കഴിഞ്ഞ തവണ അനുഭവപ്പെട്ടത്ര മനോഹാരിത തോന്നിയില്ലെങ്കിലും ഥാർച്ചുലയിലെ പ്രഭാതം സുന്ദരമായിരുന്നു. ഥാർച്ചുലയിൽ നിന്ന് പുലർച്ചെ നാല് മണിക്കാണ് ഞങ്ങൾ യാത്ര പുറപ്പെടുന്നത്. എട്ട് പേരെ കയറ്റാവുന്ന ട്രാക്സുകളിലാണ് യാത്ര. ലഖൻപൂർ വരെ റോഡ് മാർഗ്ഗം എത്തിക്കും, പിന്നീട് നടത്തം. വാഹനയോഗ്യമായ റോഡുകളുടെ നിർമ്മാണ പുരോഗതി കാരണം ആദി കൈലാസയാത്ര തുടങ്ങുന്നത് തന്നെ ലഖൻപൂരിൽ നിന്നാണ്. ധാർച്ചുലയിൽ നിന്ന് മംമ്തി വഴി 48 കിലോമീറ്റർ ജീപ്പിൽ സഞ്ചരിച്ചാണ് ലഖൻപൂരിൽ എത്തിച്ചേർന്നത്. വഴിയിലൊരിടത്ത് മണ്ണിടിഞ്ഞ് തടസ്സം ഉണ്ടായതിനാൽ അന്നത്തെ ട്രക്കിങ് തുടങ്ങാൻ രണ്ട് മണിക്കൂറിലേറെ വൈകുകയും ചെയ്തു. വെയിൽ പരക്കും മുൻപേ യാത്രയുടെ പകുതി ദൂരം സഞ്ചരിച്ച് കഴിയണമെന്നതാണ് ഉയർന്ന മലമുകളിലെ ട്രക്കിങ്ങിലെ അലിഖിതമായ നിയമം. രണ്ട് മണിക്കൂർ വൈകാൻ കാരണമായ ഈ തടസ്സം യാത്രികരിലും ടൂർ ഗൈഡിലും വല്ലാത്ത മാനസികസമ്മർദ്ധമാണ് ഉണ്ടാക്കിയത്. ഒരുവേള യാത്ര മുടങ്ങുമോ എന്ന് പോലും ചിന്തിച്ചവരും ആ ആശങ്ക തുറന്ന് പങ്കുവെച്ചവരും ഉണ്ട്. ഐ ടി ബി പി, ഭാരത് റോഡ് ഓർഗനൈസേഷൻ, പി ഡബ്ല്യൂ ഡി എന്നിവരുടെ പ്രത്യേക സംഘങ്ങൾ ഈ പ്രവർത്തനത്തിനായി വേഗത്തിൽ തന്നെ എത്തിച്ചേർന്നത് ആശ്വാസമായി. ഒടുവിൽ നാട്ടുകാരുടെ കൂടി സജീവ പങ്കാളിത്തത്തോടെ ഈ പണി പൂർത്തിയാക്കുകയും പെട്ടന്ന് തന്നെ ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തപ്പോഴാണ് ആശ്വാസമായത്. ഒരിടത്ത് റോഡിന് കുറുകെയുള്ള മഴവെള്ളത്തിന്റെ ഒഴുക്ക് കുറയാൻ കാത്ത് നിൽക്കേണ്ടിയും വന്നു. മുൻകാലങ്ങളിൽ ഗാലായിൽ നിന്ന് ബുധിയിലേക്കുള്ള പഴയ വഴിയിൽ ഗാലയിൽ നിന്ന് ലഖൻപൂരിലേയ്ക്ക് ഇറങ്ങാൻ ഏകദേശം നാലായിരത്തോളം പടവുകൾ ഉള്ള കുത്തനെയുള്ള ഒരിറക്കമായിരുന്നു. വഴുക്കലുള്ള ചളിയും കുതിരച്ചാണകവും എപ്പോഴും നനവ് പടർത്തുന്ന നീരുറവുകളും വീതികുറഞ്ഞ വഴിയും അടിയിൽ അലറിക്കൊണ്ടിരിക്കുന്ന കാളി നദിയുടെ കുത്തൊഴുക്കും ഒക്കെയായി വളരെ ദുർഘടം പിടിച്ച ഒരു പാതയായിരുന്നു ഇത്. നിരന്തരം നടത്തുന്ന ഇറക്കം കാൽമുട്ടുകളെ നീരിലാക്കിയിട്ടുണ്ടാകും ലഖൻപൂരിൽ എത്തുമ്പോഴേയ്ക്കും. വഴിയരികിൽ സ്ഥാപിച്ചിരുന്ന ഇരുമ്പ് കൈപിടികൾ തുരുമ്പിച്ചതിനാൽ അതിൽ ഒരു കാരണവശാലും പിടിക്കരുത് എന്നും, ഈ ഇറക്കത്തിൽ ഒരിടത്തും ഫോട്ടോ എടുക്കാൻ വേണ്ടി ശ്രമിക്കരുത് എന്നുമുള്ള മുന്നറിയിപ്പാണ് ഗാല ക്യാമ്പിൽ നടത്തുന്ന ബ്രീഫിങിൽ പറയാറുണ്ടായിരുന്നത്. അന്ന് ആ ഇറക്കം കഴിഞ്ഞ് ക്ഷീണിച്ച് ലഖൻപൂരിൽ എത്തിയാണ് പ്രഭാതഭക്ഷണം ലഭിക്കാറുള്ളത്. വാഹനത്തിൽ വന്നിട്ടും ഇത്തവണയും പ്രഭാതഭക്ഷണ സ്ഥലത്തിന്റെ കാര്യത്തിൽ മാറ്റം ഉണ്ടായില്ല, ലഖൻപൂരിൽ തന്നെയായിരുന്നു പ്രഭാതഭക്ഷണം ഒരുക്കിയിരുന്നത്. പഴയ കുത്തനെയുള്ള പാതയുടെ ശേഷിപ്പുകൾ പാതി തകർന്ന് കിടക്കുന്ന ഒരു മലയുടെ മുകളിൽ കാണാനുണ്ടായിരുന്നു. ഗാലയിലേയ്ക്ക് പോകാൻ തദ്ദേശവാസികളിൽ ചിലർ ഇപ്പോഴും ഈ വഴി ആശ്രയിക്കുന്നുണ്ടെന്നും അറിയാൻ കഴിഞ്ഞു. പഴയ യാത്രയുടെ സ്മരണകൾ പുതുക്കിക്കൊണ്ട് കുറച്ച് നേരം മലമുകളിലേക്ക് കുത്തനെ ഉയർന്ന് പോകുന്ന പാതി തകർന്ന ആ വഴി നോക്കി നിന്നിട്ടാണ് ഭക്ഷണം കഴിക്കാനായി ചെന്നത്.
പഴയ ലഖൻപൂരുമായി താരതമ്യം ചെയ്താൽ വളരെ മാറ്റം സംഭവിച്ചിട്ടുണ്ട് ആ പ്രദേശത്തിന് എന്ന് പറയേണ്ടി വരും. വാഹനയാത്രയുടെ അവസാനവും കാൽനട-കുതിര യാത്രകളുടെ ആരംഭവും നടക്കുന്ന സ്ഥലമായതിനാൽ സാമാന്യം തിരക്കുള്ള ഒരു പ്രദേശമായി ഇവിടെ മാറിയിരിക്കുന്നു. ചരക്കുകൾ കൈമാറ്റം ചെയ്യാനായി വണ്ടികളും കുതിരകളും എപ്പോഴും വന്നുകൊണ്ടേയിരിക്കുന്നു. കുതിരകളുടെ ഒരു വലിയ ക്യാമ്പ് വഴിയിൽ തന്നെ സ്ഥാപിച്ചിട്ടുണ്ട്. അവയുടെ ചാണകവും കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയും ചേർന്ന് നടക്കാൻ തന്നെ ബുദ്ധിമുട്ടുള്ള രീതിയിലായിരുന്നു യാത്രയുടെ തുടക്കത്തിലെ വഴി. KMVN സ്വകാര്യ വ്യക്തിയുമായി സഹകരിച്ച് PWD യുടെ വിശ്രമതാവളത്തെ ഒരു ചെറിയ ഹോട്ടലാക്കി മാറ്റിയെടുത്തിരിക്കുന്നു. തൊട്ടടുത്ത് തന്നെ ഒരു ചെറിയ കടയും സ്ഥാനം പിടിച്ചിട്ടുണ്ട്. ലളിതമെങ്കിലും സ്വാദിഷ്ടവും വൃത്തിയുള്ളതുമായ ഭക്ഷണം കഴിഞ്ഞ്, അല്പം തയ്യാറെടുപ്പൊക്കെ നടത്തിയിട്ടാണ് പാറപ്പൊട്ടിച്ച് പുതുതായി നിർമ്മിച്ച വാഹനയോഗ്യമായ റോഡിൽ കൂടി നടത്തം ആരംഭിച്ചത്. കാനനപാതകളുടെ കുളിർമ്മയോ സൗന്ദര്യമോ ഇല്ലെങ്കിലും കഠിനമായ കയറ്റങ്ങൾ ഇല്ലാതിരുന്നത് തുടക്കത്തിൽ ആശ്വാസമായി തോന്നി. പാറപൊട്ടിക്കൽ നടന്ന് കൊണ്ടിരിക്കുന്ന സ്ഥലമായതിനാൽ കല്ലുകൾ അടർന്ന് വീഴാൻ സാധ്യതയുണ്ട് എന്നും അതിനാൽ എല്ലാവരും ഓരം ചേർന്ന് പെട്ടന്ന് നടക്കണമെന്നും തദ്ദേശവാസികൾ മുന്നറിയിപ്പ് തരുന്നുണ്ടായിരുന്നു. ഏകദേശം അര കിലോമീറ്റർ പിന്നിട്ടപ്പോൾ നിർമ്മാണം നടന്ന് കൊണ്ടിരിക്കുന്ന റോഡ് അവസാനിച്ചു. പിന്നെ ഇനിയും പൊളിക്കാൻ ബാക്കിയുള്ള മലയിൽ ചെന്ന് റോഡ് അവസാനിക്കുന്ന കാഴ്ചയും അതിനായി തയ്യാറാക്കി നിറുത്തിയിരിക്കുന്ന ജെ സി ബി കളും ആയി മുൻപിൽ. തന്മൂലം മുന്നിൽ വഴി അവസാനിക്കുന്നുവെന്ന തോന്നലാണ് ഉണ്ടായത്. പുതിയ പാത ബുദ്ധിമുട്ടാണെന്ന് ഗൈഡും പോർട്ടർമാരും പറഞ്ഞിരുന്നതിന്റെ പൊരുൾ മനസ്സിലായത് തുടർന്ന് മുന്നേറാനുള്ള വഴി കണ്ടപ്പോൾ ആണ്.
റോഡിൽ നിന്ന് കുത്തനെ നദീതടത്തിലേക്ക് പൊട്ടിച്ചിട്ടിരിക്കുന്ന പാറകളുടെ മുകളിൽ കൂടി ഒരു വഴി. പാറകൾ ഉറക്കാത്തതിനാൽ ഓരോ കാലും ഇളകുന്ന പാറകളുടെ ചലനം നിയന്ത്രിച്ചുകൊണ്ട് വേണം വെയ്ക്കാൻ. പലപ്പോഴും വെയ്ക്കുന്ന കാലുകൾ പാറകൾ അടക്കം താഴേയ്ക്ക് നിരങ്ങി നീങ്ങും. കൈകൾ ഉയർത്തി, ഊന്നുവടി കുത്തി, നിലതെറ്റാതെ അടുത്ത കാൽ; അങ്ങിനെ വേണം മുന്നേറാൻ. നേരെ താഴേയ്ക്ക് ഇറങ്ങി കുറച്ച് ദൂരം നടന്നപ്പോൾ ഇതേ രീതിയിൽ തന്നെ പാറ പൊട്ടിച്ചിട്ടിരിക്കുന്ന ഒരു ഉഗ്രൻ കയറ്റം. രണ്ട് കയ്യും കാലും ഉപയോഗിച്ച് ചുവരിൽ കയറുന്ന പല്ലികളെപ്പോലെ മലകയറേണ്ട അവസ്ഥ. വരാൻ പോകുന്ന യാത്രയുടെ ഒരേകദേശചിത്രം ആദ്യത്തെ ഒരു കിലോമീറ്ററിൽ തന്നെ കിട്ടി. ചിലയിടത്ത് പഴയ വഴി ബാക്കി നിൽക്കുന്നു. പുതിയ പാതയുടെ പണി നടക്കുന്ന സ്ഥലങ്ങളിൽ മലയിടിച്ചിലും കല്ല് കൂമ്പാരവും. കുതിരകളെ കയറ്റിയിറക്കാൻ സാധിക്കാത്ത മേഖലകളായതിനാൽ എല്ലാ യാത്രികരും നടത്തം തന്നെയാണ് ഇത്തരം സ്ഥലങ്ങളിൽ. പ്രായമായവരും സ്ത്രീകളും വല്ലാതെ കഷ്ടപ്പെടുന്ന സ്ഥലങ്ങളിൽ അവർക്ക് ഒരു കൈത്താങ്ങ് കൊടുത്തും ചിലയിടത്ത് അവരെ കൈപിടിച്ച് കയറ്റിയും ചിലയിടങ്ങളിൽ അവരുടെ കയ്യിൽ ഉണ്ടായിരുന്ന ബാഗുകൾ കുറച്ച് നേരത്തേയ്ക്ക് ഏറ്റെടുത്തും ഞങ്ങൾ സാവധാനത്തിൽ മുന്നോട്ട് പോയി. നിരപ്പുള്ള വഴികളിൽ കുതിരപ്പുറത്ത് സഞ്ചരിക്കുന്നവർ നല്ല വേഗത്തിൽ കടന്ന് പോകും എന്നുള്ളതിനാൽ നടന്ന് യാത്ര ചെയ്യുന്നവർ അവരോടൊപ്പം പുറകിൽ നിൽക്കാതെ മുൻപേ പോകാൻ നോക്കേണ്ടതുള്ളതിനാൽ പതുക്കെ വേഗതയാർജ്ജിച്ച് ഞങ്ങൾ ആ പ്രദേശവും കടന്ന് മുന്നോട്ട് പോയി.
കാളി നദിയോട് ചേർന്നുണ്ടായിരുന്ന പ്രകൃതിരമണീയമായ കാനനപാത ഇല്ലാതായി കഴിഞ്ഞിരിക്കുന്നു. പകരം വളരെ പുരാതനമായ, ഒരു കാലത്ത് പൂർണ്ണമായി ഉപേക്ഷിക്കപ്പെട്ടിരുന്ന പഴയ പാതയാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ഇത് യാത്ര കൂടുതൽ കയറ്റിറക്കങ്ങൾ ഉള്ളതാക്കി മാറ്റുന്നു. ആദ്യ ദിവസത്തെ ആദ്യ പകുതി തന്നെ ഇത്രയും ദുർഘടമായ പാതയാകുന്നതിനാൽ ചില ശാരീരികപ്രശ്നങ്ങൾ കൂടുതലായി ഉണ്ടാകും. ഒന്നോ രണ്ടോ ദിവസം ട്രക്കിങ് നടത്തി മലമ്പാതകളുമായി ഒരിണക്കം വന്നതിനുശേഷം അനായാസേന കടന്നുപോകാൻ പറ്റുന്ന പാതകൾ പോലും ആദ്യ ദിവസത്തിൽ കൂടുതൽ ബുദ്ധിമുട്ടുള്ളതായി അനുഭവപ്പെടും. ഇവിടെയാണെങ്കിൽ ആദ്യ ദിവസം തന്നെ താരതമ്യേനെ ഏറ്റവും ബുദ്ധിമുട്ടുള്ള ഒരു പാതയാണ് ലഭിക്കുന്നത് പോരാത്തതിന് അന്നത്തെ മുഴുവൻ ദൂരമാണെങ്കിൽ 18 കിലോമീറ്ററുകളും (18 പഴയ കണക്കാണ് എന്നും പാതയിൽ വന്നിരിക്കുന്ന വ്യത്യാസം കാരണം ഇത് ശരിക്കും 22 കിലോമീറ്റർ ആണ് എന്നഭിപ്രായപ്പെടുന്നവരുമുണ്ട് ). ലഖൻപൂരിൽ നിന്നും മാൽപ്പ വരെയുള്ളതും, മാൽപ്പയിൽ നിന്നുള്ള ചുരുളൻ കോണി പോലുള്ള ഇറക്കവും, പിന്നെ ലമാരിയിൽ നിന്ന് ബുദിയിലേയ്ക്ക് ഇപ്പോൾ ഉപയോഗിക്കുന്ന പാതയിൽ ഉള്ള ഒരു കയറ്റവും അതിന്റെ തുടർച്ചയായ ഒരിറക്കവുമാണ് ഏറ്റവും ദുഷ്കരങ്ങളായ ഭാഗങ്ങളെങ്കിലും, ഈ പാതയിൽ നിരപ്പായ പ്രദേശങ്ങൾ താരതമ്യേനെ കുറവാണ് എന്ന് തന്നെ പറയാം. നല്ല അദ്ധ്വാനമുള്ള യാത്ര തന്നെയാണ് ഈ വഴിയിൽ യാത്രികരെ കാത്തിരിക്കുന്നത്. കുത്തനെയുള്ള കയറ്റങ്ങൾക്കിടയിൽ കടന്ന് വരുന്ന വലിയ ഇറക്കങ്ങൾ താൽക്കാലികമായ ആശ്വാസമായിയെങ്കിലും തിരിച്ച് വരുമ്പോൾ ഇതൊക്കെ എങ്ങിനെ കയറിത്തീർക്കും എന്ന ആശങ്കയും മനസ്സിൽ പരക്കുന്നുണ്ടായിരുന്നു. ആദ്യത്തെ മൂന്ന് കിലോമീറ്റർ പിന്നിടും മുൻപ് തന്നെ ആർത്തലച്ച് വന്ന മഴ യാത്രയെ കൂടുതൽ ദുഷ്ക്കരമാക്കി. പെട്ടന്നുള്ള മഴ, റെയിൻകോട്ടുകൾ ധരിക്കും മുൻപ് തന്നെ സാമാന്യം നന്നായി വസ്ത്രങ്ങൾ നനയ്ക്കുകയും ക്യാമറയെ പിന്നീടുള്ള യാത്രയിൽ പുറത്തെടുക്കാൻ ആകാത്തവിധം പ്ലാസ്റ്റിക് കവറിലേക്ക് മാറ്റേണ്ട അവസ്ഥയുണ്ടാക്കുകയും ചെയ്തു. കല്ലുകളുടെയും പാറകളുടെയും മറയിൽ നിന്ന് മഴയെ കുറച്ചെങ്കിലും മറച്ച് ധൃതിയിൽ റെയിൻകോട്ട് ധരിച്ച് ഞങ്ങൾ നടത്തം തുടർന്നു.
ഉച്ചയോടുകൂടി വളരെ ആയാസപ്പെട്ട് മാൽപ്പയിൽ എത്തിയപ്പോൾ കണ്ടത് മനസ്സ് പിളർക്കുന്ന കാഴ്ചയായിരുന്നു. കഴിഞ്ഞ യാത്രയിൽ അവിടെയുണ്ടായിരുന്ന കൊച്ചുഗ്രാമവും ക്ഷേത്രവും മിലിറ്ററി ക്യാമ്പും എല്ലാം, നില നിന്നിരുന്ന സ്ഥലം പോലും വ്യക്തമാകാത്ത രീതിയിൽ ഉരുൾപൊട്ടലിൽ മൂടിപ്പോയിരിക്കുന്നു. 1998 ൽ നടന്ന ആദ്യ ദുരന്തം ആ ഗ്രാമത്തിന്റെ പകുതിയെ മണ്ണിനടിയിൽ ആക്കിയെങ്കിൽ ഇത്തവണത്തേത് ആ ഗ്രാമത്തെ തന്നെ മായ്ച്ച് കളഞ്ഞിരിക്കുന്നു. കഴിഞ്ഞ വർഷം നടന്ന ഈ ദുരന്തത്തെക്കുറിച്ച് പല പ്രാവശ്യമായി പലരിൽ നിന്നും കേട്ടിരുന്നുവെങ്കിലും അതിന്റെ പൂർണ്ണചിത്രം നേരിൽ കണ്ടപ്പോളാണ് ഉൾക്കൊള്ളാനായത്. പോർട്ടർ വിക്കി പറഞ്ഞു “ദുരന്തത്തിൽ നിന്ന് ആകെ രക്ഷപ്പെട്ടത് ഒരാളാണ്, അദ്ദേഹം എന്റെ സുഹൃത്താണ്”. ബാക്കി ഗ്രാമവും വീടുകളും ഏതാണ്ട് ഇരുന്നൂറ് ജീവനുകളും എല്ലാം ഇരുളടഞ്ഞൊരാ രാത്രിയിൽ പ്രകൃതി നടത്തിയ സംഹാരതാണ്ഡവത്തിൽ ഭൂമുഖത്ത് നിന്ന് എന്നെന്നേയ്ക്കുമായി പോയ് മറഞ്ഞിരിക്കുന്നു. മുൻപുണ്ടായിരുന്നതിന് അല്പം മുകളിൽ കൂടി മലവെട്ടിയാണ് ഇപ്പോൾ നടക്കാനുള്ള വഴി ഉണ്ടാക്കിയിരിക്കുന്നത്. മിലിറ്ററി ഒരുക്കിയിരിക്കുന്ന പാലവും ഇഗ്ലൂ ക്യാമ്പുകളും കഴിഞ്ഞാൽ യാത്രികർക്ക് ഭക്ഷണം കൊടുക്കാനായി താൽക്കാലികമായി കെട്ടിയുയർത്തിയിരിക്കുന്ന ഒരു ടാർപോളിൻ ഷെഡ്ഡു മാത്രമാണ് ഇപ്പോൾ കാണാവുന്ന മനുഷ്യനിർമ്മിത വസ്തുക്കൾ. മറ്റെല്ലാ പ്രദേശങ്ങളിലും കൂറ്റൻ കരിങ്കല്ലുകൾ മൂടി കിടക്കുന്നു. ഭക്ഷണം കഴിക്കുമ്പോഴും എത്രയും പെട്ടന്ന് മാൽപ്പ കടക്കണം എന്ന ചിന്തയായിരുന്നു മനസ്സിൽ. അസ്വസ്ഥകരമായ എന്തോ അവിടുത്തെ അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്നതായി തോന്നിക്കൊണ്ടേയിരുന്നു.
ഭക്ഷണവും അല്പം വിശ്രമവും കഴിഞ്ഞ് വീണ്ടും മലകയറാൻ ആരംഭിച്ചു. ചരക്ക് കൊണ്ട് പോകുന്നവർക്കും യാത്രികർക്കും വിശ്രമിക്കാനായി വഴിയിൽ ഇടവിട്ട് പി ഡബ്ല്യു ഡി പണിതിരിക്കുന്ന വിശ്രമകേന്ദ്രങ്ങൾ ഇത്തവണത്തെ പുതുമയായിരുന്നു. മുകളിൽ ഷീറ്റ് മേഞ്ഞ് ഇരുമ്പ് പൈപ്പുകൾ കൊണ്ടുള്ള ബെഞ്ചുകൾ ഇട്ടിരിക്കുന്ന ഇത്തരം ഷെഡ്ഡുകൾ പല കയറ്റങ്ങളുടെയും അവസാനത്തിലുമുണ്ട് . പലയിടത്തും ഇത് കുതിരകളും നായ്ക്കളും കൈയ്യേറി നിലത്ത് വിസർജ്ജ്യങ്ങൾ നിറച്ചിട്ടിരിക്കുന്നുവെങ്കിലും ബെഞ്ചുകളിൽ ഇരിക്കാൻ സാധിക്കുന്ന വൃത്തിയുണ്ടായിരുന്നു. മഴയത്തും കൊടും വെയിലത്തും പലയിടത്തും ഒന്ന് നടുനിവർത്തി, ബാഗ് ഇറക്കി ആശ്വസിക്കാനും ഇതുകാരണം സാധിച്ചു. മാൽപ്പയിൽ നിന്നും ലമാരി ലക്ഷ്യമാക്കിയുള്ള യാത്രയിൽ വഴിയിൽ എതിരെ വന്ന പല യാത്രികരും ഇത്രയും വൈകിയ സ്ഥിതിയ്ക്ക് ഇന്ന് നിങ്ങൾ ബുദിയിൽ വൈകീട്ട് എത്തിച്ചേരുമോയെന്ന സംശയം പങ്കുവെയ്ക്കാൻ തുടങ്ങിയതോടെ നടത്തം തനിയെ വേഗത്തിലാകുവാൻ തുടങ്ങി. തുടക്കത്തിൽ നഷ്ടമായ രണ്ട് മണിക്കൂറുകളും, വേഗത കുറഞ്ഞ് സഞ്ചരിക്കേണ്ടി വന്ന ആദ്യ ഭാഗങ്ങളും യാത്രയുടെ ഗതിയെ സാരമായി ബാധിച്ചിട്ടുണ്ടായിരുന്നു. ആദ്യ ദിവസമായതിനാലും മഴയുടെ ഭീഷണിയുള്ളതിനാൽ റെയിൻകോട്ടിലുള്ള സഞ്ചാരസ്വാതന്ത്ര്യ കുറവും ഞങ്ങളുടെ വേഗതയെ സാരമായി തന്നെ കുറക്കുകയും ചെയ്തിരുന്നു. നാലുമണിക്കെങ്കിലും ലാമാരിയിൽ എത്തിയെങ്കിൽ മാത്രമേ ഇരുൾ വല്ലാതെ പരക്കും മുൻപ് ബുദിയിലെത്താൻ ആകുമായിരുന്നുള്ളു. ഒടുക്കം ലാമാരിയിൽ ചായക്കായി ഏർപ്പാടാക്കിയിരുന്ന സ്ഥലത്ത് എത്തിയപ്പോൾ സമയം ആറിനോട് അടുത്തിരുന്നു. ബുദിയിലേക്കുള്ള ദൂരം ഒന്നാഞ്ഞ് പിടിച്ചാൽ ഒൻപത് മണിക്കുള്ളിൽ നടന്നെത്താം എന്ന കണക്കുകൂട്ടലിലാണ് ലാമാരിയോട് വിട പറഞ്ഞത്. കൂടെയുണ്ടായിരുന്ന യാത്രികയെ കുതിരപ്പുറത്ത് കയറ്റി അയച്ചു. കുതിരകൾക്കൊപ്പം എത്താനായില്ലെങ്കിലും ഏതാണ്ട് പിറകെ തന്നെ ആയാസകരമെങ്കിലും നടന്ന് കയറാം എന്നായിരുന്നു പ്രതീക്ഷ. ഇത്തരം യാത്രകളിൽ ഹിമാചലിലാകട്ടെ, ഉത്തരാഖണ്ഡിലാകട്ടെ സ്ത്രീ യാത്രക്കാരെ പോർട്ടർമാർക്കും കുതിരക്കാർക്കും ഒപ്പം അയക്കുന്നതിൽ ഒട്ടും ആശങ്കപ്പെടേണ്ടതില്ല. അത്യന്തം മാന്യവും ബഹുമാനം നൽകുന്നതുമായ പെരുമാറ്റമാണ് ഇവിടുത്തുകാർ യാത്രക്കാർക്കായി നൽകുന്നത്. സ്വജീവൻ പണയപ്പെടുത്തിയായാലും യാത്രക്കാരെ സുരക്ഷിതരാക്കി നിശ്ചിതസ്ഥലത്ത് എത്തിക്കുന്നതിൽ ഓരോ പോർട്ടറും കുതിരക്കാരനും പ്രതിഞ്ജാബദ്ധരായിരിക്കും. പുറമേ മുൻകാല സൗഹൃദമുള്ളവരാണ് കൂടെയെങ്കിൽ പിന്നെ ഭയപ്പെടേണ്ട കാര്യം ഒട്ടുമില്ലായിരുന്നു. ഞങ്ങളുടെ ആകെ ആശങ്ക സഹയാത്രികയ്ക്ക് ഉണ്ടായിരുന്ന ഭാഷാപ്രശ്നത്തെക്കുറിച്ചായിരുന്നു. ലമാരിയിൽ നിന്നും സാധ്യമായതിൽ വെച്ച് ഏറ്റവും കൂടുതൽ വേഗത്തിൽ നടന്ന് കയറുമ്പോൾ ഞങ്ങൾക്ക് അറിയാൻ സാധിച്ചിരുന്നില്ല വരാൻ പോകുന്ന ഏതാനും മണിക്കൂറുകൾ ജീവിതത്തിലെ തന്നെ ഏറ്റവും കഠിനമായ പരീക്ഷണങ്ങൾ കരുതിവെച്ചതായിരിക്കുമെന്നും അതിലേക്കാണ് ഞങ്ങൾ നടന്ന് കയറിക്കൊണ്ടിരിക്കുന്നത് എന്നും.