കിന്നർ കൈലാസം

കിന്നർ കൈലാസം ഞങ്ങളിൽ ഏല്പിച്ച ശാരീരികമായ ആഘാതം വേണ്ടത്ര വിലയിരുത്താൻ ഉറങ്ങുന്നതിന് മുൻപ് ഞങ്ങൾക്ക് സാധിച്ചിരുന്നില്ല എന്നുവേണം കരുതാൻ. ഉച്ചയ്ക്ക് 12 മണിക്ക് ഇറങ്ങാവുന്ന രീതിയിൽ എഴുന്നേറ്റ് തയ്യാറായി ആ യാത്രാപദ്ധതിയിലെ തുടർ പരിപാടികളുമായി മുന്നോട്ട് പോകാമെന്ന് കരുതി കിടന്ന ഞങ്ങൾ ഉറക്കമുണർന്നപ്പോൾ ഉച്ചകഴിഞ്ഞ് രണ്ട് മണിയായിട്ടുണ്ടായിരുന്നു, മാത്രമല്ല ഉണർന്ന് കഴിഞ്ഞിട്ടും കിടക്കയിൽ നിന്ന് എഴുന്നേൽക്കാനാവാത്ത വിധം ശരീരത്തിന്റെ സകല ഭാഗങ്ങളിലും  കലശലായ വേദനയും പേശിവലിവും  അനുഭവപ്പെടുന്നുമുണ്ടായിരുന്നു. 48 മണിക്കൂറിൽ താഴെ സമയം കൊണ്ട് കിന്നർ കൈലാസം കയറിയിറങ്ങിയെന്ന ഘോരകൃത്യം സത്യത്തിൽ അടുത്ത മൂന്ന് ദിവസത്തേക്കെങ്കിലും ശരീരത്തെ വല്ലാത്തൊരു അവസ്ഥയിലേക്കാണ് എത്തിച്ചത്. ഒന്നു രണ്ട് ദിവസം പൂർണ്ണമായി വിശ്രമിച്ചെങ്കിൽ മാത്രമേ ആ യാത്ര ഏല്പിച്ച ആഘാതത്തിൽ നിന്ന് ശരീരം മുക്തമാകു എന്നിരിക്കലും തുടർന്നങ്ങോട്ടുള്ള യാത്ര പരിപാടികൾ അനുസരിച്ചുള്ള ബുക്കിംഗ് ഉള്ളതിനാൽ പിറ്റേന്ന് അതിരാവിലെ തന്നെ ഞങ്ങൾ പുറപ്പെടാൻ തീരുമാനിച്ചു.

അതനുസരിച്ച് രാവിലെ ആറ് മണിയോടുകൂടി ഏതാണ്ട് നാനൂറ് കിലോമീറ്റർ അകലെയുള്ള ധർമ്മശാലയിലേക്ക് ഞങ്ങൾ ദിലീപിനോടൊപ്പം യാത്രയായി. വീണ്ടും കാണാമെന്നും  കേരളത്തിൽ വരുമ്പോൾ തീർച്ചയായും പരസ്പരം ബന്ധപ്പെടണമെന്നും അമനുമായി  പറഞ്ഞുറപ്പിച്ചിട്ടായിരുന്നു  ഞങ്ങൾ യാത്ര പറഞ്ഞിറങ്ങിയത്.  തുടർന്നങ്ങോട്ട്  ദീർഘവും മുഷിപ്പിക്കുന്നതുമായ ഒരു യാത്രയായിരുന്നു. ദിലീപ് മലയോര മേഖലകളിൽ ഒരു സമർത്ഥനായ ഡ്രൈവറായിരുന്നുവെന്നതിനാൽ ആശങ്കകളില്ലാതെ കൂടുതൽ സമയവും ഞങ്ങൾ വാഹനത്തിൽ ഉറങ്ങി തന്നെ കഴിച്ചുകൂട്ടി. വൈകീട്ട് ഏകദേശം എട്ടുമണിയോടടുത്താണ് ഞങ്ങൾ ധർമ്മശാലയിൽ എത്തിച്ചേർന്നത്. ബുക്ക് ചെയ്തിരുന്ന ഹോട്ടലിൽ തന്നെ അന്ന് രാത്രി ദിലീപിനെയും ഞങ്ങൾ കൂടെ കൂട്ടി. ധർമ്മശാലയിലും തുടർന്നങ്ങോട്ട് ചണ്ഡീഗഡിലേക്കുമുള്ള യാത്രയ്ക്ക് കൂടെ നിൽക്കുന്നില്ലെന്ന് ദിലീപ് പറഞ്ഞതനുസരിച്ച് പിറ്റേന്ന് രാവിലെ ദിലീപ് കൽപ്പയിലേയ്ക്ക് തിരിച്ചുപോയി. ഇത്തരം ചില യാത്രകളിൽ കണ്ടുമുട്ടുന്ന പലരും ദീർഘകാലമായി പരിചയമുള്ള സുഹൃത്തുക്കളെ പോലെ അനുഭവപ്പെടാറുണ്ടെന്നുള്ളത് ഒരു വസ്തുതയാണ്. അമനും, ദിലീപും അത്തരത്തിൽ പെട്ട രണ്ട് ആളുകളാണ്. ഇവരുമായി ഇന്നും അതേ സൗഹൃദവും  സമ്പർക്കവും  തുടരാനും സാധിക്കുന്നുണ്ട്. 

ധർമ്മശാലയിൽ നിന്നും ഏതാണ്ട് 50 കിലോമീറ്റർ അകലെയുള്ള ജ്വാലാമുഖി ക്ഷേത്രമായിരുന്നു ഞങ്ങൾ ആദ്യമായി സന്ദർശിക്കാൻ പരിപാടിയിട്ടിരുന്ന സ്ഥലം. ദക്ഷയാഗത്തിൽ  ശിവന്റെ ഉപദേശത്തെ അവഗണിച്ച് പങ്കെടുത്ത് അപമാനിതയായ സതി അതേ യാഗാഗ്നിയിൽ ചാടി ജീവനൊടുക്കി. ഇതറിഞ്ഞ് കോപാകുലനായ മഹാദേവൻ ദക്ഷനെ കൊന്ന് സതിയുടെ പാതിവെന്ത ശരീരവും എടുത്ത് വിരഹവേദനയാലും കോപത്താലും വിഭ്രാന്തചിത്തനായി ഹിമാലയസാനുക്കളിൽ അലഞ്ഞു നടക്കാൻ തുടങ്ങി. മഹാദേവന്റെ ഈ സഞ്ചാരം ലോകനാശത്തിനാണെന്ന് തിരിച്ചറിഞ്ഞ മഹാവിഷ്ണു, ദേവി സതിയുടെ ശരീരത്തെ അമ്പെയ്ത് 51 കഷ്ണങ്ങളായി  ചിതറിച്ചു കളഞ്ഞു. ഈ കഷ്ണങ്ങളിൽ ദേവിയുടെ നാവ് വന്നു വീണ സ്ഥലമാണ് ഇന്ന് ജ്വലാമുഖി ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലം. അതിനാൽ തന്നെ 51 ശക്തി പീഠങ്ങളിൽ ഒന്നായി ക്ഷേത്രത്തെ ഗണിക്കുന്നു. ദുർഗ്ഗാദേവിയുടെ പരമഭക്തനായിരുന്ന കാംഗ്രയിലെ രാജാവ് രഞ്ചങ്ക ഭൂമി ചന്ദ് കട്ടോചിന് സ്വപ്നത്തിൽ ഈ സ്ഥലത്തെ പറ്റി ഒരു അരുളപ്പാട് ഉണ്ടാവുകയും, രാജാവ് രാജഭടന്മാരെ അയച്ച് ആ സ്ഥലം കണ്ടെടുത്ത് അവിടെ AD 900 ത്തിൽ ഗോപുരങ്ങളും മകുടങ്ങളുമുള്ള മനോഹരമായ ഈ ക്ഷേത്രം പണികഴിപ്പിക്കുകയും ചെയ്തു. ഇവിടുത്തെ പ്രാധാന്യവും അത്ഭുതവും ഇതൊന്നുമല്ല. യാതൊരുവിധ ഇന്ധനത്തിന്റെയും സഹായമില്ലാതെ പാറയിൽനിന്ന് പുറത്തേക്കുവരുന്ന  തീജ്വാലകളാണ് ഈ ക്ഷേത്രത്തിന്റെ നിഗൂഢമായ രഹസ്യം. ശ്രീകോവിലിനകത്ത് ചെറുതും വലുതുമായ 11 നാളങ്ങളാണ് ഇത്തരത്തിൽ കാണപ്പെടുന്നത്. ഈ നാളങ്ങൾ പുറപ്പെടുന്ന പാറക്കല്ലുകളിൽ എവിടെയും ഒരു ദ്വാരമോ വിള്ളലോ കാണാനാകില്ലെന്നതും,  ഒരുവിധത്തിലുമുള്ള ഇന്ധനത്തിന്റെ ഗന്ധവും  ഇവിടെ അനുഭവപ്പെടുന്നില്ലെന്നതും വളരെ ആശ്ചര്യകരമാണ്. ഈ ക്ഷേത്രത്തെ പറ്റി കേട്ടറിഞ്ഞ് മുഗൾ ചക്രവർത്തിയായിരുന്ന അക്ബർ ഈ തീനാളങ്ങൾ അണക്കാനായി പഠിച്ച പണി പതിനെട്ടും നോക്കിയിട്ടുണ്ട്. അദ്ദേഹം ഇരുമ്പ് ഫലകങ്ങൾ കൊണ്ട് പാറകളെ മൂടി കെട്ടുകയും  ശക്തിയായും നിരന്തരമായും വെള്ളം തീനാളങ്ങളിലേക്ക് ഒഴുക്കുകയും ചെയ്തിട്ടുണ്ട്. ഒടുവിൽ പരാജയം സമ്മതിച്ച് സ്വർണ്ണം കൊണ്ടുള്ള ഒരു വെൺകൊറ്റക്കുട ദേവിയുടെ പാദങ്ങളിൽ സമർപ്പിച്ചാണ് അക്ബർ പിൻവാങ്ങിയത്. സമർപ്പിച്ച് അല്പദിവസങ്ങൾക്കുള്ളിൽ തന്നെ ഈ സ്വർണം ഇന്നുവരെ ആർക്കും തിരിച്ചറിയാനാവാത്ത രീതിയിലുള്ള ഒരു ലോഹകൂട്ടായി മാറുകയാണ് ഉണ്ടായത്. ഇത് അക്ബറിനോടുള്ള ഭഗവതിയുടെ പ്രതിഷേധമാണെന്ന് ധരിച്ചുവശായ അക്ബറിന് ഈ ശക്തിയിലുള്ള വിശ്വാസം പതിന്മടങ്ങായി വർദ്ധിക്കുകയുമുണ്ടായി എന്നാണ് ചരിത്രം. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ശ്രീ ജവഹർ ലാൽ നെഹ്റുവിന്റെ നിർദ്ദേശപ്രകാരം ഈ പ്രദേശത്ത് എവിടെയെങ്കിലും ഭൂമിക്കടിയിൽ പ്രകൃതി വാതകങ്ങളുടെ നിക്ഷേപമുണ്ടെന്ന് കണ്ടെത്താൻ ഇന്ത്യൻ ശാസ്ത്രജ്ഞർ ഒരുപാട് ഗവേഷണങ്ങൾ നടത്തുകയുണ്ടായിട്ടുണ്ട്. പക്ഷേ അത്തരത്തിലുള്ള പ്രകൃതിവാതക നിക്ഷേപങ്ങൾ ഒന്നും തന്നെ കണ്ടെത്താനാവുകയോ ക്ഷേത്രത്തിനകത്തുള്ള ജ്വാലകളിൽ എന്തെങ്കിലും പ്രകൃതി വാതകങ്ങളുടെ സാന്നിധ്യം തിരിച്ചറിയാൻ സാധിക്കുകയോ  ഇതുവരെ ഉണ്ടായിട്ടില്ല. അർച്ചനയ്ക്കായി ഭക്തർ അകത്തേക്ക് കൊണ്ടുപോകുന്ന ജലം നിറച്ച ചെറിയ കുടങ്ങളിൽ ക്ഷേത്ര പൂജാരികൾ ഈ ദീപങ്ങളിൽ നിന്ന് ഖര രൂപത്തിലുള്ള ഒരു വസ്തു പൊട്ടിച്ച് എടുക്കുന്നതുപോലെ ഒരു തീനാള  കഷ്ണം  പൊട്ടിച്ചെടുത്തു സ്ഥാപിക്കും. അല്പനേരം ജലത്തിന് മുകളിൽ നിന്ന് കത്തിയ ശേഷമാണ് ആ നാളം പതിയെ അണയുന്നത്. ഈ ക്ഷേത്രത്തിൽ പരമ വിശിഷ്ടമായ പ്രസാദമായി കണക്കാക്കപ്പെടുന്നതും വെള്ളവും പാലും തന്നെയാണ്.

ജ്വാലാമുഖി ക്ഷേത്രത്തിന് പുറമേ കാംഗ്രയിൽ തന്നെയുള്ള മറ്റൊരു പ്രസിദ്ധമായ ദുർഗ ക്ഷേത്രം ആണ് ശ്രീ വജ്രേശ്വരി മാതാ ക്ഷേത്രം. വിഷ്ണുവിന്റെ ബാണമേറ്റ് ചിതറിത്തെറിച്ച സതിദേവിയുടെ മാറിടം വന്നു വീണ സ്ഥലമാണ് ഇപ്പോൾ വജ്രേശ്വരി മാതാ ക്ഷേത്രം നിൽക്കുന്ന സ്ഥലം. ശക്തി പീഠങ്ങളിൽ ഒന്നായി തന്നെയാണ് ഈ ക്ഷേത്രവും കണക്കിലെടുക്കപ്പെടുന്നത്. മഹാഭാരതകാലത്ത് പാണ്ഡവരാണ് ഈ ക്ഷേത്രത്തിന്റെ ആദ്യരൂപം നിർമ്മിച്ചതെന്നാണ് വിശ്വസിക്കപ്പെടുന്നത്. മാതാ ദുർഗ്ഗ സ്വപ്നത്തിൽ പ്രത്യക്ഷമായി കല്പിച്ചതനുസരിച്ചാണ് അവർ ഈ ക്ഷേത്രം പണിതുയർത്തിയത്. 1905 കാലഘട്ടത്തിൽ ഈ പ്രദേശത്തുണ്ടായ ശക്തമായ ഒരു ഭൂമികുലുക്കത്തിൽ ആ പഴയ ക്ഷേത്രം തകർന്നു തരിപ്പണമാവുകയും അതിനുശേഷം ഇപ്പോൾ കാണുന്ന പുതിയ ക്ഷേത്രം പണിയുകയുമാണുണ്ടായത്. ധാരാളം ഭക്തർ ദർശനത്തിനായി എത്തുന്ന ഒരു ക്ഷേത്രമാണ് ശ്രീ വജ്രേശ്വരി മാതാ ക്ഷേത്രം. ഇതിനുശേഷം ഞങ്ങൾ കാണാൻ പോയത് എട്ടാം നൂറ്റാണ്ടിൽ ഒറ്റപ്പാറയിൽ നിന്നും കൊത്തിയെടുത്തുണ്ടാക്കിയ മസറൂർ ക്ഷേത്രങ്ങൾ കാണാനാണ്. സൗര ശൈലിയിലുള്ള  ആരാധനാ സമ്പ്രദായത്തിൽ അധിഷ്ഠിതമായ ഈ ക്ഷേത്രസമുച്ചയത്തിന്റെ നിർമ്മിതി ഉത്തരേന്ത്യയിലെ നാഗര വാസ്തുവിദ്യാ ശൈലിയിലുള്ളതാണ്. ശിവനും വിഷ്ണുവിനും ദേവിക്കും ഇവിടെ പ്രത്യേകം ക്ഷേത്രങ്ങളുണ്ട്. നൂറ്റാണ്ടുകളോളം നീണ്ട അവഗണനയുടെ പരിക്കുകൾ ധാരാളമായി കാണാനുണ്ടായിരുന്നുവെങ്കിലും എട്ടാം നൂറ്റാണ്ടിൽ ഇത്രയും പടുകൂറ്റനായ ഒറ്റപ്പാറയിൽ നിന്ന് ക്ഷേത്രം ഒഴികെയുള്ള ഭാഗങ്ങൾ മുഴുവൻ കുത്തിനീക്കിയെടുത്ത് ശില്പചാതുരിയുടെ അതുല്യ പാടവം വെളിവാക്കുന്ന ഈ സമുച്ചയം നിർമ്മിച്ചെടുക്കാൻ മാത്രം വാസ്തുവിദ്യയും കലയും ആധ്യാത്മികതയും ശാസ്ത്രവും നമ്മുടെ രാജ്യത്ത്  ഉണ്ടായിരുന്നുവെന്ന് അറിയുന്നത് തന്നെ എത്രയോ അഭിമാനകരമാണ്.  കൊട്ടിഘോഷിക്കപ്പെടുന്ന താരതമ്യേനെ ആധുനികമായ പല നിർമ്മിതികൾക്കിടയിൽ  ഇത്തരത്തിലുള്ള വാസ്തുവിദ്യാരത്നങ്ങൾ പൊടിമൂടി കിടക്കുകയാണ് പലപ്പോഴും പതിവ്. ഈ മൂന്ന് ക്ഷേത്രങ്ങളിലേക്കും നടത്തിയ യാത്രയും ദർശനവും ഹിമാചൽപ്രദേശിന്റെ ആത്മീയതയുടെ  പൗരാണികമായ കാലഘട്ടത്തിലേക്കുള്ള ഒരു എത്തിനോട്ടമായി  അനുഭവപ്പെട്ടു.  

ധർമ്മശാലക്ക് പുറത്തുള്ള ക്ഷേത്രങ്ങളിലെ ദർശനങ്ങൾ  ആദ്യദിവസം കൊണ്ട് പൂർത്തിയാക്കി, രണ്ടാം ദിവസം പൂർണ്ണമായും ധർമ്മശാലയിലെ സ്ഥലങ്ങളും ധർമ്മശാലയിലെ  ദലൈലാമയുടെ മൊണസ്ട്രിയും കാണുന്നതിനുമായി ഞങ്ങൾ മാറ്റിവെച്ചു. 1959 ൽ ഇന്ത്യയിലേക്ക് ദലൈലാമ അഭയാർത്ഥിയായി വന്നതിനുശേഷം മാത്രം സ്ഥാപിതമായതാണ് ധർമ്മശാലയിലെ നംഗ്യാൽ മോൺസ്റ്ററി. ഇത് പതിനാലാമത്തെ  ദലൈലാമയുടെ സ്വകാര്യ മോൺസ്റ്ററിയായും അറിയപ്പെടുന്നു. കേവലം ഒരു മോൺസ്റ്ററി എന്നതിനേക്കാളുപരി ഇതൊരു സമുച്ചയമാണ്. ഇവിടെ നംഗ്യാൽ താന്ത്രിക കോളേജും പ്രവർത്തിച്ചുവരുന്നു. ടിബറ്റിൽ ഉണ്ടായിരുന്ന ചിരപുരാതനമായ നംഗ്യാൽ മോൺസ്റ്ററി രണ്ടാമത്തെ ദലൈലാമ പതിനാറാം നൂറ്റാണ്ടിൽ സ്ഥാപിച്ചതാണ്.  ദലൈലാമയെ മതപരമായ ചടങ്ങുകളിലും പ്രാർത്ഥനാ ആചാരങ്ങളിലും സഹായിക്കുക എന്നുള്ളതായിരുന്നു ഇവിടത്തെ അന്തേവാസികളുടെ ആദികാലം മുതലുള്ള പ്രധാനമായ കടമ. ടിബത്തിൽ ബുദ്ധമത പ്രചാരണത്തിനും പരിപാലനത്തിലും നിർണായകമായിരുന്നു നംഗ്യാൽ മോൺസ്റ്ററിയുടെ സ്ഥാനം. ഇരുപതാം നൂറ്റാണ്ടിലെ ആദ്യകാലം മുതൽ തന്നെ ടിബറ്റിനുമേൽ ചൈനയുടെ അതിനിവേശ ശ്രമങ്ങൾ പലരീതിയിൽ നടന്നു വരുന്നുണ്ടായിരുന്നു.  പലയിടത്തും ഒറ്റപ്പെട്ട രീതിയിലുള്ള ചെറുത്തുനില്പുകളും പോരാട്ടങ്ങളും ദശാബ്ദങ്ങളോളം നിലനിന്നെങ്കിലും 1950ൽ പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന ടിബറ്റിൽ അധിനിവേശം ചെയ്തു. ഒരു വർഷക്കാലത്തിനു ശേഷം നടന്ന ടിബറ്റൻ-ചൈനീസ് കരാർ പ്രകാരം ടിബത്തിനെ ചൈനയുടെ കീഴിലുള്ള സ്വതന്ത്ര ഭരണാധികാര പ്രദേശമായി പ്രഖ്യാപിക്കുകയും  ഇതിന്റെ തലവനായി ദലൈലാമയെ നിയമിക്കുകയും ഉണ്ടായി. എങ്കിലും ഫലത്തിൽ ടിബറ്റിന്റെ ഭരണനിയന്ത്രണം ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ കൈകളിൽ തന്നെയായിരുന്നു.  ജീവിതം തന്നെ ആദ്ധ്യാത്മിക ശൈലിയിൽ നയിച്ചിരുന്ന ടിബറ്റൻ ജനതയും ഭൗതികവാദികളായ കമ്മ്യൂണിസ്റ്റ് സർക്കാരും ഒരിക്കലും സമാധാനപരമായി സഹവർത്തിത്വം ചെയ്തു പോകാൻ സാധിക്കുന്നവരായിരുന്നില്ല. ഒറ്റപ്പെട്ട് നടന്ന പല പ്രതിഷേധങ്ങൾക്കുമൊടുവിൽ 1959ൽ ഇത് തിബറ്റ് മുഴുവൻ ബാധിക്കുന്ന ഒരു കലാപമായി വളർന്ന് വന്നു. ദലൈലാമ  നംഗ്യാൽ മോൺസ്റ്ററിയിലെ അൻപത്തഞ്ച്  ബുദ്ധസന്യാസിമാർക്കൊപ്പം  ഇന്ത്യയിലേക്ക് പലായനം ചെയ്യാൻ നിർബന്ധിതനായി. ദലൈലാമ പിന്നീട് ഇന്ത്യയിൽ രാഷ്ട്രീയ അഭയം തേടി ഇവിടെ ധർമ്മശാലയിൽ താമസമാകുകയും ചെയ്തു.  

സാംസ്കാരിക വിപ്ലവം എന്ന വിളിപ്പേരിട്ട്  ടിബറ്റിൽ പിന്നീട് ചൈന നടത്തിയ അടിച്ചമർത്തലിൽ ധാരാളം ചിരപുരാതനമായ ബുദ്ധക്ഷേത്രങ്ങളും  മോൺസ്റ്ററികളും തകർക്കപ്പെട്ടു. ദലൈലാമയ്ക്കെതിരെ കൊലപാതകമുൾപ്പടെയുള്ള കുറ്റങ്ങൾ ചുമത്തപ്പെട്ടു. 1976ൽ ഈ കുറ്റങ്ങൾ പിൻവലിക്കപ്പെട്ടുവെങ്കിലും ടിബറ്റ് ഇന്നും ചൈനയുടെ അധീനതയിൽ തന്നെ തുടരുകയാണ്, ദലൈലാമയുടെ അഭയാർത്ഥി ജീവിതവും തുടരുന്നു.  ലോകമനസാക്ഷി ടിബറ്റൻ ജനതയോടൊപ്പം ഉണ്ടെങ്കിലും ഇതുവരെയും അന്താരാഷ്ട്രതലത്തിൽ ചൈനയുടെ നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധം ഇനിയും ഉയർന്ന് വന്നിട്ടില്ല. ഈ ക്ഷേത്ര സമുച്ചയത്തിലേക്ക് പ്രവേശിക്കുന്ന കവാടത്തിൽ തന്നെ ടിബറ്റിലെ ചൈനീസ് അധിനിവേശത്തിന്റെ  ചരിത്രം സംക്ഷിപ്ത രൂപത്തിൽ രേഖപ്പെടുത്തിയ ഒരു വലിയ ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. ആ ബോർഡിൽ 1995 ൽ പഞ്ചൻ ലാമയുടെ പുനർജന്മം ആയി ദലൈലാമ പ്രഖ്യാപിച്ച ആറുവയസ്സുകാരനായ കുട്ടിയെ ചൈനീസ് അധികൃതർ തട്ടിയെടുത്തതും പകരം മറ്റൊരു കുട്ടിയെ പുനർജന്മമായി  പ്രഖാപിച്ചതും ഇത്രയും കാലമായിട്ടും കസ്റ്റഡിയിൽ സൂക്ഷിക്കുന്ന ആദ്യത്തെ കുട്ടിയെ ടിബറ്റൻ സംസ്കാരത്തിൽ നിന്നും ആചാരങ്ങളിൽ നിന്നും അകറ്റി സൂക്ഷിക്കുന്നതിനെക്കുറിച്ചും  ഹൃദയഹാരിയായ രീതിയിൽ പ്രതിപാദിച്ചിട്ടുണ്ട്. 

മോൺസ്റ്ററിക്കകത്ത് ക്ഷേത്രത്തിന് പുറമേ പല നിലകളിലായി പണിതിരിക്കുന്ന താന്ത്രിക കോളേജ്, വിദ്യാർഥികൾക്കും ബുദ്ധസന്യാസിമാർക്കും താമസിക്കാൻ ആവശ്യമായ കോട്ടേജുകൾ എന്നിവയുമുണ്ട്. ഈ ക്ഷേത്രത്തിനകത്ത് നിറഞ്ഞുനിൽക്കുന്ന ശാന്തതയും ഇവിടുത്തെ ചുമരുകളിൽ ആലേഖനം ചെയ്തിരിക്കുന്ന  ചുവർ ചിത്രങ്ങളുടെ മനോഹാരിതയും  എടുത്തുപറയേണ്ടവയാണ്.  അത്രയേറെ ശ്രദ്ധയോടുകൂടി എല്ലാ സൂക്ഷ്മതലങ്ങളും ആവിഷ്കരിച്ച് കൊണ്ടുള്ള ഈ ചുവർ ചിത്രങ്ങളിൽ നോക്കി നിൽക്കുമ്പോൾ സമയം കടന്നുപോകുന്നത് അറിയാനേ സാധിക്കില്ല. താന്ത്രിക കോളേജിലെ വിദ്യാർത്ഥികൾ കോളേജിന്റെ പല നിലകളിലായി വ്യത്യസ്ത രീതിയിലുള്ള പഠനങ്ങളിൽ ഏർപ്പെട്ടിരുന്നതായി കാണാൻ സാധിച്ചു. ക്ഷേത്രദർശനത്തിന് ശേഷം പുറത്തു വന്നപ്പോൾ വളരെ അനായാസമായി ഇംഗ്ലീഷിൽ സംസാരിച്ചിരുന്ന ഒരു ബുദ്ധസന്യാസിയുമായി പരിചയപ്പെടാനായതും അദ്ദേഹവുമായി ടിബറ്റൻ സ്വാതന്ത്ര്യസമരത്തിന്റെ ഇപ്പോഴത്തെ സ്ഥിതിയെപ്പറ്റി സാമാന്യം വിശദമായിത്തന്നെ ചർച്ച നടത്താനുള്ള അവസരം കിട്ടിയതും ഏറെ സന്തോഷകരമായി തോന്നി. ലോകത്ത് ഏതെങ്കിലും ഒരു ശക്തിക്ക് ടിബറ്റിനെ സ്വതന്ത്രമാക്കാൻ സാധിക്കുമെങ്കിൽ അതൊരു പക്ഷേ ഇന്നത്തെ ഇന്ത്യൻ ഭരണ നേതൃത്വത്തിന് മാത്രമായിരിക്കും എന്ന് അദ്ദേഹം ദൃഢമായി വിശ്വസിക്കുന്നുവെന്ന് പറഞ്ഞപ്പോൾ ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ വളരെ അഭിമാനം അനുഭവപ്പെട്ടു. കൈലാസ് മാനസരോവർ യാത്രയുടെ ഭാഗമായി ചൈനീസ് അധിനിവേശ  ടിബറ്റൻ ഭാഗങ്ങളിൽ ചെന്നപ്പോൾ മദ്യവും മയക്കുമരുന്നും വ്യഭിചാരവും ഈ തെരുവുകളിലെല്ലാം തന്നെ ചെറുപ്പക്കാർക്കായി  യാതൊരു നിയന്ത്രണവുമില്ലാതെ  ലഭ്യമാക്കിയിരുന്നതായി കാണുകയുണ്ടായിട്ടുണ്ട്. ആത്മീയതയിലൂന്നിയ ഒരു ജീവിതരീതി പാലിച്ചിരുന്ന ഈ ജനതയുടെ മുകളിൽ സമ്പൂർണ്ണ അധീശത്വം സ്ഥാപിക്കാൻ ആദ്യം വേണ്ട പ്രവർത്തി ആ ജനതയുടെ യുവതലമുറയെ അവരുടെ സംസ്കാരത്തിൽ നിന്ന് അകറ്റുക എന്നുള്ളതാണ്.  അതിനുള്ള ശ്രമം തന്നെയാണ് ഇത്തരത്തിൽ കുത്തഴിഞ്ഞ ഒരു ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്ന സമീപനത്തിൽ കൂടി ചൈന ലക്ഷ്യമിടുന്നതും. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ ഇന്ത്യൻ യൂണിയനോട് യോജിക്കാൻ താൽപര്യം പ്രകടിപ്പിച്ചിരുന്ന ടിബറ്റിനോട് അനുകൂലമായ ഒരു സമീപനമെടുക്കാൻ അന്നത്തെ രാഷ്ട്രീയ നേതൃത്വത്തിന് സാധിച്ചില്ല എന്ന് മാത്രമല്ല, ടിബറ്റ് പിടിച്ചെടുക്കാൻ പോയ ചൈനീസ് പട്ടാളക്കാർക്ക് ആവശ്യമായ റേഷൻ ലഭ്യമാക്കി എന്ന  മറക്കാനാഗ്രഹിക്കുന്ന ഭൂതകാലവും നമ്മുടെ രാജ്യത്തിന്റേതായി ഉണ്ട്. എന്നിരിക്കിലും മഹാദേവന്റെ വാസസ്ഥലമായ കൈലാസം ഉൾപ്പെടുന്ന, ലോകത്തിന്റെ മേൽക്കൂര എന്നറിയപ്പെടുന്ന ടിബറ്റൻ മണ്ണും ആ ജനതയും എന്നെങ്കിലും സ്വാതന്ത്ര്യത്തിലേക്ക് ഉയർത്തെഴുന്നേൽക്കുക തന്നെ ചെയ്യുമെന്നും, അതിൽ ഭാരതത്തിന് നിർണായകമായ ഒരു ഭാഗം നിർവഹിക്കാൻ ഉണ്ടായിരിക്കുമെന്നും പ്രത്യാശിക്കാനാകുന്ന ഒരു സാഹചര്യം ഇന്ന് നിലവിലുണ്ട്.  മഹാദേവന്റെ സമക്ഷത്തിലേക്കുള്ള യാത്രകൾ ഭാരതീയർക്ക് മുന്നിൽ നിബന്ധനകൾ ഇല്ലാതെ നടപ്പാകുന്ന ഒരു കാലഘട്ടം വരുമെന്ന് നമുക്ക് ആഗ്രഹിക്കാം. 

പ്രകൃതിരമണീയമായ ധർമ്മശാലയിൽ സഞ്ചാരികളെ ആകർഷിക്കാൻ വേണ്ട ധാരാളം സ്ഥലങ്ങളുണ്ട്. വളരെ സുഖപ്രദമായ കാലാവസ്ഥയും കൂടിച്ചേരുമ്പോൾ ഇത് സഞ്ചാരികൾക്ക് വളരെ മനോഹരമായ ഒരനുഭവം പ്രദാനം ചെയ്യാൻ സാധിക്കുന്ന ഒരു പ്രദേശമായി തീരുന്നു. രണ്ടുദിവസത്തെ ധർമ്മശാല വാസത്തിന് ശേഷം മൂന്നാം നാൾ ഞങ്ങൾ ചണ്ഡീഗഡിലേക്ക് തിരിച്ചുപോന്നു. ചണ്ഡീഗഡിൽ നിന്ന് മുംബൈയിലേക്കും, കേരളത്തിലേക്കും തിരിച്ചെത്തിയപ്പോൾ പഞ്ചകൈലാസത്തിലെ മൂന്നാമത്തെ കൈലാസയാത്രക്കും ബോലെനാഥിന്റെ അനുഗ്രഹത്താൽ ശുഭപര്യവസാനമായി.  

Jwalamukhi Temple
Jwalamukhi Temple
« of 10 »
Share: