ഇന്നാണ് ആ സുദിനം. കൈലാസ പർവ്വതത്തിന് മുൻപിൽ സാഷ്ടാംഗം പ്രണമിക്കാൻ മഹാദേവൻ എനിക്കായി നൽകിയിരിക്കുന്ന ദിനം. തലേദിവസം കഴിച്ച മരുന്നുകൾ ഫലം ചെയ്തിട്ടുണ്ടായിരുന്നു, ക്ഷീണമൊന്നുമില്ലാതെയാണ് ഉണർന്നെഴുന്നേറ്റത്. കാലത്ത് 7 മണിയോടുകൂടി തന്നെ അന്നേദിവസം യാത്ര ആരംഭിച്ചു. ദർച്ചൻ ഹോട്ടലിൽ നിന്ന് ഏതാണ്ട് എട്ടു കിലോമീറ്റർ അകലെയാണ് യമദ്വാർ സ്ഥിതി ചെയ്യുന്നത്. ഔദ്യോഗികയാത്ര പദ്ധതി പ്രകാരം, ദർച്ചനിൽ നിന്ന് യമദ്വാർ വരെ ബസ്സിൽ യാത്രക്കാരെ കൊണ്ട് പോവുകയും അവിടെ നിന്ന് പിന്നീട് ദേരാപുക്കിലേക്കുള്ള ദൂരം യാത്രക്കാർ നടന്നോ, ആവശ്യാനുസരണം യമദ്വാറിൽ നിന്ന് ലഭ്യമാകുന്ന കുതിരപ്പുറത്തോ സഞ്ചരിക്കേണ്ടതാണ്. തിരിച്ചു വരുമ്പോൾ സോങ് സെർബുവിൽ നിന്ന് ദർച്ചൻ ക്യാമ്പിലേക്കുള്ള അഞ്ച് കിലോമീറ്റർ ദൂരത്തേക്ക് വാഹനസൗകര്യം ഏർപ്പാടാക്കിയിട്ടുണ്ട്. ദർച്ചൻ ക്യാമ്പിൽ നിന്ന് പുറപ്പെട്ട് തിരികെ ദർച്ചൻ ക്യാമ്പ് വരെയുള്ള ആകെ പരിക്രമണദൂരം 52 കിലോമീറ്ററാണ്. എന്നാൽ ശിവനെ ആരാധിക്കുന്ന പല പ്രദേശങ്ങളിലും പ്രതിഷ്ഠയെ പൂർണമായും പരിക്രമണം ചെയ്യുന്ന പതിവില്ല. ഹിന്ദു വിശ്വാസ പ്രകാരം, പ്രത്യേകിച്ചും ദക്ഷിണ ഭാരതത്തിലെ വിശ്വാസപ്രകാരം നാലിൽ മൂന്ന് ഭാഗം വരുന്ന പ്രദക്ഷിണം മാത്രമേ മഹാദേവനെ ചെയ്യാൻ പാടുകയുള്ളൂ. അതിനാലാണ് ഇത്തരത്തിൽ ഒരു പദ്ധതി അവിടെ തയ്യാറാക്കിയിരിക്കുന്നത്. എന്നാൽ ഉത്തരേന്ത്യയിൽ പലയിടത്തും ശിവലിംഗത്തിനെ പൂർണ്ണമായും വലം വയ്ക്കുകയും സ്പർശിക്കുകയും ചെയ്യുന്നുണ്ട്. അത്തരക്കാർക്കായി മറ്റൊരു പദ്ധതി കൂടി ഇവിടെ നടപ്പിലാക്കാൻ തടസ്സമില്ല. എല്ലാ യാത്രക്കാരും പുറപ്പെടുന്നതിന് മുൻപ് അവർക്ക് ദർച്ചൻ ക്യാമ്പിൽ നിന്ന് ഗൈഡുകളുടെയടുത്ത് റിപ്പോർട്ട് ചെയ്ത ശേഷം നടത്തം ആരംഭിക്കാവുന്നതാണ്. യമദ്വാർ വഴി ദേരാപുക്കിലേക്ക് അവർക്ക് യാത്ര ചെയ്യാം. തിരിച്ച് വരുമ്പോഴും സോങ് സെർബുവിൽ നിന്ന് അഞ്ച് കിലോമീറ്ററോളം വരുന്ന ദൂരം ഗൈഡുകളുടെ അനുവാദത്തോട് കൂടി പദസഞ്ചലനം ചെയ്ത് ദർച്ചൻ ക്യാമ്പിലേക്ക് തന്നെ തിരിച്ചെത്താൻ സാധിക്കും. ഞങ്ങളുടെ ബാച്ചിലെ മഹാഭൂരിപക്ഷവും മുക്കാൽ പരിക്രമണത്തിന്റെ പാത തിരഞ്ഞെടുത്തപ്പോൾ അപൂർവ്വം ചിലർ പൂർണമായും പരിക്രമണം ചെയ്യാൻ വേണ്ടി രാവിലെ 6 മണിക്ക് തന്നെ ക്യാമ്പിൽ നിന്ന് പുറപ്പെട്ടിരുന്നു.
ഗൈഡുകളും കുതിരക്കാരും യമദ്വാറിലാണ് തമ്പടിച്ചിരിക്കുന്നത്. ശ്രീ എം കെ രാമചന്ദ്രന് നൽകിയ വാക്ക് പ്രകാരം ഇവിടെയും ഞാൻ കുതിരയെയും പോർട്ടറെയും വാടകയ്ക്ക് എടുത്തു. ഇന്ത്യൻ വശത്ത് കെച്ചറുകൾ ആയിരുന്നെങ്കിൽ ഇവിടെ യാക്കുകളും ടിബറ്റൻ പോണി എന്ന വിഭാഗത്തിൽ പെടുന്നവയുമായിരുന്നു യാത്രാമൃഗങ്ങൾ. നറുക്കെടുപ്പിൽ കൂടിയാണ് ഇവിടെയും കുതിരകളെയും പോർട്ടർമാരെയും നൽകുന്നത്. പക്ഷേ ഇന്ന് നറുക്കെടുത്ത് കയ്യിൽ കിട്ടിയ കടലാസ്സിൽ എഴുതിയതും അതവർ ഉച്ചത്തിൽ വായിച്ചതും ഭാഷ തീർത്തും അറിയാത്തതിനാൽ എനിക്ക് അല്പം പോലും മനസ്സിലായില്ല. പോർട്ടറും കുതിരക്കാരനും അവിടുത്തുകാർ തന്നെയായിരുന്നു; അതിനാൽ പരിചയപ്പെട്ടപ്പോൾ അവരെന്തോ പറഞ്ഞുവെങ്കിലും അതിലവർ അവരുടെ പേരുകൾ പറഞ്ഞോ എന്നെനിക്കറിയാൻ കഴിഞ്ഞില്ല. ഒന്നോ രണ്ടോ ഹിന്ദി വാക്കുകൾ മുൻപേ വന്ന യാത്രക്കാരിൽ നിന്ന് പഠിച്ചത് പോർട്ടർ അവിടെ വച്ച് എന്നോട് പറയുകയുണ്ടായി. പക്ഷേ ഭാഷകൾ പരസ്പരം അറിയാത്തതിനാൽ പൂർണ്ണമായും ആംഗ്യഭാഷയിൽ അധിഷ്ഠിതമായ ആശയവിനിമയമായിരുന്നു ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നത്. നമ്മുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് ചെയ്യാനുള്ള അവരുടെ കഴിവ് കാരണം ഭാഷ ഒരു തടസ്സമായി അനുഭവപ്പെട്ടില്ല എന്ന് മാത്രമല്ല പിന്നീട് ഊഷ്മളമായ ഒരു സൗഹൃദം പോർട്ടറുമായി രൂപപ്പെടുത്താനും വാക്കുകളുടെ സഹായമില്ലാതെതന്നെ സാധിക്കുകയും ചെയ്തു.
യമദ്വാറിൽ നിന്ന് യാത്ര ആരംഭിക്കുന്നിടത്ത് വളരെ ചെറിയ ഒരു ക്ഷേത്രമുണ്ട്. കവാടം പോലെ തോന്നിപ്പിക്കുന്ന ഈ ക്ഷേത്രത്തിൽ മൂന്നുപ്രാവശ്യം ഉള്ളിൽ കൂടി കടന്ന് വലം വെച്ചിട്ടാണ് കൈലാസ പരിക്രമണ യാത്ര ആരംഭിക്കുന്നത്. യമദ്വാരം കടക്കുന്ന വ്യക്തിക്ക് പിന്നീട് ജീവിതത്തിൽ മരണഭയം ഉണ്ടാകില്ല എന്നാണ് വിശ്വാസം. യമദ്വാർ ടിബറ്റുകാരുടെ കൂടെ പുണ്യ സ്ഥലമായതിനാൽ ധാരാളം തോരണങ്ങളാൽ അവിടെ അലങ്കരിച്ചിരുന്നു. തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ യമദ്വാറിൽ നിന്ന് നോക്കിയാൽ കൈലാസത്തിന്റെ തെക്ക് പടിഞ്ഞാറ് മുഖവും, ആ മുഖത്തിൽ ശിവന്റെ തൃക്കണ്ണ് എന്ന് വിശ്വസിക്കുന്ന കലയും കാണാൻ സാധിക്കും. ദേരാപുക്കിലേക്കുള്ള യാത്ര പൂർത്തിയാകുമ്പോൾ നമ്മൾ കൈലാസത്തിന്റെ വടക്കേ മുഖത്തേക്കാണ് ചെന്നെത്തുന്നത്. ദേരാപുക്കിലേക്ക് യമദ്വാറിൽ നിന്നും 12 കിലോമീറ്റർ ആണ് സഞ്ചരിക്കാൻ ഉള്ളത്. കഠിനമായ കയറ്റങ്ങളോ ഇറക്കങ്ങളോ ഈ യാത്രയിലില്ല. ഇന്ത്യൻ വശത്തെ ഹിമാലയ യാത്ര കഴിഞ്ഞ് ചൈനയുടെ ഭാഗത്തെ ഹിമാലയത്തിലേക്ക് വരുമ്പോൾ ഭൂപ്രകൃതിയിൽ സംഭവിച്ചിരിക്കുന്ന മാറ്റം അത്ഭുതകരമാണ്. ഒരൊറ്റ പച്ചപ്പിന്റെ തരി പോലും കാണാതെ, കറുപ്പും ചാരനിറവും നിറഞ്ഞ പാറക്കല്ലുകളാൽ രൂപീകൃതമായ പർവതങ്ങളും ആ പർവതങ്ങളുടെ മുകളിൽ തൂവെള്ള നിറത്തിൽ രൂപപ്പെട്ടിരിക്കുന്ന ഹിമാവരണവും ചേർന്നു വല്ലാത്തൊരു അനുഭൂതിയാണ് ഇവിടെ അനുഭവപ്പെടുന്നത്.
കൈലാസ പരിക്രമത്തെപ്പറ്റി മറ്റു മതങ്ങളിലും പവിത്രമായ സങ്കല്പങ്ങൾ ആണുള്ളത്. തിബത്തിലെ ബോൺ മതവിശ്വാസികൾ കൈലാസ പരിക്രമണം ചെയ്യുന്നത് നമസ്കാര പ്രദക്ഷിണത്തിൽ കൂടിയാണ്. അടി വെച്ച് നടക്കുന്നതിനുപകരം, സാഷ്ടാംഗം പ്രണമിച്ചെഴുന്നേറ്റ് ഒരു ശരീര ദൂരത്തോളം മുന്നോട്ട് നടന്ന് അവിടെ വീണ്ടും സാഷ്ടാംഗം പ്രണമിച്ചാണ് ഈ പരിക്രമണരീതി പുരോഗമിക്കുന്നത്. 52 കിലോമീറ്റർ വരുന്ന കൈലാസ പരിക്രമണം, നടന്നോ കുതിരപ്പുറത്തോ പൂർത്തീകരിക്കാൻ മൂന്നു ദിവസം വേണ്ടി വരുമ്പോൾ നമസ്കാര പ്രദക്ഷിണം വഴി അത് പൂർത്തീകരിക്കാൻ 25 ദിവസത്തോളം ആവശ്യമായി വരുന്നു. ബുദ്ധമത വിശ്വാസ പ്രകാരം കൈലാസം പ്രപഞ്ചത്തിന്റെ കേന്ദ്രമായ മേരു പർവ്വതമാണ്. ജൈനമത വിശ്വാസപ്രകാരം ജൈനമതാചാര്യന്മാർക്ക് ബോധോദയം സംഭവിച്ചിട്ടുള്ളത് കൈലാസ പർവതത്തിനടുത്ത് വച്ചാണ്. ഈ എല്ലാ വിഭാഗക്കാരും ഇവിടെ ഒരേസമയം തന്നെ കൈലാസ പരിക്രമണം ചെയ്യാനായി വരുന്നു. ചിലർ പ്രദക്ഷിണ ദിശയിൽ പരിക്രമണം ചെയ്യുമ്പോൾ മറ്റു ചിലർ അപ്രദക്ഷിണ ദിശയിൽ പരിക്രമണം ചെയ്യുന്നു.
പരീക്ഷാ ഹാളിൽ ചോദ്യപേപ്പർ കാത്തിരിക്കുന്ന ഒരു വിദ്യാർത്ഥിയുടെ മനസ്സിൽ അനുഭവപ്പെടുന്ന തരത്തിലുള്ള ആകാംക്ഷ ഈ യാത്രയിൽ എന്നെ ബാധിച്ചിരുന്നു. ജഗേഷ് ഭായി ഈ യാത്രയുടെ നിയോഗത്തെക്കുറിച്ച് പറഞ്ഞിരുന്ന വാക്കുകൾ മനസ്സിൽ നിറഞ്ഞ് നിന്നിരുന്നു. എന്റെ ഓരോ ചുവടും ആകാശ മണ്ഡലത്തിൽ നിന്ന് സാകൂതം പിതൃക്കൾ നോക്കി നിൽക്കുന്നതായി തോന്നി. പ്രത്യേകിച്ചും അച്ഛന്റെ സാന്നിധ്യം വളരെയധികം അനുഭവപ്പെട്ടു. അന്നത്തേക്ക് കൃത്യം നാല് വർഷം മുൻപാണ് അദ്ദേഹം മരണപ്പെടുന്നത്. പിന്നീട് എല്ലാ വർഷവും ഞങ്ങൾ അച്ഛന് വേണ്ടി ശ്രാദ്ധം ഊട്ടിയിരുന്നു. ഒരുതവണ തിരുനാവായയിലും രണ്ടാമത് പുഴയ്ക്കൽ അയ്യപ്പക്ഷേത്രത്തിലുമായിരുന്നു ശ്രാദ്ധം ചെയ്തിരുന്നത്. മൂന്നാമത്തെ വർഷം ശ്രാദ്ധത്തിന്റെ തിയ്യതി അറിയിക്കാനായി അമ്മ വിളിക്കുമ്പോൾ മുൻപേ ആസൂത്രണം ചെയ്തിരുന്ന ദില്ലി – ആഗ്ര – ഹരിദ്വാർ – ഋഷികേശ് യാത്രയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു ഞാൻ. അമ്മ പറഞ്ഞ തിയ്യതി നോക്കിയപ്പോൾ കൃത്യം ഹരിദ്വാറിൽ എത്തുന്ന ദിവസമായിരുന്നു അച്ഛന്റെ ശ്രാദ്ധം. ഗംഗാ ആരതിയ്ക്ക് ശേഷം അന്തരീക്ഷം മുഴുവൻ നിറഞ്ഞ് നിൽക്കുന്ന കർപ്പൂരഗന്ധത്തിൽ അദ്ധേഹത്തിനായി ശ്രാദ്ധമൂട്ടിയപ്പോൾ അതൊരുപക്ഷേ അച്ഛന് കൊടുക്കാവുന്നതിൽ വെച്ച് ഏറ്റവും മഹത്തായ ശ്രാദ്ധമായിരിക്കുമെന്നാണ് ഞാൻ മനസ്സിൽ കരുതിയിരുന്നത്. പക്ഷെ നാലാമത്തെ വർഷം ആ ദിവസത്തിൽ ഞാൻ എത്തിച്ചേരുന്നതാകട്ടെ സാക്ഷാൽ കൈലാസത്തിലും. ഏത് ദിവസമാണ് കൈലാസ ദർശനവും, പരിക്രമണവും നമുക്ക് സാധ്യമാകുന്നത് എന്നുള്ള കാര്യത്തിൽ യാതൊരുവിധ നിയന്ത്രണങ്ങളും യാത്രക്കാരനുണ്ടായിരിക്കില്ല. ഏത് ബാച്ചിലേക്കായിരിക്കും തിരഞ്ഞെടുക്കപ്പെടുന്നത് എന്നുള്ളത് നറുക്കെടുത്താണ് തീരുമാനിക്കുന്നത്. യാത്രയിൽ കാലാവസ്ഥ തടസ്സങ്ങളോ, ആരോഗ്യ പ്രശ്നങ്ങളോ ഇല്ലാതെ മുന്നോട്ട് പോകുമെന്നുള്ളത് ബോലെയുടെ നിശ്ചയത്തേയും കേവല ഭാഗ്യത്തേയും ആശ്രയിച്ചിരിക്കും എന്നതിനാൽ കൈലാസ യാത്രയ്ക്ക് പോകാനും, അതിനും പുറമേ അച്ഛന്റെ ചരമവാർഷിക ദിനത്തിൽ തന്നെ കൈലാസപർവ്വത പരിക്രമണം ചെയ്യാനും സാധിച്ചത് വിധിയുടെ നിയോഗമായോ എന്നെ ഈ കർമ്മത്തിനായി തിരഞ്ഞെടുത്ത പിതൃക്കൾ നടത്തിയ തീരുമാനമായോ ഉൾക്കൊള്ളാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. ആശ്ചര്യകരമായ കാര്യം ഈ ദിവസമായിരിക്കും ഞാൻ ഇവിടെ എത്തിച്ചേരുന്നതെന്ന് എന്റെ ശ്രദ്ധയിൽ പെടുന്നത് ദില്ലിയിൽ വെച്ചാണ്. യാത്ര തുടങ്ങിയ ആദ്യ ദിവസങ്ങളിൽ ശ്രാദ്ധം ചെയ്യുവാൻ കൈലാസത്തിനടുത്ത് കർമ്മികളെ ആരെങ്കിലും കിട്ടുമോ എന്ന് മുൻപവിടെപ്പോയി പരിചയമുള്ള ജഗേഷ് ഭായിയോടാണ് ഞാൻ അന്വേഷിച്ചത്. ജഗേഷ് ഭായി മറുപടിയ്ക്ക് മുൻപ് മനോഹരമായി പുഞ്ചിരിച്ചു, എന്നിട്ടെന്നോട് വാത്സല്യപൂർവ്വം പറഞ്ഞു “നമ്മൾ പോകുന്നത് സിദ്ധഭൂമിയിലേക്കാണ്. സിദ്ധഭൂമിക്ക് പുറത്തുള്ള ലോകത്തുള്ളവർക്കാണ് മന്ത്രങ്ങളും കർമ്മക്രിയകളും മധ്യവർത്തികളും ആവശ്യമായി വരുന്നത്. സിദ്ധഭൂമികൾ മനോകാമനകൾ തന്നെ മന്ത്രമായി മാറുന്ന അത്ഭുതപ്രതിഭാസം സംഭവിക്കുന്ന ഇടങ്ങളാണ്. അതിനാൽ ഒരു മന്ത്രത്തിന്റെയും ഒരു കർമ്മിയുടെ ഇടനിലയുടെയും ആവശ്യമില്ലാതെ തന്നെ കൈലാസത്തിനു മുന്നിൽ പിതാവിനായി ശ്രാദ്ധം ചെയ്യാം. മറ്റൊന്നു കൂടി അദ്ദേഹം പറഞ്ഞു, “കൈലാസത്തിൽ പിതൃക്കൾക്കായി ശ്രാദ്ധം ചെയ്യുമ്പോൾ അതുവരെയുള്ള വംശപരമ്പരയ്ക്ക് മുഴുവൻ മോക്ഷം കിട്ടുകയാണ്. എന്നതിനാൽ ഇത് പരമപുണ്യമായ ഒരു കടമയായി കണക്കാക്കി ശ്രദ്ധയോടും അർപ്പണത്തോടും കൂടി വേണം അവിടെ ശ്രാദ്ധം ചെയ്യാൻ.”
നാനാവിധ ചിന്തകളിൽ ആഴത്തിൽ വ്യാപാരിച്ചിരുന്നതിനാൽ വരണ്ടു കിടക്കുന്ന ആ മലകളുടെ മൗഢ്യം മനസ്സിനെ ബാധിച്ചതേയില്ലെന്ന് നിസ്സംശയം പറയാം. കോടിക്കണക്കിന് ഭക്തർ മനസ്സാൽ കൊതിക്കുന്ന, സമ്പൽസമൃദ്ധിയുടെ മുകളിലിരിക്കുമ്പോൾ പോലും പലർക്കും പൂർത്തീകരിക്കാൻ സാധിക്കാതെ പോകുന്നതുമായ കൈലാസദർശനം ആരുടെയൊക്കെയോ അനുഗ്രഹത്താൽ എനിക്ക് സംഭവിക്കാൻ പോകുകയാണെന്നുള്ള ചിന്ത മനസ്സിനെ അത്രമേൽ സ്വാധീനിച്ചിരുന്നു. ഒരു സ്വപ്നാടകനെപ്പോലെയാണ് ഞാൻ ദർശനത്തിലേക്കുള്ള അവസാനത്തെ ചുവടുകൾ നടന്ന് കൊണ്ടിരുന്നത്. പിന്നിട്ട ജീവിതപാതകൾ ഒരു തിരശ്ശീലയിലെന്നവണ്ണം മനസ്സിൽ കൂടി കടന്ന് പോയിക്കൊണ്ടിരുന്നു. സിദ്ധഭൂമിയുടെ പ്രഭാവമാണോ, കൈലാസദർശനം നല്കാൻ പോകുന്ന അഭൂതപൂർവ്വമായ അനുഭൂതികളെ കുറിച്ചുള്ള ആകാംക്ഷകളാണോ എന്നറിയില്ല മനസ്സ് വികാരവിക്ഷുബ്ദമായിരുന്നു. ഏതാണ്ട് മൂന്നരയോടെ ഞങ്ങൾ ദേരാപുക്കിൽ കൈലാസത്തിന്റെ താഴ്വാരത്തായി ഒരുക്കിയിരിക്കുന്ന ക്യാമ്പിനടുത്ത് എത്തിച്ചേർന്നു. അവിടെ നിന്ന് നോക്കുമ്പോൾ രണ്ട് മലകൾക്കിടയിലൂടെ തലയുയർത്തി നിൽക്കുന്ന കൈലാസത്തിന്റെ വടക്കേ മുഖത്തിന്റെ പൂർണ്ണദർശനം സാധ്യമായിരുന്നു. രണ്ട് മലകളുടെ മറയുണ്ടായിരുന്നിട്ട് കൂടി കൈലാസദർശനം അവാച്യമായ അനുഭൂതിദായകമായിരുന്നുവെന്ന് പറയാതെ വയ്യ. ക്യാമ്പിൽ നിന്നും ഏതാണ്ട് മൂന്ന് കിലോമീറ്ററോളം ഉള്ളിലേക്ക് പോയാലേ കൈലാസ പർവതത്തിന് തൊട്ട് മുൻപിലെത്താൻ സാധിക്കൂവെന്നതിനാൽ എത്രയും പെട്ടെന്ന് ഞങ്ങളുടെ ബാഗുകൾ ക്യാമ്പിൽ വച്ച് ക്യാമറയും പൂജാദ്രവ്യങ്ങളും അടങ്ങുന്ന അവശ്യവസ്തുക്കൾ മാത്രമെടുത്ത് ഞങ്ങൾ ഈ രണ്ടു മലകൾക്കിടയിലുള്ള അടിവാരത്തിൽ കൂടെ മുന്നോട്ടു നടക്കാൻ തുടങ്ങി.
മുന്നോട്ട് വെക്കുന്ന ഓരോ ചുവടിലും കൈലാസത്തിന്റെ പ്രഭാവം നമ്മളിൽ ഏല്പിക്കുന്ന സ്വാധീനം വർദ്ധിക്കാൻ തുടങ്ങി. കരിക്കറുപ്പിൽ, തൂവെള്ളമഞ്ഞാൽ കോലങ്ങളെഴുതിയപോലെ നിൽക്കുന്ന ഈ മഹാശൈലം ശരീരത്തിന്റെ ഓരോ പരമാണുവിലും അതിന്റെ പരമാധികാരം സ്ഥാപിക്കും. അല്പദൂരം പിന്നിട്ടപ്പോൾ തന്നെ മുൻപിലുള്ള രണ്ടു മലകളുടെ മറയില്ലാതെ കൈലാസപർവ്വതം ദൃശ്യമാകാൻ തുടങ്ങി. മനസ്സിലും ശരീരത്തിലും ഈ മഹാമേരു അധീശത്വം വഹിക്കുമ്പോൾ അനുഭവിക്കുന്ന അവർണ്ണനീയമായ ആത്മാനുഭൂതിയിൽ സ്വയം മറന്നു, അമ്മയുടെ മടിത്തട്ടിലേക്ക് ഇളംചുവടുകളോടെ ഓടിയടുക്കുന്ന പൈതലിനെ പോലെ, യാത്രക്കാർ അക്ഷരാർത്ഥത്തിൽ കൈലാസത്തിന് മുന്നിലേയ്ക്ക് സ്വയമറിയാതെ നയിക്കപ്പെടുകയായിരുന്നു. പ്രായത്തിൽ പൊതുവിൽ ഇളമുറക്കാർ ആയ ഞങ്ങളിൽ ചിലർ മറ്റുള്ളവരിൽ നിന്നും വളരെ ദൂരം മുന്നിൽ എത്തിച്ചേർന്നിരുന്നു. കുറച്ചേറെ മുന്നോട്ട് ചെന്നപ്പോഴാണ് ആരൊക്കെയോ പുറകിൽ നിന്ന് കൈയുയർത്തി വിളിക്കുന്നതായി കണ്ടത്. എങ്കിലും മുന്നിൽ നിറഞ്ഞ് നിൽക്കുന്ന കൈലാസത്തിന്റെ ആകർഷണത്താൽ, ആ വിളികൾ അവഗണിച്ചു മുന്നോട്ടു പോകാൻ തന്നെയാണ് തീരുമാനിപ്പിച്ചത്. ഒടുക്കം കൈലാസത്തിന്റെ മുകൾതട്ടിൽ വീണു താഴേക്ക് പതിക്കുന്ന മഞ്ഞു ഒരു ചെറിയ കുന്നുപോലെ കൂടി കിടക്കുന്ന ഇടം വരെ ഞങ്ങൾ ചെന്നെത്തി. ജീവിതത്തിൽ ഇങ്ങനെ ഒരു നിമിഷം അനുവദിച്ചു തന്ന പ്രപഞ്ചശക്തികളുടെ മുന്നിൽ കൃതജ്ഞതാനിർഭരമായ ഹൃദയത്തോടെ സാഷ്ടാംഗം പ്രണമിക്കാനാണ് ആ നിമിഷത്തിൽ ആദ്യം തോന്നിയത്. ഞാൻ പോലുമറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അതീന്ദ്രിയാനുഭൂതി നൽകികൊണ്ട് ശാന്തഗംഭീരമായ ഭാവത്തിൽ നിൽക്കുന്ന കൈലാസത്തിന്റെ പ്രഭാമണ്ഡലത്തിൽ ഏറെനേരം സ്വയം മറന്നിരുന്നു പോയി. ഇടക്കെപ്പോഴോ ഞെട്ടിയുണർന്ന് നോക്കിയപ്പോൾ ഏറെ വിഭിന്നമൊന്നുമല്ല സഹയാത്രികരുടെയും അവസ്ഥ എന്നറിയാൻ കഴിഞ്ഞു. കരഞ്ഞ് കലങ്ങിയതെങ്കിലും എല്ലാ കണ്ണുകളിലും ചാരിതാർഥ്യത്തിന്റെ തിളക്കം നിറഞ്ഞു നിന്നിരുന്നു.
എല്ലാവരും ചേർന്ന് കുറച്ച് ഫോട്ടോകൾ എടുത്തു, പിന്നെ പൂജയ്ക്കും ശ്രാദ്ധത്തിനുമായി കൈലാസത്തിൽ നിന്നും ഒഴുകിയിറങ്ങുന്ന ഒരു കൊച്ചു നീരുറവയുടെ അരികിലെത്തി. കൈലാസയാത്രയ്ക്ക് അനുഗ്രഹം വാങ്ങാനായി ചെന്നപ്പോൾ അച്ഛന്റെ അനന്തിരവന്റെ വീട്ടിൽ നിന്നും കിട്ടിയ കൂവളത്തിന്റെ ഇലകൾ വാടാത്ത വിധത്തിൽ പൊതിഞ്ഞു കെട്ടി ഞാൻ കൊണ്ടു വന്നിരുന്നു. ഈ ഇലകൾ, മഞ്ഞുരുകിയ വെള്ളത്തിൽ മുക്കി പൂജാ പുഷ്പങ്ങളായി ആദ്യം ശിവന് സമർപ്പിച്ചു. പിന്നീട് മനോകാമനകളെ മന്ത്രമാക്കി മാറ്റി, പിതൃക്കളുടെ കർമ്മബാക്കികളും, കർമ്മദോഷങ്ങളും കൈലാസത്തെ സാക്ഷിയാക്കി ഏറ്റെടുത്ത്, അവർക്ക് മോക്ഷം നൽകാൻ സംഹാരമൂർത്തിയായ കൈലാസപതിയോട് മനസ്സുരുകി അപേക്ഷിച്ചുകൊണ്ടൊരു അശ്രോദകം. ആ നിമിഷങ്ങളിൽ ഒറ്റയ്ക്കല്ലെന്നും ചുറ്റിലും നിന്ന് എന്റെ പിതൃക്കൾ വാത്സല്യപൂർവ്വം നോക്കിയെന്നെ അനുഗ്രഹിക്കുന്നതായും അപ്പോൾ എനിക്കനുഭവപ്പെട്ടു. ഭൗതികമായ തലങ്ങൾക്കപ്പുറം ആത്മീയമായ അർത്ഥങ്ങളിലേയ്ക്ക് കൂടി പടരുമ്പോഴാണ് മനുഷ്യനെന്ന അസ്ഥിത്വം പൂർണ്ണമാകുന്നത്. ഞാൻ എന്ന ജീവിയുടെ ഉല്പത്തിയ്ക്ക് കാരണഭൂതരായിട്ടുള്ള വംശപരമ്പരയ്ക്കായി എന്തെങ്കിലും ചെയ്യുന്നുവെന്നുള്ള വിശ്വാസത്തിൽ നിന്ന് ലഭ്യമാകുന്ന ആത്മഹർഷമായിരിക്കാം ശ്രാദ്ധങ്ങളെ ഇത്രയേറെ ഹൃദയസ്പർശമാക്കുന്നത്. പൊയ്പ്പോയ പ്രിയപ്പെട്ടവരെ നമ്മളൊരിക്കൽ കൂടി തൊട്ടറിയുകയാണ്. ചെയ്തുപോയ അപരാധങ്ങൾക്ക് മാപ്പപേക്ഷിക്കാനും, സിദ്ധിച്ച അനുഗ്രഹങ്ങൾക്ക് നന്ദിപറയാനും ജീവിതം രണ്ടാമതൊരു അവസരം നൽകുന്ന അത്രതന്നെ ഫലപ്രദമാണ് ഓരോ ശ്രാദ്ധദിനവും. ഇവിടെയാകട്ടെ അവർക്കായി ഞാൻ അവസാനമായി ഊട്ടുന്ന ശ്രാദ്ധമായിരുന്നു അത്. സംസാരചക്രത്തിൽ നിന്ന് തങ്ങളെ മോചിപ്പിക്കാനായി അവർ തിരഞ്ഞെടുത്ത, അവരുടെ പരമ്പരയിലെ ഒരു കണ്ണി കൈലാസത്തിൽ വന്ന് മഹാദേവസമക്ഷം നടത്തുന്ന ശ്രാദ്ധം.
ഇരുളാൻ തുടങ്ങിയപ്പോഴാണ് മനസ്സില്ലാമനസ്സോടെ ഞങ്ങൾ തിരിച്ച് ഇറങ്ങിയത്. കുറെയേറെ ദൂരം താഴേക്ക് പോന്നതിനു ശേഷമാണ് അറിയാൻ കഴിഞ്ഞത്, സിദ്ധരല്ലാത്തവർക്ക് ചരൺ സ്പർശശിലയുടെ അപ്പുറം കൈലാസത്തിനടുത്തേക്ക് പോകാനുള്ള വിധിയില്ല എന്നുള്ളത്. ചരൺ സ്പർശശില വിട്ട് ഞങ്ങൾ മുന്നോട്ട് പോയപ്പോഴാണ് ബാച്ചിലെ ഈ വിവരം അറിയാമായിരുന്ന യാത്രികർ തിരിച്ചു വരാനും, ചരൺ സ്പർശ ശിലയിൽ നടത്താൻ പോകുന്ന പൂജയിൽ പങ്കെടുക്കാനും വേണ്ടി ഞങ്ങളെ കൈകൊട്ടി വിളിച്ചത്. സിദ്ധർ അല്ലാത്തവർക്ക് കൈലാസത്തിന്റെ ഊർജ്ജ കിരണങ്ങൾ അധികനേരം ശരീരത്തിൽ ഏറ്റുവാങ്ങാനുള്ള കരുത്ത് ഉണ്ടാവുകയില്ല എന്നതിനാലാണ് സാധാരണക്കാർക്കായി ചരൺസ്പർശ ശില അവിടെ സ്ഥാപിച്ചിരിക്കുന്നത് തന്നെ. അറിവില്ലായ്മ കൊണ്ടാണോ, അതോ അടുത്തേക്ക് ചെല്ലണമെന്നുള്ള ബോലേനാഥിന്റെ തീർപ്പ് കൊണ്ടാണോ എന്നറിയില്ല, ഞങ്ങൾ ഏതാണ്ട് പതിനഞ്ചോളം യാത്രക്കാർ കൈലാസത്തിന് വളരെ അടുത്തേക്ക് യാത്ര ചെയ്യുന്ന ഈ സാഹചര്യം ഉണ്ടായത്. തിരിച്ചു നടന്ന് ക്യാമ്പിൽ എത്തിയതിന് ശേഷവും ഏറെനേരം ക്യാമ്പിന് മുൻവശത്തുള്ള പാറക്കെട്ടിൽ ഞാൻ കൈലാസത്തെ തന്നെ നോക്കിയിരുന്നു. കൈലാസത്തിന് എതിർവശത്തുള്ള മലമുകളിൽ വളരെ വലുപ്പമുള്ള ഒരു ബുദ്ധവിഹാരം കാണാനുണ്ടായിരുന്നു. ദേരാപുക്ക് വിഹാരം എന്നറിയപ്പെടുന്ന ഇവിടേയ്ക്ക് ഇരുട്ടുന്നതിന് മുൻപ് മലകയറി പോയി വരാനുള്ള സമയം ഉണ്ടാകില്ലെന്നതിനാൽ അതിന് തുനിയാതെ സാധ്യമായ നേരം മുഴുവൻ ഞാൻ കൈലാസത്തിൽ തന്നെ ദൃഷ്ടികളർപ്പിച്ച് ഇരിക്കുകയാണുണ്ടായത്.
വൈകീട്ട് ബാബ കൈലാസനാഥിന്റെ നേതൃത്വത്തിൽ രമേശ് ജി കാർമ്മികത്വം വഹിച്ച യഥാവിധിയിലുള്ള ഒരു “ഹവൻ” ക്യാമ്പിന് മുൻവശത്തായി കൈലാസത്തിനെ അഭിമുഖീകരിച്ചുകൊണ്ട് നടത്തുകയുണ്ടായി. ഏതാണ്ട് 60 കിലോയോളം വരുന്ന സാമഗ്രികൾ കൈലാസനാഥ് ബാബയും ശിഷ്യന്മാരും ചേർന്ന് കൊണ്ടുവന്നിരുന്നു. ഇത് കൈലാസത്തിലും മാനസരോവർ തടാകക്കരയിലും ഹവൻ നടത്താൻ വേണ്ടിയായിരുന്നു. ഒരുപക്ഷേ ഈ ബാച്ചിന്റെ കൂടെ യാത്രയിൽ പങ്കെടുക്കാൻ കഴിഞ്ഞത് കൊണ്ടുണ്ടായ ഏറ്റവും വലിയ ഗുണം ഇത്തരത്തിൽ വിധിപ്രകാരം, കൃത്യതയോടെ കൈലാസത്തിലും മാനസസരോവരത്തിലും നടത്തപ്പെട്ട ഹവനുകളിൽ പങ്കാളിയാവാൻ അസുലഭമായ അവസരങ്ങൾ ലഭിച്ചു എന്നുള്ളതായിരിക്കാം. പിറ്റേന്നത്തെ പരിക്രമയാത്ര നേരത്തെ തുടങ്ങുന്നതിനാൽ ഹവൻ കഴിഞ്ഞ് പെട്ടെന്ന് തന്നെ എല്ലാവരും കിടക്കാനുള്ള തയ്യാറെടുപ്പിലായി. ചന്ദ്രനുദിച്ച് കഴിഞ്ഞ് നിലാവിൽ കൈലാസത്തെ നോക്കിക്കൊണ്ട് നിൽക്കുന്നത് വാക്കുകളാൽ പുനഃസൃഷ്ടിക്കാൻ സാധിക്കാത്തത്രയും അലൗകികമായ, അഭൗമമായ ഒരു അനുഭൂതിയാണ്. അതികഠിനമായ ശൈത്യമാണ് ഈ പ്രദേശത്ത് രാത്രികാലങ്ങളിൽ അനുഭവപ്പെടുന്നതെന്നതിനാൽ നാല് പാളി വസ്ത്രം ധരിച്ചിട്ട് പോലും അധികനേരം പുറത്ത് ചിലവഴിക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല. ആ നിമിഷങ്ങളിലാണ് ഇത്തരം പ്രദേശങ്ങളിൽ അർദ്ധനഗ്നരായി തപസ്സിൽ മുഴുകി കഴിയുന്ന മുനിശ്രേഷ്ഠന്മാരെ ഒരുവേള മനസ്സാൽ പ്രണമിച്ച് പോയത്.
ജീവിതത്തിലെ ഏറ്റവും അനുഗ്രഹം നിറഞ്ഞ ആ ദിനത്തിൽ അങ്ങേയറ്റം ചാരിതാർത്ഥ്യത്തോടെയും കൃതജ്ഞതയോടെയുമാണ് ഞാൻ ഉറങ്ങാനായി പോയത്. കിടന്നിട്ടും ഏറെനേരം നിലാവിൽ കുളിച്ചു നിൽക്കുന്ന കൈലാസത്തിന്റെ മോഹനരൂപം മനസ്സിൽ അസ്തമിക്കാതെ ഉദിച്ചു നിന്നു.