Aadi Kailash Yatra

വെറും ഒൻപത് കിലോമീറ്റർ മാത്രം നടക്കാനുള്ള  ദിവസമായിരുന്നതിനാൽ വളരെ സാവധാനത്തിൽ യാതൊരുവിധ തിടുക്കങ്ങളുമില്ലാതെ  തയ്യാറാവാൻ സാധിച്ച പ്രഭാതമാണ് കുട്ടിയിലെ രണ്ടാമത്തെ ദിവസത്തിന്റേത്. ജോളികോങ്ങിലെ തണുപ്പ് അനുഭവിച്ച് കഴിഞ്ഞതിനാൽ കുട്ടിയിലെ തണുപ്പ് അല്പം കുറഞ്ഞതുപോലെ അനുഭവപ്പെട്ടു. രണ്ട് രാത്രികൾ മാത്രമേ അവിടെ ഉറങ്ങിയുള്ളൂവെങ്കിലും വല്ലാത്തൊരു ആത്മബന്ധം ഈ ഗ്രാമത്തിനോടും ഇവിടത്തെ സുമനസ്സുക്കളായ  നാട്ടുകാരോടും തോന്നാൻ തുടങ്ങിയിരുന്നു. ലോകത്തിന്റെ ഒഴിഞ്ഞ ഒരു കോണിൽ എന്നവണ്ണം നിഗൂഢതയിലാണ്ട് നിൽക്കുന്ന ഒരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിൽ താമസിക്കാനാകുന്ന ആറുമാസക്കാലം കൃഷികളിൽ മുഴുകിയും  മറ്റ് ചെറുകിട കച്ചവടങ്ങൾ നടത്തിയും  സമാധാനത്തോടെയും സാഹോദര്യത്തോടെയും കഴിയുന്ന ഒരുപറ്റം നല്ല മനുഷ്യർ. ആധുനിക ലോകത്തിലെ തിരക്കുകളോ ആവലാതികളോ ഓട്ടപ്പാച്ചിലുകളോ ഇവിടെയില്ല. എല്ലാ കാര്യങ്ങൾക്കും വളരെ പതം വന്ന ഒരു താളം. ഓരോ വാക്കുകളിലും, ഓരോ ചലനങ്ങളിലും ഓരോ പുഞ്ചിരിയിലും  പ്രസന്നയുടെ കളിയാട്ടം. ഒരുവേള ഈ ഗ്രാമത്തിൽ ജനിച്ചു വളരാൻ കഴിഞ്ഞവരെ കുറിച്ചോർത്ത് അസൂയ തോന്നിയേക്കാവുന്ന അവസ്ഥ. എന്നാൽ നമുക്ക് സങ്കല്പിക്കാൻ ആവാത്തത്രയും ജീവിത സംഘർഷങ്ങളിൽ കൂടിയാണ് ഇവിടെ ഓരോരുത്തരും കടന്നുപ്പോയിക്കൊണ്ടിരിക്കുന്നത്. ആറുമാസം മഞ്ഞിനടിയിലായിപ്പോകുന്ന സ്വന്തം വീടുകൾ വിട്ട് ഥാർച്ചുലയിലേക്ക് അഭയാർത്ഥികളെപ്പോലെ മാറി താമസിക്കേണ്ടി വരുന്നവരാണ് ഇവർ. ആറ് മാസങ്ങൾക്കു ശേഷം സ്വന്തം സ്ഥലത്തേക്ക് തിരിച്ച് വരുമ്പോൾ എല്ലാമൊന്ന് അടുക്കും ചിട്ടയും വൃത്തിയും ആക്കിയെടുക്കാൻ കഠിനാധ്വാനം തന്നെ ചെയ്യണം. എന്നിട്ട് വേണം കൃഷിയിലേക്ക് പ്രവേശിക്കാൻ. കൃഷിയും കഴിഞ്ഞ് കൊയ്തെടുത്ത ധാന്യങ്ങളും ശേഖരിച്ച വിഭവങ്ങളുമായി  സ്വസ്ഥമായി ഇരിക്കാൻ അവർക്ക് അവസരമില്ല. അപ്പോഴേക്കും ഗ്രാമത്തിന്റെ മേൽ ശുഭ്രവർണ്ണ കരിമ്പടം പുതയ്ക്കാനൊരുങ്ങി  മുകളിൽ നിന്നും പതിയെ മഞ്ഞ് പെയ്തു തുടങ്ങും. താരതമ്യേന നാഗരിക ജീവിതം തരുന്ന  ഥാർച്ചുലയിൽ ധാരാളം പേർ സ്ഥിരതാമസമാക്കിയെങ്കിലും ഇപ്പോഴും കുറെയേറെ പേർ ഈ ഗ്രാമത്തിൽ തങ്ങളുടെ പൈതൃകത്തിനോട് ചേർന്ന് നിൽക്കാനായി ഇവിടെത്തന്നെ തുടരുന്നു. പഞ്ചരത്‌നങ്ങളിൽ ഒരാളായി ഗണിക്കപ്പെടുന്ന സാക്ഷാൽ കുന്തീദേവി മലമുകളിൽ കാവൽ നിൽക്കുന്ന ഈ ഗ്രാമത്തിലൂടെ നടക്കുമ്പോൾ നമ്മൾ ഇതിഹാസത്തെ തൊട്ടുരുമ്മുന്നു. ധർമ്മയുദ്ധത്തിന്റെ ഗാഥകൾ കേട്ടുവളർന്ന മനസ്സിനുള്ളിൽ എവിടെയോ  പുരാണകഥാപാത്രങ്ങളുടെ കാലടിയൊച്ചകൾ അലയടിക്കുന്നു. വാഹനഗതാഗതത്തോടൊപ്പം നാഗരികതയുടെ വേലിയേറ്റം ഉണ്ടാകുമ്പോൾ ഈ പൈതൃക ഗ്രാമം എത്രനാൾ ഇതിന്റെ തനിമയിങ്ങനെ കാത്ത് സൂക്ഷിക്കും എന്ന് പറയാനാകില്ല. ഇനിയൊരു വരവുണ്ടാകുമോ ഇവിടേയ്ക്ക്? വന്നാൽ തന്നെ ഈ ഗ്രാമത്തെ ഇങ്ങനെത്തന്നെ കാണാനാകുമോ എന്നുള്ള ആയിരം ചിന്തകളാൽ മനസ്സ് വിക്ഷുബ്ധമായിരുന്നു. കുട്ടി ഗ്രാമം വിട്ട് നടന്നകലുമ്പോൾ ഇടയ്ക്കിടയ്ക്ക് തിരിഞ്ഞു നോക്കിപ്പോയി. പ്രിയപ്പെട്ട ആരെയൊക്കെയോ എന്നെന്നേക്കുമായി ഉപേക്ഷിച്ചു പോകുന്നത് പോലുള്ള ഒരു വേദന ഉള്ളിലെവിടെയോ അനുഭവപ്പെടുന്നുണ്ടായിരുന്നു. 

മുൻപേ പറഞ്ഞിരുന്ന പോലെ വലിയ കയറ്റങ്ങളും ഇറക്കങ്ങളും ഇല്ലാത്ത പാതകളാണ് കുട്ടിയിൽ നിന്നും നാഭി വരെയുള്ളത്.  മാത്രവുമല്ല ഇതിൽ പകുതിയോളം ഭാഗം ഇതിനോടകം തന്നെ വാഹന ഗതാഗത യോഗ്യമായ റോഡായി മാറുകയും ചെയ്തിട്ടുണ്ട്.  അതിനാൽ തന്നെ ചിരിച്ചും കളിച്ചും, തമാശകൾ പറഞ്ഞും,  പ്രകൃതി ഭംഗി ആവോളം ആസ്വദിച്ചുമാണ് ഞങ്ങൾ മുന്നോട്ട് സഞ്ചരിച്ചു കൊണ്ടിരുന്നത്. നമ്പയിലായിരുന്നു പ്രഭാത ഭക്ഷണം തയ്യാർ ചെയ്തിരുന്നത്. അവിടെ വല്ലാത്തൊരു ലാഘവത്വവും  അനായാസതയും എല്ലാവരുടെയും ചലനങ്ങളിൽ കാണാനായി.  അതിനാൽ തന്നെ സൗഹൃദ സംഭാഷണങ്ങളോടെ ഏറെ രസകരമായിരുന്നു ഇവിടെ ചിലവഴിച്ച സമയം. ഉച്ചയോടടുത്ത്  ഞങ്ങൾ നാഭി ഗ്രാമത്തിന്റെ മുന്നിലെത്തി ഇവിടെ പരമ്പരാഗത വസ്ത്രമണിഞ്ഞ പെൺകുട്ടികൾ ഞങ്ങളെ ആരതി ഉഴിഞ്ഞ്, തിലകം ചാർത്തി അവരുടെ ഗ്രാമത്തിലേക്ക് സ്വാഗതം ചെയ്തു. KMVNനും  നാഭി ഗ്രാമവാസികളും ചേർന്ന് വളരെ വിജയപ്രദമായി ഇവിടെ നടപ്പിലാക്കികൊണ്ടിരിക്കുന്ന ഒന്നാണ് നാഭി ഹോംസ്റ്റേ. നാഭി ഗ്രാമത്തിലെ വീടുകളിൽ തന്നെ ആദികൈലാസ യാത്രക്കാർക്ക് അവർ താമസസൗകര്യം ഒരുക്കുന്നു. തങ്ങളുടെ പരമ്പരാഗത രീതിയിലുള്ള ഭക്ഷണങ്ങൾ കൂടി ഇടകലർത്തി അതിഥികൾക്കായി വിഭവസമൃദ്ധമായ സദ്യ ഒരുക്കുന്നു. ഇതുവഴി ലഭ്യമാകുന്ന വരുമാനം പങ്കെടുക്കുന്ന ഗ്രാമവാസികൾക്കും ഒരു വിഹിതം ഗ്രാമത്തിന്റെ പൊതു വികസനത്തിനും ഉപയോഗപ്പെടുത്തുന്നു. സ്ത്രീകളാണ് ഈ പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കൾ. ഗ്രാമത്തിൽ നിന്ന് പുറത്ത് പോകാതെ അവർക്ക് സ്വന്തമായി സമ്പാദിക്കാനാകുന്നുവെന്ന് മാത്രമല്ല തങ്ങളുടെ പാരമ്പര്യത്തെ നിലനിറുത്താനുള്ള പ്രവർത്തികളിൽ ഏർപ്പെടാനും സാധിക്കുന്നു. 

കുട്ടി ഗ്രാമത്തിലെ പോലെ തന്നെ ഇടയിൽ വിടവുകൾ ഇല്ലാത്ത വിധത്തിൽ സൂക്ഷ്മമായി കല്ലുകൾ അടുക്കി ഉൾഭാഗത്ത് മണ്ണുകൊണ്ട്  ചുവർ തേച്ച് മൂന്ന് നിലകളായി കെട്ടിയുയർത്തിയ ഒരു വീടായിരുന്നു ഞങ്ങൾക്കവിടെ താമസിക്കാനായി അനുവദിച്ചിരുന്നത്. ഈ വീടിന്റെ ജനലുകളും വാതിലുകളും ധാരാളം കൊത്തുപണികളുള്ള കനത്ത മരംകൊണ്ടുണ്ടാക്കി പച്ചനിറം അടിച്ചവയായിരുന്നു. ഇത്തരം വീടുകളുടെ ഏറ്റവും താഴത്തെ നില പൊതുവിൽ വിറക് ഉൾപ്പെടെയുള്ള സാധനങ്ങളും കൃഷി ഉപകരണങ്ങളും സൂക്ഷിക്കാനുള്ളതായിരിക്കും. കടുത്ത തണുപ്പ് ഉണ്ടാകുമ്പോൾ വളർത്തുമൃഗങ്ങൾക്കും ആശ്രയമാണ് ഈ പ്രദേശം. മുകളിലെ രണ്ട് നിലകളിലാണ് താമസത്തിന് വേണ്ട സജ്ജീകരണങ്ങൾ ചെയ്തിരുന്നത്. ഓരോ മുറിയിലും നാലും അഞ്ചും പേർക്ക് താമസിക്കാനുള്ള സൗകര്യങ്ങൾ ഉണ്ടായിരുന്നു. കുട്ടിയിൽ നിന്ന് വ്യത്യസ്തമായി ഇവിടെ അത്യന്താധുനികമായ ശൗചാലയങ്ങളും കുളിമുറികളും ഉണ്ടായിരുന്നു. വിഭവസമൃദ്ധമായ ഉച്ച ഭക്ഷണവും വൈകീട്ടത്തെ ചായയും കഴിഞ്ഞ് ഏകദേശം ആറുമണിയ്ക്ക് യാത്രക്കാർക്കായി ഏതാണ്ട് ഒന്നര മണിക്കൂർ നീണ്ടുനിന്ന ആസ്വാദ്യകരമായ കലാപരിപാടികൾ ഗ്രാമവാസികൾ തന്നെ അവതരിപ്പിച്ചു. കാലത്തിനു പോറൽ വരുത്താനാകാതെ  കാത്തുസൂക്ഷിച്ച് പോരുന്ന തങ്ങളുടെ പാരമ്പര്യ  കലാരൂപങ്ങൾ  അതിമനോഹരമായ രീതിയിൽ യാത്രക്കാർക്ക് മുന്നിലായി അവതരിപ്പിക്കുന്നതിൽ ഇവിടുത്തെ യുവതലമുറപോലും അതിശയിപ്പിക്കുന്ന പ്രാഗൽഭ്യം പ്രകടിപ്പിച്ചു. ഈ സായാഹ്നം അവിസ്മരണീയമായ ഒന്നാക്കിത്തീർക്കാൻ കഴിഞ്ഞ നാഭി ഗ്രാമവാസികളെ എത്ര പ്രശംസിച്ചാലും അധികമാവില്ല. തങ്ങളുടെ പരമ്പരാഗത വസ്ത്രധാരണ രീതിയും അതിലെ ഓരോ വസ്ത്രങ്ങളും ഓരോ ആഭരണവും എങ്ങിനെയാണ് ഉണ്ടായതെന്നും അതെന്തിനെയാണ് പ്രതിനിധാനം ചെയ്യുന്നതെന്നും വിവരിച്ചുകൊണ്ട് നടത്തിയ ഒരു സംഘനൃത്തമാണ് പരിപാടിയിലെ പ്രധാന ആകർഷണമായിരുന്നത്. യുവാക്കൾ പാരമ്പര്യ കലാരൂപങ്ങൾക്ക് പുറമെ ബോളിവുഡ് ഗാനങ്ങളും ആലപിച്ച് തങ്ങളും ഈ രാജ്യത്തെ യുവജനങ്ങൾക്ക് ഒപ്പം തന്നെ സഞ്ചരിക്കുന്നവരാണ് എന്ന് തെളിയിക്കുകയുണ്ടായി. കലാപരിപാടികൾക്ക് ശേഷം നാഭി ഗ്രാമത്തിലെ പരമ്പരാഗത വസ്ത്രം ധരിച്ച് യാത്രക്കാർക്ക് ഫോട്ടോ എടുക്കാൻ വേണ്ട സംവിധാനങ്ങളും തയ്യാർ ചെയ്തിരുന്നു 

മനസ്സ് നിറയ്ക്കുന്ന ഈ ആതിഥേയത്തിനൊടുവിൽ പിറ്റേന്ന് രാവിലെ യാത്ര പുറപ്പെടാൻ നേരത്ത് തദ്ദേശീയമായ ഉല്പന്നങ്ങളുടെയും വന വിഭവങ്ങളുടെയും ഒരു ചെറിയ വിപണന കേന്ദ്രവും നാഭിവാസികൾ യാത്രക്കാർക്കായി ഇവിടെ ഒരുക്കിയിരുന്നു. ഒട്ടേറെ പൗരാണിക കൃതികളും യന്ത്രങ്ങളും രചിക്കാൻ ഉപയോഗിക്കപ്പെട്ടത് എന്ന് കരുതുന്ന ഭോജ്‌ പത്രയും വില്പനയ്ക്കായി ഉണ്ടായിരുന്നു. ഭോജ് പത്രയുടെ വൃക്ഷത്തിൽ നിന്ന് അടർത്തിയെടുക്കുന്ന ഈ തൊലി കനം കൊണ്ടും മിനുസം കൊണ്ടും തെളിച്ചം കൊണ്ടും പേപ്പറിനെക്കാൾ മേന്മയേറിയതാണ്. ഇതുൾപ്പെടെ അത്യപൂർവ്വങ്ങളായ ധാരാളം വനവിഭവങ്ങൾ യാത്രക്കാർക്ക് ഇവിടെനിന്നും ന്യായമായ വിലയ്ക്ക് സ്വന്തമാക്കാൻ സാധിച്ചു. നാഭി ഗ്രാമക്കാരനായ പോർട്ടർ വിക്കി തലേദിവസം പകലിൽ ഞങ്ങളെയും കൊണ്ട് ഗ്രാമത്തിൽ ഒട്ടാകെ ചുറ്റിനടന്ന് കാണിച്ച് തരികയും സ്വന്തം ബന്ധുക്കളെ പരിചയപ്പെടുത്തുകയും ചെയ്തിരുന്നു. എന്തുകൊണ്ടും എന്നും ഓർമ്മയിൽ തങ്ങിനിൽക്കുന്ന ഒരു ദിവസമായിരുന്നു ഈ യാത്രയിൽ നാഭിയിൽ ചിലവഴിച്ച ആ ദിനം.  

നാഭിയിൽ നിന്ന് പിറ്റേന്നുള്ള യാത്ര കാലാപാനിയിലേക്കാണ്. 12 കിലോമീറ്റർ വരുന്ന ഈ യാത്രയിൽ ഗുഞ്ചി ക്യാമ്പ് കാണാനാകുന്ന ദൂരത്തിൽ കൂടി കടന്നുപോകുമെങ്കിലും ഗുഞ്ചിയിലേയ്ക്ക് അന്നത്തെ ദിനം യാത്രയില്ല. ഈ ഭാഗത്തുള്ള വഴികളെല്ലാം തന്നെ ഇപ്പോൾ പൂർണ്ണമായും വാഹന ഗതാഗതയോഗ്യമായി മാറിക്കഴിഞ്ഞിട്ടുണ്ട്. അതിനാൽ തന്നെ  കഴിഞ്ഞ തവണ യാത്രയ്ക്കായി വന്നതിൽ നിന്നും വളരെയേറെ വ്യത്യസ്തമാണ് പല പ്രദേശത്തെയും ഭൂപ്രകൃതി. തണൽ നഷ്ടപ്പെട്ടതാണ് എടുത്ത് പറയേണ്ട പ്രധാന വ്യത്യാസം. കാടിനും മലകൾക്കും നടുവിലൂടെ മരങ്ങളുടെ തണൽപ്പറ്റി നിലനിന്നിരുന്ന ഒറ്റയടിപ്പാതകളിൽ കയറ്റങ്ങളും ഇറക്കങ്ങളും ധാരാളം ഉണ്ടായിരുന്നാലും, അപകടസാദ്ധ്യത കൂടിയിരുന്നാലും പ്രകൃതിയുമായി താദാത്മ്യം പ്രാപിക്കാനുള്ള ധാരാളം അവസരങ്ങൾ ഉണ്ടായിരുന്നു. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്താൽ മലതുരന്നും തകർത്തും നിർമ്മിക്കപ്പെടുന്ന റോഡുകൾ ഈ പ്രദേശത്ത് രാജ്യ സുരക്ഷാർത്ഥം അത്രമേൽ ആവശ്യമാണെങ്കിൽപോലും തീർത്ഥാടകർക്ക് ഈ വഴികളിൽ നിന്ന് ലഭ്യമായിരുന്ന അനുഭൂതികളിൽ അത് കാര്യമായ കുറവ് വരുത്തുന്നുണ്ട്. കാര്യമായ കയറ്റങ്ങളോ ബുദ്ധിമുട്ടുകളോ ഈ യാത്രയിൽ ഇപ്പോഴില്ലാത്തതിനാൽ ഒരു ധൃതിയും ഇല്ലാതെ എല്ലാവരും  സാവധാനത്തിലാണ് നാഭിയിൽ രാവിലെ തയ്യാറായത്. നാഭി ഗ്രാമത്തിൽ യാത്രക്കായി ഒരുക്കിയിരുന്ന  കുളിമുറികളുടെയും ശൗചാലയങ്ങളുടെയും ആധുനിക നിലവാരം വളരെയധികം സൗകര്യപ്രദമായി അനുഭവപ്പെട്ടു. ഏതാണ്ട് എട്ടുമണിക്കാണ് ഞങ്ങൾ യാത്ര പുറപ്പെടുന്നത്. സാവധാനത്തിൽ തന്നെ നടന്ന് ഉച്ചയോടുകൂടി ഞങ്ങൾ കാലാപാനിയിൽ എത്തിച്ചേർന്നു. കാലാപാനിയിലെ കാളി ക്ഷേത്രത്തിൽ ദർശനം നടത്തി ഭജനയിൽ പങ്കുകൊണ്ട് പുറത്തിറങ്ങിയപ്പോഴേക്കും KMVN ന്റെ കാലാപാനി ക്യാമ്പിൽ ഉച്ചഭക്ഷണം തയ്യാറായിരുന്നു. ഭക്ഷണവും കഴിഞ്ഞപ്പോൾ പിന്നെ പകുതി ദിവസം ഒന്നും ചെയ്യാനില്ലാതെ മുന്നിൽ കിടക്കുന്നുവെന്നതിനാൽ കാളി നദിയുടെ തീരത്ത് കൂടെ ഞങ്ങൾ കുറേ ചുറ്റിനടന്നു. തിരിച്ചുവരുമ്പോൾ ITBP കാലാപാനി ക്യാമ്പിന് മുന്നിൽ കൂടി കടന്നുപോരുമ്പോൾ  അവിടുത്തെ പട്ടാളക്കാരുമായി സംസാരിച്ചതിന്റെ  അടിസ്ഥാനത്തിൽ റേഡിയോ കമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്റിൽ ഉണ്ടായിരുന്ന മലയാളിയായ ശ്രീ ജയചന്ദ്രനെ  പരിചയപ്പെടുകയും ചെയ്തു. അദ്ദേഹത്തിന്റെ ക്ഷണപ്രകാരം മലയാളികളായ ഞങ്ങൾ നാലുപേർ അവർ താമസിക്കുന്ന ഇടം സന്ദർശിക്കുകയും ഏറെസമയം സൗഹൃദ സംഭാഷണത്തിലേർപ്പെട്ട് വിശേഷങ്ങൾ പങ്കുവെക്കുകയും ചെയ്തു. മാസങ്ങളോളം സ്വന്തം കുടുംബങ്ങളെ പിരിഞ്ഞ് കടുത്ത കാലാവസ്ഥയിൽ ഇവിടെ കഴിച്ചു കൂട്ടി നാടിന്റെ രക്ഷയ്ക്കായി ജീവിതം അർപ്പിക്കുന്ന ജവാന്മാരുടെ ജീവിതാനുഭവങ്ങൾ എത്ര കേട്ടാലും മതിവരാത്തതാണ്. മാത്രവുമല്ല ഈ പ്രദേശങ്ങളെ സംബന്ധിച്ച് പ്രചാരത്തിലുള്ള പല കഥകളും വിശ്വാസങ്ങളും അവരിൽ നിന്ന് നമുക്ക് അറിയാനും സാധിക്കും. നാഗപർവ്വതം മഞ്ഞുമൂടിയിരുന്നാൽ ഓം പർവ്വതത്തിലും മഞ്ഞുമൂടിയ ദർശനമേ ഉണ്ടാകുകയുള്ളൂ എന്നുള്ളത് ഇത്തരത്തിൽ അദ്ധേഹം പങ്കുവെച്ച ഒരറിവാണ്. ദീർഘനാളത്തെ നിരീക്ഷണങ്ങൾ കൊണ്ടും പ്രാദേശികവാസികളുമായുള്ള സമ്പർക്കംകൊണ്ടും ലഭിക്കുന്ന ഇത്തരം അറിവുകൾ മലയാത്രകളിൽ വളരെ സഹായകരവുമാകാറുണ്ട്. എന്തായാലും ഗുഞ്ചിയിലും കാലാപാനിയിലുമായി മൂന്ന് മലയാളികളെ കണ്ടുമുട്ടാൻ കഴിഞ്ഞതിലും അവരുമായി ആഴത്തിലുള്ള സൗഹൃദം ഉണ്ടാക്കിയെടുക്കാനായതിലും ഞങ്ങൾ അതീവ സന്തുഷ്ടരായിരുന്നു. ഉച്ചയ്ക്ക് ശേഷം ധാരാളം സമയം പുറത്ത് ചിലവഴിച്ചതിനാൽ നാഗപർവ്വതം വിവിധ സമയങ്ങളിലുള്ള വെളിച്ചത്തിനനുസരിച്ച് വ്യത്യസ്ത നിറങ്ങളിലേയ്ക്ക് മാറുന്ന അത്ഭുത പ്രതിഭാസം ഞങ്ങൾക്ക് നേരിൽ കാണാനായി. 

അന്തരീക്ഷത്തിൽ തണുപ്പുണ്ടെങ്കിലും നല്ല കാറ്റും വെയിലുമുള്ള ദിവസമായിരുന്നതിനാൽ പലരും കാലാപാനിയിൽ അപ്രതീക്ഷിതമായി കിട്ടിയ ഈ ഒഴിവുസമയം അത്യാവശ്യ വസ്ത്രങ്ങൾ കഴുകി ഉണക്കാനായി ഉപയോഗിച്ചു. ഇനി യാത്രയുടെ രണ്ടാമത്തെ ലക്ഷ്യമായ ഓം പർവ്വതം മാത്രമേ കാണാനായി ബാക്കിയുണ്ടായിരുന്നുള്ളൂ എന്നുള്ളതും അവിടേയ്ക്കുള്ള യാത്ര വാഹന ഗതാഗതയോഗ്യമായ ഒൻപത് കിലോമീറ്ററിൽ ഒതുങ്ങുന്നുവെന്നുള്ളതും കാരണം ശുഭപര്യവസായിയായ ഒരു യാത്രയുടെ ആനന്ദം ഏവർക്കും അനുഭവപ്പെടാൻ തുടങ്ങിയിട്ടുണ്ടായിരുന്നു. അതിന്റെ ആഹ്ലാദവും സൗഹൃദവും എങ്ങും അനുഭവപ്പെടുകയും ചെയ്യുന്നുണ്ടായിരുന്നു. വൈകീട്ട് സൂര്യനസ്തമിച്ചു ഇരുട്ടു പരക്കാൻ തുടങ്ങിയതോടെ ഈ പ്രദേശത്ത് അതിശക്തമായ തണുപ്പ് അനുഭവപ്പെടാൻ തുടങ്ങി. പൊതുവിൽ മലമുകളിലെ എല്ലാ യാത്ര ദിവസങ്ങളിൽ ഉള്ളത് പോലെ തന്നെ വളരെ നേരത്തെയായിരുന്നു ഇവിടെയും അത്താഴം. എന്നിട്ടും ആ സമയത്ത് പുറത്തിറങ്ങി നടക്കുമ്പോൾ സഹിക്കാനാവാത്ത തണുപ്പ് അനുഭവപ്പെടുന്നുണ്ടായിരുന്നു. യാത്രാക്ഷീണം പൊതുവിൽ ഇല്ലാതിരുന്നതിനാലും പിറ്റേന്ന് വളരെ ലഘുവായ ഒരു യാത്ര മാത്രമേ ഉണ്ടായിരുള്ളൂ എന്നതിനാലും ഒരുപാട് നേരം സംസാരിച്ചിരുന്നിട്ടാണ് ക്യാമ്പുകളിൽ അന്ന് രാത്രി വിളക്കുകൾ അണഞ്ഞത്. 

Nabhi Village
Nabhi Village
« of 11 »
Share: