aadi-kaulasa-yathra

കാലാപാനിയിൽ നിന്നും ആറുമണിക്ക് ഞങ്ങൾ അടുത്ത ക്യാമ്പായ നാഭിധാങ്ങിലേക്ക് പുറപ്പെട്ടു. ഇറങ്ങുമ്പോൾ നാഗപർവ്വതം തെളിഞ്ഞ് കാണപ്പെടുന്നുണ്ടായിരുന്നതിനാൽ ഓം പർവ്വതത്തിലും  തെളിഞ്ഞ ഒരു ദർശനം ഉണ്ടാകുമെന്ന  പ്രതീക്ഷയോടെയാണ് ഞങ്ങൾ യാത്ര ആരംഭിച്ചത്. കലാപാനിയിൽ നിന്നും  നാഭിധാങ്ങിലേക്ക് വാഹന ഗതാഗതയോഗ്യമായ വലിപ്പത്തിൽ റോഡ് നിർമ്മിച്ച് കഴിഞ്ഞിരുന്നുവെന്നതിനാൽ ഒട്ടും പ്രയാസമില്ലാത്ത യാത്രയായിരുന്നു അന്നത്തേത്.  പത്തുമണിയോടുകൂടി തന്നെ ഞങ്ങളുടെ ബാച്ചിലെ ആദ്യയാത്രക്കാർ ഓം പർവ്വതത്തിന് അടുത്ത് എത്തിച്ചേർന്നു. 11 മണിയോടുകൂടി ഏതാണ്ട് മുഴുവൻ യാത്രക്കാരും ഓം പർവ്വതത്തിന്റെ ദർശനം നടത്തുകയും നാഭിധാങ് ക്യാമ്പിലേക്ക് എത്തിച്ചേരുകയും ചെയ്തു. പ്രതീക്ഷിച്ചപോലെ തന്നെ തെളിഞ്ഞ ദർശനമായിരുന്നു ഓം പർവ്വതത്തിന്റേത്. ബാച്ചിലെ യാത്രക്കാരിൽ ഏറെപ്പേരും ഇതേ വഴിക്ക് മുൻപ്  കൈലാസ മാനസരോവർ യാത്ര ചെയ്തിട്ടുള്ളവരായതിനാൽ അവർക്കിത് ഓം പർവ്വതത്തിന്റെ രണ്ടാം ദർശനമായിരുന്നു. നാഭിധാങ്ങ് ക്യാമ്പിൽ വെച്ച് ബാച്ച് ഒരുമിച്ച് പൂജ ചെയ്യുകയും ഓം പർവ്വതത്തിന്റെ പശ്ചാത്തലത്തിൽ ഗ്രൂപ്പ് ഫോട്ടോ എടുക്കുകയും ചെയ്തു.  

ഇന്നത്തെ ദിവസം വളരെ നേരത്തെ ഇവിടെ എത്തിച്ചേർന്നതിനാൽ അന്ന് നാഭിധാങ്ങിൽ രാത്രി തങ്ങാതെ തിരിച്ച് നടന്ന് കാലാപാനിയിൽ എത്തുകയാണെങ്കിൽ പിറ്റേന്നുള്ള യാത്ര പതിനെട്ട് കിലോമീറ്ററിൽ നിന്നും കലാപാനിയിൽ നിന്നും ഗുഞ്ചി വരെയുള്ള ഒൻപത് കിലോമീറ്റർ ദൂരം മാത്രമായി ചുരുങ്ങും. എന്നാൽ അത് KMVN ഷെഡ്യൂളിന്  പുറത്തുള്ളതായിരിക്കുമെന്നതിനാൽ അതിന്റെ സാധ്യതകളെപ്പറ്റി മുൻപ് കൈലാസയാത്ര നടത്തിയിട്ടുള്ള യാത്രക്കാർ വിക്രം ഭായിയുമായി സംസാരിച്ചു. വിക്രം ഭായ്  KMVN ഉദ്യോഗസ്ഥരുമായി സംസാരിച്ചശേഷം അത് സാധ്യമാക്കാം എന്ന അഭിപ്രായമാണ് പറഞ്ഞത്. അങ്ങനെയെങ്കിൽ ഉച്ചയൂണ് കഴിഞ്ഞ് കാലാപാനിലേക്ക് മടങ്ങാമെന്ന് തീരുമാനമായി.  ഉച്ചഭക്ഷണം വരെയുള്ള സമയം നാഭിധാങ്ങിലെ ക്ഷേത്രത്തിൽ ദർശനം നടത്തിയും തകർന്നുകിടക്കുന്ന ഹെലികോപ്റ്ററിനടുത്ത് പോയി ഫോട്ടോസ് എടുത്തും യാത്രക്കാർ സമയം ചിലവഴിച്ചു. ഉച്ചഭക്ഷണത്തിനുശേഷം അല്പസമയം ഇരുന്നു വിശ്രമിച്ചശേഷം ഞങ്ങൾ കാലാപാനിലേക്ക് തിരിച്ച് നടക്കാനാരംഭിച്ചു. അത്ഭുതമെന്നു പറയട്ടെ മൂന്നുമണിക്ക് തന്നെ എല്ലാ യാത്രക്കാരും കലാപാനിയിൽ എത്തിച്ചേർന്നു. മനുഷ്യമനസ്സിലെ മോഹങ്ങൾക്ക് അന്തമില്ല എന്ന് പറയുന്നത് പോലെ അങ്ങനെയെങ്കിൽ ഗുഞ്ചിയിലേക്ക് നാളെ വെച്ചിരിക്കുന്ന യാത്ര ഇന്ന് നടത്തിയാൽ എന്താകുമെന്നായി ബാച്ചിലെ ചർച്ച.  പ്രായമായ ഒന്നോ രണ്ടോ യാത്രകാർക്ക് ഇന്ന് ഗുഞ്ചി കൂടി വരെയുള്ള യാത്ര താങ്ങുകയില്ല എന്നതിനാൽ ഇന്ന് കാലാപാനിയിൽ തങ്ങേണ്ടി വരും എന്നാണ് വിക്രം ഭായി പ്രതികരിച്ചത്. അതിനൊരു പരിഹാരം ഉണ്ടെങ്കിൽ പിന്നെ ഗുഞ്ചിയിൽ ചെല്ലുന്നതിൽ പ്രശ്നങ്ങളൊന്നും വേറെ ഉണ്ടായിരുന്നുമില്ല. ഇതിനൊരു പരിഹാരം ഉണ്ടാക്കാനാകുമോ എന്ന് ശ്രമിക്കാനാണ് കാലാപാനിയിൽ നിന്ന് ഗുഞ്ചിയിലേക്ക് ITBP യുടെ ഏതെങ്കിലും വാഹനങ്ങൾ അന്ന് പോകുന്നുണ്ടോ എന്നറിയാൻ വേണ്ടി ഞങ്ങൾ ശ്രീ ജയചന്ദ്രനെ വീണ്ടും സമീപിച്ചത്. ITBP കമ്മ്യൂണിക്കേഷൻ ചുമതലയുള്ളതിനാൽ ഇത്തരം കാര്യങ്ങൾ ഏറ്റവും കൃത്യമായി അറിയാമായിരുന്നത് അദ്ദേഹത്തിന്  തന്നെയായിരുന്നു. വൈകീട്ട് അഞ്ചുമണിക്ക് ഒരു വാഹനം ഗുഞ്ചിയിലേയ്ക്ക്  പോകുന്നുണ്ടെന്നും  വേണമെങ്കിൽ മൂന്നോ നാലോ യാത്രക്കാരെ അതിൽ കയറ്റി കൊണ്ടുപോകാൻ വേണ്ട ഏർപ്പാടുകൾ ചെയ്യാമെന്നും അദ്ദേഹം ഉറപ്പ് നൽകി. അതനുസരിച്ച് നടക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്ന നാലോളം പേരെ ഈ വാഹനത്തിൽ ഗുഞ്ചിയിൽ എത്തിക്കാനും മറ്റുള്ളവരെല്ലാം തന്നെ ഗുഞ്ചിയിൽ നടന്നെത്താനും തീരുമാനമായി. ഷെഡ്യൂൾ അനുസരിച്ച് ഒരു ദിവസം നേരത്തെ ഗുഞ്ചിയിലേക്ക് വരുന്ന ഈ ബാച്ചിനെ സ്വീകരിക്കാൻ വേണ്ട ഏർപ്പാടുകൾ ചെയ്യാനായി ഗുഞ്ചിയിലേക്ക് വിക്രം ഭായി വിളിച്ചു പറയുകയും ചെയ്തു. അങ്ങിനെ 27 കിലോമീറ്റർ നീണ്ട യാത്ര നടത്തിയ ദിവസം ആയിരുന്നെങ്കിലും വലിയ ബുദ്ധിമുട്ടുകളൊന്നും കൂടാതെ വൈകീട്ട് 6 മണിയോടെ ഞങ്ങളെല്ലാവരും ഗുഞ്ചി ക്യാമ്പിലേക്ക് എത്തിച്ചേർന്നു. ഇതുവഴി യാത്രയിൽ ഒരു ദിവസം ലാഭിക്കാൻ ഞങ്ങൾക്ക് സാധിച്ചുവെങ്കിലും ദില്ലിയിൽ എത്തിച്ചേരുന്ന ദിവസത്തിന് മാറ്റം വരുത്താനാവാത്തതിനാൽ അധികം വന്ന ഈ ദിവസം പിത്തോഗഡിൽ ഒരു ദിവസത്തെ വിശ്രമത്തിനായി ഉൾപ്പെടുത്താൻ വേണ്ട ഏർപ്പാടുകൾ വിക്രം ഭായി ഗുഞ്ചിയിൽ നിന്ന് തന്നെ ചെയ്തുവെച്ചു.  

ഗുഞ്ചിയിൽ നിന്ന് അടുത്ത ദിവസം ബുദിയിലേയ്ക്കായിരുന്നു യാത്ര. ഈ യാത്രയുടെ പകുതി ദൂരം പിന്നിട്ടപ്പോൾ ഗുഞ്ചിയിൽ നിന്ന് ഒരു മിലിട്ടറി ട്രക്ക് കടന്നുവരികയും വഴിയിൽ നിറുത്തി  യാത്രക്കാരെ അതിൽ കയറ്റി ചിലേഖ് വരെ കൊണ്ടുപോകുകയും ചെയ്തത് ബുദിയിലേക്കുള്ള യാത്രയെ വളരെ അനായാസമാക്കി തീർത്തു. ബുദിയിൽ നിന്നും ലഖൻപൂർ വരെയുള്ള ദൂരം  പ്രതീക്ഷിച്ചിരുന്ന പോലെ ബുദ്ധിമുട്ടുള്ള യാത്ര തന്നെയായിരുന്നുവെങ്കിലും കയറ്റങ്ങളേക്കാൾ കൂടുതൽ ഇറക്കങ്ങളായിരുന്നതിനാൽ പല സമയങ്ങളിലാണെങ്കിൽ പോലും എല്ലാ യാത്രക്കാരും വലിയ പ്രയാസങ്ങളൊന്നും കൂടാതെ യാത്ര തനിയെ പൂർത്തീകരിച്ച് ലഖൻപൂരിൽ എത്തിച്ചേർന്നു. ലഖൻപൂരിൽ KMVN ഏർപ്പാട് ചെയ്തിരുന്ന ജീപ്പുകൾ യാത്രക്കാർക്കായി കാത്തുകിടന്നിരുന്നു. ഓരോ ജീപ്പിലേയ്ക്കുമുള്ള യാത്രക്കാർ നിറയുന്ന മുറയ്ക്ക് അവരെ ധാർച്ചുലയിലേയ്ക്ക്  കൊണ്ടുപോകുന്ന ചുമതലയായിരുന്നു ഇവർക്കുണ്ടായിരുന്നത്‌. ധാർച്ചുലയിൽ  എത്തിച്ചേർന്നാൽ പിന്നെ ദില്ലി വരെയുള്ളത് വാഹനയാത്രകൾ മാത്രമാണ്. യാത്രയിലെ ഉയർന്ന  മലയോരപ്രദേശങ്ങളിലെ ഘട്ടം ധാർച്ചുലയിൽ വെച്ച് അവസാനിക്കുകയാണ്. രാഹുലിനെയും വിക്കിയേയും ഇവിടെ വെച്ച് വേർപിരിഞ്ഞിട്ടാണ് ഞങ്ങൾ ഇനി ദില്ലിയിലേക്ക് തിരിക്കുക. രാഹുലിന്റെ പുതിയ ബിസിനസ് ആയ ചൈനീസ് റസ്റ്റോറന്റ്  ഞങ്ങളോടൊപ്പം വന്നതിനാൽ 20 ദിവസത്തോളമായി അടച്ചിട്ടിരിക്കുകയായിരുന്നു. ഒന്ന് രണ്ട് ദിവസമില്ലാതെ അത് വീണ്ടും പ്രവർത്തന സജ്ജമാക്കാനാവില്ലാത്തതിനാൽ അവിടെനിന്നും ഞങ്ങളെ ഭക്ഷണം കഴിപ്പിക്കണമെന്നുള്ള രാഹുലിന്റെ മോഹം നടക്കാൻ ഒരു സാദ്ധ്യതയുമില്ലായിരുന്നു. പിന്നീടൊരിക്കൽ ധാർച്ചുലയിലേക്ക് വരാമെന്നും അന്ന് രാഹുലിന്റെ സ്ഥാപനത്തിൽ വന്ന് ഭക്ഷണം കഴിക്കാമെന്നും വേണ്ടിവന്നാൽ രാഹുലിനൊപ്പം രണ്ടുദിവസം തങ്ങാമെന്നും വാക്ക് കൊടുത്തിട്ടാണ് ആ വിഷയം ഞങ്ങൾ തൽക്കാലം അവസാനിപ്പിച്ചത്. അന്ന് രാത്രി അവർ ഞങ്ങളോടൊപ്പം ഏറെനേരമുണ്ടായിരുന്നു.പിറ്റേന്ന് രാവിലെ നേരത്തെതന്നെ ഞങ്ങൾ യാത്രയാവുമെന്നതിനാൽ അന്ന് രാത്രിയിൽ തന്നെ യാത്ര പറഞ്ഞിട്ടാണ് അവർ പിരിഞ്ഞുപോയത്. കൈലാസയാത്രയ്ക്കായി വന്നപ്പോൾ രാഹുലിനോട്  ധാർച്ചുലയിൽ വെച്ച് യാത്ര പറഞ്ഞപ്പോൾ വീണ്ടുമൊരു കൂടിക്കാഴ്ച്ച ഉണ്ടാകുമെന്ന് കരുതിയിരുന്നതല്ല.  പക്ഷേ വിധി അല്ലെങ്കിൽ ബോലേ ഞങ്ങളെ വീണ്ടും കൂട്ടിയിണക്കി. ഇപ്പോൾ ആ ചങ്ങലയിലേയ്ക്ക് പുതിയൊരു  കണ്ണിയായി വിക്കി കൂടി കടന്നുവന്നിരിക്കുന്നു. ആധുനിക വാർത്താവിനിമയ സൗകര്യങ്ങൾ  ധാർച്ചുലയിലും ലഭ്യമായിട്ടുള്ള ഈ കാലഘട്ടത്തിൽ അവരുമായുള്ള ബന്ധം കാലങ്ങളോളം  നിലനിൽക്കാൻ തന്നെയാണ് സാധ്യത. ഇനിയും അവസരങ്ങൾ കിട്ടുകയാണെങ്കിൽ ആ പ്രദേശത്തേക്ക് യാത്രകൾ സംഘടിപ്പിക്കാനും അവരുമായി കൂടിച്ചേർന്ന് സമയം ചെലവഴിക്കാനും ഇടവരട്ടെ എന്ന് മനസ്സിൽ ആഗ്രഹിക്കുകയും  ചെയ്യുന്നു.  

ഈ യാത്രയുടേതായി എടുത്തുപറയേണ്ട ഒരു ഓർമ്മയും സൗഹൃദവും കൂടിയുണ്ട്. ശങ്കരാഭരണം എന്ന തെലുങ്ക്  ചലച്ചിത്രത്തിൽ കൂടി ലോകപ്രശസ്ത നടിയായ അനുഗ്രഹീത നർത്തകി മഞ്ജു ഭാർഗവിയുടെ സൗഹൃദമാണ് അത്.  മഞ്ജു ഭാർഗവി ഞങ്ങളുടെ ഈ ആദി കൈലാസ യാത്രാബാച്ചിലെ സഹയാത്രികയായിരുന്നു. അൽമോറയിലേക്കുള്ള യാത്രാമധ്യേ ബാച്ചിലെ എല്ലാ അംഗങ്ങളെയും ചേർത്ത് ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കാൻ ഉള്ള ശ്രമത്തിനിടയിലാണ് അവരുടെ പേര് ശ്രദ്ധയിൽപ്പെട്ടത്. മനസ്സിൽ ഉണ്ടായിരുന്ന അവരുടെ രൂപത്തിന് കാലം ധാരാളം മാറ്റം വരുത്തിയിരുന്നതിനാൽ ഗൂഗിൾ ചെയ്ത് ആളെ ഉറപ്പുവരുത്തേണ്ടിവന്നു. ഒരു കാലത്ത് കേരളക്കരയെ ഇളക്കി മറിച്ച വിജയം കരസ്ഥമാക്കിയ ശങ്കരാഭരണം എന്ന സിനിമയിൽ കൂടി മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ മഞ്ജു ഭാർഗവിയെ പരിചയപ്പെടാനായതും എന്നും നിലനിൽക്കുന്ന വിധത്തിലുള്ള ഒരു സൗഹൃദം രൂപപ്പെട്ടു വന്നതും ബോലേയുടെ മറ്റൊരു അനുഗ്രഹമായി കണക്കാക്കുന്നു. മഞ്ജു ഭാർഗവിയുടെ  രണ്ടാമത്തെ ആദികൈലാസയാത്രയായിരുന്നു അത്തവണത്തേത്. വിശ്വനർത്തകനായ  ബോലെയുടെ അനുഗ്രഹം ആവോളം സിദ്ധിച്ചിട്ടുള്ള അവരോടൊപ്പമുള്ള യാത്രയും, യാത്രയുടെ ഇടവേളകളിൽ നൃത്തസപര്യയെക്കുറിച്ചും ശങ്കരാഭരണത്തിന്റെ ഷൂട്ടിംഗ് വിശേഷങ്ങളെ പറ്റിയും അവർ പറഞ്ഞ വിവരങ്ങൾ കേൾക്കാനായതും ഒരിക്കലും മറക്കാനാവാത്ത ഒരോർമ്മയായി ഇനി എന്നും മനസ്സിൽ തങ്ങിനിൽക്കും.

ഇവിടുത്തെ പോർട്ടർമാരുടെയും കുതിരക്കാരുടെയും സ്വഭാവശുദ്ധിയും സത്യസന്ധതയും മുൻപൊരിക്കൽ പരാമർശിച്ചതാണ് എങ്കിലും ആ വിശ്വാസത്തെയും ധാരണകളെയും ഊട്ടിയുറപ്പിക്കാൻ ഉതകുന്ന ഒരു സംഭവം കൂടി ഈ യാത്രയുടെ ഭാഗമായുണ്ടായി. ഞങ്ങളുടെ സഹയാത്രികൻ ജെ സി ഭായിയുടെ ഇരുപതിനായിരം രൂപയോളം സൂക്ഷിച്ചിട്ടുള്ള ഒരു ബാഗ് യാത്രയ്ക്കിടയിൽ നഷ്ടപ്പെട്ടു. കുട്ടിയിലാണോ നാഭിയിലാണോ ഇത് നഷ്ടമായത് എന്നുള്ള കാര്യത്തിൽ ചില സംശയങ്ങൾ മനസ്സിൽ ഉണ്ടായിരുന്നുവെങ്കിലും ഈ വിവരം ഞങ്ങൾ ടീം ലീഡർ വിക്രം ഭായിയെ അറിയിച്ചു. വിക്രം ഭായി വിഷയം കേട്ടപാടെ ബാഗ് നഷ്ടപ്പെടില്ല എന്നുറപ്പ് നൽകുകയും അതന്വേഷിച്ച് കണ്ടുപിടിക്കാനുള്ള ഏർപ്പാടുകൾ ഉണ്ടാക്കുകയും ചെയ്തു. ഞങ്ങൾ തിരിച്ച് ഗുഞ്ചിയിൽ എത്തിയപ്പോഴേയ്ക്കും ഈ ബാഗും അതിലുള്ള പൈസയും സുരക്ഷിതമായി ഗുഞ്ചിയിൽ എത്തിച്ചിരുന്നു. തിരിച്ചുകിട്ടിയ ഈ പൈസയിൽ നിന്ന് പകുതിയോളം തുക ഉടനെത്തന്നെ ആ ഗ്രാമവാസികൾക്കായി ജെ സി ഭായി സ്നേഹസമ്മാനം നൽകുകയും ചെയ്തു. അവരുടെ പൊതുകാര്യങ്ങൾക്കായി ഉപയോഗപ്പെടുത്തതാവുന്ന രീതിയിലാണ് ഈ തുക കൈമാറിയത്. അങ്ങിനെ ഒരു ബാഗ് കണ്ടിട്ടില്ല എന്ന് ഗ്രാമവാസികൾ പറഞ്ഞിരുന്നെങ്കിൽ ഞങ്ങൾക്ക് ഒന്നും ചെയ്യാനാകുമായിരുന്നില്ല, പക്ഷെ ഇല്ലായ്മകളും വല്ലായ്മകളും നിറയുന്ന അവരുടെ ജീവിതങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്നത് അവരുടെ മനസ്സിലെ നന്മയും ബോലെയിലുള്ള അചഞ്ചല ഭക്തിയുമാണ്. ഈ മൂല്യങ്ങളെ ബലികഴിക്കുന്ന ഒരു പ്രവർത്തിയും അവരുടെ ഭാഗത്ത് നിന്ന് ഉണ്ടാകില്ല എന്നുള്ളത് ആ പ്രദേശവും ജനങ്ങളുമായി ഉള്ള പരിചയം വെച്ച് ഉറപ്പിച്ച് പറയാനാകുന്ന കാര്യമാണ്.

ധാർച്ചുലയിൽ നിന്ന് പിറ്റേന്ന് യാത്ര പിത്തോഗഡ് വഴി ജാഗേശ്വറിലേക്കാണ്. പക്ഷേ നാഭിധാങ്ങിൽ തങ്ങാതെ ലാഭിച്ച ഒരുദിവസം അധികമുള്ളതിനാൽ ഞങ്ങൾ ധാർച്ചുലയിൽ  എത്തിയത് തന്നെ ഒരു ദിവസം നേരത്തെയാണ്. പക്ഷേ ദില്ലിയിൽ താമസം ഒരുക്കിയിരിക്കുന്നത് ഒരു സ്വകാര്യ ഹോട്ടലിലായതിനാൽ  അങ്ങനെ നേരത്തെ ചെല്ലാൻ സാധിക്കില്ല. ഇനി അവർ അഥവാ സമ്മതിച്ച് ഞങ്ങൾ നേരത്തെ ദില്ലിയിൽ ചെന്നാൽ തന്നെ എല്ലാവർക്കും തിരിച്ച് സ്വന്തം നാട്ടിലേക്കുള്ള യാത്ര പദ്ധതികൾ അനുസരിച്ച് കാര്യങ്ങൾ പോകാൻ ഒരു ദിവസം അധികമായി അവിടെ തങ്ങേണ്ടി വരും. ഇതിന് പകരമായി വിക്രം ഭായി കണ്ടെത്തിയ പരിഹാരമായിരുന്നു പിത്തോഗഡിൽ ഒരു രാത്രി തങ്ങുക എന്നുള്ളത്. ധാർച്ചുലയിൽ നിന്നും ഏതാണ്ട് ഉച്ചയോടുകൂടി പിത്തോഗഡിൽ  എത്തിയ ഞങ്ങൾ അന്ന് അവിടെ തങ്ങുകയും  പിത്തോഗഡിലെ KMVN ഗസ്റ്റ് ഹൌസിന് മുൻപിലായി ഞങ്ങളുടെ ബാച്ചിന്റെ വകയായി ഒരു മരം നടുകയും വൈകീട്ട് പിത്തോഗഡിലെ ആകർഷകമായ സ്ഥലങ്ങൾ കാണാൻ ചെറിയ യാത്ര നടത്തുകയും ചെയ്തു. അതിൽ പ്രധാനപ്പെട്ടതായിരുന്നു മോസ്റ്റമനു ക്ഷേത്രം. മോസ്റ്റ മാനവ് എന്ന പേരിൽ നേപ്പാളിൽ നിന്നു വന്ന ഒരു സന്യാസി നിർമ്മിച്ചതാണ് ഈ ക്ഷേത്രം. നേപ്പാളിൽ ഉള്ള പശുപതിനാഥ ക്ഷേത്രത്തിന്റെ ഒരു പ്രതിരൂപമാണ് ഈ ക്ഷേത്രം എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഈ പ്രദേശത്ത് വളരെ അധികം ആദരിക്കപ്പെടുകയും വിശ്വസിക്കപ്പെടുകയും ചെയ്യുന്ന  മൂർത്തിയാണ് ഇവിടുത്തേത്. ധാരാളമാളുകൾ ഇവിടേക്ക് ദർശനത്തിനായി എത്തിച്ചേരുന്നുണ്ട്. ആധുനികവും പുരാതനവുമായ ശൈലികൾ ഇടകലർത്തിയാണ് ക്ഷേത്രത്തിന്റെ നിർമ്മാണം. ക്ഷേത്രമുറ്റത്ത് ഒരാൾക്ക് ഒറ്റയ്ക്ക് എടുത്തുപൊക്കാൻ പറ്റാത്ത വിധത്തിലുള്ള ആകൃതിയിൽ മിനുസമാർന്ന ഒരു വലിയ ഉരുളൻ പാറ കിടപ്പുണ്ടായിരുന്നു. ഭാരത്തേക്കാൾ അതിന്റെ രൂപമാണ് എടുത്തുപൊക്കാൻ അനുവദിക്കാത്ത ഘടകം. എടുത്ത് പൊക്കുമ്പോൾ കൈകളിൽ കൂടി ചോർന്നു പോകുന്നതാണ് അതിന്റെ ഘടനയുടെ സവിശേഷത. ദർശനത്തിനുശേഷം ഈ കല്ല് പലരും എടുത്തു പൊക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നുവെങ്കിലും പൂർണ്ണമായും മുകളിലേക്ക് ഉയർത്താൻ ആർക്കും സാധിച്ചില്ല. ഞങ്ങളുടെ ബാച്ചിൽ നിന്നുള്ള കാശ്മീരുകാരനായ രജീന്ദർ സിങ്ങിന് അത് മുട്ടുവരെ ഉയർത്താനായി. ഈ കല്ലുയർത്താനായി ബാച്ചിലെ അംഗങ്ങൾ ശ്രമിച്ച സമയം പരസ്പരം കളിതമാശകൾ പറഞ്ഞും പ്രോത്സാഹിപ്പിപ്പിച്ചും സമയം ചിലവഴിച്ചത് വളരെ രസകരമായിരുന്നു.  

ക്ഷേത്രത്തിലെ ദർശനം കഴിഞ്ഞും മലമുകളിൽ നിന്ന് പിത്തോഗഡ് ടൗണിന്റെ കാഴ്ചകൾ ആസ്വദിച്ചും ഞങ്ങൾ അന്ന് രാത്രി KMVN  പിത്തോഗഡ് ഗസ്റ്റ്  ഹൌസിൽ തങ്ങി. പിറ്റേന്ന് രാവിലെ പുറപ്പെട്ട് ജാഗേശ്വറിൽ എത്തി. ജാഗേശ്വറിലെ KMVN ഗസ്റ്റ് ഹൗസിൽ താമസിച്ച് ക്ഷേത്രത്തിൽ വിശദമായ ദർശനവും പൂജകളും നടത്തി. ജാഗേശ്വറിൽ നിന്നും പിറ്റേന്ന് രാവിലെ തിരിച്ച് ഉച്ചയോടുകൂടി ഭീംതാലിലെ KMVN ഗസ്റ്റ് ഹൗസിൽ എത്തിച്ചേർന്നു. ഇവിടെ നിന്നായിരുന്നു ഉച്ചഭക്ഷണം. ഭാഗ്യവശാൽ KMVN ജനറൽ മാനേജർ ശ്രീ തിലോക് സിങ് മാർത്തോലിയ അന്ന് അവിടെ ഉണ്ടായിരുന്നതിനാൽ ഞങ്ങളുടെ ആദികൈലാസ യാത്രാപൂർത്തീകരണ സർട്ടിഫിക്കറ്റുകൾ അദ്ദേഹമാണ് വിതരണം ചെയ്തത്. കുമായൂൺ മണ്ഡൽ നടത്തുന്ന തീർഥാടനയാത്രകൾക്കായി കേരളത്തിൽ ഒരു സെന്റർ തുടങ്ങുന്നതിനെ കുറിച്ച് അദ്ദേഹവുമായി വിശദമായി ചർച്ചനടത്താനുള്ള അവസരവും ഈ ചടങ്ങിനുശേഷം ലഭിച്ചു. പൂർണ്ണമായ സഹകരണമാണ് അദ്ദേഹം ഈ കാര്യത്തിനായി വാഗ്ദാനം ചെയ്തത്.  ഭീംതാലിൽ നിന്ന്  ഉച്ചഭക്ഷണം കഴിച്ച ശേഷം യാത്രക്കാർ അവിടുത്തെ തടാകത്തിൽ ബോട്ടുസവാരിക്കായും തടാകക്കരയിലെ ക്ഷേത്രത്തിൽ ദർശനത്തിനുമായി അല്പസമയം ചിലവഴിച്ചു. വൈകീട്ട് നാലരയോട് കൂടി ഇവിടെ നിന്നും പുറപ്പെട്ട ഞങ്ങൾ വൈകീട്ട്  കാത്തുഗോഥാമിൽ എത്തിച്ചേരുകയും അവിടെ നിന്ന് ഭക്ഷണം കഴിച്ച് രാത്രിയിൽ തന്നെ ദില്ലിയിലേയ്ക്കായി പുറപ്പെടുകയും ചെയ്തു. പിറ്റേന്ന് രാവിലെ 7 മണിയ്ക്ക് ഞങ്ങൾ ദില്ലിയിൽ യാത്ര പുറപ്പെട്ട ഹോട്ടലിൽ തന്നെ എത്തിച്ചേർന്നു. അന്ന് ഉച്ചവരെ ആ ഹോട്ടലിൽ തങ്ങാനുള്ള അനുവാദം യാത്രക്കാർക്ക്  ഉണ്ടായിരുന്നു.  അടുത്ത ദിവസമാണ് നാട്ടിലേക്കുള്ള യാത്രാപദ്ധതി എന്നതിനാൽ ഉച്ചയോടുകൂടി KMVN ഏർപ്പാട് ചെയ്തിരുന്ന ഹോട്ടലിൽ നിന്നും മാറി ഞങ്ങൾ സ്വകാര്യ ഹോട്ടലുകളിലേക്ക് മാറി. ഈ സമയത്താണ് ബാച്ചിലെ ഓരോരുത്തരോടും യാത്രപറഞ്ഞു പിരിയുന്ന വൈകാരിക നിമിഷങ്ങൾ ഉണ്ടായത്. ഒരു കാലത്ത് കൈലാസമെന്നുപോലും പലരും ധരിച്ചിരുന്ന ആദി കൈലാസയാത്രയും ഹൈന്ദവ സംസ്കൃതിയിലെ പ്രധാന തീർത്ഥയാത്രയാണ്. ഛോട്ടാ കൈലാസ്, ബോലേ കൈലാസ് എന്നൊക്കെ അറിയപ്പെടുന്ന ഈ യാത്രയിലും ഒരുമിച്ച് സഞ്ചരിക്കാൻ യോഗമുണ്ടായവർ പൂർവ്വജന്മത്തിലെ ബന്ധുക്കൾ തന്നെയാകാനാണ് സാധ്യത.  കൈലാസയാത്ര പോലെത്തന്നെ ആദി കൈലാസയാത്രയും വലിയൊരു കുടുംബത്തെ ജീവിതത്തോട് കൂട്ടിച്ചേർത്തു. ദില്ലിയിൽ ചില സുഹൃത്തുക്കളെയും ബന്ധുക്കളെയും സന്ദർശിച്ച ശേഷം പിറ്റേന്ന് ദില്ലിയിൽ നിന്ന് പുറപ്പെട്ട് ഞങ്ങൾ കേരളത്തിലും, മുംബൈയിലുമായി വീടുകളിൽ തിരിച്ചെത്തിയപ്പോൾ നാലാമത്തെ കൈലാസയാത്രയ്ക്ക് കൂടി ശുഭപര്യവസാനമായി. 

Naga parvat
Naga parvat
« of 7 »

Share: