kinnaur

പുലർച്ചെ മൂന്ന് മണിയോടുകൂടി പുറത്ത് വീശിയടിച്ചുകൊണ്ടിരുന്ന കാറ്റ് അവസാനിച്ചു.  ശേഷം അല്പസമയം പിന്നിട്ടപ്പോൾ തന്നെ തണുപ്പ് വളരെയധികം  കുറഞ്ഞു. സാധ്യമായത്രയും നേരത്തെ യാത്ര തുടങ്ങണമെന്ന് ആഗ്രഹിച്ചിരുന്ന ഞങ്ങൾ മൂന്നരയോടെ കൂടി തന്നെ ഗുഹയ്ക്ക് പുറത്ത് വന്നു പ്രഭാതകൃത്യങ്ങൾ നിർവഹിച്ചു തയ്യാറായി. ഇനിയങ്ങോട്ടുള്ള യാത്രയിൽ അവശ്യം വേണ്ട വസ്തുക്കൾ ഒഴികെ ബാക്കിയെല്ലാം ആ ഗുഹയിൽ തന്നെ സൂക്ഷിക്കാനും തിരിച്ച് വരുന്നവഴി അവയെടുത്ത് താഴേക്ക് മടങ്ങാനുമായിരുന്നു ഞങ്ങൾ തയ്യാറാക്കിയ പദ്ധതി. പരിക്രമണം നടക്കുന്ന ദിവസത്തെ മലകയറ്റം അതീവ ദുഷ്കരമാണ് എന്നതിനാൽ ഗുഹയിലോ ഗണേഷ് പാർക്കിലോ താമസിച്ച സ്ഥലത്തുതന്നെ അധികം വരുന്ന ലഗേജ് സൂക്ഷിച്ച് വെച്ച് പോരുന്ന പതിവ് കിന്നർ കൈലാസയാത്രയിൽ ഉണ്ട്. നാലുമണിയോടടുത്ത് ഞങ്ങൾ അവശ്യസാധനങ്ങൾ മാത്രമായി യാത്ര ആരംഭിച്ചു. ടോർച്ചിന്റെയോ ഹെഡ്‌ലാമ്പിന്റെയോ ആവശ്യമില്ലാത്ത അത്രയും  നാട്ടുവെളിച്ചം  പരന്നിട്ടുണ്ടായിരുന്നു. വളരെ ബുദ്ധിമുട്ടിയാണെങ്കിലും ഇന്നലെ വൈകീട്ട് ഗുഹയിൽ നിന്ന് ഏതാണ്ട് ഒന്നര മണിക്കൂറോളമെടുത്ത്  കയറി വന്ന ഉയരം ഇന്നത്തെ യാത്രയിൽ കുറവേ കയറേണ്ടതുള്ളൂ എന്നുള്ള ആശ്വാസം എല്ലാവർക്കുമുണ്ടായിരുന്നു. ഗുഹ നിന്നിരുന്ന മലഞ്ചെരുവിൽ നിന്ന് മുകളിലേക്ക് കയറി ആ മലയുടെ ഉച്ചിയിൽ  എത്തിയപ്പോൾ അതിമനോഹരമായ ഒരു സൂര്യോദയത്തിനായി കിഴക്കേ ചക്രവാളത്തിൽ കളമൊരുങ്ങുന്നതായി കണ്ടു.  മേഘങ്ങൾക്ക് മുകളിലേക്ക് ഉയർന്നുനിൽക്കുന്ന കറുകറുത്ത ഗിരിശൃംഗങ്ങളിൽ ചിതറിക്കിടക്കുന്ന തൂവെള്ള മഞ്ഞിൻ പാളികളിലെല്ലാം തന്നെ പുലരിയുടെ ആദ്യ കിരണങ്ങൾ പതിക്കാൻ തുടങ്ങിയിരുന്നു. തുടക്കത്തിൽ തിളങ്ങുന്നതായി കണ്ട ഈ മഞ്ഞിൻ ശൽക്കങ്ങൾ ക്രമേണ സ്വർണ്ണവർണ്ണം  അണിയാനാരംഭിച്ചു. ചക്രവാളം പതിയെ പ്രകാശമാനമായി വരുന്ന ആ കാഴ്ച എത്രനേരം കണ്ടുനിന്നാലും മതിവരാത്തത്ര മനോഹരമായിരുന്നു. പക്ഷേ അന്നത്തെ മുന്നോട്ടുള്ള യാത്ര അത്രയേറെ  കഠിനമായതിനാൽ  വിശ്രമിക്കാനായി ചിലവഴിക്കുന്ന ഓരോ നിമിഷവും പിന്നീട് വളരെ വിലപ്പെട്ടതായി അനുഭവപ്പെട്ടേക്കാം. വളരെ പ്രസന്നമായ കാലാവസ്ഥയാണ് അന്ന് ഉണ്ടാകാൻ സാധ്യതയുള്ളത് എന്നായിരുന്നു സതീഷ് അഭിപ്രായപ്പെടുന്നത് എങ്കിലും പാർവ്വതി കുണ്ഡിനപ്പുറത്തുള്ള ഭാഗത്ത് ഏതു സമയത്തും മഴ പെയ്തേക്കാമെന്നും അങ്ങനെ പെയ്യുകയാണെങ്കിൽ അത് തുടർന്നങ്ങോട്ടുള്ള യാത്രയെ വളരെയേറെ ദുഷ്കരമാക്കും എന്നു കൂടി സതീഷ് മുന്നറിയിപ്പ് നൽകി.  

ബോലേനാഥിന് മുന്നിൽ ആറു ഋതുക്കളും വണങ്ങി നിൽക്കുകയാണെന്നും അദ്ദേഹത്തിന്റെ ദൃഷ്ടി ആരിൽ പതിക്കുന്നു അവർ അവരുടെ പ്രഭാവം അപ്പോൾ തന്നെ പ്രകടിപ്പിക്കും എന്നുമാണ് മലമുകളിലെ വിശ്വാസം. ഇത് അന്വർത്ഥമാക്കുന്ന തരത്തിൽ തന്നെയാണ് എല്ലാ കൈലാസങ്ങളിലും ഉള്ള കാലാവസ്ഥ വ്യതിയാനങ്ങൾ. ഇപ്പോൾ മഴയാണെങ്കിൽ അരമണിക്കൂറിനകം ചിലപ്പോൾ വെയിൽ പരന്നു എന്ന് വരാം. തെളിഞ്ഞ് നിൽക്കുന്ന ആകാശത്തിൽ നിന്ന് മൂടൽമഞ്ഞിലേക്ക് കടന്നുപോകാൻ ചിലപ്പോൾ നിമിഷങ്ങൾ മതിയാകും. മൂടൽമഞ്ഞ് മഴയായി മാറുന്നത് ഒരുപക്ഷേ നമുക്ക് അറിയാൻ പോലും സാധിക്കുകയുമില്ല. അതിനാൽ തന്നെ യാത്ര ചെയ്യുന്ന ദിവസങ്ങളിൽ ലഭിക്കുന്ന കാലാവസ്ഥ ബോലയുടെ  അനുഗ്രഹത്താൽ നന്നാവുമെന്ന് പ്രതീക്ഷിക്കാമെന്നല്ലാതെ മറ്റു മാർഗങ്ങൾ ഒന്നും നമ്മുടെ മുന്നിലില്ല. ഇന്ന് പ്രശാന്തമായ ഒരു കാലാവസ്ഥയാണ് കാണപ്പെടുന്നത് എന്നതിനാൽ കാലാവസ്ഥ മാറുന്നതിന് മുൻപ് പരമാവധി ദൂരത്തേക്ക് കയറി ചെല്ലുക എന്നുള്ള ആശയം തന്നെയായിരുന്നു ഞങ്ങൾ നടപ്പിലാക്കാൻ ശ്രമിച്ചത്.  രാവിലെ സൂര്യനുദിക്കാത്തതുകൊണ്ടും, മലകയറ്റം ആരംഭിച്ച് അധികനേരം ആവാത്തതുകൊണ്ടും പരമാവധി ശക്തിയെടുത്ത്, സാധ്യമായതിൽ വെച്ച് ഏറ്റവും വേഗത്തിൽ തന്നെയായിരുന്നു ഞങ്ങൾ മുന്നോട്ട് പോയി കൊണ്ടിരുന്നത്.  ഗുഹയിൽ നിന്നുള്ള ഏതാണ്ട് രണ്ട് മണിക്കൂർ നേരം അതികഠിനമായ കയറ്റം തന്നെയായിരുന്നു.  ഇവിടെ പലയിടത്തും വഴിയിൽ ചെറിയ കല്ലുകൾ ഉണ്ടായിരുന്നുവെങ്കിലും നടക്കുന്ന പാതകളിൽ മണ്ണ് ഉണ്ടായിരുന്നു. എന്നാൽ അതിനുശേഷം വരുന്ന പ്രദേശത്ത് പൂർണ്ണമായും വലിയ കല്ലുകൾ മാത്രം കൂടിക്കിടക്കുന്ന രീതിയിലുള്ള വഴിയിലേക്ക് യാത്ര മാറ്റപ്പെട്ടു. പത്തോ ഇരുപതോ അടി വലുപ്പത്തിലുള്ള ഈ പാറക്കല്ലുകൾ കൂടിക്കിടക്കുന്നതിനിടയിൽ കൂടി വഴി കണ്ടുപിടിക്കുന്നത് തന്നെ ശ്രമകരമായിരുന്നു. പലയിടത്തും കുറച്ച് ദൂരം മുന്നോട്ട് പോയശേഷം അതിലെ പോയാൽ ഇനി ഈ വഴി കടക്കാനാവില്ല എന്നറിഞ്ഞു തിരിച്ചു വന്ന് മറ്റൊരു പാറ വഴി വീണ്ടും ശ്രമിക്കേണ്ട അവസ്ഥയുണ്ടായി. കിന്നർ കൈലാസ് യാത്രാ സമിതി ഇനാമൽ പെയിന്റ് ഉപയോഗിച്ച് കടന്നുപോകേണ്ട വഴിയിലുള്ള പാറകളിൽ അടയാളപ്പെടുത്തിയിട്ടുണ്ട് എങ്കിലും ശ്രീകണ്ഠ്  കൈലാസത്തെ  അപേക്ഷിച്ച് നോക്കുമ്പോൾ ഇവിടെ ഈ അടയാളപ്പെടുത്തലുകൾക്ക്  ഇടയിലുള്ള അകലം  വളരെയധികമായിരുന്നു. ആയതിനാൽ പലപ്പോഴും തെറ്റായ വഴികളിൽ കൂടെ നടന്ന് അനാവശ്യമായ രീതിയിൽ പലയിടത്തും ചാടിയും കിടന്നും നിരങ്ങിയും മുന്നോട്ട് പോകേണ്ട അവസ്ഥ സംജാതമായിരുന്നു. ശരിയായ വഴിയിൽ തന്നെ പലയിടത്തും ചാട്ടം അല്പം പിഴച്ചാൽ പാറക്കല്ലുകൾക്കിടയിലുള്ള ഗർത്തത്തിലേക്ക് വീഴുകയോ അതിൽ കാൽ കുടുങ്ങുകയോ ചെയ്യും. ചിലയിടത്ത് ചാടിയെത്തുന്നിടത്ത് നിലയുറപ്പിച്ച് നിൽക്കാനായില്ലെങ്കിൽ താഴെവീഴും എന്ന അവസ്ഥയായിരുന്നു.

ഗുഹയിൽ ബാഗ് ഉപേക്ഷിക്കാൻ തോന്നിയത് വളരെ ശരിയായ ഒരു തീരുമാനമായിരുന്നുവെന്ന് ഈ പ്രദേശങ്ങളിലാണ് ബോധ്യപ്പെട്ടത്.  കയ്യും കാലും ഒരുപോലെ ഉപയോഗിച്ച് ചുമരിൽ ഇഴഞ്ഞ് കയറുന്ന പല്ലികളെ പോലെയാണ് ഒരുപാട് സ്ഥലങ്ങളിൽ പാറകളിൽ  കയറേണ്ടി വന്നത്. ഈയൊരു സാഹചര്യത്തിൽ ചുമലിൽ പത്തോ പന്ത്രണ്ടോ കിലോ വരുന്ന ബാഗ് കൂടി ഉണ്ടായിരുന്നെങ്കിൽ ഇതിനേക്കാൾ ഇരട്ടി ബുദ്ധിമുട്ടുകളെ അനുഭവിക്കേണ്ടി വരുമായിരുന്നു.  എന്തായാലും ഈ കഠിനമായ പാത ഏതാണ്ട് രണ്ട് മണിക്കൂറോളം കഴിഞ്ഞപ്പോഴാണ് ദൂരെയായി പാർവതി കുണ്ഡ് കാണാൻ സാധിച്ചത്. പാറകൾക്കിടയിൽ തന്നെയാണ് പാർവതി കുണ്ഡും സ്ഥിതി ചെയ്യുന്നത്. എന്നിരിക്കലും ഇവിടെയുള്ള വെള്ളം ഒഴുക്കുള്ളതായതിനാൽ വളരെ തെളിഞ്ഞതും ശുദ്ധവുമായിരുന്നു.  ശിവപാർവ്വതി ചിത്രങ്ങളും ശിവലിംഗവും പലരും പലപ്പോഴായി കൊണ്ടുവന്ന് ഇതിന്റെ കരയിൽ സ്ഥാപിച്ചിരിക്കുന്നതായി കാണാൻ കഴിയും.  മഞ്ഞുപോലെ തണുപ്പുള്ള ഈ വെള്ളത്തിൽ മുങ്ങിക്കുളിച്ച് പാർവ്വതിയെ പ്രാർത്ഥിച്ചതിനുശേഷമാണ് യാത്ര തുടരേണ്ടത്.  കുളിക്കാൻ മാത്രമല്ല ഏറെ സമയത്തിനുശേഷം ഞങ്ങൾക്ക് ഞങ്ങളുടെ ഒഴിഞ്ഞ വാട്ടർ ബോട്ടിലുകൾ നിറയ്ക്കാനും സാധിച്ചത് പാർവതി കുണ്ഡിൽ നിന്നു തന്നെയായിരുന്നു. ഇവിടുന്നങ്ങോട്ട് ഏതാണ്ട് രണ്ടര മണിക്കൂറെങ്കിലും കയറിയാൽ കിന്നർ കൈലാസത്തിലേക്ക് എത്തിച്ചേരാൻ സാധിക്കും. ആ വഴിയാകട്ടെ ഇതുവരെ കടന്നുവന്നതിനേക്കാൾ  കുത്തനെയുള്ളതും ഇതുവരെ കണ്ടതിനേക്കാൾ വലിയ പാറക്കല്ലുകൾ നിറഞ്ഞ് കിടക്കുന്നതുമാണ്. പാർവ്വതി കുണ്ഡ് വരെയുള്ള വഴികളിൽ പാറകൾക്കിടയിൽ വീഴുന്നതും കാല് കുടുങ്ങുന്നതുമായിരുന്നു പ്രധാന ആശങ്കയെങ്കിൽ ഇനിയങ്ങോട്ട് പിടുത്തം വിട്ട് നൂറുകണക്കിന് അടി താഴേക്ക് പതിക്കുമോ എന്നുള്ള ആശങ്ക കൂടി കടന്നുവരുന്നു. പച്ചപ്പിന്റെ ഒരു തുരുത്ത് പോലുമില്ലാത്ത ഭീമാകാരമായ പാറക്കെട്ടുകൾ കൂടിക്കിടക്കുന്നതിനിടയിലൂടെയുള്ള ഒരാൾക്ക് കഷ്ടി കടന്നുപോകാവുന്ന വഴികളിൽ കൂടിയാണ് ഈ കഠിനമായ കയറ്റം. മുകളിലേക്ക് കയറുമ്പോൾ മനുഷ്യശരീരത്തിലെ എല്ലാ പേശികൾക്കും വേദന അനുഭവിപ്പിക്കുന്ന തരത്തിലുള്ള  അധ്വാനത്തിലൂടെയാണ് നമ്മൾ കടന്ന് പോകേണ്ടത്. ഇതിനൊക്കെ പുറമേയാണ് വായുവിലുള്ള ഓക്സിജന്റെ അഭാവം സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ. സാധാരണ ഒരു ശ്വാസത്തിൽ നിന്നും ശരീരത്തിന് ലഭിക്കുന്ന അത്രയും ഓക്സിജൻ ലഭിക്കാൻ പത്തോ പന്ത്രണ്ടോ പ്രാവശ്യം ശ്വാസം എടുക്കേണ്ട അവസ്ഥ. കിന്നർ കൈലാസയാത്ര ഏഷ്യയിലെ തന്നെ രണ്ടാമത്തെ ബുദ്ധിമുട്ടേറിയ യാത്രയാണ് എന്നുള്ള വാദഗതികൾ ശരിവയ്ക്കുന്നതാണ് ഈ ഇടങ്ങളിൽ അനുഭവിക്കേണ്ടിവന്ന കഷ്ടപ്പാടുകൾ. ഏറെ തെളിഞ്ഞതല്ലെങ്കിലും മഴ ഒഴിഞ്ഞു നിന്ന കാലാവസ്ഥയായതിനാൽ അതുതന്നെ വളരെ വലിയൊരു അനുഗ്രഹമായി അനുഭവപ്പെട്ടു. പലയിടത്തും നിർത്തി, ശ്വാസഗതിയെ നിയന്ത്രണത്തിലാക്കി, ദാഹിച്ചു വരളുന്ന തൊണ്ടയിൽ അല്പം ജലം പകർന്നു നൽകി, പതുക്കെ പതുക്കെ ഞങ്ങൾ മുകളിലോട്ട് കയറിക്കൊണ്ടിരുന്നു. കിന്നർ കൈലാസത്തിലെ ഏറ്റവും ഉയരത്തിലുള്ള ഭാഗവും നോക്കിയാൽ മുകളിൽ കിന്നർ ശിവലിംഗം കാണാനാകുന്നതുമായ ഉയരത്തിലേക്ക് എത്താൻ തന്നെ ഞങ്ങൾ രണ്ടര മണിക്കൂർ എടുത്തു.  അവിടുന്നങ്ങോട്ട്  കിന്നർ കൈലാസ ശിവലിംഗം സ്ഥിതി ചെയ്യുന്ന മലയുടെ മുകളിലേക്കുള്ള വഴി കുത്തനെ മുകളിലോട്ടായിരുന്നു. മാത്രവുമല്ല കയറി ചെല്ലുന്ന പാറയുടെ വശങ്ങളിൽ അഗാധമായ താഴ്ചയുമുണ്ടായിരുന്നു എന്നതിനാൽ ഭയം ജനിപ്പിക്കുന്ന പ്രദേശമായിരുന്നു ഇത്.

ശാന്തസുന്ദരമാണ് മാനസരോവർ കൈലാസമെങ്കിൽ, താണ്ഡവസജ്ജമായ രൗദ്രതയാണ് ശ്രീകണ്ഠ് കൈലാസത്തിലെങ്കിൽ, ശരീരത്തിന്റെ ഒരു അണുവിലും വിഭ്രമമുണർത്തുന്ന, ഭീഭത്സഭാവമാണ് കിന്നർ ശിവലിംഗത്തിനുള്ളത്. ഉത്തുംഗമായ പർവ്വതത്തിന്റെ കിഴുക്കാംതൂക്കായ ഒരു മുനമ്പിൽ 79 അടി ഉയരത്തിൽ അന്തരീക്ഷത്തിലേക്കുയർന്നു നിൽക്കുന്ന കൂർത്ത ശിരസ്സുള്ള കിന്നർ കൈലാസത്തിന്റെ ദർശനത്തിൽ ആരും ഭയഭക്തി ബഹുമാനങ്ങളോടെ പ്രണമിച്ച് പോകുക തന്നെ ചെയ്യും. അത്രയ്ക്കും ഘോരമാണ്, അത്രയ്ക്ക് മാസ്മരികമാണ് ആ ദർശനം. ശിവലിംഗത്തിനടുത്തേയ്ക്ക് എത്തിച്ചേരാൻ ഏതാണ്ട് മൂന്നടി വീതിയും പതിനഞ്ച് അടി നീളവുമുള്ള ഒരു പാറ നീണ്ട് നിൽക്കുന്നുണ്ട്. ഈ പാറയുടെ ഇടത്തെ വശം വളരെ ആഴമുള്ള ഗർത്തമാണ്. ചുമർ കെട്ടിയിരിക്കുന്ന പോലെ കുത്തനെയുള്ള ഈ ഭാഗത്തേയ്ക്ക് നോക്കിയാൽ പിന്നെ ആ പാറയിൽ കൂടി നടന്ന് ശിവലിംഗത്തിനടുത്തേയ്ക്ക് എത്തിച്ചേരാൻ വല്ലാത്ത ഭയം തോന്നും. ശക്തമായി അവിടെ അടിക്കുന്ന കാറ്റിൽ എങ്ങാനും നിലതെറ്റിയോ, അതുമല്ലെങ്കിൽ നനഞ്ഞ് കിടക്കുന്ന പാറയിൽ കാൽ വഴുക്കിയോ ആ ഭാഗത്തേയ്ക്ക് വീണാൽ പിന്നെ ജീവനോടെയിരിക്കാനുള്ള സാദ്ധ്യത ഒട്ടും തന്നെയില്ല. അതിനാൽ തന്നെ പാറയിൽ ഇരുന്നു നിരങ്ങിയാണ് കൂടുതൽ ആളുകളും ശിവലിംഗത്തിനടുത്തേയ്ക്ക് പോയി കൊണ്ടിരുന്നത്. പലരും കൊണ്ട് വന്ന പൂജാ ദ്രവ്യങ്ങളും പലപ്പോഴായി സ്ഥാപിച്ച ചെറിയ ത്രിശൂലങ്ങളും  ശിവലിംഗത്തിന്റെ  കടയ്ക്കൽ ധാരാളമായി ഉണ്ടായിരുന്നു. പ്രഥമ ദർശനവും പൂജകളും കഴിഞ്ഞു ശിവലിംഗത്തിന് എതിർ വശത്തായുള്ള മലയുടെ പരന്നവശത്ത് ഞങ്ങൾ അരമണിക്കൂറോളം ഇരുന്നു. ഇവിടെ നിന്നുള്ള കിന്നർ കൈലാസ ദർശനവും പരിസര വീക്ഷണവും ആസ്വാദ്യകരമായ ഒരനുഭൂതിയാണ് നൽകുന്നത്.

പന്ത്രണ്ട് മണിയോടെ ഞങ്ങൾ ഈ പ്രദേശത്ത് നിന്നും മടക്കയാത്ര ആരംഭിച്ചു. പാറക്കെട്ടുകളിൽ കയറിച്ചെല്ലുന്നതിനേക്കാൾ ബുദ്ധിമുട്ടാണ് ഇറങ്ങിവരുന്നത്. താഴേക്ക് ചാടി ഇറങ്ങിയിടത്ത് നിൽക്കാനാവാതെ വന്നാൽ വലിയ അപകടമായിരിക്കും അതിന്റെ പരിണിതഫലം. അതിനാൽ തന്നെ കയറാൻ എടുത്തതിനെക്കാൾ സമയമെടുത്താണ് ഞങ്ങൾ പാർവ്വതി കുണ്ഡ് വരെ ഇറങ്ങിയത്. അവിടുന്നങ്ങോട്ട് ഇറക്കത്തിന് കാഠിന്യം കുറവായിരുന്നതിനാൽ സാമാന്യം ഭേദപ്പെട്ട വേഗതയിൽ തന്നെ ഇറങ്ങിപ്പോരാൻ സാധിച്ചു. വൈകീട്ട് നാലുമണിയോടെയാണ് ഞങ്ങൾ ഗുഹയുടെ അടുത്തേക്ക് എത്തുന്നത്. ഞങ്ങൾ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന വഴിയിൽ നിന്ന് കുറേയേറെ ഉള്ളിലേക്ക് കയറി പോയാലേ ആ ഗുഹയിലേക്ക് എത്തി ലഗേജ് എടുക്കാനാവൂ എന്ന് വന്നപ്പോൾ സതീഷ് ഒരു നിർദ്ദേശം മുന്നോട്ടുവച്ചു. ഗുഹയിലേക്ക് പോകുന്ന വഴിയിൽ കൂടി സതീഷ് വേഗത്തിൽ നടന്ന് പോകാമെന്നും അവിടെനിന്ന് ഒരു പ്രത്യേക സ്ഥലത്ത് ഈ മൂന്ന് ബാഗുകളുമായി സതീഷ് എത്തിച്ചേരാം എന്നും ഞങ്ങൾ മറ്റൊരു വഴിയിൽ കൂടി ഇറങ്ങി അവിടേക്ക് എത്തിയാൽ മതി എന്നുമായിരുന്നു ആ നിർദേശം. മൂന്ന് ബാഗുകളുമായുള്ള യാത്ര സാധാരണ രീതിയിൽ വളരെ ബുദ്ധിമുട്ടാകും എന്നുള്ളതിനാൽ ഇതിന്റെ വിജയത്തെ പറ്റി ഞങ്ങൾക്ക് ആശങ്കയുണ്ടായിരുന്നു.  അധികദൂരം സഞ്ചരിക്കാനില്ല എന്നുള്ളതുകൊണ്ടും  ഇറക്കമായതുകൊണ്ടും സതീഷ് ഇതിന്റെ സാദ്ധ്യത ഉറപ്പ് പറഞ്ഞ് ഏറ്റെടുക്കുകയും പറഞ്ഞപോലെ ഒരു പ്രത്യേക പ്രദേശത്ത് ഞങ്ങളെ കാത്ത് ബാഗുകളുമായി എത്തിച്ചേരുകയും ചെയ്തു. സതീഷിനെക്കാൾ കുറഞ്ഞ വേഗതയിൽ ഇറങ്ങിവന്നു കൊണ്ടിരുന്ന ഞങ്ങൾ അവിടെ വച്ച് ബാഗുകൾ ഏറ്റെടുത്ത് പിന്നീടങ്ങോട്ട് ഒരുമിച്ച് താഴേക്കിറങ്ങാൻ ആരംഭിച്ചു. ഗണേഷ് പാർക്കിൽ ഞങ്ങൾ എത്തിച്ചേർന്നപ്പോൾ വൈകീട്ട് എട്ടു മണി ആയിട്ടുണ്ടായിരുന്നു. ഇന്ന് അവിടെ തങ്ങി നാളെ പോകാം എന്നായിരുന്നു സതീഷ് അഭിപ്രായപ്പെട്ടത്.  കഠിനമായ യാത്രയുടെ ഫലമായി ശാരീരികമായി നല്ല ക്ഷീണം ഉണ്ടെങ്കിലും  മുഷിഞ്ഞ വസ്ത്രങ്ങളുമായി കുളിക്കാതെ ആ രാത്രി അവിടെ കിടക്കാൻ ശ്രമിച്ചാൽ ശരിയായ വിശ്രമം ലഭിക്കില്ലെന്നതിനാൽ സാധ്യമെങ്കിൽ രാത്രിയിൽ തന്നെ മലയിറങ്ങാം എന്നായി ഞങ്ങൾ. അൽപ്പനേരത്തെ വാഗ്വാദങ്ങൾക്ക് ശേഷം ഭക്ഷണം കഴിച്ച് രാത്രിയിൽ തന്നെ മലയിറങ്ങാൻ സതീഷ് സമ്മതിച്ചു. ഗണേഷ് പാർക്കിൽ നിന്നും വാടകയ്ക്ക് എടുത്തിരുന്ന സ്ലീപ്പിങ് ബാഗുകൾ തിരിച്ചേൽപ്പിച്ച് അതിന് അടുത്തുതന്നെയുള്ള ഒരു ചെറിയ ഭക്ഷണശാലയിൽ നിന്ന് ഭക്ഷണം കഴിച്ച്, കുപ്പികളിൽ വെള്ളവും നിറച്ച് ഞങ്ങൾ ടോർച്ചും  ഹെഡ് ലൈറ്റും  ഉപയോഗിച്ച് മലയിറങ്ങാൻ ആരംഭിച്ചു.  എളുപ്പത്തിൽ ഇറങ്ങി പോരാം എന്നുള്ള ധാരണ തെറ്റായിരുന്നുവെന്ന് വഴിയിൽവെച്ച് ബോധ്യമായി. തരിമ്പും വെളിച്ചം ഇല്ലാതിരുന്ന വഴികളിൽ പലയിടത്തും ടോർച്ച് തെളിക്കുന്ന ഭാഗങ്ങളിലുള്ളതല്ലാതെ മറ്റൊന്നും തന്നെ കാണാനാകുന്ന അവസ്ഥയുണ്ടായിരുന്നില്ല. ഇത് യാത്രയുടെ ഗതിയെ വളരെ പ്രതികൂലമായി ബാധിച്ചു. മറ്റൊരു പ്രതിസന്ധി കുപ്പികളിൽ കൊണ്ടുവന്നിരുന്ന വെള്ളം ഇടയ്ക്കുവെച്ച് തീർന്നതാണ്. പിന്നീട് വെള്ളം ലഭ്യമാകണമെങ്കിൽ റിക്കോങ് പ്യോ ഗ്രാമത്തിന് അടുത്തുള്ള നീരുറവയുടെ അവിടെ ചെന്നാൽ മാത്രമേ സാധ്യതയുണ്ടായിരുന്നുള്ളൂ. ഇതെല്ലം മറികടന്നു  ഒരു രാത്രി മുഴുവൻ നടന്ന് പുലർച്ചെ  നാലരയോടെ ഞങ്ങൾ യാത്ര ആരംഭിച്ച  റിക്കോങ് പ്യോ ഗ്രാമത്തിന്റെ മുന്നിലെത്തി. നാല്പത്തെട്ട്‍ മണിക്കൂറിൽ കുറവ് സമയം കൊണ്ട് കിന്നർ കൈലാസയാത്ര പൂർത്തികരിക്കാനായത് അത്ഭുതകരമായ കാര്യമാണ് എന്നാണ് പിന്നീട് കൽപ്പയിൽ വെച്ച് പലരും ഇതിനെക്കുറിച്ച് പറഞ്ഞത്. ഞങ്ങൾക്ക് എങ്ങിനെയോ ഇത് സാധിച്ചുവെങ്കിലും ഇത് മാതൃകയാക്കേണ്ട ഒരു കാര്യമാണ് എന്നഭിപ്രായമില്ല, കാരണം ഇങ്ങിനെ ചെയ്യുന്നത് ശരീരത്തിന് അനാവശ്യമായ കഷ്ടതകളാണ് ഏല്പിക്കുന്നത്. വേണ്ടത്ര വിശ്രമത്തോടെ മല കയറി ഇറങ്ങുന്നത് തന്നെയാണ് അഭികാമ്യം. 

റിക്കോങ് പ്യോയിൽ നിന്ന് ഞങ്ങൾ വിളിച്ചറിയിച്ചതനുസരിച്ച് അരമണിക്കൂറിനുള്ളിൽ ദിലീപ് വാഹനവുമായി എത്തിച്ചേർന്നു.  സതീഷിനെ പറഞ്ഞുറപ്പിച്ചതിനേക്കാൾ കൂടുതൽ പ്രതിഫലം നൽകി ഞങ്ങളുടെ വാഹനത്തിൽ തന്നെ അദ്ദേഹത്തിന്റെ വീട്ടിൽ കൊണ്ട് ചെന്നാക്കിയ ശേഷമാണ് ഞങ്ങൾ തിരിച്ച് കൽപ്പയിലെ  ഹോട്ടലിലേക്ക്  ദിലീപിനൊപ്പം തിരിച്ച് പോന്നത്. ഈ യാത്രയുടെ പൂർത്തീകരണത്തിന് മുൻപായി രണ്ട് പ്രധാനപ്പെട്ട സ്ഥലങ്ങൾ കൂടി ഞങ്ങൾക്ക് സന്ദർശിക്കാൻ ഉണ്ടായിരുന്നതിനാൽ ആ സ്ഥലങ്ങളിലേക്കുള്ള യാത്രയ്ക്ക് ഞങ്ങൾ ദിലീപിനെയും അദ്ദേഹത്തിന്റെ വാഹനത്തെയുമാണ് പറഞ്ഞുറപ്പിച്ചിരുന്നത്. കൽപ്പയിൽ നിന്നും 400 കിലോമീറ്റർ അകലെയുള്ള തിബത്തൻ ബുദ്ധമതത്തിന്റെ പരമോന്നത ആത്മീയാചാര്യൻ ദലൈലാമയുടെ ഇന്ത്യയിലെ ആസ്ഥാനമായ ധർമ്മശാലയും, യാതൊരുവിധത്തിലുള്ള ഇന്ധനങ്ങളുമില്ലാതെ പാറക്കല്ലിൽ നിന്ന് തനിയെ ദീപം തെളിയുന്ന ജ്വലാമുഖി മന്ദിരവുമായിരുന്നു ഞങ്ങളുടെ ഈ യാത്രയിൽ കൂടുതലായി ഉൾപ്പെടുത്തിയിരുന്ന ആ രണ്ട്  ലക്ഷ്യസ്ഥാനങ്ങൾ. തിരിച്ച് ഹോട്ടലിൽ ചെന്ന് നാലോ അഞ്ചോ ആറോ മണിക്കൂർ ഉറങ്ങി കഴിഞ്ഞു ഉച്ചയ്ക്ക് 12 മണിയോട് കൂടി ദിലീപിനൊപ്പം ധർമ്മശാലയിലേക്കുള്ള യാത്ര ആരംഭിക്കാമെന്നായിരുന്നു ഞങ്ങൾ ആലോചിച്ചുറപ്പിച്ചിരുന്ന പദ്ധതി. അതിൻപ്രകാരം കൽപ്പ ഹോട്ടലിൽ എത്തി കുളിച്ച് വൃത്തിയായി, അവർ തയ്യാറാക്കി വെച്ചിരുന്ന ഭക്ഷണം കഴിച്ച്, തെളിഞ്ഞ് കൊണ്ടിരുന്ന കൽപ്പയുടെ പുലരിയെ സാക്ഷിയാക്കി ഞങ്ങൾ ഉറങ്ങാൻ കിടന്നു.  അപ്പോഴും മനസ്സിനുള്ളിൽ കിന്നർ കൈലാസത്തിന്റെ ദർശനസായൂജ്യാനന്ദത്തിന്റെ തിരകൾ അലയടിച്ചാർത്തുകൊണ്ടേയിരുന്നു.

Way to Kinnaur Kailash
Way to Kinnaur Kailash
« 1 of 7 »
Share: