തത്വമസി ഫൗണ്ടേഷൻ

Thathvamasi Foundation

സഹൃദയരേ,

ഭാരതീയ പൈതൃകത്തിന്റെ മാഹാത്മ്യമേറിയ ആത്മസൗന്ദര്യത്തിന്റ്റെ അന്തസത്ത ഉൾക്കൊണ്ട്, സനാതന ധർമ്മത്തിന്റ്റെ സാർവ്വലൗകീകമായ അഭൗമിക ദീപപ്രഭ ലോകമെമ്പാടും പ്രചരിപ്പിക്കാൻ എല്ലാ ദിശകളിലുമുള്ള പ്രവർത്തനങ്ങൾ നടത്തണമെന്ന സദുദ്ദേശത്തോടെ സ്ഥാപിതമായ ചാരിറ്റബിൾ ട്രസ്റ്റാണ്, തത്വമസി ഫൗണ്ടേഷൻ. ഈ ബ്ലോഗ് വഴി തത്വമസി ഫൗണ്ടേഷൻ പ്രധാനമായും രണ്ടു വസ്തുതകളാണ് ലക്ഷ്യമിടുന്നത്.

ഒന്നാമത്തേത്, തീർത്ഥാടന യാത്രാ വിവരണങ്ങൾ പ്രചരിപ്പിക്കുക അതുവഴി തീർത്ഥയാത്രകൾ പ്രചരിപ്പിക്കുക. സനാതന ധർമ്മത്തിൻറെയും ആർഷഭാരത സങ്കൽപ്പത്തിന്റേയും നിലനിൽപ്പിനു തീർത്ഥാടനങ്ങൾ വഹിച്ച പ്രാധാന്യം എടുത്ത് പറയേണ്ടത് തന്നെയാണ്. ധർമ്മത്തിന് കോട്ടം വന്നപ്പോൾ ആർഷഭാരത മണ്ണിൽ ധർമ്മസംസ്ഥാപനാർത്ഥം ജന്മം കൊണ്ട ജഗദ്‌ഗുരു ശങ്കരാചാര്യർ പോലും തീർത്ഥാടനത്തിന്റെ പ്രാധാന്യം തിരിച്ചറിയുകയുണ്ടായി.  അതിനെ തുടർന്നാണ് അദ്ധേഹം ഭാരതമണ്ണിൽ അങ്ങോളമിങ്ങോളമുള്ള പുണ്യസഥലങ്ങളെ പരസ്പരം ബന്ധപ്പെടുത്തി വളർത്തിയെടുക്കാനുള്ള കർമ്മപദ്ധതി ഈ മണ്ണിൽ നടപ്പിലാക്കിയത്. ശങ്കരന് ശേഷം ഏതാണ് ഒരു സംവത്സരം നീണ്ടുനിന്ന വൈദേശിക അടിമത്തത്തിനുള്ളിൽ പോലും ഭാരതം എന്നൊരു സങ്കൽപ്പത്തെ കെടാതെ സൂക്ഷിക്കാൻ ഈ തീർത്ഥാടന സംസ്കൃതിയ്ക്കായി എന്നറിയുമ്പോൾ ആണ് ശങ്കരന്റെ ക്രാന്തദർശിത്വം നമ്മുക്ക് അനുഭവവേദ്യമായി മാറുക. ഭാരതത്തെ പലക്ഷണങ്ങളായി മുറിക്കാനും, ആര്യനും ദ്രാവിഡനും ഒക്കെയാക്കി തമ്മിലടിപ്പിക്കാനും ഉള്ള ശ്രമങ്ങൾ ശക്തമായിരിക്കുന്ന ഈ കാലഘട്ടത്തിൽ വീണ്ടും ശങ്കരൻ കാട്ടിത്തന്ന വഴികളിലൂടെ നമ്മുക്ക് നടക്കേണ്ടിയിരിക്കുന്നു. അതിലേക്കായി ഭാരതത്തിലെ പുണ്യസ്ഥലങ്ങൾ, അവിടേയ്ക്ക് നടത്തുന്ന യാത്രയുടെ വിവരങ്ങൾ, വിവരണങ്ങൾ എന്നിവ പ്രചരിപ്പിക്കുന്നത് വഴി കൂടുതൽ കൂടുതൽ ഹൈന്ദവരെ തീർത്ഥയാത്രികരാക്കാൻ വേണ്ട പ്രവർത്തനങ്ങൾ നമ്മുക്ക് ഏറ്റെടുക്കണം.    

രണ്ടാമതായി, ക്ഷേത്രങ്ങളുടെ മൂർത്തി, വാസ്തു, ചരിത്ര പ്രാധാന്യം എന്നിവ പ്രചരിപ്പിക്കുക. ഹൈന്ദവ സംസ്കൃതികളുടെ പ്രഭവകേന്ദ്രങ്ങളായിരുന്നു ഒരു കാലത്ത് ക്ഷേത്രങ്ങൾ. കേവലം ആരാധനാ സ്ഥലങ്ങൾ എന്നതിലുപരി നിർമ്മിതിയിലും ചിട്ടകളിലും സൂക്ഷ്മമായ ശാസ്ത്രീയതയും നിപുണതയും പുലർത്തിയിരുന്ന ഈ ഹൈന്ദവ ക്ഷേത്രങ്ങളാണ് ലോകത്ത് തന്നെ ഏറ്റവും കൂടുതൽ വൈദേശിക ആക്രമണങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നിട്ടുള്ള ധർമ്മ സ്ഥാപനങ്ങൾ. ഈ നാശന ക്രിയകൾക്ക് ശേഷവും ഭൗതികമായി നിലനിൽക്കാൻ ആ നിർമ്മിതികൾക്ക് കഴിഞ്ഞു എങ്കിലും ബൗദ്ധികമായി ഇന്നും തുടരുന്ന ആക്രമണങ്ങളെ അതിജീവിക്കേണ്ടതുണ്ട്. അതിലേക്കായി ക്ഷേത്രങ്ങളെയും അവയുടെ പ്രത്യേകതകളെയും  തൊട്ടറിയിക്കാനും പ്രചരിപ്പിക്കാനുമുള്ള ലേഖനങ്ങൾ നമ്മുക്ക് പുതുതായി തയ്യാറാക്കാനും നിലവിൽ പൊതുമണ്ഡലത്തിൽ പ്രചരിക്കപ്പെടുന്നവ വസ്തുതകൾ പരിശോധിച്ച്, കുറവുകൾ നികത്തി വീണ്ടും പങ്കുവെച്ച്  പ്രചരിപ്പിക്കാനും സാധിക്കേണ്ടതുണ്ട്. 

സ്വയം അറിഞ്ഞും, പങ്കുവെക്കലിൽ കൂടി മറ്റുള്ളവരെ അറിയിച്ചും ഈ സത്കർമ്മങ്ങളിൽ പങ്കാളിയാകാൻ ഏവരെയും സാദരം ക്ഷണിക്കുന്നു. 

സ്നേഹപൂർവ്വം, 
തത്വമസി ഫൗണ്ടേഷൻ