രാവിലെ നാലുമണിയോടടുത്ത് കൂടുതൽ ഉയർന്ന പ്രദേശങ്ങളിലേക്ക് ബസ്സ് കയറാൻ തുടങ്ങി. അപ്പോൾ മുതൽ ചില്ല് ജനാലകൾ അടച്ചിട്ടിട്ടും അതിശക്തമായ തണുപ്പാണ് ബസ്സിനകത്ത് അനുഭവപ്പെട്ടത്. അറിയാതെയെങ്ങാനും ശരീരഭാഗങ്ങൾ പുറം വശത്തുള്ള ബസ്സിന്റെ ലോഹഭാഗങ്ങളിൽ സ്പർശിക്കുകയാണെങ്കിൽ മഞ്ഞുകട്ടയിൽ ചെന്നു തൊടുന്നത് പോലുള്ള അനുഭവമായിരുന്നു. മിക്കവാറും യാത്രക്കാരെല്ലാം തന്നെ ഉറക്കം പോയി അർദ്ധമയക്കത്തിലായിരുന്നു. 5 മണി കഴിഞ്ഞപ്പോൾ നാട്ടുവെളിച്ചം പരക്കാൻ തുടങ്ങി. മൂടൽമഞ്ഞിൽ മുങ്ങിനിൽക്കുന്ന മലയോരക്കാഴ്ചകൾ ആകർഷകമായിരുന്നു. സത് ലജ് നദിയുടെ കരയിൽ കൂടിയായിരുന്നു വാഹനത്തിന്റെ യാത്ര. പല വലിയ സർക്കാർ പ്രോജക്ടുകളും നദീതീരത്ത് നടപ്പാക്കുന്നതും പലയിടത്തും നദിക്ക് കുറുകെ പാലങ്ങൾ പണിയുന്നതും കാണാൻ സാധിച്ചു. നല്ല പ്രകാശം വന്നപ്പോഴേക്കും ഞങ്ങൾ റിക്കോങ് പ്യോ എത്താറായിരുന്നു, റിക്കോങ് പ്യോ ബസ് സ്റ്റാൻഡ് എത്തുന്നതിനും അഞ്ഞൂറ് മീറ്റർ ഇപ്പുറത്ത് കിന്നർ കൈലാസയാത്രക്കാരെ കൊണ്ടുവന്ന വാഹനങ്ങളിൽ നിന്ന് ആളുകൾ ഇറങ്ങുന്നുണ്ടായിരുന്നു. പെട്ടന്നാണ് അവരുടെ ഇടയിൽ ഞാൻ കന്ദർപിനെ കണ്ടത്. 2015 ലെ ഞങ്ങളുടെ കൈലാസയാത്ര ബാച്ചിലെ ഏറ്റവും പ്രായം കുറഞ്ഞ യാത്രികനായിരുന്നു ഗുജറാത്തുകാരനായ കന്ദർപ്. ജനലിൽ കൂടി തലയിട്ട് ഏതാനും വാക്കുകളേ ഞങ്ങൾക്ക് കൈമാറാനായുള്ളൂവെങ്കിലും കന്ദർപും അവരുടെ സംഘത്തിനൊപ്പം കിന്നർ കൈലാസയാത്രയ്ക്കായി എത്തിയതാണെന്നും ഞങ്ങളെപ്പോലെ നാളെയാണ് യാത്രയെന്നും അറിയാൻ കഴിഞ്ഞു. ഞങ്ങളുടെ വാഹനം മുന്നോട്ട് എടുത്തപ്പോൾ ബാക്കി കാര്യങ്ങൾ ഫോണിൽ കൂടി സംസാരിക്കാമെന്ന് പറഞ്ഞ് ഞങ്ങൾ പിരിഞ്ഞു. ആറേകാലോടുകൂടി റിക്കോങ് പ്യോ ബസ് സ്റ്റാൻഡിൽ ഞങ്ങൾ എത്തിച്ചേർന്നു. അവിടെ ഇറങ്ങിയ ഉടനെ കൽപ്പയിലെ ഹോട്ടലിലേക്ക് ഞങ്ങളെത്തിച്ചേർന്ന വിവരം വിളിച്ചറിയിച്ചു. ഞങ്ങളുടെ ഫോൺ ചെല്ലുന്നതിന് മുൻപ് തന്നെ ഞങ്ങളെ കൊണ്ടുവരാൻ വേണ്ടി ആൾ പുറപ്പെട്ടിട്ടുണ്ടായിരുന്നു. ഏതാണ്ട് പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ ഹോട്ടലിൽ നിന്ന് അയച്ചിരിക്കുന്ന കാർ ബസ്റ്റാൻഡിൽ എത്തിച്ചേർന്നു. സണ്ണി എന്നായിരുന്നു കാറോടിച്ചിരുന്ന ചെറുപ്പക്കാരന്റെ പേര്. അധികമൊന്നും സംസാരിക്കുന്ന പ്രകൃതക്കാരനായിരുന്നില്ല സണ്ണി, അതുകൊണ്ടുതന്നെ സാധാരണ ഏതെങ്കിലും പ്രദേശത്ത് എത്തിച്ചേർന്നയുടനെ ഉണ്ടാകുന്ന ആകാംക്ഷഭരിതമായ പല ചോദ്യങ്ങൾക്കും വ്യക്തമായ മറുപടി സണ്ണിയിൽ നിന്നും ലഭിച്ചില്ല.
ഇരുപത് മിനിറ്റോളം ഡ്രൈവ് ചെയ്തപ്പോൾ ഞങ്ങൾ ബുക്ക് ചെയ്തിരുന്ന ആപ്പിൾ പൈ ഹോട്ടലിൽ എത്തിച്ചേർന്നു. മലഞ്ചെരുവിൽ റോഡിനോട് ചേർന്ന് അടിഭാഗത്ത് തൂണുകൾ കെട്ടിയുയർത്തി ഉണ്ടാക്കിയിരിക്കുന്ന മൂന്നുനില ഹോട്ടലായിരുന്നു ആപ്പിൾ പൈ. ഇവിടെ ആധുനികമായ പല സൗകര്യങ്ങളും ഉണ്ടായിരുന്നുവെന്ന് മാത്രമല്ല ലോബിയും ഹോട്ടലിന്റെ മുൻവശവും മനോഹരമായി അലങ്കരിച്ചിട്ടുമുണ്ടായിരുന്നു. ഞങ്ങളെ സ്വീകരിക്കാനായി ഹോട്ടലിന്റെ ഉടമസ്ഥനായിരുന്ന അമൻ അഹുജ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ആജാനബാഹുവായ അദ്ദേഹം ആദ്യ ഇടപെടലിൽ തന്നെ ഞങ്ങളുമായി വല്ലാത്തൊരു മാനസിക ബന്ധവും സൗഹൃദവും സ്ഥാപിച്ചു. ഒരു മുറിയിൽ രണ്ടാളെന്ന നിലയിൽ രണ്ട് മുറികളാണ് ഞങ്ങൾ ബുക്ക് ചെയ്തിരുന്നത്. കൽപ്പയിൽ മഞ്ഞുപെയ്യുന്നുണ്ടായിരുന്നില്ലെങ്കിലും നല്ല തണുപ്പും കനത്ത മൂടൽമഞ്ഞും ഉണ്ടായിരുന്നു. അല്പനേരം മുറികളിൽ വിശ്രമിച്ച് പ്രഭാതകൃത്യങ്ങളൊക്കെ കഴിഞ്ഞ് പുറത്ത് വന്നപ്പോഴേക്കും മൂടൽമഞ്ഞു പോയി വെയിൽ പരന്നിട്ടുണ്ടായിരുന്നു. ഹോട്ടലിലെ ബാൽക്കണിയിൽ നിന്ന് നോക്കുമ്പോൾ കാണുന്ന ദൃശ്യങ്ങൾ അതീവ മനോഹരങ്ങളായിരുന്നു. അങ്ങകലെ മഞ്ഞുമൂടി കിടക്കുന്ന ഗിരിശൃംഗങ്ങൾക്ക് താഴെ പച്ചപ്പിൽ പുതച്ച് കിടക്കുന്ന കൽപ്പ ഗ്രാമം. പരമ്പരാഗതമായ രീതിയിൽ പണികഴിപ്പിച്ച കൽകെട്ടിടങ്ങൾ മുതൽ ആധുനികമായ ബഹുനിലകെട്ടിടങ്ങൾ വരെയുണ്ടായിരുന്നു കൽപ്പയിൽ. ഇതേ ബാൽക്കണിയിൽ നിന്നും നോക്കിയാൽ അങ്ങകലെ മലമുകളിൽ ഉയർന്നു നിൽക്കുന്ന കിന്നർ കൈലാസ ശിവലിംഗവും വളരെ ചെറുതായി കാണാൻ സാധിക്കും. എപ്പോഴും മേഘങ്ങൾ മൂടിയിരിക്കുന്ന ഈ ഭാഗത്തെ ആകാശം ഞങ്ങൾ നോക്കി നിൽക്കെ പെട്ടന്ന് തെളിഞ്ഞു കിന്നർ കൈലാസ ശിവലിംഗത്തിന്റെ ആദ്യ ദർശനം ഞങ്ങൾക്ക് നൽകി. പ്രഥമ ദർശനത്തിൽ തന്നെ ശരീരമാസകലം കുളിരുകോരുന്ന വിസ്മയകരമായ ഒരനുഭൂതിയായി മാറി കിന്നർ കൈലാസം. എന്തുകൊണ്ടെന്നറിയില്ല യാത്രയുടെ ശുഭകരമായ പരിസമാപ്തിയുടെ ഒരു നിമിത്തമായി തോന്നി ഈ അപ്രതീക്ഷിത ദർശനം. ഹോട്ടലിൽ നിന്ന് പ്രഭാതഭക്ഷണം കഴിച്ച് കൽപ്പയിൽ അല്പദൂരം ചുറ്റിക്കറങ്ങാനായി ഞങ്ങൾ കുന്നിറങ്ങി നടന്ന് പോയി. ആപ്പിൾ ഉൾപ്പെടെ ധാരാളം പഴവർഗങ്ങൾ കൃഷി ചെയ്തുണ്ടാക്കുന്ന തോട്ടങ്ങളിവിടെ കാണാൻ സാധിച്ചു.
ഹോട്ടലിന്റെ വശത്തുള്ള ചെറിയ നാട്ടുവഴിയിലൂടെ ഏതാണ്ട് ഇരുനൂറ് മീറ്ററോളം ഇറങ്ങിച്ചെന്നാൽ കൽപ്പയിലേയ്ക്കുള്ള വഴിയിലെ ഒരു കൊച്ചു നാട്ടുകവലയിൽ എത്താം. ഇവിടെ പ്രധാനമായും കാണാനുള്ളത് വളരെ പഴക്കം ചെന്ന ഒരു ബുദ്ധമത ക്ഷേത്രമാണ്. റോച്ചോവ റിങ്ചെൻ സാങ്പോ എന്ന് പേരുള്ള ആത്മീയഗുരു തന്റെ ജീവിത കാലഘട്ടത്തിൽ 108 ബുദ്ധമത മോണസ്റ്ററികൾ (ഗോംപകൾ) പണികഴിപ്പിച്ചിട്ടുണ്ട്. അതിൽ വളരെ പ്രധാനപ്പെട്ട ഒന്ന് കൽപ്പയിൽ ആയിരുന്നു. ബി സി ആയിരത്തിൽ പണികഴിപ്പിച്ച ഈ ക്ഷേത്രം 1959ലുണ്ടായ തീപിടുത്തത്തിൽ പൂർണ്ണമായും കത്തിനശിച്ചു. പിന്നീട് ഗ്രാമവാസികളും പ്രദേശത്തെ പൗര പ്രമാണിമാരും ഒത്തുചേർന്നു ഈ മോണസ്റ്ററി രണ്ടാമത് പണി കഴിപ്പിച്ചെടുത്തു. ഒരുകാലത്ത് ചൈനയിൽ നിന്നുള്ള ബുദ്ധമതവിശ്വാസികളുടെ സജീവ സാന്നിധ്യമുണ്ടായിരുന്ന പ്രദേശമായിരുന്നു കൽപ്പ. റിക്കോങ് പ്യോ എന്ന പേരിൽ നിന്ന് തന്നെ ഈ പ്രദേശത്തിന്റെ ചരിത്രവുമായി എത്രമാത്രം ഈ ബുദ്ധമതസന്യാസികൾക്ക് ബന്ധമുണ്ടായിരുന്നുവെന്ന് കാണാൻ സാധിക്കും. ഹിന്ദുമതത്തിൻ്റെയും ബുദ്ധമതത്തിന്റെയും അനുയായികളെ നമുക്കിവിടെ കാണാൻ സാധിക്കും. ഇതിനുപുറമേ ഈ രണ്ട് മതങ്ങളിലും വിശ്വാസമർപ്പിച്ചുകൊണ്ട് ജീവിക്കുന്ന വലിയൊരു വിഭാഗം ജനതയും ഇവിടെയുണ്ട്. പരസ്പരബഹുമാനവും ആദരവും സഹിഷ്ണുതയും പ്രകടിപ്പിച്ചുകൊണ്ടുള്ള തദ്ദേശീയ മതങ്ങളുടെ സമാധാനപരമായ സഹവർത്തിത്വം ഒരുപക്ഷേ ലോകത്തുതന്നെ ഭാരതത്തിന് മാത്രം അവകാശപ്പെടാവുന്ന ഒരു പാരമ്പര്യമായിരിക്കും. വളരെ മനോഹരമായ രീതിയിൽ അലങ്കരിച്ചിട്ടുണ്ട് ഈ മോണസ്റ്ററി. ഞങ്ങൾ ചെന്നിരുന്ന ദിവസം വൈകീട്ട് എന്തോ വലിയ പരിപാടി നടക്കാൻ പോകുന്നുണ്ടായിരുന്നു അവിടെ. ഇതിൻ്റെ ഭാഗമായി ഗ്രാമവാസികളായ ഒരുപാട് സ്ത്രീകൾ അവിടെ ഒത്തുചേർന്ന് ഭക്ഷണം പാചകം ചെയ്യുകയും വിളക്കുകൾ തുടങ്ങിയവ തയ്യാറാക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ചുറ്റുപാടും പ്രാർത്ഥനാ ചക്രങ്ങൾ സ്ഥാപിച്ചിരിക്കുന്ന ഈ മോണസ്റ്ററിയുടെ അകത്തും പുറത്തും വല്ലാത്തൊരു ശാന്തത നടമാടിയിരുന്നു.
ഇവിടെ പ്രാർത്ഥിച്ച ശേഷം ഞങ്ങൾ തിരിച്ച് ഹോട്ടലിലേക്ക് തന്നെ കയറിച്ചെന്നു. ഉച്ചഭക്ഷണത്തിനുശേഷം കിന്നർ കൈലാസത്തിലേക്കുള്ള യാത്ര ആരംഭിക്കുന്ന പൂവാറി എന്ന സ്ഥലവും നദിക്കക്കരെ റിക്കോങ് പ്യോ ഗ്രാമത്തിന്റെ കവാടത്തിലേയ്ക്കും ഒരു വാഹനം വാടകയ്ക്ക് എടുത്തുപോയി നോക്കാനും സാധ്യമെങ്കിൽ അവിടെനിന്ന് ഒരു ഗൈഡിനെ നാളേക്കായി സംഘടിപ്പിക്കാനും ഞങ്ങൾക്ക് പരിപാടിയുണ്ടായിരുന്നു. കൂട്ടത്തിൽ കൽപ്പയിലെ മനോഹരമായ പ്രദേശങ്ങൾ ചെറുതായെങ്കിലും ഒന്ന് കറങ്ങണമെന്ന ആഗ്രഹവുമുണ്ടായിരുന്നു. അമൻ ഏർപ്പാട് ചെയ്തതനുസരിച്ച് ദിലീപ് എന്ന പേരുള്ള ഒരു ചെറുപ്പക്കാരൻ തൻ്റെ വാഹനവുമായി ഞങ്ങളെ റിക്കോങ് പ്യോയിലേയ്ക്കും കൽപ്പയിലേയ്ക്കും കൊണ്ടുപോകാനായി വന്നു. പ്രാദേശികമായി അല്പം രാഷ്ട്രീയവും സമൂഹ്യസേവനവും നടത്തുന്നതിനാൽ കൽപ്പയിലെ ജനങ്ങൾക്കിടയിൽ സുപരിചിതനായ ഒരു ഊർജ്ജസ്വല വ്യക്തിത്വമായിരുന്നു ദിലീപ്. ഞങ്ങളുമായി സൗഹൃദത്തിലാവാനും ഞങ്ങൾ ഉദ്ദേശിക്കുന്ന രീതിയിൽ പരിപാടികൾ ആസൂത്രണം ചെയ്യാനും ദിലീപിന് ഏതാനും നിമിഷങ്ങളേ വേണ്ടിവന്നുള്ളു. കൽപ്പയിലേക്കും അവിടെ നിന്ന് റിക്കോങ് പ്യോയിലേയ്ക്കും മലയിറങ്ങി പോകുന്ന വഴിയുടെ ഇടയിൽവെച്ച് ദിലീപ് ഞങ്ങളെ പൗരാണികമായ ഒരു ദുർഗ്ഗാക്ഷേത്രത്തിലേക്ക് കൊണ്ടുപോയി. കരിങ്കല്ലിൽ തീർത്ത ചുമരുകളുള്ള ആ ക്ഷേത്രത്തിൽ മരത്തിലുള്ള ധാരാളം കൊത്തുപണികൾ ഉണ്ടായിരുന്നു. പ്രശാന്തസുന്ദരമായിരുന്ന ഈ ക്ഷേത്രം വളരെ നല്ല ഒരനുഭവമാണ് പ്രദാനം ചെയ്തത്. അവിടെനിന്നിറങ്ങി കൽപ്പയിലെ മാർക്കറ്റിൽ പോയി ഞങ്ങൾ മൂന്ന് പേരും കിന്നരത്തൊപ്പികൾ വാങ്ങി പിന്നീടുള്ള യാത്ര അതും ധരിച്ചു കൊണ്ടായിരുന്നു. പൂവാറിൽ നിന്നും സത് ലജ് നദിയ്ക്ക് കുറുകെ കെട്ടിവലിച്ചു നിർത്തിയിരിക്കുന്ന ഇരുമ്പ് വടത്തിൽ ഞാത്തിയിട്ടിരിക്കുന്ന കൊട്ടയിൽ കയറി അതിൽ ഘടിപ്പിച്ചിട്ടുള്ള കയറിൽ വലിച്ച് മുന്നോട്ട് കുട്ട ചലിപ്പിച്ചാണ് ആളുകൾ റിക്കോങ് പ്യോ ഗ്രാമത്തിലേക്ക് കടന്ന് പോയ്ക്കൊണ്ടിരിക്കുന്നത്. ഏതാണ്ട് 30 അടിയോളം താഴ്ചയിൽ കുതിച്ചുപായുന്ന സത് ലജ് നദിയുടെ മുകളിൽ കൂടി ഒരു ഇരുമ്പ് കമ്പിയിൽ തൂങ്ങിക്കിടക്കുന്ന കുട്ടയിലൂടെയുള്ള സഞ്ചാരം അല്പം സാഹസികത നിറഞ്ഞത് തന്നെയാണ്. പക്ഷേ ശീലം കൊണ്ടാകാം കുട്ടികളും മുതിർന്നവരും യാതൊരു പ്രയാസങ്ങളും പുറത്തുകാണിക്കാതെ തന്നെ ഈ വഴിക്ക് അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കുന്നുണ്ടായിരുന്നു. നേരത്തെ സൂചിപ്പിച്ചത് പോലെ സത് ലജ് നദിയുടെ കരയിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി പൂവാറിയിൽ നിന്നും ഏതാണ്ട് രണ്ട് കിലോമീറ്റർ അപ്പുറത്ത് നദിക്ക് കുറുകെ വാഹനയോഗ്യമായ ഒരു പാലം ഈയടുത്ത് പണികഴിപ്പിച്ചിട്ടുണ്ട്. വാഹനത്തിൽ വരുന്നവർക്ക് അവിടെ പോയി നദിക്ക് കുറുകെ കടന്ന് റിക്കോങ് പ്യോ ഗ്രാമത്തിന്റെ കവാടം വരെ വാഹനമോടിച്ച് കൊണ്ടുവരാനുള്ള സൗകര്യമുണ്ട്. ഞങ്ങൾ ആ വഴിയാണ് സ്വീകരിച്ചത്. ഗ്രാമത്തിന്റെ മുൻവശത്തുള്ള ഒരു നാടൻ ചായക്കടയിൽ കയറി ദിലീപ് ഗൈഡിനെ കുറിച്ച് അന്വേഷിച്ചു. അവിടെനിന്ന് കിട്ടിയ നിർദ്ദേശമനുസരിച്ച് ചിലരെ ഫോൺ വിളിക്കാനും സംസാരിക്കാനും തുടങ്ങി. ഏതാണ്ട് പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ ഞങ്ങൾക്കുള്ള ഗൈഡിനെ ദിലീപ് ഫോണിൽ കൂടെതന്നെ ഏർപ്പാട് ചെയ്തു. പിറ്റേന്ന് രാവിലെ അഞ്ചുമണിക്ക് ഗ്രാമത്തിന്റെ മുൻവശത്ത് യാത്ര ആരംഭിക്കുന്ന പോയിന്റിൽ കാണാമെന്ന ഉറപ്പ് ഗൈഡിൽ നിന്ന് ലഭിച്ചതനുസരിച്ച് ഞങ്ങൾ തിരിച്ച് ഹോട്ടലിലേക്ക് മടങ്ങിപ്പോന്നു. പിറ്റേന്ന് നടക്കാൻ പോകുന്ന യാത്രയ്ക്ക് വേണ്ടി ഒരു ഊന്നുവടി വാങ്ങിക്കാൻ വേണ്ടി ഞാൻ കൽപ്പയിലും റിക്കോങ് പ്യോയിലും ഒരുപാട് കടകളിൽ കയറിയിറങ്ങിയെങ്കിലും അത് ലഭിക്കുകയുണ്ടായില്ല. നാളെ മലകയറുന്നതിനിടയ്ക്ക് ഏതെങ്കിലും മരക്കമ്പ് ഒടിച്ചെടുക്കാം എന്നുള്ള ധാരണയിലാണ് ഈ അന്വേഷണം പിന്നീട് അവസാനിപ്പിച്ചത്. മലകയറുന്ന സമയങ്ങളിൽ ഊന്നുവടി വളരെ സഹായകരമാണ്. ഏതു നിമിഷവും പാദങ്ങൾ വഴുക്കാവുന്ന ഒരു പ്രദേശത്ത് രണ്ടിന് പകരം മൂന്ന് കാലുകൾ എന്നുള്ള അവസ്ഥയാണ് ഊന്നുവടി പ്രദാനം ചെയ്യുന്നത്. പലപ്പോഴും കാൽവഴുക്കുന്ന സന്ദർഭങ്ങളിൽ നമ്മളെ വീഴ്ത്താതെ പിടിച്ചുനിർത്താൻ ശക്തിയായി ഊന്നിയ ഈ വടിക്ക് സാധിക്കുമെന്നതിനാൽ ഇത്തരം കഠിനമായ കയറ്റങ്ങളുള്ള വഴികളിൽ ഊന്നുവടി അത്യന്താപേക്ഷിതം തന്നെയാണ്.
കൽപ്പയിലെ മറ്റൊരു പ്രധാനപ്പെട്ട സ്ഥലമായിരുന്നു ഞങ്ങൾ താമസിക്കുന്ന ഹോട്ടലിൽ നിന്ന് അൽപ്പംകൂടി മുകളിലേക്ക് കയറിയിട്ടുള്ള സൂയിസൈഡ് പോയിന്റ്. ചില വ്യക്തിപരമായ തിരക്കുകൾ കാരണം ഞങ്ങളെ അവിടേക്ക് കൊണ്ടുപോകാനുള്ള പണി സണ്ണിയെ ഏല്പിച്ചിട്ടാണ് ദിലീപ് മടങ്ങിപ്പോയത്. രാവിലെ വരാമെന്നും ഞങ്ങളെ റിക്കോങ് പ്യോ വരെ കൊണ്ടുപോയി ഗൈഡുമായി കൂട്ടിമുട്ടിച്ച് തരാമെന്നും ദിലീപ് സമ്മതിച്ചിരുന്നു. സൂയിസൈഡ് പോയിന്റിലേക്കുള്ള യാത്രയിൽ, രാവിലെ മൗനം പൂണ്ടിരുന്ന സണ്ണിയെയല്ല കാണാൻ സാധിച്ചത്. വൈകിട്ട് ആവുമ്പോഴേക്കും സണ്ണി അല്പം സൗഹൃദഭാവം കാണിക്കാൻ തുടങ്ങിയിരുന്നു. ഹ്രസ്വമായിരുന്ന ആ യാത്രയ്ക്കിടയിൽ ഞങ്ങളുമായി സംസാരിക്കാനും പ്രദേശത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കാനും സണ്ണി തയ്യാറായി. സൂയിസൈഡ് പോയിന്റിൽ വെച്ച് ഞങ്ങളുടെ ക്യാമറ ഉപയോഗിച്ച് കുറെ ചിത്രങ്ങൾ സണ്ണി എടുത്ത് തരികയും ചെയ്തു. അഗാധ ഗർത്തത്തിന്റെ ആകർഷണതയ്ക്ക് പുറമേ വിദൂരസ്ഥങ്ങളായ മലയോര ഗ്രാമങ്ങളുടെ വീക്ഷണവും ഇവിടെ നിന്നും ലഭിക്കുമായിരുന്നു. സഞ്ചാരികൾക്ക് വാഹനം നിർത്തി ഈ സ്ഥലം കാണാൻ വേണ്ടി അല്പം വീതി കൂട്ടിയാണ് ഇവിടെ റോഡ് ഉണ്ടാക്കിയിരുന്നത്. ഞങ്ങൾ ചെല്ലുമ്പോൾ രണ്ട് ദിവസം മുൻപ് ഇവിടെ ആത്മഹത്യ ചെയ്ത ഒരാളുടെ മരണവുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണ സംഘം ഇവിടെനിന്നും അവരുടെ വാഹനത്തിൽ മടങ്ങുന്നുണ്ടായിരുന്നു. സണ്ണിയോട് അവരെന്തോ സുരക്ഷാ നിർദ്ദേശം പ്രാദേശികമായ ഭാഷയിൽ കൊടുക്കുന്നത് കാണാമായിരുന്നു. വലിയ പറ്റം ആടുകളെയും മേച്ച് നടക്കുന്ന ചിലർ ഈ സമയത്ത് അതുവഴി കടന്നുപോയി. ഹിമാലയത്തിൽ ഇത്തരത്തിൽ ആടുകളെ മേച്ച് മാസങ്ങളോളം അലഞ്ഞുതിരിയുന്ന ധാരാളം ആളുകൾ ഇപ്പോഴുമുണ്ട്. ഒരിക്കൽ പുറപ്പെട്ടാൽ ആറ് മാസമെങ്കിലുമെടുക്കും ഇവർ തിരിച്ചെത്താൻ, അപ്പോഴേയ്ക്കും കൂട്ടത്തിലുള്ള ചെമ്മരിയാടുകളുടെ രോമം വിളവെടുക്കാറായി കാണും. വിളവെടുപ്പ് കഴിഞ്ഞാൽ മലമുകളിലെ തണുപ്പ് പ്രതിരോധിക്കാനുള്ളത്രയും രോമം വീണ്ടും കിളിർത്ത് വരുന്നത് വരെ ഗ്രാമത്തിൽ വിശ്രമം. പിന്നെ വീണ്ടും അടുത്ത വിളവെടുപ്പ് വരെയുള്ള കാലത്ത് ഹിമാലയത്തിലൂടെയുള്ള യാത്ര. ഒരു ചെമ്മരിയാടിന് ഈ പ്രദേശത്ത് പതിനായിരത്തിന് മുകളിൽ വില വരും. ഇത്തരത്തിൽ പെട്ട അഞ്ഞൂറ് ആടുകളെങ്കിലും ഒരു പറ്റത്തിൽ കാണും. അൻപത് ലക്ഷം രൂപ വിലയുള്ള ഇത്തരം ആട്ടിൻപറ്റങ്ങളുമായി സഞ്ചരിക്കുന്ന പലരും നിസ്സാര കൂലിവേലയ്ക്കായി ഈ പണിചെയ്യുന്ന പരമ ദരിദ്രരായിരിക്കും. ഒരു പക്ഷേ ശീലം കൊണ്ടോ അതുമല്ലെങ്കിൽ മറ്റ് ഉപജീവനമാർഗ്ഗങ്ങൾ ലഭ്യമല്ലാത്തതുകൊണ്ടോ അതീവദുഷ്കരമായ ഈ തൊഴിൽ പലരും തുടരുന്നു.
ഇരുട്ട് പരക്കാൻ തുടങ്ങിയതോടെ അന്തരീക്ഷത്തിലെ തണുപ്പ് ശക്തിയായി വർദ്ധിക്കാൻ തുടങ്ങി. സൂയിസൈഡ് പോയന്റിൽ നിന്നും ഞങ്ങൾ മുറിയിൽ തിരിച്ചെത്തി മൂന്ന് ദിവസത്തെ യാത്രയ്ക്ക് ആവശ്യമായ സാധനങ്ങൾ മാത്രം തിരഞ്ഞെടുത്ത് ചെറിയ ഷോൾഡർ ബാഗുകളിലാക്കി തയ്യാർ ചെയ്ത് വെച്ചു. ഹോട്ടലിലെ ഒരു മുറി യാത്ര ചെയ്യുന്ന ദിവസങ്ങളിലും വാടക കൊടുത്ത് നിലനിറുത്താനും മുകളിലേക്ക് കൊണ്ടുപോകാതെ ബാക്കിയായിട്ടുള്ള ലഗേജുകൾ സൂക്ഷിക്കാനായി ഉപയോഗിക്കാനും ഞങ്ങൾ തീരുമാനിച്ചിരുന്നു. അതനുസരിച്ച് സാധനങ്ങൾ ക്രമീകരിച്ച് ഞങ്ങൾ ഹോട്ടലിലെ ചെറിയ റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാനായി പോയി. അമനുമായി കുറെസമയം ചിലവഴിച്ച മറക്കാനാവാത്ത ഒരു സായാഹ്നമായിരുന്നു അത്. ഭക്ഷണശേഷം റൂമിലേയ്ക്ക് മടങ്ങാൻ തുടങ്ങുമ്പോൾ അവിടുത്തെ ഷെഫ് ഞങ്ങൾക്കായി പ്രത്യേകം തയ്യാർ ചെയ്തിരുന്ന കേസരി കൊണ്ടുവന്നു തന്നു. പൂജയ്ക്കുള്ള പ്രസാദമായും ഉണ്ടാക്കുന്ന ഈ വിഭവം ആരും പറയാതെ തന്നെ ഞങ്ങളുടെ യാത്രയുടെ പൂർത്തീകരണത്തിനായി അദ്ദേഹം സ്വയം തയ്യാർ ചെയ്തതായിരുന്നു. വരാൻ പോകുന്ന കഠിനമായ യാത്രയെക്കുറിച്ചുള്ള ആകുലതകളെ സൗഹൃദത്തിന്റെ ഊഷ്മളതയിൽ മുക്കിക്കളയാൻ അമനും കൂട്ടുകാർക്കും സാധിച്ചു. പുലർച്ചെ എഴുന്നേറ്റ് തയ്യാറാവേണ്ടതിനാൽ ഞങ്ങൾ നേരത്തെ വിരമിച്ചെങ്കിലും ഹോട്ടലിന്റെ റെസ്റ്റോറന്റിൽ നിന്നുള്ള ശബ്ദങ്ങൾ രാവേറും വരെയും നിലച്ചിരുന്നില്ല.