹം രാഹുലിന്റെ ഉള്ളിൽ കയറിക്കൂടാനുള്ള കാരണവും. ഉയർന്ന മലനിരകളിൽ വളരുന്ന കീടങ്ങളെപ്പറ്റി അങ്ങനെയാണ് യാത്രയ്ക്കിടെ രാഹുലെന്നോട് പറഞ്ഞത്. പകുതി ചെടിയും പകുതി ജീവിയും ആയ പ്രത്യേകതരം ഒരു കീടമാണ് മലമുകളിലുള്ളത്. ഇതിന് നഷ്ടപ്പെട്ടുപോയ ലൈംഗികശക്തികളെ വീണ്ടെടുത്ത്‌ നൽകാനാവശ്യമായ അപാരമായ ഔഷധശക്തിയുണ്ട്. ഈ കീടങ്ങളെ ഉപയോഗിച്ചു കൊണ്ട് ചൈന വിലകൂടിയൊരു മരുന്നുല്പാദിപ്പിക്കുന്നുണ്ട്. നല്ല ഗുണനിലവാരമുള്ള ഒരു കിലോ കീടങ്ങൾക്ക് ഏകദേശം 16 ലക്ഷത്തോളം രൂപ ധാർച്ചുലയിൽ വില വരും.  ഒരു കീടം കുറച്ച് ഗ്രാമുകളെ കാണൂവെന്നതിനാൽ ഒരു കിലോ ആവാൻ നൂറുകണക്കിന് കീടങ്ങളെ പിടിക്കേണ്ടി വരും. മണ്ണിനകത്തും, മഞ്ഞിനകത്തും ശരീരത്തിന്റെ മുക്കാൽഭാഗവും കുഴിച്ചിട്ട് രണ്ടോ മൂന്നോ സെൻറീമീറ്റർ മാത്രം ശ്വാസോച്ഛ്വാസത്തിനായി പുറത്തേക്ക് നിർത്തിയ രീതിയിലാണ് ഈ കീടങ്ങൾ ജീവിക്കുന്നത്. നല്ല പരിചയമുള്ളവർക്ക് ഇത് തിരിച്ചറിയാനും ചുറ്റുമുള്ള മണ്ണ് നീക്കി ഇവയെ പുറത്തെടുക്കാനും സാധിക്കും. ഇവയെ പിടിക്കാനായി ചെറിയ സംഘങ്ങളായി ഒരു മാസത്തേക്കുള്ള ഭക്ഷണ സാമഗ്രികളും കൊണ്ട് നല്ല ഉയരത്തിലുള്ള മലകളുടെ മുകളിലേക്ക് അവിടെയുള്ള ഗ്രാമവാസികൾ പോകാറുണ്ട്. ഈ മലകൾ രാത്രികാലങ്ങളിൽ പൂജ്യത്തിന് താഴെയുള്ള താപനിലയിലേക്ക് വരുന്നവയും മഞ്ഞ് പെയ്തുകൊണ്ടിരിക്കുന്നവയുമാണ്. അവിടെ പോയി ഈ ഭാഗ്യപരീക്ഷണം നടത്തുമ്പോൾ ചിലർക്കൊക്കെ വളരെ വലിയ ലാഭമുണ്ടാക്കാൻ സാധിക്കും. ചിലർക്ക് പക്ഷെ കിട്ടുന്ന എന്തെങ്കിലും കൊണ്ട് തൃപ്തിപ്പെടേണ്ടിയും വരും.

സാധാരണ ഈ സമയത്ത് യാത്രക്കാരുടെ കൂടെ പോർട്ടർമാരായാണ് ഈ പ്രദേശത്തുള്ളവർ കുറച്ച് പൈസ സമ്പാദിക്കുന്നത്. എന്നാൽ ഈ കീടങ്ങളെ പിടിച്ചെടുക്കുന്ന പരിപാടി വന്നതിനുശേഷം പകുതിയോളം പേർ പോർട്ടർ പണി ഉപേക്ഷിച്ച് കീടങ്ങളെ തേടിപ്പോയി. ഞങ്ങൾ സഞ്ചരിക്കുന്ന വഴിയിൽ നിന്നും കുറച്ച് ദൂരെ മാറിയുള്ള ഉയർന്ന മലനിരയുടെ മുകളിൽ ഇത്തരത്തിൽ കീടങ്ങളെ പിടിക്കാൻ പോയവരുടെ ചില ടെന്റുകൾ രാഹുൽ കാണിച്ചു തന്നു. ഈ യാത്രയിൽ തന്നെ രണ്ട് ദിവസത്തിനകം ഒരു കീടത്തിനെ ഞങ്ങളെ കാണിക്കാനായി രാഹുൽ കൊണ്ടുവരികയും ചെയ്തു. ഇത് പെട്ടെന്ന് കിട്ടുന്ന പണം ആയിരിക്കാം, പക്ഷേ ഇത് എളുപ്പത്തിൽ കിട്ടുന്ന പണം ആയെനിക്ക് തോന്നിയില്ല. അത്യുന്നതമായ മലകളുടെ മുകളിലേക്ക് പ്രാഥമികമായ സൗകര്യങ്ങൾ മാത്രമുള്ള ഇവർ കയറിച്ചെന്ന് മാസങ്ങളോളം അതിശൈത്യവും പ്രതികൂല കാലാവസ്ഥയും സഹിച്ച് പണിയെടുത്താണ് ഈ പൈസ ഉണ്ടാക്കുന്നത്, അതിനാൽത്തന്നെ ഇത് എളുപ്പവഴിയിലുള്ള ഒരു സമ്പാദ്യമായി കണക്കാക്കാൻ പറ്റില്ല. ഒരുപക്ഷേ ഭാഗ്യവും, അപകടസാദ്ധ്യതയുമുള്ള സാഹസികമായ ഈ ജോലിക്ക് ഒരു നിധിവേട്ടയ്ക്ക് തുല്യമായ ആനന്ദം അവർക്ക് കൊടുക്കാൻ സാധിക്കുന്നുണ്ടായിരിക്കണം.

കുറേക്കൂടി മുകളിലേക്ക് കയറിച്ചെന്നപ്പോൾ കീടങ്ങൾ പിടിക്കാൻ പോയവരുടെ ടെന്റുകൾ ഞങ്ങൾക്ക് വ്യക്തമായി കാണാൻ സാധിച്ചു. രാഹുലിന്റെ സംസാരത്തിൽ ശ്രദ്ധിച്ച് നടക്കുകയെന്നുള്ളത് എന്നെ സംബന്ധിച്ചിടത്തോളം അപ്പോൾ കയറിക്കൊണ്ടിരിക്കുന്ന കഠിനമായ പാതയിൽ നിന്ന് ശ്രദ്ധതിരിക്കാൻ സഹായകരമായ ഒരു പ്രവൃത്തിയായിരുന്നു. വല്ലപ്പോഴും ഒരു മൂളലോ അല്ലെങ്കിൽ അത്ഭുത ഭാവത്തിൽ ഒരു പ്രതികരണമോ ഒക്കെ മതിയായിരുന്നു രാഹുലിന് തന്റെ കഥകൾ മുന്നോട്ട് കൊണ്ടുപോകാൻ. കയറ്റം കഠിനമാകാൻ തുടങ്ങിയതോടെ അല്പാല്പമായി അനുഭവപ്പെട്ട് തുടങ്ങിയ കാൽമുട്ടിലെ വേദനയും കിതപ്പും കാരണം ഈ മൂളൽ പോലും കിട്ടാൻ വേണ്ടി രാഹുലിന് കാത്തുനിൽക്കേണ്ട അവസ്ഥയായി.

ഇപ്പോൾ കയറിക്കൊണ്ടിരിക്കുന്ന വലിയ മലയുടെ മുകളിലാണ് ചിലേഖ്. ഈ മല അവസാനിക്കുന്നിടത്ത് നിന്ന് ചുറ്റിലും പാറക്കെട്ടുകൾ നിറഞ്ഞ ഒരിടുങ്ങിയ വഴിയിലേക്ക് ഞങ്ങൾ പ്രവേശിച്ചു. ആ വഴിയിൽ പലയിടത്തുമായി  പല വിഗ്രഹങ്ങളും പ്രതിഷ്ഠിച്ചിരുന്നതായും അതിൽ എല്ലാം തന്നെ നിത്യപൂജകൾ നടക്കുന്നതായും കാണാൻ സാധിച്ചു.  ഈ പാറക്കെട്ടുകൾക്കിടയിൽ കൂടി കടന്നു പോകുമ്പോൾ ഒരു കോട്ടമതിലിനുള്ളിൽപ്പെട്ട അവസ്ഥയായിരുന്നു, ഇടുങ്ങിയ വഴിയും ചുറ്റുമുള്ള ഉയർന്ന പാറക്കെട്ടുകളുമല്ലാതെ മുന്നിലുള്ള ഒന്നും തന്നെ കാണാൻ സാധിക്കുന്നുണ്ടായിരുന്നില്ല. ഈ ഇടുങ്ങിയ വഴിയിൽ നിന്ന് പുറത്ത് കടന്നപ്പോൾ അതിസുന്ദരമായ ഒരു പ്രദേശം പൊടുന്നനെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. ഞങ്ങൾ പ്രവേശിച്ചത് സ്വർഗ്ഗതുല്യമായ ഒരു താഴ്‌വാരത്തിലേക്കാണ്. തെളിഞ്ഞുനിൽക്കുന്ന സൂര്യൻ, പച്ചപുതച്ച് കിടക്കുന്ന പുൽമേടുകളും, കൊച്ചരുവികളും. തണുത്ത സുഗന്ധവാഹിയായ കാറ്റ്, ധാരാളം കുതിരകളും പശുക്കളും പുല്ലുമേഞ്ഞ് കൊണ്ടിരിക്കുന്നു, മൈതാനത്തിന് കുറുകെ പാറി പറന്നു കൊണ്ടിരിക്കുന്ന പക്ഷികളും, ചെടികളിൽ തത്തിക്കളിക്കുന്ന ചിത്രശലഭങ്ങളും. കഠിനമായ മലകയറ്റം നടത്തി ക്ഷീണിച്ചവശനായി, പെട്ടെന്ന് ഇത്രയും മനോഹരമായ ഒരു പ്രദേശത്തേക്ക് കടന്നുവന്നപ്പോൾ അനുഭവിച്ചതിന് തുല്യമായ ആനന്ദം ജീവിതത്തിൽ വളരെ അപൂർവ്വമായേ എനിക്ക് അനുഭവപ്പെട്ടിട്ടുള്ളു. ഇന്നത്തെ യാത്രയുടെ കഠിനമായ വഴി അവസാനിച്ചുവെന്നുള്ള ആശ്വാസവും കൂടിച്ചേർന്നപ്പോൾ അവിസ്മരണീയമായി ആ മുഹൂർത്തം. ചിലേഖിന് അപൂർവ്വ പുഷ്‌പങ്ങളുടെ താഴ്‌വാരം എന്നൊരു വിളിപ്പേര് കൂടിയുണ്ട്. ഹിമാലയത്തിലെ പ്രസിദ്ധമായ പൂക്കളുടെ താഴ്‌വാരത്തോളം വരില്ലയെങ്കിലും ഇനിയുള്ള വസന്തത്തിൽ, ഒട്ടും കുറവില്ലാതെത്തന്നെ പൂക്കളുടെ ഒരു താഴ്‌വാരം ഇവിടെയുമൊരുങ്ങുമെന്നുള്ളത് ഇതിനോടകം വളർന്നു വന്നിട്ടുള്ള പൂച്ചെടികളെ കണ്ടാൽത്തന്നെ മനസ്സിലാക്കാൻ സാധിക്കുമായിരുന്നു.  

ഈ താഴ്‌വാരത്തിന്റെ തുടക്കത്തിൽ തന്നെ ഉറപ്പുള്ള നിർമ്മിതിയുള്ള ഒരു ഹോട്ടൽ ഉണ്ടായിരുന്നു. ആ ഹോട്ടലിലായിരുന്നു ഞങ്ങൾക്ക് പ്രഭാതഭക്ഷണം തയ്യാർ ചെയ്തിരുന്നത്. പോർട്ടർമാരും കുതിരക്കാരും ഇവിടെ നിന്ന് തന്നെ ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു. ഈ സ്ഥലത്ത് വെച്ച് ഫോട്ടോകൾ എടുക്കാൻ ഞങ്ങൾ ധാരാളം സമയം ചിലവഴിച്ചു. യാത്രാക്ഷീണം മാറ്റാൻ ആവശ്യമായത്രയും സമയം വിശ്രമിച്ചതിന് ശേഷമാണ് വീണ്ടും യാത്ര ആരംഭിച്ചത്. ഈ മൈതാനത്തിന്റെ അവസാനത്തിൽ ഞങ്ങളുടെ പാസ്പോർട്ടുകളും കുതിരക്കാരുടെയും പോർട്ടർമാരുടെയും ഐഡന്റിറ്റി കാർഡുകളും പരിശോധിക്കാനായി മിലിറ്ററി ഒരുക്കിയിരുന്ന ഒരു പരിശോധനാകേന്ദ്രം ഉണ്ടായിരുന്നു. വിശദമായ വിവരങ്ങൾ എഴുതിയെടുത്തതിന് ശേഷം അവർ ഞങ്ങളെ യാത്ര തുടരാൻ അനുവദിച്ചു.

ഈ പരിശോധനാ കേന്ദ്രത്തെ മിലിറ്ററിയുടെ ചെക്ക് പോസ്റ്റ് എന്നതിനേക്കാൾ സ്വർഗ്ഗത്തിലേക്കുള്ള കവാടം എന്ന് വിളിക്കുന്നതായിരിക്കും കൂടുതൽ ശരി. ഇവിടുന്നങ്ങോട്ട് വഴി ശരിക്കും സ്വർഗ്ഗത്തിലൂടെയുള്ള യാത്ര പോലെയായിത്തീർന്നു. പച്ചപ്പാർന്ന പ്രകൃതി, വലിയ മരങ്ങൾ ഒരുക്കുന്ന തണൽ, വഴിയിൽ ഇടവിട്ട് മനോഹരമായ പൂക്കൾ, അപൂർവ നാദങ്ങൾ മുഴക്കുന്ന പക്ഷികൾ, മിന്നൽ വേഗത്തിൽ കടന്നുപോകുന്ന വെളുത്ത പഞ്ഞിക്കെട്ടുകൾ പോലുള്ള മേഘങ്ങൾ, നിരപ്പായ നടപ്പാത, ഇതിനൊക്കെപ്പുറമെ മലമുകളിൽ നിന്നും താഴേക്ക് ഒഴുകിയിറങ്ങുന്ന കൊച്ചരുവികളുടെ കളകളാരവം പൊഴിക്കുന്ന പശ്ചാത്തല സംഗീതവും. കഠിനമായ കയറ്റം അവസാനിച്ചതോടുകൂടി കാൽമുട്ടിലെ വേദനയ്ക്കും വലിച്ചിലിനും വളരെയധികം കുറവ് വന്നിരുന്നതും യാത്രയെ ആസ്വാദ്യകരമാക്കി.

ഈ വഴിയിൽ ഇനി അടുത്തതായി വരാൻ പോകുന്ന ഗ്രാമമാണ് ഗർഭിയാങ്ങ്. ഉത്തരാഖണ്ഡിലെ പിതോഗഡ് ജില്ലയിലെ ധാർച്ചുല താലൂക്കിൽപെട്ട ഒരു ഗ്രാമമാണ് ഗർഭിയാങ്ങ്. മുങ്ങിക്കൊണ്ടിരിക്കുന്ന ഗ്രാമം എന്നൊരു പേരും കൂടി ഈ ഗ്രാമത്തിനുണ്ട്. അവിടേക്ക് എത്താറായപ്പോഴാണ് ഈ രണ്ടാമത്തെ പേരിന്റെ കാരണം എന്താണെന്ന് ഞങ്ങൾക്ക് ബോധ്യപ്പെട്ടത്. മുഴുവൻ ഗ്രാമം നിലനിൽക്കുന്നത് നനവുള്ള ചതുപ്പു മണ്ണിലാണ്. ഒരു കാലത്ത് ഒരു ഗ്ലേസിയർ ഉണ്ടായിരുന്ന പ്രദേശത്താണ് ഇപ്പോഴീ ഗ്രാമം എന്നൊരു കഥയും കേട്ടിരുന്നു. എന്തായാലും കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടക്ക് ഏകദേശം അറുപത് അടിയോളം ഈ ഗ്രാമം താഴേയ്ക്ക് വന്നുകഴിഞ്ഞു എന്നുള്ളത് ഒരു യാഥാർത്ഥ്യമാണ്.
അല്പം അതിശയോക്തി കലർത്തുന്ന ശീലമുണ്ടായിരുന്ന രാഹുൽ, തൊട്ടടുത്ത് നിൽക്കുന്ന വലിയൊരു മല ചൂണ്ടിക്കാണിച്ച് ആ മലയുടെ ഒപ്പമായിരുന്നു ആദ്യം ഈ ഗ്രാമമെന്നും പിന്നെ താഴേക്ക് ഇറങ്ങിവന്നതാണെന്നുമാണ് പറഞ്ഞത്. ഗ്രാമത്തിനുള്ളിൽ കടന്നാൽ ഈ താഴൽ പല വീടുകളിലും പല അളവിലാണ് സംഭവിച്ചിരിക്കുന്നതെന്ന് കാണാൻ സാധിക്കും. എങ്കിലും എല്ലാ വീടുകളിലും അടിഭാഗം കുറെയൊക്കെ മണ്ണിലേക്ക് താഴ്ന്നുപോയ അവസ്ഥയിൽ തന്നെയായിരുന്നു കാണാൻ സാധിച്ചത്.

ഗർഭിയാങ്ങ് ഗ്രാമത്തിൽ കുറച്ച് ചെറിയ കടകളുണ്ടായിരുന്നു. അതിലൊരു കടയിലുണ്ടാക്കുന്ന സമൂസ ആ പ്രദേശത്ത് വളരെ പ്രസിദ്ധമാണ്. രാഹുൽ ശുപാർശ ചെയ്തതനുസരിച്ച് ഞങ്ങളാ കടയിൽ പോവുകയും വളരെ രുചികരമായിരുന്ന ആ സമൂസ ഒറ്റയിരുപ്പിൽ തന്നെ നാലോ അഞ്ചോ കഴിക്കുകയും ചെയ്തു. സാധാരണ പഞ്ചാബി സമൂസ ഉണ്ടാക്കുന്ന രീതിയിൽ തന്നെയാണ് ഈ സമൂസയും ഉണ്ടാക്കിയിട്ടുള്ളത്, പക്ഷേ മുംബൈയിൽ വാങ്ങാൻ കിട്ടുന്ന സമൂസയുടെ പകുതി വലുപ്പമേ ഈ സമൂസകൾക്ക് ഉണ്ടായിരുന്നുള്ളൂ. ഇതിനോടൊപ്പം സമൃദ്ധിയായി പാലൊഴിച്ച രുചികരമായ ചായയും കൂടിയായപ്പോൾ അതൊരു വിരുന്നായി. ആ ഗ്രാമത്തിലെ വളരെ കൗതുകം തോന്നിക്കുന്ന കുട്ടികളുമായി ഫോട്ടോയെടുത്തും കളിചിരി പറഞ്ഞും ഞങ്ങൾ അല്പനേരം ചിലവഴിച്ചു, പിന്നെ പതുക്കെ എഴുന്നേറ്റ് വീണ്ടും നടക്കാൻ ആരംഭിച്ചു. ഗ്രാമത്തിന് പുറത്തേക്ക് എത്തിയ ഉടനെ ആകാശത്ത് നിറയെ കഴുകന്മാർ വട്ടമിട്ടു പറക്കുന്ന കാഴ്ച്ച കണ്ടു. കാട്ടിൽ എവിടെയെങ്കിലും ഏതെങ്കിലും ജീവിക്ക് മരണം സംഭവിച്ചിട്ടുണ്ടാകാമെന്നും അല്ലെങ്കിൽ ഉടൻ സംഭവിക്കാൻ സാദ്ധ്യതയുണ്ടെന്നും അത് കണ്ടറിഞ്ഞിട്ടാണ് കഴുകന്മാർ വട്ടമിട്ട് പറക്കുന്നതെന്നും ഗ്രാമവാസികൾ പറഞ്ഞു തന്നു. ടെലിസൂം ലെൻസുപയോഗിച്ച് ഈ കഴുകന്മാരുടെ കുറെ ഫോട്ടോകൾ എടുത്തതിന് ശേഷം ഞങ്ങൾ നടന്നു നീങ്ങി. ഏതാണ്ട് മുന്നൂറ് മീറ്ററപ്പുറം ITBP യുടെ രണ്ടാമത്തെ ചെക്ക് പോസ്റ്റ് ഉണ്ടായിരുന്നു. അവിടെയും പാസ്പോർട്ടുകളും പാസുകളും പരിശോധനയ്ക്ക് വിധേയമാക്കി. ഗർഭിയാങ്ങ് ഗ്രാമത്തിന് ശേഷം ഈ ഭൂപ്രദേശത്തിന്റെ ഘടനത്തന്നെ വളരെയധികം മാറിപ്പോവുന്നുണ്ട്. നിറഞ്ഞു നിന്നിരുന്ന പച്ചപ്പ്, മൊട്ടക്കുന്നുകൾക്ക് വഴിമാറി. ഞങ്ങൾ സഞ്ചരിക്കുന്ന പാത ഒരിക്കൽക്കൂടി കാളിനദിക്ക് സമാന്തരമായി മാറി. സീത്തിയിൽ താല്ക്കാലികമായി ഹോട്ടൽ പോലെ
മാറ്റിയെടുത്ത ഒരു വീട്ടിലാണ് ഞങ്ങൾക്ക് ഉച്ചഭക്ഷണം തയ്യാർ ചെയ്തിരുന്നത്. ഭക്ഷണം കഴിച്ച് അൽപ്പം വിശ്രമിച്ച് വീണ്ടും ഞങ്ങൾ യാത്ര തുടർന്നു. മഴച്ചാറൽ ഇടയ്ക്കിടയ്ക്ക് വന്നും പോയുമിരുന്നു. എങ്കിലും റെയിൻകോട്ട് ധരിക്കേണ്ട എന്നായിരുന്നു തീരുമാനം. നല്ല മഴയില്ലാതെ റെയിൻകോട്ട് ധരിക്കുകയാണെങ്കിൽ റെയിൻകോട്ടിനകത്ത് ശരീരം വിയർക്കാൻ ആരംഭിക്കും. റെയിൻകോട്ട് മാറ്റിയശേഷം വിയർപ്പിന്റെ ഈർപ്പം കാരണം ശരീരം കൂടുതൽ തണുക്കാൻ ആരംഭിക്കുകയും ചെയ്യും.  

ഇവിടെ നിന്ന് ഏതാണ്ട് നൂറ് മീറ്റർ പിന്നിട്ടപ്പോൾ വാഹന ഗതാഗതയോഗ്യമായ വീതികൂടിയ മൺ പാതയിലേക്ക് ഞങ്ങൾ പെട്ടെന്ന് പ്രവേശിച്ചു. പലയിടത്തും ടയറുകളുടെ പാടുകൾ കാണാനുണ്ടായിരുന്നെങ്കിലും വാഹനങ്ങളൊന്നും കാണാൻ സാധിച്ചില്ല. ചിലയിടങ്ങളിൽ അടുത്തിടെ നടന്ന വഴി വീതികൂട്ടൽ ശ്രമങ്ങളുടെ അവശേഷിപ്പുകളും കണ്ടു. ഗുഞ്ചി വരെ വരും കാലത്ത് യാത്രക്കാരെ വാഹനത്തിൽ കൊണ്ടുവരാൻ വേണ്ടിയുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് രാഹുൽ അറിയിച്ചു. ശാരീരികമായി അവശതയുള്ള ഒരുപാട് പേർക്ക് കൈലാസയാത്ര ചെയ്യാനുള്ള ഒരു അവസരമായി ഇത് മാറുമെങ്കിലും മനസ്സിനുള്ളിൽ എവിടെയോ എനിക്ക് അല്പം വിഷമം തോന്നി. നടന്നുകൊണ്ട് വരുമ്പോൾ നമ്മൾ അനുഭവിക്കുന്ന തീർത്ഥയാത്രയും വാഹനത്തിൽ വരുമ്പോൾ അനുഭവിക്കുന്ന തീർത്ഥയാത്രയും തമ്മിൽ വളരെയധികം വ്യത്യാസമുണ്ട്. ഒരുകാലത്ത് നാരായൺ ആശ്രമത്തിലേക്ക് എത്തിച്ചേരാൻത്തന്നെ കൈലാസ യാത്രക്കാർക്ക് രണ്ടാഴ്ചയോളം നടക്കേണ്ടതായിട്ടുണ്ടായിരുന്നു, ഇന്ന് ഞങ്ങൾ യാത്ര ആരംഭിക്കുന്നത് തന്നെ അവിടെനിന്നാണ്. ഭാവിയിൽ ഒട്ടും നടക്കാനില്ലാത്ത ഒരു അവസ്ഥയിലേക്ക് ഈ യാത്രയും  മാറിക്കൂടായെന്നില്ല.

യാത്ര ഒരു മണിക്കൂർ കൂടി പിന്നിട്ടപ്പോൾ ദൂരെ നദിയുടെ മറുകരയിൽ ഗുഞ്ചി ക്യാമ്പ് കാണാൻ സാധിച്ചു. കാളിയുടെ പോഷകനദിയായ ഈ കൈവഴിയെ മറികടക്കാനായി ഒരു ചെറിയ പാലവും അവിടെ ഉണ്ടാക്കിയിട്ടുണ്ട്. മുൻപേ പറഞ്ഞതുപോലെ മലമുകളിലെ കാഴ്ചകൾ ചിലപ്പോൾ വഞ്ചിക്കുന്നവയാവാം. തൊട്ടുമുന്നിൽ എന്ന കണക്ക് ഗുഞ്ചി ക്യാമ്പ് കാണാൻ സാധിച്ചിരുന്നുവെങ്കിലും അവിടേക്ക് നടന്നെത്താൻ പിന്നെയും ഒരു നാല്പത്തഞ്ച് നിമിഷം കൂടി എടുത്തു. നദിക്ക് കുറുകെയുള്ള ഇടുങ്ങിയ ഇരുമ്പുപാലം മുറിച്ച് കടന്ന്, നദിയുടെ ഒഴുക്കിന് എതിരായ ദിശയിൽ നദിക്കരയിൽ കൂടി അല്പം നടന്നതിന് ശേഷമാണ് ക്യാമ്പിലേക്ക് കയറാനുള്ള മാർഗത്തിലേക്ക് എത്തിച്ചേരാൻ സാധിച്ചത്. ഏകദേശം മൂന്നരയോട് കൂടി ഞങ്ങൾ ഗുഞ്ചി ക്യാമ്പിൽ എത്തി. ഗുഞ്ചി ക്യാമ്പും ഇഗ്ലു ടെന്റുകളുടേയും പരമ്പരാഗതമായ കരിങ്കൽ കെട്ടിടങ്ങളുടെയും ഒരു സമന്വയമാണ്. ഈ ക്യാമ്പ് സ്ഥിതി ചെയ്യുന്നത് ITBP യുടെ ഗുഞ്ചി ക്യാമ്പിനോട് തൊട്ടടുത്താണ്. വളരെ വിശാലമായി പരന്ന് കിടക്കുന്നതാണ് ഗുഞ്ചിയിലെ ITBP യുടെ ക്യാമ്പ്. ഞങ്ങളുടെ രണ്ടാമത്തെ വൈദ്യ പരിശോധന സംഭവിക്കാൻ പോകുന്നത് ഈ ക്യാമ്പിലാണ്. പതിനായിരം അടിക്ക് മുകളിൽ എത്തി കഴിഞ്ഞു എന്നതിനാൽ നമ്മുടെ ശരീരം സാധാരണയിൽ നിന്ന് വ്യത്യസ്തമായ രീതിയിലാണ് ഇപ്പോൾ പ്രതികരിക്കുന്നുണ്ടാവുക. അതിനാലിവിടെ പ്രധാനമായും രക്തസമ്മർദ്ദവും രക്തത്തിലെ ഓക്സിജന്റെ അളവുമാണ് പരിശോധിക്കപ്പെടുക. ഇവിടെ വെച്ച് രക്തസമ്മർദ്ദത്തിലോ ഓക്സിജനിലോ എന്തെങ്കിലും വ്യതിയാനങ്ങൾ കണ്ടെത്തുകയാണെങ്കിൽ പിന്നെ ആ യാത്രക്കാരനെ തുടർന്നുള്ള യാത്ര ചെയ്യാൻ അനുവദിക്കുന്ന പതിവില്ല. യാത്ര കഴിഞ്ഞു വരുന്ന ഏതെങ്കിലും ബാച്ചിനോടൊപ്പം തിരിച്ചയക്കുകയാണ് പതിവ്.

എന്നും പതിവുള്ള പോലെ ഗുഞ്ചിയിൽ വന്നപ്പോഴും ഞാൻ തണുത്ത വെള്ളത്തിൽ തന്നെ കുളിച്ചു. വസ്ത്രം മാറിക്കൊണ്ട് നിൽക്കുമ്പോൾ പുറമേ നിന്നും ആരൊക്കെയോ ബഹളം വയ്ക്കുന്നത് കേട്ട് അന്വേഷിക്കാനായി ചെന്നപ്പോൾ അതിമനോഹരവും വ്യക്തവുമായി, കൃത്യമായ രൂപത്തിലുള്ള ഒരു മഴവില്ല് ഇഗ്ലു ടെന്റുകളുടെ മുകളിലായി വിരിഞ്ഞു നിൽക്കുന്നത് കാണാൻ സാധിച്ചു. ഞങ്ങൾ ചിത്രങ്ങളെടുക്കുകയും മലമുകളിൽ കാണുന്ന ഇത്തരത്തിലുള്ള ചില ദൃശ്യസൗകുമാര്യങ്ങളെപ്പറ്റി ദീർഘനേരം ചർച്ചകളിൽ ഏർപ്പെടുകയും ചെയ്തു. പിറ്റേന്ന് രാവിലെ എട്ടുമണിക്ക് വൈദ്യ പരിശോധനകൾ ഉള്ളതിനാൽ നേരത്തെ തന്നെ ഭക്ഷണം കഴിച്ച് കിടക്കാൻ വേണ്ട തയ്യാറെടുപ്പുകൾ എല്ലാവരും ആരംഭിച്ചു. ടിഗ്രിയിൽ നിന്ന് മാറ്റി വെച്ച വൈദ്യപരിശോധനകളെ കുറിച്ചുള്ള എല്ലാ ആശങ്കകളും ആ രാത്രി എന്നിലേക്ക് മടങ്ങി വരുന്നതായി അനുഭവപ്പെട്ടു. കാൽമുട്ടിലെ വേദനയ്ക്കായി പതിവ് മസാജ് ചെയ്തുകൊണ്ടിരിക്കുമ്പോൾ ജഗേഷ് ഭായി പറഞ്ഞ വാക്കുകൾ മനസ്സിലേക്ക് വന്നു “ആരും പരാജയപ്പെടില്ല, ഒട്ടും പേടിക്കേണ്ട. ഇത്രയും എത്തിയതിനുശേഷം ബോലേ നിങ്ങളെ എന്തായാലും മടക്കി അയക്കില്ല, സമാധാനമായി  ഓം നമ: ശിവായ ജപിച്ച് കിടന്നോളൂ.”

Budhi to Chilekh surroundings
Budhi to Chilekh surroundings
« of 12 »
Share: