കിന്നർ കൈലാസയാത്ര

അവിചാരിതമായി സംഭവിച്ചതായിരുന്നു 2015 ൽ നടന്ന മാനസരോവർ കൈലാസയാത്ര. ഒരു മാസക്കാലത്തോളം നീണ്ടുനിന്ന അന്നത്തെ ഹിമാലയ വാസം മനസ്സിൽ നട്ടുവളർത്തിയ ആകർഷണത്തെ പ്രതിരോധിക്കാനാവാതെ വന്നത് മൂലം അന്വേഷിച്ച് കണ്ടെത്തിയ യാത്രയായിരുന്നു 2016 ലെ ശ്രീകണ്ഠ മഹാദേവ കൈലാസയാത്ര. മാനസരോവർ കൈലാസയാത്രയിൽ തന്നെ പഞ്ചകൈലാസങ്ങൾ പരിക്രമണം ചെയ്യണമെന്നുള്ള ആശയം ഉള്ളിലേക്ക് എത്തിയിരുന്നതിനാൽ 2016 ലെ ശ്രീകണ്ഠ മഹാദേവ കൈലാസയാത്രയുടെ പര്യവസാനത്തിൽ തന്നെ അടുത്ത വർഷം കിന്നർ കൈലാസത്തിലേക്കായിരിക്കും യാത്രയെന്ന് ഏതാണ്ട് തീർച്ചപ്പെടുത്തിയിരുന്നു.

ശ്രീകണ്ഠ കൈലാസവും കിന്നർ കൈലാസവും പുരാണങ്ങളിൽ കൂടിത്തന്നെ വളരെയധികം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നവയാണ്. ഭസ്മാസുരന് വരം കൊടുത്തതും പിന്നീട് അതേ ഭസ്മാസുരൻ ആ വരമുപയോഗിച്ച് മഹാദേവനെതിരെ തിരിഞ്ഞതും, മഹാദേവൻ ഒരു ഗുഹയിൽ അഭയം തേടി ഒളിഞ്ഞിരുന്നതുമായ കഥ ഹിമാചലിൽ ഉള്ളവർ ശ്രീകണ്ഠ കൈലാസത്തെക്കുറിച്ചും കിന്നർ കൈലാസത്തെക്കുറിച്ചും ഒരുപോലെ പറയും. കൂടുതൽ ആഴത്തിൽ ഈ വിഷയത്തെപ്പറ്റി സംസാരിക്കാൻ അറിവുള്ളവർ മാത്രമാണ് കഥയുടെ ആദ്യഭാഗം സംഭവിക്കുന്നത് ശ്രീകണ്ഠ കൈലാസത്തിൽ ആണെന്നും രണ്ടാം ഭാഗമാണ് കിന്നർ കൈലാസത്തിൽ നടക്കുന്നതെന്നും വേർതിരിച്ച് പറയുന്നത്. തന്നെ ആക്രമിക്കാൻ വന്ന ഭസ്മാസുരനെ ദഹിപ്പിച്ച് കളയാൻ വേണ്ട ശക്തി തൃക്കണ്ണിൽ ഉണ്ടെന്ന് പരമശിവന് അറിയാമായിരുന്നു, പക്ഷേ താൻ തൃക്കണ്ണ് തുറന്നാൽ ഭസ്മാസുരൻ മാത്രമാവില്ല മറിച്ച് ത്രിലോകങ്ങളും ഭസ്മമായി പോകും എന്നുകൂടി മഹാദേവന് അറിയാമായിരുന്നു. അതിനാൽ തന്നെ ഭസ്മാസുര വധത്തിന് തുനിയാതെ ഭസ്മാസുരനിൽ നിന്ന് ഒളിക്കാനും പിന്നീട് മഹാവിഷ്ണുവിന്റെ സഹായത്താൽ ഭസ്മാസുരനെ വധിക്കാനുമാണ് മഹാദേവൻ തീരുമാനിച്ചത്. ഭസ്മാസുര വധത്തിന് ശേഷം തന്റെ തൃക്കണ്ണ് തുറക്കുമ്പോൾ ഉണ്ടാകുന്ന അപാരമായതും, ത്രിലോക ദഹനശേഷിയുള്ളതുമായ സംഹാരശക്തിയെ നിയന്ത്രിക്കാനായി തപസ്സ് ചെയ്യാൻ മഹാദേവൻ തിരഞ്ഞെടുത്ത സ്ഥലമായിരുന്നു കിന്നർ കൈലാസമെന്നാണ് ഈ കഥകളെക്കുറിച്ച് ആഴത്തിൽ വിവരിക്കാൻ അറിവുള്ളവരായ തദ്ദേശീയർ പറയുന്നത്. സതീദേവിയുടെ മരണത്തിനുശേഷം ഏറെക്കാലം ഏകനായി, തപസ്സിൽ മുഴുകി, വൈരാഗിയെപ്പോലെ ഹിമാലയസാനുക്കളിൽ അലഞ്ഞുനടന്ന മഹാദേവനെ മനസ്സാൽ വരിച്ച്, പ്രസാദിപ്പിക്കുവാനായി പാർവതി ദേവി തപസ്സനുഷ്ഠിച്ച ഇടമായും കിന്നർ കൈലാസം അറിയപ്പെടുന്നു. ശിവപാർവ്വതിമാരുടെ സംഗമം നടന്ന പുണ്യസ്ഥലം കൂടിയാണ് കിന്നർ കൈലാസം. ഇന്ന് ഗണേഷ് പാർക്ക് എന്നറിയപ്പെടുന്ന പ്രദേശം ഒരുകാലത്ത് കമിതാക്കളുടെ ഇടം എന്ന അർത്ഥം വരുന്ന ആഷിക്കി പാർക്കെന്ന പേരിൽ അറിയപ്പെട്ടിരുന്നു. ഇതിനും പുറമേ എല്ലാവർഷവും ശിശിരകാലത്ത് ദേവന്മാരുടേയും ദേവതമാരുടെയും ഒരു യോഗം പരമശിവന്റെ കാർമികത്വത്തിൽ വിളിച്ച് ചേർക്കപ്പെട്ടിരുന്നുവെന്നും അത് നടന്നിരുന്നത് കിന്നർ കൈലാസത്തിലായിരുന്നു എന്ന ഒരു വിശ്വാസം കൂടി നിലവിലുണ്ട്.

ഹിന്ദുപുരാണങ്ങളിൽ കുതിരയും പക്ഷിയും മനുഷ്യനും കൂടിക്കലർന്ന ഒരു ജീവവിഭാഗത്തെയാണ് കിന്നരന്മാർ എന്ന് പറയുന്നത്. ദേവൻമാരെപ്പോലെ, യക്ഷൻമാരെപ്പോലെ കിന്നരന്മാർ ഹിന്ദുപുരാണങ്ങളിൽ പലയിടത്തും പ്രത്യക്ഷപ്പെടുന്നുണ്ട്. എന്നാൽ ഈ കിന്നരൻമാർക്ക് കിന്നർ കൈലാസവുമായി പ്രത്യേകബന്ധം ഒന്നും എവിടെയും പരാമർശിച്ചു കാണുന്നില്ല. കിന്നരി തൊപ്പി വെച്ച് ജീവിക്കുന്നവരാണ് ഈ പ്രദേശത്തുള്ള ജനത. ഇവരും പുരാണങ്ങളിൽ പറയുന്ന കിന്നരൻമാരും വ്യത്യസ്തർ തന്നെയാണെങ്കിലും ഭഗവാൻ ശിവന് ഏറെ പ്രിയപ്പെട്ട ജനതയാണ് ഇവിടുത്തേത്. പല ഗോത്രവർഗങ്ങളുടെയും ജീവിതചര്യകളും, പൂജാവിധികളും എന്തിനു ആടയാഭരണങ്ങൾ പോലും ബോലെ നേരിട്ട് കല്പിച്ച് നൽകിയതാണ് എന്ന് ഇവിടുത്തുകാർ സാക്ഷ്യം പറയുന്നു. കിന്നർ കൈലാസവും ശ്രീകണ്ഠ കൈലാസവും തമ്മിൽ ബന്ധിപ്പിക്കുന്ന അതീവ ദുഷ്കരവും ഗൂഢസ്വഭാവം ഉള്ളതുമായ ഒരു പാത ഹിമാലയത്തിനുള്ളിൽ കൂടിയുണ്ട് എന്ന് കിന്നർ നിവാസികളിൽ നിന്ന് അറിയാൻ കഴിഞ്ഞു. പഴമക്കാരിൽ ചിലരൊക്കെ ആ വഴിയിൽ കൂടി സഞ്ചരിച്ചിട്ടുണ്ടെന്നും ബാർമോറിലെ ആടുമേയ്ക്കുന്നവരായ ഗദ്ദികൾക്ക് ഇപ്പോഴും ആ വഴികൾ കൃത്യമായി അറിയാമെന്നും തദ്ദേശീയരായ ആളുകൾ നമുക്ക് പറഞ്ഞുതരും.

ശ്രീകണ്ഠിലെപ്പോലെ ഹ്രസ്വമല്ല കിന്നർ കൈലാസത്തിലെ തീർത്ഥാടന കാലം. മെയ് മുതൽ ഒക്ടോബർ നിൽക്കുന്നതാണ് കിന്നർ കൈലാസ യാത്രാക്കാലം. മെയ് മാസത്തിൽ ഉരുകാൻ തുടങ്ങുന്ന മഞ്ഞുണ്ടാകുന്ന ഇവിടം ഒക്ടോബറിൽ എത്തുമ്പോഴേയ്ക്കും മഴ കഴിഞ്ഞു വീണ്ടും മഞ്ഞിന്റെ ആവരണം പുതയ്ക്കാൻ തുടങ്ങും. മഞ്ഞിനും മഴയ്ക്കും പൂർണ്ണമായും പിടികൊടുക്കാതെ ആഗസ്റ്റ് ആദ്യവാരത്തിൽ യാത്ര ചെയ്യാനായിരുന്നു ഞങ്ങളുടെ പദ്ധതി. ഗൂഗിളിൽ കാണിക്കുന്നത് 6050 മീറ്റർ (19,850 അടി) ഉയരമാണെങ്കിലും കിന്നർ ജില്ലാ അഡ്മിനിസ്‌ട്രേഷന്റെതായി കണ്ട ചില രേഖകളിൽ 21,500 അടി ഉയരമുണ്ട് കിന്നർ കൈലാസ യാത്രയിലെ അവസാനത്തെ സ്ഥലത്തിന് എന്ന് പറയുന്നുണ്ട്. രണ്ടിലേതായാലും 7513 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന റിക്കോങ് പ്യോ എന്ന ഗ്രാമത്തിൽ നിന്ന് തുടങ്ങുന്ന ഈ യാത്രയിൽ 16 കിലോമീറ്റർ ദൂരത്തിനുള്ളിൽ ഏതാണ്ട് 12,500 – 14,000 അടി ഉയരം മുകളിലേയ്ക്ക് ഒറ്റയടിക്ക് കയറിച്ചെല്ലേണ്ടതായുണ്ട്. ഇത് തന്നെ അസാധാരണമായ ഒരു കയറ്റമായിരിക്കും. പുറമേ 16,000 അടി ഉയരത്തിനു മുകളിൽ ഓക്‌സിജന്റെ അഭാവം നന്നായി അനുഭവപ്പെടുകയും ചെയ്യും. കൈലാസ മാനസരോവർ യാത്രയിലെ ഏറ്റവും കൂടിയ ഉയരം 18,500 അടി വരുന്ന ഡോൾമ പാസ് ആയിരുന്നു. ഏത് കണക്കെടുത്താലും കിന്നർ കൈലാസയാത്ര അതിനേക്കാൾ ഉയരത്തിലേക്കാണ്. യാത്രയുടെ വിശദാംശങ്ങൾക്കായി ഇൻറർനെറ്റിൽ നടത്തിയ തിരച്ചിലിനിടയിൽ കണ്ട ഒന്ന് രണ്ട് വീഡിയോകളിൽ കിന്നർ കൈലാസയാത്ര ബുദ്ധിമുട്ടുള്ള ട്രക്കിങ്ങുകളിൽ ഏഷ്യയിലെ തന്നെ രണ്ടാമത്തെ യാത്രയാണെന്നും കാണാൻ കഴിഞ്ഞു.

ശ്രീകണ്ഠ കൈലാസത്തിലെ ദുഷ്കരമായിരുന്ന യാത്രയുടെ ഓർമ്മയും കിന്നർ കൈലാസത്തെ പറ്റി അറിഞ്ഞ ഈ വാർത്തകളും ഇത്തവണത്തെ പരിശീലനങ്ങളിൽ യാതൊരുവിധ കുറവും വരരുത് എന്നകാര്യം ഉറപ്പുവരുത്തി. കൈലാസ് മാനസരോവർ യാത്രയ്ക്കായി നടത്തിയതിനേക്കാൾ കാർക്കശ്യ സ്വഭാവത്തോടെ കൂടുതൽ പ്രയാസമുള്ള വ്യായാമമുറകളായിരുന്നു കിന്നർ കൈലാസത്തിലേക്കുള്ള തയ്യാറെടുപ്പ് കാലത്ത് ചെയ്തത്. അതിൽ പ്രധാനപ്പെട്ടതായിരുന്നു മുംബൈയിൽ താമസിച്ചിരുന്ന എട്ടുനില കെട്ടിടത്തിന് മുകളിലേക്ക് തുടർച്ചയായി കയറുകയും ഇറങ്ങുകയും ചെയ്യുന്ന പ്രവർത്തി. എട്ട് നില എന്ന് പറയുമ്പോൾ ഏതാണ്ട് 80-90 അടി ഉയരമേ വരുന്നുള്ളൂവെങ്കിലും എട്ടോ പത്തോ തവണ അത് വേഗത്തിൽ കയറുകയും ഇറങ്ങുകയും ചെയ്യുമ്പോൾ കാലുകൾക്കും ശ്വാസകോശത്തിനും ഹൃദയത്തിനും വളരെയധികം അധ്വാനമുള്ള ഒരു വ്യായാമമായത് മാറും. ഈ വ്യായാമം മലമുകളിൽ ശരിക്കും സഹായകരമാകും എന്ന് സ്വാനുഭവത്താൽ ഉറപ്പിച്ച് പറയാം. ഇതിനു പുറമെ മറ്റ് വ്യായാമമുറകളും, ദീർഘദൂര ഓട്ടവും ഏതാണ്ട് നാല് മാസക്കാലത്തോളം നിരന്തരമായി അഭ്യസിച്ചാണ് കിന്നർ കൈലാസ യാത്രയ്ക്കായി തയ്യാറെടുപ്പ് നടത്തിയത്. ശാരീരികമായ ഈ തയ്യാറെടുപ്പുകൾക്കപ്പുറം ശ്രീകണ്ഠ കൈലാസ യാത്രയിൽ മാനസികമായി ലഭിച്ച ചില പാഠങ്ങൾ കൂടി കൂട്ടിനായി ഉണ്ടായിരുന്നു. സ്വന്തം ശാരീരികശേഷി അവസാനിക്കുന്നിടത്ത് നിന്ന് ബോലേ കൈ പിടിക്കാൻ തുടങ്ങുമെന്നുള്ള സഞ്ചാരികളുടെ വിശ്വാസം മനസ്സിനുള്ളിൽ രൂഢമൂലമാക്കുവാൻ ശ്രീകണ്ഠ യാത്രയുടെ അനുഭവങ്ങൾക്ക് കഴിഞ്ഞിരുന്നു. അതിനാൽ തന്നെ ആകുലതകൾക്കും ആശങ്കകൾക്കും ഉപരിയായി യാത്രാ പൂർത്തീകരണത്തെ കുറിച്ച് പ്രത്യാശകൾ ആയിരുന്നു മനസ്സിൽ നിറഞ്ഞുനിന്നിരുന്നത്. കഴിഞ്ഞ യാത്രയുടെ അനുഭവങ്ങൾ എല്ലാവരും ഒരേ അർത്ഥത്തിലാണ് എടുത്തതെന്ന് പറയാനാവില്ല. കിന്നർ കൈലാസയാത്രയ്ക്കായുള്ള സന്നദ്ധത പഴയ ടീമിൽ നിന്നും ജെ സി ഭായിയും കണ്ണനും മാത്രമാണ് പ്രകടിപ്പിച്ചത്. ഇതിനും പുറമെ പുതിയ രണ്ട് പേരുകൂടി ഇപ്രാവശ്യം വരുന്നുണ്ട് എന്നും പറഞ്ഞിരുന്നു എങ്കിലും ചില കാരണങ്ങളാൽ അവർക്കും യാത്രയിൽ പങ്കെടുക്കാൻ സാധിച്ചില്ല. അവശേഷിച്ച ഞങ്ങൾ മൂന്ന് പേരും തുടർന്നുള്ള സമയത്തിലേയ്ക്കായി കഠിനമായ പരിശീലനങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. മുംബൈയിൽ ഞാൻ കെട്ടിടത്തിന് മുകളിലേയ്ക്ക് കയറിയപ്പോൾ നാട്ടിൽ അവർ തൃശൂർ അമല നഗറിനടുത്തുള്ള വിലങ്ങൻ കുന്നിലും, പടവുകൾ കയറാനായി ശോഭ സിറ്റിയിലെ അപ്പാർട്ട്മെന്റുകളിലും വ്യായാമത്തിനുള്ള സ്ഥലം കണ്ടെത്തി.  

കേരളത്തിൽ നിന്നും മുംബൈയിൽ നിന്നും വെവ്വേറെയായി ചണ്ഡീഗഡിലേക്ക് എത്തിച്ചേരാനും അവിടെനിന്ന് ഹിമാചൽ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസ്സിൽ രാത്രി സഞ്ചരിച്ച് പിറ്റേന്ന് പുലർച്ചെ കൽപ്പയിൽ എത്തിച്ചേരാനുമായിരുന്നു പദ്ധതി. എത്തിച്ചേരുന്ന ദിവസം കൽപ്പയിൽ താമസിക്കാനും പിറ്റേന്ന് കിന്നർ കൈലാസ പരിക്രമണത്തിനാനായി പുറപ്പെടാനും തീർച്ചപ്പെടുത്തിയിരുന്നു. ഇതിലേക്ക് വേണ്ട ടിക്കറ്റുകൾ, പ്രത്യേകിച്ചും വളരെ കുറച്ചുമാത്രം ലഭ്യമായിരുന്ന ഹിമാചൽ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസ്സിലെ ടിക്കറ്റുകൾ ആദ്യമേ തന്നെ ഓൺലൈനിൽ ബുക്ക് ചെയ്ത് ഉറപ്പിച്ചിരുന്നു. ആഗസ്റ്റ് രണ്ടാം തീയതി യാത്ര തീരുമാനിച്ചശേഷം പതിവുപോലെ ഞാൻ നാട്ടിലേക്ക് പോയി അമ്മയെയും കുടുംബത്തിലെ മുതിർന്നവരെയും കണ്ട് യാത്രാനുമതിയും അനുഗ്രഹവും തേടി. നാട്ടിലുള്ള ദിവസങ്ങളിൽ യാത്രയ്ക്കായി പുറപ്പെട്ടിട്ടുള്ള ഞങ്ങൾ മൂന്ന് പേരും ഒരുമിച്ച് രാവിലെ വ്യായാമം ചെയ്യാൻ ഒത്തുകൂടിയിരുന്നു. തിരിച്ച് മുംബൈയിൽ വന്ന് ഇത്തവണത്തെ യാത്രയ്ക്ക് വേണ്ടി ചില സാമഗ്രികൾ പുതുതായി വാങ്ങുകയും നിലവിലുള്ള ചില യാത്രാസാമഗ്രികളിൽ ആവശ്യമായ പരിഷ്കാരങ്ങൾ വരുത്തുകയും ചെയ്തു. മഴ ഏതുനിമിഷവും യാത്രക്കിടയിൽ പ്രതീക്ഷിക്കാമെന്നും അങ്ങനെ പെയ്താൽ അത് ശ്രീകണ്ഠ കൈലാസത്തിൽ ഉണ്ടാക്കിയത് പോലുള്ള സാഹചര്യങ്ങൾ ഉണ്ടാക്കരുതെന്നും ഞങ്ങൾക്ക് നിർബന്ധമുണ്ടായിരുന്നു.

തയ്യാറെടുപ്പുകൾക്ക് ശേഷം കാത്തിരുന്ന ആ ദിനം വന്നെത്തി. ആഗസ്റ്റ് 2 ന് അതിരാവിലെ മുംബൈയിൽ നിന്നിറങ്ങി പതിനൊന്ന് മണിയോട് കൂടി ഞാൻ ചണ്ഡീഗഡിൽ എത്തിച്ചേർന്നു. ഏതാണ്ട് രണ്ട് മണിക്കൂറിനുശേഷം കേരളത്തിൽ നിന്നുള്ള രണ്ടുപേരും കൂടി എത്തിച്ചേരുകയും ഞങ്ങൾ അവിടെ നിന്ന് ടാക്സി പിടിച്ച് ഹിമാചൽ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസ് പുറപ്പെടുന്ന ചണ്ഡീഗഡ് ബസ് സ്റ്റാൻഡിലേക്ക് ചെന്നെത്തുകയും ചെയ്തു. വൈകീട്ട് അഞ്ചരയ്ക്ക് ആണ് ബസ് വരുന്നതെന്നതിനാൽ ഞങ്ങൾ ഏതാനും മണിക്കൂറുകൾക്കു വേണ്ടി ബസ്റ്റാൻഡിൽ തന്നെയുള്ള ചെറിയൊരു ലോഡ്ജ് മുറിയെടുത്തു. ഉച്ചഭക്ഷണം കഴിച്ച് അല്പം വിശ്രമിച്ച്, അഞ്ചേകാലോടുകൂടി കുളിച്ച് തയ്യാറായി ബസ്സ് വരുമെന്ന് പറഞ്ഞിരുന്ന സ്ഥലത്ത് കാത്ത്‌ നിന്നു. പ്രതീക്ഷിച്ചതിൽ നിന്നും വിരുദ്ധമായി വളരെ ചെറിയ ഒരു ബസ് ആണ് എത്തിച്ചേർന്നത്. മലമുകളിലേക്കുള്ള യാത്രയ്ക്ക് വലിയ ബസ്സിനേക്കാൾ സുരക്ഷിതവും സൗകര്യവും ചെറിയ ബസ് തന്നെയാണെന്നു പിന്നീട് അറിയാൻ കഴിഞ്ഞു. ബസ് പുതിയതായിരുന്നില്ല, കാലപ്പഴക്കം വരുത്തിയ പരിക്കുകൾ സീറ്റുകളിലും ജനലുകളിലും ധാരാളമായി കാണാനുണ്ടായിരുന്നു. ബസിൽ കയറിക്കൂടാൻ സാമാന്യം തിരക്ക് അനുഭവപ്പെട്ടുവെങ്കിലും സീറ്റ് നമ്പറുകൾ അനുസരിച്ച് ബുക്ക് ചെയ്തിരുന്നതിനാൽ ഇരിപ്പിടങ്ങൾ ഉറപ്പിക്കാൻ ബുദ്ധിമുട്ടുണ്ടായില്ല. അഞ്ചു പേർക്കുള്ള സീറ്റുകൾ ഞങ്ങൾ ബുക്ക് ചെയ്തിരുന്നതിൽ രണ്ടുപേർ ഉണ്ടാകില്ലെന്നുള്ള വിവരം കണ്ടക്ടറെ അറിയിച്ചതിനാൽ രണ്ട് യാത്രക്കാരെ കണ്ടക്ടർ പുതുതായി ഉൾപ്പെടുത്തി. നിന്ന് യാത്ര ചെയ്തു കൊള്ളാം എന്ന് പലരും പറയുന്നുണ്ടായിരുന്നുവെങ്കിലും റിസർവേഷൻ ഇല്ലാത്ത ആരെയും ബസ്സിനുള്ളിൽ കടത്തിയില്ല. കിന്നർ കൈലാസ യാത്രയ്ക്കുള്ള ചുരുക്കം ചില യാത്രക്കാരെ ഒഴിച്ചാൽ കൂടുതൽ യാത്രക്കാരും തദ്ദേശീയർ തന്നെയായിരുന്നു. വ്യാപാര ആവശ്യത്തിനായി കൽപ്പയിൽ നിന്ന് ചണ്ഡീഗഡിൽ വന്നു മടങ്ങിപ്പോകുന്ന കർഷകൻ ഇവിടെ നിന്ന് വാങ്ങിച്ച സാധനസാമഗ്രികൾ ബസ്സിന് മുകളിൽ കെട്ടി ഉറപ്പിച്ച ശേഷമാണ് ബസ്സിനകത്തേയ്ക്ക് വന്നത്. കൃത്യസമയത്ത് തന്നെ വാഹനം പുറപ്പെട്ടു. 

ഏകദേശം 14 മണിക്കൂർ എടുക്കുന്ന 350 കിലോമീറ്റർ ദൈർഘ്യമുള്ള യാത്രയാണ് പൂർത്തിയാക്കാനുള്ളത്. അതിൽ സിംഹഭാഗവും പോകുന്നത് മലമ്പ്രദേശങ്ങളിൽ കൂടിയും. രാത്രിയിൽ ഇടയ്ക്ക് രണ്ടിടത്ത് ഭക്ഷണത്തിനും പ്രാഥമിക കർത്തവ്യങ്ങൾക്കുമായി വാഹനം നിറുത്തും. ശ്രീകണ്ഠ കൈലാസ യാത്രയ്ക്കായി പോയിരുന്ന രാംപൂരിൽ കൂടിയാണ് ഈ പാതയും കടന്നു പോകുന്നത്. കൽപ്പയ്ക്ക് താഴെ റിക്കോങ് പ്യോ വരെയാണ് ഞങ്ങൾക്ക് ടിക്കറ്റുള്ളത്. അവിടെ നിന്നും ഹോട്ടൽ ബുക്ക് ചെയ്തിരിക്കുന്ന കൽപ്പയിലേയ്ക്ക് ഏഴ് കിലോമീറ്റർ ദൂരമുണ്ട്. രാവിലെ  റിക്കോങ് പ്യോയിൽ എത്തി ചേർന്നു ഫോൺ വിളിച്ചറിയിച്ചാൽ ഞങ്ങളെ കൊണ്ട് വരാൻ ഹോട്ടലിൽ നിന്നും ആൾ വരും എന്നായിരുന്നു ഏർപ്പാട്. റിക്കോങ് പ്യോയെക്കാൾ ഏതാണ്ട് 2500 അടി മുകളിലാണ് കൽപ്പ സ്ഥിതി ചെയ്യുന്നത്. താരതമ്യേനെ മെച്ചപ്പെട്ട ഹോട്ടലുകൾ ഉണ്ട് എന്നുള്ളതും ലഭ്യമായതിൽ ഏറ്റവും കൂടിയ ഉയരത്തിൽ ഒരു ദിവസം താമസിക്കുന്നത് ഉയരവുമായി പൊരുത്തപ്പെടാൻ കൂടുതൽ സഹായിക്കും എന്നതുമാണ് കൽപ്പ തിരഞ്ഞെടുക്കാനുള്ള കാരണം. ആടിയും ഉലഞ്ഞും, പഴക്കം മൂലം പലയിടത്ത് നിന്നും ശബ്ദം പുറപ്പെടുവിച്ചും സഞ്ചരിക്കുന്ന ബസിലെ യാത്ര അൽപ്പം ബുദ്ധിമുട്ടായിരുന്നു. ഉറക്കം കൺപോളകളിൽ കനം വരുത്തുന്നുണ്ടായിരുന്നുവെങ്കിലും ഉറങ്ങാനാവാതെ ഇരിക്കേണ്ടി വന്നു. മാത്രമല്ല ഇരുട്ടും തോറും തണുപ്പ് ശക്തമാകാനും തുടങ്ങി. വളരെ ശുഷ്‌കമായ രാത്രിജീവിതമേ നഗരാതിർത്തികൾക്ക് പുറത്തുള്ള ഹിമാചൽ പ്രദേശിൽ ഉള്ളു. ചരക്ക് ലോറികൾ താവളമാക്കുന്ന ചിലയിടങ്ങളിൽ മാത്രമേ ജനവാസം പോലും അനുഭവപ്പെടുന്നുണ്ടായിരുന്നുള്ളൂ. തരക്കേടില്ലാത്ത വേഗത്തിൽ മുന്നോട്ട് നീങ്ങികൊണ്ടിരിക്കുന്ന ആ ബസിൽ വല്ലപ്പോഴും വഴിവക്കിൽ നിന്നും ജനലിൽ കൂടി കടന്ന് വരുന്ന വെളിച്ചത്തെ കാത്ത് ഇരുണ്ട വീഥികളിലേക്ക് മിഴിനട്ട് ഞാൻ ഏറെ നേരം ഇരുന്നു കാണണം. മുൻകാല യാത്രകളുടെ ഓർമ്മകൾ മനസ്സിൽ മിന്നിമറഞ്ഞു കൊണ്ടേയിരുന്നു. ഇടയ്ക്കെപ്പോഴോ അറിയാതെ ഉറക്കത്തിലേക്ക് വഴുതി വീണു പോയി.

Share: