ശീതക്കാറ്റടിക്കുന്ന തണുത്തുറഞ്ഞ ഒരു പ്രഭാതത്തിലേക്കാണ് ഞങ്ങൾ ഉണർന്നെഴുന്നേറ്റത്. മഴ തുള്ളിയിടുന്നുണ്ടായിരുന്നു. മരവിക്കുന്ന തണുപ്പുള്ള, ഇരുളാണ്ട, ഉന്മേഷമില്ലാത്ത ഒരു പ്രഭാതം മലനിരകളിൽ ദീർഘയാത്ര ചെയ്യേണ്ട ദിവസത്തിന് തീർച്ചയായും അനുയോജ്യമല്ല. ആവേശം കെട്ട മനസ്സുമായാണ് എല്ലാവരും തയ്യാറായത്. പതിവ് വസ്ത്രങ്ങൾക്ക് പുറമേ റെയിൻകോട്ടുകളും അണിഞ്ഞ് കൃത്യം അഞ്ച് മണിക്ക് തന്നെ ഞങ്ങൾ പുറപ്പെട്ടു. സാധാരണ മലകളുടെ മുകളിൽ പ്രകാശമാനമായ പ്രഭാതങ്ങളായിരിക്കും. പക്ഷേ ആ ദിവസം ആകാശത്തിൽ മൂടിനിൽക്കുന്ന കനത്ത മേഘങ്ങൾ കാരണം വഴിയിലാകെ വല്ലാത്തൊരു ഇരുൾ മൂടിയിരുന്നു. ആദ്യത്തെ രണ്ടു കിലോമീറ്റർ ട്രക്കിംഗ് താരതമ്യേന നിരപ്പായ വഴികളിൽ കൂടിയായിരുന്നു. അതിനിടയ്ക്ക് ഞങ്ങൾ ഗാലയിലെ ഒരു ഗ്രാമത്തിൽ കൂടി കടന്നു പോവുകയും ചെയ്തു. ഗ്രാമത്തിലെ ജീവിതം പതുക്കെ ഉണർന്ന് അതിന്റെ ദൈനംദിന കർമ്മങ്ങളിലേക്ക് കടക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. വരിവരിയായ് കടന്നുവരുന്ന യാത്രക്കാരെ കണ്ടപ്പോൾ കൗതുകം കൊണ്ടാകാം ഗ്രാമവാസികൾ വഴിവക്കിൽ ഞങ്ങളെ കാണാൻ ഒത്തുചേർന്നു നിന്നു. മൂന്ന് കിലോമീറ്റർ കഴിഞ്ഞപ്പോൾ വളരെ ഇടുങ്ങിയ ഒരു കരിങ്കൽ ഇടുക്ക് കടന്നുവന്നു. ഈ കരിങ്കൽ കെട്ടിനു തൊട്ടടുത്തായി കല്ലിൽ തീർത്ത, മഹാദേവന്റെ ഒരു കൊച്ചു ക്ഷേത്രം ഉണ്ടായിരുന്നു. ക്ഷേത്രത്തിന് മുന്നിൽ ഈ മോശം കാലാവസ്ഥയിലും കുളിച്ച്, ശുഭ്രവസ്ത്രധാരിയായി, വളരെയധികം ഐശ്വര്യം തോന്നിക്കുന്ന ഭാവങ്ങളോടുകൂടിയ ഒരു പൂജാരിയിരുപ്പുണ്ടായിരുന്നു. കടന്നുവരുന്ന ഓരോ യാത്രക്കാരനെയും നെറ്റിയിൽ അദ്ദേഹം ചന്ദനം കൊണ്ട് കുറി വരച്ചു. പകരമായി ഓരോ യാത്രക്കാരനും അദ്ദേഹത്തിന്റെ കാൽക്കൽ തൊട്ട് അനുഗ്രഹം വാങ്ങി ദക്ഷിണ നല്കുകയും ചെയ്തു. ഈ കരിങ്കൽ ഇടുക്കിന് ശേഷമുള്ള യാത്ര കൈലാസ് മാനസരോവർ യാത്രയുടെ ഏറ്റവും ബുദ്ധിമുട്ടുള്ളതും അപകടകരവുമായ മൂന്നു കിലോമീറ്റർ ദൂരമാണ്. ഇന്നലത്തെ മീറ്റിങ്ങിൽ ഗൈഡ് പ്രത്യേകം പറഞ്ഞിരുന്ന പ്രദേശമാണ് ഇത്. കുത്തനെ 4500 പടവുകൾ മൂന്നു കിലോമീറ്റർ ദൂരത്തിനകത്ത് താഴേക്ക് ഇറങ്ങി ചെല്ലേണ്ടതായിട്ടുണ്ട്. പടവുകളായാണ് ഇവ ഒരുകാലത്ത് നിർമ്മിച്ചിരുന്നതെങ്കിലും കാലാന്തരത്തിൽ കുഴഞ്ഞ് കിടക്കുന്ന മണ്ണിൽ ചിതറിക്കിടക്കുന്ന കുറെ കല്ലുകൾ എന്ന രൂപത്തിലേക്ക് അവയിപ്പോൾ മാറിയിട്ടുണ്ട്. ഈ പടവുകളുടെ പരമാവധി വീതി മൂന്ന് മുതൽ നാല് അടി വരെയാണ്, ചില പ്രദേശങ്ങളിൽ അത് രണ്ട് അടിയിലും താഴെയാണ്. തുള്ളിയായി പെയ്യുന്ന മഴ കാരണവും മലമുകളിൽ നിന്ന് ഒഴുകിയിറങ്ങുന്ന ജലധാരകൾ കാരണവും ഈ വഴി വളരെയധികം വഴുക്കൽ ഉള്ളതാണ്. ഇതിനും പുറമേയാണ് ഇതുവഴി കടന്നു പോകുന്ന കുതിരകൾ വഴി നീളെ വിതറിയ പോലെ ഇട്ടിരിക്കുന്ന കുതിര ചാണകം. ഇന്നലത്തെ യോഗത്തിൽ പറഞ്ഞ എല്ലാ മുന്നറിയിപ്പുകളും വീണ്ടുമൊരു ഓർമ്മിപ്പിക്കൽ ആവശ്യമില്ലാതെ തന്നെ യാത്രക്കാരുടെ മനസ്സിലേക്ക് തള്ളികയറി വന്നു. ഈ വഴിയുടെ കൊക്കയുള്ള വലതു ഭാഗത്ത് പണ്ടെങ്ങോ ഇരുമ്പുകൊണ്ടുള്ള കൈ പിടികൾ ഇടവിട്ട് പിടിപ്പിച്ചിട്ടുണ്ട്, എന്നാൽ കാലപ്പഴക്കത്താൽ തുരുമ്പിച്ച് ഏതു നിമിഷവും നിലംപതിക്കാവുന്ന പരുവത്തിൽ നിൽക്കുന്ന ഈ കൈപ്പിടികളെ ഒരു കാരണവശാലും ആശ്രയിക്കരുതെന്ന് ഇന്നലത്തെ മീറ്റിങ്ങിൽ കർശനമായി വിലക്കിയിട്ടുണ്ടായിരുന്നു.
ശ്രദ്ധയോടെ വളരെ പതുക്കെ മലയുടെ വശത്തേക്ക് ചേർന്ന് ഞങ്ങൾ ഈ പടികൾ ഇറങ്ങാൻ ആരംഭിച്ചു. പാതയുടെ വലതുവശത്ത് നാലായിരത്തോളം അടി താഴ്ചയുള്ള കൊക്കയാണ്. കൊക്കയുടെ അടിയിൽ കാളി നദി അവളുടെ പൂർണ ശക്തിയിൽ പാറക്കെട്ടുകളെ തല്ലിത്തകർത്തു കൊണ്ട് ഒഴുകിക്കൊണ്ടിരിക്കുന്നു. നദി ഒഴുകുന്ന ശബ്ദം വളരെയധികം ഉച്ചത്തിലായതിനാൽ 4000 അടി മുകളിൽ പോലും ഞങ്ങൾക്ക് ആ ശബ്ദം വ്യക്തമായി കേൾക്കാനാകുന്നുണ്ടായിരുന്നു. ഈ വഴിയിൽ എന്തുകൊണ്ടാണ് ക്യാമറ ഉപയോഗം വിലക്കിയതെന്നെനിക്ക് പെട്ടെന്ന് തന്നെ മനസ്സിലായി. അൽപമൊന്ന് ശ്രദ്ധ പിഴച്ചാൽ പിന്നെ തിരുത്താനാകാത്ത അബദ്ധമാകും സംഭവിക്കുകയെന്നതിനാൽ പാദങ്ങളിൽ നിന്നും, വഴുക്കൽ നിറഞ്ഞ ഈ വഴിയിൽ നിന്നും ശ്രദ്ധ തിരിക്കുന്ന ക്യാമറ ഇവിടെ അപകടകാരിയാവും എന്നുറപ്പ്. നടക്കുന്ന വഴിയിൽ താഴേക്ക് മാത്രം നോക്കിക്കൊണ്ടാണ് ഞങ്ങൾ ഇറങ്ങി കൊണ്ടിരുന്നത്. ദൂരം കുറച്ചേറെ ആയപ്പോൾ ഇറക്കം അതിന്റെ പ്രഭാവം മുൻപൊരു ചെറിയ അപകടത്തിൽ ലിഗമെന്റിന് പരുക്കേറ്റിരുന്ന കാൽമുട്ടിൽ കാണിക്കാൻ തുടങ്ങി. വലത്തേ കാൽമുട്ടിൽ അസഹ്യമായ വേദന വരുമ്പോൾ ഇടയ്ക്കൊക്കെ നിന്ന് വിശ്രമിച്ചിട്ടാണ് ഞാൻ യാത്ര തുടർന്നത്. ഇങ്ങനെ മലയും ചാരിനിന്ന് വിശ്രമിക്കുന്ന നിമിഷങ്ങളിൽ മാത്രമാണ് ആ പ്രദേശത്തിന്റെ യഥാർത്ഥ ഭംഗി ആസ്വദിക്കാനും ചിലതൊക്കെ ക്യാമറയിൽ പകർത്താനും സാധിച്ചത്. പലയിടത്തും പരിസരത്തിന്റെ സൗന്ദര്യം ആസ്വദിക്കാതെ, നടക്കുന്ന വഴികളിലുള്ള തടസ്സങ്ങളിൽ മാത്രം ശ്രദ്ധചെലുത്തിക്കൊണ്ട് ഞങ്ങൾക്ക് കടന്നുപോകേണ്ടതായി വന്നിട്ടുണ്ട്. താഴത്തേയ്ക്ക് വെക്കുന്ന ഓരോ ചുവടിലും മുട്ടുകളിൽ ഭാരവും വേദനയും കൂടിവരുന്നതിനാൽ മൂന്ന് കിലോമീറ്ററോളം വരുന്ന ഈ യാത്ര ഒരിക്കലും അവസാനിക്കാത്ത ഒന്നായി തോന്നിപ്പോയി. ഭാഗ്യവശാൽ അപ്പോഴേക്കും മഴച്ചാറൽ പൂർണ്ണമായും നിന്നിട്ടുണ്ടായിരുന്നു. എന്നിരിക്കിലും മലയിൽ നിന്നും ഇപ്പോഴും മഴപോലെ വെള്ളം താഴേയ്ക്ക് പതിക്കുന്നതിനാൽ റെയിൻകോട്ടിന്റെ അസൗകര്യങ്ങളിൽ തന്നെ യാത്ര തുടരേണ്ടതായി വന്നു. താഴേക്കിറങ്ങും തോറും കാളി നദി കൂടുതൽ കരുത്തയായും വന്യയായും അനുഭവപ്പെടാൻ തുടങ്ങി. ചിലയിടങ്ങളിൽ ഇറക്കം 82% വരെ കുത്തനെയായിരുന്നതിനാൽ മലമ്പ്രദേശത്ത് ജീവിക്കുന്ന കുതിരകൾക്ക് പോലും ഇവിടെ സംതുലനം നഷ്ടപ്പെടാൻ ഇടയുണ്ട്, പ്രത്യേകിച്ചും യാത്രക്കാരൻ മുകളിലിരിക്കുന്നുണ്ടെങ്കിൽ. അതിനാൽത്തന്നെ ഈ പ്രദേശത്ത് കുതിരപ്പുറത്ത് യാത്ര ചെയ്തിരുന്ന യാത്രക്കാരെ കൂടി ഇറക്കി നടത്തുകയാണുണ്ടായത്.
ഈ മലയിറക്കത്തിനിടയിൽ വെച്ച് ഞാൻ LO യെ കണ്ടു, കൂടെ നടക്കുന്ന പോർട്ടറുടെ കൈകൾ കോർത്തു പിടിച്ചു നടക്കാനായിരുന്നു അവർ നൽകിയ ഉപദേശം. ഇത് ഇറങ്ങാൻ സഹായിക്കുക മാത്രമല്ല വഴിയുടെ വലത്തേ വശമായ ആഴമുള്ള ഭാഗത്ത് നടക്കുന്ന പോർട്ടറുടെ ജീവനും കൂടി സുരക്ഷിതത്വം നൽകുന്ന നടപടി ആയിരിക്കും എന്നതായിരുന്നു അവർ പറഞ്ഞതിന്റെ ഉദ്ദേശം. പക്ഷേ ഈ വഴികളിൽ കൂടി ധാരാളം സഞ്ചരിച്ച പരിചയം ഉള്ളതിനാൽ രാഹുലിനെ സംബന്ധിച്ചിടത്തോളം ഞങ്ങളെ ബാധിച്ചിരിക്കുന്ന വ്യാകുലതകൾ ഒന്നും തന്നെ ദൃശ്യമല്ലായിരുന്നു. എന്റെ കൈകൾ പിടിച്ച് നടക്കുകയെന്ന് പറഞ്ഞാൽ ഞാൻ സഞ്ചരിക്കുന്ന വേഗതയിലേക്ക് ഇറങ്ങി വരണം എന്നുള്ളത് കൊണ്ട് രാഹുലിന് അത്രതന്നെ ബോധിച്ച ഒരു നിർദ്ദേശമായി ഇത് തോന്നിയിട്ടുണ്ടാവാനും വഴിയില്ല. കാൽമുട്ടുകളിൽ വേദന കാരണം വളരെ പതുക്കെ നീങ്ങിയിരുന്ന എന്നെ വിട്ട് പലപ്പോഴും രാഹുൽ തന്റെ സ്വതസിദ്ധമായ വേഗത്തിൽ മുന്നോട്ട് പോയിരുന്നു. അല്പമകലെ ചെന്ന് നിന്ന് പിന്നീട് അവിടെ നിന്നുകൊണ്ട് വേഗത്തിൽ വരാൻ വേണ്ടി എന്നോട് കൈകൾ കൊണ്ട് ആംഗ്യം കാട്ടി പ്രോത്സാഹിപ്പിക്കുകയും ചെയ്യുമായിരുന്നു. അങ്ങിനെ നിന്നും നീങ്ങിയുമാണ് ഞങ്ങൾ മുന്നോട്ട് പോയിക്കൊണ്ടിരുന്നത്.
സിർക്കയിൽ വെച്ച് ഞങ്ങളുടെ ഗൈഡ് വളരെ ആകസ്മികമായി ഒരു കാര്യം പറഞ്ഞിരുന്നു “ഗുഞ്ചി വരെ നിങ്ങൾക്ക് നാട്ടിൽ നിന്നുള്ള ഓർമ്മകൾ കൂട്ടായി ഉണ്ടാകും, എന്നാൽ ഗുഞ്ചി കഴിഞ്ഞാൽ പിന്നെ ചെയ്യുന്ന യാത്രയിൽ നിങ്ങൾ ഒറ്റയ്ക്കായിരിക്കും, കൂടെ തുണയായി ബോലേ നാഥ് മാത്രമേ കാണുകയുള്ളൂ”. ഇതെങ്ങനെ സംഭവിക്കും എന്നായി എനിക്കപ്പോൾ സംശയം, മഞ്ഞുമലകളിൽ കൂടി സഞ്ചരിക്കുമ്പോൾ ഐസിനെക്കുറിച്ചോർത്ത എന്റെ കുട്ടികളുടെ കണ്ണിലെ തിളക്കം ഞാനെങ്ങനെ മറക്കും?. പക്ഷേ കാൽമുട്ടുകളിൽ വേദന വർദ്ധിക്കാൻ തുടങ്ങിയപ്പോൾ അദ്ദേഹം പറഞ്ഞ വാക്കുകളുടെ പൊരുൾ എനിക്ക് മനസ്സിലാകാൻ തുടങ്ങി. ഓരോ ചുവടും മുന്നോട്ട് വയ്ക്കുന്നത് അസാധ്യമാക്കുന്ന വിധത്തിലായിരുന്നു വലത്തെ കാൽമുട്ടിൽ നിന്ന് തുടങ്ങി ശരീരം മുഴുവൻ പടരുന്ന വേദന. ഓരോ ചുവടുവെപ്പും കാൽമുട്ടിൽ ചുറ്റിക കൊണ്ട് അടിക്കുന്നതുപോലുള്ള വേദനയാണ് കൊണ്ടുവന്നത്, ഈ വേദന ശരീരമാസകലം പടരുകയും അടുത്ത ഒരു ചുവടുവയ്ക്കാൻ എന്നെ അശക്തമാക്കുകയും ചെയ്തിരുന്നു. ഇതെന്റെ യാത്രയുടെ അവസാനമാകുമോ എന്നുള്ള സംശയം മനസ്സിൽ വരാൻ തുടങ്ങി. കാരണം ഇവിടെനിന്ന് നടക്കുകയല്ലാതെ മറ്റൊരു പോംവഴിയും മുന്നിലില്ല. കുതിര പോയിട്ട് മറ്റൊരാൾ തോളിലേറ്റി കൊണ്ടുപോകാൻ പോലുമുള്ള സാധ്യത ഈ വഴികളില്ല. രാഹുലാണെങ്കിലോ എന്റെ തീരെ പതിഞ്ഞ വേഗതയിൽ പോകാനുള്ള ബുദ്ധിമുട്ട് കാരണം ഏകദേശം മുന്നൂറോളം മീറ്റർ മുൻപിലാണ് നടക്കുന്നത്. പുറകിൽ നിന്ന് കടന്നു വന്നു കൊണ്ടിരുന്ന യാത്രക്കാരെയും കുറച്ചു നേരമായി കാണാനില്ല. ഈ വഴികളിൽ ഇനി ഞാൻ മാത്രമേ ബാക്കിയുള്ളൂ എന്നുള്ള ചിന്ത കടന്നു വരാൻ തുടങ്ങിയപ്പോൾ വേദന കുറേക്കൂടി വർധിക്കാൻ തുടങ്ങി. കഠിനമായ വേദയ്ക്ക് ഒരു പ്രത്യേക ഗുണമുണ്ട്, തീവ്രമായ വേദന നിങ്ങളിൽ ഉളവാക്കുന്ന നിമിഷത്തിൽ തന്നെ പുറം ലോകമായുള്ള നിങ്ങളുടെ എല്ലാ ബന്ധവും വിച്ഛേദിക്കപ്പെടും. നിങ്ങളും നിങ്ങളുടെ വേദനയും മാത്രമാകുന്ന ഒരു ചെറിയ ലോകമാകും അപ്പോൾ നിങ്ങൾക്ക് അനുഭവപ്പെടാനാവുക. വേദന ഓരോ ചുവടു വയ്ക്കുന്നതിൽ നിന്നും നിങ്ങളെ തടയാൻ ശ്രമിക്കുന്നു, എന്നാൽ നിങ്ങളുടെ ബോധമനസ്സ് ഇതിനെതിരായി മുന്നോട്ടു നടക്കാൻ നിങ്ങളെ പ്രേരിപ്പിച്ചു കൊണ്ടേയിരിക്കും. ഈ വടംവലി ഒരു ഘട്ടം കഴിഞ്ഞപ്പോൾ എന്റെ ബോധമനസ്സിന് ശരീരത്തിൽ ഉള്ള നിയന്ത്രണം നഷ്ടമാവുകയും
ഉപബോധ മനസ്സ് കാര്യങ്ങളെ ഏറ്റെടുക്കുകയും ചെയ്തു. ശക്തമായ വേദനക്കെതിരെയും ഉപബോധമനസ്സിൽ രൂഢമായിരിയ്ക്കുന്ന ആഗ്രഹം നിങ്ങളെ പ്രവർത്തിക്കാൻ പ്രേരിപ്പിക്കും. ഇവിടെ ആ ആഗ്രഹം യാത്ര തുടരുക എന്നുള്ളതായിരുന്നുവെ ന്നതിനാൽ ഞാൻ ഒരു സ്വപ്നത്തിലെന്നവണ്ണം പാടുപെട്ട് ഓരോ ചുവടും മുന്നോട്ട് നിരക്കി നീങ്ങിക്കൊണ്ടിരുന്നു. തീരെ അസഹ്യമായ ഒരു നിമിഷത്തിൽ കണ്ണുകളടച്ച് ഞാനൊരു പാറയെ ചാരിനിന്നു, ദീർഘമായി കുറച്ച് ശ്വാസോച്ഛ്വാസം ചെയ്തു. പെട്ടെന്ന് ഒരു വെളിപാട് പോലെ, ഒരുൾവിളി പോലെ, നീലനിറമാർന്ന രണ്ടു വലിയ കാലുകൾ കണ്ടു. ആകാശത്തോളം ഉയരമുള്ള മലകൾ പോലും അതിന് മുൻപിൽ കൊച്ചു മൺകൂനകൾ ആയി തോന്നുന്ന അത്രയും വലിപ്പമുള്ള രണ്ട് കാലുകൾ. ആ കാലുകളിൽ ചെമ്പു കൊണ്ടുണ്ടാക്കിയ വലിയ രണ്ട് തളകൾ അണിഞ്ഞിട്ടുണ്ട്. മലകളെ മൺകൂനകൾ പോലെ ചവിട്ടി ഞെരിച്ചു കൊണ്ട് ഈ കാലുകൾ കടന്നുപോവുകയാണ്. ആ നിമിഷത്തിൽ ഞാൻ കണ്ണ് തുറന്നുവെങ്കിലും ഇപ്പോൾ കണ്ട കാഴ്ചയുടെ സംഭ്രമത്തിൽ നിന്നും ഉടനെ പുറത്ത് വരാൻ എനിക്ക് സാധിച്ചില്ല. എന്തായിരുന്നു ആ കാഴ്ച? രൂക്ഷമായ വേദനയിൽനിന്ന് എന്റെ മനസ്സ് മെനഞ്ഞെടുത്ത ഒരു മതിഭ്രമമായിരുന്നോ ആ കാലുകൾ? അതോ ഇതെനിക്ക് ആരെങ്കിലും അയച്ച ഒരു സന്ദേശമായിരുന്നോ?. ഇന്നും ആ കാര്യത്തിൽ എനിക്ക് ഉറപ്പില്ല, പക്ഷേ ഒന്ന് തീർത്തു പറയാം ഈ കാഴ്ചയിൽ നിന്ന് ഉണർന്നെഴുന്നേറ്റ എനിക്ക് ഞാൻ ഈ യാത്ര പൂർത്തീകരിക്കും എന്നുള്ള ആത്മവിശ്വാസം വളരെയധികം അനുഭവപ്പെട്ടു. മാത്രവുമല്ല യാത്രയിൽ യാത്രക്കാരനും ബോലെയും മാത്രമാകുന്ന ദിത്വസങ്കൽപ്പമെന്താണെന്ന് ഒരു നിമിഷാർദ്ധം കൊണ്ട് ഉൾക്കൊള്ളാനാവുകയും ചെയ്തു. അല്പനേരം കൂടി വിശ്രമിച്ച്, ആവശ്യത്തിന് വെള്ളം കുടിച്ച്, ബാഗിൽ കരുതിയിരുന്ന വേദനസംഹാരിയായ സ്പ്രേ കാലുകളിൽ അടിച്ച്, വർദ്ധിച്ച ആത്മവിശ്വാസത്തോടുകൂടി ഞാൻ പതുക്കെ പതുക്കെ വീണ്ടും ഇറങ്ങാൻ തുടങ്ങി. പ്രതീക്ഷിച്ചതിൽ നിന്നും വളരെ വൈകിയാണ് താഴെ എത്തിയത്. നാല് മണിക്കൂറെടുത്ത് ഇറക്കത്തിന് ശേഷമുള്ള മൂന്നു കിലോമീറ്ററും കഴിഞ്ഞു പ്രഭാത ഭക്ഷണത്തിനായി ലക്കൻപൂരിൽ എത്തുമ്പോൾ എന്റെ പുറകിൽ അധികം യാത്രക്കാരാരും കടന്നുപോകാനായി അവശേഷിച്ചിരുന്നില്ല.
ലക്കൻപൂർ കാളി നദിയുടെ അതേ ഉയരത്തിലാണ്. 10746 അടിയിൽ നിന്നും 6128 അടിയിലേക്കുള്ള ഇറക്കമാണ് ഏതാണ്ട് മൂന്നു കിലോമീറ്ററിനകത്ത് ലക്കൻപൂരിൽ എത്തുമ്പോഴേയ്ക്കും പിന്നിടുന്നത്. തുടർന്നങ്ങോട്ടുള്ള യാത്ര കാളീനദിയുടെ ഓരം പറ്റിയാണ്. കാളി നദിയുടെ തീരത്തുള്ള ഈ വഴിക്ക് പലയിടത്തും രണ്ടടിയോളം വീതിയേയുള്ളൂ. കൂടുതൽ ചെളിയുള്ള സ്ഥലങ്ങളിൽ കല്ലുകൾ പെറുക്കിയിട്ടും, ചിലയിടങ്ങളിൽ പാറക്കെട്ടുകൾ പൊട്ടിച്ച് മുന്നോട്ടു പോകാനുള്ള വ്യവസ്ഥയുണ്ടാക്കിയുമാണ് ഈ വഴി പുരോഗമിക്കുന്നത്. ആർത്തലയ്ക്കുന്ന ഒരു നദിയുടെ കരയിൽ കൂടി, വളരെ വീതികുറഞ്ഞ പാതയിലൂടെയുള്ള യാത്രയുടെ സാഹസികത ഒഴിവാക്കിയാൽ, 6128 അടിയിൽ നിന്ന് 9236 അടിയിലേക്ക് 15 കിലോമീറ്റർ ദൂരം കൊണ്ട് നടന്നു കയറുന്ന ഭാഗമാണ് ഇന്നത്തെ യാത്രയിൽ ബാക്കിയുള്ളത്. അത് സാമാന്യം ആയാസരഹിതമായ ഒരു ട്രെക്കിങ്ങിനുള്ള സാധ്യതയാണ്. ചിലയിടത്തെല്ലാം കഠിനമായ കയറ്റങ്ങളും കുത്തനെയുള്ള ഇറക്കങ്ങളും ഉണ്ടായേക്കാമെങ്കിലും പൊതുവിൽ അത്ര ബുദ്ധിമുട്ടുണ്ടാകാൻ സാദ്ധ്യതയില്ല.
ഉച്ചഭക്ഷണം തയ്യാർ ചെയ്തിരിക്കുന്നത് മാൽപ്പയിലാണ്. മാൽപ്പ എന്ന പേരു തന്നെ 1998ൽ യാത്രക്കാരും, പോർട്ടർമാരും, കുതിരക്കാരും, സെക്യൂരിറ്റി ജീവനക്കാരും, ഗ്രാമവാസികളും ആയി 380 ഓളം പേരുടെ ജീവൻ അപഹരിച്ച ഒരു ദുരന്തത്തെക്കുറിച്ചുള്ള വേട്ടയാടുന്ന ഓർമ്മകൾ കൊണ്ടുവരും. അന്ന് ആ ദുരന്തത്തിന് മുൻപുള്ള കുറച്ചു ദിവസങ്ങൾ മാൽപ്പയിൽ നിരന്തരമായി മഴ പെയ്യുന്നുണ്ടായിരുന്നു. എന്നാൽ ആഗസ്റ്റ് 17ന് ഇതിനു വിരുദ്ധമായി വളരെ തെളിഞ്ഞ കാലാവസ്ഥയായിരുന്നു അനുഭവപ്പെട്ടത്. അന്ന് രാത്രി അവിടെ തങ്ങിയിരുന്ന യാത്രക്കാരിൽ പ്രശസ്ത ബോളിവുഡ് സിനിമാതാരം പ്രോതിമ ബേദിയും ഉൾപ്പെട്ടിരുന്നു. രാത്രി വൈകുംവരെ ക്യാമ്പിൽനിന്ന് പാട്ടും നൃത്തവും നടക്കുന്നതിന്റെ ശബ്ദം കേട്ടിരുന്നതായി ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട ഗ്രാമവാസി ഓർക്കുന്നു. ആഗസ്റ്റ് 18 രാവിലെ മൂന്നുമണിക്ക് എല്ലാവരും ഉറക്കമായിരുന്ന സമയത്താണ് അതിഭീമാകാരമായ ഒരു പർവ്വതം തന്നെ താഴേക്കിറങ്ങി വന്ന് ആ ഗ്രാമത്തെയും ക്യാമ്പിനെയും 15 മീറ്ററോളം ഉയരം വരുന്ന മൺകൂനക്കുള്ളിൽ ആക്കിയത്. മരണമടഞ്ഞവരിൽ ഒരാളുടെ പോലും ശരീരം കണ്ടെടുക്കാനായില്ല. ഈ ദുരന്തത്തിന് ശേഷമാണ് ഗാലയിൽ നിന്ന് യാത്ര ബുദ്ധി വരെ നീട്ടിയതും മാൽപ്പയെ ഉച്ചഭക്ഷണം കഴിക്കാൻ വേണ്ടി മാത്രമുള്ള ക്യാമ്പ് ആക്കി മാറ്റിയതും.
ലക്കൻപൂരിൽ നിന്ന് മാൽപ്പയിലേക്കുള്ള യാത്രയെ സ്വർഗ്ഗീയം എന്നാണ് വിശേഷിപ്പിക്കേണ്ടത്, അത്രയേറെ സുന്ദരമാണ് ഈ പ്രദേശം. മലകളെ തുരന്നെടുത്തുണ്ടാക്കിയ വഴിയും മഴപോലെ മലമുകളിൽ നിന്നും ഇറ്റ് വീണുകൊണ്ടിരിക്കുന്ന ജലത്തുള്ളികളും ചേർന്ന് അവാച്യമായ ഒരു അനുഭൂതിയാണ് ഈ യാത്രയിൽ നമുക്കായി ഒരുക്കി തരുന്നത്. കാളി നദിയുടെ സാമീപ്യം മനസ്സിനെ ഉണർവിന്റെ ഉയർന്നതലങ്ങളിലേക്ക് പിടിച്ചുയർത്താൻ പര്യാപ്തമാണ്. വളരെ ഇടുങ്ങിയ അപകടം പിടിച്ച വഴിയും, വഴിനീളെ കിടക്കുന്ന വഴുക്കുന്ന കുതിര ചാണകവും, കാൽമുട്ടുകളിൽ നീരായി രൂപാന്തരം പ്രാപിച്ചു കഴിഞ്ഞ വേദനയുമായി മുന്നോട്ട് പോകുമ്പോഴാണ് ഈ വഴിയിൽ പുതുതായി ഒരു പ്രശ്നം കൂടി അവതരിപ്പിക്കപ്പെടുന്നത്. വരിവരിയായി സാധനങ്ങൾ വഹിച്ചു കൊണ്ട് എതിരെ വരുന്ന കുതിര കൂട്ടങ്ങൾ. ഈ കുതിരകളെ നയിച്ചുകൊണ്ട് മുൻപിൽ തന്നെ നന്നായി അലങ്കരിക്കപ്പെട്ടിട്ടുള്ള ഒരു നേതാവ് കുതിരയുണ്ടായിരിക്കും. ഈ നേതാവിന്റെ കഴുത്തിൽ ഞാന്നു കിടക്കുന്ന ഓട്ടു മണികൾ കിലുങ്ങുന്നത് കുതിരകളെ കാണുന്നതിനു മുമ്പ് തന്നെ കേൾക്കാനാകും. ഈ മണിനാദം കേൾക്കുമ്പോൾ തന്നെ യാത്രക്കാർ പർവതത്തിനോട് ചേർന്നുള്ള ഏതെങ്കിലും വിള്ളലുകളിലോ മറവുകളിലോ ചെന്ന് നിൽപ്പുറപ്പിക്കണം. ഈ കുതിരകളുടെ പുറത്ത് കെട്ടി ഉറപ്പിച്ചിരിക്കുന്ന സാധന സാമഗ്രികൾ എപ്പോഴും ഇവയുടെ ശരീരം വിട്ട് രണ്ടു മൂന്നു അടിയോളം ഓരോ വശത്തും പുറത്തോട്ട് തള്ളിനിൽക്കുന്നുണ്ടായിരിക്കും. കുതിരകൾ കടന്ന് പോകുന്ന വേളയിൽ ഈ സാധനങ്ങൾ യാത്രക്കാരുടെ ശരീരത്തിൽ തട്ടുന്നത് നിത്യസംഭവമാണ്. മലയിറങ്ങി വരുന്നത് കൊണ്ട് വളരെ വേഗത്തിലാണ് കുതിരകൾ സഞ്ചരിക്കാറുള്ളതെന്നതിനാൽ ഈ തട്ടൽ നല്ല ശക്തിയായി തന്നെ അനുഭവപ്പെടും. അഥവാ നദിയുടെ വശത്താണ് യാത്രക്കാരൻ നിൽക്കുന്നതെങ്കിൽ അടി തെറ്റി നദിയിലേക്ക് വീഴാൻ ഈ തട്ട് ധാരാളമായിരിക്കും. ഏതാനും വർഷങ്ങൾ മുമ്പ് നദിയിലേക്ക് വീണ ഒരു കുതിരയുടെ കഥ രാഹുൽ പറഞ്ഞു തന്നു. വീണതിന് ശേഷം ഒരിക്കൽ പോലും കുതിര മുകളിലേയ്ക്ക് വരികയോ അതിന്റെ ഏതെങ്കിലും ശരീരാവശിഷ്ടങ്ങൾ എവിടെ നിന്നെങ്കിലും കണ്ടെടുക്കാൻ സാധിക്കുകയോ ഉണ്ടായില്ല. അത്രയേറെ ഒഴുക്കും പാറക്കെട്ടുകളും നിറഞ്ഞതാണ് ഈ പ്രദേശത്തെ കാളി നദി. പിന്നീട് ക്യാമ്പിൽ ഈ പ്രദേശത്ത് വെച്ച് കൈലാസദർശനം കഴിഞ്ഞ് മടങ്ങി വരികയായിരുന്ന മഹാരാഷ്ട്രയിൽ നിന്നുള്ള ഒരു യാത്രക്കാരൻ സമാനമായി അപകടത്തിൽപ്പെട്ടതിന്റെ കഥയും ജാഗേഷ് ഭായി പറഞ്ഞു തരികയുണ്ടായി.
ലക്കൻപൂരിൽ നിന്നും ആറു കിലോമീറ്റർ യാത്രചെയ്താൽ മാൽപ്പയിൽ അപകടം സംഭവിച്ച സ്ഥലത്തേക്ക് എത്താം. അവിടെ ഇപ്പോൾ വെള്ളം ഒഴുകിക്കൊണ്ടിരിക്കുന്ന ഒരു ചെറിയ അരുവിയും ആ അരുവിക്ക് കുറുകെ തടിയിൽ തീർത്ത ഒരു പാലവും കാണാം. ആ പാലത്തിനടുത്ത് എവിടെയോ ദുരന്തത്തിൽ മരിച്ചവർക്കായുള്ള ഒരു സ്മാരകം ഉണ്ടെന്നു കേട്ട് ഞാൻ അൽപസമയം അത് അന്വേഷിക്കുവാനായി ചിലവഴിച്ചു. അപകടത്തിൽ മരണമടഞ്ഞ എല്ലാവരുടെയും പേര് എഴുതിവച്ചിട്ടുള്ള ഒരു ഫലകം അവിടെ ഉണ്ടായിരുന്നുവെന്നും ഈയിടെയായി അത് കാണാനില്ല എന്നും പിന്നീട് രാഹുൽ പറഞ്ഞു തന്നു. ഈ പാലം കഴിഞ്ഞാൽ ഉടനെ വരുന്നതാണ് മാൽപ്പ ഗ്രാമം, അല്ലെങ്കിൽ അപകടത്തിനുശേഷം എന്താണോ അവിടെ ബാക്കിയായത്, അത്. ഈ ഗ്രാമത്തിലെ കവാടത്തിൽ തന്നെ മഹാദേവന്റെ ഒരു വലിയ വിഗ്രഹം സ്ഥാപിച്ചിരിക്കുന്ന ചെറിയൊരു ക്ഷേത്രമുണ്ട്. ITBP യിലെ ചില ജവാന്മാർ അവിടെ ഇരിപ്പുണ്ടായിരുന്നു, അതിൽ ഉള്ള ഒരാൾ മലയാളി ആയിരുന്നു. യാത്രയെക്കുറിച്ചും അദ്ദേഹത്തിന് ഈ പ്രദേശത്ത് കിട്ടിയിരിക്കുന്ന ഡെപ്യൂട്ടേഷൻ ഡ്യൂട്ടി യെക്കുറിച്ചും ഞങ്ങൾ അല്പസമയം സംസാരിച്ചു. സംസാരത്തിനിടയ്ക്ക് അദ്ദേഹം പറഞ്ഞു “ഇന്നത്തെ യാത്ര അത്ര ബുദ്ധിമുട്ടുള്ളതല്ല, നിങ്ങൾ അത് വളരെ പെട്ടെന്ന് കടന്ന് പോന്നിട്ടുണ്ടാകാം, പക്ഷേ നാളെ ബുദ്ധിയിൽ നിന്ന് ഗുഞ്ചിയിലേക്കുള്ള യാത്രയിൽ തുടക്കത്തിൽ തന്നെ വലിയൊരു കയറ്റം ഉണ്ട്, അത് ഇത്തിരി ബുദ്ധിമുട്ടാവും” മറ്റൊന്നും പറയാനാവാതെ, ഇന്നത്തെ യാത്ര എളുപ്പത്തിൽ കടന്നുപോന്നിരിക്കാം എന്നുള്ള അദ്ദേഹത്തിന്റെ പരാമർശത്തോട് ഞാൻ കാൽമുട്ടിൽ കൈകൾ കൊണ്ടൊന്നു തലോടിയ ശേഷം തലയാട്ടി. ഇതായിരുന്നു ഇന്നത്തെ അവസ്ഥയെങ്കിൽ നാളെ എന്തായിരിക്കും എന്നോർത്തപ്പോൾ ഓം നമ: ശിവായ എന്ന് മാത്രം ചുണ്ടുകളിൽ നിന്ന് സ്വാഭാവികമായി പുറത്ത് വന്നു. അല്പസമയത്തിന് ശേഷം അവിടെനിന്ന് വിട്ട് ഞങ്ങൾ ഗ്രാമത്തിലെ ഉച്ചഭക്ഷണത്തിനായി ഏർപ്പാട് ചെയ്തിരിക്കുന്ന സ്ഥലത്തെത്തി.
ഉച്ചഭക്ഷണത്തിനുശേഷം അടുത്ത വിശ്രമകേന്ദ്രം ലമാരിയാണ്, മാൽപ്പയിൽ നിന്ന് ഏകദേശം അഞ്ച് കിലോമീറ്റർ അകലെയാണ് ലമാരി. ലമാരിയിൽ ITBP യുടെ ഒരു ക്യാമ്പുണ്ട്. ഇവിടെ എത്തിച്ചേരുന്ന യാത്രക്കാർക്കായി ചായയും ITBPയുടെ പ്രശസ്തമായ ഉരുളക്കിഴങ്ങ് വറുത്തതുമാണ് സൽക്കാരത്തിനായി നൽകുന്നത്. മാൽപ്പയിൽ നിന്ന് ലമാരിയിലേക്കുള്ള യാത്ര അത്ര കഠിനമായ പാതകളിലൂടെ അല്ല, എങ്കിലും കാൽമുട്ടുകൾ ആദ്യമേ നീര് വന്നിരുന്നുവെന്നതിനാൽ ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരുന്നില്ല. ലമാരി ക്യാമ്പിൽ നിന്നും 100 മീറ്റർ അപ്പുറത്ത് ചൂടുവെള്ളം വരുന്ന ഒരു നീരുറവയുണ്ട്. ഹിമാലയത്തിലെ ഇത്തരത്തിലുള്ള നീരുറവകളെപ്പറ്റി ധാരാളം വായിച്ചിരുന്നുവെങ്കിലും ആദ്യമായാണ് അത്തരത്തിൽ ഒരു നീരുറവ കാണാൻ സാധിച്ചത്. ഈ നീരുറവയ്ക്ക് താഴെ സിമന്റ് കൊണ്ടൊരു ടാങ്ക് ഉണ്ടാക്കി അതിലേക്ക് വെള്ളം ശേഖരിക്കുന്നുണ്ടായിരുന്നു. ആ ടാങ്ക് നിറഞ്ഞ് പുറത്തേക്ക് വരുന്ന വെള്ളമാണ് നീരുറവയായി താഴെക്കൂടി പോകുന്നവർക്ക് ലഭിക്കുന്നത്. ഞാൻ ആ നീരുറവയിൽ കൈകളും മുഖവും കഴുകി. പൊള്ളുന്ന ചൂടൊന്നും ആ വെള്ളത്തിന് ഇല്ലായിരുന്നുവെങ്കിലും തണുത്തുറഞ്ഞ വെള്ളമുള്ള മറ്റ് നീരുറവകളുമായി താരതമ്യം ചെയ്താൽ അവിടെ ഇതൊരു വലിയ അനുഗ്രഹമായി അനുഭവപ്പെടും.
നദിക്കപ്പുറമുള്ള ബുദി ക്യാമ്പ് വളരെ അകലെ നിന്ന് തന്നെ ഞങ്ങൾക്ക് കാണാൻ സാധിച്ചു. ഈ കാഴ്ചതന്നെ വളരെ ആശ്വാസകരമായിരുന്നു. പക്ഷേ മലമുകളിൽ നിങ്ങൾ കാണുന്ന കാഴ്ചകൾ ചിലപ്പോൾ നിങ്ങളെ വഞ്ചിക്കും. കാണാൻ സാധിച്ചിരുന്നിട്ടും പിന്നെയും രണ്ട് മണിക്കൂർ നേരം നടന്നാണ് ഞങ്ങൾക്ക് ബുദി ക്യാമ്പിലേക്ക് എത്തിച്ചേരാൻ കഴിഞ്ഞത്. ഇതിനിടയ്ക്ക് ഒരു സ്ഥലത്തു കൂടി ITBP ഒരു താൽക്കാലിക ക്യാമ്പ് ഉണ്ടാക്കി മധുരം കലർത്തിയ പാനീയങ്ങൾ വിതരണം ചെയ്യുന്നുണ്ടായിരുന്നു. തീരെ തളർന്നുപോയിരുന്ന ശരീരത്തിന് ഈ മധുര പാനീയങ്ങൾ വളരെയധികം സഹായകരമായി. ഒടുവിൽ നീണ്ട പതിനൊന്നര മണിക്കൂറുകളെടുത്ത് ഏതാണ്ട് നാലരയ്ക്ക് ഞങ്ങൾ ബുദി ക്യാമ്പിൽ എത്തിച്ചേർന്നു. തകരം കൊണ്ടുണ്ടാക്കിയ ഷെഡ്ഡുകളും ഇരുമ്പുകൊണ്ടുള്ള ഇഗ്ലൂ കൂടാരങ്ങളും കൂടി ചേർന്നുള്ളതാണു ബുദി ക്യാമ്പ്. ക്യാമ്പിന്റെ മുൻവശത്ത് തന്നെ മുകൾഭാഗത്ത് മുഴുവൻ മഞ്ഞുവീണ് മനോഹരമായിരിക്കുന്ന ഒരു പടുകൂറ്റൻ മലയുടെ ദർശനം ലഭ്യമായിരുന്നു. ഇത്രയും അടുത്ത് മഞ്ഞാൽ മൂടപ്പെട്ട ഒരു മലയുടെ ദൃശ്യം കണ്ടത് ഞങ്ങളെ ശരിക്കും ആവേശം കൊള്ളിപ്പിച്ചു. സിർക്ക ക്യാമ്പ് മുതൽ തന്നെ ഏഴോളം വരുന്ന ഒരു ഗ്രൂപ്പ് ഞങ്ങൾ ഉണ്ടാക്കിയെടുത്തിരുന്നു. ഓരോ സ്ഥലത്തെത്തി ചേരുമ്പോഴും ഈ ഗ്രൂപ്പ് ഒരുമിച്ചാണ് കോട്ടേജുകൾ താമസിക്കാൻ തെരെഞ്ഞെടുത്തിരുന്നത്. എപ്പോഴെല്ലാം താമസിക്കാനുള്ള മുറികളിൽ ഏഴിൽ കൂടുതൽ കിടക്കകൾ ഉണ്ടായിരുന്നോ അപ്പോഴെല്ലാം ഞങ്ങളുടെ മുറിയിൽ മറ്റ് യാത്രക്കാരും ഉണ്ടാവുമായിരുന്നു. ചിലയിടത്ത് 7 പേർക്കുള്ള കിടക്ക സൗകര്യം ഒരു കോട്ടേജിനകത്ത് ഇല്ലാതിരിക്കുമ്പോൾ ഞങ്ങളിൽ ചിലർ മറ്റു കോട്ടേജുകളിൽ പോയി ഉറങ്ങുമായിരുന്നു. ഇങ്ങനെ എല്ലാവർക്കും ചെറിയ ഗ്രൂപ്പുകൾ ഉണ്ടായിരുവെന്നാലും ബാച്ചിലെ എല്ലാ യാത്രക്കാരും കുടുംബാംഗങ്ങളെ പോലെ തന്നെ പരസ്പരം പ്രിയപ്പെട്ടവരായിരുന്നു. അതിനാൽ തന്നെ ആരാണ് മുറികളിൽ കൂടെയുള്ളത് എന്നതിനെപ്പറ്റി ആരും അധികം വ്യാകുലപ്പെട്ടില്ല.
ക്യാമ്പിൽ വന്ന് തണുത്ത വെള്ളത്തിൽ ഒരു കുളി കഴിഞ്ഞെത്തിയപ്പോൾ, ജഗേഷ് ഭായി എന്റെ കാൽമുട്ടിൽ പ്രത്യേക തരത്തിലുള്ള ഒരു ഉഴിച്ചിൽ നടത്തി. അദ്ദേഹത്തിന്റെ ഉഴിച്ചിൽ പോലെത്തന്നെ സഹായിച്ചിരുന്ന ഒരു കാര്യമായിരുന്നു കപിലാ ബേൻ വൈകുന്നേരങ്ങളിൽ നടത്തിയിരുന്ന അക്യൂപ്രഷർ ചികിത്സ. ഗുജറാത്തിലെ ഗിർ പ്രദേശത്ത് നിന്ന് വന്നിട്ടുള്ള അവർ വലത്തെ കാൽമുട്ടിൽ എനിക്ക് വേദനയുള്ള ദിവസങ്ങളിൽ എന്റെ ഇടത്തെ കയ്യിലെ മോതിരവിരലിന്റെ കടയ്ക്കൽ കുറെനേരം ശക്തിയായി അമർത്തിപ്പിടിക്കും. അത്ഭുതമെന്നു പറയട്ടെ കാലിലെ വേദന അപ്പോൾത്തന്നെ വളരെയധികം കുറയുകയും ചെയ്യും. യാത്രകഴിഞ്ഞു വന്നാൽ അത്താഴത്തിന് മുൻപ് ഈ രണ്ടുപേരും ചേർന്ന് പലരേയും ഇത്തരത്തിൽ സഹായിക്കുന്നത് ക്യാമ്പിൽ പിന്നീട് പതിവായി തീർന്നു.
കഠിനമായ യാത്രയുടെ ക്ഷീണത്തിന് പുറമേ അതീന്ദ്രീയമായ അനുഭവങ്ങൾ നൽകിയ ദാർശനിക വെളിച്ചവും അന്നത്തെ യാത്രയുടെ അനുഭൂതികളായി മനസ്സിൽ നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. കൈലാസയാത്രയിലെ കഠിനമായ ഭാഗം കടന്ന് കിട്ടിയതിൽ ഏവരും സന്തോഷത്തിലുമായിരുന്നു എന്നിരിക്കിലും നാളെ വരാൻ പോകുന്ന മറ്റൊരു കഠിനമായ യാത്രയുടെ ആശങ്കകൾ കാരണം എല്ലാവരും അത്താഴം കഴിഞ്ഞു നേരത്തെ തന്നെ ഉറങ്ങാൻ കിടന്നു.