Manasarovar Kailasam

“അനന്തരം മഹാദേവൻ സ്വന്തം വാസസ്ഥലമായ കൈലാസത്തിലേക്ക് മടങ്ങിപ്പോയി, ശിഷ്ടകാലം സന്തോഷത്തോടു കൂടി വസിച്ചു” വളരെ നാടകീയമായി തന്നെ  അമ്മ കഥ  പറഞ്ഞവസാനിപ്പിച്ചു. ശിവൻ താമസിക്കുന്ന കൊട്ടാരമായിരിക്കും കൈലാസമെന്നു കരുതി കൈലാസത്തിന്റെ ഭംഗിയെ കുറിച്ചുള്ള ചിന്തകളിൽ മുഴുകി,  കഴിച്ചുകൊണ്ടിരുന്ന ഭക്ഷണം ഇറക്കാൻ പോലും മറന്നു ഞാൻ അന്തം വിട്ടിരുന്നു പോയി.  

ഭക്ഷണം കഴിപ്പിക്കാൻ വേണ്ടി അമ്മ പറഞ്ഞുതന്നിരുന്ന കഥകളാൽ സമൃദ്ധമായിരുന്നു ഞങ്ങളുടെ കുട്ടിക്കാലം. ഹിന്ദു പുരാണകഥകൾ അവതരിപ്പിക്കുന്നതിൽ അമ്മയ്ക്ക് ഒരു സവിശേഷ സിദ്ധിയുണ്ടായിരുന്നു. ആഖ്യാനത്തിന്റെ ഈ മാസ്മരികത മൂലം കഥകൾക്കുള്ളിൽ അകപ്പെട്ടുപോയ കഥാപാത്രങ്ങളായി മാറുന്നതായി ഞങ്ങൾ കുട്ടികൾക്ക് പലപ്പോഴും അനുഭവപ്പെട്ടിരുന്നു. അമ്മയെ സംബന്ധിച്ചിടത്തോളം ഞങ്ങൾ രണ്ടാളെയും ഭക്ഷണം കഴിപ്പിക്കാനുള്ള ഏറ്റവും എളുപ്പവഴിയായിരുന്നു ഈ കഥപറച്ചിൽ. പറയുന്ന കഥ രസകരമാണെങ്കിൽ എന്താണ് തരുന്നതെന്നോ എത്രയാണ് കഴിക്കുന്നതെന്നോ ഞങ്ങൾ ഒരിക്കലും ശ്രദ്ധിച്ചിരുന്നതേയില്ല. ഈ കഥകളിൽ കൂടി തന്നെയാണ് രാമായണത്തിലേയും മഹാഭാരതത്തിലെയും കഥാപാത്രങ്ങളെ ഞങ്ങൾ ആദ്യമായി പരിചയപ്പെടുന്നതും.

ഇന്ത്യയുടെ തെക്കേ അറ്റത്ത് കിടക്കുന്ന കേരളത്തിൽ, തൃശൂരാണ് ഞങ്ങളുടെ ദേശം. തൊട്ടടുത്തുള്ള ഗുരുവായൂർ ആയിരുന്നു അക്കാലത്തും കേരളത്തിന് പുറത്ത് പോലും വളരെയധികം പ്രസിദ്ധിയുള്ളതായ ക്ഷേത്രം. സ്വാഭാവികമായും ഗുരുവായൂരപ്പൻ ഞങ്ങളുടെ ദൈനംദിന ജീവിതത്തിലും സംഭാഷണങ്ങളിലും ധാരാളമായി കടന്നു വന്നിരുന്നു. ഈ സ്വാധീനം ഞങ്ങളോട് അമ്മ പറഞ്ഞിരുന്ന കഥകളിലും പ്രകടമായിരുന്നു; ഞങ്ങൾ കൂടുതലും കേട്ടത് കൃഷ്ണന്റെ കഥകൾ തന്നെ. കൈലാസത്തെപ്പറ്റി ആദ്യമായി കേൾക്കുന്ന കാലമാകുമ്പോഴേയ്ക്കും കടലിൽ കെട്ടിപ്പൊക്കിയിരിക്കുന്ന ശ്രീകൃഷ്ണന്റെ രാജധാനിയായ ദ്വാരകയെ കുറിച്ചുള്ള ഏകദേശ  അറിവ് ഞങ്ങൾക്കുണ്ടായിട്ടുണ്ടായിരുന്നു. ദൂരദർശൻ പുരാണകഥകളെ സീരിയൽ രൂപത്തിൽ അവതരിപ്പിക്കുന്നതിനും മുൻപുള്ള എൺപതുകളുടെ തുടക്കകാലമായിരുന്നു അതെങ്കിലും, അമ്മയുടെ ആംഗ്യവിക്ഷേപങ്ങളോടെയുള്ള കഥപറച്ചിലിന്റെ പൂർണ്ണതകാരണം സ്വർണ്ണ തൂണുകളും, ചിത്രാലങ്കിത പരവതാനികളുമുള്ള ദ്വാരകയെന്ന കൊട്ടാരത്തിന്റെ കൃത്യമായ ഒരു ചിത്രം മനസ്സിൽ കോറിയിടാൻ അക്കാലത്ത് പോലും ഞങ്ങൾക്കായിരുന്നു.

കൈലാസത്തെപ്പറ്റി ആദ്യമായി കേട്ട ദിവസം ദ്വാരകയെക്കുറിച്ച് ഉണ്ടാക്കി വെച്ചിരിക്കുന്ന ഈ ധാരണകൾ തന്നെയാണ് കൈലാസവും ഒരു കൊട്ടാരമാണ് എന്നുള്ള തോന്നൽ മനസ്സിലുളവാകാനുള്ള കാരണം. നിർഭാഗ്യവശാൽ അന്നത്തെ കഥാഖ്യാനം കൈലാസത്തെ കുറിച്ചുള്ള ആ കേവല പരാമർശത്തിൽ അമ്മ തീർത്തിരുന്നു. കഴിക്കാനുള്ള ഭക്ഷണം തീരുന്നതും, കഥയുടെ അവസാന ഭാഗം പറയുന്നതും ഒരേ സമയത്ത് തന്നെയാക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്ന അമ്മ അന്നും കൈലാസത്തെ പറ്റി പറഞ്ഞു അവസാനത്തെ ഉരുള എന്റെ വായിൽ പകർന്നിട്ടാണ് കഥ നിറുത്തിയത്. ഉരുള ചവച്ചിറക്കി സംശയം ചോദിക്കാറാവുമ്പോഴേയ്ക്കും അമ്മ അടുക്കളയിലേയ്ക്ക് തിരിച്ചുപോയി മറ്റു പണികളിൽ മുഴുകിക്കഴിഞ്ഞിരുന്നു. പിന്നെ അടുത്തതവണ അമ്മ കൈലാസത്തെ പറ്റി പരാമർശിച്ച് അതിനെക്കുറിച്ചുള്ള സംശയങ്ങൾ തീർത്തു തരും വരെ എന്റെ മനസ്സിൽ കൈലാസം ഒരു കൊട്ടാരമായി തന്നെ നിലനിന്നു. യാഥാർത്ഥ്യത്തിൽ കൈലാസം വർഷം മുഴുവൻ ഹിമമണിഞ്ഞു കിടക്കുന്ന ഒരു പർവ്വതമാണെന്നും ആ പർവ്വതത്തിലാണ് ഭഗവാൻ ശിവൻ സകുടുംബം താമസിക്കുന്നത് എന്നുമറിഞ്ഞപ്പോൾ മുതൽ ഒരു അഞ്ചു വയസ്സുകാരന്റെ മനസ്സിനെ അലട്ടുന്ന മറ്റൊരു ചോദ്യം ഉദയം ചെയ്തു. ഞാൻ കണ്ട ചിത്രങ്ങളിൽ എല്ലാം ശിവൻ  അല്പവസ്ത്രധാരിയാണ്, അങ്ങിനെയുള്ള ഒരാൾക്ക് ഈ മഞ്ഞുമലയുടെ മുകളിൽ തണുപ്പ് തോന്നിയേക്കില്ലേ എന്നതായിരുന്നു ആ ചോദ്യം. ദേവരൂപങ്ങളുടെ ശക്തിയിൽ സംശയം തോന്നുന്നത് ഒരപരാധമായി തോന്നിയിരുന്നതിനാൽ സ്വർഗ്ഗത്തിൽ തണുപ്പും ചൂടും ഉണ്ടാകില്ല എന്നുള്ള ന്യായീകരണത്തിൽ ആശ്വാസം കണ്ടെത്തുമായിരുന്നു അക്കാലങ്ങളിൽ എന്റെ മനസ്സ്. അതേ, ഏകദേശം പത്ത് വർഷം കൈലാസ പർവ്വതവും ഇന്ദ്രസദസ്സു പോലെ, പാരിജാതം പോലെ സ്വർഗ്ഗത്തിലാണെന്നായിരുന്നു എന്റെ ധാരണ. 

അമർചിത്രകഥകൾ ആയിരുന്നു പുരാണകഥകൾ പരിചയപ്പെടാനുള്ള അക്കാലത്തെ പ്രധാന മാദ്ധ്യമം. പ്രായം വർദ്ധിക്കുന്നതിനനുസരിച്ച് അമർചിത്രകഥകളുടെ സഹായത്താൽ പുരാണങ്ങളിലും ഹിന്ദു ദേവതാ-ദേവന്മാരിലുമുള്ള അറിവും വർദ്ധിച്ചു വന്നു. അമർചിത്രകഥകളിൽ നിന്ന് കഥകൾ മാത്രമല്ല, ആ കഥകൾ പറയാൻ വേണ്ടി മനോഹരമായി വരച്ചെടുത്തിരിക്കുന്ന  പുരാണകഥാപാത്രങ്ങളും കഥാരംഗങ്ങളും കൂടിയാണ് മനസ്സിൽ പതിഞ്ഞത്.  ഇങ്ങിനെ മനസ്സിൽ പതിഞ്ഞ രൂപങ്ങൾ കാരണം ചുറ്റും കാണുന്ന ആളുകളിൽ ആ കഥാപാത്രങ്ങളുടെ രൂപസാദൃശ്യം തോന്നുന്ന ആളുകളെ തിരയുന്നത് ഞാൻ പതിവാക്കി തീർത്തു. സ്‌കൂളിലേക്കുള്ള യാത്രയിൽ ഇത്തരത്തിൽ വഴിയിൽ ആരെയെങ്കിലും കണ്ടാൽ ഞാൻ ഉടനടി ഇദ്ധേഹം ശിവനാണെന്നും അപ്പുറത്തേത് കൃഷ്ണനാണെന്നും, അവർ ആരെയോ പരീക്ഷിക്കാനായി വന്നതാണെന്നുമൊക്കെ ചിന്തിച്ച് കാടുകയറാൻ തുടങ്ങും. അമർചിത്രകഥകളിൽ ഇങ്ങിനെ വേഷം മാറിവരുന്ന ഈശ്വരന്മാർ അവരുടെ ഭക്തരെ പരീക്ഷിക്കും, അവർ പരീക്ഷയിൽ വിജയിച്ചാൽ അനുഗ്രഹിക്കും മറിച്ച് പരാജയപ്പെട്ടാൽ അവരെ ശപിക്കും. അക്കാലത്ത് ഭിക്ഷയെടുക്കുന്ന ധാരാളം കാഷായവസ്ത്രക്കാർ വീടുകളിൽ വരാറുണ്ട്. ഇവരെല്ലാം ഇങ്ങിനെ വേഷം മാറി ഞങ്ങളെ പരീക്ഷിക്കാൻ വരുന്ന ഈശ്വരന്മാരായി തോന്നാറുള്ള കാരണം ഒരാളെപ്പോലും ഭിക്ഷ നൽകാതെ മടക്കാൻ എനിക്ക് ഭയമായിരുന്നു. 

അമർചിത്രകഥകളുടെ സ്വാധീനം കൈലാസപർവ്വതത്തിന്റെ പോലും ഭാവനാപൂർണമായ ഒരു രൂപം മനസ്സിൽ വരച്ചു ചേർത്തെങ്കിലും കൈലാസം ഭൂമിയിലുള്ള ഒരു പർവ്വതമാണെന്നും അവിടേയ്ക്ക് ശരീരത്തോട് കൂടിയൊരു യാത്ര സാധ്യമാണെന്നും അറിയുന്നത് പിന്നെയും വൈകിയാണ്. അമർചിത്രകഥകളുടെ കാലഘട്ടം കടന്നു വായന പിന്നീട് മലയാളത്തിലെ മറ്റു സാഹിത്യ ശാഖകളിലേയ്ക്ക് മാറുകയും പിന്നീട് താമസം മുംബൈയിലേക്ക് മാറിയപ്പോൾ വായനയുടെ ഭാഷ തന്നെയും മാറുകയുമുണ്ടായി. ഈ മാറ്റം ലോക സാഹിത്യത്തിന്റെ വ്യത്യസ്‍തമായ ഒരു ജാലകമാണ് മുന്നിൽ തുറന്നു വെച്ചത്. അങ്ങിനെയുള്ള വായനാലോകത്തിനിടയ്ക്ക് വളരെ യാദൃശ്ചികമായാണ് എം കെ രാമചന്ദ്രൻ എഴുതിയ “ഉത്തരാഖണ്ഡിലൂടെ – കൈലാസ മാനസരോവർ യാത്ര” എന്ന മലയാളം പുസ്തകത്തിലൂടെ  കൈലാസം 2014 ൽ എന്നിലേയ്ക്ക് തിരിച്ചെത്തുന്നത്. ഇത്തവണ കൈലാസത്തെക്കുറിച്ചും അവിടെ എങ്ങിനെ എത്തിപ്പെടാം എന്നതിനെ കുറിച്ചും കൃത്യമായ ധാരണയുണ്ടാക്കാൻ ആ പുസ്തകത്തിനു കഴിഞ്ഞു. ഓരോ തവണ വായിക്കുമ്പോഴും കൈലാസത്തെ നേരിൽ കാണുന്ന അനുഭൂതി ഉളവാക്കിയിരുന്ന ആ പുസ്തകം ഞാൻ എത്ര ആവർത്തി വായിച്ചു എന്നെനിക്കു പോലും ഓർമ്മയില്ല. ഓരോ വായനയിലും കൈലാസ മാനസരോവർ യാത്ര ചെയ്യണം എന്നു ഞാൻ തീർച്ചപ്പെടുത്തും, എങ്കിലും മൂന്നോ നാലോ ദിവസത്തിനു ശേഷം ആ കാര്യം തന്നെ മറന്നു പോകുകയും ചെയ്യും. മാത്രവുമല്ല ചിന്തിക്കുന്നതിനപ്പുറം യാത്രയ്ക്ക് വേണ്ട തയ്യാറെടുപ്പുകൾ ഒന്നും ശരിയായ തലത്തിൽ ചെയ്തിരുന്നതുമില്ല. എന്നിരിക്കലും, കൈലാസയാത്ര എന്നുള്ള മോഹം മനസ്സിനുള്ളിൽ ചാരം മൂടിക്കിടക്കുന്ന കനൽ പോലെ അണയാതിരുന്നിരുന്നു.  ചില പുസ്തകങ്ങൾ വായിക്കുമ്പോൾ ഈ ആഗ്രഹം തീക്ഷ്ണതയോടെ  ആളിക്കത്താൻ തുടങ്ങും, പക്ഷേ ജീവസന്ധാരണത്തിനായുള്ള ജോലിഭാരം ഈ തീയുടെ മുകളിൽ വീണ്ടും ചാരം മൂടിക്കും.  

2015 ജനുവരിയിൽ കേരളത്തിലേയ്ക്ക് നടത്തിയ അവധിക്കാല യാത്രയിലാണ് ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ എടുക്കാൻ ഞാൻ  അയ്യന്തോളിലുള്ള അയ്യപ്പേട്ടന്റെ സ്റ്റുഡിയോയിലേക്ക് ചെല്ലുന്നത്. അന്നത്തെ സംസാരത്തിനിടയ്ക്ക് അയ്യപ്പേട്ടൻ 2014 ൽ നടത്തിയ കൈലാസയാത്രയെ കുറിച്ച് എന്നോട് വിശദമായി പറയുകയുണ്ടായി. അദ്ധേഹത്തിന്റെ ഈ വിവരണത്തിൽ ഞാൻ ശരിക്കും അത്ഭുതപരതന്ത്രനായിപ്പോയി. ഇത്രയും സാഹസികവും ദുഷ്‌കരവുമായ ഒരു യാത്ര നടത്താൻ തയ്യാറും അനുഗ്രഹവുമുള്ള  ഒരു ഭക്തൻ അയ്യപ്പേട്ടന്റെ ഉള്ളിലുള്ള കാര്യം എനിക്കന്നുവരെ ഊഹിക്കാൻ പോലുമായിട്ടില്ലായിരുന്നു. ഈ തീർത്ഥയാത്രയുടെ അർത്ഥതലങ്ങൾ ആദ്യമേ അറിയാമായിരുന്നതിനാൽ ഞാൻ ഉടനെ തന്നെ അയ്യപ്പേട്ടനെ സാഷ്ടാംഗം നമസ്കരിച്ചു. കൈലാസ പരിക്രമം പൂർത്തിയാക്കുന്നവരുടെ പാദനമസ്കാരം കൈലാസയാത്രയുടെ  തുല്യ അളവിലുള്ള പുണ്യം നമസ്കാരം ചെയ്യുന്ന ആളിലേയ്ക്കും പകർന്നു നൽകും എന്നാണ് വിശ്വാസം. എന്റെ മനസ്സിലുള്ള കൈലാസ യാത്രയുടെ ആഗ്രഹം അറിഞ്ഞപ്പോൾ  അയ്യപ്പേട്ടൻ അകമഴിഞ്ഞെന്നെ പ്രോത്സാഹിപ്പിച്ചു, ഇക്കൊല്ലം യാത്രക്കായി എപ്പോൾ അപേക്ഷ സമർപ്പിക്കണം എന്നുള്ള കാര്യം അദ്ധേഹം പ്രത്യേകം ഓർമ്മിപ്പിക്കുകയും ചെയ്തു. എന്തായാലും യാത്രയ്ക്കായി  ഇത്തവണ അപേക്ഷിക്കും എന്ന് അയ്യപ്പേട്ടന് ഉറപ്പു കൊടുത്തിട്ടാണ് ഞാൻ മുംബൈയിലേക്ക് മടങ്ങിയത്. 

മുംബൈയിൽ തിരിച്ചെത്തിയ ഞാൻ പതിവുപോലെ ജോലിത്തിരക്കിൽ പെട്ട് യാത്രയ്ക്കായി അപേക്ഷിക്കേണ്ട കാര്യം മറന്നു പോയി. അക്കൊല്ലം അപേക്ഷിക്കേണ്ട സമയം കഴിയാറായത് പോലും ഞാൻ ശ്രദ്ധിച്ചിരുന്നില്ല. അങ്ങിനെയിരിക്കെ കൈലാസ മാനസരോവർ യാത്ര നേപ്പാൾ വഴി സംഘടിപ്പിക്കുന്ന ഒരു സ്വകാര്യ ട്രാവൽ ഏജൻസിയുടെ ന്യുസ് ലെറ്റർ ഏപ്രിൽ ആറിന് രാവിലെ  ഇമെയിൽ വഴി വന്നു. ആ ന്യൂസ് ലെറ്റർ കണ്ടപ്പോൾ  ബോധമണ്ഡലത്തിൽ ഒരു അഗ്‌നിസ്ഫുലിംഗം പോയതുപ്പോലെ  അയ്യപ്പേട്ടന് നൽകിയ വാഗ്ദ്വാനം എനിക്കോർമ്മ വന്നു. ഉടനടി തന്നെ കുമയൂൺ മണ്ഡൽ വികാസ് നിഗം ലിമിറ്റഡിന്റെ വെബ് സൈറ്റിൽ കയറി നോക്കി. ഭാഗ്യവശാൽ ആ വർഷത്തെ അപേക്ഷിക്കാനുള്ള അവസരം ഏപ്രിൽ 10 വരെയുണ്ടായിരുന്നു. ഇനിയും നാല് ദിവസം ഉണ്ട് എന്നുള്ള അലസത നിറഞ്ഞ ചിന്തയാണ് മനസ്സിൽ ആദ്യം വന്നതെങ്കിലും ഇനിയും മാറ്റിവെച്ചാൽ അത് നടന്നില്ലെങ്കിലോ എന്നുള്ള  ഒരുൾവിളിയിൽ അടുത്ത ഇരുപത് മിനിറ്റിനുള്ളിൽ തന്നെ വെബ്‌സൈറ്റ് വഴി യാത്രയ്ക്കുള്ള അപേക്ഷ സമർപ്പിച്ചു. പിന്നീടുള്ള ദിവസങ്ങൾ യുഗങ്ങൾ നീളുന്ന ഒരു കാത്തിരിപ്പായാണ് എനിക്ക് അനുഭവപ്പെട്ടത്. ഈ വർഷവും യാത്ര നടക്കാതെ പോകുമോ എന്നുള്ള വ്യാകുലതകളും ചിലപ്പോഴൊക്കെ മനസ്സിൽ നിറയാനും തുടങ്ങി. ഒടുവിൽ ഏപ്രിൽ 22 നു കുമയൂൺ മണ്ഡൽ വികാസ് നിഗം ലിമിറ്റഡിൽ (KMVN) നിന്നും ഈ വർഷത്തെ രണ്ടാമത്തെ ബാച്ചിൽ എന്നെ യാത്രയ്ക്ക് തെരഞ്ഞെടുത്തിരിക്കുന്നതായുള്ള സന്ദേശം സഹർഷം എത്തിച്ചേർന്നു. അപേക്ഷിച്ചിരുന്ന പോലെ തന്നെ പാരമ്പരാഗത പാതയായ ലിപുലേഖ് പാസ് വഴിയാണ് എനിക്ക് യാത്രയ്ക്ക് അനുമതി ലഭിച്ചിരിക്കുന്നത്. ശ്രീ ആദിശങ്കരൻ ഉൾപ്പെടെ അനേകം ഋഷി-മുനിമാർ യാത്ര ചെയ്തിട്ടുള്ള പരമ്പരാഗത പാതയായ ലിപുലേഖിൽ കൂടിയുള്ള യാത്ര വളരെ അധികം മലകയറ്റമുള്ളതും 27 ദിവസം നീണ്ടു നിൽക്കുന്നതുമായിരുന്നു. ഈ കഠിനയാത്രയെ കുറിച്ചുള്ള ആശങ്കകൾക്കപ്പുറത്തും മനസ്സു പക്ഷേ സ്വപ്ന സാക്ഷാൽക്കാരത്തിനായി ആവേശത്താൽ തുടികൊട്ടുന്നുണ്ടായിരുന്നു. ചിത്രങ്ങൾക്കും വാക്കുകൾക്കും അപ്പുറത്താണ് കൈലാസമെന്ന സത്യമെങ്കിലും എല്ലാ ദിവസത്തെയും വിശദമായ വിവരണം കൊണ്ട് ഈ യാത്രയുടെ അനുഭവങ്ങൾ എന്റെ സുഹൃത്തുക്കൾക്ക് പരമാവധി പകർന്നു തരാൻ ശ്രമിക്കും എന്ന് ഞാൻ ഉറപ്പു തരുന്നു. 

സ്വാർത്ഥകമായ ഒരു കൈലാസ യാത്രയ്ക്ക് ശേഷം ഈ കുറിപ്പുകൾ എഴുതാൻ ഇരിക്കുമ്പോഴും ആദ്യമായി ശിവന്റെയും  കൈലാസത്തിന്റേയും വിവരണം കേട്ട് കൈലാസത്തെ ഒരു കൊട്ടാരമായി കരുതിയ അഞ്ചു വയസ്സുകാരന്റെ മനസ്സിലെ തോന്നലുകൾ  പിന്തുടരാൻ തന്നെയാണ് എനിക്കിപ്പോഴും ഇഷ്ടം.

സ്വർണ്ണത്താൽ തീർത്ത തൂണുകളോ, ഞാന്നുകിടക്കുന്ന മനോഹരമായ തിരശീലകളോ നിങ്ങൾക്കിവിടെ കാണാനായേക്കില്ല എങ്കിലും കൈലാസമൊരു കൊട്ടാരം  തന്നെയാണ്. കരിമ്പാറക്കല്ലുകളാൽ തീർത്ത്, തൂവെള്ള മഞ്ഞിനാൽ പുതപ്പിട്ട്, പരമേശ്വരന്റെ പാദസ്പർശങ്ങളാൽ അലങ്കരിക്കപ്പെട്ട്, ദേവീ പാർവ്വതിയുടെ മേനിയിൽ നിന്ന്  പൊഴിയുന്ന പരിമളം  പരന്നൊഴുകുന്ന, ഗണേശനും  കാർത്തികേയനും കളിചിരിയിൽ മുഴുകി ഓടിനടക്കുന്ന, അതിശക്തനായ നന്തിയും  ശിവഭൂതഗണങ്ങളും കാവൽ നിൽക്കുന്ന, മഹാദേവന്റെ സ്വന്തം കൊട്ടാരം. 

തുടരും

Share: