Kinnaur Kailash

നിശബ്ദമായ ഒരു രാത്രിയായിരുന്നു കൽപ്പയിലേത്. യാതൊരു തടസ്സങ്ങളുമില്ലാതെ പുലരും വരെ സുഖമായി ഉറങ്ങാൻ സാധിച്ചു. മൂന്നരയ്ക്ക് അലാം അടിച്ചപ്പോൾ വളരെ ഊർജ്ജസ്വലതയോടെയാണ് ഉണർന്നെഴുന്നേറ്റത്. ഇതുതന്നെ അന്നത്തെ ദിവസത്തിന്റെ തുടർ സംരംഭങ്ങൾക്ക് മികച്ച ആരംഭം നൽകി. നാലരയോടെ തന്നെ ഞങ്ങൾ മൂന്ന് പേരും കുളിച്ച് തയ്യാറായി പുറത്ത് വന്നു. നല്ല മൂടൽമഞ്ഞ് ഉണ്ടായിരുന്നതിനാൽ കിന്നർ കൈലാസ ദർശനം ലഭിക്കുന്ന ഭാഗത്ത് ഒന്നും തന്നെ കാണാനാകുമായിരുന്നില്ല.  എങ്കിലും ആ ദിശയിലേക്ക് നോക്കി ലിംഗാഷ്ടകവും, ശിവാഷ്ടകവും, വിശ്വനാഥാഷ്ടകവും നിന്നനില്പിൽ പൂർത്തീകരിച്ച ശേഷമാണ് ഞങ്ങൾ ഹോട്ടൽ മുറിയിൽനിന്ന് താഴേക്കിറങ്ങി വന്നത്. പ്രതീക്ഷിച്ചപോലെ തന്നെ ദിലീപ് മുൻപേ വന്ന് അവിടെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ഏകദേശം മൂന്നുദിവസം എടുക്കാവുന്ന ഒരു യാത്രയാണ് ഞങ്ങളുടെ മുന്നിൽ കിടക്കുന്നത് എന്നതിനാൽ മൂന്ന് ദിവസത്തേക്ക് വേണ്ട ലഗേജുകളാണ് ഞങ്ങൾ കയ്യിൽ കരുതിയിരുന്നത്.  കഠിനമായ കയറ്റം എന്നുള്ള ധാരണയിൽ ലഗേജ് ഭാരം പരമാവധി കുറയ്ക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ അതേസമയം  ശ്രീകണ്ഠ കൈലാസത്തിൽ പരിക്രമദിവസത്തിൽ അനുഭവിച്ച ഭക്ഷണവും വെള്ളവും ഇല്ലായ്മ വീണ്ടും അനുഭവിക്കാതിരിക്കാനായി ഏറെ ദിവസം ഇരുന്നാലും കേടുവരാത്ത ഗുജറാത്തി വിഭവമായ തേപ്പ്ല പോലുള്ള അത്യാവശ്യം ഭക്ഷണസാധനങ്ങളും ഞങ്ങൾ കയ്യിൽ കരുതിയിരുന്നു. ഓരോരുത്തരും വെള്ളം കൊണ്ടു പോകാനായി രണ്ടു വീതം കുപ്പിയും, പുറമെ ഖരഇന്ധനം കൊണ്ട് പ്രവർത്തിക്കുന്ന ഒരു പോർട്ടബിൾ സ്റ്റൗവും കൂടി കരുതിയിരുന്നു. താഴ്‌വാരം കഴിഞ്ഞ് മുകളിലോട്ട് പോകുന്ന വഴിയിൽ അപൂർവ്വമായേ വെള്ളം ലഭിക്കാൻ സാധ്യതയുള്ളൂവെന്നതിനാൽ ലഭിക്കുന്ന എല്ലായിടത്തുനിന്നും വാട്ടർ ബോട്ടിലുകൾ നിറച്ച് വെള്ളം കയ്യിൽ കരുതി വയ്ക്കണമെന്ന് ദിലീപും ഞങ്ങൾക്ക് ഉപദേശം നൽകി. നാലേമുക്കാലോട് കൂടി ഞങ്ങൾ യാത്ര ആരംഭിച്ചു. കനത്ത മൂടൽമഞ്ഞും കൊടും വളവുകളും ഉള്ള ആ വഴിയിൽ കൂടി ഹെഡ് ലൈറ്റിന്റെ സഹായത്താൽ വളരെ പാടുപെട്ടാണ് ആ മേഖലയിൽ പരിചയസമ്പന്നനായ ദിലീപ് പോലും വാഹനം ഓടിച്ചിരുന്നത്. യാത്രയ്ക്ക് ഒരു പ്രചോദനമാകട്ടെയെന്ന് കരുതിയായിരിക്കണം ശിവതാണ്ഡവത്തിന്റെ വളരെ മനോഹരമായ ഒരു സംഗീത ആവിഷ്കാരമായിരുന്നു ദിലീപ് അപ്പോൾ വാഹനത്തിൽ പാടിച്ചു കൊണ്ടിരുന്ന ഗാനം. ശരീരത്തിലും മനസ്സിലും ഊർജ്ജം നിറയ്ക്കുന്ന വിധത്തിലുള്ള ആ ഗാനം പിന്നീട് എപ്പോൾ കേട്ടാലും അന്നത്തെ ആ പ്രഭാതത്തിലെ യാത്രയുടെ ഓർമ്മകൾ മനസ്സിലേയ്ക്ക് ഓടിയെത്തും.

പൂവാറി കടന്നു രണ്ട് കിലോമീറ്റർ അപ്പുറത്ത് നിന്ന് പാലം മുറിച്ച് കടന്നു ഞങ്ങൾ റിക്കോങ് പ്യോയുടെ മുൻവശത്തേക്ക് കടന്നു വന്നു. വാഹനങ്ങൾ പോകുന്ന ഈ വഴിയിൽ നിന്ന് കുത്തനെ അൻപത് അടി ഉയരത്തിലേക്ക് കെട്ടിയുണ്ടായിരിക്കുന്ന സിമന്റ് പടവുകളിൽ കൂടിയാണ് കിന്നർ കൈലാസയാത്ര ആരംഭിക്കുന്നത്. യാത്രയുടെ ആദ്യഘട്ടം റിക്കോങ് പ്യോ ഗ്രാമത്തിനുള്ളിൽ കൂടിയാണ് കടന്നുപോകുന്നത്. ഞങ്ങൾ ഗൈഡിനെ കാത്ത് ഈ വഴിയുടെ മുൻവശത്തായി കാറിൽ ചാരിനിൽക്കുന്ന സമയത്ത്  പല യാത്രക്കാരും അവിടെ വരികയും യാത്ര ആരംഭിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അല്പനേരം കാത്തുനിന്ന ശേഷമാണ് ദിലീപിന് ഗൈഡിനെ ഫോണിൽ ലഭിച്ചത്. ഗൈഡിൽ നിന്ന് ലഭിച്ച നിർദ്ദേശമനുസരിച്ച് വാഹനം കുറച്ച് കൂടി മുന്നോട്ട് ദിലീപ് കൊണ്ടുപോവുകയും ചെയ്തു. ഒരു മാരുതി 800 കാർ ഓടിച്ചാണ് ഞങ്ങളുടെ ഗൈഡ് സതീഷ് കുമാർ എത്തിച്ചേർന്നത്. അവിടെവെച്ച് പരസ്പരം പരിചയപ്പെട്ട് കഴിഞ്ഞപ്പോൾ യാത്ര തുടങ്ങുന്നതിനു മുമ്പായി ആ മലമുകളിലെ തന്നെ അല്പം ദൂരെയുള്ള ഗ്രാമത്തിലെ സ്വന്തം വീട്ടിൽ കാർ എത്തിച്ചതിനുശേഷം മാത്രമേ തനിക്ക് യാത്ര ചെയ്യാനാകൂ എന്ന് സതീഷ് അറിയിച്ചു. അതിനായി ഞങ്ങൾ കൂടി സതീഷിന്റെ കാറിൽ കയറുകയും സതീഷ് അതേ മലയുടെ മറ്റൊരു വശത്തുള്ള സ്വന്തം ഗ്രാമത്തിലേക്ക് കാറോടിച്ച് പോവുകയും ചെയ്തു. ഏതാണ്ട് അഞ്ച് ആറു കിലോമീറ്ററപ്പുറം കുറച്ചുദൂരം മലയുടെ മുകളിലേക്ക് ഓടിച്ച് ചെന്നപ്പോൾ തദ്ദേശീയ നിർമ്മാണ രീതികളിൽ പണിതിട്ടുള്ള ഒരു ചെറിയ വീടിന് മുന്നിൽ എത്തി. കാർ അവിടെ പാർക്ക് ചെയ്തശേഷം വീട്ടിൽനിന്ന് അത്യാവശ്യം വേണ്ട വസ്ത്രങ്ങളും ഭക്ഷണവും എടുത്ത് സതീഷ് ഞങ്ങളോടൊപ്പം നടക്കാൻ തുടങ്ങി. തിരിച്ചിറങ്ങിവന്ന് റിക്കോങ് പ്യോയിൽ നിന്ന് യാത്ര ആരംഭിക്കുന്നതിന് പകരം ഇവിടെ നിന്ന് കിന്നർ കൈലാസയാത്ര പാതയിലേക്ക് കടന്നുപോകാനായി മലമുകളിൽ കൂടിയുള്ള ഒരു എളുപ്പവഴിയെ ആശ്രയിക്കാനാണ് സതീഷ് തീരുമാനിച്ചിരുന്നത്. തുടക്കത്തിൽ ഈ എളുപ്പവഴി ആയാസരഹിതമായി കാണപ്പെട്ടുവെങ്കിലും ക്രമേണ വളരെ ബുദ്ധിമുട്ടുള്ളതും പ്രദേശവാസികൾക്ക് മാത്രം ഉപയോഗിക്കാനാവുന്നതുമായ രീതിയിലേക്ക് മാറി. പലയിടത്തും വെള്ളമൊഴുകുന്ന പാറക്കെട്ടുകൾ ഷൂ നനയാതെ മറികടക്കാൻ ശക്തമായി ചാടേണ്ടതായി വന്നു. പല പാറക്കെട്ടുകളും ഒരാളെ പൊക്കികയറ്റി അയാൾ ബാക്കിയുള്ളവരെ മുകളിൽ നിന്ന് കൈ നീട്ടി വലിച്ചു കയറ്റി എടുക്കേണ്ട അത്രയും ബുദ്ധിമുട്ടുള്ളതുമായിരുന്നു. എങ്കിലും സതീഷിന്റെ സഹായവും രാവിലെ തന്നെ ആയതിനാൽ അപ്പോഴും നിറഞ്ഞുനിൽക്കുന്ന ശാരീരികശക്തിയും കാരണം വളരെ രസകരമായി തന്നെ ഈ പ്രദേശങ്ങൾ കടന്നുപോയി. വെള്ളച്ചാട്ടമുള്ള ഒരു പ്രദേശത്ത് എത്തിയപ്പോൾ താൻ ഒന്നും കഴിച്ചിട്ടില്ല എന്ന് പറഞ്ഞ് സതീഷ് കൊണ്ടുവന്നിരുന്ന ഭക്ഷണം അവിടെ വച്ച് കഴിക്കാനായി താല്പര്യപ്പെട്ടു. ഞങ്ങളും അതോടൊപ്പം ചേരുകയും ഞങ്ങൾ കയ്യിൽ കരുതിയിരുന്ന ഭക്ഷണത്തിൽ നിന്ന് കുറച്ചെടുത്ത് ഒരുമിച്ചിരുന്ന് എല്ലാവരും പരസ്പരം പങ്കുവെച്ച് കഴിക്കുകയും ചെയ്തു. ഇവിടെ നിന്ന് വീണ്ടും യാത്ര പുറപ്പെട്ട് ഏതാണ്ട് 8 മണിയോട് കൂടി ഞങ്ങൾ കിന്നർ കൈലാസത്തിലേക്കുള്ള പ്രധാന വഴിയിലേക്ക് എത്തിച്ചേർന്നു. ഈ വഴിയിൽ കൂടി ധാരാളം യാത്രക്കാർ മുകളിലേക്ക് കയറി കൊണ്ടിരിക്കുന്നുണ്ടായിരുന്നു. ഇനി ഇവിടുന്ന് ഒരു നാല് മണിക്കൂറെങ്കിലും കയറിയെങ്കിൽ മാത്രമേ അടുത്ത പ്രധാന ക്യാമ്പായ ഗണേഷ് പാർക്കിൽ എത്തിച്ചേരാൻ സാധിക്കുവെന്നാണ് സതീഷ് ഞങ്ങളോട് കണക്കുകൂട്ടി പറഞ്ഞത്.

മറ്റു യാത്രകളുമായി താരതമ്യം ചെയ്യുമ്പോൾ കിന്നർ കൈലാസയാത്രയുടെ പ്രധാന സവിശേഷത നിരന്തരവും കുത്തനെയുള്ളതുമായ അതിൻ്റെ കയറ്റം തന്നെയാണ്. വളരെ ചുരുങ്ങിയ ദൂരത്തിനുള്ളിൽ വളരെ കൂടിയ ഉയരത്തിലേക്ക് കയറി ചെല്ലേണ്ടതിനാൽ താരതമ്യേന എല്ലാ പ്രദേശത്തും കഠിനമായ കയറ്റം തന്നെയാണ് ഈ വഴികളിൽ. ഞങ്ങൾ പ്രധാന പാതയിലേക്ക് കൂടിച്ചേർന്ന പ്രദേശത്തുനിന്നും അല്പം കൂടി മുകളിൽ ചെന്നപ്പോൾ ചില ക്യാമ്പുകൾ കാണാൻ സാധിച്ചു. ആദ്യ ദിവസത്തെ യാത്ര ഈ ക്യാമ്പിൽ അവസാനിപ്പിക്കുന്ന യാത്രക്കാർ പോലും ഉണ്ട്. അത്രയേറെ കാഠിന്യമുള്ളതാണ് ഈ വഴികൾ. മഴയില്ലാത്തതിനാൽ ചളിയുടെയോ വഴുക്കലിൻ്റെയോ പ്രശ്നങ്ങളെ ഞങ്ങൾക്ക് അഭിമുഖീകരിക്കേണ്ടതായി വന്നില്ല. എന്നിരിക്കിലും സൂര്യൻ ഉദിച്ചു പൊന്താൻ തുടങ്ങിയതോടെ വർദ്ധിച്ച് വന്നിരുന്ന ചൂട് കയറ്റത്തിന്റെ വേഗതയെ കാര്യമായി ബാധിക്കാൻ തുടങ്ങി. താഴ്‌വരപ്രദേശങ്ങളിൽ അനുഭവപ്പെടുന്നതുമായി താരതമ്യം ചെയ്താൽ ഒട്ടും തീക്ഷണത ഇല്ലാത്തതാണ് ഈ വെയിലെങ്കിലും കഠിനമായ മലകയറ്റത്തിൽ ഈ ചൂട് പോലും ദാഹം വർദ്ധിപ്പിക്കാനും ക്ഷീണം കൂട്ടാനും കാരണമാകും. അടിവാരത്തിന് ശേഷം ഒരിടത്തും വെള്ളം കിട്ടാനില്ല എന്നുള്ളതും ഈ യാത്രയിൽ എടുത്തുപറയേണ്ട ഒരു ബുദ്ധിമുട്ടാണ്. മുകളിലേക്ക് കയറും തോറും റിക്കോങ് പ്യോ ഗ്രാമവും ഏതാണ്ട് സമാന്തരമായ ഉയരത്തിൽ കൽപ്പ ഗ്രാമവും അതിമനോഹരമായി നമുക്ക് കാണാനാവും. കൽപ്പയുടെ ഉയരത്തെ മറികടക്കുന്ന ഉയരത്തിലേക്ക് എത്തുമ്പോഴേക്കും സാമാന്യം നല്ല രീതിയിൽ കിതപ്പും ക്ഷീണവും നമ്മളെ ബാധിക്കുകയും ചെയ്യും. സതീഷിന്റെ കണക്കുകൂട്ടലുകൾ അല്പം പിഴച്ചേക്കാം എന്നുറപ്പിക്കുന്ന രീതിയിൽ ഞങ്ങളുടെ യാത്രയുടെ ഗതി ക്രമേണ സാവധാനത്തിലാകാൻ തുടങ്ങി. കയറ്റം അതിൻ്റെ സർവ്വപ്രഭാവങ്ങളും കാണിക്കാൻ തുടങ്ങുകയായിരുന്നു. ഓരോ ചുവടും മുന്നോട്ടുവയ്ക്കാൻ അത്യദ്ധ്വാനം ചെയ്യേണ്ട വിധത്തിലുള്ള ശാരീരിക അവസ്ഥയിലേക്ക് ഞങ്ങളെ മാറ്റാൻ കിന്നർ കൈലാസത്തിന്റെ പ്രസിദ്ധമായ കയറ്റത്തിന് വളരെ എളുപ്പത്തിൽ തന്നെ സാധിച്ചു. വേഗത അല്പം കുറഞ്ഞാലും കയറി കൊണ്ടിരിക്കുന്നത് നിർത്തുകയില്ല എന്നുള്ള നിശ്ചയദാർഢ്യത്തോടെ ബോലേയുടെ നാമം ഇടയ്ക്കിടെ മുഴക്കിക്കൊണ്ട് ഞങ്ങൾ അടിവെച്ചടിവെച്ച് മുകളിലോട്ട് തന്നെ കയറിക്കൊണ്ടിരുന്നു.

സാധാരണ വളരെയേറെ യാത്രക്കാർ രാത്രി തങ്ങാൻ തിരഞ്ഞെടുക്കുന്ന സ്ഥലമാണ് ഗണേഷ് പാർക്ക്. ധാരാളം ടെന്റുകളും, ഭക്ഷണം വെള്ളം തുടങ്ങിയ സൗകര്യങ്ങളും ഗണേഷ് പാർക്കിൽ ലഭ്യമാണ്. ഗണേഷ് പാർക്കിന് ശേഷം ഏകദേശം രണ്ട് മണിക്കൂറെങ്കിലും കയറിയാൽ മാത്രമേ ഗുഫ എന്നറിയപ്പെടുന്ന ഗുഹകൾ നിറഞ്ഞ പ്രദേശത്ത് എത്തിച്ചേരാൻ സാധിക്കൂ. ഈ ഗുഹകളും സഞ്ചാരികളുടെ പ്രിയപ്പെട്ട രാത്രി സങ്കേതങ്ങളാണ്. അതികഠിനമായ തണുപ്പ് ഹിമാലയത്തിൽ പൊതുവിലുള്ളതാണെങ്കിലും കിന്നർ കൈലാസ യാത്രയിൽ ഭയപ്പെടേണ്ടതുള്ളത് തണുപ്പ് മാത്രമല്ല രാത്രി ഒൻപത് മണി മുതൽ പുലർച്ചെ രണ്ട് മണി വരെ ആ മലയോരപ്രദേശത്ത് വീശുന്ന ശക്തമായ കാറ്റിനെക്കൂടിയാണ്. എത്ര പരിചിതരായിരുന്നാലും ഈ കാറ്റ് കൊള്ളാൻ തുടങ്ങിയാൽ ശരീരത്തിലെ ചൂട് അത് വളരെ വേഗത്തിൽ വലിച്ചെടുക്കാൻ ആരംഭിക്കും. ഒരു രാത്രി മുഴുവൻ തുറസ്സായ സ്ഥലത്ത് സ്ലീപ്പിങ് ബാഗുകൾ ഉണ്ടെങ്കിൽ പോലും ഇത്തരത്തിൽ കിടന്നുറങ്ങുക പ്രായോഗികമല്ല. അതിനാൽ തന്നെ ഈ രണ്ട് ക്യാമ്പുകളിൽ ഒന്ന് തിരഞ്ഞെടുക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഗണേഷ് പാർക്ക് തിരഞ്ഞെടുക്കുകയാണെങ്കിൽ പിറ്റേന്ന് നടക്കാൻ പോകുന്ന ഇന്നത്തെക്കാൾ കഠിനമായ മലകയറ്റത്തിന്റെ കൂടെ ഗണേഷ് പാർക്കിൽ നിന്ന് ഗുഹ വരെയുള്ള ദൂരം കൂടി കയറേണ്ടതായി വരും. മറിച്ച് ആദ്യത്തെ ദിവസം തന്നെ ഗുഹയിൽ എത്തിപ്പെടാൻ സാധിച്ചാൽ അത്രയും ദൂരം കുറച്ച് പിറ്റേന്നത്തെ പരിക്രമയാത്രയ്ക്കായി കയറിയാൽ മതി. അതിനാൽ തന്നെ ഗുഹയിൽ എത്തിച്ചേരാനായിരുന്നു ഞങ്ങളുടെ പരിശ്രമം. എന്നാൽ ഗുഹയിൽ എത്തിച്ചേർന്നാൽ മാത്രം മതിയാകുമായിരുന്നില്ല, നേരത്തെ തന്നെ എത്തിച്ചേരണമായിരുന്നു. കാരണം അഞ്ചാറ് പ്രധാനപ്പെട്ട ഗുഹകളും അതിന്റെ ചുറ്റുവട്ടത്തായി മൂന്നോ നാലോ ചെറിയ ഗുഹകളും അടങ്ങുന്നതാണ് ഈ പ്രദേശം. ആദ്യമാദ്യം എത്തിച്ചേർന്ന യാത്രക്കാർ ഏറ്റവും സൗകര്യപ്രദമായ സ്ഥലങ്ങൾ മുൻപേതന്നെ കൈയ്യടക്കി വയ്ക്കും. അതിനാൽ നേരത്തെ എത്താനാവാതെ ഗുഹയിൽ ഇടംകിട്ടാതെ വരുന്ന അവസ്ഥ ഉണ്ടായാൽ പിന്നെ രാത്രി തങ്ങാൻ താഴേക്കിറങ്ങി വരേണ്ടതായി വരും. രണ്ടാമത്തെ പ്രശ്നം കിന്നർ കൈലാസയാത്രയുടെ ഈ സമയത്ത് തന്നെ നടക്കുന്ന ഇന്ത്യൻ മിലിട്ടറിയുടെ പരിശീലനമാണ്. ഇന്ത്യൻ മിലിറ്ററിയുടെ ജവാന്മാർ അവരുടെ പരിശീലനത്തിന്റെ ഭാഗമായി ഇതേ മലകയറുകയും ഗുഹയിൽ താവളമടിച്ച് ഒന്ന് രണ്ട് ആഴ്ച്ച നീളുന്ന പരിശീലനക്കളരികൾ നടത്തുകയും ചെയ്യാറുണ്ട്. മുകളിൽ മിലിട്ടറി ഉണ്ടെങ്കിൽ പിന്നെ സാധാരണക്കാർക്ക് ഗുഹകളിൽ ഇടമൊന്നും ബാക്കിയുണ്ടാകാൻ സാധ്യതയില്ല. ഭാഗ്യവശാൽ മുകളിലുള്ള മിലിട്ടറിക്കാരുടെ എണ്ണം കുറവാണെങ്കിൽ ഇടം ലഭിക്കാൻ സാധ്യത ഉണ്ട് താനും. ഇതും കൃത്യമായി അറിയണമെങ്കിൽ പരമാവധി നേരത്തെ തന്നെ ഗുഹയുടെ മുകളിൽ എത്തിച്ചേർന്നാൽ മാത്രമേ നടക്കൂ എന്നതിനാൽ വേഗത്തിലുള്ള മലകയറ്റം ഒഴിച്ചുകൂടാനാവാത്ത ഒരു സംഗതിയാണ്. കയറ്റത്തിന്റെ കാഠിന്യം കാരണം എത്ര ശ്രമിച്ചിട്ടും വേഗത കൂട്ടാനും സാധിക്കുന്നുണ്ടായിരുന്നില്ല. ഞങ്ങളുടെ അപ്പോഴത്തെ വേഗതയിൽ സമയത്ത് ഗുഹയിൽ എത്താനാകുമോ എന്ന സംശയത്താൽ ഗണേഷ് പാർക്കിൽ എത്തിയപ്പോൾ സതീഷ് തന്റെ പരിചയക്കാരായ ടെന്റുകാരുടെ അടുത്ത് പോയി ഞങ്ങൾക്കായി 4 സ്ലീപ്പിങ് ബാഗുകൾ വാടകയ്ക്കെടുത്തു. ഗുഹ കിട്ടുകയാണെങ്കിൽ പോലും മുകളിലെ തണുപ്പിന് സ്ലീപ്പിങ് ബാഗുകൾ വളരെ സഹായകരമായിരിക്കും എന്നാണ് സതീഷ് അഭിപ്രായപ്പെട്ടത്.  

മുകളിലേക്ക് കയറുന്ന വഴിയിൽ ധാരാളം മിലിറ്ററിക്കാരെയും മിലിറ്ററിയിൽ ആണെങ്കിലും ഇപ്പോൾ ലീവിലുള്ള ഹിമാചൽകാരെയും കാണാൻ സാധിച്ചു. ലീവിലുള്ളവർ എല്ലാവർഷവും അവർ വ്യക്തിപരമായി നടത്തുന്ന കിന്നർ കൈലാസയാത്രയ്ക്കായി വന്നതായിരുന്നു. അതിലൊരാൾ വളരെ പെട്ടന്ന് സൗഹൃദം ആവുകയും മുകളിൽ എത്തുന്ന സമയത്ത് ആവശ്യമെങ്കിൽ ഗുഹക്കുള്ളിൽ താമസിക്കാനുള്ള സൗകര്യം സംഘടിപ്പിച്ചു തരാമെന്ന് ഏൽക്കുകയും ചെയ്തു. ഇതൊക്കെയാണെങ്കിലും ഗുഹ മുൻപേ തന്നെ നിറഞ്ഞിരിക്കാൻ സാധ്യതയുണ്ട് എന്ന് മറ്റു പല യാത്രക്കാരിൽ നിന്ന് ഞങ്ങൾക്ക് സൂചനകൾ ലഭിച്ചിരുന്നു. ഏതാണ്ട് ആറരയോടെ ഗുഹയിലേക്ക് പോകുന്ന വഴിയിൽ വലിയൊരു കയറ്റത്തിന്റെ താഴ്‌വാരത്ത് ഒരുപാട് യാത്രക്കാർ തങ്ങളുടെ ക്യാമ്പുകൾ സ്ഥാപിച്ചിരിക്കുന്നത് കാണാൻ സാധിച്ചു. മുകളിൽ നിന്ന് വരുന്ന ജലധാര ഇവിടെ ഒരു ചെറിയ വെള്ളച്ചാട്ടം പോലെ താഴേക്ക് പതിക്കുന്നുണ്ടായിരുന്നു. ഈ ജലധാര കെട്ടിനിന്ന് അത്യാവശ്യം വലിപ്പത്തിലുള്ള ഒരു ജലാശയവും ഇവിടെയുണ്ടായിരുന്നു. വാടകയ്ക്ക് എടുക്കാമായിരുന്ന ഒരുപാട് ക്യാമ്പുകൾ ഇവിടെയും ഉണ്ടായിരുന്നുവെങ്കിലും കൂടുതലും സംഘങ്ങളായി വന്ന് ക്യാമ്പടിച്ച വ്യക്തികളുടേതായിരുന്നു. ഇവിടെ തങ്ങാതെ ഗുഹ വരെയുള്ള കഠിനമായ കയറ്റം കയറാനായി ഞങ്ങൾ മുന്നോട്ട് നടക്കുമ്പോൾ ദൂരെനിന്ന് ആരോ പേരെടുത്ത് വിളിക്കുന്നത് കേട്ടു. തിരിഞ്ഞു നോക്കിയപ്പോൾ അത് കന്ദർപായിരുന്നു. മലകയറ്റത്തിനിടയ്ക്ക് പരസ്പരം കാണാനായില്ലയെങ്കിലും ഇവിടെ വെച്ചെങ്കിലും കാണാൻ സാധിച്ചത് വളരെ സന്തോഷകരമായ ഒരു അനുഭവമായി. കന്ദർപിൻന്റെ കൂടെ വന്നിരിക്കുന്ന വലിയ സംഘം ഇന്നത്തെ യാത്ര അവിടെ അവസാനിപ്പിക്കാനും ഇവിടെത്തന്നെ രാത്രിയിൽ തങ്ങാൻ വേണ്ട ക്യാമ്പ് ഉണ്ടാക്കാനുമാണ് തീരുമാനിച്ചിരുന്നത്. സൗഹൃദവും പുതുക്കി നാളത്തെ പരിക്രമണ യാത്രയിൽ കാണാമെന്ന് പരസ്പരം വാക്കും നൽകി ഞങ്ങൾ മുന്നോട്ട് നടന്നു. 27 ദിവസം നീണ്ട് നിന്ന കൈലാസയാത്രയിൽ നിന്നുള്ള ആളുകളെ കാണുമ്പോൾ കുടുംബാംഗങ്ങളെ കാണുന്നതിന് തുല്യമായ ആനന്ദം അനുഭവിക്കാൻ ഇന്നും സാധിക്കുന്നുണ്ട് എന്നതാണ് ആ യാത്ര ഞങ്ങളിൽ ഉണ്ടാക്കിയ ആത്മബന്ധം. ഒരുമിച്ച് തീർത്ഥയാത്ര ചെയ്യുന്നവർ പൂർവ്വ ജന്മങ്ങളിൽ പരസ്പരം ബന്ധപ്പെട്ടിരുന്നവരായിരിക്കും എന്നുള്ള ഒരു വിശ്വാസവും ഭക്തരിൽ നിലവിലുണ്ട്.

ഏതാണ്ട് ഏഴരയോടടുത്തു ഞങ്ങൾ ഗുഹയുടെ അടുത്ത് ചെന്നപ്പോൾ പ്രതീക്ഷിച്ചപോലെ തന്നെ ഗുഹയിൽ താമസിക്കാനുള്ള സ്ഥലങ്ങൾ മുക്കാൽ പങ്കും മിലിറ്ററിക്കാരും അല്ലാത്ത ഇടങ്ങളിൽ സാധാരണ യാത്രക്കാരും കയ്യടക്കി കഴിഞ്ഞിരുന്നു. ഗുഹയിൽ സ്ഥലം സൗകര്യപ്പെടുത്തി തരാമെന്ന് പറഞ്ഞിരുന്ന മിലിറ്ററിക്കാരനെ തപ്പി ഞങ്ങൾ എല്ലാ ഗുഹകളിലും കേറിയിറങ്ങി ഏതാണ്ട് അര മണിക്കൂറോളം അവിടെ ചിലവഴിച്ചെങ്കിലും അദ്ദേഹത്തെ കാണാൻ സാധിച്ചില്ല. ഇനി താഴേക്ക് ഇറങ്ങിച്ചെന്ന് കന്ദർപും കൂട്ടരും തമ്പടിച്ചിരിക്കുന്ന ക്യാമ്പിലേക്ക് പോകണോ എന്നുള്ള ആശയക്കുഴപ്പത്തിൽ നിൽക്കുമ്പോൾ ഗുഹയുടെ മുകൾഭാഗത്ത് ഏകദേശം ഒരു മണിക്കൂറോളം യാത്ര ചെയ്താൽ എത്തിപ്പെടാവുന്ന ആട്ടിടയന്മാർ താമസിക്കാനായി തിരഞ്ഞെടുക്കുന്ന ഒരു ഗുഹ ഉള്ളതായി അറിയാമെന്നും ആ ഗുഹയിലേക്ക് പോകാമെന്നുമായി സതീഷ്. ഇരുട്ട് പരന്നു തുടങ്ങിയിരുന്നു, പുറമെ അത്രമേൽ അവശതയും. ഇനി ആ ഗുഹയിൽ ആളുണ്ടെങ്കിൽ പിന്നെ തിരിച്ച് നടക്കുന്ന കാര്യം ആലോചിക്കാൻ പോലും ആകുമായിരുന്നില്ല. തുറസ്സായ സ്ഥലത്ത് കിടന്നുറങ്ങാൻ തീരുമാനിക്കുന്നത് ആത്മഹത്യാപരവുമായിരിക്കും, വല്ലാത്ത ഒരാശയകുഴപ്പത്തിനൊടുവിൽ മുകളിലേയ്ക്ക് കയറാൻ തന്നെ തീരുമാനിച്ചു. സതീഷ് മുൻപേ നടക്കാമെന്നും ഗുഹയുടെ മുകളിൽ എത്തി അവിടെ ഒഴിവുണ്ടെങ്കിൽ അവിടെനിന്ന് ടോർച്ചടിച്ച് കാണിച്ചു ഞങ്ങൾക്ക് വഴി തെളിയിക്കാമെന്നും പറഞ്ഞ് വേഗത്തിൽ മുകളിലേക്ക് കയറിപ്പോയി. കിന്നർ കൈലാസമലയിൽ ജനിച്ച് വളർന്ന സതീഷിനു കയറ്റമെന്നത് നിത്യജീവിതത്തിന്റെ ഭാഗമായിരുന്നു. കാലത്ത് ഏതാണ്ട് ആറ് മണിയോടെ തുടങ്ങിയ മലകയറ്റം അപ്പോഴേയ്ക്കും 14 മണിക്കൂർ പിന്നിട്ടിരുന്നുവെന്നതിനാൽ ഞങ്ങൾ വളരെ സാവധാനത്തിൽ ആയാസപ്പെട്ടാണ് മുകളിലേക്ക് കയറി കൊണ്ടിരുന്നത്, മാത്രവുമല്ല ഗുഹയിൽ നിന്ന് മുകളിലോട്ടുള്ള കയറ്റം വളരെ കുത്തനെയുമായിരുന്നു. സതീഷ് പോയ അതേ വഴിക്ക് സതീഷിന്റെ ഏതാണ്ട് പകുതി വേഗതയിൽ ഞങ്ങളും പിന്നാലെ മലകയറാൻ തുടങ്ങി. ഒരു മണിക്കൂറോളം കയറി കഴിഞ്ഞപ്പോഴാണ് സതീഷ് ഗുഹയിൽ എത്തി കഴിഞ്ഞതായും അവിടെ നിന്ന് ഞങ്ങൾക്ക് ടോർച്ചടിച്ചു വഴി കാണിക്കുന്നതായും കാണാൻ സാധിച്ചത്. ടോർച്ച് അടുത്തായി തോന്നിയെങ്കിലും പിന്നെയും മുക്കാൽ മണിക്കൂർ കൂടി എടുത്താണ് ഞങ്ങൾക്ക് ഗുഹയ്ക്ക് മുൻപിലേക്ക് എത്തിച്ചേരാൻ സാധിച്ചത്. ഏതാണ്ട് പന്ത്രണ്ട് അടി വീതിയുള്ള വലിയൊരു പാറയുടെ നടുക്ക് കഷ്ടി മൂന്ന് അടി ഉയരമുള്ള ഒരു വിള്ളൽ ആയിരുന്നു ഈ ഗുഹ. ഇതിന്റെ പ്രവേശനദ്വാരങ്ങളിൽ കടന്നു വരാനുള്ള ഭാഗം ഒഴികെയുള്ളയിടങ്ങളിൽ കല്ലുകൾ വെച്ച് അകത്തേക്ക് ശക്തമായ കാറ്റ് അടിക്കാതിരിക്കാൻ വേണ്ടി തടസ്സങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഗുഹയുടെ ഒരു മൂലയിൽ ആട്ടിൻകാഷ്ഠങ്ങൾ അടിച്ച് കൂട്ടിയിട്ടുണ്ട്. മറ്റുള്ള സ്ഥലങ്ങളിൽ നിലത്ത് വിരിക്കാനായി പലപ്പോഴായി പലരും കൊണ്ട് വന്നിട്ടുള്ള പ്ലാസ്റ്റിക് ഷീറ്റുകളും, തെർമോകോൾ ഷീറ്റുകളും പല കഷ്ണങ്ങളായി പരത്തിയിട്ടിട്ടുമുണ്ട്. ഇനി ഒരടി പോലും മുന്നോട്ട് വയ്ക്കാനാവാത്ത അവശതയിൽ അവിടെ എത്തിച്ചേർന്ന ഞങ്ങൾക്ക്, അന്തരീക്ഷത്തിൽ അധികരിച്ചു വരുന്ന തണുപ്പും കൂടിയായപ്പോൾ ഈ ഗുഹ ഒരു ആഡംബര ഗൃഹം പോലെയാണ് അനുഭവപ്പെട്ടത്. തദ്ദേശീയനായ ഒരു ഗൈഡിന്റെ സഹായമില്ലാതെ ഒരിക്കലും ഞങ്ങൾക്കാ ഗുഹ കണ്ടുപിടിക്കാനാവില്ലായിരുന്നു എന്നുറപ്പ്. കുമ്പിട്ട് ഇരിക്കാവുന്ന അത്രയും മാത്രം ഉയരമുള്ള ഈ ഗുഹയ്ക്കുള്ളിൽ എത്രയും പെട്ടെന്ന് ഞങ്ങളെല്ലാവരും കയറിപ്പറ്റി. പോർട്ടബിൾ സ്റ്റൗവ് ഉപയോഗിച്ച് വെള്ളം തിളപ്പിച്ച് ചായ ഉണ്ടാക്കാനുള്ള ശ്രമം ആരംഭിച്ചു. പൊതിഞ്ഞ് കൊണ്ടുവന്നിരുന്ന തേപ്പ്ലയും, മറ്റു ഭക്ഷണ സാധനങ്ങളും സാവധാനത്തിൽ കഴിക്കാനും തുടങ്ങി. സാധാരണയേക്കാൾ ഇരട്ടി സമയം എടുത്തിട്ടാണ് ചായ തിളച്ചത് എങ്കിലും ഇത്രയും ഉയരത്തിൽ സ്വന്തമായി ചായയുണ്ടാക്കി കഴിച്ചപ്പോൾ ലഭിച്ച ആത്മസംതൃപ്തി വളരെ അധികമായിരുന്നു.

മുൻപേ അറിഞ്ഞിരുന്ന പോലെ തന്നെ ഒൻപത് മണിയോട് കൂടി പുറത്തെ കാറ്റ് ശക്തമാവാൻ തുടങ്ങി. അകത്തേക്ക് കാറ്റടിച്ച് കയറിയിരുന്ന പലയിടങ്ങളിലും കല്ലുകൾ അടുക്കി വെച്ചും പുറമെ ഞങ്ങളുടെ ബാഗുകൾ തന്നെ തടസ്സം വെച്ചും അകത്തെ തണുപ്പ് ഞങ്ങൾ പരമാവുധി നിയന്ത്രിച്ചു. സ്ലീപ്പിങ് ബാഗുകൾക്ക് ഉള്ളിലേക്ക് കയറി ഉള്ള സമയം നന്നായി ഉറങ്ങി, ക്ഷീണമില്ലാതെ നാളത്തെ യാത്രചെയ്യാൻ വേണ്ട സാഹചര്യം ഉണ്ടാക്കാമെന്ന് തീരുമാനിച്ച് നേരത്തെ തന്നെ കിടന്നു. പകലത്തെ അധ്വാനം തുടക്കത്തിൽ നന്നായി ഉറങ്ങാൻ സഹായിച്ചുവെങ്കിലും രാത്രിയിൽ പലപ്പോഴും അതിശക്തമായ തണുപ്പ് കാരണം സ്ലീപ്പിങ് ബാഗിനുള്ളിൽ പോലും സ്വസ്ഥമായി ഉറങ്ങാനാവാത്ത അവസ്ഥ നേരിടേണ്ടി വന്നു. പുറത്ത് വീശിയടിക്കുന്ന കാറ്റിന്റെ ആരവവും കേട്ട് സ്ലീപ്പിങ് ബാഗിനുള്ളിൽ പോലും തണുത്തുവിറച്ച് പകുതി ഉറക്കത്തിലും പകുതി ഉണർവിലുമായി കഴിച്ചുകൂട്ടിയ രാത്രി ജീവിതത്തിലെ അവിസ്മരണീയമായ രാവുകളിൽ ഒന്നാണ്. 

Way to Kinnaur Kailash
Way to Kinnaur Kailash
« 1 of 6 »
Share: