എല്ലാ മനുഷ്യരുടെ ജീവിതത്തിലും പരമപ്രധാനമായ മൂന്ന് ദിനങ്ങൾ ഉണ്ടായേക്കാം. ഒന്ന് അവർ ഈ ലോകത്തിൽ ജന്മം കൊള്ളുന്ന ദിനം, രണ്ടാമത്തേത് ഈ ലോകത്തിൽ നിന്നും അവർ വിടവാങ്ങുന്ന ദിനം. സാധാരണഗതിയിൽ ഈ രണ്ടു ദിവസങ്ങൾക്കു മേൽ മനുഷ്യന് വളരെ പരിമിതമായ നിയന്ത്രണങ്ങളെയുള്ളൂ. നിങ്ങളുടെ ജനനത്തിൽ നിങ്ങൾക്ക് അക്ഷരാർത്ഥത്തിൽ ഒരു നിയന്ത്രണവുമില്ല. എന്റെ മരണം എനിക്ക് തീരുമാനിക്കാമെന്ന് തർക്കിക്കാമെങ്കിലും അങ്ങിനെയല്ല അതിന്റെ യാഥാർഥ്യം. നിങ്ങളുടെ മരണം സുനിശ്ചിതമാണെന്നും അതിലേയ്ക്ക് നിങ്ങൾ ഇന്നല്ലെങ്കിൽ നാളെ ചെന്നെത്തുകതന്നെ ചെയ്യും എന്നതിനുള്ളിൽ ഒതുങ്ങുന്നു നിങ്ങളുടെ മരണദിനത്തിനുമേൽ നിങ്ങൾക്കുള്ള നിയന്ത്രണം. മൂന്നാമത്തേതായി വരുന്ന പ്രധാനപ്പെട്ട ദിനം ഈ രണ്ടു ദിനങ്ങളിൽ നിന്നും വ്യത്യസ്ഥമാണ്. ഇത് ചിലപ്പോൾ നിങ്ങളുടെ ജീവിതത്തിന്റെ ഗതിയെ തന്നെ മാറ്റിമറക്കുന്നതും ഒരു നിയോഗത്തിലേയ്ക്ക് നയിക്കുന്നതുമായിരിക്കാം. ഇങ്ങിനെയൊരു ദിനം സംഭവിക്കും എന്നുള്ളതിൽ യാതൊരു തീർച്ചയും പറയാനാകില്ല. ചിലപ്പോൾ സംഭവിക്കാം അല്ലെങ്കിൽ ഒരിക്കലും സംഭവിക്കാതിരിക്കാം. അഥവാ നിങ്ങളുടെ ജീവിതദർശനങ്ങൾ തന്നെ മാറിപ്പോയേക്കാവുന്ന വിധത്തിൽ നിർണ്ണായകമായ ഒരു കാര്യം നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കുകയും അത് നിങ്ങൾ ബോധമനസ്സാൽ തന്നെ തിരിച്ചറിയുകയും ചെയ്താൽ അതൊരു മഹാഭാഗ്യമായി കണക്കാക്കേണ്ടി വരും. ചിലരുടെ ജീവിതത്തിൽ ഇത്തരം ഒരു സംഭവം നടക്കുകയും എന്നാൽ അവർ അതിനെ തിരിച്ചറിയാനാവാതെ പോകുകയും ചെയ്യുന്ന അവസ്ഥയുണ്ടായേക്കാം, അങ്ങിനെയെങ്കിൽ അതിനെ ദൗർഭാഗ്യകരം എന്നേ വിശേഷിപ്പിക്കാനാവൂ.
2015 ജൂൺമാസം 16 ആണ് ഞാൻ എല്ലാ തയ്യാറെടുപ്പുകളും കഴിഞ്ഞു കൈലാസ യാത്രയ്ക്കായി പുറപ്പെടുന്ന ദിവസം. എന്റെ ജീവിതത്തിൽ നിർണ്ണായകമായ വഴിത്തിരിവുകൾ വരുത്താൻ ഈ യാത്രയ്ക്കും ഈ ദിനത്തിനും കഴിയുമോ എന്നുള്ള തീർച്ച എനിക്ക് യാത്ര പുറപ്പെടുമ്പോൾ ഉണ്ടായിരുന്നില്ല. എല്ലാ ഉത്തരങ്ങളും ഗർഭത്തിൽ പേറുന്ന കാലത്തിനായി കാത്തിരിക്കുകയല്ലാതെ മറ്റു പോംവഴികൾ ഒന്നും മനസ്സിൽ തെളിഞ്ഞിരുന്നുമില്ല.
ഭക്തിസാന്ദ്രമായ ഒരന്തരീക്ഷത്തിലാണ് അന്നേ ദിവസം രാവിലെ 6:15ന് ഞങ്ങൾ ഗുജറാത്തി സദനിൽ നിന്നും യാത്ര ആരംഭിക്കുന്നത്. ഞങ്ങളെ യാത്രയയക്കാനായി സാമാന്യം നല്ലൊരു ജനക്കൂട്ടം തന്നെ അവിടെ സന്നിഹിതരായിരുന്നു. ശ്രീ കമൽ ബൻസാൽ ജി, ശ്രീ കൗശിക് ജി, ശ്രീ മിത്തൽ ജി, ശ്രീമതി ദീപാ ജി, ശ്രീമതി ലക്ഷ്മി ജി എന്നിവരും വന്നു ചേർന്നിരുന്നു. എല്ലാ യാത്രക്കാരുടെയും നെറ്റിയിൽ തിലകം വേണമെന്ന് ദീപാ ജി നിർബന്ധിക്കുകയും ഓരോരുത്തരെയും വളരെ ശ്രദ്ധയോടും സ്നേഹത്തോടെയും അതണിയിക്കുകയും ചെയ്തു. കൈലാസയാത്രികരുടെ നെറ്റിയിൽ യാത്ര പൂർത്തീകരിക്കുന്നത് വരെ എല്ലായ്പ്പോഴും ചന്ദനക്കുറി വേണമെന്ന് ഓർമ്മിപ്പിച്ചുകൊണ്ടാണ് ദീപാ ജി അത് ചെയ്തിരുന്നത്. ആ കുറിയിൽ നിന്ന് ചന്ദനത്തിന്റെ കുളിർമ്മയും സുഗന്ധവും ശരീരത്തിലൂടെ മനസ്സിലേയ്ക്കും പയ്യെപ്പടർന്നെത്തി, അതൊരമ്മയുടെ സ്നേഹത്തിന്റെ ഊഷ്മളസ്പർശമായി ഒരു നിമിഷം ഹൃദയത്തിൽ തങ്ങിനില്കുകയും ചെയ്തു.
എല്ലാ യാത്രക്കാരെയും KMVN ഹാരാർപ്പണം നടത്തുകയും ആരതി ഉഴിയുകയും ചെയ്തു. കുറെയേറെ പുസ്തകങ്ങൾ, മാലകൾ, പൂക്കൾ, ഷാളുകൾ അങ്ങിനെ യാത്രയയക്കാൻ വന്നവരെല്ലാം തന്നെ യാത്രക്കാർക്കായി എന്തെങ്കിലും സമർപ്പിക്കാനും അവരുടെ യാത്രാമംഗളത്തിനായി പ്രാർത്ഥിക്കാനും ഒപ്പമുണ്ടായിരുന്നു. ശംഖനാദം മുഴങ്ങുന്ന, ഹർ ഹർ മഹാദേവ് വിളികളാൽ മുഖരിതമായ ഒരന്തരീക്ഷത്തിൽ ഞങ്ങൾ യാത്ര ആരംഭിച്ചു.
ഒരു ബസും ഒരു ടെമ്പോ ട്രാവലറും വേണ്ടിവന്നു ഞങ്ങളുടെ മുഴുവൻ ബാച്ചിനും യാത്ര ചെയ്യാൻ. വാഹനങ്ങൾ നീങ്ങി തുടങ്ങിയ നിമിഷങ്ങളിൽ യാത്രക്കാർ ഉച്ചത്തിൽ മഹാദേവ സ്തുതികൾ ചൊല്ലി. ആ നിമിഷങ്ങളിൽ അനുഭവിച്ച വികാരങ്ങൾ എന്തൊക്കെയായിരുന്നു എന്ന് പറഞ്ഞറിയിക്കാൻ പ്രയാസമാണ്. ആകാംക്ഷ, ഭക്തി, ആവേശം, സന്തോഷം അങ്ങിനെ വ്യത്യസ്ഥ വികാരങ്ങൾ മനസ്സിൽ മാറി മാറി വന്നുകൊണ്ടേയിരുന്നു. അതിരാവിലെ തിരക്കൊഴിഞ്ഞു കിടക്കുന്ന ദില്ലി നഗരത്തിലെ വീഥികളിൽ കൂടി വാഹനങ്ങൾ വേഗമാർജ്ജിക്കാൻ തുടങ്ങിയപ്പോൾ എല്ലാവരും അവരവരുടെ വീടുകളിലേക്കും പ്രിയപ്പെട്ടവർക്കും ഫോൺ ചെയ്തു വിവരങ്ങൾ അറിയിക്കുന്ന പ്രവർത്തിയിൽ വ്യാപൃതരായി. ഞാനും അമ്മയെയും, ഭാര്യയെയും, ഭാര്യാപിതാവിനെയും അയ്യപ്പേട്ടനെയും വിളിച്ചു. യാത്രാവിവരങ്ങൾ അറിയിക്കണം എന്ന് പറഞ്ഞേൽപ്പിച്ചിരുന്ന ആളുകളുടെ ഒരു ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നതിൽ മെസ്സേജ് അയച്ചു വിവരങ്ങൾ കൈമാറി. യാത്ര ഏതാണ്ട് ഒന്നേകാൽ മണിക്കൂർ പിന്നിട്ടപ്പോൾ ഞങ്ങൾ ഗാസിയാബാദിൽ എത്തിച്ചേർന്നു. അഖിൽ ഭാരതീയ കൈലാസ് മാനസരോവർ സേവാ സമിതി അവിടെ ഒരു ഓഡിറ്റോറിയത്തിൽ യാത്രക്കാർക്കായി വിശദമായ സ്വീകരണവും പ്രഭാതഭക്ഷണവും ഒരുക്കിയിരുന്നു. ചടങ്ങിൽ പങ്കെടുത്ത് സമിതിയുടെ ചില അംഗങ്ങളും മുൻ കൈലാസയാത്രികരും സംസാരിക്കുകയും ചെയ്തു. നേരത്തെ വിതരണം ചെയ്തിരുന്ന ഐഡന്റിറ്റി കാർഡുകളും സമിതി യാത്രക്കാരെ അണിയിച്ച മാലകളുമായി ബാച്ച് അംഗങ്ങൾ ആദ്യമായി ഒരു ഗ്രൂപ്പ് ഫോട്ടോ എടുത്തത് ഇവിടെ നിന്നാണ്. പ്രഭാത ഭക്ഷണവും കഴിഞ്ഞു ഞങ്ങൾ സസന്തോഷം അടുത്ത കേന്ദ്രമായ കാത്തുഗോഥാമിലേയ്ക്ക് യാത്രയായി.
ദില്ലിയിൽ നിന്ന് വിട്ട് ഉത്തർപ്രദേശിലൂടെ സഞ്ചരിച്ചാണ് യാത്ര ഉത്തരാഖണ്ഡിലേയ്ക്ക് കടക്കുന്നത്. ഉത്തർപ്രദേശിലെ റോഡുകളിൽ കൂടി അധികമൊന്നും വേഗത്തിലല്ല ഞങ്ങളുടെ വാഹനങ്ങൾ സഞ്ചരിച്ചത്, ഏകദേശം 280 കിലോമീറ്ററോളം വരുന്ന ഈ യാത്ര ഉത്തർപ്രദേശിന്റെ ഒരു പരിശ്ചേദമാണ് നമുക്ക് ദൃശ്യമാക്കിത്തരുന്നത്. വൈവിധ്യമാർന്ന ഭൂപ്രദേശങ്ങൾ, വ്യത്യസ്ഥ ജീവനരീതികൾ, എല്ലാം കണ്മുന്നിൽ കൂടി ഒരു തിരശീലയിലെന്നവണ്ണം മാറി മറഞ്ഞു കൊണ്ടേയിരിക്കും. ഞങ്ങളുടെ വാഹനത്തിൽ കൈലാസ് മാനസരോവർ യാത്ര എന്ന് ഹിന്ദിയിലും ഇംഗ്ലീഷിലും എഴുതി, കൈലാസത്തിന്റെ ചിത്രത്തോട് കൂടിയുള്ള ബാനർ ഉണ്ടായിരുന്നതിനാൽ തിരക്കു മൂലം വാഹനം പതിയെ സഞ്ചരിക്കുന്ന പട്ടണ പ്രദേശങ്ങളിലെല്ലാം തന്നെ ആളുകൾ കൈകൾ കൂപ്പി ഓം നമഃശിവായ എന്നഭിവാദ്യം ചെയ്യുന്നുണ്ടായിരുന്നു. ഈ യാത്രയ്ക്ക് ഉത്തർപ്രദേശിലെ ജനമനസ്സിലുള്ള സ്ഥാനം വെളിവാക്കാൻ ഈ പ്രവർത്തി മാത്രം മതിയാകും. കാത്തുഗോഥം, ഉത്തരാഖണ്ഡിലെ നൈനിറ്റാൾ ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്. ഏകദേശം മൂന്നു മണിയോടടുത്താണ് ഞങ്ങൾ അവിടെ എത്തിചേരുന്നത്. വിശന്നു വലഞ്ഞിരുന്ന ഞങ്ങൾക്ക് തിടുക്കത്തിൽ ഒരു സ്വീകരണമൊരുക്കി നേരെ ഭക്ഷണം കഴിക്കാൻ ആനയിക്കുകയായിരുന്നു ഇവിടുത്തെ KMYN സെന്ററിൽ ഉള്ളവർ ചെയ്തത്. ധാരാളം ആളുകൾ ഇവിടെ യാത്രികരെ കാണുവാനായി വന്നിരിക്കുന്നത് ശരിക്കും അത്ഭുതമായി തോന്നി. പ്രായമായവർ ഉൾപ്പെടെ ഒട്ടേറെപ്പേർ കൈലാസയാത്രക്കാരുടെ അനുഗ്രഹം വാങ്ങാനും അവരെ പൂജ ചെയ്തും ആരതിയുഴിഞ്ഞും അനുഗ്രഹിക്കാനും തിരക്കുകൂട്ടുന്ന അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്.
കാത്തുഗോഥാമിൽ നിന്നും മൂന്നു മണിക്കൂർ യാത്രയാണ് അൽമോറയിലേയ്ക്ക്. കാത്തുഗോഥാമിൽ നിന്ന് യാത്ര അല്പം പിന്നിടുമ്പോഴേയ്ക്കും സഞ്ചരിക്കുന്ന പാതയുടെ പ്രകൃതം മാറി മലമ്പ്രദേശങ്ങൾ ആയി മാറും. പിന്നെയുള്ള യാത്ര അതിമനോഹരമായ മലയോരങ്ങളിൽ കൂടിയാണ്. വളവുകളും തിരിവുകളും ധാരാളമുള്ള ഈ പാതയിൽ വാഹനങ്ങളുടെ വേഗം സ്വാഭാവികമായും കുറയും. അൽമോറയെത്തും മുൻപ് യാത്രയിൽ പിന്നെ വരുന്നയിടമാണ് കൈഞ്ചി ധാം. അവിടെയാണ് നീം കരോളി ബാബയുടെ ആശ്രമം സ്ഥിതി ചെയ്യുന്നത്. എപ്പോഴും ആൾത്തിരക്കനുഭവപ്പെടുന്ന ഒരാശ്രമവും ക്ഷേത്രവുമാണ് ഇവിടെയുള്ളത്. ക്ഷേത്രത്തിൽ ശിവലിംഗവും ദുർഗ്ഗാദേവി പ്രതിഷ്ഠയുമുണ്ടെങ്കിലും പ്രമുഖസ്ഥാനം ഹനുമാൻ മൂർത്തിയ്ക്കാണ്. ഹിമാലയ പരമ്പരയിലുള്ള മഹാസന്യാസികളിൽ ഒരാളാണ് 1973 ൽ ഇഹലോകവാസം വെടിഞ്ഞ നീം കരോളി ബാബ. നീം കരോളി ഗ്രാമത്തിൽ വെച്ച് ഒരിക്കൽ ബാബയെ തീവണ്ടിയിൽ നിന്ന് ഇറക്കി വിടാൻ ശ്രമിച്ചതും, ബാബ ഇറങ്ങിയതോടെ നിന്ന് പോയ തീവണ്ടി പിന്നീട് അനക്കാൻ വേറെ എൻജിൻ വന്നിട്ടും സാധിക്കാതെ വരികയും ചെയ്ത കഥ ഈ പ്രദേശങ്ങളിൽ വളരെ പ്രസിദ്ധമാണ്. ഒടുക്കം ബാബയോട് അപേക്ഷിക്കാൻ വന്ന റെയിൽവേ ഉദ്യോഗസ്ഥരോട് ബാബ രണ്ടു നിബന്ധനകൾ വെച്ചു. ആദ്യത്തേത് ആ ഗ്രാമത്തിൽ ഒരു സ്റ്റേഷൻ അനുവദിക്കണമെന്നും, രണ്ടാമത്തേത് ഭാവിയിൽ ബാബാമാരെ ഇത്തരത്തിൽ ഇറക്കിവിടില്ല എന്നുള്ള ഉറപ്പു നൽകണമെന്നും. രണ്ടും അംഗീകരിക്കപ്പെട്ടപ്പോൾ ബാബ തീവണ്ടിയിൽ കയറുകയും തടസ്സമൊന്നുമില്ലാതെ തീവണ്ടി യാത്ര പുനഃരാരംഭിക്കുകയും ചെയ്തതാണ് കഥയുടെ പൂർണ്ണരൂപം. അങ്ങിനെയാണ് ബാബ, നീം കരോളി ബാബ എന്നറിയപ്പെടാൻ ഇടയായത്. വളരെ മനഃശാന്തി അനുഭവപ്പെടുന്ന സ്ഥലങ്ങളാണ് ആശ്രമവും ക്ഷേത്രവും.
ആശ്രമത്തിനു പുറത്തെ കടകളിൽ നിന്നും പ്രാദേശികമായി ഉണ്ടാകുന്ന പഴവർഗ്ഗങ്ങൾ രുചിച്ചതാണ് മറക്കാനാവാത്ത മറ്റൊരനുഭവം. വളരെയധികം രുചിയുള്ളതും അപ്പോൾ തോട്ടങ്ങളിൽ നിന്നും കൊണ്ടുവന്നതുമായ ഈ പഴങ്ങൾക്ക് ആ മാർക്കറ്റിൽ ഉണ്ടായിരുന്ന വില അവിശ്വസനീയമാംവണ്ണം താഴ്ന്നതായിരുന്നു. ആപ്രിക്കോട്ട്, വാൾനട്ട്, പ്ലം അങ്ങിനെ ചില പഴങ്ങളുടെ മാത്രമേ പേരെനിക്ക് പരിചയമുണ്ടായിരുന്നുള്ളൂ, അതിനാൽ കടയിൽ വില്പനയിലുള്ള എല്ലാ പഴങ്ങളും ചേർത്ത് ഒരു കിലോയാക്കിയാണ് ഞാൻ വാങ്ങിയത്. അൽമോറയെത്തും വരെ എല്ലാവരും വാങ്ങിയിരുന്ന ഈ പഴങ്ങൾ സ്വയം കഴിച്ചും മറ്റുള്ളവരെ കഴിപ്പിച്ചുമാണ് ഞങ്ങൾ യാത്ര ചെയ്തത്.
മുൻസിപ്പൽ ബോർഡിന് കീഴിലുള്ള ഒരു കന്റോൺമെന്റ് ടൌൺ ആണ് അൽമോറ. ഉത്തരാഖണ്ഡിലെ അൽമോറ ജില്ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് 6100 അടി മുകളിലാണ് അൽമോറ. വൈകീട്ട് ഏതാണ്ട് ഏഴു മണിയോട് കൂടി ഇവിടെ എത്തിച്ചേർന്നപ്പോൾ വളരെ സുഖകരമായ തണുത്ത കാലാവസ്ഥയാണ് അനുഭവപ്പെട്ടത്. KMVN അൽമോറയിൽ പണികഴിപ്പിച്ചിരിക്കുന്ന ഗസ്റ്റ് ഹൌസ് എല്ലാ ആധുനിക സൗകര്യങ്ങളുമുള്ള ഒരു വലിയ കെട്ടിടമാണ്. രണ്ടും മൂന്നും ആളുകൾക്ക് പങ്കിടാവുന്ന വിധത്തിലാണ് മുറികൾ. ആധുനിക ശൈലിയിലുള്ള ബാത്ത് റൂമുകൾ വൃത്തിയുള്ളതും ചൂടുവെള്ളം ലഭിക്കാവുന്ന സൗകര്യമുള്ളവയുമാണ്. ഈ കെട്ടിടത്തിന് മുൻവശത്തായി വളരെ കൗതുകമുള്ള ഒരു നിർമ്മിതി കണ്ടു. ഏതാണ്ട് തോളൊപ്പം ഉയരത്തിൽ ഉയർത്തി നിറുത്തിയിരിക്കുന്ന അർദ്ധവൃത്താകൃതിയിലുള്ള ഒരു ഇരുമ്പ് ബോർഡിൽ ചക്രവാളത്തിൽ കാണുന്ന പർവതനിരകൾ, പർവതത്തിന്റെ പേര്, ഉയരം എന്നിവ രേഖപ്പെടുത്തി വരച്ചു ചേർത്തിരിക്കുന്നു. ഈ അർദ്ധവൃത്താകൃതിയിലുള്ള പലകയുടെ നടുക്ക് നിന്നാൽ പലകയിൽ ആലേഖനം ചെയ്തിട്ടുള്ള പർവതത്തിന്റെ വിശദവിവരങ്ങൾ വായിച്ച് നേരെ അതേ ദിശയിൽ തലയുയർത്തി നോക്കിയാൽ ചക്രവാളത്തിൽ നമുക്ക് ആ പർവതത്തെ കാണാനാകും. അങ്ങകലെ കാണുന്ന പർവ്വതനിരകളെ ആരുടേയും സഹായമില്ലാതെത്തന്നെ തിരിച്ചറിയാനാവുന്ന ഈ കൗതുകം മൂലം എല്ലാവരും ധാരാളം സമയം അവിടെ ചിലവഴിച്ചു.
വളരെ ഹൃദ്യമായ ഒരു ചെറുസ്വീകരണത്തിന് ശേഷം റൂമുകളിലേക്ക് നീങ്ങിയ ഞങ്ങളോട്, അല്പസമയത്തിനകം യാത്രക്കാരുടെ ബഹുമാനാർത്ഥം അവിടെ നടക്കാൻ പോകുന്ന കലാവിരുന്നിലേയ്ക്കായി എത്രയും പെട്ടന്ന് ഗസ്റ്റ് ഹൌസിനു മുൻപിൽ എത്തിച്ചേരാൻ KMVNലെ ജോലിക്കാർ അഭ്യർത്ഥിച്ചു. അൽമോറയെ കുമായൂൺ റീജിയന്റെ സാംസ്കാരിക കേന്ദ്രമായാണ് കണക്കിലെടുക്കുന്നത്. ആ സായാഹ്നത്തിൽ കലാപരിപാടികൾ ആരംഭിച്ചു കഴിഞ്ഞപ്പോൾ ഈ അവകാശവാദത്തിൽ തെല്ലും അതിശയോക്തിയില്ല എന്ന് ഏവർക്കും പൂർണ്ണ ബോധ്യം വരികയും ചെയ്തു. ഗായകരും നർത്തകരും ചേർന്ന് കലയുടെ ഒരു മാസ്മരികാനുഭവം തന്നെ ഞങ്ങൾക്കായി കാഴ്ചവെച്ചു. ദീർഘമായ ഒരു യാത്രയിലൂടെ വന്ന ക്ഷീണം മറന്ന് സായാഹ്നം മുഴുവൻ ഈ കലാപരിപാടികളിൽ ഞങ്ങൾ ലയിച്ചിരുന്നുപ്പോയി. യാത്രാപൂർത്തീകരണശേഷം ഓരോ യാത്രികർക്കും യാത്രാപൂർത്തീകരണ സർട്ടിഫിക്കറ്റ് തരേണ്ടതിലേക്കായി, കലാപരിപാടികൾക്ക് ശേഷം KMYN സ്റ്റാഫ് ഞങ്ങളുടെ എല്ലാവരുടെയും വ്യക്തിഗത ഫോട്ടോസ് എടുക്കുകയുണ്ടായി. കാവി തലക്കെട്ട് കെട്ടി പുരുഷന്മാരുടെയും, കാവി ശിരോവസ്ത്രം അണിഞ്ഞു സ്ത്രീകളുടേയും ഫോട്ടോസ് എടുത്തു. ശേഷം വിഭവസമൃദ്ധമായ ഭക്ഷണം.
രാത്രി അത്താഴശേഷം ഇവിടുത്തെ മനോഹരമായ കാലാവസ്ഥയിൽ ആകൃഷ്ടരായി മിക്കവാറും യാത്രക്കാർ നടക്കാനിറങ്ങി. വളരെ സുഖകരവും അനായാസവുമായി അനുഭവപ്പെട്ട നടത്തം കാരണം തിരിഞ്ഞു നടക്കാൻ തീരുമാനിക്കുമ്പോഴേയ്ക്കും ഏതാണ്ട് രണ്ടു കിലോമീറ്റർ ദൂരം ഞങ്ങൾ പോലും മനസ്സിലാക്കാതെ പിന്നിട്ടു കഴിഞ്ഞിരുന്നു. അസാധാരണമായ നിശബ്ദതയും തണുപ്പുമുള്ളതായിരുന്നു രാത്രി. പകലത്തെ ക്ഷീണം പൂർണമായും മാറുന്ന വിധത്തിൽ തന്നെ എല്ലാവരും അന്ന് രാത്രി നന്നായുറങ്ങി.